ബാബേൽ ഗോപുരം
ബാബേൽ ഗോപുരം എന്ന പ്രയോഗം പഴയനിയമത്തിലില്ല. ശിനാർ സമഭുമിയിൽ പണിത ഗോപുരത്തിനു നല്കിയ പേരാണ് ബാബേൽ ഗോപുരം. ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാനായിരുന്നു ശിനാർ ദേശത്തിലെ ആളുകൾ ആഗ്രഹിച്ചത്. യഹോവ അവരുടെ ഭാഷ കലക്കിക്കളഞ്ഞു. തന്മൂലം അവർക്കു ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ബാബേൽ ഗോപുരം പണിയുവാനുള്ള ശ്രമത്തിനു മുമ്പ് ഏകഭാഷയാണ് നിലവിലിരുന്നത്. (ഉല്പ, 11:1-9). മെസൊപ്പൊട്ടേമിയയിലെ പല പ്രാചീന നഗരങ്ങളുടെയും സ്ഥാനങ്ങളിൽ നിന്നും സിഗ്ഗൂറത്തുകൾ (Ziggurats) എന്നറിയപ്പെടുന്ന വലിയ ഗോപുരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടടുത്തിട്ടുണ്ട്. ക്ഷേത്രഗോപുരം, ഗിരിശൃംഗം എന്നീ അർത്ഥങ്ങൾ ‘സിഗ്ഗൂറത്തി’നുണ്ട്. വെയിലിലുണക്കിയ കട്ട കൊണ്ടുണ്ടാക്കിയ വലിയ കുന്നുകളാണ് ബാബിലോണിലെ ക്ഷേത്രഗോപുരങ്ങൾ. ലഭ്യമായവയിൽ ഏറ്റവും വലുത് എരെക് (ആധുനിക വാർകാ) അഥവാ ‘ഉറുകി’ൽ ഉള്ളതാണ്. ഏറ്റവും വലിയ ക്ഷേത്രഗോപുരത്തിനു ഏഴുനിലയുണ്ട്. സാമാന്യമായ പൊക്കം മൂന്നു നിലയാണ്. ബാബേൽ ഗോപുരം ഇതുപോലുള്ള ക്ഷേത്രഗോപുരമാണെന്നു തോന്നുന്നില്ല.
സർവ്വശക്തനായ ദൈവത്തക്കൂടാതെ പേരും പെരുമയും നേടുവാനുള്ള മനുഷ്യന്റെ അത്യാഗ്രഹമാണ് അവനെ ദൈവത്തിന്റെ സ്നേഹത്തിൽനിന്ന് അകറ്റി ദൈവകോപത്തിലേക്കു തള്ളിയിടുന്നത്. ശിനാർദേശത്തു പാർത്തിരുന്ന നോഹയുടെ പിൻതലമുറക്കാർ ദൈവത്തോട് അനുവാദം ചോദിക്കാതെ, അവർക്കു പ്രശസ്തിയുണ്ടാക്കുവാനായി ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാൻ ആരംഭിച്ചു. ഭൂമിയിൽ മനുഷ്യന്റെ നിരൂപണങ്ങളൊക്കെയും ദുഷ്ടതയും ദോഷവും നിറഞ്ഞതെന്നു കണ്ട് നോഹയും കുടുംബവുമൊഴികെയുള്ള സർവ്വമനുഷ്യരെയും ജലപ്രളയത്താൽ നശിപ്പിച്ച അത്യുന്നതനായ ദൈവം, മനുഷ്യന്റെ അഹന്തയുടെ പ്രതീകമായ ബാബേൽ ഗോപുരം പണിതുകൊണ്ടിരുന്ന മനുഷ്യരെ നശിപ്പിക്കുവാൻ ആഗ്രഹിച്ചില്ല. എന്നാൽ ആകാശത്തോളം അഥവാ ദൈവത്തോളം എത്തുവാൻ ഗോപുരം പടുത്തുയർത്തിക്കൊണ്ടിരുന്ന, ഒരേ ഭാഷ സംസാരിച്ചുകൊണ്ടിരുന്ന മനുഷ്യരുടെ ഭാഷ സർവ്വശക്തനായ ദൈവം കലക്കിക്കളഞ്ഞു. അങ്ങനെ പരസ്പരം ആശയവിനിമയം ചെയ്യുവാൻ കഴിവില്ലാത്തവരായിത്തീർന്ന അവർ പണിയുപേക്ഷിച്ചു. ദൈവം അവരെ ഭൂതലത്തിലെങ്ങും പല ഭാഷകൾ സംസാരിക്കുന്നവരാക്കി ചിതറിച്ചുകളഞ്ഞു. അഹംഭാവം മനുഷ്യനിൽ നിറഞ്ഞുകവിയുമ്പോഴാണ് അവനു സ്നേഹവാനായ ദൈവത്തിന്റെ സന്നിധിയിൽ തന്റെ ആലോചനകളും ആഗ്രഹങ്ങളും സമർപ്പിക്കുവാനോ ദൈവത്തിന്റെയോ സമസൃഷ്ടികളുടെയോ ഭാഷ്യം മനസ്സിലാക്കുവാനോ കഴിയാതെ വരുന്നത്. അപ്പോഴാണ് അഹന്തയുടെ ദന്തഗോപുരങ്ങളിൽ വിരാജിക്കുന്ന മനുഷ്യനെ ദൈവം തകർത്തുകളയുന്നത്.