ദാനീയേലിന്റെ പുസ്തകം (Book of Daniel)
പഴയനിയമത്തിൽ ഇരുപത്തി ഏഴാമത്തെ പുസ്തകം. വലിയ പ്രവാചകന്മാരിൽ നാലാമത്തേതാണ് ദാനീയേൽ പ്രവചനം. എബ്രായ ബൈബിളിൽ മൂന്നാം വിഭാഗമായ എഴുത്തുകളിൽ (കെത്തുവീം) ഉൾപ്പെടുന്നു. ദാനീയേൽ പ്രവാചകന് പ്രവചനാത്മാവ് ഉണ്ടായിരുന്നു എങ്കിലും പ്രവാചകൻ എന്ന ഔദ്യോഗിക പദവി ഇല്ലായിരുന്നു. അതുകൊണ്ടാണു ഈ പുസ്തകത്തെ പ്രവചനപുസ്തകങ്ങളുടെ വിഭാഗത്തിൽ ചേർക്കാത്തത്. പ്രധാനകഥാപാത്രമായ ദാനീയേലിന്റെ പേരിലാണ് പുസ്തകം അറിയപ്പെടുന്നത്.
ഗ്രന്ഥകർത്താവും കാലവും: ബി.സി. ആറാം നൂററാണ്ടിൽ ദാനീയേൽ എഴുതി എന്നാണ് പരമ്പരാഗതമായ വിശ്വാസം. ദാനീയേൽ പ്രവചനത്തിൽ നിന്ന് ഉദ്ധരിച്ചുകൊണ്ട് “ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിചെയ്തു’ എന്ന് യേശു പ്രസ്താവിച്ചു. (മത്താ, 24:15). മക്കാബ്യകാലത്ത് എഴുതപ്പെട്ടതെന്ന് നിരുപകന്മാർ വാദിക്കുന്ന ഭാഗത്തുനിന്നാണ് (ദാനീ, 9:27; 12:11) യേശു ഉദ്ധരിച്ചത്. ദാനീയേൽ ഉത്തമപുരുഷനിൽ സംസാരിക്കുകയും ദൈവിക വെളിപ്പാട് ലഭിച്ചതായി അവകാശപ്പെടുകയും ചെയ്യുന്നു. (7:2; 4:6,7,8; 8:1,2,3). ‘അന്ത്യകാലം വരെ മുദ്രയിടുക’ എന്ന് ദാനീയേലിനു ലഭിച്ച കല്പനയും രേഖപ്പെടുത്തിയിട്ടുണ്ട്. (12:4). ദാനീയേൽ പ്രവചനത്തിന്റെ ആദ്യത്തെ ആറദ്ധ്യായങ്ങൾ ചരിത്രപരവും ഒടുവിലത്തെ ആറദ്ധ്യായങ്ങൾ പ്രവചന പരവുമാണ്. ഇരുഭാഗങ്ങൾക്കും തമ്മിലുള്ള സാംഗോപാംഗബന്ധം നിഷേധിക്കാനാവുന്നതല്ല. രണ്ടാം അദ്ധ്യായത്തിൽ അവതരിപ്പിച്ചിട്ടുള്ള വിഷയത്തിന്റെ വിശദീകരണമാണ് ഏഴ്, എട്ട് അദ്ധ്യായങ്ങളിൽ. 9-12 അദ്ധ്യായങ്ങളിലെ വെളിപ്പാടിനധിഷ്ഠാനം രണ്ടാം അദ്ധ്യായമാണ്. പുസ്തകത്തിന്റെ സാഹിത്യപരമായ ഐക്യം എല്ലാ പണ്ഡിതന്മാരും അംഗീകരിക്കുന്നു. ദാനീയേലിന്റെ സ്വഭാവം ഒരേ നിലയിലാണ് പുസ്തകത്തിൽ ആദിയോടന്തം പ്രത്യക്ഷപ്പെടുന്നത്. ദാനീയേൽ എന്ന ഏകവ്യക്തിയുടെ രചനയാണീ പുസ്തകം എന്നു തെളിയിക്കുന്ന വസ്തുതകളാണിവ. ദാനീയേൽ ജീവിച്ചിരുന്ന ബാബേൽ പേർഷ്യൻ സാമ്രാജ്യങ്ങളുടെ ചരിത്രപശ്ചാത്തലമാണ് പ്രവചനത്തിൽ പ്രതിഫലിക്കുന്നത്.
