പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവവ്യക്തികളുടെ സമ്മേളനം യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായതായിട്ട് ത്രിത്വം പഠിപ്പിക്കുന്നു. അതിന് ആധാരമായ വേദഭാഗം ഇപ്രകാരമാണ്: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:16; മർക്കൊ, 1:10,11; ലൂക്കൊ, 3:21,22). ത്രിത്വോപദേശത്തിൻ്റെ പ്രധാന തെളിവായിട്ടാണ് അനേകരും അങ്ങനെ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും. ആദ്യത്തെ വ്യക്തി, യേശു; രണ്ടാമത്തെവ്യക്തി, പ്രാവെന്നപോലെ പരിശുദ്ധാത്മാവ്, മൂന്നാമത്തെവ്യക്തി; ദൈവപിതാവ് അഥവാ, സ്വർഗ്ഗത്തിൽ നിന്നുള്ള പിതാവിൻ്റെ ശബ്ദം. ഇതാണ് അവർ കാണുന്ന മൂന്ന് വ്യക്തികൾ. എന്നാൽ, അതിലെ വസ്തുതയെന്താണ്? എത്രപേർ അവിടെ ഉണ്ടായിരുന്നു? എന്നൊക്കെയാണ് നാം പരിശോധിക്കുന്നത്. വ്യക്തി എന്ന പ്രയോഗം ദൈവത്തെ കുറിക്കുന്നതല്ല; മനുഷ്യരെ കുറിക്കുന്നതാണ്. മനുഷ്യരെ കുറിക്കുന്നതാണെന്ന് പറയുമ്പോൾത്തന്നെ, മനുഷ്യൻ്റെ പ്രകൃതിയെ അല്ല; വ്യതിരിക്തതയെ (Individual) ആണ്, ആ പ്രയോഗം സൂചിപ്പിക്കുന്നത്. എന്നാൽ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല. ഏകദൈവത്തിന് വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകളാണ് ഉള്ളത്. തന്മൂലം, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ, യഹോവയായ ദൈവം എടുത്ത മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണ മനുഷ്യനെയല്ലാതെ; പിതാവിനെയോ, പരിശുദ്ധാത്മാവിനെയോ വ്യക്തിയെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. (യോഹ, 8:40,46; 2കൊരി, 5:21; 1തിമൊ, 3:14-16). യേശുവിൻ്റെ സ്നാനസമയത്ത് യോർദ്ദാനിൽ ഉണ്ടായിരുന്നത്: ദൈവത്തിൻ്റെ മൂന്ന് പ്രത്യക്ഷതകളും; മൂന്ന് പേരുമാണ്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ ആരൊക്കെയാണെന്ന് ചോദിച്ചാൽ; യേശുവെന്ന പാപമറിയത്ത മനുഷ്യൻ; പരിശുദ്ധാത്മാവ്; ദൈവപിതാവ് അഥവാ, ദൈവപിതാവിൻ്റെ സ്വർഗ്ഗത്തിൽ നിന്നുള്ള ശബ്ദം. മൂന്നു പേർ ആരൊക്കെയാണെന്ന് ചോദിച്ചാൽ; ഏകദൈവം; യേശുവെന്ന മനുഷ്യൻ; യോഹന്നാൻ സ്നാപകൻ. നമുക്കെല്ലാം വിശദമായി പരിശോധിക്കാം:
1. സ്നാനത്തിൻ്റെയും ഉദ്ദേശ്യം: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി” (മത്താ, 3:16). യേശു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോട് യാതൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിന് ഒരിക്കലും പാപം ഏറ്റുപറയേണ്ട ആവശ്യമില്ല. അവൻ പാപം എന്തെന്നറിയാത്ത പരിശുദ്ധനും പവിത്രനും നിർദ്ദോഷനും നിർമ്മലനും പാപികളോടു വേറുവിട്ടവനും ആയിരുന്നു. (യോഹ, 6:69; 2കൊരി, 5:21; എബ്രാ, 7:26; 1പത്രൊ, 2:22; 1യോഹ, 3:5). “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം” എന്നിങ്ങനെ ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി. (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണവിടെ വിവക്ഷിതം. ന്യായപ്രമാണപ്രകാരം, മുപ്പതു വയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ, സ്നാനമാണ്. അതുപോലെ, മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു മോശീയ ന്യായപ്രമാണത്തിനു അവൻ പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടാണ്, അനുഷ്ഠാനപരമായ നീതി നിവർത്തിച്ചത്. അതായത്, തൻ്റെ ദൗത്യത്തിലേക്കു പ്രവേശിക്കുന്നതിന്റെ മുന്നോടിയായിട്ടാണ്, യോർദ്ദാനിൽവെച്ച് പരസ്യമായി യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിച്ചത്.
