☛ നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട യേശുക്രിസ്തു എന്ന ദൈവപുത്രൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ്: (റോമ, 5:15). ➤❝ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു സത്യം❞ എന്നാണ് ദൈവശ്വാസീയമായ തിരുവെഴുത്ത് സത്യംചെയ്ത് പറയുന്നത്: (മർക്കൊ, 15:39). ➟❛യേശു എന്നു പേരുള്ള മനുഷ്യൻ❜ എന്നും വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 9:11). ➟താൻ മനുഷ്യനാണെന്ന് യേശു പറയുന്നതുൾപ്പെടെ, ദൈവപുത്രൻ മനുഷ്യനാണെന്ന് അമ്പതുപ്രാവശ്യം വചനത്തിൽ പറഞ്ഞിട്ടുമുണ്ട്: (യോഹ, 8:40). ➤[കാണുക: മനുഷ്യനായ ക്രിസ്തുയേശു]. ➟ഈ മനുഷ്യനാണ് ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ മദ്ധ്യസ്ഥനായ മഹാപുരോഹിതനായി നിന്നുകൊണ്ട് ഏകദൈവത്തിനു് മറുവിലയായി തന്നെത്തന്നെ അർപ്പിച്ചത്. അല്ലെങ്കിൽ, നമുക്കുവേണ്ടി അറുക്കപ്പെട്ടത്: ➤❝ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.❞ (1തിമൊ, 2:5-6). ➟❛കുഞ്ഞാട്, പെസഹക്കുഞ്ഞാടു❜ എന്നിങ്ങനെ പദവികളും (Titles) നമ്മുടെ കർത്താവിനുണ്ട്: (യോഹ, 1:29; പ്രവൃ, 8:33; യോഹ, 1:36; 1കൊരി, 5:7; 1പത്രൊ, 1:19).
➦ എന്നാൽ യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യേശുവെന്ന മനുഷ്യനെയല്ല; ഒരു യഥാർത്ഥ കുഞ്ഞാടിനെയാണ്. ➤❝ഞാൻ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.❞ (വെളി, 5:6). ➟അടുത്തവാക്യം: ➤❝ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.❞ (വെളി, 13:8). ➟മേല്പറഞ്ഞ വേദഭാഗങ്ങളിൽ നിന്ന് ക്രിസ്തുവും കുഞ്ഞാടും തമ്മിലുള്ള ചില വ്യത്യാസങ്ങൾ കാണിക്കാം:
❶ വെളിപ്പാടു 5:5-ൽ മൂപ്പന്മാരിൽ ഒരുത്തൻ യോഹന്നാനോടു: ➤❝കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു❞ എന്നു പറയുന്നുണ്ട്. ➟ഈ വേഭാഗത്തെ ദാവീദിൻ്റെ വേര് എന്ന പ്രയോഗം യേശുവിനെ സൂചിപ്പിക്കുന്നതാണ്. ➟എന്നാൽ അടുത്തവാക്യത്തിൽ: സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് നില്ക്കുന്നതായാണ് കാണുന്നത്. ➟കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആയിരുന്നെങ്കിൽ, കുഞ്ഞാടിനെപ്പോലെ യേശു നില്ക്കുന്നു എന്നേ പറയുമായിരുന്നുള്ളു. ➟അല്ലെങ്കിൽ എൻ്റെ കർത്താവ്, ദൈവുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു എന്നിങ്ങനെ അവൻ്റെ സവിശേഷ പദവികളിൽ ഏതെങ്കിലും ഒന്ന് പറയുമായിരുന്നു. ➟യോഹന്നാന് യേശുവിനെ കണ്ടിട്ട് മനസ്സിലായില്ല എന്ന് പറയാൻ പറ്റുമോ❓
❷ ❛കുഞ്ഞാടു❜ എന്നത് ദൈവപുത്രനായ ക്രിസ്തുവിൻ്റെ ❛പ്രകൃതി❜ (Nature) അല്ല; ❛പദവി❜ (Title) ആണ്. ➟എന്നാൽ ❛കുഞ്ഞാടു❜ എന്നത് യോഹന്നാൻ സ്വർഗ്ഗത്തിൽ അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതായി കണ്ടവൻ്റെ ❛പദവി❜ (Title) അല്ല; ❛പ്രകൃതി❜ (Nature) ആണ്.
