നഫ്താലി (Naphtali)
പേരിനർത്ഥം – പോർ പൊരുതുക
യാക്കോബിന്റെ ആറാമത്തെ പുത്രനും റാഹേലിന്റെ ദാസിയായ ബിൽഹയുടെ രണ്ടാമത്തെ പുത്രനും. (ഉല, 30:8). ബിൽഹ രണ്ടാമതൊരു പുത്രനെ പ്രസവിച്ചപ്പോൾ റാഹേൽ വിജയാഹ്ളാദത്തിൽ പ്രസ്താവിച്ചു. “ഞാൻ എന്റെ സഹോദരിയോടു വലിയൊരു പൊർ പൊരുതു ജയിച്ചുമിരിക്കുന്നു.” ഇതു മനസ്സിൽ കരുതിക്കൊണ്ടു ‘പോർ പൊരുതുക’ എന്നർത്ഥം വരുമാറു നഫ്താലി എന്നു ബിൽഹയുടെ പുത്രനെ അവൾ നാമകരണം ചെയ്തു. (ഉല്പ, 30:8). നഫ്താലിയെക്കുറിച്ച് അധികമായൊന്നും വിശുദ്ധരേഖകളിൽ പറഞ്ഞിട്ടില്ല. തന്റെ ഇഷ്ടപുത്രനായ യോസേഫ് ജീവനോടിരിക്കുന്നു എന്ന സദ്വർത്തമാനം ആദ്യം യാക്കോബിനെ അറിയിച്ചത് നഫ്താലി ആയിരുന്നു എന്നു പാരമ്പര്യം പറയുന്നു. നഫ്താലി 132 വർഷം ജീവിച്ചിരുന്നു എന്നും ശീഘ്രഗാമിയായിരുന്നു എന്നും പറയപ്പെടുന്നു. (ഉല്പ, 49:21).
നഫ്താലിഗോത്രം: യാക്കോബും കുടുംബവും മിസ്രയീമിലേക്കു പോയപ്പോൾ നഫ്താലിക്കു നാലു പുത്രന്മാരുണ്ടായിരുന്നു: യഹസേൽ, ഗൂനീ, യേസെർ, ശില്ലേം. (ഉല്പ, 46:24). മരുഭൂമി പ്രയാണത്തിൽ ആദ്യം ജനസംഖ്യ എടുത്തപ്പോൾ നഫ്താലി ഗോത്രത്തിൽ 53,400 പേർ ഉണ്ടായിരുന്നു. (സംഖ്യാ, 1:43). രണ്ടാമത്തെ ജനസംഖ്യയെടുപ്പിൽ ഇത് 45,400 ആയി കുറഞ്ഞു. ഉല്പ, 26:50). ഇങ്ങനെ ജനസംഖ്യാനുപാതത്തിൽ ആറാംസ്ഥാനത്തായിരുന്ന ഗോത്രം എട്ടാം സ്ഥാനത്തായി. മരുഭൂമിയാത്രയിൽ ദാൻ, ആശേർ എന്നീ ഗോത്രങ്ങളോടൊപ്പം സമാഗമനകൂടാരത്തിന്റെ വടക്കുഭാഗത്തായിരുന്നു നഫ്താലിയുടെ സ്ഥാനം. ദേശം വിഭജിച്ചപ്പോൾ ഒടുവിൽ അവകാശം കിട്ടിയത് നഫ്താലിക്കായിരുന്നു. പലസ്തീന്റെ വടക്കെ കോണിലായിരുന്നു. അവരുടെ ഓഹരി. തെക്കു സെബുലൂനും പടിഞ്ഞാറു ആശേറും കിഴക്കു മനശ്ശെയും ആയിരുന്നു.
നഫ്താലി വിശ്വസ്തതയുള്ള ഒരു ഗോത്രമായിരുന്നു. സീസെരയോടുള്ള യുദ്ധത്തിൽ അവർ പോർക്കള മേടുകളിൽ തന്നെ പ്രാണൻ ത്യജിച്ചു. (ന്യായാ, 5:18). ആ യുദ്ധത്തിൽ യിസ്രായേലിന്റെ നായകനായിരുന്ന ബാരാക് നഫ്പാലി ഗോത്രജനായിരുന്നു. (ന്യായാ, 4:6). ഏഴു വർഷത്തിനുശേഷം മിദ്യാന്യരുമായുണ്ടായ ഗിദെയോന്റെ യുദ്ധത്തിലും അവർ പങ്കെടുത്തു. (ന്യായാ, 6:35; 7:23). ദാവീദിനെ യിസ്രായേലിനു മുഴുവൻ രാജാവാക്കാനുള്ള ശ്രമത്തിൽ ആയിരം നായകന്മാരെയും പരിചയും കുന്തവും എടുത്ത 37,000 പേരെയും യുദ്ധത്തിനു വേണ്ടുവോളം കോപ്പുകളും അവർ നല്കി. (1ദിന, 12:34, 40). അരാം രാജാവായ ബെൻഹദദ് ഒന്നാമനും അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമനും അവരെ ആക്രമിച്ചു. ആദ്യമായി ബദ്ധരാക്കപ്പെട്ടവരും ഇവർ തന്നേ. (2രാജാ, 15:29).
ക്രിസ്തുവിന്റെ പരസ്യജീവിതത്തിന്റെ അധികഭാഗവും നഫ്താലിയിലാണ് ചെലവഴിച്ചത്. ഭാഗ്യവചനങ്ങളുടെ മലയും പുനരുത്ഥാനശേഷം പതിനൊന്നു ശിഷ്യന്മാരെ യേശുകൂട്ടിച്ചേർത്ത ഗലീലയിലെ മലയും ഈ ഗോത്രപ്രദേശത്തിൽ ആയിരുന്നു. (മത്താ, 5:1; 28:16). മറഞ്ഞിരിപ്പാൻ പാടില്ലാതവണ്ണം മലമേലിരിക്കുന്നതായി ക്രിസ്തു സൂചിപ്പിച്ച പട്ടണവും ബേത്സയിദ, കഫർന്നഹൂം, കോരസീൻ, ഗെന്നേസരത്ത് സമതലം എന്നിവയും നഫ്താലിയിലായിരുന്നു. “ഇരുട്ടിൽ നടന്നോരു ജനം വലിയൊരു വെളിച്ചം കണ്ടു” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ (9:1-2) പ്രവചിച്ചത്, ക്രിസ്തുവിന്റെ ഒന്നാം വരവിൽ പ്രസ്തുത പ്രദേശത്തിനു ലഭിച്ച ശുശ്രൂഷയുടെ ഒരു സൂചനയാണ്.