2. ക്രിസ്തു എന്നതുംദൈവപുത്രൻ എന്നതും പ്രവചനത്തിൻ്റെ നിവൃത്തി: ദൈവം മൂന്നു വ്യക്തിയാണെന്ന് കരുതുന്നവർ, യേശുവെന്ന ദൈവപുത്രൻ സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം ആണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, അങ്ങനെ ജനിച്ച ഒരു പുത്രൻ ബൈബിളിൽ ഇല്ല; ആ പുത്രൻ നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ഉല്പന്നമാണ്. കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, മറിയയുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7,23;2കൊരി, 5:21). മറിയ പ്രസവിച്ചത് തൻ്റെ പുത്രനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. (ലൂക്കൊ, 2:21). എന്തെന്നാൽ, അബ്രാഹാമിൻ്റെ പുത്രന്മാരും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി വിശുദ്ധമായി അർപ്പിച്ചതും ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തതും. (മത്താ, 1:25; ലൂക്കൊ, 2:7,22-24; പുറ, 13:2,12; ലേവ്യ, 12:1-8; സംഖ്യാ, 3:13). മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമല്ലാതെ മറ്റാരെയും വീണ്ടെടുക്കാൻ പ്രമാണമില്ല. (പുറ, 34:19,20; സംഖ്യാ, 18:15). അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആയിരുന്നെങ്കിൽ; അവനെ പരിച്ഛേദന കഴിക്കാനോ, വിശുദ്ധമായി അർപ്പിക്കാനോ, വീണ്ടെടുക്കാനോ പ്രമാണമില്ല. യേശുവെന്ന മനുഷ്യൻ ജനിച്ചത് ന്യായപ്രമാണത്തെ ലംഘിക്കാനല്ല; വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ്. (മത്താ, 5:17-18). അതായത്, ചിലർ കരുതുന്നപോലെ, ദൈവപുത്രൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ആയിരുന്നെങ്കിൽ, ന്യയപ്രമാണത്തിലെ വള്ളിക്കോ, പുള്ളിക്കോപോലും മാറ്റം വരാതെ നിവൃത്തിക്കാൻ ജനിച്ചവൻ; തൻ്റെ ജനനം മുതൽ അതിനെ നഗ്നമായി ലംഘിച്ചു എന്ന് പറയണം. അതില്പരം അബദ്ധം എന്താണ്? അനന്തരം, ദൈവകൃപയോടെ ആത്മാവിൽ ബലപ്പെട്ടുവന്നത്, യേശുവെന്ന മനുഷ്യക്കുഞ്ഞാണ്. (ലൂക്കൊ, 2:40). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിലാണ് യേശുവെന്ന മനുഷ്യൻ മുതിർന്നുവന്നത്. (ലൂക്കൊ, 2:52). അവന്, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27; 10:38). യെശയ്യാ പ്രവചനത്തിൻ്റെ നിവൃത്തിപോലെ; താൻ ക്രിസ്തു ആയത്, യോർദ്ദാനിൽ വെച്ചാണെന്ന്; യേശു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:20-21). അഭിഷേകാനന്തരം, “അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്നിങ്ങനെ ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). അതിനുശേഷമാണ്, ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; 7:14; 9:6; 61:1-2). അതാണ്, ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾനിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും എന്ന് പത്രൊസ് അപ്പൊസ്തലൻ പറയുന്നതിൻ്റെ അർത്ഥം. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം; അനാദിയായും ശാശ്വതമായും ഉള്ളവനും (സങ്കീ, 90:2) എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും (വെളി, 4:10) മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനുമാണ്. (1തിമൊ, 6:16). തന്മൂലം, ദൈവത്തിന് ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രനായ ക്രിസ്തു ദൈവമോ, ദൈവത്തിൻ്റെ നിത്യപുത്രനോ അല്ല; ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. (1തിമൊ, 3:14-16). അഥവാ, ഏകസത്യദൈവം മനുഷ്യരുടെ പാപ പരിഹാരത്തിനായി എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40,46; 2കൊരി, 5:21). തന്മൂലം, ദൈവപുത്രൻ എന്നത് പ്രവചന നിവൃത്തിയാകയാൽ, അതവൻ്റെ പ്രകൃതിയല്ല; അഭിധാനം അഥവാ, സ്ഥാനപ്പേരാണെന്ന് മനസ്സിലാക്കാം.
3. സ്നാപകൻ കണ്ട അഭിഷേകം അഥവാ, ദർശനവും കേട്ട ശബ്ദവും: “ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാർത്ഥിക്കുമ്പോൾ സ്വർഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (ലൂക്കോ, 3:21,22). സ്നാനാനന്തരമാണ്, അവൻ പ്രവചനം പോലെ; പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം പ്രാപിച്ച് ക്രിസ്തു അഥവാ, അഭിഷിക്തൻ ആയത്. (പ്രവൃ, 10:38. ഒ.നോ: യെശ, 61:1-2; ലൂക്കൊ, 2:11; 3:22; പ്രവൃ, 4:27). അവൻ, “ആത്മാവിനാൽ നീതികരിക്കപ്പെട്ടു” എന്നാണ്, ദൈവഭക്തിയുടെ മർമ്മത്തിൽ പൗലൊസ് പറയുന്നത്. (1തിമൊ, 3:16). അനന്തരം, പ്രവചനം പോലെ, അവൻ ദൈവപുത്രനാകുകയും ചെയ്തു. (ലൂക്കൊ, 1:32; 1:35; 3:22). അങ്ങനെ, ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിക്കുന്ന മഹാപുരോഹിതനായി അവൻ ദൈവപിതാവിനാൽ നിയമിക്കപ്പെട്ടു. (1തിമൊ, 2:5-6; എബ്രാ, 3:1). ഇതാണ്, യോഹന്നാൻ കണ്ട അഭിഷേകം അഥവാ, ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയു അർത്ഥം. എന്നാൽ, ദർശനവും ശബ്ദവും അവിടെക്കൂടിയ എല്ലാവർക്കും വേണ്ടിയായിരുന്നില്ല; യോഹന്നാൻ സ്നാപകന് മാത്രമുള്ളതായിരുന്നു: “ദൈവാത്മാവു ദേഹരൂപത്തിൽ പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ അഥവാ, യോഹന്നാൻ കണ്ടു” എന്നാണ് സമവീക്ഷണ സുവിശേഷകന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. (മത്താ, 3:16). അല്ലാതെ, എല്ലാവരും കണ്ടില്ല. അടുത്ത വാക്യം: “ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ എന്നെ അയച്ചവൻ എന്നോടു: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.” (യോഹ, 1:33). ഇവിടെയും നോക്കുക: ആരുടെമേൽ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ എന്ന് ഏകവചനത്തിലാണ് പറയുന്നത്. യോഹന്നാൻ സാക്ഷ്യം പറഞ്ഞതുകൊണ്ടാണ് ചിലരെങ്കിലും ക്രിസ്തുവിനെ അറിഞ്ഞത്. (യോഹ, 1:29-37).അടുത്തവാക്യം: “അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.” (യോഹ, 1:34). സ്നാപകൻ്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഇങ്ങനെ ഞാൻ കാണുകയും.” ഞാനെന്ന ഏകവചനം നോക്കുക; താൻ മാത്രമാണ് ആ കാഴ്ച കണ്ടത്. അവിടയുണ്ടായിരുന്ന എല്ലാവരും കണ്ടെങ്കിൽ യോഹന്നാൻ്റെ സാക്ഷ്യത്തിൻ്റെ ആവശ്യമില്ലല്ലോ? അതായത്, ദൈവം യേശുവിനെ അഭിഷേകം ചെയ്തതും ദൈവപുത്രനെന്ന് വിളിച്ചതും യോഹന്നാനെ കാണിച്ചത്, അവനു ക്രിസ്തുവിനെ വെളിപ്പെടുത്താൻ വേണ്ടിയായിരുന്നു. എന്നാൽ, വരുവാനുള്ള മശീഹയും ദൈവപുത്രനും യേശുവാണെന്ന് ലോകത്തിന്നു വെളിപ്പെടുത്തുകയായിരുന്നു യോഹന്നാൻ്റെ ദൗത്യം. (യോഹ, 1:31). ഇതാണ്, യോർദ്ദാനിൽ യോഹന്നാൻ കണ്ട ദർശനത്തിൻ്റെയും കേട്ട ശബ്ദത്തിൻ്റെയും ദൈവിക ഉദ്ദേശ്യം.