➦ യേശുവിൻ്റെ ❛പ്രകൃതി❜ (Nature) വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝യേശു എന്നു പേരുള്ള മനുഷ്യൻ.❞ (യോഹ, 9:11). അവൻ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനാണ്. (യോഹ, 8:40). ➟യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടവൻ്റെ ❛പ്രകൃതിയും❜ (Nature) വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഏഴു കൊമ്പും ഏഴു കണ്ണുകളുളുള്ള ഒരു കുഞ്ഞാട് (മൃഗം) ആണ്. ➟യേശുക്രിസ്തു മനുഷ്യനും സ്വർഗ്ഗത്തിൽ കണ്ട കുഞ്ഞാട് ഒരു മൃഗവുമാണ്. ➟മറിയ തൻ്റെ മൂത്തമകനായി പ്രസവിച്ചത്, ഏഴു കൊമ്പും ഏഴു കണ്ണുകളുമുള്ള ഒരു കുഞ്ഞാടിനെയല്ല; ഒരു വിശുദ്ധപ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യനെയാണ്: (ലൂക്കൊ, 1:35; 1യോഹ, 3:5; യോഹ, 8:40). ➟ഒരുത്തൻ്റെ പ്രകൃതിയും പദവിയും ഒരിക്കലും ഒന്നായിരിക്കില്ല. ➟പിന്നെങ്ങനെ ക്രിസ്തു യഥാർത്ഥത്തിൽ കുഞ്ഞാടാണെന്ന് പറയാൻ കഴിയും❓
❸ യേശുവെന്ന മനുഷ്യനെക്കുറിച്ച് ➤❝നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു❝ എന്നാണ് പൗലൊസ് പറയുന്നത്: (1കൊരി, 5:7). ➤❝അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു❞ (റോമ, 6:10), ➤❝നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചു❞ (എഫെ, 5:2), ➤❝എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്തു❞ (1തിമൊ, 2:6), ➤❝അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തു❞ (എബ്രാ, 7:27), ➤❝യേശുക്രിസ്തു ഒരിക്കലായി ശരീരയാഗം കഴിച്ചു❞ (എബ്രാ, 10:10) എന്നിങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. ➟എന്നാൽ യോഹന്നാൻ കുഞ്ഞാടിനെ കാണുന്നത് അറുക്കപ്പെട്ടതായല്ല; ➤❛അറുക്കപ്പെട്ടതുപോലെ❜ (as it had been slain) ആണ് കാണുന്നത്. ➟യേശു അറുക്കപ്പെട്ടു; കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുകയാണ്. ➟പിന്നെങ്ങനെ കുഞ്ഞാട് യഥാർത്ഥത്തിൽ യേശു ആണെന്ന് പറയാൻ കഴിയും❓ ➟പിന്നീട് സ്വർഗ്ഗത്തിലെ പാട്ടിലും പ്രയോഗത്തിലും, ❛അറുക്കപ്പെട്ട കുഞ്ഞാടു❜ എന്ന് കാണാം: (വെളി, 5:9; വെളി, 5:12; വെളി, 13:8). ➟ യോഹന്നാൻ്റെ കാഴ്ചയിൽ അറുക്കപ്പെട്ടതു പോലെയും; പാട്ടിലും പ്രയോഗത്തിലും അറുക്കപ്പെട്ടതായും പറഞ്ഞിട്ടുണ്ട്.
❹ യഥാർത്ഥത്തിൽ യേശുക്രിസ്തുവല്ല അവിടെപ്പറയുന്ന കുഞ്ഞാട് എന്നതിൻ്റെ ഭാഷാപരമായ ഒരു തെളിവ് ആ വേദഭാഗത്തുതന്നെയുണ്ട്. ➟അവിടെ, കുഞ്ഞാടിനെക്കുറിച്ച് പറഞ്ഞിട്ട്, ➤❝അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു❞ എന്നാണ് യോഹന്നാൻ പറയുന്നത്: (വെളി, 5:6). ➟ഈ വേദഭാഗത്ത്, ➤❛അവനു❜ എന്ന് പുല്ലിംഗ (Masculine) സർവ്വനാമത്തിലല്ല; പ്രത്യുത, ➤❛അതിന്നു❜ എന്ന് നപുംസകലിംഗത്തിലാണ് (Neuter) പറഞ്ഞിരിക്കുന്നത്. ➤❝എഖോൺ❞ (ἔχον – echon) എന്ന ഗ്രീക്കുപദം നപുംസകലിംഗത്തിലുള്ള ഏകവചനമാണ് (Singular Neuter). ➟എന്നാൽ നമ്മുടെ കർത്താവായ യേശു മനുഷ്യരിലെ ➤❛പുരുഷൻ❜ (Man) ആണ്: (യോഹ, 1:30). ➟ക്രിസ്തുവിനു് ഒരിടത്തും നപുംസകലിംഗം ഉപയോഗിച്ചിട്ടില്ല; ഉപയോഗിക്കാൻ പാടില്ല. ➟കുഞ്ഞാട് യഥാർത്ഥത്തിൽ യേശുക്രിസ്തു ആയിരുന്നെങ്കിൽ, ➤❛അതിന്നു❜ എന്ന നപുംസകലിംഗമല്ല; ➤❛അവന്നു❜ എന്ന പുംല്ലിഗം ഉപയോഗിക്കുമായിരുന്നു. ➟അതാണ് ഭാഷയുടെ നിയമം. ➟അതിനാൽ ഭാഷാപരമായും കുഞ്ഞാട് യഥാർത്ഥത്തിൽ യേശു അല്ലെന്ന് തെളിയുന്നു.