ദാനീയേലിലെ ഭാഷ: ദാനീയേൽ പ്രവചനത്തിലെ 1:1-2:4a; 8-12 അദ്ധ്യായങ്ങൾ എന്നീ രണ്ടു ഭാഗങ്ങൾ എബായയിലും 2:4b-7:28 അരാമ്യയിലുമാണ് എഴുതപ്പെട്ടത്. ഗ്രന്ഥരചനയ്ക്ക് രണ്ടു ഭാഷ പ്രയോജനപ്പെടുത്തിയതിനെക്കുറിച്ച് പല വിശദീകരണങ്ങൾ ഉണ്ട്. ഡാൽമൻ, റ്റോറി എന്നിവരുടെ അഭിപ്രായത്തിൽ ഒന്നാംഭാഗം അരാമ്യയിൽ നിന്നും തർജ്ജമ ചെയ്തതാണ്. തുടർന്ന് ദർശനങ്ങൾ എബായയിൽ എഴുതി. ദർശനങ്ങളിൽ ആദ്യത്തേത് ഒരു സംശോധകൻ അരാമ്യയിലേക്കു തർജ്ജമ ചെയ്തു. മറെറാരഭിപ്രായം അനുസരിച്ച ദാനീയേൽ പ്രവചനത്തിന്റെ ഭാഷ എബ്രായയാണ്. ഏതോ വിധത്തിൽ 2-7 അദ്ധ്യായങ്ങൾ നഷ്ടപ്പെട്ടു. ഈ വിടവ് നികത്തുന്നതിന് അരാമ്യ തർജ്ജമ പ്രയോജനപ്പെടുത്തി. പ്രവചനം മുഴുവൻ അരാമ്യയിൽ എഴുതി എന്നു ചാറത്സ് സിദ്ധാന്തിക്കുന്നു. എബ്രായ കാനോനിൽ സ്ഥാനം നേടുന്നതിനുവേണ്ടി ഒന്നാം അദ്ധ്യായവും ഒടുവിലത്തെ നാലു അദ്ധ്യായവും എബ്രായയിലേക്കു പരിഭാഷപ്പെടുത്തി. ദാനീയേലിന്റെ തർഗും ഒന്നും ലഭ്യമല്ലാത്തതുകൊണ്ടു പുസ്തകത്തിന്റെ വ്യാഖ്യാനം മസോറെറ്റിക് പാഠത്ത അടിസ്ഥാനമാക്കി ചെയ്യാനേ കഴിയു. മസോറെറ്റിക്പാഠം സംശുദ്ധമായ രീതിയിൽ ശേഷിക്കുന്നുണ്ട്. സെപ്റ്റ്വജിന്റ് പാഠവും അതിനെ പിന്തുടരുന്ന മറ്റു പല പാഠങ്ങളും മൂന്നു ബാലന്മാരുടെ പാട്ട് എന്ന ദീർഘമായ ഖണ്ഡം ദാനീയേൽ 3:23-നു ശേഷം കൂട്ടിച്ചേർത്തിട്ടുണ്ട്. സെപ്റ്റ്വജിന്റിലും വുൾഗാത്തയിലും സൂസന്നയുടെ കഥ 13-ാം അദ്ധ്യായമായും, ബേലും സർപ്പവും 14-ാം അദ്ധ്യായമായും ചേർത്തിട്ടുണ്ട്. കുമ്രാൻ ഗുഹകളിൽ നിന്നു കണ്ടെടുത്ത ലിഖിതങ്ങൾ ദാനീയേലിൻ എബായ അരാമ്യപാഠത്തെ സാധൂകരിക്കുന്നു.
