“ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.” (യോഹ, 3:17)
“എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.” (ഗലാ, 4:4)
“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3)
“ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചു” (യോഹ, 3:17. ഒ.നോ: യോഹ, 3:34; 5:36; 11:42; 17:3,8; റോമ, 8:3; ഗലാ, 4:4-5; 1യോഹ, 4:9,14) എന്നു പറഞ്ഞിരിക്കയാൽ, യേശുക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയും ദൈവവും നിത്യപുത്രനുമാണെന്നു ത്രിത്വം പഠിപ്പിക്കുന്നു. എന്താണതിലെ വസ്തുതയെന്ന് നമുക്കുനോക്കാം:
ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു, എന്നു പറഞ്ഞിരിക്കയാൽ, ക്രിസ്തു സ്വർഗ്ഗത്തിൽ പിതാവിൻ്റെ അടുക്കൽ ഉണ്ടായിരുന്ന നിത്യപുത്രനും ദൈവവും ആണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. തന്മൂലം, ദൈവം ദൈവത്തെയാണ് ലോകത്തിലേക്ക് അയച്ചതെന്ന് അവർ പഠിപ്പിക്കുന്നു. ദൈവം ദൈവത്തോട് കൂടെയായിരുന്നു; ദൈവം ദൈവത്തെ അയച്ചു എന്നൊക്കെ പറഞ്ഞാൽ, അത് ബഹുദൈവ ഉപദേശമാണ്. എന്നാൽ, അവരത് സമ്മതിക്കില്ല. എനിക്ക് തോന്നുന്നു: കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ശ്രേഷ്ഠനായ ഒരു ട്രിനിറ്റി പണ്ഡിതനാണ് അനിൽ കൊടിത്തോട്ടം പാസ്റ്റർ. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ വീക്ഷണമെന്താണെന്ന്, അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ നമുക്കൊന്ന് കേൾക്കാം. [വീഡിയോ: അയച്ചദൈവം വന്നദൈവം]
അനിൽ കൊടിത്താട്ടം സാർ പറഞ്ഞത് ശ്രദ്ധിച്ചല്ലോ. അയച്ച ദൈവം, വന്ന ദൈവം. അതായത്, അയച്ച ദൈവമല്ല; വന്ന ദൈവം; രണ്ടും വേറെവേറെ ദൈവമാണ്. തന്മൂലം, ദൈവങ്ങൾ എന്ന് പറയാത്ത കാരണത്താൽ; ദൈവങ്ങൾ അല്ലാതാകുന്നില്ല. ഇനി, പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെട്ടു എന്ന് കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസ് പഠിപ്പിച്ച, പരിശുദ്ധാത്മാവെന്ന മൂന്നാമത്തെ ദൈവം വേറെയുണ്ട്. അപ്പോൾ, മൂന്ന് ദൈവമായി. ട്രിനിറ്റി അംഗീകരിച്ചാലും ഇല്ലെങ്കിലും, അവർ പച്ചയ്ക്ക് പഠിപ്പിക്കുന്നത്; ത്രിമൂർത്തി ബഹുദൈവ ഉപദേശമാണ്. ദൈവം ദൈവത്തെ അയച്ചു എന്നൊക്കെ പറഞ്ഞാൽ, അത് എന്തൊരു ഉപദേശമാണ്? എന്നിട്ട്, ഞങ്ങൾ ഏകദൈവ വിശ്വാസികളാണെന്ന് പറയുകകൂടി ചെയ്താൽ എങ്ങനെയിരിക്കും? എന്നാൽ, നമ്മുടെ വിഷയം അതൊന്നുമല്ല. ട്രിനിറ്റിയുടെ വിശ്വാസപ്രകാരം സർവ്വലോകങ്ങൾക്കു മുമ്പെ സത്യദൈവത്തിൽനിന്ന് ജനിച്ച സത്യദൈവമാണ് ക്രിസ്തു. നിഖ്യാ സുനഹദോസും അവരുടെ ദൈവശാസ്ത്രവും അതാണ് പഠിപ്പിക്കുന്നത്. യഹോവസാക്ഷികളുടെ ഉപദേശപ്രകാരം; ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ഒരു ദൂതനാണ് ക്രിസ്തു. രണ്ടുകൂട്ടർക്കും ക്രിസ്തുവിനെക്കുറിച്ച് വ്യത്യസ്ത്ര വീക്ഷണങ്ങളാണെങ്കിലും, ഒരുകാര്യത്തിൽ അവർ യോജിക്കുന്നു. അതായത്, ക്രിസ്തു ദൈവത്തിൻ്റെ അടുക്കൽ മറ്റൊരു വ്യക്തിയായി മുമ്പെ ഉണ്ടായിരുന്നവനാണെന്നും, യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ദൈവത്താൽ അയക്കപ്പെട്ടവനാണെന്നും അവർ ഒരുപോലെ വിശ്വസിക്കുന്നു. എന്നാൽ, അതിലെ വസ്തുത എന്താണ്? അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ദൈവത്താൽ അയക്കപ്പെട്ടവനാണോ ക്രിസ്തു? അവൻ ദൈവമാകട്ടെ, ദൂതനാകട്ടെ, അവൻ യഥാർത്ഥത്തിൽ അയക്കപ്പെട്ടവനാണെങ്കിൽ, ലോകത്തിൽ എത്തണമല്ലോ? അങ്ങനെ ദൈവത്താൽ അയക്കപ്പെട്ട ആരെങ്കിലും ലോകത്തിൽ എത്തിയോ? ലോകത്തിൽ വെളിപ്പെട്ടവൻ യഥാർത്ഥത്തിൽ ദൈവത്തോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണോ? ദൈവം ദൈവത്തെ അയച്ചു; ദൈവം ദൂതനെ അയച്ചു എന്നതൊക്കെ ഊഹാപോഹങ്ങളാണ്. എന്നാൽ, യേശുവെന്ന ക്രിസ്തുവിനെക്കുറിച്ചുള്ള ആത്മിക ചരിത്ര വസ്തുതകൾ പുതിയനിയമത്തിൽ ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം:
ബൈബിളെന്നല്ല, ഏതൊരു പുസ്തകം എടുത്താലും; ആമുഖത്തിൽത്തന്നെ കേന്ദ്രകഥാപാത്രത്തിൻ്റെ പ്രകൃതി ഏറെക്കുറെ വ്യക്തമാകും. ഉദാ: ദൈവത്തെക്കുറിച്ചാണോ, ദൂതനെക്കുറിച്ചാണോ, മനുഷ്യനെക്കുറിച്ചാണോ, പക്ഷിമൃഗാദികളെക്കുറിച്ചാണോ, റോബോട്ട് പോലുള്ള നിർമ്മിത കഥാപാത്രങ്ങളെക്കുറിച്ചാണോ പുസ്തകം പ്രതിപാദിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയും. നമുക്ക് പുതിയനിയമത്തിലെ ആമുഖവാക്യം നോക്കാം: “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി.” (മത്താ, 1:1). നിക്ഷ്പക്ഷബുദ്ധിയോടെ ബൈബിൾ പഠിക്കുന്ന ഒരാൾക്ക്, ഈ വാക്യത്തിൽപ്പറയുന്ന യേശുക്രിസ്തു ദൈവമാണോ, ദൂതനാണോ, അതോ മനുഷ്യനാണോ എന്ന് വ്യക്തമായി മനസ്സിലാകും. എന്നാൽ, ബൈബിളിന് വെളിയിൽനിന്ന്, ക്രിസ്തു അതാണ്, ഇതാണ് എന്നൊക്കെ പഠിച്ചുവെച്ചിട്ട്, ബൈബിൾ വായിക്കുന്ന ഒരാൾക്ക്, ഈ വാക്യമെന്നല്ല; ഒരു വാക്യവും വായിച്ചാൽ മനസ്സിലാകില്ല. ഈ വാക്യത്തിൽ; ദൈവത്തിൻ്റെ വാംശാവലിയെന്ന് പറഞ്ഞിട്ടില്ല. ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ വശാവലിയെന്ന് പറഞ്ഞിട്ടില്ല. ദൈവപുത്രൻ്റെ വംശാവലിയെന്നും ദുതൻ്റെ വംശാവലിയെന്നും പറഞ്ഞിട്ടില്ല. മനുഷ്യൻ്റെ വംശാവലിയെന്നും അക്ഷരംപ്രതി പറഞ്ഞിട്ടില്ല. അപ്പോൾ, ആരാണ് ജനിച്ചത് അഥവാ, അവൻ്റെ അസ്തിത്വം എങ്ങനെ കണ്ടെത്തും? ആരുടെ പുത്രനായിട്ടാണോ യേശു ജനിച്ചത്; അവരുടെ അസ്തിത്വം എന്താണോ, അതുതന്നെയാണ് അവൻ്റെ അസ്തിത്വവും. അതായത്, അബ്രാഹാമെന്ന മനുഷ്യൻ്റെ പുത്രനായ ദാവീദെന്ന മനുഷ്യൻ്റെ പുത്രനായ യേശുക്രിസ്തുവെന്ന മനുഷ്യനാണ് ജനിച്ചത്. ഇത് അക്ഷരം കൂട്ടിവായിക്കാൻ അറിയാവുന്ന ആർക്കും മനസ്സിലാകുന്ന ഒരു വസ്തുതയാണ്. അല്ലാതെ, അബ്രാഹാം ദാവീദ് എന്നീ മനുഷ്യരുടെ പുത്രനായിട്ട് ഒരു ദൈവം ജനിച്ചു അല്ലെങ്കിൽ, ദൂതൻ ജനിച്ചു എന്നു പറഞ്ഞാൽ എങ്ങനെയിരിക്കും? ദൂതന്മാർക്കുപോലും, വംശാവലിയോ, ജനനമോ, സ്വാഭാവിക മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ ജനിച്ചുജീവിച്ച് മരിച്ചതെന്ന് വിശ്വസിക്കുന്നവരാണ് ക്രൈസ്തവരിൽ പലരും. ദൈവം ഇറങ്ങിവന്ന് പറഞ്ഞാലും അവരിനി മറിച്ചു വിശ്വസിക്കുമെന്ന് തോന്നുന്നില്ല.