❺ വെളിപ്പാട് 13:8-ൽ ❛കൂഞ്ഞാടു❜ ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടു നില്ക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്. ➟യേശുവാകട്ടെ, കാലസമ്പൂർണ്ണതയിലാണ് സ്ത്രിയിൽനിന്ന് ജനിച്ചത്: (ഗലാ, 4:4). അല്ലെങ്കിൽ, അന്ത്യകാലത്ത് വെളിപ്പെട്ടവനാണ്: (1പത്രൊ, 1:20). ➟പഴയനിയമത്തിൽ ദൈവപുത്രനായ യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല: (ഉല്പ, 3:15; ആവ, 18:15; ആവ, 18:18-19; സങ്കീ, 40:6; യെശ, 7:14; യെശ, 52:13-15; യെശ, 53:1-12; യെശ, 61:1-2; മീഖാ, 5:2). ➤യേശുവിൻ്റെ ജന്മസ്ഥലം (മീഖാ, 5:2), ➤ജനനം (യെശ, 7:14), ➤ക്രിസ്തുത്വം (യെശ, 61:1) ➤പുത്രത്വം (ലൂക്കൊ, 1:32; 1:35) ➤ശുശ്രൂഷ (യെശ, 42:1-3), ➤കഷ്ടാനുഭവം (യെശ, 52:14; യെശ, 53:2-8), ➤മരണം (യെശ, 53:10-12), ➤അടക്കം (യെശ, 53:9), ➤പുനരുത്ഥാനം (സങ്കീ, 16:10), ➤പിൻവരുന്ന മഹിമ (1പത്രൊ, 1:11). മുതലായ എല്ലാം പ്രവചനങ്ങളായിരുന്നു. ➟ആദ്യപ്രവചനം ഉല്പത്തി 3:15 ആണ്. ➟അതിനുമുമ്പ് അവനെക്കുറിച്ച് പരാമർശംപോലുമില്ല. ➟ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്.
➦ പ്രവചനനിവൃത്തിയായി എ.എം. 3755-ലാണ് (ബി.സി. 6) യേശുവെന്ന മനുഷ്യൻ മറിയയുടെ മൂത്തമകനായി ജനിക്കുന്നത്: (ലൂക്കൊ, 2:7). ➟അപ്പോൾ മുതലാണ് യേശുവെന്ന വ്യക്തിയുടെ ചരിത്രം ആരംഭിക്കുന്നത്. ➟❛യേസൂസ്❜ (Ἰησοῦς – iēsous) എന്ന പേർപോലും അവൻ ജനിക്കുന്നതിനും ഒൻപത് മാസവും ഒൻപത് ദിവസവും മുമ്പുമാത്രം വെളിപ്പെടുത്തപ്പെട്ടതാണ്: (ലൂക്കൊ, 1:31; മത്താ, 1:21). ➟യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, എ.ഡി. 29-ൽ യോർദ്ദാനിൽവെച്ചാണ് യേശു ക്രിസ്തുവും (അഭിഷിക്തൻ) ദൈവപുത്രനും ആയത്: (യെശ, 61:1; ലൂക്കൊ, 1:32; ലൂക്കൊ, 1:35; ലൂക്കൊ, 3:22; പ്രവൃ, 4:27; പ്രവൃ, 10:38). ➟താൻ ക്രിസ്തു ആയത് അപ്പോഴാണെന്ന് തൻ്റെ പ്രഥമശുശ്രൂഷയിൽ യെശയ്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട് യേശുതന്നെ വ്യക്തമാക്കിയിട്ടുണ്ട്: (യെശ, 61:1-2; ലൂക്കൊ, 4:16-21). ➟മറിയ പ്രസവിക്കുന്നതിനുമുമ്പെ ഇല്ലായിരുന്നവനു് ലോകസ്ഥാപനത്തിന് മുമ്പേ അറുക്കപ്പെടുവാൻ എങ്ങനെ കഴിയും❓
