എഫ്രയീം

എഫ്രയീം (Ephraim)

പേരിനർത്ഥം – ഫലപൂർണ്ണം

യാക്കോബിന്റെ പുത്രനായ യോസേഫിന്റെയും ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിന്റെയും ഇളയമകൻ. (ഉല്പ, 41:50-52). യോസേഫ് മുന്നറിയിച്ച സപ്തവത്സര സമൃദ്ധിയുടെ കാലത്തായിരുന്നു എഫ്രയീം ജനിച്ചത്. എഫ്രയീമിന്റെ ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ള സംഭവം യാക്കോബിൽനിന്ന് അനുഗ്രഹം പ്രാപിക്കുന്നതാണ്. ജ്യേഷ്ഠൻ മനശ്ശെ ആണങ്കിലും യാക്കോബ് ജ്യേഷ്ഠാവകാശം നല്കിയത് എഫ്രയീമിനാണ്. അങ്ങനെ അനുഗ്രഹത്തിലുടെ ജന്മാവകാശം എഫ്രയീമിനു ലഭിച്ചു. (ഉല്പ, 48:17-19). യാക്കോബിന്റെ ചരിത്രത്തിന്റെ പ്രതിഫലനം ഇവിടെ കാണാൻ കഴിയും. അനുജനായ യാക്കോബ് പിതാവിനെ കബളിപ്പിച്ചാണ് ജ്യേഷ്ഠാവകാശം നേടിയത്. യോസേഫ് മരിക്കുന്നതിനു മുമ്പ് എഫയീമ്യകുടുബം മൂന്നാം തലമുറയിലെത്തിക്കഴിഞ്ഞു. (ഉല്പ, 50:23). എഫയീമിന്റെ സന്തതികൾ ഗത്യരുടെ കന്നുകാലികൾ മോഷ്ടിക്കാൻ പോയി. ഗത്യർ അവരെ കൊന്നു. തന്റെ കുടുംബത്തിനു സംഭവിച്ച അനർത്ഥംത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് അക്കാലത്തു ജനിച്ച തന്റെ പുത്രന് എഫ്രയീം ബെരീയാവു എന്നു പേരിട്ടു. (1ദിന, 7:21-23).

