☛ ദൂതന്മാരെക്കാൾ താഴ്ചയുള്ളവൻ:
➦ ❝എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.❞ (എബ്രാ, 2:9). ➟ക്രിസ്തു ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്: (1തിമൊ, 3:16)). ➟അതായത്,, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟എന്നാൽ ദൈവം എന്തുകൊണ്ടാണ് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യത്യക്ഷത എടുത്തത്❓ ➟അതിനു് രണ്ടുകാരണമുണ്ട്.
❶ മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14;25:4;സഭാ, 7:20;റോമ, 3:23;5:12) മനുഷ്യന് മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4;18:20), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കണമെങ്കിൽ, പാപരഹിതനായ ഒരു മനുഷ്യൻ്റെ മരണം അനിവാര്യമായിരുന്നു. ➟ദൈവത്തിനു് മരണമില്ല: (1തിമൊ, 6:16). ➟ദൂതന്മാർക്ക് മരണമുള്ളതായി വചനം പറയുന്നില്ല. ➟പാപംചെയ്ത ദൂതന്മാരെ നശിപ്പിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു ദൈവം ന്യായവിധിക്കായി സൂക്ഷിച്ചിരുന്നത് അതിൻ്റെ തെളിവാണ്: (2പത്രൊ, 2:4). ➟വചനം പറയുന്നത് നിത്യശിക്ഷയെക്കുറിച്ചാണ്: (മർക്കൊ, 3:29; എബ്രാ, 6:2). ➟തന്മൂലം, ദൂതന്മാർക്ക് മരണമില്ലാത്തതുകൊണ്ടാണ് ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചയുള്ള മനുഷ്യപ്രത്യക്ഷത എടുത്തതെന്ന് മനസ്സിലാക്കാം.
❷ ദൈവത്തിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേൽ ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്നവൻ ആയതുകൊണ്ടാണ്, അവൻ്റെ ദൈവം ആ പ്രകൃതിയിൽ ഒരു മനുഷ്യപ്രത്യക്ഷത എടുത്തത്: ➤❝മക്കള്‍ മാംസരക്തങ്ങളില്‍ പങ്കുകാരായതു കൊണ്ട് താനും അതുപോലെ തന്നെ ഇവരില്‍ പങ്കുകാരനായിത്തീര്‍ന്നു. അതു മരണാധികാരിയായ സാത്താനെ തന്‍റെ മരണത്താല്‍ ഇല്ലായ്മ ചെയ്യുവാനും, ആയുഷ്കാലം മുഴുവന്‍ അടിമത്വത്തിന്ന് അധീനരായി മരണഭീതിയില്‍ ഇരുന്നവരെ മോചിപ്പിക്കുവാനും ആയിരുന്നു. താന്‍ മാലാഖമാരുടെ പ്രകൃതിയെയല്ല സ്വീകരിച്ചത്; അബ്രഹാമിന്‍റെ സന്തതിയുടേതത്രെ.❞ (എബ്രാ, 2:14-17, വി.ഗ്ര; സ.വേ.പു CL; ബെ.ബെ; KJV ⁃⁃ സങ്കീ, 8:4-5; പ്രവൃ, 3:25). ➟ദൈവത്തിൻ്റെ പുത്രത്വവും അരുളപ്പാടുകളും ആരാധനയും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ചട്ടങ്ങളും വചനവും വാഗ്ദത്തങ്ങളും വിധികളും ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൻ്റെ വാഗ്ദത്തപുത്രനും ആദ്യജാതനുമായ യിസ്രായേലിനെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ, അവൻ്റെ ന്യായപ്രമാണത്തിൻ്റെ കീഴിൽ ജനിച്ച ➤❛പാപരഹിതനായ ഒരു മനുഷ്യനു❜ മാത്രമേ കഴിയുമായിരുന്നുള്ളു. (പുറ, 4:22-23; സങ്കീ, 147:19-20; മത്താ, 1:21; റോമ, 3:2; 9:4; ഗലാ, 4:4). ➟അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ്, ദൈവം തൻ്റെ ജഡത്തിലെ വെളിപ്പാടിനായി യെഹൂദാ കന്യകയിലൂടെ അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും സന്തതിയായി പാപരഹിതനായ ഒരു മനുഷ്യനെ ഉല്പാദിപ്പിച്ചത്. (1തിമൊ, 3:15-16; മത്താ, 1:1; 1:16; 1യോഹ, 3:5; മത്താ, 1:20). ➤[കാണുക: യെഹൂദന്നു എന്തു വിശേഷത?, ദൈവഭക്തിയുടെ മർമ്മം]