☛ ❝ദൈവം ജഡത്തിൽ വെളിപ്പെട്ടു❞ (𝐆𝐨𝐝 𝐰𝐚𝐬 𝐦𝐚𝐧𝐢𝐟𝐞𝐬𝐭 𝐢𝐧 𝐭𝐡𝐞 𝐟𝐥𝐞𝐬𝐡) (1തിമൊ, 3:16 ⁃⁃ 1Tim. 3:16). ➟ക്രിസ്തു യഹോവയായാ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാണ്. ➟അതായത്, ദൈവം അവതാരം (Incarnation) എടുത്തതോ, വേഷംമാറി വന്നതോ അല്ല; യഹോവ തൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16) കന്യകയിൽ പ്രകൃതൃതീതമായി ഉല്പാദിപ്പിച്ച (മത്താ, 1:20; ലൂക്കൊ, 2:21) ദൂതന്മാരെക്കാൾ അല്പമൊരു താഴ്ചവന്ന (എബ്രാ, 2:9) ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പാപരഹിതനായ (1യോഹ, 3:5) ഏകമനുഷ്യനാണ് യേശുക്രിസ്തു: (റോമ, 5:15). ➟ജഡത്തിൽ വെളിപ്പെട്ടത് ജീവനുള്ള ദൈവമായ പിതാവും; വെളിപ്പാട് പുത്രനുമാണ്: (മത്താ, 16:16 ⁃⁃ യോഹ, 1:18). ➟ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിനായി (1തിമൊ, 3:16), ➤ഏകദൈവമായ യഹോവയുടെയും (ഉല്പ, 3:15⁃⁃എബ്രാ, 2:14-16; ആവ, 18:18⁃⁃പ്രവൃ, 3:22-23) ➤ദൈവപുരുഷനായ മോശെയുടെയും (ആവ, 18:15⁃⁃പ്രവൃ, 7:37) ➤പ്രവാചകന്മാരായ യെശയ്യാവിൻ്റെയും (യെശ, 7:14⁃⁃മത്താ, 1:22-23) ➤മീഖായുടെയും (മീഖാ, 5:2⁃⁃മത്താ, 2:46) പ്രവചനംപോലെ ➤യിസ്രായേലിൽനിന്ന് ഉത്ഭവിച്ചതാണ് (ലൂക്കൊ, 1:35) ➤യേശു എന്നു പേരുള്ള മനുഷ്യൻ: (യോഹ, 9:11⁃⁃യോഹ, 8:40). ➟അതാണ് ദൈവഭക്തിയുടെ മർമ്മവും പിതാവും ക്രിസ്തുവും എന്ന ദൈവമർമ്മവും: [1Tim, 3:16 ⁃⁃ Col, 2:2). ➤[കാണുക: ദൈവഭക്തിയുടെ മർമ്മം, ക്രിസ്തുവിൻ്റെ പുർവ്വാസ്തിത്വവും നിത്യാസ്തിത്വവും,ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
➦ യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത് യഥാർത്ഥത്തിൽ ക്രിസ്തുവിനെയല്ല; ലോകസ്ഥാപനത്തിന്നു മുമ്പെ അല്ലെങ്കിൽ, ലോകസ്ഥാപനംമുതൽ ദൈവം ക്രിസ്തുവിലൂടെ മുൻനിർണ്ണയിച്ചിരുന്ന രക്ഷാകരപ്രവൃത്തിയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ്. (എഫെ, 1:4; കൊലൊ, 1:15; ഉല്പ, 3:15– എബ്രാ, 2:14-15). ➟അതായത്, ഏകദൈവത്തിൻ്റെ വ്യത്യസ്ത വെളിപ്പാടുകളാണ് ക്രിസ്തുയേശു എന്ന മനുഷ്യനും കുഞ്ഞാടും: (1തിമൊ, 2:6; 1തിമൊ, 3:16 ⁃⁃ വെളി, 5:6),
➦ വെളിപ്പാട് പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ അതിൻ്റെ തെളിവുണ്ട്: 22:3. ❝യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. 22:4.അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. 22:5. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟22-3-ൻ്റെ രണ്ടാംഭാഗം: ➤❛ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും.❜ ➟സിംഹാസനം ഒന്നേയുള്ളു (വെളി, 4:2). ➟അതിനാൽ ഏകദൈവവത്തിൻ്റെ തന്നെ വെളിപ്പാടാണ് കുഞ്ഞാടെന്ന് മനസ്സിലാക്കാം. ➟22-3-ൻ്റെ ➟അവസാനഭാഗം: ➤❛അവന്റെ ദാസന്മാർ അവനെ ആരാധിക്കും.❜ ➤അവരുടെ ദാസന്മാരെന്നല്ല; ❛അവൻ്റെ❜ (ഏകവചനം) ദാസന്മാർ ❛അവനെ❜ (പിന്നെയും ഏകവചനം) ആരാധിക്കും. ➟22:4-ൻ്റെ ആദ്യഭാഗം: ❛അവർ അവന്റെ മുഖംകാണും.