എഫ്രയീം ഗോത്രം: എഫ്രയീമിന്റെ വംശപരമ്പര യിസ്രായേൽ ഗോത്രങ്ങളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു. യിസായേല്യ ചരിത്രത്തിൽ ഒരു പ്രധാനസ്ഥാനം കരസ്തമാക്കുവാൻ എഫ്രയീമിനു സാധിച്ചു. സീനായി മരുഭൂമിയിൽ വച്ച് ജനസംഖ്യയെടുത്തപ്പോൾ 40,500 പേർ ഉണ്ടായിരുന്നു. ജനസംഖ്യയിൽ പത്താം സ്ഥാനം എഫ്രയീം ഗോത്രത്തിനായിരുന്നു. (സംഖ്യാ, 1:32,33; 2:19). രണ്ടാമത്തെ ജനസംഖ്യയെടുപ്പിൽ എഫ്രയീമ്യരുടെ എണ്ണം 32,500 ആയി കുറഞ്ഞ് പതിനൊന്നാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. (സംഖ്യാ, 26:37). എഫ്രയീമിന്റെ സന്തതി ഒരു ജനസമൂഹമായിതീരുമെന്ന യാക്കോബിന്റെ അനുഗ്രഹം അക്ഷരാർത്ഥത്തിൽ നിറവേറി. (ഉല്പ, 48:19,20). മരുഭൂമി പ്രയാണത്തിൽ യോസേഫിന്റെ പുത്രന്മാരുടെയും ബെന്യാമീന്റെയും സ്ഥാനം സമാഗമന കൂടാരത്തിനു പടിഞ്ഞാറു വശത്തായിരുന്നു. (സംഖ്യാ, 2:18-24). എഫ്രയീമിന്റെ പ്രഭു അമ്മീഹൂദിന്റെ മകൻ എലീശാമാ ആയിരുന്നു. (സംഖ്യാ, 1:10). എഫ്രയീമിന്റെ കൊടി ഒരു സുവർണ്ണ പതാക ആയിരുന്നുവെന്നു റബ്ബിമാർ പറയുന്നു. ഈ പതാകയിൽ ഒരു കാളക്കുട്ടിയുടെ തല ചിത്രണം ചെയ്തിരുന്നു. ദേശം ഒറ്റുനോക്കുവാൻ പോയവരിൽ എഫ്രയീം ഗോത്രത്തിന്റെ പ്രതിനിധി നൂന്റെ മകനായ ഹോശേയ ആയിരുന്നു. ഹോശേയയുടെ പേർ മോശെ യോശുവ എന്നു മാറ്റി. (സംഖ്യാ, 13:). ഈ യോശുവയാണ് കനാൻദേശവിഭജനത്തിനു നേതൃത്വം വഹിച്ചത്. ദേശവിഭജനത്തിൽ എഫ്രയീം ഗോത്രത്തിനു ഒരുനല്ല പ്രദേശം അവകാശമായി ലഭിച്ചു. എഫ്രയീം ഗോത്രത്തിന്റെ അതിരുകൾ യോശുവ 16-ാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഉദ്ദേശം 65 കി.മീ. നീളവും വടക്കുതെക്ക് 10 കി.മീ. മുതൽ 40 കി.മീ. വരെ വിതിയും ഉള്ള പ്രദേശമായിരുന്നു എഫ്രയീമിനു ലഭിച്ചത്. അവരുടെ അവകാശം മെഡിറ്ററേനിയൻ സമുദ്രം മുതൽ യോർദ്ദാൻവരെ വ്യാപിച്ചിരുന്നു. എഫ്രയീമിനു വടക്കു മനശ്ശെയും തെക്കു ബെന്യാമീനും ദാനുമായിരുന്നു. (യോശു, 16:5, 18:7; 1ദിന, 7:28,29). എഫ്രയീമ്യരും മനശ്ശെയരും കിട്ടിയ ഓഹരിയിൽ സംതൃപ്തരായിരുന്നില്ല. ചുറ്റുമുള്ള മലമ്പ്രദേശങ്ങളും വനപ്രദേശങ്ങളും പിടിച്ചടക്കിക്കൊള്ളാൻ യോശുവ അവരോടു പറഞ്ഞു. (യോശു, 17:14-18).

