❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞
(യെശയ്യാവ് 7:14-16)
☛ ഇമ്മാനുവേൽ ദൈവമാണോ?
➦ ഇമ്മാനൂവേൽ ദൈവമാണെന്ന് ട്രിനിറ്റിയും വൺനെസ്സും വിചാരിക്കുന്നു. ❛ഇമ്മാനൂവേൽ❜ എന്ന നാമം ബൈബിളിൽ മൂന്നുപ്രാവശ്യമുണ്ട്. ➟മൂന്നുപേരുമായി ബന്ധപ്പെട്ട് ആ നാമം പറഞ്ഞിട്ടുമുണ്ട്. ➟അതിൽ ഒന്നാമൻ ഒരു രാജാവാണ്. ➟രണ്ടാമൻ ഒരു സമൂഹമാണ്. ➟മൂന്നാമൻ നമ്മുടെ കർത്താവായ യേശുവാണ്. ➟ഒന്നാമനോടായിരുന്നു ഇമ്മാനുവേലിനെക്കുറിച്ചുള്ള യഥാർത്ഥ പ്രവചനം. ➟അല്ലെങ്കിൽ, ❛ഇമ്മാനൂവേൽ❜ എന്ന് പേർ വിളിക്കപ്പെടുവാനുള്ള ഒരു ശിശുവിൻ്റെ അടയാളം കൊടുത്തത് ഒന്നാമനാണ്. ➟രണ്ടാമൻ ❛ഇമ്മാനൂവേലേ❜ എന്ന് പ്രവാചകനാൽ വിളിക്കപ്പെട്ടവനാണ്. ➟മൂന്നാമനായ നമ്മുടെ കർത്താവിൽ ആ പ്രവചനം ആത്മീയമായി നിവൃത്തിയാകുകയാണ് ചെയ്തത്. ➟ഇതിൽ ആരാ ദൈവം? ➟ഇമ്മാനൂവേൽ ദൈവമല്ല; ❛ദൈവം നമ്മോടുകൂടെ❜ എന്നത് ആ പേരിൻ്റെ അർത്ഥമാണ്. ➟എബ്രായനാമങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവർ വിശ്വാസികളെ വഞ്ചിക്കുന്നത് ഇങ്ങനെയാണ്. ➟ഇമ്മാനൂവേൽ ദൈവമാണെന്ന് പറയുന്നവരെ സമ്മതിക്കണം!
☛ ദൈവം നമ്മോടുകൂടെ:
➦ ❛ദൈവം നമ്മോടുകൂടെ❛ (God with us) എന്നർത്ഥമുള്ള ❛ഇമ്മാനുവേൽ❜ (עִמָּנוּאֵל – Immanuel) എന്ന സംജ്ഞാനാമം (Proper noun) പഴയനിയമത്തിൽ രണ്ടുപ്രാവശ്യം കാണാം: (യെശ, 7:14; യെശ, 8:8). ➟യെശയ്യാവിൻ്റെ രണ്ട് വാക്യത്തിൽ ഒന്നാമത്തേത്, ജനിക്കുവാനുള്ള കന്യകയുടെ മകനു് നല്കപ്പെടേണ്ടിയിരുന്ന സംജ്ഞാനാമമാണ് (Proper noun). ➟രണ്ടാമത്തേത്, യെഹൂദന്മാരുടെ പ്രതീകാത്മകനാമമാണ് (Symbolic Name). ➟യെശയ്യാവിൻ്റെ പ്രഥമപ്രവചനം, ആഹാസ് രാജാവിനോടായിരുന്നു. ➟അവൻ്റെ ദ്വിതീയപ്രവചനം, യെഹൂദദേശത്തിലെ നിവാസികളോടായിരുന്നു. ➟ആദ്യപ്രവചനത്തിൽ ❛ഇമ്മാനുവേൽ❜ ഒരടയാളമായിരുന്നു. ➟അനന്തരപ്രവചനത്തിൽ ❛ഇമ്മാനൂവേലേ❜ എന്ന് യെഹൂദന്മാരെ പ്രവാചകൻ പ്രതീകാത്മകമായി സംബോധന ചെയ്യുകയാണ്. ➟അതിൽ ആദ്യത്തെ പ്രവചനം, നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ ജനനത്തോടുള്ള ബന്ധത്തിൽ നിവൃത്തിയായതായി പറഞ്ഞിട്ടുണ്ട്: ➤❝കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ (Ἐμμανουήλ – emmanouel) എന്നു പേർ വിളിക്കും❞ എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു. (മത്താ, 1:22-23). ➟യഥാർത്ഥത്തിൽ (ചരിത്രപരമായി) ഈ പ്രവചനം യേശുവിനോടോ, അമ്മയായ മറിയയോടോ ഉള്ളതല്ല; വിഭക്തരാജ്യമായ യെഹൂദയിലെ പന്ത്രാണ്ടാമത്തെ രാജാവും യോഥാമിൻ്റെ മകനുമായ ആഹാസ് (Ahaz) രാജാവിനുള്ള (ബി.സി. 743/42–727/26) അടയാളം ആയിരുന്നു: (2രാജാ, 16:1-2). ➟എന്നാൽ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തിരസ്കരിച്ചതുകൊണ്ട്, അവനോടുള്ള ബന്ധത്തിൽ പ്രവചനം അപ്രസക്തമാകുകയും ആത്മീയമായി ആ പ്രവചനം നമ്മുടെ കർത്താവിനോടുള്ള ബന്ധത്തിൽ നിവൃത്തിയാകുകയുമാണ് ഉണ്ടായത്.
