നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക
ഇന്നത്തെ ക്രൈസ്തവസമൂഹങ്ങൾ വിവിധ തലങ്ങളിൽ തങ്ങൾക്കു ശക്തിയുണ്ടെന്നു കരുതുന്നവരാണ്. അസംഖ്യം ദേവാലയങ്ങൾ പടുത്തുയർത്തിയെന്ന് അവകാശപ്പെടുന്ന വർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളെന്ന് അഭിമാനിക്കുന്നവർ, ആതുരശുശ്രൂഷാ രംഗത്തെ പ്രബലത പ്രഘോഷിക്കുന്നവർ, അംഗസംഖ്യകൊണ്ട് തങ്ങളാണ് മുമ്പിലെന്നു വിളംബരം ചെയ്യുന്നവർ, അങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. സർവ്വശക്തനായ ദൈവം തന്റെ പ്രവാചകനായ നഹൂമിലൂടെ ദൈവജനത്തിനു നൽകുന്ന മുന്നറിയിപ്പു ശ്രദ്ധേയമാണ്; “സംഹാരകൻ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊള്ളുക; വഴി സൂക്ഷിച്ചുനോക്കുക; അരമുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക.” (നഹൂം, 2:1). ഇന്നത്തെ ക്രൈസ്തവ സമൂഹങ്ങൾ പ്രബലമെന്നു ധരിച്ചിരിക്കുന്ന പ്രസ്തുത, ഭൗതിക ശക്തികൾകൊണ്ട് ഈ സംഹാരകനെ നേരിടുവാനോ അവരെ ദൈവം ഭരമേല്പിച്ചിരിക്കുന്ന കോട്ടകൾ കാത്തുസൂക്ഷിക്കുവാനോ സാദ്ധ്യമല്ലെന്നു മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്തെന്നാൽ ആരാണ് ഈ സംഹാരകൻ അഥവാ ശത്രുവെന്നു ബോദ്ധ്യപ്പെട്ടാൽ മാത്രമേ, എന്തു ശക്തികൊണ്ട് അവനെ കീഴടക്കുവാൻ കഴിയുമെന്ന് നമുക്കു ചിന്തിക്കുവാൻ സാദ്ധ്യമാകൂ. അപ്പൊസ്തലനായ പൗലൊസ് ഈ ശത്രുവിനെക്കുറിച്ച് എഫെസ്യസഭയെ ഉദ്ബോധിപ്പിക്കുന്നതു ശ്രദ്ധേയമാണ്: “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും ആകാശമണ്ഡലത്തിലെ ദുഷ്ടാത്മസേനയോടും അത്രേ.” (എഫെ, 6:12). ഈ ശ്രതുവിനെ നേരിടുന്നതിനായി കർത്താവിന്റെ അമിതബലത്തിൽ ശക്തിപ്പെടുവാൻ അപ്പൊസ്തലൻ നമ്മെ പ്രബോധിപ്പിക്കുന്നു. ദൈവജനത്തിന്റെ ശക്തി അവരിൽ നിറഞ്ഞുനിൽക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടു മാത്രമേ സംഹാരകനെ നേരിടുവാനും കീഴടക്കുവാനും ദൈവജനത്തിനു കഴിയുകയുള്ളു. അതുകൊണ്ടാണ് കർത്താവ് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് തന്റെ ശിഷ്യന്മാരോട്; “നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർക്കുവിൻ” (ലൂക്കൊ, 24:49) എന്നു കല്പിച്ചത്. ഇന്ന് ക്രൈസ്തവ കുടുംബങ്ങളും സഭകളും സമൂഹങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുന്നത് തങ്ങളുടെ ഭൗതിക ആസ്തികളാകുന്ന ശക്തികൊണ്ട് ഈ സംഹാരകന നേരിടുവാൻ ശ്രമിക്കുന്നതുകൊണ്ടാണ്. പരിശുദ്ധാത്മശക്തി ഒന്നുകൊണ്ടു മാത്രമേ ദൈവജനത്തെ തകർക്കുവാൻ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഹാരകനെ തുരത്തുവാനും തകർക്കുവാനും കഴിയുകയുള്ളു എന്ന് കർത്താവ് നമ്മെ പഠിപ്പിക്കുന്നു.