ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ❓

ക്രിസ്തു കന്യകയായ മറിയയിൽനിന്ന് ശരീരം സ്വീകരിച്ചു എന്ന് ക്രൈസ്തവരിൽ പലരും വിശ്വസിക്കുന്നു. എന്നാൽ, ബൈബിൾ എന്ത് പറയുന്നുവെന്ന് നമുക്ക് പരിശോധിക്കാം. അനേകർ കരുതുന്നപോലെ. ഒരു പുത്രദൈവത്തിൻ്റെ അവതാരമല്ല ക്രിസ്തു. പിതാവായ ഏകദൈവം അല്ലാതെ ഒരു പുത്രദൈവം ബൈബിളിൽ ഇല്ല. നിങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുന്നവർ അഥവാ, ക്രിസ്ത്യാനികൾ ആണെങ്കിൽ, ക്രിസ്തു പറയുന്നത് വിശ്വസിക്കുക: ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്ന് പറയുകവഴി ദൈവം ത്രിത്വമല്ലെന്നും, പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്ന് പറയുകവഴി, താൻ ദൈവമല്ലെന്നും, പിതാവായ ദൈവത്തെ മാത്രം (Him only) ആരാധിക്കണം എന്ന് പറയുകവഴി, താൻ ആരാധനയ്ക്ക് യോഗ്യനല്ലെന്നും, ആ നാളും നാഴികയും എൻ്റെ പിതാവിന് മാത്രമല്ലാതെ (my Father only) മറ്റൊരുത്തനും അറിയില്ലെന്ന് പറയുകവഴി, താൻ സർവ്വജ്ഞാനി അല്ലെന്നും, താൻ മനുഷ്യനാണെന്നും തനിക്കൊരു പിതാവും ദൈവവമുണ്ടെന്നും ദൈവപുത്രൻതന്നെ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. (യോഹ, 5:44; 17:3; മത്താ, 4:10; 24:36; യോഹ, 8:40; 20:17). പുത്രദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തു എന്ന് കരുതുന്നതുകൊണ്ടാണ്, അവൻ മറിയയിൽ നിന്ന് ശരീരം സ്വീകരിച്ചു എന്ന് പലരും വിചാരിക്കുന്നത്. ദൈവം തൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്ന് പറഞ്ഞിരിക്കയാൽ, അയക്കപ്പെട്ടവൻ ദൈവത്തോടു കൂടെയായിരുന്ന ദൈവമാണെന്നും ദൈവം ദൈവത്തെയാണ് അയച്ചതെന്നും ട്രിനിറ്റി കരുതുന്നു. ഒരു ദൈവം മറ്റൊരു ദൈവത്തെ അയച്ചു എന്ന് വിശ്വസിക്കുന്നതുത് ബഹുദൈവവിശ്വാസവും വിഡ്ഢിത്തവുമാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാണ്. (മലാ, 3:6; യാക്കോ, 1:17). സ്വർഗ്ഗത്തിൽനിന്നു ആരും വന്ന് കന്യകയുടെ ഉദരത്തിൽ അവതാരം എടുത്തതായോ, രൂപന്തരപ്പെട്ട് ശിശുവായതായോ എവിടെയും പറഞ്ഞിട്ടില്ല. മാറ്റമില്ലാത്ത ദൈവത്തിനു തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കാൻ സാദ്ധ്യമല്ല. ദൈവം തൻ്റെ പുത്രനെ അയച്ചു എന്ന് പറയുന്നത്, ദൈവപ്രവൃത്തിയെ വെളിപ്പെടുത്തുന്ന ഒരു ആലങ്കാരിക പ്രയോഗമാണ്. ദൈവം യേശുവിനെ മാത്രമല്ല അയച്ചു എന്ന് പറഞ്ഞിരിക്കുന്നത്. മോശെയും അഹരോനും തുടങ്ങി സകല പ്രവാചകന്മാരും ദൈവം അയച്ചിട്ട് വന്നതാണ്. (യോശു, 24:5; 1ശമൂ, 12:11; യിരെ, 25:4; 26:4,12; 35:15; സെഖ, 2:8; പ്രവൃ, 7:35). അതിൽ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം: ഞാൻ എൻ്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു” എന്ന് ദൈവം ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാൽ, പഴയനിയമ പ്രവാചകന്മാരെയെല്ലാം, താൻ അയച്ചതാണെന്ന് ദൈവംതന്നെ പറഞ്ഞിട്ടുണ്ട്: “നിങ്ങളുടെ പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.” (യിരെ, 7:25). അടുത്തവാക്യം:“ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.” (യിരെ, 44:4). താൻ അയച്ചതാണെന്ന് ദൈവംതന്നെ സാക്ഷ്യംപറയുന്ന പ്രവാചകന്മാർ ആരും സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ടവരോ, മുമ്പെ ഉണ്ടായിരുന്നവരോ അല്ല; യിസ്രായേലിൽനിന്ന് ദൈവം എഴുന്നേല്പിച്ചതാണ്. അതുപോലെ, യേശു എന്ന പ്രവാചകനെയും ദൈവം യിസ്രായേൽ കന്യകയിൽനിന്ന് എഴുന്നേല്പിച്ചതാണ്. അത് ദൈവവും മോശെയും വ്യക്തമായി പറഞ്ഞിട്ടുണ്ട്. (ആവ, 18:15,18; ലൂക്കൊ, 24:19). പുതിയനിയമത്തിലും ദൈവം അയച്ച ഒരു പ്രവാചകനുണ്ട്: “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.” (യോഹ, 1:6). യോഹന്നാൻ സ്നാപകൻ മുമ്പെ സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും പറയുമോ? “ദൈവപുത്രനായ യേശു മുമ്പെ ഇല്ലാതെങ്ങനെ ദൈവം അവനെ അയച്ചു” എന്ന ചോദ്യത്തിൻ്റെ ഉത്തരം ഇതാണ്: ദൈവത്തോട് അഭിമുഖമായി സംസാരിച്ച മോശെ മുതൽ ന്യായപ്രമാണത്തിൻ്റെ അവസാനത്തെ പ്രവാചകനായ യോഹന്നാൻ വരെയുള്ള സകല പ്രവാചകന്മാരും ദൈവം അയച്ചിട്ടു വന്നവരാണ്. അവരാരും മുമ്പെ സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഇല്ലായിരുന്നുവെങ്കിൽ, ദൈവപുത്രനായ യേശുവും മുമ്പെ ഇല്ലായിരുന്നു.