☛ചരിത്ര പശ്ചാത്തലം:
➦ ❝ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകനായി യെഹൂദാരാജാവായ ആഹാസിന്റെ കാലത്തു അരാമ്യരാജാവായ രെസീനും രെമല്യാവിന്റെ മകനായി യിസ്രായേൽരാജാവായ പേക്കഹൂം യെരൂശലേമിന്റെ നേരെ യുദ്ധം ചെയ്‍വാൻ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാൻ അവർക്കു കഴിഞ്ഞില്ലതാനും. അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദ്ഗൃഹത്തിന്നു അറിവുകിട്ടിയപ്പോൾ അവന്റെ ഹൃദയവും അവന്റെ ജനത്തിന്റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.❞ (യെശ, 7:1-2). ➟അപ്പനായ യോഥാമും മകനായ ആഹാസും 16 വർഷംവീതം യെഹൂദ ഭരിച്ചതായാണ് വചനത്തിൽ കാണുന്നത്: (2രാജാ, 15:32-33; 2ദിന, 27:1 ⁃⁃ 2രാജാ, 16:1-2; 2ദിന, 28:1). ➟എന്നാൽ ആഹാസിൻ്റെ ഭരണകാലം ബി.സി. 735-715-വരെയുള്ള ഇരുപതു വർഷം എന്നാണ് പണ്ഡിതന്മാർ പൊതുവെ പറയുന്നത്. ➟അതിൻ്റെ കാരണം: യിസ്രായേൽ രാജാവായ പേക്കഹിന്റെ പതിനേഴാം ആണ്ടിലാണ് ആഹാസ് യെഹൂദയിൽ രാജാവായത്: (2രാജാ, 16:1). ➟എന്നാൽ ഏലാവിന്റെ മകനായ ഹോശേയ യിസ്രായേൽ രാജാവായ പേക്കഹിനെ വെട്ടിക്കൊന്നിട്ട് അവന്നു പകരം രാജാവായത്, യോഥാമിന്റെ ഇരുപതാം ആണ്ടിലാണെന്ന് പറഞ്ഞിട്ടുണ്ട്: (2രാജാ, 15:30). ➟ഇതാണ്, അപ്പനായ യോഥാമിനൊപ്പം നാലുവർഷം ആഹാസിൻ്റെ സഹഭരണം എന്ന ആശയത്തിന് കാരണം. ➟എന്നാൽ അപ്പൻ്റെയും മകൻ്റെയും ഭരണകാലം 16 വർഷമെന്ന് ആവർത്തിച്ചു പറഞ്ഞിരിക്കെ 20 വർഷമെന്നത് യുക്തിസഹമല്ല. ➟അതിനാൽ, ❛യോഥാമിൻ്റെ ഇരുപതാമാണ്ടു❜ എന്ന പ്രയോഗം, ആഹാസിൻ്റെ ഭരണത്തിൻ്റെ നാലാം വർഷത്തെ കുറിക്കുന്ന ഒരു കാലഗണനമാണെന്ന് മനസ്സിലാക്കാവുന്നതാണ്. ➟ഇരുപതുവർഷം എന്ന് പൊതുവേ മനസ്സിലാക്കുന്ന ❛ബി.സി. 735-715❜ എന്ന കാലഗണനവും പ്രശ്നമാണ്. ➟ശമര്യയുടെ പതനം ബി.സി. 722-ലാണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. ➟എപ്പോഴാണ് ശമര്യ പിടിക്കപ്പെട്ടതെന്ന് വചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➟ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ (ബി.സി. 725) അശ്ശൂർരാജാവായ ശല്മനേസെർ (ബി.സി. 726-722) ശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ ഉപരോധിച്ചു. (2രാജാ 18:9). ➟മൂന്നുവർഷത്തെ ഉപരോധത്തിനുശേഷം ഹിസ്കീയാവിന്റെ ആറാമാണ്ടിൽ (ബി.