ക്രൈസ്തവർ ആകമാനം തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു വേദഭാഗമുണ്ട്: “പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും മിശ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:25, 26). ഇത്, എബ്രായ ലേഖകൻ മോശെ എന്ന ക്രിസ്തു അഥവാ, അഭിഷിക്തനെക്കുറിച്ച് പറയുന്നതാണ്. എന്നാൽ, ഏകദേശം എല്ലാവരുതന്നെ ഈ വേദഭാഗത്തെ തെറ്റിദ്ധരിച്ചിരിക്കയാണ്. ഈ വാക്യപ്രകാരം, ദൈവപുത്രനായ ക്രിസ്തുവിൻ്റെ നിന്ദ വലിയ ധനമായി മോശെ എണ്ണിയെന്നാണ് പലരും മനസ്സിലാക്കുന്നത്. അവിടെ പറ്റിയതെന്താണെന്ന് ചോദിച്ചാൽ; മശീഹ (Messiah) എന്ന എബ്രായ പദത്തെ അഭിഷിക്തൻ (Anointed) എന്ന് പഴയനിയമത്തിൽ പരിഭാഷ ചെയ്താണ് ചേർത്തിരിക്കുന്നത്. എന്നാൽ, ക്രിസ്റ്റോസ് (christos) എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ (Anointed) എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തുവെന്ന് ലിപ്യന്തരണം ചെയ്താണ് പുതിയനിയമത്തിൽ ചേർത്തിരിക്കുന്നത്. അതായത്, എബ്രായർ 9:26-ൽ പറഞ്ഞിരിക്കുന്ന ക്രിസ്തു അഥവാ, അഭിഷിക്തൻ യഥാർത്ഥത്തിൽ യേശുവല്ല; മോശെയാണ്. “അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണി” എന്നാണ് പരിഭാഷ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, ക്രിസ്റ്റൊസ് എന്ന ഗ്രീക്കുപദത്തെ അഭിഷിക്തൻ എന്ന് പരിഭാഷ ചെയ്യാതെ, ക്രിസ്തു എന്ന് ലിപ്യന്തരണം ചെയ്തപ്പോൾ, അഭിഷിക്തനായ മോശെ യേശുവെന്ന ക്രിസ്തു ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ വാക്യത്തെ യഥാർത്ഥത്തിൽ പരിഭാഷ ചെയ്യേണ്ടത് ഇപ്രകാരമാണ്: “മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ അഭിഷിക്തൻ്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.” (എബ്രാ, 11:26). മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നിന്ദ സഹിക്കുന്നത് വലിയ ധനം എന്നാണ് മോശ എണ്ണിയത്. ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് നാല്പതുവർഷം മരുഭൂമിയിൽ ജനത്തിൻ്റെ നിന്ദ അനുഭവിച്ചവനാണ് മോശെ. യഹോവയായ ഏകദൈവത്തിനുവേണ്ടി താൻ സഹിച്ച നിന്ദയെ ആണ് അവൻ ധനമായി എണ്ണിയത്. അല്ലാതെ, ദൈവപുത്രനായ ക്രിസ്തുവിന്റെ നിന്ദയല്ല ധനമായി എണ്ണിയത്. പ്രസ്തുത വാക്യത്തിലെ ക്രിസ്തു അഥവാ, അഭിഷിക്തൻ യേശുവല്ല; മോശെയാണ് എന്നതിന്റെ പല തെളിവുകളും ബൈബിളിൽ ഉണ്ട്:
1. ബൈബിളിൽ ദൈവപുത്രനായ യേശുവും മോശെയും ഉൾപ്പെടെ, അനേകം ക്രിസ്തുക്കൾ അഥവാ, മശീഹാമാരുണ്ട്. ദൈവം അഭിഷിക്തനല്ല; അഭിഷേക ദാതാവാണ്. അഭിഷിക്തൻ അഥവാ, ക്രിസ്തുവെന്നാൽ; ദൈവത്താൽ അഭിഷേകം പ്രാപിച്ചവൻ എന്നാണ്. അതായത്, ദൈവം തൻ്റെ ശുശ്രൂഷകൾക്കായി തൻ്റെ ആത്മാവിനാൽ ബലപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. യേശു, പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവത്താൽ അഭിഷേകം പ്രാപിച്ചവനാണ്. (ലൂക്കൊ, 3:22; പ്രവൃ, 4:27; 10:38). യോർദ്ദാനിൽ വെച്ച് ലഭിച്ച അഭിഷേകത്തിൻ്റെ ശക്തിയോടെയാണ് ദൈവപുത്രൻ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14). പേർ പറയപ്പെട്ട 20-ഓളം അഭിഷിക്തന്മാർ ബൈബിളിൽ ഉണ്ട്. അതിൽ ഒറ്റ ദൂതൻപോലും ഇല്ല. ദൂതന്മാരെ ദൈവം ശക്തന്മാരായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ, അവർക്ക് അഭിഷേകത്തിൻ്റെ ആവശ്യമില്ല. അതായത്, ദൈവത്താൽ, അഭിഷേകം പ്രാപിച്ച എല്ലാവരും മനുഷ്യരാണ്. യേശുവും ദൂതന്മാരെക്കാൾ, അല്പം ഒരു താഴ്ചവന്നവനായ മനുഷ്യൻ ആയതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (യോഹ, 8:40; എബ്രാ, 2:9). അഭിഷിക്തൻ അഥവാ, ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് ക്രൈസ്തവർക്ക് അറിയില്ലെങ്കിലും ദൈവപുരുഷനായ മോശെയ്ക്ക് നല്ലവണ്ണം അറിയാം. തന്മൂലം, തന്നെപ്പോലൊരു അഭിഷിക്തൻ്റെ നിന്ദ അവൻ വലിയ ധനമായി എണ്ണില്ല.
2. കന്യകയായ മറിയ പ്രസവിക്കുന്നതുവരെ യേശുവെന്ന് പേരുള്ള പാപം അറിയാത്ത ഒരു മനുഷ്യനില്ല. (യോഹ, 8:40; 2കൊരി, 5:21). യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന് പേരുള്ള ഒരു അഭിഷിക്തൻ അഥവാ, ക്രിസ്തു ഇല്ല. അതായത്, യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യേശുവെന്ന ക്രിസ്തു ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,25; 2:11; 3:22; പ്രവൃ, 4:27; 10:38). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്, ദൈവപുത്രൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (യെശ, 61:1-2; ലൂക്കൊ, 4:16-21). പഴയനിയമത്തിൽ, ദൈവപുത്രനായ ക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പ്രവചനമെന്നാൽ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതുകൊണ്ടാണ്, “ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും; നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും” എന്ന് പത്രൊസ് അപ്പൊസ്തലൻ യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. (1പത്രൊ, 1:20). യേശുവെന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും, ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്. അതായത്, യേശു ജനിക്കുന്നതിനും ആയിരത്തി അഞ്ചൂറ് വർഷംമുമ്പ് ജീവിച്ചിരുന്ന മോശെ എങ്ങനെയാണ്, യേശുവിൻ്റെ നിന്ദ അനുഭവിക്കുന്നത്?
3. മോശെയുടെ വാക്കുകൾ കേൾക്കുക: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക. (ആവ, 4:39). യഹോവയല്ലാതെ മറ്റൊരു ദൈവവും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും ആവർത്തിച്ചു സാക്ഷ്യം പറഞ്ഞവനാണ് മോശെ. (പുറ, 8:10; 9:14; 15:11; 20:3; 22:20; ആവ, 3:24; 4:35; 5:7; 6:4; 32:12,38; 33:26). സ്വർഗ്ഗത്തിലും ഭൂമിയിലും യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഖണ്ഡിതമായി പറഞ്ഞ മോശെ, യഹോവയുടെ നിന്ദയല്ലാതെ മറ്റൊരുത്തൻ്റെ നിന്ദ വലിയ ധനമായി എണ്ണുമോ?
