സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽനിന്നു ജനിച്ചവരും
“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കോ, 7:28; മത്താ, 11:11). യേശുക്രിസ്തു യോഹന്നാൻ സ്നാപകനെക്കുറിച്ച് പ്രസ്താവിച്ച വാക്കുകളാണിത്. ഭൂമിയിലെ സകല മനുഷ്യരും സ്ത്രീകളിൽ നിന്ന് ജനിച്ചവരാണ്. ആദ്യമനുഷ്യനായ ആദാമൊഴികെ സകല മനുഷ്യരും ഹവ്വായെന്ന സ്ത്രീയിൽനിന്ന് ഉത്ഭവിച്ചവരും, വ്യക്തിപരമായി ഓരോരുത്തരും അമ്മയെന്ന സ്ത്രീയിൽനിന്നും ജനിച്ചവരുമാണ്.
“സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല.” സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയ വ്യക്തിയില്ല അഥവാ പ്രവാചകനില്ല എന്നാണ് യേശു പ്രഖ്യാപിക്കുന്നത്. ഈ വൈശിഷ്ട്യം അവന്റെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചുള്ളതല്ല; മശീഹായുടെ മുന്നോടി എന്ന നിലയിലുള്ള അവൻ്റെ പദവി അഥവാ ദൗത്യത്തെക്കുറിച്ചാണ്. ആവേശത്തിലും, ബഹുമാനത്തിലും, ഭക്തിയിലും അവനെപ്പോലെ തന്നെ ശ്രേഷ്ഠരായ വ്യക്തികൾ ഉണ്ടായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചവരും അവന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചവരും ഉണ്ടായിരുന്നു. (1പത്രൊ, 1:10,11). എന്നാൽ ആർക്കും രാജാവിന്റെ വരവിനെക്കുറിച്ച് പ്രസിദ്ധം ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. ആ കാര്യത്തിൽ യോഹന്നാൻ അതുല്യനായിരുന്നു. യോഹന്നാൻ സ്നാപകൻ മലാഖി പ്രവചനത്തിന്റെ നിവൃത്തിയാണ്. (3:1). കർത്താവിന് മുൻഗാമിയായി എത്തി ജനത്തെ അവന്റെ വരവിനായി ഒരുക്കുന്ന ദൂതുവാഹകൻ. വരുവാനുള്ള ഏലിയാവും യോഹന്നാനാണെന്ന് യേശു വ്യക്തമാക്കി. (മലാ, 4:5,6; മത്താ, 11:14). മറ്റു പ്രവാചകന്മാർ ക്രിസ്തുവിന്റെ ആഗമനം മുൻകൂട്ടി അറിയിച്ചിരുന്നു. എങ്കിലും ക്രിസ്തുവിന്റെ ആഗമനം അക്ഷരാർത്ഥത്തിൽ സംഭവിച്ചു എന്ന് വിളംബരം ചെയ്യുവാൻ യോഹന്നാനെയാണ് ദൈവം തിരഞ്ഞെടുത്തത്. അവൻ്റെ ശുശ്രൂഷയെപ്പറ്റി ഇങ്ങനെ വിലയിരുത്തുന്നത് തീർച്ചയായും അനുയോജ്യമാണ്: “യോഹന്നാൻ ക്രിസ്തുവിന് വഴി തുറന്നുകൊടുത്തു, പിന്നീട് അവൻ ക്രിസ്തുവിനുവേണ്ടി വഴിമാറിക്കൊടുത്തു.”
“ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ.” മത്തായി സുവിശേഷത്തിൽ: “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നാണ് കാണുന്നത്. രാജാവിന്റെ മുന്നോടി ആയിരിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമാണ് രാജ്യത്തിന്റെ അനുഗ്രഹങ്ങളിൽ കൂട്ടാളിയാകുക എന്നത്. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവന് യോഹന്നാനെക്കാൾ ഭേദപ്പെട്ട ജീവിതരീതി ഉണ്ടായിരിക്കണം എന്നില്ല, എന്നാൽ യോഹന്നാനിലും ഭേദപ്പെട്ട പദവി ഉണ്ടായിരിക്കും. സ്വർഗ്ഗരാജ്യത്തിൻ്റെ അവകാശി അഥവാ രാജ്യത്തിലെ ഒരു പൗരൻ അതിന്റെ ആഗമനം വിളംബരം ചെയ്യുന്നവനെക്കാൾ ശ്രേഷ്ഠനാണ്. കർത്താവിന് വഴിയൊരുക്കുന്ന ദൗത്യത്തിൽ യോഹന്നാൻ ശ്രേഷ്ഠനാണ്; എന്നാൽ സ്വർഗ്ഗരാജ്യത്തിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുവാൻ അവന് കഴിഞ്ഞില്ല; അതനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് യോഹന്നാനെക്കാൾ വലിയൻ.
ദൈവത്തിൽനിന്നു ജനിച്ചവർ: സ്ത്രീകളിൽനിന്നു ജനിച്ചവരെക്കാൾ ശ്രേഷ്ഠരാണ് ദൈവത്തിൽ നിന്ന് ജനിച്ചവർ. സ്ത്രീകളിൽനിന്ന് ജനിച്ചവർ ലോകത്തിൻ്റെ അവകാശികളാണ്. അവരിൽ വലിയവനാണ് യോഹന്നാൻ സ്നാപകൻ. എന്നാൽ ദൈവരാജ്യത്തിൻ്റെ അവകാശികൾ പുതുതായി ജനിച്ചവരാണ്. യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല.” (യോഹ, 3:3). കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ വിശ്വസിക്കുകയും അവനെ രക്ഷകനും കർത്താവും ദൈവവുമായി അംഗീകരിക്കുന്നവരാണ് ദൈവമക്കൾ ആകുന്നത്: “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹ, 1:12). അവരുടെ ജനനം സ്ത്രീയിൽനിന്നല്ല; ദൈവത്തിൽനിന്നാണ്: “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.” (യോഹ, 1:13).
One thought on “സ്ത്രീകളിൽ നിന്നു ജനിച്ചവരും ദൈവത്തിൽ നിന്നു ജനിച്ചവരും”