എന്നാൽ, വസ്തുത എന്താണ്? ജനിച്ചത് മനുഷ്യനാണ് (മത്താ, 1:1; ലൂക്കൊ, 1:35), ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നത് മനുഷ്യനാണ് (ലൂക്കൊ, 2:52), മഹത്വകരമായ ശുശ്രൂഷ ചെയ്തത് മനുഷ്യനാണ് (യോഹ, 8:40), ക്രൂശിൽ മരിച്ചത് മനുഷ്യനാണ് (1തിമൊ, 2:6). ദൈവം ഉയിർപ്പിച്ചത് മനുഷ്യനെയാണ്. (പ്രവൃ, 2:23-24). അതായത്, ക്രിസ്തു ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യനായിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട്, ദൈവാത്മാവിനാൽ മരിക്കുകയും ദൈവാത്മാവിനാൽ ഉയിർക്കുകയും ചെയ്തവനാണ്. (ലൂക്കൊ, 23:46; എബ്രാ, 9;14; 1പത്രൊ, 3:18). തന്നെയുമല്ല, പിതാവ് മാത്രമാണ് ദൈവമെന്നും താൻ മനുഷ്യനാണെന്നും ദൈവപുത്രനായ യേശു പറഞ്ഞിട്ടുണ്ട്. (യോഹ, 17:3; 8:40). പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും, പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ പറഞ്ഞിട്ടുണ്ട്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21,47; 1തിമൊ, 2:6). പുത്രൻ മനുഷ്യനാണെന്ന് 36 വാക്യങ്ങളിൽ പറഞ്ഞിട്ടുണ്ട്. മേല്പറഞ്ഞതൊന്നും ഊഹാപോഹങ്ങളോ, വ്യാഖ്യാനങ്ങളോ അല്ല. ദൈവത്തിൻ്റെ ആത്മാവ് എഴുതിവെച്ചിരിക്കുന്ന ചരിത്ര വസ്തുതകളാണ്.
അതായത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായ ഒരു മനുഷ്യനാണ് ജനിച്ചതും ജീവിച്ചതും ശുശ്രൂഷിച്ചതും മരിച്ചതും ഉയിർത്തതുമെന്ന് നാം കണ്ടു. അപ്പോൾ ചോദ്യമിതാണ്: സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പം മുമ്പെ ഉണ്ടായിരുന്നു എന്ന് പലരും വിശ്വസിക്കുന്നതും, ദൈവം യഥാർത്ഥത്തിൽ ലോകത്തിലേക്ക് അയച്ചു എന്ന് വിശ്വസിക്കപ്പെടുന്നതുമായ ആ പുത്രദൈവം എവിടെപ്പോയി? അല്ലെങ്കിൽ, ദൈവം അയച്ച തൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതൻ എവിടെപ്പോയി? അയച്ച ദൈവം, വന്ന ദൈവം എന്നാണ് അനിൽ കൊടിത്തോട്ടം സാർ പറഞ്ഞത്. വന്ന ദൈവം എന്ന് പറഞ്ഞത്, ദൈവപുത്രനായ യേശുവിനെക്കുറിച്ചാണ്. അതായത്, വന്ന ദൈവം എന്ന് പറഞ്ഞാൽ, ഭൂമിയിൽ ജനിച്ചത് ദൈവം ആണെന്നാണ് അർത്ഥം. ദൈവപുത്രൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണെന്ന് ബൈബിൾ അസന്ദിഗ്ധമായി പറയുന്നു. ദൈവം മരണമില്ലാത്തവനാണെന്നും (1തിമൊ, 6:16), മനുഷ്യനാണ് മരിച്ചതെന്നും അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. (1തിമൊ, 2:6). അപ്പോൾ, വരാത്ത ദൈവത്തെ, എങ്ങനെ വന്ന ദൈവമെന്ന് പറയും? തന്മൂലം, വന്ന ദൈവമെന്ന് പറഞ്ഞാൽ; അത് പക്കാ ദുരുപദേശവും ഭോഷ്ക്കുമാണ്. ഇനി, യഹോവസാക്ഷികൾ പറയുമ്പോലെ, തൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനെയാണ് ദൈവം ലോകത്തിലേക്ക് അയച്ചതെങ്കിൽ, ആ ദൂതൻ എവിടെപ്പോയി? അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായി ലോകത്തിൽ വെളിപ്പെട്ടത്, ഒരു മനുഷ്യനാണെന്ന് നാം കണ്ടു. അപ്പോൾ, ദൈവത്താൽ അയക്കപ്പെട്ട ദൂതന് എന്ത് സംഭവിച്ചു? ആവിയായിപ്പോയോ? ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരിച്ചതെന്ന് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. (എബ്രാ, 2:9; 1തിമൊ, 2:6). തന്മൂലം, യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനാണെന്ന് പറയുന്നതും പക്കാ ദുരപദേശമാണ്.
പലരുടെയും മറ്റൊരു ഭോഷ്ക്ക് എന്താണെന്ന് ചോദിച്ചാൽ; പുത്രദൈവത്തിൻ്റെ അവതാരമാണ് യേശു എന്നതാണ്. മൂന്ന് കാര്യങ്ങൾ അതിനോടുള്ള ബന്ധത്തിൽ പറയാം: 1. ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവത്തിന് അവതാരം എടുക്കാൻ കഴിയില്ല. എന്തെന്നാൽ, അവൻ മാറാത്തവൻ അഥവാ, മാറ്റമില്ലാത്തവനും (മലാ, 3:6), ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണ്. (യാക്കോ, 1:17). തന്മൂലം, തൻ്റെ സ്വരൂപമോ, സ്വഭാവമോ ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കാൻ സത്യദൈവത്തിന് കഴിയില്ല. തോന്നുമ്പോൾ, തോന്നുമ്പോൾ വേഷം മാറാൻ അവൻ മായാവില്ല; സത്യേകദൈവമാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിൻ്റെ സാക്ഷാൽ പ്രകൃതി അറിഞ്ഞിരുന്നെങ്കിൽ, അവതാരമെന്ന ജാതീയ സങ്കല്പം സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ ശ്രമിക്കില്ലായിരുന്നു. നിർഭാഗ്യവശാൽ, അതുപോലും പലർക്കും അറിയില്ല. ഇരിക്കുന്നവനും ഇരുന്നവനും വന്നവനും ഇനിയും വരാനുള്ളവനും ഓരോ ഓരോ ദൈവങ്ങളാണെന്ന് വിശ്വസിക്കുന്നവർക്ക് ദുരുപദേശംതന്നെ ആശ്രയം. 2. അവതാരം (Incarnation) എന്നൊരു പ്രയോഗമോ, ആശയമോ ബൈബിളിൽ എവിടെയുമില്ല. ദൈവം മാത്രമല്ല; ദൂതന്മാർ അവതരിച്ചതായും ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. തന്മൂലം, യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ദൂതനാണെന്ന് യഹോവസാക്ഷികൾ പറയുന്നതും വ്യാജമാണെന്ന് വ്യക്തമായി മനസ്സിലാകാം. 3. പിതാവായ ഏകദൈവമല്ലാതെ, ഒരു പുത്രദൈവം സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ല. താനല്ലാതെ, മറ്റൊരു ദൈവം ഉള്ളതായിട്ട് യഹോവയ്ക്ക് അറിയില്ലായിരുന്നു. യഹോവ പറയുന്നത് നോക്കുക: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യഹോവയല്ലാതെ മറ്റൊരു ദൈവത്തെ പഴയനിയമ ഭക്തന്മാർക്ക് അറിയില്ലായിരുന്നു. യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). പിതാവിന അല്ലാതെ മറ്റൊരു ദൈവത്തെ ക്രിസ്തുവിന് അറിയില്ലായിരുന്നു. ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). പിതാവല്ലാതെ മറ്റൊരു ദൈവത്തെ അപ്പൊസ്തലന്മാർക്കും അറിയില്ലായിരുന്നു. ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39).അടുത്തവാക്യം: “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). അപ്പോൾ, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞാൽ; തൻ്റെ കൂടെ ഉണ്ടായിരുന്ന ഒരു പുത്രദൈവത്തെ അയച്ചുവെന്നോ, ഒരു ദൂതനെ അയച്ചുവെന്നോ അല്ല അർത്ഥമെന്ന് മനസ്സിലാക്കാം.
അടുത്തൊരു തെളിവ് നോക്കാം: തൻ്റെ ഭാര്യയായ മറിയയിൽ സംശയം ജനിച്ച യേസേഫിനോട് ദൂതൻ പറയുന്ന ഒരു കാര്യമുണ്ട്: “ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20). ഈ വാക്യം ശ്രദ്ധിക്കുക: “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” ഉല്പാദിതമാകുക എന്നാൽ ഉരുവാകുക അഥവാ, രൂപപ്പെടുക എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആരെങ്കിലും, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. ഉല്പാദിതമാകുക എന്നതിന്, മത്തായി ഉപയോഗിച്ചിരിക്കുന്ന പദം ഗെന്നാവൊ (gennao) എന്നാണ്. അതേ പദം തന്നെയാണ്, യിസ്ഹാക്കിൻ്റെ ജനനം മുതൽ യേശുവിൻ്റെ ജനനം വരെ ഉപയോഗിച്ചിരിക്കുന്നത്. അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു. (മത്താ, 1:2). യേശുവിൻ്റെ ജനനം നോക്കുക: “യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽനിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). അതായത്, “ഉല്പാദിതമാകുക” എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദമായ “ഗെന്നാവൊ” എന്ന എബ്രായ പദമാണ്, യിസ്ഹാക്ക് മുതൽ യേശു വരെയുള്ളവരുടെ ജനനത്തെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. യേശു മറിയയുടെ ഗർഭത്തിൽ ഉല്പാദിതമായി എന്ന് പറയാൻ ലൂക്കൊസ് ഉപയോഗിച്ചിരിക്കുന്നത്, “സിലമ്പാനോ” (syllambano) എന്ന പദമാണ്. (ലൂക്കൊ, 2:21). അതേ പദം തന്നെയാണ്, എലീശബെത്ത് ഗർഭം ധരിച്ചതിനെ കുറിക്കാനും, മറിയ ഗർഭം ധരിച്ചതിനെ കുറിക്കാനും അഭിന്നമായി ഉപയോഗിച്ചിരിക്കുന്നത്. (ലൂക്കൊ, 1:24,31,36). അതായത്, യിസ്ഹാക്ക് മുതൽ യോഹന്നാൻ വരെയുള്ളവർ തങ്ങളുടെ ജനനത്തിനു മുമ്പെ ഉണ്ടായിരുന്നവരല്ല. അവർക്കെല്ലാവർക്കും ഒരു ആരംഭമുണ്ട്. അതുപോലെ, യേശുവെന്ന പാപമറിയാത്ത മനുഷ്യനും മുമ്പെ ഉണ്ടായിരുന്നില്ല. അവനും ജനനമെന്ന ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35; 2:21; റോമർ 9:5; മീഖാ, 5:2-3). തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചാൽ, അവരെല്ലാവരും അവരുടെ അപ്പന്മാരാൽ ഉരുവായവരാണ്. യേശുവാകട്ടെ, പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി ഉരുവായവനാണ്. അല്ലാതെ, സ്വർഗ്ഗത്തിൽനിന്ന് ആരും വന്ന് കന്യകയുടെ ഉദരത്തിൽ അവതരിച്ചതല്ല. പാപമറിയാത്ത ഒരു പുതിയ മനുഷ്യൻ അവളുടെ ഉള്ളിൽ രൂപപ്പെട്ടതാണ്. അപ്പോൾ, സ്വർഗ്ഗത്തിൽ നിന്ന് അക്ഷരാർത്ഥത്തിൽ ദൈവം അയച്ചുവെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന പുത്രദൈവവും യഹോവസാക്ഷികൾ പഠിപ്പിക്കുന്ന സൃഷ്ടിപുത്രനും എവിടെപ്പോയി? ആവിയായിപോയോ? അല്ലെങ്കിൽ, പുതിയനിയമത്തിൽ ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ചരിത്ര വസ്തുതകളെല്ലാം ഭോഷ്ക്കാണോ? ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന പ്രയോഗത്തിന് അക്ഷരാർത്ഥമാണ് ഉള്ളതെങ്കിൽ, അയക്കപ്പെട്ട ആ പുത്രൻ ലോകത്തിൽ വരണം. ആ പുത്രൻ വന്നില്ലെന്ന് മാത്രമല്ല; കന്യകയിൽ പുതിയൊരു ശിശു അഥവാ, മനുഷ്യൻ ഉല്പാദിതമാകയാണ് ചെയ്തത്. തന്മൂലം, അയച്ചു എന്ന പ്രയോഗം, അക്ഷരാർത്ഥത്തിലല്ല പ്രയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാം. താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നും, താൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പമാണെന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്. യോഹ, 6:38,41,42,50,51,58). കന്യകയിൽ പരിശുദ്ധാത്മാവിനാൽ രൂപപ്പെട്ടവനാണ് ഇതെല്ലാം പറയുന്നത്. അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നവന്, കന്യകയിൽ ഉല്പാദിതമാകാൻ കഴിയില്ലല്ലോ? തന്മൂലം, ദൈവം തൻ്റെ പുത്രനെ അയച്ചു എന്ന് പറയുന്നതും സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്ന് പറയുന്നതും ആലങ്കാരിക പ്രയോഗങ്ങളാണെന്ന് വ്യക്തമാണ്.