❜ അവർ അവരുടെയല്ല; അവൻ്റെ (ഏകവചനം) മുഖങ്ങളല്ല; മുഖമാണ് (ഏകവചനം) കാണുന്നത്. ➟22:4-ൻ്റെ ➟അവസാനഭാഗം: ➤❛അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.❜ ➤അവരുടെയല്ല; അവൻ്റെ (ഏകവചനം) നാമങ്ങളല്ല; നാമമാണ് (ഏകവചനം) അവരുടെ (ദാസന്മാർ) നെറ്റിയിൽ ഇരിക്കുന്നത്. ➟ദൈവവും കുഞ്ഞാടും വിഭിന്നരായ വ്യക്തികളോ, ദൈവങ്ങളോ ആണെങ്കിൽ ➤❛അവൻ്റെ, മുഖം, നാമം❜ എന്നിങ്ങനെ ഏകവചനം പറയാതെ, ➤❛അവരുടെ, മുഖങ്ങൾ, നാമങ്ങൾ❜ എന്നിങ്ങനെ ബഹുവചനം പറയുമായിരുന്നു.
➦ മേല്പറഞ്ഞ രണ്ട് വാക്യങ്ങളുടെ തെളിവാണ് അടുത്ത വാക്യം: 22:5. ➤❝ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.❞ ➟ മുകളിലെ രണ്ട് വാക്യത്തിൽ ദൈവവും കുഞ്ഞാടുമെന്ന് പറഞ്ഞതാണ്; ഇപ്പോൾ കുഞ്ഞാടില്ല, ദൈവമായ കർത്താവ് മാത്രമേയുള്ളു. ➟ഇതിൻ്റെ മുമ്പിലത്തെ അദ്ധ്യായത്തിൽ ഇങ്ങനെയാണ്: ➤❝മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.❞ (വെളി, 21:22-23). ➟അവിടെ ദൈവതേജസ്സ് പ്രകാശിപ്പിച്ചു, കുഞ്ഞാട് വിളക്കാകുന്നു എന്നു പറഞ്ഞശേഷം, ➟22:5 വന്നപ്പോൾ കുഞ്ഞാടില്ല; ദൈവമായ കർത്താവാണ് സകലത്തെയും പ്രകാശിപ്പിക്കുന്നത്. ➟ഇതിൻ്റെ പഴയനിയമ ഉദ്ധരണിയും കാണുക: ➤❝ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു. നിന്റെ സൂര്യൻ ഇനി അസ്തമിക്കയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.❞ (യെശ, 60:19-20). ➟അതായത്, ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ പ്രത്യക്ഷതകളുടെ ദൗത്യമെല്ലാം പൂർത്തിയായി കഴിഞ്ഞാൽ, ആ പ്രത്യക്ഷശരീരങ്ങൾ പിന്നെയുണ്ടാകില്ല; യഹോവ മാത്രമേ ഉണ്ടായിക്കയുള്ളൂ. ➤❝യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.❞ (സെഖ, 14:9; പുറ, 15:18 ⁃⁃ വെളി, 19:6).
☛ കുഞ്ഞാട് ആരാധന സ്വീകരിച്ചോ❓
➦ ❝അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു. നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ (വെളി, 5:12-14). ➟ഈ വേദഭാഗത്ത്, കുഞ്ഞാട് ആരാധന സ്വീകരിച്ചതായി പലരും കരുതുന്നു. ➟അവിടെപ്പറയുന്ന പദങ്ങൾ താഴെച്ചേർക്കുന്നു:
☛ വെളിപ്പാടു 5:12:
➦ ❛ശക്തി❜ (dynamis – power), ❛ധനം❜ (ploutos – riches), ❛ജ്ഞാനം❜ (sophia – wisdom), ❛ബലം❜ (ischys – strength), ❛ബഹുമാനം❜ (timē – honour), ❛മഹത്വം❜ (doxa – glory), ❛സ്തോത്രം❜ (eulogia – blessing).
☛ വെളിപ്പാടു 5:13:
➦❛സ്തോത്രം❜ (eulogia – Blessing), ❛ബഹുമാനം❜ (timē – honour), ❛മഹത്വം❜ (doxa – glory), ❛ബലം❜ (kratos – power). ➟ഈ പദങ്ങളൊന്നും യഥാർത്ഥത്തിൽ ആരാധനയെക്കുറിക്കുന്ന പദങ്ങളല്ല.