തുടക്കം മുതലേ എഫ്രയീം ഗോത്രത്തിനു ഒരു പ്രധാനസ്ഥാനം ഉണ്ടായിരുന്നു. എഫ്രയീമിലെ ശീലോവിലായിരുന്നു സാമാഗമനകൂടാരം സ്ഥാപിച്ചിരുന്നത്. (യോശു, 18:1). ഇത് എഫ്രയീം ഗോത്രത്തിന്റെ സ്വാധീനം വർദ്ധിക്കുന്നതിനു കാരണമായി. കനാന്യരെ തങ്ങളുടെ പ്രദേശത്തുനിന്നു നീക്കിക്കളയുവാൻ എഫ്രയീമിനു കഴിഞ്ഞില്ല. (ന്യായാ, 1:29). അനന്തരകാലത്ത് സീസെരയെ തോല്പിക്കുന്നതിന് എഫ്രയീമിനുണ്ടായിരുന്ന പങ്കിനെ ദെബോര പുകഴ്ത്തി. (ന്യായാ, 5:14). മിദ്യാന്യരോടു യുദ്ധം ചെയ്യുവാൻ തങ്ങളെ വിളിക്കാത്തതിനെപ്പറ്റി അവർ ഗിദെയോനോടു പരാതിപ്പെട്ടു. ഒരു മുഖസ്തുതികൊണ്ടാണ് ഗിദെയോൻ അവരെ സമാധാനപ്പെടുത്തിയത്, ‘അബീയേരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാലാ പെറുക്കയല്ലയോ നല്ലതു?’ (ന്യായാ, 8:2). അമ്മോന്യരോടു യുദ്ധം ചെയ്യാൻ പോയപ്പോൾ തങ്ങളുടെ സഹായം അവശ്യപ്പെടാത്തതുകൊണ്ട് യിഫ്താഹിനോടു അവർ ധൃഷ്ടമായി സംസാരിച്ചു. എന്നാൽ യിഫ്താഹ് അവരെ ആക്രമിച്ച് അനേകം പേരെ കൊന്നു. (ന്യായാ, 12:1-6). ശമൂവേൽപ്രവാചകൻ എഫയീമ്യനായിരുന്നു. (1ശമൂ, 1:1). പ്രാരംഭത്തിൽ ദാവീദിന്റെ അധികാരത്തിന്നു വിധേയപ്പെടുവാൻ എഫയീമ്യർ വിസമ്മതിച്ചു. ശൗലിന്റെ മരണശേഷം ഈശ്-ബോശെത്തിനെ എഫ്രയീം ഉൾപ്പെടെയുള്ള വടക്കൻ ഗോത്രങ്ങൾക്ക് അബ്നേർ രാജാവാക്കി. (2ശമൂ, 2:8,9). ഈശ്-ബോശെത്തിന്റെ മരണശേഷം അവരിൽ അനേകം പേർ ദാവീദിനോടു ചേർന്നു. ഇടയ്ക്കിടെ യെഹൂദയോടുള്ള അവരുടെ ഈർഷ്യ പൊട്ടിപ്പുറപ്പെട്ടിരുന്നു. (1ദിന, 12:30; സങ്കീ, 60:7). 

ദാവീദിന്റെ കാലത്ത് എഫ്രയീമിനു പ്രത്യേക തലവനുണ്ടായിരുന്നു. (1ദിന, 27:20). ശലോമോന്റെ കാലത്ത് രാജഗൃഹത്തിനു ഭോജന പദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കാൻ എഫ്രയീം മലനാട്ടിൽ ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നു. (1രാജാ, 4:8). ശലോമോന്റെ ഭരണകാലത്ത് തെക്കെരാജ്യം ഐശ്വര്യത്തിന്റെയും പ്രതാപത്തിന്റെയും ഉച്ചകോടിയിലെത്തി. എന്നാൽ വടക്ക് അസംതൃപ്തി വളർന്നു വരികയായിരുന്നു. എഫ്രയീമ്യനായ യൊരോബെയാം ആയിരുന്നു ശലോമോനോടുള്ള എതിർപ്പിനു നേതൃത്വം നല്കിയത്. ശലോമോന്റെ മരണശേഷം യിസ്രായേൽ യെഹൂദാ, യിസ്രായേൽ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. ഉത്തരരാജ്യമായ യിസ്രായേലിന്റെ പ്രധാന അവലംബം എഫ്രയീം ആയിരുന്നു. വടക്കെ രാജ്യം എഫ്രയീം എന്ന പേരിൽത്തന്നെ അറിയപ്പെട്ടു. എഫ്രയീം യെഹൂദയോടു ചേരുന്നത് പ്രവാചകന്മാരുടെ പ്രതീക്ഷയായിരുന്നു. അതിലൂടെ മാത്രമേ യിസ്രായേലിന്റെ മഹത്വം നിറവേറു എന്നവർ കരുതി. (യെശ, 7;2; 11:13; യെഹെ, 37:15-22). പ്രവാസാനന്തരം എഫ്രയീമ്യർ യെരൂശലേമിൽ പാർത്തു. (1ദിന, 9:3).

Leave a Reply

Your email address will not be published. Required fields are marked *