ഇനി, നാം അറിയേണ്ട ഒരു പ്രധാനപ്പെട്ട വിഷയമുണ്ട്: യേശുവെന്ന ദൈവപുത്രൻ ജനിച്ചത് എപ്പോഴാണ്? അവർ ദൈവത്തിൻ്റെ അടുക്കൽ മുമ്പേ ഉണ്ടായിരുന്നെങ്കിലല്ലേ, യഥാർത്ഥത്തിൽ അവനെ ഭൂമിയിലേക്ക് അയക്കാൻ കഴിയുകയുള്ളു. അതറിയണമെങ്കിൽ യേശുവെന്ന ദൈവപുത്രൻ എപ്പോഴാണ് ജനിച്ചതെന്ന് അറിയണം. യേശു ദൈവത്തിൻ്റെ ആദ്യസൃഷ്ടിയായ പുത്രനാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നു. അവൻ സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ച പുത്രനാണെന്ന് ട്രിനിറ്റിയും പഠിപ്പിക്കുന്നു. എ,ഡി, 256-336 കാലത്ത് ജീവിച്ചിരുന്ന അറിയൂസിൻ്റെ ഉപദേശമാണ് യഹോവസാക്ഷികൾ വിശ്വസിക്കുന്നത്. അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ, എ,ഡി. 325-ൽ നിഖ്യായിൽ കൂടിയ സുനഹദോസ്, അതേ ഉപദേശത്തെ വെള്ളപൂശി പിതാവിൽനിന്ന് ജനിപ്പിച്ചവനാക്കി. അതായത്, അറിയൂസ് സൃഷ്ടിച്ച പുത്രനെ സുനഹദോസ് ജനിപ്പിച്ചെടുത്തു. എന്തായാലും, രണ്ടുപേരുടെയും ഉപദേശത്തിന് ബൈബിളിൽ യാതൊരു തെളിവുമില്ല. എന്നാൽ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എപ്പോഴാണെന്ന് അവൻ്റെ ജീവചരിത്രത്തിൽ ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. നമുക്കത് പരിശോധിക്കാം:
കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും, വിശേഷാൽ അവളുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40,52). അവന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ യോർദ്ദാനിൽവെച്ച്, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (ലൂക്കൊ, 3:22; 4:18-21; പ്രവൃ, 10:38). യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനത്തിൻ്റെ നിവൃത്തിയായിരുന്നു, യോർദ്ദാനിലെ അഭിഷേകം. (യെശ, 61:1-2; ലൂക്കൊ, 2:11; 4:18-19). യോർദ്ദാനിൽവെച്ചാണ് താൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയതെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. (ലൂക്കൊ, 4:20-21). അനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിയായിട്ട്, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് ദൈവപിതാവ് സ്വർഗ്ഗത്തിൽനിന്ന് അരുളിച്ചെയ്തപ്പോഴാണ്, അവൻ ദൈവത്തിൻ്റെ പുത്രനായത്. (ലൂക്കൊ, 1:32,35; 3:22). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമായി മാറുന്നത്. എന്തെന്നാൽ, ഭാവിയിൽ സംഭവിപ്പാനുള്ളതാണ് പ്രവചനം. (സംഖ്യാ, 24:14; ദാനീ, 2:28). മറിയ പ്രസവിക്കുന്ന അവളുടെ മകൻ “അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടും, ദൈവപുത്രൻ എന്ന് വിളിക്കപ്പെടും” എന്നിങ്ങനെ രണ്ട് പ്രവചനങ്ങൾ നിവൃത്തിയായത് എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (ലൂക്കൊ, 1:32,35; 3:22). അതായത്, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ജനിച്ചത്, ബി,സി. 6-ൽ ബേത്ത്ലേഹെമിലാണ്. എന്നാൽ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിക്കുന്നത് എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. അല്ലാതെ, യഹോവസാക്ഷികളുടെ വിശ്വാസംപോലെ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിപുത്രനല്ല; ട്രിനിറ്റിയുടെ വിശ്വാസംപോലെ, സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്ന് ജനിച്ച പുത്രനുമല്ല. ലോകത്തിൽ ജനിച്ച് മുപ്പത് വർഷം കഴിഞ്ഞുമാത്രം ദൈവപുത്രനായവനെ, ദൈവം യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് എങ്ങനെ അയക്കും? മുമ്പേ ഇല്ലാത്ത ഒരു പുത്രനെ അക്ഷരാർത്ഥത്തിൽ അയക്കാൻ കഴിയുമോ? അപ്പോൾ, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞാൽ അത് നുണയാണോ? അല്ല. അത് ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ഭാഷാപ്രയോഗമാണ്.
അതായത്, യേശുവിൻ്റെ ശുശ്രൂഷ ദൈവപുത്രൻ എന്ന നിലയിലാണ്. അവൻ്റെ ജീവചരിത്രവും അവൻ തൻ്റെ ജീവിതംകൊണ്ട് മാനവകുലത്തിന് ഒരുക്കിയ രക്ഷയുമാണ് പുതിയനിയമത്തിൻ്റെ വിഷയം. പുതിയനിയമ പുസ്തകങ്ങളെ സംബന്ധിച്ച് യോഹന്നാൻ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:31). ദൈവപുത്രനെന്ന നിലയിലാണ് യേശുവിൻ്റെ ശുശ്രൂഷ എന്നതിനാൽ, ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞാലും, മറിയ ദൈവപുത്രനെ പ്രസവിച്ചു എന്ന് പറഞ്ഞാലും ആ പ്രയോഗം ശരിയാണ്. ഒരു ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം: നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം ഒരാൾ എഴുതിയെന്നിരിക്കട്ടെ. ആ പുസ്തകത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രയോഗം ഇപ്രകാരമായിരിക്കും: പ്രധാനമന്ത്രി ജനിച്ചത് 1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ വഡ്നഗറിലാണ്. ഒരു ഭാഷാപ്രയോഗമെന്ന നിലയിൽ അക്കാര്യം ശരിയാണ്. എന്നാൽ, ഒരു ചരിത്ര വിദ്യാർത്ഥി അതിനെ ഖണ്ഡിക്കും. എന്നിട്ട് പറയും: 1950-ൽ ഗുജറാത്തിൽ ജനിച്ചത് നരേന്ദ്രമോദിയെന്ന മനുഷ്യനാണ്; പ്രധാനമന്ത്രി ജനിച്ചത് 1950-ലുമല്ല, ഗുജറാത്തിലുമല്ല; 2014 മെയ് 26-ന് ഡെൽഹിയിലാണ്. വ്യത്യാസം മനസ്സിലായോ? അതായത്, വിശിഷ്ട പദവികൾ അലങ്കരിക്കുന്നവരുടെ ജീവചരിത്രമെന്ന നിലയിൽ പ്രധാനമന്ത്രി ജനിച്ചത് ഗുജറാത്തിലാണെന്നും, 1950-ലാണെന്നും പുസ്തകത്തിൽ പറഞ്ഞാൽ അക്കാര്യം ശരിയാണ്. എന്നാൽ, ചരിത്രപരമായി അത് ശരിയല്ല. ഡെൽഹിയിൽവെച്ച് 2014-ലാണ് പ്രധാനമന്ത്രി ജനിച്ചത്. അതുപോലെ, ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു പ്രയോഗമെന്ന നിലയിൽ; ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞാലും, ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി നിയോഗിച്ചയച്ചു എന്ന് പറഞ്ഞാലും ശരിയാണ്. എന്നാൽ, ചരിത്രപരമായി അത് ശരിയല്ല. എന്തെന്നാൽ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. തന്മൂലം, യേശുവെന്ന മനുഷ്യനോ, ദൈവപുത്രനോ മുമ്പെ ഉണ്ടായിരുന്നവനല്ല. അതായത്, യേശുവെന്ന ദൈവപുത്രൻ യോർദ്ദാനിലെ സ്നാനത്തിന് മുമ്പേയില്ല; യേശുവെന്ന മനുഷ്യൻ കന്യക പ്രസവിക്കുന്നതിന് മുമ്പേയുമില്ല. യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിന് ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പ് മാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. മുമ്പെ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ്, അതൊരു യാഥാർത്ഥ്യമായി മാറുന്നത്. അപ്പോൾ, യഥാർത്ഥത്തിൽ യേശു എന്നൊരു ദൈവപുത്രൻ മുമ്പെ സ്വർഗ്ഗത്തിൽ ഇല്ലായിരുന്നു. ദൈവം സ്വർഗ്ഗത്തിൽ നിന്ന് യഥാർത്ഥത്തിൽ അങ്ങനെയൊരു പുത്രനെ അയച്ചിട്ടുമില്ല. തന്മൂലം, അയച്ചു എന്ന് പറയുന്നത് ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആലങ്കാരിക പ്രയോഗമാണെന്ന് മനസ്സിലാക്കാം.