ദാനീയേലിൻ്റെ പ്രവചനങ്ങൾ: പ്രവചനപഠനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യം അർഹിക്കുന്ന രണ്ടു പുസ്തകങ്ങളാണ് പഴയനിയമത്തിലെ ദാനീയേൽ പ്രവചനവും പുതിയനിയമത്തിലെ വെളിപ്പാട് പുസ്തകവും. പ്രവചന പഠനത്തിനുള്ള താക്കോലുകളാണാ അവ. നെബൂഖദ്നേസരിന്റെ കാലം മുതൽ ക്രിസ്തുവിന്റെ പുനരാഗമനം വരെയുള്ള യെഹൂദ യെഹൂദേതര ചരിത്രത്തിൻ്റെ ഒരു ബാഹ്യരേഖ ഈ പ്രവചനത്തിലുണ്ട്. ഒലിവുമല പ്രഭാ ഷണം (മത്താ, 24,25; ലൂക്കൊ, 21), അധർമ്മമൂർത്തി; വെളിപ്പാട് പുസ്തകം എന്നിവയുടെ ശരിയായ വ്യാഖ്യാനത്തിന് ദാനീയേൽ പ്രവചനം സഹായകമാണ്. പ്രവചനത്തെ അംഗീകരിക്കുന്നവരുടെ ഇടയിൽതന്നെ ദാനീയേൽ പ്രവചന വ്യാഖ്യാനത്തെക്കുറിച്ച് രണ്ടു വിഭിന്ന വീക്ഷണങ്ങൾ നിലവിലുണ്ട്. ഒന്നാമത്തെ വീക്ഷണം അനുസരിച്ചു പഴയനിയമ യിസ്രായേലായ യെഹൂദന്മാർക്കു ദൈവം നല്കിയ വാഗ്ദാനങ്ങളുടെ നിറവേറൽ പുതിയനിയമ യിസ്രായേലായ സഭയിലാണ്. മഹാബിംബം (2:3-48), നാലുമൃഗങ്ങൾ (7:2-27), എഴുപതു ആഴ്ചവട്ടം (9:24-27) എന്നിവ ക്രിസ്തുവിന്റെ ഒന്നാം വരവിൽ പൂർത്തിയാകുന്നു. ബിംബത്തെ അടിച്ചു തകർത്ത കല്ല് (2:34,35) ക്രിസ്തുവിന്റെ ഒന്നാം വരവിനെ കുറിക്കുന്നു. ദാനീയേൽ 7:25-ലെ കാലവും കാലങ്ങളും കാലാംശവും പ്രതീകാത്മകമായി വ്യാഖ്യാനിക്കേണ്ടതാണ്. എഴുപതു ആഴ്ചവട്ടം ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിൽ പൂർത്തിയായി. യെഹൂദന്മാരുടെ യാഗവ്യവസ്ഥ നിർത്തലാക്കുന്നത് മശീഹയുടെ മരണമാണ്. ശൂന്യമാക്കുന്നവൻ തീത്തൊസ് ചക്രവർത്തി യെരുശലേം നശിപ്പിച്ചതിനെക്കുറിക്കുന്നു. (9:27).