➦ ❛സ്തോത്രം❜ (blessing) എന്ന പദം ആരാധനയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ❛യൂലോഗീയ❜ (eulogia – Blessing) എന്ന പദത്തിന് ❛ആരാധന❜ (Worship) എന്നല്ല; അനുഗ്രഹം, ആശിർവാദം, പ്രശംസ, നല്ലവാക്ക്, സ്തുതിച്ചുപറയുക എന്നൊക്കയാണ് അർത്ഥം. ➟16 പ്രാവശ്യം ആ പദമുണ്ട്. ഒരിടത്തുപോലും ❛ആരാധന❜ എന്ന അർത്ഥത്തിൽ കാണാൻ കഴിയില്ല.
➦ മേല്പറഞ്ഞ പദങ്ങളൊന്നും ആരാധനയെ കുറിക്കുന്നതല്ല എന്നതിൻ്റെ വ്യക്തമായ തെളിവ് ബൈബിളിലുണ്ട്. കുഞ്ഞാടിനോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ പദങ്ങളും മനുഷ്യരോടുള്ള ബന്ധത്തിലും പറഞ്ഞിട്ടുണ്ട്: ❛ശക്തി ⁃⁃ dynamis❜ (ലൂക്കൊ, 9:1), ❛ധനം ⁃⁃ ploutos❜ (യാക്കോ, 5:2), ❛ജ്ഞാനം ⁃⁃ sophia❜ (ലൂക്കൊ, 21:15; പ്രവൃ, 6:3), ❛ബലം ⁃⁃ ischys❜ (1പത്രൊ, 4:11), ❛ബഹുമാനം/മാനം ⁃⁃ timē❜ (റോമ, 2:10), ❛മഹത്വം ⁃⁃ doxa❜ (റോമ, 2:10), ❛സ്തോത്രം/ അനുഗ്രഹം ⁃⁃ eulogia❜ (ഗലാ, 3:14; എബ്രാ, 12:17; 1പത്രൊ, 3:9). മനുഷ്യരും ആരാധനയ്ക്ക് യോഗ്യരാണെന്ന് പറയാൻ പറ്റുമോ❓
☛ വെളിപ്പാട് 5:14:
❝നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.❞ ➟ഈ വേദഭാഗത്ത്, ❛നമസ്കാരം❜ (worship) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ❛പ്രോസ്കുനേഓ❜ (προσκυνέω – proskyneō) എന്ന പദം ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കുന്നതിനും അഭിന്നമായി ഉപയോഗിക്കുന്ന പദമാണ്. എന്നാൽ ➟സത്യവേപുസ്തകത്തിൻ്റെ പരിഭാഷയിൽ ഒരു പ്രശ്നമുണ്ട്. ➟മൂലഭാഷയിലെ വാക്യംചേർക്കുന്നു: ❝kaí tá téssara zóa élegon, Amín, kaí oi eíkositéssares presvýteroi épesan kaí prosekýnisan zónti eis toús aionas tón aiónon ⁃⁃ And the four beasts said, Amen. And the four and twenty elders fell down and worshipped him that liveth for ever and ever.❞ (Stephanus Textus Receptus 1550 ⁃⁃ Erasmus 1516, Theodore Beza 1598, Elzevir 1624, Scrivener’s 1894, TR NT Variants) ➟മലയാളം BCS പരിഭാഷ ഇപ്രകാരമാണ്: ❝അപ്പോൾ നാല് ജീവികളും, ആമേൻ! എന്നു പറഞ്ഞു; ഇരുപത്തിനാല് മൂപ്പന്മാരും എന്നെന്നേക്കും ഇരിക്കുന്നവനെ വീണു ആരാധിച്ചു.❞ [കാണുക: mlBCS ⁃⁃ ബെഞ്ചമിൻ ബെയ്ലി 1843]. ➟വാക്യം ശ്രദ്ധിക്കുക: ❝കുഞ്ഞാടിനെയല്ല; എന്നെന്നേക്കും ഇരിക്കുന്നവനെയാണ് (ജീവിച്ചിരിക്കുന്നവൻ) (Him who lives forever and ever) നമസ്കരിച്ചത്. ➟എന്നെന്നേക്കും ജീവിച്ചിരിക്കുന്നവൻ കുഞ്ഞാടല്ല; പിതാവാണ്: (വെളി, 4:9-10; വെളി, 10:7; വെളി, 15:7).