ഇനി പ്രധാനപ്പെട്ട ഒരു തെളിവ് തരാം: ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് അനേകം വാക്യങ്ങളിൽ പറഞ്ഞിട്ടുള്ളത് തുടക്കത്തിൽ നാം കണ്ടതാണ്. ദൈവം ദൈവത്തോടുകൂടെ ആയിരുന്നു, ദൈവം ദൈവത്തെ അയച്ചു, വന്ന ദൈവം എന്നതൊക്കെ ബൈബിൾ വിരുദ്ധമാണെന്നും കണ്ടു. എന്നാൽ, അയക്കപ്പെട്ടു എന്ന് പറഞ്ഞിരിക്കുന്നവൻ്റെ പ്രകൃതി എന്താണെന്ന് ബൈബിൾതന്നെ പറഞ്ഞിട്ടുണ്ട്. പൗലൊസ് പറയുന്നു: “ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.” (1കൊരി, 15:47). സ്വർഗ്ഗത്തിൽ നിന്നുള്ളവൻ, രണ്ടാം ദൈവമെന്നല്ല പറയുന്നത്, രണ്ടാം ദൂതനെന്നല്ല പറയുന്നത്; രണ്ടാം മനുഷ്യൻ എന്നാണ് പൗലൊസ് പറയുന്നത്. അപ്പോൾ, സ്വർഗ്ഗത്തിൽനിന്ന് വന്നുവെന്ന് ട്രിനിറ്റി പഠിപ്പിക്കുന്ന ദൈവവും, യഹോവസാക്ഷികൾ പഠിപ്പിക്കുന്ന ദൂതനും എവിടെപോയി; മാഞ്ഞുപോയോ? യോഹന്നാൻ സ്നാപകൻ ഇപ്രകാരം പറയുന്നു: “എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക: എൻ്റെ പിന്നാലെ ഒരു ദൈവം വരുന്നു അല്ലെങ്കിൽ, ഒരു ദൂതൻ വരുന്നു എന്നല്ല; ഒരു മനുഷ്യൻ വരുന്നു എന്നാണ് പറഞ്ഞത്. യോഹന്നാൻ ഒരുക്കിയ വഴിയിലൂടെ അവൻ്റെ പിന്നാലെ വന്നത് ദൈവവുമല്ല, ദൂതനുമല്ല; യേശുവെന്ന മനുഷ്യനാണ്. അപ്പോൾ, അയക്കപ്പെട്ട ദൈവവും ദൂതനും എവിടെപ്പോയി? ദൈവം അയച്ച പുത്രൻ യേശുവാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ആ പുത്രൻ പറയുന്നത് കേൾക്കുക: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). അയക്കപ്പെട്ട പുത്രൻ പറയുന്നു; താൻ മനുഷ്യനാണ്. എന്നാൽ, അയക്കപ്പെട്ടവൻ ദൈവമാണെന്ന് ട്രിനിറ്റിയും, ദൂതനാണെന്ന് യഹോവസാക്ഷികളും പറയുന്നു. അതായത്, ദൈവപുത്രനായ യേശുവിനെയാണ് അവർ പഠിപ്പിക്കാൻ നോക്കുന്നത്. അവൻ മനുഷ്യനാണെന്ന് പത്രൊസ് പറയുന്നു: “ദൈവം നിങ്ങൾക്കു കാണിച്ചുതന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു. (പ്രവൃ, 2:23). അവൻ മനുഷ്യനാണെന്ന് പൗലൊസ് പറയുന്നു: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). താനും തനിക്ക് വഴിയൊരുക്കിയ യോഹന്നാൻ സ്നാപകനും, തന്നോടുകൂടെ മൂന്നരവർഷം സഹവസിച്ച അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ കണ്ട, ശമര്യാസ്ത്രീയും (യോഹ, 4:29), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും യോഹ, 11:50), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അക്ഷരാർത്ഥത്തിൽ ദൈവത്താൽ അക്കപ്പെടുവാൻ ഒരു മനുഷ്യൻ മുമ്പേ സ്വർഗ്ഗത്തിൽ ഉണ്ടാകുക സാദ്ധ്യമല്ലെന്ന് എല്ലാവർക്കും അറിയാം. തന്മൂലം, ദൈവപുത്രനായ യേശു സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയല്ലെന്നും, ദൈവം തൻ്റെ പുത്രനെ അയച്ചു എന്നത്, ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു പ്രയോഗമാണെന്നും സ്ഫടികസ്ഫുടം വ്യക്തമാണ്. എന്നിട്ടും, നമ്മളിൽ പലരും ഇപ്പോഴും വിശ്വസിക്കുന്നത്, ജനിച്ചതും ജീവിച്ചതും ശുശ്രൂഷിച്ചതും മരിച്ചതും ഉയിർത്തതും ദൈവമാണ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനാണ്, ദൂതനാണ് എന്നൊക്കെയാണ്. നമ്മുടെ വിശ്വാസം എത്ര വിരോധാഭാസമാണ്.
മേല്പറഞ്ഞതൊക്കെ മർമ്മമോ, മന്ത്രമോ ഒന്നുമല്ല; ഏകദേശം രണ്ടായിരം വർഷങ്ങളായിട്ട് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ചരിത്ര വസ്തുതകളാണ്. ബൈബിൾ പഠിതാക്കളെല്ലാം യേശുവിനെക്കുറിച്ചുള്ള ഈ ആത്മിക ചരിത്ര വസ്തുതകളെല്ലാം നിർബ്ബന്ധമായും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ, ഏകസത്യദൈവം (the only true God) എന്ന ബൈബിളിൻ്റെ മൗലിക ഉപദേശം അട്ടിമറിക്കപ്പെടുകയും, ത്രിമൂർത്തി ബഹുദൈവ ഉപദേശം വിശ്വസിക്കാൻ നിർബന്ധിതരാകുകയും ചെയ്യും. എന്തെന്നാൽ, ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പനയെ ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് ആനയിക്കാനായി, നിഖ്യാകോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിലൂടെ സാത്താൻ സഭയിൽ നുഴയിച്ചുകയറ്റിയതാണ് ത്രിമൂർത്തി ബഹുദൈവ ഉപദേശം. ഇനിയും അനേകം തെളിവുകൾ ബൈബിളിലുണ്ട്. അത് ഓരോന്നായി പരിശോധിച്ചശേഷം, അന്ത്യകാലത്ത് മറിയയുടെ മൂത്തമകനായ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് അഥവാ, പ്രത്യക്ഷനായത് (manifest) ആരാണെന്ന് നോക്കാം:
1. ‘ദൈവം തൻ്റെ പുത്രനെ അയച്ചു’ എന്ന പ്രയോഗത്തിന് അവൻ ദൈവത്തിൻ്റെ അടുക്കൽ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെന്ന അർത്ഥം ബൈബിളിലില്ല. മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15; സെഖ, 2:8; പ്രവൃ, 7:35). അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം: “ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവരല്ല. പുതിയനിയമത്തിലും ദൈവം അയച്ച പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന് ആരെങ്കിലും ചോദിച്ചാൽ, അതിൻ്റെ ഉത്തരമാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു. ദൈവം അയച്ചവരാരും ദൈവങ്ങളല്ല. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെപ്പോലെ, അയക്കപ്പെട്ട വാക്കിലും പ്രവൃത്തിയിലും ശക്തിയുള്ള പ്രവാചകനായ യേശുവും ഒരു മനുഷ്യനായിരുന്നു. (ലൂക്കൊ, 24:189). പക്ഷെ, പാപരഹിതനായ മനുഷ്യനായിരുന്നു. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് മനസ്സിലാകാം.
2. ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മനുഷ്യനാണ് മോശെ. (സംഖ്യാ, 12:8). ആ മോശെ യേശുവിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15,18; പ്രവൃ, 3:22). സ്വർഗ്ഗത്തിൽ നിന്ന് ദൈവപുത്രനെ അയക്കുമെന്നാണോ മോശെ പറഞ്ഞത്? നിൻ്റെ സഹോദരന്മാരുടെ ഇടയിൽനിന്നു അഥവാ, യിസ്രായേലിൽനിന്നു എഴുന്നേല്പിക്കും. അല്ലാതെ, സ്വർഗ്ഗത്തിൽനിന്നു അയക്കുമെന്നല്ല പറഞ്ഞത്. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെയും പോലെ, യിസ്രായേൽ ജനത്തിൻ്റെ മദ്ധ്യേ നിന്നാണ് യേശുവും എഴുന്നേറ്റത്. (മീഖാ, 5:2-3; റോമ, 9:5; ഗലാ, 4:4). പുതിയനിയമത്തിൽ, പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്ന് ക്രിസ്തുവിനെയും (ലൂക്കൊ, 24:19), വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു എന്ന് മോശെയെക്കുറിച്ചും പറഞ്ഞിരിക്കുന്നു. (പ്രവൃ, 7:22). മോശെയെക്കുറിച്ച് വലിയൊരു തെറ്റിദ്ധാരണ ക്രൈസ്തവഗോളത്തിലുണ്ട്. ആ വാക്യം ഇതാണ്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25-26). ഈ വാക്യപ്രകാരം, മോശെ ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമെന്നെണ്ണി എന്നാണ് അനേകരും വിചാരിക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; പുതിയനിയമത്തിൽ ക്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് ചേർത്തിരിക്കുന്നത്. എന്നാൽ പഴയനിയമത്തിൽ രണ്ടു വാക്യങ്ങളിലൊഴികെ (ദാനീ, 9:25,26) ബാക്കിയെല്ലായിടത്തും, മശീഹയെ (Messiah) അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്തു. അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിച്ചു. അതായത്, മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല മോശെ ധനമായി എണ്ണിയത്. അതിനാധാരമായ മൂന്ന് തെളിവുകൾ തരാം:1. ക്രിസ്തു എന്നാൽ; അഭിഷിക്തൻ അഥവാ, ദൈവത്താൽ അഭിഷേകം പ്രാപിച്ച മനുഷ്യൻ എന്നാണ് അർത്ഥം. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). അഭിഷിക്തൻ ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. (പ്രവൃ, 10:38). ഇക്കാര്യം നമ്മിൽ പലർക്കും അറിയില്ലെങ്കിലും, മോശെയ്ക്കും പഴയനിയമ ഭക്തന്മാർക്കും യിസ്രായേൽ ജനത്തിനും അറിയാം. തന്മൂലം, തന്നെപ്പോലെ ഒരു അഭിഷിക്തനായ ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണുമോ? 2. മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയ്ക്ക് സമനായോ, സദൃശനായ ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്ന് ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 1ം5:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). ആ മോശെ ദൈവമല്ലാത്ത ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി എണ്ണുമോ? 3. തന്നെപ്പോലൊരു പ്രവാചകനെന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞിരിക്കുന്നത്. (ആവ, 18:15,18). തന്നെപ്പോലൊരു പ്രവാചകന്റെ നിന്ദ മോശെ വലിയ ധനമായി എങ്ങനെ എണ്ണും? തന്മൂലം, എബ്രായർ 11:26-ലെ അഭിഷിക്തൻ യേശുവല്ല; മോശെയാണെന്ന് വ്യക്തമാണ്. ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെ പറഞ്ഞപോലെ, ചരിത്രപരമായി യേശുവെന്ന മനുഷ്യൻ എഴുന്നേറ്റത് യിസ്രായേലിൽ നിന്നാണ്; അല്ലാതെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നവനല്ല. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് വ്യക്തമാണ്.