4. ദൈവത്തിൻ്റെ പ്രകൃതി: “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos) ആണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം.” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്ന ദൈവം, അദൃശ്യൻ മാത്രമല്ല; ഏകനുമാണ്. അതായത്, ദൈവം പലരല്ല; ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഇരുപത് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (2രാജാ, 19:15, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 44:24). മേല്പറഞ്ഞ വാക്യങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. ഒന്നിനെ കുറിക്കുന്ന എഹാദ് അല്ല; ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന ബാദ് ആണ് ഈ വേദഭാഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതായത്, കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യവും മോണോസ് ആണ് കാണുന്നത്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, 20 പ്രാവശ്യവും മോണോസ് (monos) ഉപയോഗിച്ചിരിക്കുന്നത്. ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഹിദിന് (yahid) തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ദൈവം ഒന്നിലധികം പേരാണെന്നോ, വ്യക്തികളാണെന്നോ ആർക്കും തെളിയിക്കാൻ കഴിയില്ല.
5. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകൾ: ദൈവത്തിൽ വ്യക്തികളില്ല; ദൈവത്തിനു വെളിപ്പാടുകൾ (manifestations) അഥവാ, പ്രത്യക്ഷതകൾ ആണുള്ളത്. അദൃശ്യനായ ഏകദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയപുതിയ നിയമങ്ങളിൽ കാണാം.
പിതാവെന്ന പദവിയിലുള്ള പ്രത്യക്ഷത: സ്വർഗ്ഗത്തിൽ ദൈവത്തിന് ഒരു നിത്യമായ പ്രത്യക്ഷതയുണ്ട്: “യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാൻ കേട്ടു.” (യെഹെ, 1:28). സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി അദൃശ്യമായ ഏകദൈവം പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുകയാണ്. (യെഹെ, 1:26; 8:2). പിതാവെന്ന പദവിയിലുള്ള ദൈവത്തിൻ്റെ ഈയൊരു പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. ബാക്കിയെല്ലാം, മനുഷ്യരോടുള്ള ബന്ധത്തിലെ താല്ക്കാലികമായ പ്രത്യക്ഷതകളാണ്. അതുകൊണ്ടാണ്, സ്രഷ്ടാവും പിതാവുമായ ഏകദൈവമേ നമുക്കുള്ളെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുന്നത്. (ആവ, 32:6; യെശ, 63:16; 64:8; മലാ, 1:6; 2:10; യോഹ, 8:41; 17:3; 1കൊരി, 8:5-6; എഫെ, 4:6; എബ്രാ, 2:11). ദൈവത്തിൻ്റെ ഈ പ്രത്യക്ഷതയെക്കുറിച്ച് ക്രിസ്തു പറയുന്നത് നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). സ്വർഗ്ഗത്തിലെ ഈ പ്രത്യക്ഷത നിത്യമാണെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽ വ്യക്തമാണ്. സ്വർഗ്ഗത്തിൽ വസിക്കുന്ന ദൂതന്മാർ എപ്പോഴും കാണുന്ന യഹോവയായ ദൈവപിതാവിതാവിനെ പഴയനിയമത്തിൽ; മോശെ, അഹരോൻ, നാദാബ്, അബീഹു, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1-3), യെഹെസ്ക്കേൽ (1:26-28), ദാനീയേൽ (7:9), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ കണ്ടിട്ടുണ്ട്. എൻ്റെ പിതാവിൻ്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. സ്വർഗ്ഗസിഹാസനത്തിൽ ഇരിക്കുന്ന പിതാവിനെ ദൂതന്മാർ രാപ്പകൽ അഥവാ, എപ്പോഴും ആരാധിക്കുന്നതാണ് യോഹന്നാൻ കണ്ടത്. (വെളി, 4:2,8). അതായത്, ക്രിസ്തു പറഞ്ഞ അതേ കാര്യമാണ് യോഹന്നാനും സ്വർഗ്ഗത്തിൽ കണ്ടത്. (മത്താ, 18:11). പിതാവിനെ ദൂതന്മാർ നിത്യം ആരാധിക്കുന്നതായാണ് യെശയ്യാവും കണ്ടത്. (6:1-3).