4. മോശെ, വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ച് രണ്ടുവട്ടം പ്രവചിച്ചിട്ടുള്ളവനാണ്. “നിന്റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവ, 18:15; 18:18). തന്നെപ്പോലൊരു പ്രവാചകനെന്നാണ് മോശെ ക്രിസ്തുവിനെക്കുറിച്ച് പ്രവചിച്ചത്. പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകൻ എന്നാണ്, പുതിയനിയമം യേശുവിനെയും മോശെയെയും അഭിന്നമായി വിശേഷിപ്പിക്കുന്നത്. (ലൂക്കൊ, 24:19; പ്രവൃ, 3:22; 7:22). ദൈവത്തിൻ്റെ നിന്ദയല്ലാതെ, തന്നെപ്പോലൊരു പ്രവാചകനെന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞ യേശുവെന്ന ദൈവപുത്രൻ്റെ നിന്ദ മോശെ വലിയ ധനമായി എണ്ണില്ല.
5. ദൈവം യേശുവിനോട് കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ചതായി പറഞ്ഞിട്ടുണ്ട്: നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: യോഹ, 3:2). ദൈവം മോശെയോടുകൂടെ ഇരുന്നതായും പറഞ്ഞിട്ടുണ്ട്: “എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകല സങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ച് മിസ്രയീം രാജാവായ ഫറവോന്റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിനും തന്റെ സർവഗൃഹത്തിനും അധിപതിയാക്കി വച്ചു.” (പ്രവൃ, 7:10). ദൈവപുത്രനായ യേശു മൂന്നരവർഷം ദൈവത്താൽ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. (യോഹ, 20:30; പ്രവൃ, 2:22; 10:38). മോശെ നാല്പത് വർഷം മിസ്രയീമിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങൾ പ്രവർത്തിച്ചു. (പ്രവൃ, 7:36). മോശെ ദൈവത്തിൻ്റെ പ്രവാചകനും പുരോഹിതനുമാണ്. (ആവ, 18:15,18; സങ്കീ, 99:6). അതായത്, തന്നെ സകല സങ്കടങ്ങളിൽനിന്നും വിടുവിച്ച്, തൻ്റെ കൂടെയിരുന്ന് അത്ഭുതങ്ങൾ പ്രവർത്തിച്ച യഹോവയായ ഏകദൈവത്തിൻ്റെ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയിരുന്നുകൊണ്ടാണ് മോശെ നിന്ദ സഹിച്ചതെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. അല്ലാതെ, യേശുവിൻ്റെ നിന്ദയല്ല മോശെ അനുഭവിച്ചത്. അല്ലെങ്കിൽത്തന്നെ, യേശുവിൻ്റെ നിന്ദ എന്തിനാണ് മോശെ അനുഭവിക്കുന്നത്? യേശുവിൻ്റെ നിന്ദ മോശെയല്ല അനുഭവിച്ചത്; മാനവകുലത്തിനുവേണ്ടി യേശു തന്നെയാണ് അനുഭവിച്ചത്. (യെശ, 53:3). യഹോവയായ ഏകദൈവമാണ് നമ്മുടെ എല്ലാവരുടെയും അകൃത്യം യേശുവിൻ്റെമേൽ ചുമത്തി അവനെ നിന്ദ അനുഭവിക്കുവാൻ ഇടയാക്കിയത്. (യെശ, 53:3,6). അതായത്, ദൈവം യേശുവെന്ന അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുവിൻ്റെമേൽ ഭരമേല്പിച്ച നിന്ദ യേശുവും വഹിച്ചു. മോശയെന്ന അഭിഷിക്തനെ ഭരമേല്പിച്ച നിന്ദ മോശയും വഹിച്ചു. തന്മൂലം, ദൈവത്തിൻ്റെ അഭിഷിക്തനായിരുന്ന് താൻ സഹിച്ച നിന്ദയെ ആണ് വലിയ ധനമെന്ന് അവൻ എണ്ണിയതെന്ന് മനസ്സിലാക്കാം. അക്കാര്യമാണ്, 11:26-ൽ എബ്രായലേഖകൻ പറയുന്നത്.