3. യേശുവെന്ന പേരിൽ ഒരു ദൈവപുത്രനോ, ക്രിസ്തുവോ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു. യേശുവെന്ന പേർപോലും താൻ ജനിക്കുന്നതിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം നല്കപ്പെട്ടതാണ്. ഇനി പേരില്ലാത്തൊരു നിത്യപുത്രൻ ദൈവത്തിനുണ്ടായിരുന്നു എന്നു വിചാരിക്കാം. പഴയനിയമഭക്തന്മാർ ആരും ആ വിവരം അറിയാതിരുന്നത് എന്താണ്? മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനോടോ, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയോടോ, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനോടോ, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനോടോ, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശെയോടോ, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനോടോ, ദൈവം ജ്ഞാനികളിൽ ജ്ഞാനിയാക്കിയ ശലോമോനോടോ, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരോടോ ദൈവം തൻ്റെ പുത്രനെക്കുറിച്ച് പറയാതിരുന്നത് എന്താണ്? മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (6:1-5), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരിക്കുന്ന ദൈവത്തെ കണ്ടിട്ടും, ദൈവത്തിൻ്റെ പുത്രനെ കാണാതിരുന്നത് എന്താണ്? അങ്ങനെയൊരു പുത്രൻ ദൈവത്തിന് മുമ്പെ ഇല്ലായിരുന്നു. ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് യിസ്രായേലിനോട് അരുളിച്ചെയ്തവൻ തൻ്റെ പുത്രനെക്കുറിച്ച് അവരോട് പറയാതിരുന്നത് എന്താണ്? പഴയനിയമഭക്തന്മാരോടും യിസ്രായേല്യരോടുമുള്ള ദൈവത്തിൻ്റെ സ്നേഹം കപടമായിരുന്നോ? അബ്രാഹാമിൻ്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമെന്ന് വിളിക്കപ്പെടുവാൻ ഇച്ഛിച്ച ദൈവം, തനിക്കൊരു നിത്യപുത്രൻ ഉണ്ടായിരിക്കുകയും അവരോടത് മറച്ചുവെക്കുകയും ചെയ്തുവെന്നു പറഞ്ഞാൽ എന്തബദ്ധമായിരിക്കും? തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്നത് അവിതർക്കമാണ്.
4. ദൈവം അയച്ച എല്ലാ പ്രവാചകന്മാരെയും പോലെ, പാപമറിയാത്ത മനുഷ്യനായ യേശുവിനും ഒരു ഉത്ഭവമുണ്ട്: “അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:16). അടുത്തവാക്യം: “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20; ലൂക്കൊ, 2:21). അടുത്തവാക്യം: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21, ലൂക്കൊ, 1:31). അടുത്തവാക്യം: “ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:35). അടുത്തവാക്യം: അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:7; മത്താ, 1:25). അടുത്തവാക്യം: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കോ, 2:11). അടുത്തവാക്യം: “ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു;” (റോമ, 9:5). അടുത്തവാക്യം: “എന്നാൽ കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു.” (ഗലാ, 4:4). ദൈവം മരണമില്ലാത്തവനാണെന്നും (1തിമൊഥെയൊസ് 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരിച്ചതെന്നും പറഞ്ഞിട്ടുണ്ട്. (1തിമൊ, 2:6; എബ്രാ, 2:9). അപ്പോൾ, ജനനമോ, മരണമോ ഇല്ലാത്ത ദൈവവും ദൂതനുമാണ് ജനിച്ചുമരിച്ച് ഉയിർത്തതെന്ന് എങ്ങനെ പറയും? തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് പകൽപോലെ വ്യക്തമാണ്.
5. ദൈവത്തിൻ്റെ അഭിഷിക്തനാണ് ക്രിസ്തു: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). അവൻ ജനിച്ച് ഏകദേശം 30 വർഷംകഴിഞ്ഞ് യോർദ്ദാനിൽ വെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ്, അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18-21). അഭിഷിക്തൻ അഥവാ, ക്രിസ്തു ദൈവമല്ല; അഭിഷേക ദാതാവാണ് ദൈവം. ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്ത മനുഷ്യനാണ് ക്രിസ്തു. ട്രിനിറ്റിയുടെ ഭാഷയിൽ ദൈവം ദൈവത്തെയാണ് അഭിഷേകം ചെയ്തത്. എന്തെന്നാൽ, വന്ന ദൈവം എന്നാണല്ലോ അവരുടെ ഉപദേശം. പ്രവാചകന്മാരെയും പുരോഹിതന്മാരെയും രാജാക്കന്മാരെയുമാണ് അഭിഷേകം ചെയ്യുന്ന്. യേശു ഉൾപ്പെടെ, അഭിഷിക്തരെന്ന് പേർപറയപ്പെട്ട 20 പേർ ബൈബിളിലുണ്ട്. എന്നാൽ, ഒരു ദൂതനെപ്പോലും ദൈവം അഭിഷേകം ചെയ്തതായി പറഞ്ഞിട്ടില്ല. അതായത്, ദൂതന്മാർക്കുപോലും അഭിഷേകം വേണ്ടാതിരിക്കെ, അഭിഷിക്തനായ ദൈവമാണ് യേശുവെന്ന് പറയുന്നവർക്ക് അഭിഷേകം എന്താണെന്ന് അറിയില്ല എന്നതാണ് വസ്തുത. ബലഹീനരായ മനുഷ്യരെ ദൈവം തൻ്റെ ശുശ്രൂഷകൾക്കായി പരിശുദ്ധാത്മാവിനാലും ശക്തിയാലും ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ; ദൈവം തൻ്റെ ശുശ്രൂഷകൾക്കായി നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. ആഹാബ് രാജാവിൻ്റെ മുമ്പിൽച്ചെന്ന് നിന്നിട്ട്, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല” എന്ന് പറയാൻ, ഏലീയാവിനെ പ്രേരിപ്പിച്ച ഘടകം എന്താണോ, അതാണ് ദൈവത്തിൻ്റെ അഭിഷേകം. (1രാജാ, 17:1). ഏലീയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യനാകയാൽ, ഈസബേൽ അവനെ കൊല്ലാൻ അന്വേഷിച്ചപ്പോൾ, അവൻ ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിക്കാനും ഇച്ഛിച്ചു. (യാക്കോ, 5:17; 1രാജാ, 19:2-4). അതാണ്, മനുഷ്യനെന്ന നിലയിലുള്ള അവൻ്റെ ബലഹീനത. അപ്പോൾ, ക്രിസ്തുവിന് ബലഹീനത ഉണ്ടായിരുന്നോ? പാപരഹിതമായ പരിമിതികളും ബലഹീനതകളും അവനുണ്ടായിരുന്നു എന്ന്ബൈബിൾ പറയുന്നു. പരീക്ഷ (മത്താ, 4:1), വിശപ്പ് (മത്താ, 4:2), ദാഹം (യോഹ, 19:28), ക്ഷീണം (യോഹ, 4:6), ഉറക്കം (മർക്കൊ, 438), കരച്ചിൽ (യോഹ, 11:35), ദുഃഖം (മർക്കൊ, 14:34), പ്രാണവേദന (ലൂക്കൊ, 12:44), വിയർപ്പ് (ലൂക്കൊ, 22:44). മരണവേദനപോലെ അവൻ്റെ ഉള്ളം ദുഃഖിക്കുകയും വ്യാകുലപ്പെടുകയും ചെയ്തു. (മത്താ, 26:37-38). “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എന്ന് ക്രിസ്തു പ്രാർത്ഥിക്കുകയുണ്ടായി. (മത്താ, 26:39). അവൻ പ്രാണവേദനയിലായിട്ട് അവൻ്റെ വിയർപ്പ് നിലത്തുവീഴുന്ന ചോരത്തുള്ളികൾ പോലെയായി; അവനെ ശക്തിപ്പെടുത്താൻ സ്വർഗ്ഗത്തിൽ നിന്നൊരു ദൂതൻ പ്രത്യക്ഷപ്പെടുകയുണ്ടായി. (ലൂക്കൊ, 22:42-43). അവൻ ബലഹീനൻ ആയിരുന്നില്ലെങ്കിൽ, ശക്തിപ്പെടുത്താൻ ദൂതൻ വരേണ്ടിയിരുന്നില്ലല്ലോ? പാപമൊഴികെ സർവ്വത്തിലും നമുക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടവാണ് ക്രിസ്തുവെന്ന് എബ്രായലേഖകൻ പറയുന്നു. (എബ്രാ, 4:5). ഇതൊക്കെ, ദൈവാത്താവ് എഴുതിവെച്ചിരിക്കുന്ന ആത്മിക ചരിത്ര വസ്തുതകളാണ്. അല്ലാതെ, ആരുടെയും വ്യാഖ്യാനങ്ങളല്ല. ഇതൊക്കെ വിശ്വസിക്കാതെ, അവൻ ദൈവത്തോട് സമനായ ദൈവമാണെന്ന് വിശ്വസിക്കുന്നവർ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്? അവൻ ബലഹീനനായ ദൈവമാണെന്നോ? ഇനി, അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നു എന്ന് പറയുന്നവനരോട് ചില കാര്യങ്ങൾ പറയാം: 1. ദൈവം ദൈവമാണ്; അല്ലാതെ, മനുഷ്യനല്ല. (സംഖ്യാ, 23:19; 1ശമൂ, 15:29; ഇയ്യോ, 9:32; ഹോശേ, 11:9). 2. ദൈവം മാറ്റമില്ലാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനും ആകയാൽ, തനിക്ക് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട്, ദൈവും മനുഷ്യനുമെന്ന സങ്കരപ്രകൃതിയുള്ളവർ ആകാൻ കഴിയില്ല. (മലാ, 3:6; യാക്കോ, 1:17). 3. ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ്റെ ഒരു പ്രകൃതി മരിച്ചു; മറ്റേ പ്രകൃതി മരിച്ചില്ല എന്നൊക്കെ പറഞ്ഞാൽ, അതൊരു നാടകമായിട്ടല്ലാതെ, ഒരു വസ്തുതയായി കണക്കാക്കാൻ പറ്റില്ല. 4. അവൻ ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവൻ ആയിരുന്നെങ്കിൽ, അവൻ്റെ മനുഷ്യപ്രകൃതിയെ ദൈവപ്രകൃതിക്ക് ഉയിർപ്പിക്കാമായിരുന്നല്ലോ? അവൻ തന്നെത്താൻ ഉയിർത്തതല്ല; യേശുവെന്ന മനുഷ്യനെ ദൈവം ഉയിർപ്പിച്ചതാണ്. (പ്രവൃ, 2:24; 2:31; 4:10; 5:30;10:40). 5. അവൻ ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനായിരുന്നു എന്ന് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. (1തിമൊ, 2:6; എബ്രാ, 2:9). അവന് ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉണ്ടായിരുന്നെങ്കിൽ, അവനെ ദൂതന്മാരെക്കാൾ താഴ്ചവന്നവൻ എന്ന് പറയുമോ? അവൻ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു. (റോമ, 5:15; 2കൊരി, 5:21). അതുകൊണ്ടാണ്, ദൂതന്മാർക്കുപോലും ആവശ്യമില്ലാത്ത അഭിഷേകം യേശുവിന് വേണ്ടിവന്നത്. ദൈവത്താൽ അഭിഷേകം പ്രാപിച്ച പാപമറിയാത്ത മനുഷ്യനെപ്പിടിച്ച് ദൈവമാക്കിയാൽ, അവൻ സത്യദൈവം ആകില്ല; വ്യാജദൈവമേ ആകൂ. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് ദൈവാത്മാവുള്ള ആർക്കും മനസ്സിലാകും.
6. ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചുവെന്ന് ആദ്യം പറഞ്ഞത്, ദൈവപുത്രനായ യേശുവാണ്. (യോഹ, 3:17). അതേ ക്രിസ്തുവിൻ്റെ മറ്റൊരു പ്രസ്താവന കൂടിയുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വേദഭാഗത്തെ ഏകസത്യദൈവമായ നിന്നെയും എന്നത്, ഇംഗ്ലീഷിൽ thee, the only true God എന്നും, ഗ്രീക്കിൽ se ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് പുത്രൻ പറയുന്നത്. പിതാവ് മാത്രമാണ് സത്യദൈവം എന്ന് പുത്രൻ പറഞ്ഞാൽ; പുത്രനും ദൈവമാണെന്നാണോ അർത്ഥം? ഭാഷയുടെ വ്യാകരണ നിയമങ്ങളെയെല്ലാം അതിലംഘിച്ചുകൊണ്ട് മാത്രമേ ത്രിമൂർത്തി ബഹുദൈവ ഉപദേശം സ്ഥാപിക്കാൻ കഴിയുകയുള്ളു. ട്രിനിറ്റിയുടെ ഉപദേശപ്രകാരം, പുത്രൻ നിത്യനും ദൈവത്തോട് കൂടെയുണ്ടായിരുന്ന ദൈവവുമാണ്. എന്നാൽ പുത്രൻ പറയുന്നു: പിതാവ് മാത്രമാണ് സത്യദൈവം. അപ്പോൾ, ആരാണ് വ്യാജം പറയുന്നത്; ട്രിനിറ്റിയോ, ദൈവപുത്രനായ യേശുവോ? പിതാവ് മാത്രമാണ് സത്യദൈവം എന്ന് പറകവഴി, താൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി അവൻ വ്യക്തമാക്കി. ദൈവം ഒരുത്തൻ മാത്രമാണ് അഥവാ, monos theos – the only God ആണെന്നും (യോഹ, 5:44), അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8), പിതാവ് മാത്രമാണ് സകലതും അറിയുന്നതെന്നും യേശു പറഞ്ഞു. (മത്താ, 24:36). പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ്, തനിക്കൊരു ദൈവമുണ്ട് എന്നൊക്കെയും പുത്രൻ പറയുന്നു. (യോഹ, 10:29; 14:28; 20:17). സത്യദൈവത്തിന് മറ്റൊരു ദൈവം ഉണ്ടാകുക സദ്ധ്യമോ? ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും പുത്രൻതന്നെ ഖണ്ഡിതമായി പറഞ്ഞിരിക്കെ, പുത്രൻ ദൈവത്തിൽനിന്ന് വിഭിന്നനും അയക്കപ്പെട്ട ദൈവവുമാണെന്ന് പഠിപ്പിക്കുന്ന ട്രിനിറ്റി, എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്? പുത്രൻ വ്യാജദൈവമാണെന്നോ? അതോ, ബഹുദൈവ ദുരുപദേശമോ? താൻ ദൈവമല്ലെന് മാത്രമല്ല; മനുഷ്യനാണെന്നും പുത്രൻതന്നെ പറഞ്ഞിട്ടുണ്ട്. “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). പുത്രനൊരു പിതാവും ദൈവവും ഉണ്ടെന്നും അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. (2കൊരി, 1:3; എഫെ, 1:3,17). പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (യോഹ, 1:30; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21,47). അപ്പോൾ, വന്ന ദൈവമെന്ന് ട്രിനിറ്റി പറയുന്നത് അരെക്കുറിച്ചാണ്? പറയുന്ന കാര്യങ്ങൾക്ക് വല്ല തെളിവും ബൈബിളിൽ ഉണ്ടാകണ്ടേ? തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.
7. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനായിരുന്നു: (യോഹ, 8:40). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് പറഞ്ഞിരിക്കുന്നത്.. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കുന്നത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് താൻതന്നെ പറഞ്ഞിട്ടുണ്ട്: (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞിട്ടും, ഏകദൈവത്തെ ബഹുദൈവമാക്കാൻ മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യനെപ്പിടിച്ച് ദൈവമാക്കുകയാണ് ക്രിസ്ത്യാനികൾ ചെയ്തത്. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.
8. “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (1കൊരി, 8:6). നമുക്ക് പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന മറ്റൊരു ദൈവവും അല്ല ഉള്ളത്; പുത്രനായ യേശുക്രിസ്തു നമ്മുടെ ഏക കർത്താവാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം യഹോവ അഥവാ, പിതാവ് മാത്രമാണ്. ആ വസ്തുത, യഹോവയും പഴയപുതിയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന്ന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). പിതാവ് മാത്രമാണ് ദൈവമെങ്കിൽ, ഏകകർത്താവായ ദൈവപുത്രൻ ആരാണ്? അവൻ ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനായ പാപമറിയാത്ത മനുഷ്യനാണ്: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6). യെശയ്യാവിൻ്റെ പ്രവചനംപോലെ, യോർദ്ദാനിൽവെച്ച് ദൈവം അവനെ അഭിഷേകം ചെയ്തപ്പോഴാണ് യേശുവെന്ന മനുഷ്യൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 4:18-21; പ്രവൃ, 10:38). എന്നാൽ, ദൂതൻ്റെ പ്രവചനംപോലെ, ദൈവം അവനെ മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിയത് മരണത്തിൽനിന്ന് ഉയിർപ്പിച്ച ശേഷമാണ്: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃ, 2:36). അതായത്, പിതാവായ ഏകദൈവം, മനുഷ്യരുടെ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തു യേശുവിനെ, മരണത്തിൽനിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവ് ആക്കിയതാണ്. അല്ലാതെ, അവൻ തന്നെത്താൻ കർത്താവ് ആയതല്ല. ക്രിസ്തുവിനെ കർത്താവ് എന്ന് പറഞ്ഞിരിക്കുന്നത്, ദൈവം എന്ന അർത്ഥത്തിലാണ് അനേകരും മനസ്സിലാക്കുന്നത്. അതുകൊണ്ടാണ്, പിതാവായ ഏകദൈവവും യേശുക്രിസ്തു എന്ന ഏകകർത്താവും എന്ന വാക്യത്തിലെ, പിതാവും പുത്രനും ദൈവമാണെന്ന് വിചാരിക്കുന്നത്. എന്നാൽ, ക്രിസ്തുവിനെ കർത്താവ് എന്ന് പറയുന്നത്; രക്ഷകൻ, രക്ഷിതാവ് എന്ന അർത്ഥത്തിലാണ്. അല്ലാതെ, ദൈവമെന്ന അർത്ഥമല്ല ഉള്ളത്. പൗലൊസ് പറയുന്നത് നോക്കുക: “യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (റോമ, 10:9). അതായത്, ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച മനുഷ്യനാണ് നമ്മുടെ കർത്താവ്. അടുത്തവാക്യം നോക്കുക: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. മരണമില്ലാത്ത ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ് തൻ്റെ മരണത്താൽ നമുക്ക് രക്ഷ ഒരുക്കിയത്: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). ഇനി, പത്രൊസ് പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11). പത്രൊസ്, യേശു മനുഷ്യനാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുമുണ്ട്. (മത്താ, 26:72; 26:74; പ്രവൃ, 2:23). തന്മൂലം, കർത്താവ് മനുഷ്യനാണെന്ന് വ്യക്തമാണല്ലോ? അതായത്, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ പുത്രൻ ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്ന ഈ ആത്മിക ചരിത്രവസ്തുതകൾ ട്രിനിറ്റിക്ക് ഇന്നയോളം വെളിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ്, ഏകദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നത്. എന്നാൽ, നമ്മുടെ ഏകദൈവം പിതാവ് മാത്രമാണ്. യേശുക്രിസ്തുവെന്ന ഏകകർത്താവ് പാപമറിയാത്ത മനുഷ്യനാണ്. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം.