യേശുവെന്ന വിശുദ്ധ പ്രജ അഥവാ, പാപം അറിയാത്ത മനുഷ്യൻ്റെ ജനനത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ഇപ്രകാരമാണ്: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു.” (മത്താ, 1:18). ക്രിസ്തുവിൻ്റെ അമ്മയായ മറിയ കന്യക ആയിരുന്നു. (മത്താ, 1;22). അവൾ ക്രിസ്തുവിനെ ഗർഭം ധരിച്ചത്; അവളുടെ ഭർത്താവായ യോസേഫിനാൽ അല്ല; പരിശുദ്ധാത്മാവിനാൽ ആണ്. എന്നുവെച്ചാൽ, യോസേഫിൻ്റെ സ്ഥാനമല്ല പരിശുദ്ധാത്മാവിന് ഉള്ളത്. അടുത്ത വാക്യത്തിൽ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: മറിയയുടെ ഗർഭത്തിൽ സംശയിച്ച യോസേഫിനോട് ദൂതൻ പറയുന്നത് ശ്രദ്ധിക്കുക: “ഇങ്ങനെ നിനച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉൽപാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 1:35; 2:21). ക്രിസ്തുപരിശുദ്ധാത്മാവിനാൽ മറിയയിൽ ഉല്പാദിതനായവൻ ആണ്. മറിയയിൽ നിന്ന് ഒരു ശരീരം എടുക്കാനായിരുന്നെങ്കിൽ, കന്യകാ ജനനത്തിൻ്റെ പ്രസക്തി എന്താണ്? അവളിൽ ഉൽപാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു എന്ന പ്രയോഗത്തിൻ്റെ അർത്ഥം എന്താണ്? മറിയയിൽ നിന്നാണ്, യേശുവിൻ്റെ ശരീരം എടുത്തതെന്ന് കരുതുന്നവർ, യേസേഫ് ചെയ്യേണ്ടിരുന്ന പ്രവൃത്തിയെക്കാൾ, എന്ത് വിശേഷതയാണ് പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചു; അഥവാ, പരിശുദ്ധാത്മാവിനാൽ ഉൽപാദിതമായി എന്നതുകൊണ്ട് മനസ്സിലാക്കുന്നത്? യോസേഫ് മറിയയുമായി ബന്ധപ്പെട്ടിരുന്നെങ്കിൽ, ക്രിസ്തു മറിയയിൽനിന്നല്ലേ ശരീരം സ്വീകരിക്കേണ്ടത്? അതേ പ്രവൃത്തിയാണ് പരിശുദ്ധാത്മാവും ചെയ്തത് എന്നാണോ നിങ്ങൾ മനസ്സിലാക്കുന്നത്? പരിശുദ്ധാത്മാവിനും യോസേഫിനും തമ്മിൽ നിങ്ങൾ ഒരു വ്യത്യാസവും കാണുന്നില്ലേ? പരിശുദ്ധാത്മാവ് ദൈവം ആണെന്ന് ആദ്യം തിരിച്ചറിയുക. സകല മനുഷ്യരും പ്രകൃതിതിദത്തമായി മാതാപിതാക്കളിൽനിന്ന് ജനിക്കുമ്പോൾ, ക്രിസ്തു പ്രകൃത്യാതീതമായി പരിശുദ്ധാത്മാവിനാൽ അവളിൽ ഉല്പാദിതമായവനാണ്. ഉല്പാദിപ്പിക്കുക എന്നാൽ ഉരുവാക്കുക അഥവാ, പുതുതായി ഒന്ന് ഉളവാക്കുക എന്നാണ് അർത്ഥം. മറിയയിൽ നിന്ന് ശരീരം എടുക്കാനായിരുന്നെങ്കിൽ, പരിശുദ്ധാത്മാവിലാണ് ഉല്പാദിതമായത് എന്ന് ഒരിക്കലും പറയുമായിരുന്നില്ല. അതിൻ്റെ തെളിവ് ബൈബിളിലുണ്ട്. “ആകയാൽ ലോകത്തിൽ വരുമ്പോൾ: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (എബ്രാ, 10:5. ഒ.നോ: സങ്കി, 40:6 സെപ്റ്റ്വജിൻ്റ് പരിഭാഷ നോക്കുക). ഈ പ്രവചനത്തിൻ്റെ നിവൃത്തിയാണ് പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉരുവാക്കപ്പെട്ട യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപം അറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40; 2കൊരി, 5:21). അതിനെയാണ്, ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് ദൈവഭക്തിയുടെ മർമ്മത്തിൽ പറയുന്നത്. (1തിമൊ, 3:14-16. ഒ.നോ; യിരെ, 10:10). അതായത്, ഏക ദൈവത്തിനു ജഡത്തിൽ വെളിപ്പെടാൻ പരിശുദ്ധാത്മാവിനാൽ മുന്നമേ ഒരുക്കപ്പെട്ട മനുഷ്യനാണ് യേശു. അല്ലാതെ, മറിയയിൽ നിന്ന്; അവനെ എടുത്തത് അല്ല. ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). താൻ മാറ്റമില്ലാത്തവൻ അഥവാ, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവൻ ആകയാൽ, തനിക്ക് മനുഷ്യനായി അവതാരം എടുക്കാനും കഴിയില്ല. (മലാ, 3:6; യാക്കോ, 1:17). താൻ അനാദിയായും ശാശ്വതമായും ദൈവവും എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനുമാണ്. (സങ്കീ, 90:2; വെളി, 4:10). തന്മൂലം, ദൈവത്തിന് വംശാവലിയോ, ജനനമോ, ശൈശവമോ, ബാല്യമോ, കൗമാരമോ, യവ്വനമോ, മരണമോ, അമ്മയോ, സഹോദരങ്ങളോ, വളർത്തച്ഛനോ, പിതാവോ, ദൈവമോ ഇല്ല. എന്നാൽ, ദൈവപുത്രനായ ക്രിസ്തുവിന് ഇതെല്ലാമുണ്ട്. അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ യഹോവയായ ഏകദൈവം യേശുവെന്ന സംജ്ഞാനാമത്തിൽ (മത്താ, 1:21; ലൂക്കൊ, 1:32), കന്യകയുടെ ഉദരത്തിലൂടെ പുതിയ ഒരു മനുഷ്യ പ്രത്യക്ഷത എടുത്താണ് പാപപരിഹാരം വരുത്തിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ദൈവത്തിനു മനുഷ്യപ്രത്യക്ഷത എടുക്കാൻ സ്ത്രീയുടെ സഹായം വേണ്ട. അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്ത് വന്നത് സ്ത്രീയിൽ നിന്ന് ജനിച്ചിട്ടല്ല. (ഉല്പ, 18:1-33; 19:1). എന്നാൽ, സ്വന്തജനത്തെ അവരുടെ പാങ്ങളിൽനിന്ന് രക്ഷിക്കണമെങ്കിൽ, ന്യായപ്രമാണത്തിനു കീഴിൽ ജനിക്കണമായിരുന്നു; അതുകൊണ്ടാണ് ഒരു യെഹൂദാ കന്യകയെ തിരഞ്ഞെടുത്തത്. (മത്താ, 1:21; ഗലാ, 4:4).

പ്രവചനംപോലെ, പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിപ്പിക്കപ്പെട്ട ശരീരം അഥവാ, യേശുവെന്ന പാപം അറിയാത്ത മനുഷ്യൻ, മറിയയിൽനിന്ന് ശരീരം സ്വീകരിച്ചിട്ടില്ല എന്നത്, മേല്പറഞ്ഞ വേദഭാഗങ്ങളിൽ നിന്ന് വ്യക്തമാണ്. ഇനി, വചനവിരുദ്ധമായി മറിയയിൽനിന്ന് അവൻ ശരീരം സ്വീകരിച്ചു എന്ന് മനസ്സിലാക്കിയാൽ എങ്ങനെയിരിക്കും എന്ന് നോക്കാം. ഇയ്യോബ് ഇപ്രകാരം പറയുന്നതായി കാണാം: “മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?” (ഇയ്യോ, 15:14). അടുത്തവാക്യം: “മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?” (ഇയ്യോ, 25:4). ഈ വേദഭാഗങ്ങളിൽ പറയുന്ന “സ്ത്രീ പ്രസവിച്ചവൻ” എന്ന പ്രയോഗം, കേവലം പ്രസവത്തെയല്ല കുറിക്കുന്നത്. മറിയ യേശുവിനെ ഒൻപത് മാസവും ഒൻപത് ദിവസവും ഉദരത്തിൽ വഹിക്കുകയും വേനയോടെ പ്രസവക്കുകയും ചെയ്തതാണ്. മക്കളെ പ്രസവിക്കുന്നവളെയാണ് അമ്മ എന്ന് വിളിക്കുന്നത്. തന്മൂലം, അവൻ മറിയയുടെ മകനല്ലെന്ന് പറയാൻ ആർക്കും കഴിയില്ല. മറിയയുടെ മകൻ, കർത്താവിൻ്റെ അമ്മ, അവളുടെ മൂത്തമകൻ, യേശുവിൻ്റെ അമ്മ എന്നിങ്ങനെ 18 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഉദാ: (മത്താ, 1:25; 12:47; 13:55; മർക്കൊ, 3:32; 6:3; ലൂക്കൊ, 1:32,43; 2:7,48; 8:20; യോഹ, 2:1; 19:26; പ്രവൃ, 1:14). തന്നെയുമല്ല, അവനെ അവളുടെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (മത്താ, 1:25; ലൂക്കൊ, 2:7). എന്നാൽ, “സ്ത്രീ പ്രസവിച്ചവൻ” എന്ന ഇയ്യോബിൻ്റെ പ്രയോഗം, ഭൂമിയിലെ ജനത്തെ മുഴുവനും കുറിക്കുന്നതാണ്. സ്ത്രീപുരുഷ സംഭോഗത്താൽ ഉല്പാദിതമാകുന്നതും വളർച്ചയ്ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും മറ്റെല്ലാ ഘടകങ്ങളും അമ്മയിൽനിന്ന് സ്വികരിക്കുന്നതുമായ സാധാരണ മനുഷ്യരെയാണ് ആ പ്രയോഗത്താൽ സൂചിപ്പിക്കുന്നത്. ഇയ്യോബിൻ്റെ ചോദ്യം ഇപ്രകാരമാണ്: സ്ത്രീ പ്രസവിച്ചവൻ നിർമ്മലനും, നീതിമാനും, ശുദ്ധിമാനും