പുതിയനിയമത്തിലെ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട്: അതാണ് ദൈവഭക്തിയുടെ മർമ്മം (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണ നിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരു പ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, അവൻ എന്ന സർവ്വനാമത്തിൻ്റെ ഉടയവൻ ആ വേദഭാഗത്തുതന്നെ ഉണ്ട്. അത് പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിച്ച തിമൊഥെയൊസാണ്. അടുത്തവാക്യം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? പൗലൊസുമല്ല, തിമൊഥെയൊസുമല്ല ജഡത്തിൽ വെളിപ്പെട്ടത്. “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവം യഹോവയാണെന്ന്; ആവർത്തനപ്പുസ്തകം മുതൽ ആവർത്തിച്ചു കാണാൻ കഴിയും. യിരെമ്യാവ് 10:10-ൽ, ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണെന്ന് പറഞ്ഞിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ കാലസമ്പൂർണ്ണത വന്നപ്പോൾ, യേശുവെന്ന സംജ്ഞാനാമത്തിൽ കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അഥവാ, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യൻ. (യോഹ, 8:40, 46; 2കൊരി, 5:21). അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). “എന്നാൽ ഒരു ശരീരം നീ എനിക്കു ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശുവിൻ്റെ ജനനം. (എബ്രാ, 10:6; സങ്കീ, 40:6 LXX). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യെശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് (യഹോവ) അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിലുള്ള ഒരു പ്രത്യക്ഷത എടുത്ത്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). പഴയനിയമത്തിലും ഏകദൈവമായ യഹോവ മനുഷ്യനായി പ്രത്യക്ഷമായതിൻ്റെ വ്യക്തമായ തെളിവ് കാണാം. (ഉല്പ, 18:1–19-1). മനുഷ്യൻ്റെ പാപത്തിനു ശാശ്വതമായ പരിഹാരം വരുത്താൻ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. (ആവ, 4:39; 1രാജാ, 8:23; യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). [മുഴുവൻ തെളിവുകളും കാണാൻ, യഹോവയും യേശുവും ഒന്നാണോ? എന്ന വീഡിയോ കാണുക]
പരിശുദ്ധാത്മാവെന്ന നിലയിലുള്ള ദൈവത്തിൻ്റെ വെളിപ്പാട്: പരിശുദ്ധാത്മാവ് ആരാണെന്നു ചോദിച്ചാൽ; ദൈവം തന്നെയാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. ദൈവവും പരിശുദ്ധാത്മാവും അഭിന്നരാണെന്ന് അനേകം വേദഭാഗങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഉദാ: 1) സങ്കീർത്തനം 139:7-10. 2) യെശയ്യാവ് 6:8-10 – പ്രവൃത്തികൾ 28:26-27. 3) യേശയ്യാവ് 44:24 – ഇയ്യോബ് 33:4. 4) മത്തായി 1:20 – മത്തായി 3:17. 5) ലൂക്കൊസ് 3:22 – യോഹന്നാൻ 8:16; 16:32. 6) മത്തായി 12:28 – പ്രവൃത്തികൾ 2:22 – പ്രവൃത്തികൾ 10:38. 7) 1പത്രൊസ് 3:18 – ഗലാത്യർ 1:1; പ്രവൃത്തികൾ 2:24,31. 8) യോഹ, 3:5-6 – 1യോഹന്നാൻ 5:1,18. 9) പ്രവൃത്തികൾ 5:3 – പ്രവൃത്തികൾ 5:4. 10) 1കൊരിന്ത്യർ 3:16 – 1കൊരിന്ത്യർ 6:19. 11) യോഹന്നാൻ 8:16; 16:32 – മത്തായി 12:24,32. 12) യോഹന്നാൻ 5:44; 17:3. 13) ലൂക്കൊസ് 5:21; റോമർ 16:24; 1കൊരിന്ത്യർ 8ൻ്റെ6; എഫെ, 4:6.
ദൈവത്തിൻ്റെ ഏഴ് ആത്മാവ്: “യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ” (വെളി, 1:4-5). ഈ വേദഭാഗത്ത് പിതാവിൽ നിന്നും യേശുക്രിസ്തുവിൽനിന്നും ഏഴ് ആത്മാവിൽ നിന്നും യോഹന്നാൻ സഭയ്ക്ക് കൃപയും സമാധാനവും ആശംസിക്കുന്നത് നോക്കുക. ഏഴ് ആത്മാക്കളെ ഏഴ് ദീപങ്ങളായി സ്വർഗ്ഗത്തിൽ അവൻ കാണുകയും ചെയ്തു. (വെളി, 4:5. ഒ.നോ: 3:1; 5:6). തന്മൂലം, ഇതും ദൈവത്തിൻ്റെ ഒരു വെളിപ്പാടാണെന്ന് മനസ്സിലാക്കാം.