9. യേശു വെളിപ്പെട്ടത് അന്ത്യകാലത്താണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തവൻ അഥവാ, ക്രൂശിൽമരിച്ചുയിർത്ത ക്രിസ്തു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; അവൻ മുമ്പുകൂട്ടി അറിയപ്പെട്ടവനാണ് എന്നാണ് പത്രൊസ് പറയുന്നത്. ‘പ്രൊഗിനൊസ്കൊ’ (proginosko) എന്ന ഗ്രീക്കുപദം അഞ്ചുപ്രാവശ്യമുണ്ട്: (പ്രവൃ, 26:5; റോമ, 8:29; 11:2; 1പത്രൊ, 1:20; 2പത്രൊ, 3:17). മുന്നറിയപ്പെടുക, മുമ്പേകൂട്ടി അറിയുക, നേരത്തെ അറിയുക’ (foreknow) എന്നൊക്കെയാണ് അർത്ഥം. അതായത്, യേശുവെന്ന ദൈവപുത്രൻ മുമ്പെ ഇല്ലായിരുന്നു; മനുഷ്യരുടെ രക്ഷയെപ്രതി മുമ്പേകൂട്ടി അറിയപ്പെട്ടവനും അന്ത്യകാലത്ത് മാത്രം വെളിപ്പെട്ടവനും ആണ്. തെളിവുകൾ നോക്കാം: “അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.” (റോമ, 8:29). ഇവിടെ ദൈവം ‘മുന്നറിഞ്ഞവർ’ എന്നു പൗലോസ് പറഞ്ഞിരിക്കുന്നത് ക്രിസ്തുവിലൂടെ രക്ഷിക്കപ്പെടുവാനുള്ള വിശ്വാസികളെക്കുറിച്ചാണ്. അവരൊക്കെ ആദിമുതലേ ഉണ്ടായിരുന്നവരല്ല. എല്ലാവരെയും ദൈവം തൻ്റെ സർവ്വജ്ഞാനത്താൽ മുമ്പേ അറിഞ്ഞിരുന്നു എന്നാണ്. ദൈവം എപ്രകാരം ക്രിസ്തുവിനെയും അവനിലൂടെയുള്ള രക്ഷയെയും മുന്നറിഞ്ഞിരുന്നുവോ, അപ്രകാരം അവനിലൂടെ തിരഞ്ഞെടുക്കേണ്ടവരെയും മുന്നറിഞ്ഞിരുന്നു. അതായത്, ക്രിസ്തുവും വിശ്വാസികളും മുമ്പേ ഇല്ലായിരുന്നു; ദൈവം സർവ്വജ്ഞാനത്താൽ മുന്നറിയുകയും മുന്നിയമിക്കുകയും ചെയ്തതാണ്. (ഒ.നോ: പ്രവൃ, 4:28; റോമ, 8:29,30; 1കൊരി, 2:7; എഫെ, 1:5,11). കാലസമ്പൂർണ്ണതയിലാണ് ക്രിസ്തു വെളിപ്പെട്ടതും അവൻ മുഖാന്തരം വിശ്വസിക്കുന്നവരെ തിരഞ്ഞെടുത്തതും: (ഗലാ, 4:4). കാലസമ്പൂർണ്ണതയിൽ വെളിപ്പെട്ടവനെങ്ങനെ ലോകസ്ഥാപനത്തിനു മുമ്പെ ഉണ്ടാകും? അടുത്തവാക്യം: “നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു.” (എഫെ, 1:4). ഈ വാക്യപ്രകാരം ലോകസ്ഥാപനത്തിനുമുമ്പെ ക്രിസ്തു ദൈവത്തോടൊപ്പം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയാൽ; ക്രിസ്തുവിൽ ദൈവം തിരഞ്ഞെടുത്തവരും ഉണ്ടാകണം. 1പത്രൊസ് 1:10 മലയാളം ഓശാന നൂതന പരിഭാഷയിൽനിന്നു ചേർക്കുന്നു: “ലോകാരംഭത്തിന് മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു.” ദൈവം ക്രിസ്തുവിനെ എപ്രകാരം തിരഞ്ഞെടത്തു എന്നു പറഞ്ഞിരിക്കുന്നുവോ, അപ്രകാരമാണ് ലോകസ്ഥാപനത്തിനു മുമ്പെ വിശ്വാസികളെ തിരഞ്ഞെടുത്തു എന്നും പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ ക്രിസ്തു മുമ്പെ ഉണ്ടായിരുന്നെങ്കിൽ ക്രിസ്തുവിൽ തിരഞ്ഞെടുത്തവരും ഉണ്ടാകുമല്ലോ? അതായത്, കാലസമ്പൂർണ്ണതയിൽ വെളിപ്പെടാനിരുന്ന തൻ്റെ ക്രിസ്തുവിനെയും, അവനിലൂടെ മാനവജാതിക്ക് ഒരുക്കേണ്ട രക്ഷയെയും, ആ രക്ഷയ്ക്ക് അവകാശിയാകുവാൻ ഉള്ളവരെയും, ലോകസ്ഥാപനത്തിനു മുമ്പെ തൻ്റെ സർവ്വജ്ഞാനത്താൽ കാണുകയും തിരഞ്ഞെടുക്കുകയും ചെയ്തുവെന്നാണ് അർത്ഥം. അല്ലാതെ, ക്രിസ്തുവും ക്രിസ്തുവിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും മുമ്പെ ഉണ്ടായിരുന്നു എന്നല്ല. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് സംശയത്തിന് ഇടയില്ലാത്ത വസ്തുതയാണ്.
10. പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തുവില്ല; ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്: “അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: “ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.” (ലൂക്കോ, 18:31). “ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നേ എന്നു പറഞ്ഞു.” (യോഹ, 1:45. ഒ.നോ: മത്താ, 26:24; മർക്കൊ, 14:21; ലൂക്കൊ, 22:37; 24:44; യോഹ, 5:46; ;6:45; 12:15,16; 15:25). പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തെ ചരിത്രമല്ല; ഭാവിയിൽ നിവൃത്തിയാകേണ്ടതാണ്. ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യപ്രവചവചനം ഉല്പത്തി 3:15-ആണ്. ആ പ്രവചനം നിവൃത്തിയായത് കാലസമ്പൂർണ്ണതയിലാണ്: (ഗലാ, 4:4; എബ്രാ, 2:14-15). ആ പ്രവചനം ശ്രദ്ധിച്ചാൽ, ക്രിസ്തു ദൈവത്തിൻ്റെ നിത്യപുത്രനോ, ആദ്യത്തെ സൃഷ്ടിപുത്രനോ അല്ലെന്ന് മനസ്സിലാകും. ക്രിസ്തു ദൈവത്തിൻ്റെ സാക്ഷാൽ സന്തതി ആയിരുന്നെങ്കിൽ, സ്ത്രീയുടെ സന്തതി സർപ്പത്തിൻ്റെ തലയെ തകർക്കുമെന്നല്ല; ദൈവത്തിൻ്റെ പുത്രൻ സർപ്പത്തിൻ്റെ തലയെ തകർക്കുമെന്ന് പറയുമായിരുന്നു. മോശെയുടെ പ്രവചനവും ഓർക്കുക: ദൈവപുത്രനെ അയക്കുമെന്നോ, ദൂതനെ അയക്കുമെന്നോ അല്ല പറഞ്ഞത്. എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും” എന്ന് ഭാവികാലത്തിൽ പ്രവചിക്കുകയാണ് ചെയ്തത്. (ആവ, 18:15,18). മുമ്പെ ഉണ്ടായിരുന്ന ആളെ യിസ്രായേലിൽ നിന്ന് എഴുന്നേല്പിക്കണ്ട കാര്യമില്ലല്ലോ? (മീഖാ, 5:2-3; റോമ, 9:5). “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മാനൂവേൽ എന്നു പേർ വിളിക്കും” എന്ന് യെശയ്യാവ് പ്രവചിച്ചിരിക്കുന്നു: (7:14). ഇതുപോലെ ക്രിസ്തുവിനെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും കാലസമ്പൂർണ്ണതയിലാണ് നിവൃത്തിയായത്. ചരിത്രപരമായി ദൈവപുത്രൻ ജനിച്ചത് ഏഡി 29-ലാണ്. അതായത്, യേശുവെന്ന ദൈവപുത്രനല്ല പഴയനിയമത്തിലുള്ളത്; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. ദൈവത്തിനൊരു സാക്ഷാൽ പുത്രനുണ്ടായിരിക്കുകയും മാനവരക്ഷാർത്ഥം അവനെ സ്വർഗ്ഗത്തിൽ നിന്നു അയക്കാനുമായിരുന്നു ദൈവപദ്ധതിയെങ്കിൽ, പഴയനിയമത്തിലുള്ള മുഴുവൻ പ്രവചനങ്ങളും അർത്ഥശൂന്യമാകും. പഴയനിയമത്തിലുള്ളത് പ്രവചനങ്ങളല്ല; പഴമ്പുരണങ്ങളാണെന്നു പറയേണ്ടിവരും. ‘യേശു’ എന്ന പേർപോലും അവൻ്റെ ജനനത്തിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പുമാത്രം നല്കപ്പെട്ടതാണ്. അതിനുമുമ്പെ ദൈവപുത്രനായ ക്രിസ്തുവുമില്ല; ആ പേരുമില്ല. പിന്നെങ്ങനെ അവനെ സ്വർഗ്ഗത്തിൽനിന്നു അയക്കും? തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് നിസംശയം മനസ്സിലാക്കാം.