ആകുന്നത് എങ്ങനെ? പാപസഹിത ജനനമാണ് ഇയ്യോബിൻ്റെ വിഷയം. അതായത്, പാപം കൂടാതെ സ്ത്രീയിൽന്ന് എങ്ങനെ ജനിക്കാൻ കഴിയുമെന്നാണ് ചോദിക്കുന്നത്. അതുതന്നെയാണ്, മറ്റൊരു വിധത്തിൽ പൗലൊസ് പറയുന്നത്: “ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,” (റോമ, 3:23). അടുത്തവാക്യം: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമ, 5:12). ചിലർ കരുതുന്നപോലെ, മറിയയിൽനിന്ന് വളർച്ചയ്ക്ക് ആവശ്യമായ ഘടകങ്ങളും ശരീരവും യേശു സ്വീകരിച്ചുവെങ്കിൽ, അവൻ എങ്ങനെ പാപരഹിതനാകും? “നീതിമാൻ ആരുമില്ല; ഒരുത്തൻ പോലുമില്ല” എന്നാണ് വചനം പറയുന്നത്. (റോമ, 3:10). അതിൽ മറിയയും ഉൾപ്പെടും. മറിയയുടെ പാപശരീരം സ്വീകരിച്ചാൽ അവനും പാപശരീരമല്ലേ ഉണ്ടാകുന്നത്? യേശുവെന്ന മനുഷ്യൻ ദേഹവും ദേഹിയും ആത്മാവും ഉള്ളവനായിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46). അതിൽ, ദേഹിയിലോ, ആത്മാവിലോ അല്ല അവൻ നമ്മുടെ പാങ്ങളെ വഹിച്ചത്; ദേഹത്തിൽ അഥവാ, ശരീരത്തിലാണ്:  “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.” (1പത്രൊ, 2:24). ഇവിടെ പറയുന്ന ശരീരം, ഇംഗ്ലീഷിൽ body-യും ഗ്രീക്കിൽ sōma-യും ആണ്. അത്, യഥാർത്ഥ മനുഷ്യശരീരത്തെ കുറിക്കുന്നതാണ്. നമ്മുടെ പാപത്തിൻ്റെ ശിക്ഷകൾ അവൻ സഹിച്ചത് തൻ്റെ ശരീരത്തിലാണെന്ന് യെശയ്യാപ്രവചനവും വ്യക്തമാക്കുന്നു. (യെശ, 52:14; 53:4-5). അപ്പോൾ, മറിയയുടെ പാപശരീരമാണ് യേശു സ്വീകരിച്ചതെങ്കിൽ, ആ പാപ ശരീരത്തിൽ നമ്മുടെ പാപം എങ്ങനെ വഹിക്കും? ഒരു പാപിക്ക് പാപിയെയോ, അടിമയ്ക്ക് അടിമയയോ വീണ്ടെടുക്കാൻ കഴിയില്ല. ഇയ്യോബിൻ്റെ മറ്റൊരു ചോദ്യമുണ്ട്; ഉത്തരവും അവൻതന്നെ പറഞ്ഞിട്ടുണ്ട്: “അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല.” (ഇയ്യോ, 14:4). ആദാമ്യസന്തതികളെല്ലാം അശുദ്ധരാണ്. (റോമ, 3:23; 5:12). അതിനാൽ, മറിയയ്ക്കും ആദാമ്യപാപം എന്ന അശുദ്ധിയുണ്ട്. ആ മറിയയിൽനിന്ന് എന്തെങ്കിലും അവൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, അവനും അശുദ്ധനാണെന്നേ വരൂ. എന്നാൽ, ക്രിസ്തു പരിശുദ്ധനാണെന്ന് ബൈബിൾ അടിവരയിട്ട് പറയുന്നു: “നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.” (യോഹ, 6:69. ഒ.നോ: മർക്കൊ, 1:24; ലൂക്കൊ, 4:24). അവനെ, പാപം അറിയാത്തവൻ (2കൊരി, 5:21), പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ (എബ്രാ, 7:26),  അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല (1പത്രോ, 2:22). അവനിൽ പാപം ഇല്ല (1യോഹ, 3:5) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അതായത്, പരിശുദ്ധനായ അഥവാ, പാപരഹിതനായ ക്രിസ്തു തൻ്റെ പാപമില്ലാത്ത ശരീരത്തിലാണ് നമ്മുടെ പാങ്ങളെ ചുമന്നത്. തന്മൂലം, അമ്മയായ മറിയയിൽനിന്ന് അവൻ യാതൊന്നും സ്വീകരിച്ചില്ല എന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. അപ്പോൾ ഒരു ചോദ്യംവരും: ആദാമ്യപാപമെന്ന അശുദ്ധിയുള്ള മറിയയുടെ ഉദരത്തിൽ കഴിഞ്ഞ ക്രിസ്തുവിനെ എന്തുകൊണ്ട് പാപം ബാധിച്ചില്ല? മുപ്പത്തിമൂന്നര വർഷം പാപികളോടുകൂടെ വസിച്ചിട്ടും പാപത്തിൻ്റെ ലാഞ്ചനപോലും ഏശാതെ, ജീവിച്ചവന് പത്തുമാസത്തിൽ താഴെ മാത്രം അമ്മയുടെ ഉദരത്തിൽ പപരഹിതനായി കഴിയാൻ എന്താണ് പ്രയാസം?