മനുഷ്യപുത്രനോട് സദൃശൻ: സൂര്യതേജസ്സോടെ പത്മോസിൽ യോഹന്നാന് വെളിപ്പെട്ട ഒരു മനുഷ്യപുത്രനോട് സദൃശനെക്കുറിച്ച് വെളിപ്പാടിൽ പറഞ്ഞിട്ടുണ്ട്. (1:13-18). അവിടെ, “ഞാൻ മരിച്ചവനായിരുന്നു; എന്നെന്നേക്കും ജീവിച്ചിരിക്കുന്നു” എന്ന് മനുഷ്യപുത്രനോട് സദൃശൻ പറഞ്ഞിരിക്കയാൽ; അവൻ യേശുവാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ, അത് യേശു അല്ലെന്നതിൻ്റെ ചില തെളിവുകൾ തരാം: 1. യേശു, മരണത്തിൽനിന്ന് ഉയിർത്തു, മരിച്ചിട്ട് ഉയിർത്തു എന്നല്ലാതെ, “മരിച്ചവൻ ആയിരുന്നു” എന്ന് എവിടെയും പറഞ്ഞിട്ടില്ല. (2തിമൊ, 2:8. ഒ,നോ: റോമ, 1:5; 6:9; 7:4; 8:34; 1കൊരി, 15:12).രണ്ട് പ്രയോഗങ്ങളും അജഗജാന്തരമുള്ളതാണ്. അതായത്, “മരിച്ചവൻ ആയിരുന്നു” എന്ന പ്രയോഗം ദീർഘകാലം മരിച്ച അവസ്ഥയിൽ ആയിരുന്ന ഒരുവനെ കുറിക്കുന്നതാണ്. 2. യോഹന്നാൻ കണ്ട മനുഷ്യപുത്രനോട് സദൃശനായവനെ യേശുവെന്നോ ക്രിസ്തുവെന്നോ ആ വേദഭാഗങ്ങളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. യേശുവിനെ ഏകദേശം 87 പ്രാവശ്യം മനുഷ്യപുത്രൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്; എന്നാൽ, മനുഷ്യപുത്രനോട് സദൃശൻ എന്ന് അവനെ ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. തന്നെയുമല്ല, യേശുവിനെയാണ് യോഹന്നാൻ കണ്ടതെങ്കിൽ, എൻ്റെ കർത്താവിനെക്കണ്ടു, യേശുവിനെക്കണ്ടു, ദൈവപുത്രനെക്കണ്ടു, മനുഷ്യപുത്രനെക്കണ്ടു, ക്രിസ്തുവിനെക്കണ്ടു എന്നൊന്നും പറയാതെ, മനുഷ്യപുത്രനോട് സദൃശനായവനെക്കണ്ടു എന്ന് അവൻ ഒരിക്കലും പറയില്ലായിരുന്നു. “മനുഷ്യപുത്രനോടു സദൃശനായവനെ കണ്ടു” എന്നതിനെ സാമാന്യ അർത്ഥത്തിൽ: മനുഷ്യപുത്രനായ യേശുവിനോട് സദൃശനായ മറ്റൊരുവനെ കണ്ടുവെന്നോ; അല്ലെങ്കിൽ, യഥാർത്ഥത്തിൽ മനുഷ്യപുത്രനോടു സദൃശൻ എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണോ അവനെ കണ്ടു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തായാലും അത് യേശുക്രിസ്തു അല്ല. 3. മനുഷ്യപുത്രനോട് സദൃശൻ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ കൈവശമുള്ളവനാണ്. (വെളി, 1:18). എന്നാൽ, ദൈവപുത്രൻ ലോകത്തിൽ വന്നത് ആരെയും വിധിപ്പാനല്ല; ലോകം അവനാൽ രക്ഷിക്കപ്പെടുവാനാണ്. (യോഹ, 3:17). അവൻ ആരെയും കൊല്ലാൻ വന്നതല്ല; മരണത്തിലും ഇരുളിലും ഇരുന്നവർക്ക് പ്രകാശമായിട്ടാണ് വന്നത്. (മത്താ, 4:5; ലൂക്കൊ, 1:78). മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കാനാണ് വന്നത്. (എബ്രാ, 2:15). അവനിൽ വിശ്വസിക്കുന്നവർക്കാണ് നിത്യജീവൻ ലഭിക്കുന്നത്. (യോഹ, 3:15-16,36; 20:31). അവൻ്റെ മരണം മുഖാന്തരമാണ് മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നത്. (1കൊരി, 15:21). അല്ലാതെ, മരണത്തിൻ്റെ അധികാരി താനാണെന്നോ, മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ കൈവശമുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. 4. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും എന്നാണ് അവൻ പറയുന്നത്. (വെളി, 2:7). ദൈവപുത്രനോ, ദൈവമോ ആയിരുന്നെങ്കിൽ എൻ്റെ പരദീസയിലുള്ള ഫലമെന്നോ, ഞങ്ങളുടെ പരദീസയിലുള്ള ഫലമെന്നോ ഉത്തമപുരുഷനിൽ പറയുമായിരുന്നു. അല്ലാതെ, ദൈവത്തിന്റെ പരദീസയിലുള്ള ഫലം എന്ന് പ്രഥമപുരുഷനിൽ പറയില്ലായിരുന്നു. അതായത്, ഇതൊരു ഭൗമികൻ്റെ വാക്കാണ്. 5. മനുഷ്യപുത്രനോട് സദൃശൻ, ദൈവത്തെ, “എൻ്റെ ദൈവം” എന്ന് അഞ്ചുപ്രാവശ്യം വിശേഷിപ്പിക്കുന്നുണ്ട്. (വെളി, 3:2,12). ദൈവമെന്ന പദത്തിന്, ഉന്നതൻ, ബലവാൻ, ശക്തൻ, സ്രഷ്ടാവ് തുടങ്ങി ഏതർത്ഥം കൊടുത്താലും സത്യദൈവത്തിനു മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. 6. മനുഷ്യപുത്രനോട് സദൃശൻ തൻ്റെ പുതിയൊരു നാമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. (വെളി, 3:12). എന്നാൽ, യേശുവിൻ്റെ ഒരു പുതിയ നാമത്തെക്കുറിച്ച് ബൈബിളിൽ എവിടെയും സൂചനപോലും ഇല്ല. 7. യേശുവാണ് അവിടെ യോഹന്നാന് വെളിപ്പെട്ടതെങ്കിൽ, സഭകൾക്ക് ദൂത് നല്കുമ്പോൾ താൻതന്നെ സംസാരിക്കുമായിരുന്നു. എന്നാൽ, ഏഴ് സഭകളോടും സംസാരിക്കുന്നത് ദൈവത്തിൻ്റെ ആത്മാവാണ്. (2:7,11,17,29; 3:6,13,22). ഇതുപോലെ അനേകം തെളിവുകളുണ്ട്. തന്മൂലം, മനുഷ്യപുത്രനോട് സദൃശൻ യേശുവല്ലെന്ന് വ്യക്തമാണ്. പിന്നെ ആരാണ് മനുഷ്യപുത്രനോട് സദൃശൻ? ദാനീയേൽ പ്രവചനവും വെളിപ്പാടു പുസ്തകവും തമ്മിലുള്ള അഭേദ്യമായ ബന്ധം എല്ലാവർക്കും അറിയാം. ദാനീയൽ കണ്ട, ദൈവത്തിൻ്റെ വിശുദ്ധന്മാരായ അതേ മനുഷ്യപുത്രനോട് സദൃനായ യിസ്രായേലിനെയാണ് യോഹന്നാനും കാണുന്നത്. അതായത്, യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ കണ്ടത്. [മുഴുവൻ തെളിവുകളും കാണാൻ: മനുഷ്യപുത്രനോട് സദൃശൻ ആരാണ്? എന്ന വീഡിയോ കാണുക]
