മല്ക്കീസേദെക് (Melchizedek)
പേരിനർത്ഥം – നീതിയുടെ രാജാവ്
ശാലേം (യെരൂശലേം) രാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനും ആയിരുന്നു മലക്കീസേദെക്. (ഉല്പ, 14:18). കെദൊർലായൊമെരിനെയും കൂട്ടരെയും തോല്പിച്ചു മടങ്ങിവന്ന അബ്രാഹാമിനെ മലക്കീസേദെക് എതിരേറ്റു വന്നു അനുഗ്രഹിച്ചു. ക്ഷീണിച്ചുവന്ന പോരാളികൾക്കു അപ്പവും വീഞ്ഞും നല്കി. അബ്രാഹാം അവനു സകലത്തിലും ദശാംശം കൊടുത്തു. (ഉല്പ, 14:18-20). വംശാവലിയോ ചരിത്രമോ പറയപ്പെടാത്ത ഒരു പുരോഹിതൻ പ്രത്യക്ഷപ്പെട്ട് വിശ്വാസികളുടെ പിതാവായ അബ്രാഹാമിനെ അനുഗ്രഹിച്ചു. മലക്കീസേദെക്കിന്റെ ദൈവിക പൗരോഹിത്യത്തിന്റെ അംഗീകരണമാണ് ദശാംശം നല്കൽ. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായ മല്ക്കീസേദെക്കിന്റെ മുമ്പിൽ അബ്രാഹാം അത്യുന്നതദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തു. (ഉല്പ, 14:18, 23). ദാവീദ് മശീഹയെക്കുറിച്ചു നീ മല്ക്കീസേദെക്കിന്റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതൻ എന്നു പറഞ്ഞിരിക്കുന്നു. (സങ്കീ, 110:4). എബ്രായലേഖന കർത്താവ് ഈ ഭാഗം ഉദ്ധരിച്ചുകൊണ്ടു ക്രിസ്തു അഹരോന്യക്രമപ്രകാരമല്ല, പ്രത്യുത, മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതൻ ആയിരിക്കുന്നു എന്നു സ്ഥാപിക്കുന്നു. (എബ്രാ, 5:6, 10).
ക്രിസ്തുവിനു നിഴലാണ് മല്ക്കീസേദെക്. ഇരുവരും ലേവ്യ പൗരോഹിത്യവുമായി ബന്ധമില്ലാത്ത പുരോഹിതന്മാരാണ്. അവർ അബ്രാഹാമിനെക്കാളും ശ്രേഷ്ഠരാണ്. അവരുടെ ആരംഭവും അവസാനവും അജ്ഞാതമാണ്; അതായത് അവയെക്കുറിച്ചുള്ള രേഖകൾ ഇല്ല. അവർ പുരോഹിതന്മാർ മാത്രമല്ല നീതിയുടെയും സമാധാനത്തിന്റെയും രാജാക്കന്മാരും ആണ്. പിതാവില്ല, മാതാവില്ല, വംശാവലിയില്ല (എബ്രാ, 7:3) എന്നത് ഇവ ഉൾക്കൊള്ളുന്ന പൗരോഹിത്യവംശാവലി രേഖകളിൽ അവരുടെ പേർ ഇല്ലെന്നതാണ്. മല്ക്കീസേദെക്ക് കൊണ്ടുവന്ന അപ്പവും വീഞ്ഞും കർത്തൃമേശയിൽ ക്രിസ്തുവിന്റെ മരണത്തെ പ്രസ്താവിക്കുന്ന സ്മാരക പദാർത്ഥങ്ങളാണ്. മരണംനിമിത്തം അഹരോന്യ പൗരോഹിത്യം ഇടയ്ക്ക് മുറിഞ്ഞിരുന്നു. എന്നാൽ സ്വജനത്തിനു വേണ്ടി പക്ഷവാദം ചെയ്യാൻ ക്രിസ്തു സദാ ജീവിക്കുന്നു. സഹസ്രാബ്ദ രാജ്യത്തിൽ ക്രിസ്തു പുരോഹിതനും രാജാവും ആയിരിക്കും. മഹാപുരോഹിതനായ യോശുവയെ കീരിടം ധരിപ്പിച്ചുകൊണ്ടു സെഖര്യാ പ്രവാചകൻ (6:9-15) ഇതു പ്രതീകാത്മകമായി ചിത്രീകരിച്ചു. മുളയായ (Branch) മശീഹ സിംഹാസനത്തിൽ ഇരുന്നുവാഴും. “അവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.” (സെഖ, 6:13).