ശലോമോൻ്റെ ജ്ഞാനം
ചരിത്രസംഭവങ്ങളുടെ നീണ്ട പട്ടികയിൽ യിസ്രായേൽ രാജാവായിരുന്ന ശലോമോനെപ്പോലെ ജ്ഞാനം സമ്പാദിച്ച വിശ്വവിഖ്യാതനായ മറ്റൊരുവനില്ല. ശലോമോന്റെ വാഴ്ചയുടെ കാലഘട്ടത്തിൽ, ജ്ഞാനത്തിന്റെ ഭണ്ഡാരങ്ങളെന്ന് അംഗീകരിക്കപ്പെട്ടിരുന്ന കിഴക്കൻ രാജ്യങ്ങളിലെ ജ്ഞാനത്തെക്കാളും മിസ്രയീമിലെ സർവ്വജ്ഞാനത്തെക്കാളും ശ്രേഷ്ഠമായിരുന്നു ശലോമോന്റെ ജ്ഞാനം. (1രാജാ, 4:30). എന്തെന്നാൽ ലോകത്തിന്റെ പാഠശാലകളിൽനിന്നോ സർവ്വകലാശാലകളിൽ നിന്നോ ഗുരുശ്രേഷ്ഠന്മാരിൽനിന്നോ സ്വന്തം അനുഭവപരിചയത്തിൽ നിന്നോ നേടിയ ജ്ഞാനമായിരുന്നില്ല അത്; സർവ്വജ്ഞാനിയും സർവ്വവ്യാപിയും സർവ്വശക്തനുമായ യഹോവ നൽകിയ ജ്ഞാനമായിരുന്നു ശലോമോനിൽ നിവസിച്ചിരുന്നത്.
രാജവംശത്തിൽ ജനിച്ച ആദ്യരാജാവാണ് ശലോമോൻ. ശൗലും ദാവീദും ന്യായാധിപന്മാരെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട രാജാക്കന്മാരായിരുന്നു. ദൈവം അവർക്കു പ്രത്യേക കഴിവുകൾ നല്കിയിരുന്നു. ശലോമോൻ രാജാവായശേഷം ഗിബയോനിൽ വച്ചു യാഗങ്ങൾ അർപ്പിച്ചു. യഹോവ അവനു പ്രത്യക്ഷനായി വേണ്ടുന്ന വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. ജനത്തിനു ന്യായപാലനം ചെയ്യുവാൻ വിവേകമുള്ള ഹൃദയം അവൻ ചോദിച്ചു. യഹോവ അവന് അതു കൊടുത്തു; കൂടാതെ സമ്പത്തും മഹത്വവും കൂടി കൊടുത്തു. (1രാജാ, 3:4-15). രണ്ടു വേശ്യമാർ തമ്മിൽ ഒരു കുട്ടിക്കു വേണ്ടിയുണ്ടായ തർക്കത്തിൽ രാജാവിന്റെ ന്യായതീർപ്പ് അവന്റെ ജ്ഞാനം വിളിച്ചറിയിക്കുന്നു. (1രാജാ, 3:16-28). ശലോമോന്റെ ജ്ഞാനം മറ്റെല്ലാ വിദ്വാന്മാരിലും പുർവ്വ ദിഗ്വാസികളിലും മിസ്രയീമ്യരിലും ശ്രേഷ്ഠമായിരുന്നു. (1രാജാ, 4:29-31). അവൻ 3000 സദൃശവാക്യങ്ങളും 1005 ഗീതങ്ങളും ചമച്ചു. ഉത്തമഗീതത്തിന്റെ കർത്താവ് ശലോമോനാണ്. (1:1) കൂടാതെ സദൃശവാക്യങ്ങളും (1:1), സഭാപ്രസംഗിയും (1:1, 12), രണ്ടു സങ്കീർത്തനങ്ങളും (72-ഉം, 127-ഉം) രചിച്ചു. വൃക്ഷങ്ങൾ, മൃഗങ്ങൾ, പക്ഷികൾ എന്നിങ്ങനെ ഏതു വിഷയം സംബന്ധിച്ചും അവനു അറിവുണ്ടായിരുന്നു. (4:32-34). ശൈബാ രാജ്ഞി അവന്റെ ജ്ഞാനം ഗ്രഹിപ്പാനും അവനെ പരീക്ഷിക്കുവാനും വന്നിട്ട്, “ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു” എന്നു പ്രസ്താവിച്ചു. (1രാജാ, 10:1-18).