അറുക്കപ്പെട്ട കുഞ്ഞാട്: “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി, 5:6). സ്വർഗ്ഗത്തിൽ യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതാണ്. (വെളി, 13:8). എന്നാൽ, ക്രിസ്തു തന്നെത്താൻ യാഗമാക്കിയത് ലോകാവസാനത്തിൽ അഥവാ, അന്ത്യകാലത്താണ്.(1തിമോ, 2:6; എബ്രാ, 9:26). പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തുവില്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നതെന്ന് മുകളിൽ നാം കണ്ടതാണ്. അവൻ ദൈവമല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണെന്നും നാം കണ്ടതാണ്. ദൈവപുത്രനായ ക്രിസ്തുവിനെയല്ല യോഹന്നാൻ കുഞ്ഞാടായി സ്വർഗ്ഗത്തിൽ കണ്ടതെന്ന് മനസ്സിലാക്കാൻ; അവൻ്റെ ജനനവും മരണവും പരിശോധിച്ചാൽ മതി. അനേകർ കരുതുന്നപോലെ, സ്വർഗ്ഗത്തിൽനിന്ന് ആരുംവന്ന് കന്യകയുടെ ഉദരത്തിൽ രൂപാന്തരപ്പെട്ടതല്ല; യേശുവെന്ന മനുഷ്യനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉല്പാദിപ്പിച്ചതാണ്. (മത്താ, 1:20; ലൂക്കൊ, 2:21). അതായത്, സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന ആരുടെയും അവതാരമല്ല; ഒരു പുതിയ ശിശുവിനെ പരിശുദ്ധാത്മാവ് കന്യകയിൽ ഉരുവാക്കിയതാണ്. അതിനെയാണ്, ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടെന്ന് പറയുന്നത്. (1തിമൊ, 3:14-16). കന്യകയിൽ ഉല്പാദിതനായ അവൻ, മറിയയുടെ ആദ്യജാതനായിട്ടാണ് ജനിക്കുന്നത്. (മത്താ, 1:25; 2:7,23). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നവൻ, യോർദ്ദാനിൽവെച്ച് പ്രവചനംപോലെ, ക്രിസ്തുവും ദൊവപുത്രനുമായി. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:25; 10:38). അനന്തരം, യോർദ്ദാനിൽവെച്ച് ലഭിച്ച അഭിഷേകത്തിൻ്റെ അഥവാ, ആത്മാവിൻ്റെ ശക്തിയോടെയാണ് താൻ ശുശ്രൂഷ ആരംഭിച്ചത്, (ലൂക്കൊ, 4:14). മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്ത ദേഹവും (1പത്രൊ,ഴ2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്തവൻ (2കൊരി, 5:21), തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:46), ദൈവാത്മാവിലാണ് മരിച്ചതും (എബ്രാ, 9:14) ദൈവാത്മാവിലാണ് ഉയിർത്തെഴുന്നേറ്റതും. (1പത്രൊ, 3:18). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ ദൈവവും പിതാവുമായവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 7:27; 9:12; 10:10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറാരെയും “എൻ്റെ ദൈവം” എന്ന് സംബോധന ചെയ്യില്ല. എൻ്റെ ദൈവവും കർത്താവുമെന്ന് ദാവീദ് രാജാവ് സംബോധന ചെയ്തവനെയാണ്, യെഹൂദനും വിശേഷാൽ, അപ്പൊസ്തലനുമായ തോമാസ് “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷചരിത്രകാലത്ത് ഏകദൈവവും ഏകമനുഷ്യനായ ക്രിസ്തുവും രണ്ടുപേരായിരുന്നു. (യോഹ, 17:3; റോമ, 5:15; 1തിമൊ, 2:5-6). എന്നാൽ, ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ; തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞാൽ അഥവാ, സുവിശേഷചരിത്രകാലം കഴിഞ്ഞാൽ ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല; ദൈവത്തിൽ മറഞ്ഞിരിക്കുകയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് പറഞ്ഞത്. (യോഹ, 16:26). അതിനാലാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നയിരുന്നു. യേശുവിൻ്റെ മറുചോദ്യം, നീ എന്നെ അറിയുന്നില്ലയോ എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്; ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ അബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നിനെക്കുറിക്കുന്നതല്ല; അക്ഷരാർത്ഥത്തിൽ ഒന്നിനെക്കുറിക്കുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ആ പ്രയോഗം ഉച്ചരിച്ചത്. അതായത്, പഴയനിയമത്തിൽ ഇല്ലായിരുന്നവനും അന്ത്യകാലത്തുമാത്രം മാത്രം വെളിപ്പെട്ടവനും തൻ്റെ ആത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ശുശ്രൂഷ തികച്ച് ദൈവത്തിൽ മറഞ്ഞവനുമായ ഏകമനുഷ്യനാണ് ക്രിസ്തു. (റോമ, 5:15). ആ മനുഷ്യൻ സ്വർഗ്ഗത്തിൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ലോകസ്ഥാപനം മുതൽ ക്രിസ്തുവിലൂടെ നിർണ്ണയിക്കപ്പെട്ട രക്ഷണ്യവേലയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ് യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ട കൂഞ്ഞാടെ മനസ്സിലാക്കാം.
