ഓബദ്യാവ്

ഓബദ്യാവിന്റെ പുസ്തകം (Book of Obadiah)

പഴയനിയമത്തിലെ മപ്പത്തിയൊന്നാമത്തെ പുസ്തകവും, ഏറ്റവും ചെറിയ പുസ്തകമാണ് ഓബദ്യാവ്. എബ്രായ ബൈബിളിൽ പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ ആമോസിനും യോനയ്ക്കുമിടയ്ക്ക് നാലാമതായി ചേർത്തിട്ടുണ്ട്. മലയാളത്തിലും ഇതു തന്നെയാണ് ക്രമം. എന്നാൽ സെപ്റ്റാജിന്റിൽ അഞ്ചാമതാണ് ഓബദ്യാവിന്റെ സ്ഥാനം; യോവേലിനു ശേഷവും യോനയ്ക്കു മുമ്പും. 

ചരിത്ര പശ്ചാത്തലം: ആഹാബിന്റെ കാലത്ത് ഓബദ്യാവു ജീവിച്ചിരുന്നതായി ബാബിലോണിയൻ തലമൂദ് പറയുന്നു. ആഹാബിന്റെ ഗ്യഹവിചാരകനായ ഓബദ്യാവിനെയാണ് പ്രവചന കർത്താവായി അവർ കണ്ടത്. എബ്രായ ബൈബിളിലെ പുസ്തകങ്ങളുടെ ക്രമമനുസരിച്ച് പ്രവാസപൂർവ്വ പ്രവാചകന്മാരുടെ ഗണത്തിൽ ഓബദ്യാവിനെ ഉൾപ്പെടുത്തിയിരിക്കുന്നു. ‘കീൽ’ തുടങ്ങിയ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഓബദ്യാ പ്രവചനത്തിന്റെ പശ്ചാത്തലം യെഹോരാമിന്റെ വാഴ്ചക്കാലത്തു അറേബ്യരും ഫെലിസ്ത്യരും യെഹൂദയുടെമേൽ നടത്തിയ ആക്രമണമാണ്. (2ദിന, 21:16-17, യോവേ, 3:3-6, ആമോ, 1:6). അക്കാലത്ത് ഏദോമ്യർ യെഹൂദയോട് ശത്രുത്വം പുലർത്തിയിരുന്നു. (2രാജാ, 8:20-22, 2ദിന, 21:8-20). ആമോസ് പ്രവാചകനും യിരെമ്യാ പ്രവാചകനും ഓബദ്യാവിന്റെ പ്രവചനത്തോട് അടുപ്പം കാണിക്കുന്നുണ്ട്. ആഹാസ് രാജാവിന്റെ കാലത്തുണ്ടായ ഏദോമ്യ ആക്രമണമാണ് (2ദിന, 28:17) പ്രവചനത്തിന്റെ പശ്ചാത്തലമെന്നു ഡേവിസ് തുടങ്ങിയവർ വാദിക്കുന്നു.  

അധികം പണ്ഡിതന്മാരും പ്രവചനത്തിന്റെ പശ്ചാത്തലം നെബുഖദ്നേസറിന്റെ യെരുശലേം ആക്രമണം ആണെന്നു കരുതുന്നു. ബി.സി. 587-ൽ കല്ദയർ യെരൂശലേം പിടിച്ചടക്കി. ഈ സംഭവത്തിന്റെ വ്യക്തമായ ചിത്രം ഓബദ്യാവ് 11-14-ൽ ഉണ്ട്.. ഏദോമ്യർ പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടുള്ള യെരുശലേം ആക്രമണം ഇതൊന്നു മാത്രമാണ്. (സങ്കീ, 137:7). യെരൂശലേമിന്റെ പതനത്തിൽ സംഭവിച്ച കഷ്ടതകളെക്കുറിച്ചുള്ള വ്യക്തമായ വിവരണം ഈ പ്രവചനത്തിലുണ്ട്. ഓബദ്യാവിന്റെ ഉത്തരഭാഗം പ്രവാസാനന്തരപശ്ചാത്തലം ചൂണ്ടിക്കാണിക്കുന്നതായി കരുതുന്നവരുണ്ട്. ഏദോമ്യർ സ്വദേശത്തു നിന്ന് ഭ്രഷ്ടരാക്കപ്പെട്ടതായി ഏഴാം വാക്യം സൂചിപ്പിക്കുന്നു. യെരൂശലേമിന്റെ പതനത്തിനു ശേഷം അറബികളുടെ സമ്മർദ്ദംമൂലം ഏദോമ്യർ നെഗീവിലേക്കു കടന്നു. ഈ പ്രദേശം തുടർന്നു ഇദമ്യ എന്നറിയപ്പെട്ടു. ഒരു ജാതി എന്ന നിലയിൽ ഭാവിയിൽ ഏദോമ്യർ തുടച്ചുനീക്കപ്പെടുന്നതിനെ 8-10 വാക്യങ്ങൾ കാണിക്കുന്നു. മക്കാബിയരുടെ കാലത്താണ് ഈ പ്രവചനം പൂർണ്ണമായും നിറവേറിയത്. 19-20 വാക്യങ്ങളിൽ പറഞ്ഞിട്ടുള്ളതനുസരിച്ചു യെഹൂദന്മാരുടെ കൈവശത്തുള്ള പ്രദേശം യെരുശലേമിനു ചുറ്റും ഉള്ളതാണ്. ഈ പ്രവചനത്തിൽ വ്യക്തമായി ചൂണ്ടിക്കാണിക്കപ്പെടാവുന്ന ഒടുവിലത്തെ കാലം അഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യമാണ്. ഇത് മാലാഖി പ്രവചനത്തിന്റെ കാലമാണ്. 