11. പഴയനിയമത്തിൽ യഹോവയായ ദൈവത്തെ സ്വർഗ്ഗത്തിലും ഭൂമിയിലുമായി അനവധിപ്പേർ കണ്ടിട്ടുണ്ട്. മീഖായാവ് (1രാജാ, 22:19; 2ദിന, 18:18), യെശയ്യാവ് (6:1-5) യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9,10) തുടങ്ങിയവർ സ്വർഗ്ഗത്തിൽ ഇരിക്കുന്ന ദൈവത്തെ കണ്ടിട്ടുണ്ട്. അവരാരും ഒരു പുത്രദൈവത്തെ സ്വർഗ്ഗത്തിൽ കണ്ടില്ല. ഭൂമിയിലും അനേകർ കണ്ടിട്ടുണ്ട്: മോശെയും, അഹരോനും, നാദാബും, അബീഹൂവും, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേരും ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്: “അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറ, 24:9-11). ഇയ്യാബ് കണ്ടിട്ടുണ്ട്: “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.” (ഇയ്യോ, 42:5). ആമോസ് കണ്ടു: “യഹോവ യാഗപീഠത്തിന്നു മീതെ നില്ക്കുന്നതു ഞാൻ കണ്ടു.” (ആമോ, 9:1). ഭൂമിയിൽ കണ്ടവരും യഹോവയെ അല്ലാതെ, ഒരു പുത്രദൈവത്തെ കണ്ടില്ല. തന്നെയുമല്ല, യഹോവ തൻ്റെ ഭക്തന്മാർക്ക് പല നിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയതായി പറഞ്ഞിട്ടുണ്ട്: അബ്രാഹാമിനു അഞ്ചുപ്രാവശ്യവും (പ്രവൃ, 7:2,3; ഉല്പ, 12:1-3; 12:7; 17:1; 18:1) യിസ്ഹാക്കിനു രണ്ടുപ്രാവശ്യവും (ഉല്പ, 26:2; 26:24) യാക്കോബിനു രണ്ടുപ്രാവശ്യവും (ഉല്പ, 28:12,13–35:1,7; 35:9,10–48:3) മോശെയ്ക്ക് അഞ്ചുപ്രാവശ്യവും (പുറ, 3:2-6; 24:9-11; 34:4,5; സംഖ്യാ, 20:6; ആവ, 31:14,15) അഹരോന് രണ്ടു പ്രാവശ്യവും (പുറ, 24:9-11; സംഖ്യാ, 20:6), യോശുവ (ആവ, 31:14-15), ബിലെയാം (സംഖ്യാ, 22:9-13; 22:20; 23:5; 23:16), ദാവീദ് (2ദിന, 3:1), ശലോമോൻ (1രാജാ, 3:5; 2ദിന, 7:12), യിരെമ്യാവ് (31:3), തുടങ്ങിയവർക്കെല്ലാം ദൈവം പ്രത്യക്ഷനായിട്ടുണ്ട്. കൂടാതെ, പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനങ്ങളും പഴയനിയമത്തിൽ ഉടനീളം കാണാം. എന്നാൽ, ഒരിടത്തും പുത്രദൈവത്തെ കാണാൻ കഴിയില്ല. ട്രിനിറ്റി പഠിപ്പിക്കുന്നപോലെ, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽ നിന്നു ജനിച്ച ഒരു പുത്രദൈവമോ, യഹോവസാക്ഷികൾ പഠിപ്പിക്കുന്നപോലെ ഒരു സവിശേഷ സൃഷ്ടിപുത്രനോ ദൈവത്തിനുണ്ടെങ്കിൽ, പഴയനിയമത്തിൽ എന്തുകൊണ്ട് വെളിപ്പെട്ടില്ല. എന്തെന്നാൽ, അങ്ങനെയൊരു പുത്രൻ മുമ്പെ ഇല്ലായിരുന്നു. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് നിസംശയം മനസ്സിലാക്കാം.
12. യേശുവെന്ന അഭിഷിക്തമനുഷ്യൻ അഥവാ ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ചരിത്രത്തെക്കുറിച്ച് അല്പമെങ്കിലും അവബോധമുള്ള എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്താണ് ചരിത്രം (history) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? മനുഷ്യൻ, സമൂഹം, രാഷ്ട്രം, പ്രപഞ്ചം, ശസ്ത്രം, സാംസ്കാരിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെ ഉത്പത്തി, വികാസം എന്നിവയുടെ കാലാനുക്രമവും വസ്തുനിഷ്ഠവുമായ വിവരണം ഉൾക്കൊള്ളുന്നതാണ് ചരിത്രം. അത്തരം കാര്യങ്ങള്‍ പ്രദിപാദിക്കുന്ന ഗ്രന്ഥത്തെ ചരിത്രഗ്രന്ഥമെന്ന് പറയുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യൻ്റെ ഭൂതകാല പ്രവർത്തികളുടെ ശാസ്ത്രമാണ് ചരിത്രം. ചരിത്രത്തിൻ്റെ പരിധിയിൽ ദൈവം ഉൾപ്പെടുമോ? ഒരിക്കലുമില്ല. ദൈവം ചരിത്രത്തിനതീതനാണ്. ബൈബിളിൽ തെളിവുണ്ടോ? ഉണ്ട്. ‘പണ്ടുപണ്ട് ഒരു ദൈവമുണ്ടായിരുന്നു’ എന്നു പറഞ്ഞുകൊണ്ടല്ല; പ്രത്യുത, സകല ചരിത്രത്തിനും കാരണഭൂതനായി എന്നേക്കും ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബൈബിൾ ആരംഭിക്കുന്നത്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്പ, 1:1). “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2). എന്നാൽ, ആരാണ് ചരിത്രപുരുഷന്മാർ: ലോകത്തിൽ ജനിച്ച് ജീവിച്ച് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് ചരിത്രപുരുഷന്മാർ അഥവാ, ചരിത്രനായകന്മാർ എന്ന് പറയുന്നത്. അങ്ങനെയാണെങ്കിൽ, കാലസമ്പൂർണ്ണത വന്നപ്പോൾ (ഗലാ, 4:4), സ്ത്രീയിൽനിന്നു ജനിച്ച മനുഷ്യനായി ജനിച്ചുജീവിച്ച് സകല മനുഷ്യരുടെയും പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് പാപഹരനായി ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തു എത്രയധികമായി ചരിത്രപുരുഷനാണ്. ഇനി, ക്രിസ്തു ഒരു ചരിത്രപുരുഷനാണെന്ന് ദൈവമക്കൾ വിശ്വസിക്കേണ്ട ആവശ്യമുണ്ടോ? ഉണ്ട്: “ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽനിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു.” (1യോഹ, 4:2,3). അപ്പോൾ, ദൈവപുത്രനായ യേശുക്രിസ്തു ഒരു ചരിത്ര പുരുഷനാണെന്നും, അവൻ എൻ്റെ പാപങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്തു എന്ന് വിശ്വസിക്കുന്നവരാണ് ദൈവാത്മാവുള്ളവർ അഥവാ, വീണ്ടുംജനിച്ചവർ. ദൈവപുത്രനും ദൈവമാണെന്നു വിശ്വസിക്കുന്നൊരാൾ, ദൈവപുത്രൻ്റെ ക്രിസ്തുത്വം അഥവാ, മനുഷ്യത്വവും ചരിത്രപരതയും ഒരുപോലെ നിഷേധിക്കുന്ന കള്ളനും എതിർക്രിസ്തുവും ആണെന്ന് യോഹന്നാൻ പറയുന്നു. (1യോഹ, 2:22; 4:2; 5:1). ട്രിനിറ്റി വിശ്വസിക്കുന്നപോലെ, ഒരു പുത്രദൈവം വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ; യഹോവസാക്ഷികൾ വിശ്വസിക്കുന്നപോലെ, ആദ്യസൃഷ്ടിയ ദൂതൻ വംശാവലിയോടെ ജനിച്ചുജീവിച്ചു മരിച്ചുയിർത്തുവെന്നോ പറഞ്ഞാൽ, അതൊരു അന്ധവിശ്വാസമോ, കടങ്കഥയോ മാത്രമാണ്. അല്ലാതെ, ചരിത്രമാകില്ല; ക്രിസ്തു ചരിത്രപുരുഷനും ആകില്ല. തന്മൂലം, അവൻ യഥാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് വന്ന പുത്രദൈവമോ, ദൂതനോ അല്ലെന്ന് ദൈവാത്മാവുള്ളവർ മാത്രം വിശ്വസിച്ചാൽ മതി. അഥവാ, ദൈവാത്മാവുള്ളവർക്ക് മാത്രമേ ദൈവികസത്യങ്ങൾ യഥാർത്ഥമായി അംഗീകരിക്കാൻ കഴിയുകയുള്ളു.
ഇനി, അറിയാനുള്ളത്, അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും കന്യകയുടെ മൂത്തപുത്രനുമായി അന്ത്യകാലത്ത് ലോകത്തിൽ വെളിപ്പെട്ടവൻ ആരായിരുന്നു എന്നാണ്. അതൊരു പുത്രദൈവവും ദൂതനുമല്ലെന്ന് നാം കണ്ടുകഴിഞ്ഞു. എന്നാൽ, ക്രിസ്തുവിന് ഒരു പൂർവ്വാസ്തിത്വം ഉള്ളതായി ബൈബിൾ അനേകം വാക്യങ്ങളിലൂടെ വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. യേശുവെന്ന മനുഷ്യനു ജനനത്തിനു മുമ്പെ ഉണ്ടാകാൻ സാദ്ധ്യമല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ട് മനുഷ്യനായതല്ല; ഒരു പുതിയ മനുഷ്യശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).
ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).
അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. രണ്ടുപേർ ദൂതന്മാരാണെന്നും പറഞ്ഞിട്ടുണ്ട്. തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-8). സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.
ഉപസംഹാരം: യേശുവെന്ന ദൈവപുത്രനായ മനുഷ്യൻ യഹോവയായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. അന്ത്യകാലത്ത് ജഡത്തിൽ വെളിപ്പെട്ടവനെ, സർവ്വലോകങ്ങൾക്കുമുമ്പെ പിതാവെങ്ങനെ ജനിപ്പിക്കും? അവനെങ്ങനെ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാകും? കന്യകയുടെ ഉദരത്തിൽ മനുഷ്യനായി വെളിപ്പെട്ടവനെ സ്വർഗ്ഗത്തിൽനിന്ന് യഥാർത്ഥത്തിൽ എങ്ങനെ അയക്കും? തന്മൂലം, ദൈവം യഥാർത്ഥത്തിൽ ആരെയും അയച്ചിട്ടില്ല; ഒരു പുത്രദൈവമോ, ദൂതനോ ലോകത്തിൽ വന്നിട്ടുമില്ല എന്നത് സ്ഫടികസ്ഫുടം വ്യക്തമാണ്. അതെല്ലാം, ദുരുപദേശകർ മെനഞ്ഞുണ്ടാക്കിയ പൊട്ടക്കഥകളാണ്. “ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് പറഞ്ഞാൽ; അത് ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. അല്ലാതെ, യഥാർത്ഥത്തിൽ ക്രിസ്തു പുത്രദൈവവുമല്ല; ആദ്യത്തെ സൃഷ്ടിയുമല്ല; സ്വർഗ്ഗത്തിൽനിന്ന് അയക്കപ്പെട്ടവനുമല്ല. അതാണ്, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത എന്ന് പറയുന്നത്. തന്മൂലം, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ മുമ്പെ മറ്റൊരു വ്യക്തിയായി ഇല്ലായിരുന്നു. അവൻ ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷതയാകയാൽ, പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷമായാൽ, ഏകസത്യദൈവമല്ലാതെ യേശുവെന്ന മനുഷ്യൻ മറ്റൊരു വ്യക്തിയായി ഉണ്ടാകയുമില്ല. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!