ക്രിസ്തുവിൻ്റെ അമ്മയായ മറിയയെ ദൈവമാതാവ് ആക്കാനാണ് അവൾ അമലോദ്ഭവയാണെന്ന് കത്തോലികർ പഠിപ്പിക്കുന്നത്. താൻ ദൈവം അല്ലെന്ന് ക്രിസ്തുതന്നെ അനേകം പ്രാവശ്യം പ്രത്യക്ഷവും പരോക്ഷവുമായി പറഞ്ഞിരിക്കെ, അവൾ എങ്ങനെ ദൈവമാതാവാകും എന്നത് ദൈവത്തിനറിയാം. ഒരു അമ്മയുള്ള ദൈവത്തിന് മാതാ അമൃതാന്ദമയിയെക്കാളും സായിബാബയെക്കാളും എന്ത് വിശേഷതയാണ് ഉണ്ടാകാൻ പോകുന്നത്? സ്വർഗ്ഗത്തേക്കാൾ ഉന്നതായ ക്രിസ്തുവിനെ തങ്ങളുടെ ദുരുപദേശത്താൽ, പാതാളാത്തോളം താഴ്ത്താനാണ് പലരും ശ്രമിക്കുന്നത്. ക്രിസ്തു കന്യകയിൽ ഉരുവായ നിമിഷം മുതൽ അവളുടെ എല്ലാ പാപങ്ങളിലുംനിന്നും അവൾ മോചനം പ്രാപിച്ചു എന്നതാണ് അവരുടെ വിശ്വാസം.  മറിയ അമലോദ്ഭവയാണെന്ന് പറയാതെ, യേശുവിൻ്റെ ജനനത്തിനായി ദൈവം അവളെ ശുദ്ധീകരിച്ചു എന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാരും ഉണ്ട്. രണ്ടിൻ്റെയും അർത്ഥം ഒന്നുതന്നെയാണ്. മറിയയിൽനിന്ന് യേശു ശരീരം സ്വീകരിച്ചു എന്ന് പറയുന്നവരെല്ലാം, മറിയ അമലോദ്ഭവ ആണെന്ന് സമ്മതിക്കുകയാണ്. എന്നാൽ, ദൈവവചനം പറയുന്നത് വിശ്വസിക്കുക: പാപത്തിൻ്റെ ശമ്പളമാണ് മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കണം (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്നതാണ് ദൈവനീതിയും ദൈവത്തിൻ്റെ കല്പനയും. ദൈവത്തിൻ്റെ കല്പനയ്ക്കും ദൈവനീതിക്കും വിരുദ്ധമായി സാത്താനും അവൻ്റെ അനുയായികളും പ്രവർത്തിക്കും. എന്നാൽ, യാതൊരു കാരണം ചൊല്ലിയും ദൈവത്തിന് തൻ്റെ കല്പനയ്ക്കോ, നീതിക്കോ വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല. ക്രിസ്തുവിൻ്റെ പരമയാഗമാണ് സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണത്തിനു വഴി തുറന്നത്. (റോമർ 5:18-19). ക്രിസ്തുവിൻ്റെ മരണംകൂടാതെ ആർക്കെങ്കിലും ശാശ്വതമായ ശുദ്ധീകരണം നല്കുവാൻ കഴിയുമായിരുന്നെങ്കിൽ, ക്രിസ്തുവിൻ്റെ മരണത്തിൻ്റെ ആവശ്യം എന്തായിരുന്നു? മറിയയെ ശുദ്ധീകരിച്ചപോലെ സകല മനുഷ്യർക്കും ശുദ്ധീകരണം നല്കുവാൻ കഴിയുമായിരുന്നില്ലേ? ഗൊൽഗോഥായിൽ അരങ്ങറിയത് ഒരു മരണ നാടകമായിരുന്നില്ല എന്ന് മനസ്സിലാക്കുക. മനുഷ്യവർഗ്ഗത്തിൻ്റെ പാപ പരിഹാരത്തിനായി പല വഴികൾ ഉണ്ടായിരുന്നില്ല. ഒരു പ്ലാൻ ബീ ഉണ്ടായിരുന്നെങ്കിൽ. ഒരു മനുഷ്യർക്കും നടപ്പല്ലാത്ത പരീക്ഷ നേരിട്ടുകൊണ്ട് ക്രിസ്തു എന്തിന് മരിക്കണം? പൂർവ്വപിതാക്കന്മാർ ഉൾപ്പെടെയുള്ള പഴയനിയമഭക്തന്മാർ വാഗ്ദത്തനിവൃത്തി പ്രാപിക്കാതെയാണ് മരിച്ചത്. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളാണ് അവരുടെ രക്ഷാപൂർത്തിക്കും കാരണമായത്. (എബ്രാ, 11:39,40). മൂന്നൂറുവർഷം ദൈവത്തോടുകൂടെ നടന്ന ഹാനോക്കിനെയും, ദൈവത്തിൻ്റെ കൃപ ലഭിച്ച നോഹയെയും, ദൈവത്തിൻ്റെ സ്നേഹിതനെന്ന് പേർപെട്ട അബ്രാഹാമിനെയും, ദൈവദൂതനോടു മല്ലുപിടിച്ചു ദൈവത്തിൽനിന്നു അനുഗ്രഹംപ്രാപിച്ച യാക്കോബിനെയും, ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ചവനും ദൈവഗൃഹത്തിലൊക്കെയും വിശ്വസ്തനുമായിരുന്ന മോശെയെയും, ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദിനെയും, ദൈവം പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ പ്രവാചകന്മാരെയെല്ലാം തഴഞ്ഞിട്ട്, മറിയയെ ക്രിസ്തുവിൻ്റെ മരണംകൂടാതെ ശുദ്ധീകരിച്ചു എന്നൊക്കെ പറഞ്ഞാൽ; ബുദ്ധിക്കും യുക്തിക്കും വചനത്തിനും നിരക്കുന്നതാണോ?