രണ്ടാമത്തെ വീക്ഷണമനുസരിച്ച് ഈ പ്രവചനങ്ങളെല്ലാം ക്രിസ്തുവിന്റെ രണ്ടാം വരവിൽ പൂർത്തിയാകുന്നു. ഒരിക്കൽകൂടി യിസ്രായേൽ ദൈവത്തിന്റെ പരിഗണനയിൽ വരും. ദാനീയേൽ 2-ലെ ബിംബം ലോകരാജ്യങ്ങളെക്കുറിക്കുന്ന ബാബിലോൺ, മേദ്യ, പാർസ്യ, ഗ്രീസ്, റോം, എന്നിവയാണ് നാലു സാമ്രാജ്യങ്ങൾ. ഈ യുഗാന്ത്യം വരെ ഏതെങ്കിലും രൂപത്തിൽ റോം നിലനില്ക്കും. ഒടുവിൽ വരുന്ന പത്തു രാജാക്കന്മാരെ ക്രിസ്തു തന്റെ പുനരാഗമനത്തിൽ നശിപ്പിച്ച് തന്റെ രാജ്യം സ്ഥാപിക്കും. (2:41-45; വെളി, 17:12). ഈ നാലു സാമ്രാജ്യങ്ങളെ നാലുമൃഗങ്ങളായി ദാനീയേൽ 7-ൽ കാണിക്കുന്നു. നാലാമത്തെ മൃഗത്തിന്റെ പത്തു കൊമ്പ് ബിംബത്തിന്റെ പത്തുകാൽ വിരലുകളെ സൂചിപ്പിക്കുന്നു. പതിനൊന്നാമത്തെ കൊമ്പായി എതിർക്രിസ്തു വന്ന്, മൂന്നരവർഷം വിശുദ്ധന്മാരെ പീഡിപ്പിക്കും. (7:25). മനുഷ്യപുത്രനോടു സദൃശനായവനാണ് എതിർക്രിസ്തുവിനെ നശിപ്പിക്കുന്നത്. (ദാനീ, 7:13). ചരിത്രപരമായി ദാനീയേൽ 8-ലെ ചെറിയകൊമ്പ് അന്ത്യാക്കസ് എപ്പിഫാനസ് ആണ്. (8:9-14). എഴുപതു ആഴ്ചവട്ടത്തെക്കുറിച്ചുള്ള പ്രവചനം പ്രവചനകാല ഗണനയിൽ പ്രാധാന്യം അർഹിക്കുന്നു. ബി.സി. 445-ൽ യെരുശലേം പുതുക്കിപ്പണിയുവാൻ അർത്ഥഹ്ശഷ്ടാ രാജാവ് കല്പന പുറപ്പെടുവിച്ചപ്പോൾ ആരംഭിച്ച് സഹസ്രാബ്ദരാജ്യം സ്ഥാപിക്കുന്നതോടു കൂടി എഴുപതു ആഴ്ചവട്ടം അവസാനിക്കുന്നു. (9:24). അറുപത്തൊമ്പതും എഴുപതും ആഴ്ചവട്ടങ്ങൾക്കിടയ്ക്ക് ഒരു ഇടവേളയുണ്ട്. ക്രിസ്തുവിന്റെ പുനരാഗമനത്തിന് തൊട്ടുമുമ്പുള്ള ഏഴുവർഷം മഹാപീഡനമാണ്. അതാണ് എഴുപതാമത്തെ ആഴ്ചവട്ടം. ഈ കാലത്തു വിശ്വാധിപത്യത്തിലേക്ക് ഉയരുന്ന എതിർക്രിസ്തു വിശുദ്ധന്മാരെ പിഡിപ്പിക്കും. ദാനീയേൽ 11:2 മുതൽ നാലു പാർസി രാജാക്കന്മാർ, അലക്സാണ്ടർ ചക്രവർത്തി, സെലൂക്യ, ടോളമി രാജാക്കന്മാർ, അന്ത്യാക്കസ് എപ്പിഫാനസ്, എതിർക്രിസ്തു എന്നിവരെക്കുറിച്ച് പ്രവചിക്കുന്നു. മഹാപീഡന കാലയളവ് മൂന്നരവർഷമാണ്. അതു അവസാനിക്കുന്നത് മഹാപീഡന വിശുദ്ധന്മാരുടെയും പഴയനിയമ വിശുദ്ധന്മാരുടെയും പുനരുത്ഥാനത്തോടു കൂടിയാണ്. (ദാനീ, 12:2,3). മഹാപീഡനകാലം 1260 ദിവസമാണ്. എന്നാൽ ദൈവാലയം വെടിപ്പാക്കുന്നതിനും യഥാസ്ഥാനപ്പെടുത്തുന്നതിനും മുപ്പതുദിവസം കൂടി വേണ്ടി വരും. (ദാനീ, 12:11). വീണ്ടും 45 ദിവസം കഴിഞ്ഞാണ് സഹസ്രാബ്ദവാഴ്ച ആരംഭിക്കുന്നത്. (ദാനീ, 12:12).