➦ പൂർണ്ണമായി ഗ്രീക്കിൽനിന്നും ഇംഗ്ലീഷിലേക്ക് ആദ്യം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തതും അച്ചടിയെന്ത്രത്തിൽ ആദ്യമായി അച്ചടിച്ചതുമായ പുതിയനിയമമാണ് 1526-ലെ William Tyndale Bible. ➟ആ പരിഭാഷ മുതൽ Coverdale Bible 1535, Bishops’ Bible 1568, Geneva Bible 1587, King James Version 1611 പോലുള്ള ആദ്യകാല ഇംഗ്ലീഷ് പരിഭാഷകളിലെല്ലാം പിതാവായ ദൈവത്തെ മാത്രമാണ് നമസ്കരിക്കുന്നത്. ➟മാർട്ടിൻ ലൂഥറിൻ്റെ ബൈബിളും കാണുക: [Luther’s Bible 1545]. ➟പില്ക്കാലത്ത് വന്ന പരിഭാഷകൾ കുഞ്ഞാടിനുംകൂടി ആരാധന ലഭിക്കാൻ ❛എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ❜ വാക്യത്തിൽനിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. [കാണുക: NKJV Footnotes]. ➟കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യനാണ്; എന്നാൽ ആരാധനയ്ക്ക് യോഗ്യനാണെന്ന് വചനം പറയുന്നില്ല: (വെളി, 5:12).
➦ ഈ വാക്യത്തിന് സമാനമായ വെളിപ്പാടിൽത്തന്നെയുള്ള മറ്റൊരു വേദഭാഗം പരിശോധിച്ചാൽ ആരാധന ദൈവത്തിനു് മാത്രമാണെന്ന് മനസ്സിലാക്കാം: ➤❝രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. സകല ദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണു വീണു; ആമേൻ; നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.❞ (വെളി, 7:10-12). ➟ഈ വേദഭാഗം ശ്രദ്ധിക്കുക: ദൈവത്തിൻ്റെയും കുഞ്ഞാടിൻ്റെയും മുമ്പെ ആർക്കുകയും കമന്നുവീഴുകയുമൊക്കെ ചെയ്യുന്നുണ്ട്. ➟എന്നാൽ ❛നമസ്കാരം❜ (Worship) ദൈവത്തിനു് മാത്രമാണ് നൽകുന്നത്.
➦ ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവികളും എന്നേക്കും ജീവിച്ചിരിക്കുന്ന പിതാവിനെ നമസ്കരിക്കുന്ന വേറെയും വാക്യങ്ങളുണ്ട്: ➤❝ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു:❞ (വെളി, 4:10). ➤❝ദൈവസന്നിധിയിൽ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു.❞ (വെളി, 11:16). ➤❝ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ, ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.❞ (വെളി, 19:4). ➟ദൈവവും കുഞ്ഞാടും ഒരുപോലെ ആരാധനയ്ക്ക് യോഗ്യരാണെങ്കിൽ, ഈ വേദഭാഗങ്ങളിൽ കുഞ്ഞിടിനെ ഒഴിവാക്കുമായിരുന്നോ❓
☛ ആരാനധയ്ക്ക് യോഗ്യൻ:
➦ ആരാധനയ്ക്ക് യോഗ്യൻ ഏകസ്രഷ്ടാവായ യഹോവ മാത്രമാണ്. വെളിപ്പാടിൽത്തന്നെ അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ❝ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ എന്നു അവൻ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു.❞ (വെളി, 14:7 ⁃⁃ വെളി, 4:8-11). ➟ഈ വേദഭാഗത്ത്, സ്രഷ്ടാവായ ദൈവത്തെ നമസ്കരിപ്പാൻ (Worship) വ്യക്തമായി പറയുന്നത് നോക്കുക.
➦ ക്രിസ്തുവോ, കുഞ്ഞാടോ ഒരു പുൽക്കൊടിപോലും സൃഷ്ടിച്ചതായി വചനം പറയുന്നില്ല. ➟തനിക്ക് സൃഷ്ടിയിൽ യാതൊരു പങ്കുമില്ലെന്ന് ദൈവപുത്രൻതന്നെ അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്: (മത്താ, 19:4). ➤[കാണുക: യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്, ദൈവപുത്രനായ യേശു സ്രഷ്ടാവാണോ?]