യേശുവിൻ്റെ ജനനത്തെക്കുറിച്ച് ദൂതൻ മറിയയോട് പ്രവചിക്കുന്നതുവരെ, അവളെക്കുറിച്ച് പഴയനിയമത്തിൽ വ്യക്തമായ ഒരു പ്രവചനംപോലും ഇല്ല. പ്രഥമസുവിശേഷത്തിലെ സ്ത്രീയും കാലസമ്പൂർണ്ണതയിലെ സ്ത്രീയും സൂര്യനെ അണിഞ്ഞ സ്ത്രീയും മറിയയല്ല; യിസ്രായേലാണ്. (ഉല്പ, 3:15; ഗലാ, 4:4; വെളി, 12:1). [അതിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അറിയാൻ ആഗ്രഹിക്കുന്നവർ മൂന്ന് സ്ത്രീകൾ എന്ന വീഡിയോ ദയവായി കാണുക]. യെശയ്യാവ് 7:14-ഉം യഥാർത്ഥത്തിൽ മറിയെക്കുറിച്ചുള്ള പ്രവചനമല്ല. ഇമ്മാനുവേലിനെക്കുറിച്ചുള്ള യെശയ്യാവിന്റെ ആ പ്രവചനം ആഹാസ് രാജാവിനോട് ആയിരുന്നു. ആരാമിന്റെയും യിസ്രായേലിന്റെയും സൈന്യം യെഹൂദയ്ക്കെതിരെ യുദ്ധത്തിനായി പുറപ്പെട്ടു വന്നപ്പോൾ അശ്ശൂർ രാജാവിനോട് സഹായം അപേക്ഷിക്കരുതെന്നും കർത്താവിൽ ആശ്രയിച്ച് ഉറപ്പോടിരിക്കുവാൻ ആഹാസിനോട് പറഞ്ഞുകൊണ്ടാണ്, വിശ്വാസത്തിനായി ഇമ്മാനുവേലിൻ്റെ അടയാളം നൽകുന്നത്. എന്നാൽ ആഹാസ് രാജാവ് അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു. അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ഇമ്മാനുവേലിനെക്കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. എന്നാൽ, ആ പ്രവചനം ആത്മികമായി യഥാർത്ഥ രക്ഷകനായ യേശുക്രിസ്തുവിലൂടെയും മറിയയിലൂടെയും നിവൃത്തിക്കുകയാണ് ഉണ്ടായത്. തന്നെയുമല്ല, യെശയ്യാവ് 7:14-ൽ കന്യക എന്ന് പരിഭാഷ ചെയ്തിരിക്കുന്ന എബ്രായ പദം അൽമാ (alma) ആണ്. അൽമാ യഥാർത്ഥത്തിൽ കന്യകയല്ല; യുവതി (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. കത്തോലിക്കാ പരിഭാഷയിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം ബെതൂലാ (bethulah) ആണ്. റിബെക്കയെ പുരുഷൻ തൊടാത്ത കന്യക എന്ന് പറഞ്ഞിരിക്കുന്നത് ബെതൂലാ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). എന്നാൽ, യേശുവിൻ്റെ അമ്മയായ മറിയ യഥാർത്ഥ കന്യകയാണ്. അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവിൻ്റെ ജനനത്തിനായി തക്കസമത്ത് തിരഞ്ഞെടുകപ്പെട്ടവളാണ് മറിയ എന്ന കന്യക. മറിയ അമലോദ്ഭവ ആണെന്നോ, അവളെ ശുദ്ധീകരിച്ചെന്നോ ബൈബിൾ എവിടെയും പറഞ്ഞിട്ടില്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം കാണിക്കാം: ക്രിസ്തുവിൻ്റെ അമ്മയെ ശുദ്ധീകരിക്കാൻ ദൈവത്തിനു് പദ്ധതി ഉണ്ടായിരുന്നെങ്കിൽ, യെശയ്യാ പ്രവചനംപോലെ, ഒരു സ്ത്രീയേ തിരഞ്ഞെടുക്കാതെ കന്യകയെ എന്തുകൊണ്ട് തിരഞ്ഞെടുത്തു? എന്തിനാണ്, യോസേഫിനെ ഒഴിവാക്കിയിട്ട് പരിശുദ്ധാത്മാവിനാൽ ഉല്പാദിതമാകാൻ ഇടയാക്കിയത്? യോസേഫിനാൽ, മറിയ ഗർഭം ധരിച്ചാലും, അവളെ ശുദ്ധീകരിക്കാൻ ദൈവത്തിന് കഴിയുമായിരുന്നില്ലേ? അതായത്, മറിയയെ ശുദ്ധീകരിച്ചില്ലെങ്കിൽ, പരിശുദ്ധാത്മാവിനു് പാപരഹിതനായി ക്രിസ്തുവിനെ ജനിപ്പിക്കാൻ കഴിയില്ലെന്ന് വരുത്തിത്തീർക്കാനാണ്, ഈ ദുരുപദേശത്തിലൂടെ സാത്താൻ ലക്ഷ്യം വെക്കുന്നത്. തന്നെയുമല്ല, ദൈവം അവളെ യേശുവിൻ്റെ മരണത്തിനുമുമ്പെ ശുദ്ധീകരിച്ചിരുന്നുവെങ്കിൽ, പെന്തെക്കൊസ്തുനാൾ അടുത്തപ്പോൾ, ശിഷ്യന്മാർ അടക്കം 120 പേർ കൂടിയിരുന്നവരുടെ കൂട്ടത്തിൽ, യേശുവിൻ്റെ അമ്മ മറിയ ഉണ്ടാകുമായിരുന്നില്ല. (പ്രവൃ, 1:13-15). ഒരാൾ രണ്ടുപ്രാവശ്യം ശുദ്ധീകരിക്കപ്പെടേണ്ട ആവശ്യം ഇല്ലല്ലോ. തന്മൂലം, ശിഷ്യന്മാർക്കും മറ്റുള്ളവർക്കും ഒപ്പമാണ്, ആദാമ്യ പാപത്തിൽ നിന്നുള്ള ശുദ്ധീകരണവും വീണ്ടെടുപ്പും മറിയയ്ക്കും ഉണ്ടായതെന്ന് മനസ്സിലാക്കാം. (1കൊരി, 1:30; 6:12).