മറ്റു പ്രവചനങ്ങളോടുള്ള സാമ്യം: ഏദോമിന്റെ ന്യായവിധിയും നാശവുമാണ് ഓബദ്യാ പ്രവചനത്തിന്റെ പ്രമേയം. ഏദോമിന്റെ നാശം മുന്നറിയിച്ചിട്ടുള്ള മറ്റു പ്രവചന ഭാഗങ്ങൾ താഴെപ്പറയുന്നവയാണ്. (യെശ, 34:5-17, 63:1-6, യിരെ, 49:7-22, വിലാ, 4:2-22, യെഹെ, 26:12-14, യോവേ, 3:19, ആമോ, 1:11-12). ഓബദ്യാവ് 1-9-നും യിരെമ്യാവ് 49:7-22-നും തമ്മിൽ ഏറെ സാമ്യമുണ്ട്. ഓബദ്യാവിലെ ക്രമം യിരെമ്യാവിലെ ക്രമത്തെക്കാൾ മെച്ചമാണ്. ഓബദ്യാവിലെ ഭാഷ ശക്തവും സംക്ഷിപ്തിവുമാണ്. യിരെമ്യാവിൽ വിപുലീകരണം വിഷയത്തിന്റെ തീവതയെ ലഘുവാക്കുന്നു. ഈ രണ്ടു പ്രവചനങ്ങൾക്കും തമ്മിലുള്ള സാമ്യത്തിനു കാരണം ഒരു പൂർവ്വപ്രവചനത്തിൽ നിന്നു പൊതുവായ അംശങ്ങൾ ഓബദ്യാവും യിരെമ്യാവും ആദാനം ചെയ്തതാണെന്നു ‘ഈവാൾഡു’ (Ewald) ചൂണ്ടിക്കാണിക്കുന്നു. ഓബദ്യാവു വളരെക്കുറച്ചു മാറ്റങ്ങളോടുകൂടി പ്രാക്പ്രവചനത്തെ സ്വീകരിച്ചപ്പോൾ യിരെമ്യാവു സേച്ഛാനുസാരം അതിനെ മാറ്റി. എന്നാൽ യിരെമ്യാവു ഓബദ്യാവിനെയോ, ഓബദ്യാവു യിരെമ്യാവിനെയോ ഉപജീവിച്ചു എന്നു കരുതുന്നവരും കുറവല്ല. ഓബദ്യാ പ്രവചനത്തിലും യോവേൽ പ്രവചനത്തിലും കാണപ്പെടുന്ന ചില പൊതു ശൈലികളുണ്ട്. (ഓബ, 10=യോവേ, 3:19, ഓബ, 11=യോവേ, 3:3, ഓബ, 15=യോവേ, 1:15, 2:1,3:4,7,14, ഓബ, 18=യോവേ, 3:8). ‘യഹോവ അരുളിചെയ്തതു പോലെ’ എന്ന പ്രയോഗത്തിലൂടെ താൻ ഓബദ്യാവ് 17 ഉദ്ധരിക്കുകയാണെന്ന് യോവേൽ 2:32 സൂചിപ്പിക്കുകയാകണം. ഇതിൽ നിന്നും യോവേലിന്റെ മുൻഗാമിയാണ് ഓബദ്യാവെന്നും ഓബദ്യാവു യോവേലിനെ സ്വാധീനിച്ചു എന്നും മനസ്സിലാക്കാവുന്നതാണ്.

തന്റെ വാക്കുകൾ ദൈവത്തിന്റെ അരുളപ്പാടാണെന്ന്  പ്രവാചകൻ നാലുപ്രാവശ്യം രേഖപ്പെടുത്തിയിട്ടുണ്ട്. (1,4,8,18). ഈ പ്രവചനത്തിന്റെ പ്രധാനസന്ദേശം ദൈവിക ന്യായവിധിയാണ്. ജാതികളെ ദൈവം വിധിക്കുന്നു. ശിക്ഷ അനുഭവിക്കുന്ന യിസ്രായേലിനു നേരെ കാട്ടിയ ക്രൂരതയ്ക്ക് ഏദോം ശിക്ഷിക്കപ്പെടണം. ഒടുവിലായി എല്ലാ ജാതികളെയും യഹോവയുടെ നാളിൽ യഹോവ ന്യായം വിധിക്കും. (15). രാജത്വം യഹോവയ്ക്ക് ആകും. (ഓബ, 21, വെളി, 11:15). ചരിത്രത്തിന്റെ ആത്യന്തിക ലക്ഷ്യം ദൈവരാജ്യസ്ഥാപനമാണ്.

പ്രധാന വാക്യങ്ങൾ: 1. “നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.” ഓബദ്യാവു 1:4.

2. “നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല.” ഓബദ്യാവു 1:12.

3. “സകലജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽ തന്നേ മടങ്ങിവരും.” ഓബദ്യാവു 1:15.

ഉള്ളടക്കം: 1. ഏദോമിന്റെ നാശത്തെക്കുറിച്ചുള്ള പ്രവചനം: 1-9. 

2.ഏദോമിന്മേലുള്ള ശിക്ഷാവിധിക്കു കാരണം: 10-14. 

3. ഏദോമിന്മേലും മറ്റു ജാതികളുടെമേലും ഉള്ള ശിക്ഷാവിധി: 15-16. 

4. യിസ്രായേലിന്റെ യഥാസ്ഥാപനം: 17-21.

Leave a Reply

Your email address will not be published. Required fields are marked *