ദൈവപുത്രനായ യേശു ആരാണെന്ന് അറിയാത്തതാണ്, അനേകരുടെയും പ്രശ്നം. ക്രിസ്തു ആരാണെന്ന് ചോദിച്ചാൽ; അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട് അഥവാ, പ്രത്യക്ഷതയാണ്. ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നാണ് ദൈവഭക്തിയുടെ മർമ്മം പറയുന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). ജീവനുള്ള ദൈവം യഹോവയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. (യിരെ, 10:10). അതായത്, “അഗോചരനായ ദൈവം, തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താൻ എടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.“ ദൈവത്തിൻ്റെ അനേകം പ്രത്യക്ഷതകൾ പഴയനിയമത്തിൽ കാണാം. മനുഷ്യനായി പ്രത്യക്ഷനായതിൻ്റെ വ്യക്തമായ തെളിവും പഴയനിയമത്തിൽ ഉണ്ട്. (ഉല്പ, 18:1-33; 19:1). “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു” എന്ന പ്രവചനത്തിൻ്റെ നിവൃത്തിയാണ്, പുതിയ നിയമത്തിൽ യഹോവയായ ഏകദൈവം എടുത്ത മനുഷ്യ പ്രത്യക്ഷത. (എബ്രാ, 10:5; സങ്കീ, 40:6). യേശുവിൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത പൂർണ്ണമനുഷ്യനാണ്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). ഏകമനുഷ്യനായ യേശുക്രിസ്തു എന്നാണ് പൗലൊസ് അവനെ വിശേഷിപ്പിക്കുന്നത്. (റോമ, 5:15). ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും അവൻ വ്യക്തമാക്കുന്നു. (1തിമൊ, 2:5-6). താൻ മനുഷ്യനാണെന്ന് ക്രിസ്തുവും അസന്ദിഗ്ധമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:40). ക്രിസ്തു മനുഷ്യനാണെന്ന് 40 പ്രാവശ്യം ദൈവാത്മാവ് എഴുതിവെച്ചിട്ടുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവം തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), ഒരു മനുഷ്യപ്രത്യക്ഷത എടുത്ത് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). തന്മൂലം, സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ, പാപം അറിയാത്ത മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്നു. ക്രിസ്തുതന്നെ അക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:16; 16:32; 12:28; 14:6; 14:23; 17:3; 17:11; 17:12; 20:17; ലൂക്കൊ, 23:46).
ക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ പ്രത്യക്ഷത ആകയാൽ; സുവിശേഷചരിത്രകാലം കഴിഞ്ഞാൽ അഥവാ, തൻ്റെ പ്രത്യക്ഷയുടെ ദൗത്യം കഴിഞ്ഞാൽ, അവൻ ദൈവത്തിൽനിന്ന് വിഭിന്നനായിരിക്കില്ല; ദൈവത്തിൽ മറയുകയാണ് ചെയ്യുന്നത്. (കൊലൊ, 3:3). യേശുവിൻ്റെ വാക്കിനാൽത്തന്നെ അത് വ്യക്തമാണ്: “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോടു അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല.” (യോഹ, 16:26). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവ് (യോഹ, 8:24,28; 13:19), ഞാനും പിതാവും ഒന്നാകുന്നു (യോഹ, 10:30), എന്നെക്കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം പിതാവിനെ കാണണം എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം: നീ എന്നെ അറിയുന്നില്ലയോ എന്നാണ്. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു. ഞാനും പിതാവും ഒന്നാകുന്നു എന്ന പ്രയോഗം, ദൈവത്തിൻ്റെ ക്രിസ്തുവിനല്ലാതെ; ലോകത്ത് വേറെ ആർക്കും പറയാൻ കഴിയില്ല; പറഞ്ഞാൽ ഭാഷാപരമായി അതബദ്ധമാണ്. എന്തെന്നാൽ, അത് ഐക്യത്തിൽ ഒന്നാകുന്നതല്ല; യഥാർത്ഥത്തിൽ ഒന്നാകുന്നതാണ്. ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയായ യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സുവിശേഷ ചരിത്രകാലത്ത് പിതാവിൽനിന്ന് വിഭിന്നൻ ആയിരുന്നതുകൊണ്ടാണ്, ഞാനും; പിതാവും എന്ന് വേർതിരിച്ചു പറഞ്ഞത്,. സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒന്നുതന്നെ ആകയാലാണ്, ഞാനും പിതാവും ഒന്നാകുന്നു എന്ന് പറഞ്ഞത്. അതായത്, പഴയനിയമത്തിൽ ദൈവപുത്രനായ ക്രിസ്തു ഇല്ലായിരുന്നു; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; ആവ, 18:15,18; യെശ, 7:14; 9:6; 52:13-15; 53:1-12; 61:1-2). പത്രൊസ് അപ്പൊസ്തലൻ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. (1പത്രൊ, 1:20). ദൈവം, മനുഷ്യരുടെ പാപ പരിഹാരാർത്ഥം അന്ത്യകാലത്താണ് കന്യകയിലൂടെ യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത്. (മത്താ, 1:21; ലൂക്കൊ, 2:5-7; 1തിമൊ, 3:14-16; എബ്രാ, 10:6). മൂന്നര വർഷത്തെ മഹത്വകരമായ ശുശ്രൂഷയ്ക്കുശേഷം, തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ കൊടുത്തിട്ട് ക്രൂശിൽ മരിച്ചവനാണ് ഏകമനുഷ്യനായ യേശുക്രിസ്തു, (ലൂക്കൊ, 23:46; റോമ, 5:15). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ, തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; എബ്രാ, 9:11,12). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ എന്ന് തോമാസ് ഏറ്റുപറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്ന് സംബോധന ചെയ്യില്ല. “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” എന്ന് ദാവീദ് രാജാവ് വിളിച്ചവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ്, “എൻ്റെ ദൈവം” എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). മനുഷ്യൻ്റെ പാപത്തിന് ശാശ്വതമായ പരിഹാരം വരുത്താൻ യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (പുറ, 20:2-3; യെശ, 43:10; 44:8; 45:5). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ് യഥാർഥ വസ്തുത. അല്ലാതെ, ക്രിസ്തു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ ഒന്നുല്ല; അവൻ, പാപം അറിയാത്ത പൂർണ്ണ മനുഷ്യനാണ്,. മനുഷ്യൻ്റെ പാപത്തിന് രക്തത്താലും മരണത്താലും പരിഹാരം വരുത്തേണ്ടത്, രക്തവും മരണവും ഇല്ലാത്ത ദൂതനോ, ദൈവമോ അല്ല; പാപരഹിതനായ ഒരു മനുഷ്യനാണ്. അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ഏകസത്യദൈവം ഒരു മനുഷ്യ പ്രത്യക്ഷതയെടുത്തത്. അതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവഭക്തിയുടെ മർമ്മം. യേശുവെന്ന ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപം അറിയാത്ത മനുഷ്യനാകയാൽ, മോശെ ധനമായി എണ്ണിയത് യേശുവിൻ്റെ നിന്ദയല്ലെന്ന് സംശയലേശമെന്യേ മനസ്സിലാക്കാം. വചനവിരുദ്ധമായി ക്രിസ്തുവിനെ ദൈവമാക്കുന്നതുകൊണ്ടാണ്, ദുർവ്യാഖ്യാനത്താൽ ദുരുപദേശങ്ങൾ ഉണ്ടാക്കാൻ പലരും നിർബന്ധിതരാകുന്നത്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!