ക്രിസ്തു അമ്മയായ മറിയയിൽ നിന്ന് ശരിരം സ്വീകരിച്ചില്ല എന്നതിന് വ്യക്തമായ തെളിവ് ബൈബിളിലുണ്ട്. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). ഈ വേദഭാഗത്ത് പറയുന്ന മക്കൾ യിസ്രായേൽ ആണ്. ദൈവത്തിൻ്റെ പുത്രനും ആദ്യജാതനുമാണ് യിസ്രായേൽ. (പുറ, 4:22-23). യിസ്രായേലിനെ പുത്രനെന്നും പുത്രന്മാരെന്നും അഭിന്നമായി വിളിച്ചിട്ടുണ്ട്. (സങ്കീ, 2:7; ഹോശേ, 11:1; ആവ, 14:1; സങ്കീ, 82:6; യെശ, 43:6). ഈ വാക്യത്തിൽ പറയുന്ന ഒരു ശ്രദ്ധേയമായ കാര്യമുണ്ട്: ദൈവത്തിൻ്റെ മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു ക്രിസ്തുവും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി വന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. മക്കൾ എന്ന ബഹുവചനം നോക്കുക. അതായത്, മറിയയിൽ നിന്ന് ഒരു ശരീരം സ്വീകരിക്കുകയല്ല ചെയ്തത്; പരിശുദ്ധാത്മാവിനാൽ ദൈവത്തിൻ്റെ മക്കളായ യിസ്രായേലിൻ്റെ ശരീരപ്രകൃതി സ്വീകരിക്കുകയാണ് ചെയ്തത്. എബ്രായരിലെ അടുത്ത വാക്യം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: “ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നത്.” (എബ്രാ, 2:16). എന്നാൽ, സത്യവേദപുസ്തകം സമകാലിക പരിഭാഷ ചേർക്കുന്നു: “അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്‍റെ സന്തതികളുടെ പ്രകൃതിയത്രേ.” KJV-യും വിശുദ്ധ ഗ്രന്ഥം പരിഭാഷയും കാണുക. അബ്രാഹാമിൻ്റെ സന്തതിയും യിസ്രായേലാണ്. (ഉല്പ, 22:16-17. ഒ.നോ: പ്രവൃ, 3:25). ഈ വാക്യത്തിലും, യിസ്രായേലിൻ്റെ പ്രകൃതിയാണ് ക്രിസ്തു സ്വീകരിച്ചതെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ ഉല്പാദനത്തിൽ മറിയയ്ക്ക് യാതൊരു ഭാഗഭാഗിത്വവും ഇല്ലെന്നിരിക്കെ, അഥവാ, പരിശുദ്ധാത്മാവിൽ മാത്രം ഉല്പാദിതമായവൻ അവളിൽനിന്ന് ശരീരം സ്വീകരിക്കണ്ട ആവശ്യമെന്താണ്? ക്രിസ്തു മറിയയുടെ ഉദരത്തിൽ ഉൽപാദിതമായതും അവളിൽനിന്ന് ഉദ്ഭവിച്ചതും പരിശുശുദ്ധാത്മാവിലാണ്. (മത്താ, 1:20; ലൂക്കൊ, 1:35; 2:21). പൈതൽ പരിശുദ്ധാത്മാവിൽ ബലപ്പെട്ടാണ് വളർന്നത്. (ലൂക്കൊ, 2:40). പരിശുദ്ധാത്മാവിനാലാണ് അവൻ അഭിഷേകം ചെയ്യപ്പെട്ടത്. (ലൂക്കൊ, 3:22; പ്രവൃ, 10:38). പരിശുദ്ധാത്മാവിനാലാണ് അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചത്. (മത്താ, 12:28). പരിശുദ്ധാത്മാവിനാലാണ് അവൻ തന്നെത്തന്ന മരണത്തിന് ഏൽപിച്ചത്. (എബ്രാ, 9:14). പരിശുദ്ധാത്മാവിനാലാണ് അവൻ ഉയിർത്തെഴുന്നേറ്റത്. (1പത്രൊ, 1:18). യേശുവിനെ ഉദരത്തിൽ വഹിച്ച് അവനെ പ്രസവിച്ച് വളർത്തുക എന്നൊരു ശുശ്രൂഷ ദൈവം മറിയയെ ഏല്പിച്ചിരുന്നു. അനുഗ്രഹിക്കപ്പെട്ട സ്ത്രീരത്നമായ അമ്മ മറിയ ആ ശുശ്രൂഷ സന്തോഷത്തോടെ ഏറ്റെടുത്ത് ചെയ്തു. അതല്ലാതെ, അവൾ ക്രിസ്തുവിന് ശരീരം നല്കിയെന്നോ, അവൻ അളിൽനിന്ന് ശരീരം സ്വീകരിച്ചെന്നോ ബൈബിൾ വെച്ചുകൊണ്ട് ആർക്കും തെളിയിക്കാൻ കഴിയില്ല. ക്രിസ്തു മറിയയിൽ നിന്ന് ശരീരം സ്വീകരിക്കണമെങ്കിൽ, മറിയ പാപരഹിതനായ അഥവാ, പരിശുദ്ധനായ ക്രിസ്തുവിനു ഒപ്പമോ, ക്രിസ്തുവിനെക്കാൾ അധികമോ, പരിശുദ്ധയായിരിക്കണം. മറിയ അത്രയ്ക്ക് പരിശുദ്ധയാണെങ്കിൽ, ക്രിസ്തുവിന് പകരം മറിയ മരിച്ചാലും മതിയായിരുന്നു എന്ന് വരില്ലേ? ഈ ഉപദേശങ്ങളെല്ലാം, ഉപായിയായ സർപ്പത്തിൻ്റെ കുതന്ത്രങ്ങളാണ്.