6. യോർദ്ദാനിലെ മൂന്ന് വെളിപ്പാടുകൾ: ദൈവം വ്യക്തിയല്ല; ദൈവത്തിൽ വ്യക്തികളുമില്ല. വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് ഉള്ളതെന്ന് നാം കണ്ടു. അദൃശ്യനായ ഏകദൈവത്തിന് പല പ്രത്യക്ഷതകൾ ഉണ്ടെങ്കിലും, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ മൂന്ന് പ്രത്യക്ഷതകളാണ്; പിതാവും പുത്രനും പരിശുദ്ധാത്മാവും. ആ മൂന്നു പ്രത്യക്ഷതകളും യോർദ്ദാനിലെ സ്നാനത്തിൽ സമ്മേളിച്ചിരുന്നതായി കാണാം: 1. യേശു: യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി.” (മത്താ, 3:16). ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാടായ യേശുവെന്ന മനുഷ്യനാണ് യോർദ്ദാനിൽവെച്ച് യോഹന്നാനാൽ സ്നാനം ഏറ്റതും, പരിശുദ്ധാത്മാവിനാൽ നീതീകരിക്കപ്പെട്ടതും. “അവൻ ആത്മാവിനാൽ നീതീകരിക്കപ്പെട്ടു” എന്നാണ് ദൈവഭക്തിയുടെ മർമ്മത്തിൽ പറഞ്ഞിരിക്കുന്നത്. (1തിമൊ, 3:14-16). യോഹന്നാൻ സ്നാനം കഴിപ്പിച്ചതും പരിശുദ്ധാത്മാവ് നീതീകരിച്ചതും ദൈവത്തെയല്ല; യേശുവെന്ന പാപമറിയാത്ത മണുഷ്യനെയാണ്. 2. പരിശുദ്ധാത്മാവ്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). 3. ദൈവപിതാവ് അഥവാ,ദൈവപിതാവിൻ്റെ ശബ്ദം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്താ, 3:17). ദൈവം ശബ്ദമായി അഥവാ, വചനമായി ശമൂവേലിനു വെളിപ്പെട്ടതായി പഴയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (1ശമൂ, 3:21). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. (2പത്രൊ, 1:17). ഇതാണ്, സ്നാനസമയത്ത് ഉണ്ടായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ.
7. യോർദ്ദാനിൽ ഉണ്ടായിരുന്ന മൂന്നു പേർ: യോർദ്ദാൻ നദിയിൽ സ്നാനസമയത്ത് സന്നിഹിതരായിരുന്നത് മൂന്ന് പേരായിരുന്നു. കരയിൽ കുറേപ്പേർ ഉണ്ടായിരുന്നു; അത് നമ്മുടെ വിഷയമല്ല. 1. ദൈവം: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: ലൂക്കൊ, 3:22; പ്രവൃ, 4:27). ഏകദൈവമാണ് പിതാവിൻ്റെ ശബ്ദമായും ആത്മാവായും യോർദ്ദാനിൽ വെളിപ്പെട്ടത്. അല്ലാതെ, അത് രണ്ട് വ്യക്തികളല്ല. 2. യേശുവെന്ന മനുഷ്യൻ. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40, ഒ.നോ: മത്താ, 11:19). അതായത്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപമറിയാത്ത പൂർണ്ണമനുഷ്യനാണ് യോഹന്നാനാൽ സ്നാനമേറ്റതും ദൈവത്താൽ അഭിഷേകം പ്രാപിച്ചതും. (യോഹ, 8:40,46; 2കൊരി, 5:21). ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. അതായത്, ദൈവം അഭിഷേകം ചെയ്തത് ദൈവത്തെയല്ല; നസ്രറായനായ യേശുവെന്ന മനുഷ്യനെയാണ്. (പ്രവൃ, 2:22; 4:27; 10:38). ദൈവം തൻ്റെ ശുശ്രൂഷകൾക്ക് വേണ്ടി മനുഷ്യന് നല്കുന്ന ഔദ്യോഗിക നിയമന കർമ്മമാണ് അഭിഷേകം. പഴയനിയമത്തിലും അനേകം തെളിവുകളുണ്ട്. അഭിഷേകം പ്രാപിക്കാൻ ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശെ, 11:9). എന്നാൽ, ദൈവത്തിൻ്റെ ജഡത്തിലെ പ്രത്രക്ഷതയായ യേശു മനുഷ്യനാണ്. ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ലാതിരിക്കെ, ദൈവപുത്രനായ യേശു പ്രകൃതിയിൽ ദൂതന്മാരെക്കാൾ അല്പം ഒരു താഴ്ചയുള്ളവൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും (യോഹ, 8:40; മത്താ, 11:19), പുത്രൻ മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). യേശു തിരഞ്ഞെടുത്തവരും അവനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവരും ക്രിസ്തുവിനുവേണ്ടി ജീവൻ വെച്ചവരുമായ അപ്പൊസ്തലലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളുകയാണ് ചെയ്യുന്നത്. (ലൂക്കൊ, 10:16). യേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 40 പ്രാവശ്യം പഴഞ്ഞിട്ടുണ്ട്. 36 പ്രാവശ്യം മനുഷ്യൻ (anthropos) എന്നും, 4 പ്രാവശ്യം ജഡം (സർക്സ്, sarki) എന്നും പറഞ്ഞിട്ടുണ്ട്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യൂദാ ഒഴികെയുള്ള, പുതിയനിയമ എഴുത്തുകാർ എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ രേഖപ്പെടുത്താൻ അനുവദിക്കുമായിരുന്നോ? 3. യോഹന്നാൻ സ്നാപകൻ: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). തൻ്റെ ക്രിസ്തുവിന് വഴിയൊരുക്കാൻ ദൈവത്താൽ അയക്കപ്പെട്ടവനാണ് യോഹന്നാൻ സ്നാപകൻ. (യെശ, 40:3; മലാ, 3:1). ഈ മൂന്നുപേരാണ് യോർദ്ദാനിൽ ഉണ്ടായിരുന്നത്. അതായത്, ഏകദൈവവും രണ്ട് മനുഷ്യവ്യക്തികളുമാണ് യോർദ്ദാനിലെ സ്നാനസ്ഥലത്ത് സന്നിഹിതരായിരുന്നത്. ദൈവപുത്രനായ ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആണെങ്കിലും, മനുഷ്യനെന്ന നിലയിൽ സുവിശേഷ ചരിത്രകാലത്ത് ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരുന്നു. അതുകൊണ്ടാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതകളുടെ കൂട്ടത്തിലും മൂന്നുപേരുടെ കൂട്ടത്തിലും യേശു ഉൾപ്പെടുന്നത്. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്; അല്ലാതെ, ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇതാണ്, യേശുവിൻ്റെ സ്നാനവും വസ്തുകകളും. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ;,.