☛ അവനെ ❛മാത്രം❜ ആരാധിക്കണം:
➦ ഇനി, സ്വർഗ്ഗത്തിലും ഭൂമിയിലും ആർക്കും ഖണ്ഡിക്കാൻ കഴിയാത്ത ഒരു തെളിവുതരാം: തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ യേശുവിനെ സമീപിച്ചപ്പോൾ അവൻ പറഞ്ഞത് ഇപ്രകാരമാണ്: ➤❝സാത്താനേ, എന്നെ വിട്ടുപോ; ❛നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു❜ എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.❞ (മത്താ, 4:10; ലുക്കൊ, 4:8). ➟ഈ വേദഭാഗത്ത് ആദ്യം ഉപയോഗിച്ചിരിക്കുന്നത്, ദൈവത്തെ ആരാധിക്കാനും മനുഷ്യരെ ആചാരപരമായി നമസ്കരിക്കാനും അഭിന്നമായി ഉപയോഗിക്കുന്ന ❛proskyneō❜ (προσκυνέω) എന്ന പദമാണ്. ➟അടുത്തപദം, ദൈവത്തെ മാത്രം ആരാധിക്കാൻ ഉപയോഗിക്കുന്ന ❛latreuō❜ (λατρεύω) എന്ന പദമാണ്. ➟ ദൈവത്തിനു് മാത്രം ഉപയോഗിക്കുന്ന ❛latreuō❜ എന്ന പദം വെളിപ്പാടിൽ രണ്ടുപ്രാവശ്യമുണ്ട്. ➟❛proskyneō❜ (Worship) എന്ന പദം 26 പ്രാവശ്യമുണ്ട്. ➟ആ പദവും ഒരിക്കൽപ്പോലും കുഞ്ഞാടിനു് ഉപയോഗിച്ചിട്ടില്ല..
➦ ❛അവനെ മാത്രം ആരാധിക്കണം❜ എന്ന് പറയാൻ ഗ്രീക്കിൽ, ❛autō monō latreuseis❜ (αὐτῷ μόνῳ λατρεύσεις) എന്നാണ്. ഈ ഗ്രീക്ക് പ്രയോഗത്തിൻ്റെ ഇംഗ്ലീഷിലെ അർത്ഥം: ❛Worship him only❜ or ❛You shall worship Him alone❜ എന്നാണ്. ➟പഴയനിയമത്തിൽനിന്ന് പിതാവായ യഹോവയെക്കുറിച്ചുള്ള വചനങ്ങൾ എടുത്ത് സാത്താനു് മറുപടികൊടുത്തുകൊണ്ട് വന്നിട്ടാണ്, ❛അവനെ (യഹോവയെ) മാത്രം ആരാധിക്കണം❜ എന്ന് ക്രിസ്തു അവനോട് ഖണ്ഡിതമായി പറയുന്നത്: (ആവ, 8:3 ⁃⁃ മത്താ, 4:4; ആവ, 6:16 ⁃⁃ മത്താ, 4:7; ആവ, 6:13 ⁃⁃ മത്താ, 4:10). ➟ലൂക്കൊസിലും ഇതുകാണാം: (ലൂക്കൊ, 4:4; 4:8; 4:12). ➤❝പിതാവിനെ ❛മാത്രം❜ ആരാധിക്കണം❞ എന്നതിലെ ❛മാത്രം❜ (Only) പറയാൻ ഉപയോഗിച്ചിരിക്കുന്നത് ❛മോണോസ്❜ (Mónos) എന്ന പദമാണ്. ➟ഇത് പഴയനിയമത്തിലെ ❛യാഹിദ്❜ (Yahid) എന്ന പദത്തിനു് തുല്യമായ ഗ്രീക്കുപദമാണ്. ➤❛മാത്രം❜ (Only), ➤❛ഒരേയൊരുവൻ❜ (The Only One) എന്ന അർത്ഥമാണ് മോണോസിനുള്ളത്. ➟ആ പദംകൊണ്ടാണ്, ➤❛പിതാവായ യഹോവയെ മാത്രം (Only) ആരാധിക്കണം❜ എന്ന് ക്രിസ്തു പഠിപ്പിച്ചത്. ➤❛പിതാവിനെ മാത്രം ആരാധിക്കണം❜ എന്ന് ക്രിസ്തു പഠിപ്പാൽ, ➟പിന്നെ സ്വർഗ്ഗത്തിലും ഭൂമിയിലും മറ്റൊരുത്തനും ആരാധനയ്ക്ക് യോഗ്യനല്ലെന്നാണ് അർത്ഥം. ➟അവൻ്റെ വാക്കുകൾ അന്തിമമാണ്; അതിനു് മുകളിൽ പിന്നെയൊരു അപ്പീലില്ല. ➟യേശുക്രിസ്തുവിൻ്റെ വാക്കുകൾ വിശ്വസിക്കാൻ മടിയുള്ളവർ ഇനിയുമധികം ശിക്ഷാവിധി വരാതിരിക്കാൻ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. ➤[കാണുക: ആരെയാണ് ആരാധിക്കേണ്ടത്?, ക്രിസ്തുവും സാത്താനും]