ഈസോപ്പ്
ഈസോപ്പു ചെടിയായി പൊതുവെ കരുതപ്പെടുന്നത് സിറിയൻ മാർജോരം എന്നറിയപ്പെടുന്ന ഒരു ചെടിയാണ്. ഇത് 20-30 സെ.മീ. ഉയരത്തിൽ വളരും. ഇവയുടെ ഇല സൗരഭ്യവും ചാരനിറവും ഉള്ളതാണ്. ഈസോപ്പു ചെടി വരണ്ട പാറപ്രദേശങ്ങളിൽ വളരുന്നു. 1രാജാക്കന്മാർ 4:33-ൽ പറയപ്പെടുന്നത് പന്നയുടെ വർഗ്ഗത്തിലുള്ളതും പഴയ ചുവരുകളുടെ വിള്ളലുകളിൽ വളരുന്നതുമായ ഒരു മുള്ളൻ കുറ്റിച്ചെടിയാണ്. ഇതിന് നല്ല തണ്ടും വലിയ വെളുത്ത പുഷ്പങ്ങളുമുണ്ട്. പുളിച്ച വീഞ്ഞു നിറച്ച സ്പോങ്ങ് വച്ച ഓടത്തണ്ട് ഈസോപ്പു തണ്ടാണെന്നു വിചാരിക്കാൻ നിർവ്വാഹമില്ല. (മത്താ, 27:48; മർക്കൊ, 15:36, യോഹ, 19:29). ഇവിടെ ഈസോപ്പു തണ്ട് വിവർത്തനപ്പിശകായിരിക്കണം; അല്ലെങ്കിൽ മറ്റെന്തെങ്കിലും വിവക്ഷ ഉണ്ടായിരിക്കണം. ചില യാഗങ്ങളിൽ അപരാധിയുടെമേൽ യാഗരക്തം തളിക്കുന്നത് ഈസോപ്പിൽ മുക്കിയാണ്. ഈസോപ്പിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ആദ്യത്തെരേഖ പുറപ്പാടിനോടുള്ള ബന്ധത്തിലാണ്. പെസഹകുഞ്ഞാടിന്റെ രക്തം ഈസോപ്പിൽ മുക്കി കട്ടളപ്പടിമേൽ തേച്ചു. “ഈസോപ്പു ചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറുമ്പടിമേലും കട്ടളക്കാൽ; രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിനു പുറത്തിറങ്ങരുത്. (പുറ, 12:22). കുഷ്ഠരോഗികളുടെ ശുദ്ധീകരണത്തിനും കുഷ്ഠബാധയുള്ള വീട്ടിൽ രക്തം തളിക്കുന്നതിനും ഈസോപ്പ് ഉപയോഗിച്ചിരുന്നു. (ലേവ്യ, 14:4-7, 48-53). ചുവന്ന പശുക്കിടാവിന്റെ യാഗത്തിൽ ഈസോപ്പ് ഉപയോഗിച്ചിരുന്നു. (സംഖ്യാ, 19:2-6; എബ്രാ, 9:19). ശലോമോൻ രാജാവിന് ലഭിച്ചിരുന്ന വൃക്ഷജ്ഞാനത്തിന്റെ വിശാലതയെ വ്യക്തമാക്കുന്നതിന് ‘”ലെബാനോനിലെ ദേവദാരു മുതൽ ചുവരിന്മേൽ മുളയ്ക്കുന്ന ഈസോപ്പുവരെ” എന്നാണ്. പറഞ്ഞിട്ടുള്ളത്. (1രാജാ, 4:33). പൊക്കംകൂടിയ ദേവദാരുവും ഏറ്റവും ചെറിയ ഈസോപ്പും സസ്യലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്നു. ഈസോപ്പിന്റെ ശുദ്ധീകരണ ഗുണം പ്രസിദ്ധമാണ്. ഞാൻ നിർമ്മലനാകേണ്ടതിനു് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ എന്ന് ദാവീദ് പ്രാർത്ഥിക്കുന്നു. (സങ്കീ, 51:7).