ശാസ്ത്രീയമായും ഈപ്പറയുന്ന കാര്യങ്ങൾക്ക് കാര്യമായ അടിസ്ഥാനമൊന്നും ഇല്ലെന്ന് കാണാൻ കഴിയും. സാധാരണ നിലയിൽ സ്ത്രീ ശരീരത്തിൽ എത്തുന്ന പുരുഷൻ്റെ ബീജവും സ്ത്രീയുടെ അണ്ഡവും ചേർന്ന് ബീജസങ്കലനം ചെയ്യുന്നതിൻ്റെ ഫലമായി ഉണ്ടാകുന്ന സിക്താണ്ഡം (zygote) ഗർഭപാത്രത്തിൽ വെച്ച് ഭ്രൂണമായി മാറുന്നു. ഈ ഭ്രൂണം വികാസം പ്രാപിച്ചാണ് ഗർഭപിണ്ഡത്തിൻ്റെ ശരീരം രൂപപ്പെടുന്നത്.  അമ്മയിൽനിന്ന് ഓക്സിജനും പോഷകങ്ങളും വളർച്ചയ്ക്ക് ആവശ്യമായ മറ്റു ഘടകങ്ങളും സ്വീകരിക്കുമെങ്കിലും, ബീജസങ്കലനത്താൽ ഉണ്ടാകുന്ന സിക്താണ്ഡമാണ് ശരീരം രൂപപ്പെടുന്നതിൻ്റെ പ്രധാന ഘടകം. അല്ലാതെ, അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കുന്നില്ല. എന്നാൽ, യേശുവിൻ്റെ ഉല്പാദനത്തിൽ ബീജസങ്കലനം എന്നൊന്ന് നടന്നിട്ടില്ല. ജോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം, മറിയയുടെ അണ്ഡവും നിഷ്ക്രിയമായിരുന്നു എന്നാണ്. തന്മൂലം, ബീജസങ്കലനം, സിക്താണ്ഡം, ഭ്രൂണം, ഗർഭസ്ഥശിശു തുടങ്ങിയ പ്രക്രിയകളൊന്നും മറിയയിലൂടെ മാത്രം നടക്കാൻ ഒരു സാദ്ധ്യതയുമില്ല. മറ്റൊരു പ്രധാന വിഷയം കൂടിയുണ്ട്: ക്രിസ്തു മറിയയുടെ ശരീരം സ്വീകരിച്ചു എന്ന് പറയുന്നവർ, അവൻ നമ്മുടെ പാപപരിഹാരത്തിനായി ചിന്തിയ നിർമ്മല രക്തവും അവളിൽനിന്ന് സ്വീകരിച്ചതാണെന്ന് പറയണം. (1പത്രൊ, 1:18). ഗർഭസ്ഥശിശു അമ്മയിൽനിന്ന് നേരിട്ട് ശരീരം സ്വീകരിക്കാത്തതുപോലെ രക്തവും സ്വീകരിക്കുന്നില്ലെങ്കിലും, അമ്മയുടെ രക്തപ്രവാഹത്തിൽ നിന്നാണ് രക്തോല്പാദനത്തിനുള്ള ഓക്സിജനും പോഷകങ്ങളും സ്വീകരിക്കുന്നത്. തന്മൂലം, പരിശുദ്ധനായ ക്രിസ്തു മറിയയിൽ നിന്ന് എന്തെങ്കിലും സ്വീകരിച്ചു എന്ന് പറയാൻ യാതൊരു നിർവ്വാഹവും ഇല്ല. ബൈബിൾ വായിക്കുമ്പോൾ, ശ്രദ്ധയോടെ വായിച്ചാൽ, ഇങ്ങനെയുള്ള ദുരുപദേശങ്ങളൊന്നും വിശ്വസിക്കേണ്ടിവരില്ല. മറിയയും പരിശുദ്ധാത്മാവും കൂടി യേശുവിനെ ഉല്പാദിപ്പിച്ചു എന്നല്ല ബൈബിൾ പറയുന്നത്. “അവളിൽ ഉൽപാദിതമായത് പരിശുദ്ധാത്മാവിനാൽ ആകുന്നു” എന്നാണ്. (മത്താ, 1:20). അതായത്, അവളുടെ ഉദരത്തിൽ അവനെ ഉല്പാദിപ്പിച്ചതും അവളിൽനിന്ന് അവനെ ഉദ്ഭവിപ്പിച്ചതിൻ്റെയും പൂർണ്ണ ഉത്തരവാദിത്തം പരിശുദ്ധാത്മാവിനാണ്. (ലൂക്കൊ, 1:35; 2:21). പ്രവചനംപോലെ, പരിശുദ്ധാത്മാവ്, മുമ്പുകൂട്ടി ഒരുക്കിവെച്ചിരുന്ന ശരീരം അഥവാ, സോമായാണ് ക്രിസ്തുവിനു് നല്കിയത്. (എബ്രാ, 10:5; സങ്കീ, 40:6). അല്ലാതെ, യേശുവിൻ്റെ ഉല്പാദനത്തിൽ മറിയയുടെ യാതൊരു സഹായവും (contribution) ഇല്ല. ക്രിസ്തു മറിയയിൽനിന്ന് ശരീരവും രക്തവും സ്വീകരിച്ചു എന്ന് വിശ്വസിക്കുന്നവർ, യേശുവും മറിയയും കൂടിയാണ് പാപപരിഹാരം വരുത്തിയതെന്നും വിശ്വസിക്കണം. ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവമാക്കി, ഐക്യത്തിൽ ഒരു ദൈവമാണെന്ന് പറയുന്നവർ, ഏകരക്ഷകനായ യേശുക്രിസ്തുവിനെ അമ്മയായ മറിയയെയും ചേർത്ത് ഐക്യത്തിൽ ഒരു രക്ഷകൻ ആക്കാനാണ് പലരും നോക്കുന്നത്. നിലവിൽ അങ്ങനെ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനം ഉണ്ട്. ഈ ഉപദേശങ്ങളൊന്നും ദൈവികമല്ല; പരിശുദ്ധാത്മാവിനാലുള്ള ക്രിസ്തുവിൻ്റെ  നിസ്തുല്യ ജനനത്തെയും പരമയാഗത്തെയും തുച്ഛീകരിക്കാനുള്ള സാത്താൻ്റെ തന്ത്രം മാത്രമാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക.

Leave a Reply

Your email address will not be published. Required fields are marked *