☛ പാപരഹിതനായ ക്രിസ്തു എങ്ങനെ മരിച്ചു❓
➦ ക്രിസ്തു മരിക്കയും ജീവിക്കുകയും ചെയ്തു എന്നത് വസ്തുതയാണ്: ➤❝മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തതു.❞ (റോമ, 14:9). ➟അവൻ മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്ന് വിശ്വസിക്കുന്നവരാണ് അവൻ്റെ പുനരുത്ഥാനത്തിലും പങ്കാളിയാകുന്നത്: ➤❝യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും.❞ (1തെസ്സ, 4:14 ⁃⁃ റോമ, 10:9). ➟ക്രിസ്തുവിനെ: പാപമറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ (എബ്രാ, 7:26), അവൻ പാപം ചെയ്തിട്ടില്ല, വായിൽ വഞ്ചനയൊന്നും ഉണ്ടായിരുന്നില്ല (1പത്രൊ, 2:22), അവനിൽ പാപമില്ല (1യോഹ, 3:5) എന്നൊക്കെയാണ് വചനം പറയുന്നത്. ➤❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് അതിധൈര്യത്തോടെ ലോകത്തോടു ചോദിക്കാൻ തക്കവണ്ണം ധാർമ്മികവും കാർമ്മികവുമായി വിശുദ്ധിയുള്ള മറ്റൊരുത്തൻ ലോകത്തിൽ ഇന്നയോളം ജനിച്ചിട്ടില്ല; ജനിക്കയുമില്ല: (യോഹ, 8:46). ➟എന്നാൽ പാപത്തിൻ്റെ ശമ്പളാണ് മരണം: (റോമ, 6:23). ➟അപ്പോൾ ചോദ്യമിതാണ്: പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ ജനിച്ചു ജീവിച്ച ക്രിസ്തു എങ്ങനെ മരിച്ചു❓ ➟അതിനു് ഒറ്റ ഉത്തരമേയുള്ളു: ➤അവൻ പാപം ആക്കപ്പെട്ടതുകൊണ്ടാണ് മരിച്ചത്. ➟പക്ഷെ എപ്പോൾ, എങ്ങനെ❓ ➟ക്രിസ്തുവിൻ്റെ മരണത്തിൻ്റെ തലേദിവസം രാത്രിയിൽ അതായത്, അവൻ സെൻഹെദ്രീൻ (Sanhedrin) സംഘത്തിൻ്റെ പടയാളികളാൽ അറസ്റ്റുചെയ്യപ്പെടുന്നതിനു് മുമ്പ്, കെദ്രോൻ തോട്ടിന്നു അക്കരെയുള്ള ഗെത്ത്ശെമന എന്ന തോട്ടത്തിൽവെച്ച് വളരെ പ്രധാനപ്പെട്ട ഒരു സംഭവം ഉണ്ടായി: (മത്താ, 26:36; യോഹ, 18:1). ➟അവിടെവെച്ചാണ്, മാനവകുലത്തിൻ്റെ മേൽ വ്യാപരിച്ചിരുന്ന പാപമെല്ലാം (ആദാമ്യപാപം) ദൈവം പാപമറിയാത്ത ക്രിസ്തുവിൻ്റെമേൽ ചുമത്തി അവനെ പാപമാക്കിയത്: (റോമ, 5:12-19; 1കൊരി, 15:21-22). ➤❝പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി.❞ (2കൊരി, 5:21). ➤❝മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല❞ എന്ന് നമ്മെക്കുറിച്ച് വചനം പറയുമ്പോൾ (1കൊരി, 10:13), ഗെത്ത്ശെമന മുതൽ ക്രൂശുമരണംവരെ ഏകദേശം 18 മണിക്കൂർ ഭൂമിയിൽ ഒരു മനുഷ്യനും നടപ്പല്ലാത്ത പരീക്ഷയാണ് യേശു എന്നു പേരുള്ള പാപരഹിതനായ മനുഷ്യൻ അനുഭവിച്ചത്: (1യോഹ, 3:5; യോഹ, 9:11). ➟പാപമറിയാത്ത ഒരു മനുഷ്യൻ്റെമേൽ മാനവകുലത്തിൻ്റെ പാപംമുഴുവൻ ചുമത്തപ്പെടുമ്പോഴുള്ള അതികഠിനമായ വേദന മനുഷ്യവാക്കുകളാൽ അവർണ്ണനീയമാണ്. ➦എന്നാൽ അതിൻ്റെ അംശമായ ചിത്രീകരണം ഗെത്ത്ശെമനയിലേക്ക് നോക്കിയാൽ കാണാം. ➟ദൈവത്താൽ മാനവകുലത്തിൻ്റെ പാപമെല്ലാം തൻ്റെ പാപമറിയാത്ത ശരീരത്തിൽ ചുമത്തപ്പെട്ട് ബലഹീനനായിപ്പോയ യേശുവിനെയാണ് നാം അവിടെ കാണുന്നത്. ➟തൻ്റെമേലുള്ള പാപഭാരം നീങ്ങിപ്പോകാൻ, ഒരിക്കലല്ല; മൂന്നുവട്ടം ക്രിസ്തു പ്രാർത്ഥിച്ചതായി കാണാം: (മത്താ, 26:39; മത്താ, 26:42; മത്താ, 26:44). ➟നിലത്ത് കവിണ്ണുവിണു കിടന്നുകൊണ്ടാണ് അവൻ പ്രാർത്ഥിച്ചത്: (മത്താ, 26:39; മർക്കൊ, 14:35). ➦അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായതായി കാണുന്നു: (ലൂക്കൊ, 22:43). ➟പ്രാണവേദനയിൽ അതിശ്രദ്ധയോടെ പ്രാർത്ഥിക്കുക നിമിത്തം, അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി എന്നാണ് ലൂക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നത്: (ലൂക്കോ, 22:44). ➟എബ്രായലേഖകനും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്: ➤❝ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.❞ (എബ്രാ, 5:7). ➟ഉത്തരം ലഭിച്ചു എന്നാണ് എബ്രായലേഖകൻ പറയുന്നത്. ➟എന്നാൽ ദൈവം അവനു് കഷ്ടവും മരണവും ഒഴിവാക്കിക്കൊടുത്തില്ല. ➟പിന്നെ എന്തുത്തരമായിരിക്കും ക്രിസ്തുവിന് ലഭിച്ചത്❓ ➟പൗലൊസിനു് ലഭിച്ചപോലെ, ❝എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു❞ എന്നായിരിക്കാനാണ് സാദ്ധ്യത: (2കൊരി, 12:9). ➟ക്രിസ്തുവിൻ്റെ വാക്കുകളിൽ അതാണ് സൂചിതം: ➤❝എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ❞ എന്നാണ് അവൻ പ്രാർത്ഥനയുടെ ഒടുവിൽ പറഞ്ഞത്: (ലൂക്കൊ, 22:42). ➟ദൈവഹിതത്തിനു് അവൻ തന്നെത്തന്നെ ഏല്പിച്ചു കൊടുക്കുകയായിരുന്നു. ➤❝നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.❞ (1പത്രൊ, 2:24). ➟നമ്മുടെ പാപം നിമിത്തമാണ് പിതാവു് പുത്രനെ ക്രൂശിൽ കൈവിട്ടത്. ➟ഗൊല്ഗോഥായിലേക്ക് കാതോർത്താൽ, ➤❝എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു❞ എന്നുള്ള അത്യുച്ചത്തിലുള്ള അവൻ്റെ നിലവിളി കേൾക്കാം: (മത്താ, 27:46; മർക്കൊ, 15:34). ➟യഥാർത്ഥത്തിൽ പാത്തിനു് നേർക്കുള്ള ദൈവത്തിൻ്റെ ക്രോധമാണ് ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൽ കലാശിച്ചത്. ➟ക്രിസ്തു പാപം ആക്കപ്പെട്ടതും നമുക്കുപകരം മരിച്ചതുകൊണ്ടുമാണ്, നാം പാപവിമുക്തരായത്. ➟അല്ലെങ്കിൽ നാം പാപത്തിൽ മരിക്കേണ്ടവരായിരുന്നു. ➟പാപമറിയാത്ത ക്രിസ്തു എനിക്കുവേണ്ടിയാണ് പാപമാക്കപ്പെട്ടതെന്ന ബോധ്യമാണ് ഓരോ ക്രൈസ്തവനെയും വിശുദ്ധിയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.