പ്രധാന വാക്യങ്ങൾ: 1. “രാജാവു കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശഷശോഭ യുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.” ദാനീയേൽ 2:31.
2. “ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാൻ കഴിയുമെങ്കിൽ, അവൻ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്റെ കയ്യിൽനിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങൾ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിർത്തിയ സ്വർണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.” ദാനീയേൽ 3:17,18.
3. “ആ കാലം കഴിഞ്ഞിട്ടു നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗ്ഗത്തേക്കു കണ്ണുയർത്തി എന്റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാൻ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്റെ രാജത്വം തലമുറതലമുറയായുള്ളതും അല്ലോ.” ദാനീയേൽ 4:34.
4. “അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു. അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും. അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.” ദാനീയേൽ 9:24-27.
5. “ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നേ, രക്ഷ പ്രാപിക്കും. നിലത്തിലെ പൊടിയിൽ നിദ്ര കൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവന്നായും ചിലർ ലജ്ജെക്കും നിത്യനിന്ദെക്കുമായും ഉണരും.” ദാനീയേൽ 12:1,2.
ബാഹ്യരേഖ: I. ദാനീയേലിന്റെയും സഖികളുടെയും ചരിതം: 1:1-6:28.
1. രാജഭോജനവും പാനീയവും വിശ്വസ്തരായ യെഹൂദബാലന്മാർ നിരസിക്കുന്നു: 1:1-21.
2. നെബുഖദ്നേസർ രാജാവിന്റെ സ്വപ്നം; ഒരു ബിംബം. ദാനീയേൽ സ്വപ്നം വ്യാഖ്യാനിക്കുന്നു: 2:49.
3. ശ്രദ്രക്, മേശെക്, അബേദ്നഗോ എന്നിവരെ തീച്ചുളയിൽ നിന്നും വിടുവിക്കുന്നു: 3:1-30.
4. നെബൂഖദ്നേസറിൻ്റെ വൃക്ഷസ്വപ്നം ദാനീയേൽ വ്യാഖ്യാനിക്കുന്നു: 4:1-37.
5. ബേൽശസ്സർ രാജാവും ചുവരിലെ കയ്യെഴുത്തും: 5:1-31.
6. ദാനീയേൽ സിംഹഗുഹയിൽ നിന്നു വിടുവിക്കപ്പെട്ടു: 6:1-28.
II. ലോകചരിത്രഗതിയെ സംബന്ധിക്കുന്ന ദർശനങ്ങൾ: 7:1-12:13.
1. നാലു മഹാമൃഗങ്ങളെക്കുറിച്ചുള്ള ദാനീയേലിന്റെ സ്വപ്നം: 7:1-28.
2. ആട്ടുകൊറ്റൻ, കോലാട്ടുകൊറ്റൻ, കൊമ്പ് ഇവയെക്കുറിച്ചുള്ള ദാനീയേലിന്റെ ദർശനം: 8:1-12.
3. ഗ്രബീയേൽ ദൂതൻ ദർശനം വ്യാഖ്യാനിക്കുന്നു: 8:13-27.
4. ദാനീയേലിൻ്റെ പ്രാർത്ഥന: 9:1-19.
5. എഴുപതു ആഴ്ചകളെക്കുറിച്ചുള്ള ദർശനം: 9:20-27.
6. ദാനീയേലിന്റെ പ്രാർത്ഥനയുടെ മറുപടിയുമായി ദൂതൻ പ്രത്യക്ഷപ്പെടുന്നു: 10:14.
7. ദൂതൻ ദാനീയേലിനെ ശക്തിപ്പെടുത്തുന്നു: 10:15-21.
8. പേർഷ്യ, ഗ്രീസ്, വടക്കെരാജ്യം, തെക്കെരാജ്യം അന്ത്യകാല സംഭവങ്ങൾ എന്നിവയെ സംബന്ധിക്കുന്ന പ്രവചനം: 11:1-45.
9. മഹാപീഡനം, പുനരുത്ഥാനം, ന്യായവിധി, അന്ത്യ സന്ദേശം: 12:1-13.