പിതാവായ ദൈവം തന്നെയാണ് പുത്രനും.എന്ന് വചനം പറയുന്നു. ഞാനും വിശ്വസിക്കുന്നു
പക്ഷെ യേശു ക്രൂശിൽ ആരോടാണ് അപേക്ഷിച്ചത്???
ശിഷ്യൻ മാർ തന്റെ വരവിനെ പറ്റി ചോദിക്കുമ്പോൾ പിതാവല്ലാതെ പുത്രൻ കൂടെ അറിയുന്നില്ല എന്ന് പറയുന്നു.
????
യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1;32,35) മനുഷ്യനായി പ്രത്യക്ഷപ്പെടുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ഒരു പുത്രദൈവം അവതരിച്ചതല്ല ക്രിസ്തു; പിതാവിൻ്റെ വെളിപ്പാടാണ്.തന്മൂലം, ജഡത്തിൽ യേശുക്രിസ്തു ദൈവമായിരുന്നില്ല; പാപമറിയാത്ത ഒരു പൂർണ്ണമനുഷ്യൻ ആയിരുന്നു. (യോഹ, 1:1). അപ്പോൾത്തന്നെ പിതാവായ ദൈവം സ്വർഗ്ഗസിംഹാസനത്തിലുമുണ്ട്. (യോഹ, 3:13). യേശുവെന്ന പരിശുദ്ധമനുഷ്യനാണ് ദൈവത്തോട് പ്രാർത്ഥിച്ചത്.
ക്രിസ്തു മടങ്ങിവരവിൻ്റെ സമയം അറില്ലെന്ന് പറഞ്ഞതിൻ്റെ കാരണം: യേശു എല്ലാക്കാര്യങ്ങളും ഉപമകളിലൂടെയാണ് സംസാരിച്ചത്. തൻ്റെ പുനരാഗമനം യെഹൂദൻ്റെ വിവാഹത്തോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം ഏഴ് പ്രതിബിംബങ്ങളിലൂടെയാണ് ബൈബിളിൽ പഞ്ഞിരിക്കുന്നത്; അതിലൊന്നാണ് മണവാളനും മണവാട്ടിയും. (2കൊരി, 11:2, എഫെ, 5:23-33, വെളി, 19:7:9). യെഹൂദൻ്റെ വിവാഹത്തിനു മൂന്നു ഘട്ടങ്ങളുണ്ട്. വധുവിനെ കണ്ടെത്തൽ; വിവാഹനിശ്ചയവും സ്ത്രീധനം കൈമാറലും; വധുവിനെ കൂട്ടിക്കൊണ്ടുപോകലും വിവാഹാഘോഷവും. അതിൽ സഭയോടു ബന്ധത്തിൽ; ആദ്യരണ്ട് ഘട്ടങ്ങൾ കഴിഞ്ഞു: വധുവിനെ കണ്ടെത്തലും (എഫെ, 1:4), വിവാഹനിശ്ചയവും. (2കൊരി, 11:2). ഇനി ബാക്കിയുള്ളത് വധുവിനെ കൂട്ടിക്കൊണ്ടുപോകുക എന്ന ചടങ്ങാണ്. നിശ്ചയം കഴിഞ്ഞ വരനൊരു പണിയുണ്ട്; വധുവിനായി ഭവനമൊരുക്കൽ. (യോഹ, 14:1-3). വധുവിനും ഒരു ജോലിയുണ്ട്: തൻ്റെ ഉടുപ്പ് മലീനമാക്കാതെ വരനെ കാത്തിരിക്കുക. (വെളി, 3:4). നിശ്ചയസമയത്ത് വധുവിനെ എപ്പോൾ കൂട്ടിക്കൊണ്ടുപോകും എന്ന് പറയാറില്ല. വരൻ ഭവനമൊരുക്കിക്കഴിഞ്ഞാൽ പിതാവിനെയാണ് അറിയിക്കുന്നത്. പിതാവാണ് വധുവിനെ കൂട്ടിക്കൊണ്ടുവരുവാനുള്ള തീയതി നിശ്ചയിക്കുന്നത്. “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.” (പ്രവൃ, 1:7). പിതാവ് നിശ്ചയിക്കുന്ന നിനയാത്ത നാഴികയിലാണ് മണവാളൻ വരുന്നത്. (മത്താ, 25:1-10; മർക്കൊ, 13:34-37). വധു ഉടുപ്പ് മലിനമാകാതെ വരനെ കാത്തിരിക്കാനാണ് സമയം വെളിപ്പെടുത്താത്. (വെളി, 3:4). അല്ലാതെ, യേശുവിന് സമയം അറിയാഞ്ഞിട്ടല്ല.
കൂടുതൽ അറിയാൻ മറ്റ് ലേഖനങ്ങൾ വായിക്കുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ? എന്ന ലേഖനവും കാണുക.