സി. 722) ശമര്യ പിടിക്കപ്പെട്ടു: (2രാജാ, 18:10). ➤[കാണുക: BibleCommentary ⁃⁃ JewishVirtualLibrary, Britannica, JewishEncyclopedia]. ➟ശമര്യ പിടിക്കപ്പെട്ട 722-മുതൽ പിന്നോട്ട് കണക്കാക്കിയാൽ ബി,സി. 743/42–727/26 കാലഘട്ടത്തിലാണ് ആഹാസ് യെഹൂദയിൽ രാജാവായിരുന്നതെന്ന് മനസ്സിലാക്കാം: ➤[കാണുക: The-Kings-of-Israel-and-Judah, JewishVirtualLibrary, RevisedChronology, EnterTheBible]. യിസ്രായേൽ രാജാവായ പെക്കഹും (2രാജാ, 16:1) ➟അരാം (സിറിയ) രാജാവായ രെസീനും (2രാജാ, 16:5) അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരും (2രാജാ, 16:7) യിസ്രായേൽ രാജാവായ ഹോശേയയും (2രാജാ, 17:1) ആഹാസിൻ്റെ സമകാലികർ ആയിരുന്നു.
☛ ആഹാസിന്റെ കാലത്തെ പ്രധാന സംഭവങ്ങൾ:
1. അരാം (സിറിയ)-യിസ്രായേൽ സഖ്യം യഹൂദ രാജ്യത്തോടു യുദ്ധത്തിൽ പരാജയപ്പെടുത്തി: (2ദിന, 28:5)
2. യിസ്രായേൽ-അരാം സഖ്യം യെരൂശലേമിനെ ഉപരോധിച്ചു, എങ്കിലും അത് പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല: (2രാജാ, 16:5)
3. ഒരു യുദ്ധത്തിൽ യിസ്രായേൽ രാജാവായ പെക്കഹ് രാജാവ് 1,20,000 യെഹൂദ യോദ്ധാക്കളെ കൊന്നു, യെഹൂദാ രാജ്യത്തെ കൊള്ളയിടുകയും അവരുടെ പുത്രന്മാരും പുത്രിമാരുമായി 200,000 പേരെ തടവുകാരായി കൊണ്ടുപോകുകയും ചെയ്തു: (2ദിന, 28:6-8)
4. അരാം രാജാവായ രെസീൻ യെഹൂദാ രാജ്യത്തിൽ നിന്ന് ഏലാത്ത് നഗരം തിരിച്ചുപിടിച്ചു, അവിടെ നിന്ന് യഹൂദന്മാരെ പുറത്താക്കി ആരാമ്യരെ അവിടെ താമസിപ്പിച്ചു: (2രാജാ, 16:6)
5. എദോമ്യർ വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു. (2ദിന, 28:17)
6. ഫെലിസ്ത്യർ വന്ന് യെഹൂദയുടെ തെക്കുള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേർന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേർന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേർന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാർത്തു. (2ദിന, 28:18)
7. ശത്രുക്കളുടെ പദ്ധതികൾ പരാജയപ്പെടുമെന്നും അവരുടെ രാജ്യം നശിപ്പിക്കപ്പെടുമെന്നും ദൈവം പ്രവാചകനായ യെശയ്യാവ് മുഖാന്തരം ആഹാസിനോട് പ്രവചിച്ചു: (യെശ, 7:3-16)
8. യെഹൂദ രാജാവായ ആഹാസ് അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസരിന് കപ്പം കൊടുത്തിട്ട്, അവൻ വന്ന് അരാമിൻ്റെ (സിറിയ) തലസ്ഥാനമായ ദമ്മേശെക്കിലേക്ക് (ദമാസ്കസ്) ആക്രമിച്ച് പിടിച്ചെടുക്കുകയും അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോകുകയും അരാം രാജാവായ രെസീനെ കൊന്നുകളയുകയും ചെയ്തു: (2രാജാ, 16:7-9).
9. അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ യിസ്രായേൽ രാജ്യത്തെ ആക്രമിക്കുകയും ഈയോനും ആബേൽ-ബേത്ത്-മയഖയും യാനോവഹും കേദെശൂം ഹാസോരും ഗിലെയാദും ഗെലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോകയും ചെയ്തു: (2രാജാ, 15:29). ➟ഇത്രയും കാര്യങ്ങളാണ് ആഹാബിൻ്റെ കാലത്ത് നടന്നിരിക്കുന്നത്. ➟മേല്പറഞ്ഞവയിൽ ഒന്നുമുതൽ ആറുവരെയുള്ള സംഭവങ്ങൾ നടന്നശേഷമാണ് യെശയ്യാവിനെയും മകനെയും ദൈവം ആഹാബിൻ്റെ അടുക്കലേക്ക് അയക്കുന്നത്: (യെശ, 7:3)
☛ ആഹാസ് വിഗ്രഹാരധകനായ ദുഷ്ടരാജാവായിരുന്നു:
➦ അവൻ ദാവീദിൻ്റെ സിംഹാസനത്തിലാണ് ഇരുന്നതെങ്കിലും പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമുള്ളത് ഒന്നും ചെയ്തില്ല: (2രാജാ, 16:2; 2ദിന, 28:1). ➟അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കുകയും യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം തന്റെ പുത്രന്മാരെ അഗ്നിപ്രവേശവും ചെയ്യിക്കയും പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നവനാണ്: (2രാജാ, 16:3-4; 2ദിന, 28:2-4). ➟അവൻ്റെ ദുഷ്ടതയിൽനിന്ന് മനം തിരിയാൻവേണ്ടി, യഹോവയാണ് അവനെ അരാം രാജാവായ രെസീൻ്റെ കയ്യിലും യിസ്രായേൽ രാജാവായ പേക്കഹിൻ്റെ കയ്യിലും ഏല്പിച്ചത്: (2ദിന, 28:5; 28:19). ➟എന്നാൽ അവൻ തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു: (2ദിന, 28:22). ➟പിന്നെയും അവൻ തൻ്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അശ്ശുർ രാജാവിൽ ആശ്രയിക്കാൻ തുടങ്ങുന്നു എന്ന് മനസ്സിലായപ്പോഴാണ്, ദൈവം യെശയ്യാവിനെയും മകനായ ശെയാർ-യാശൂബിനെയും ആഹാബിൻ്റെ അടുക്കലേക്ക് അയക്കുന്നത്: (യെശ, 7:3).
☛ ദൈവം യെശയ്യാവ് മുഖാന്തരം ആഹാസിനോട് പറയുന്നത് ശ്രദ്ധിക്കുക:
➦ ❝സൂക്ഷിച്ചുകൊൾക: സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്റെയും രെസീന്റെയും രെമല്യാവിൻ മകന്റെയും ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു.❞ (യെശ, 7:4). ➟അരാം രാജാവായ രെസീനെയും യിസ്രായേൽ രാജാവായ പേക്കഹിനെയും ❛പുകയുന്ന രണ്ടു മുറിക്കൊള്ളി❜:എന്നാണ് യഹോവ വിശേഷിപ്പിക്കുന്നത്. ➟എന്നിട്ട്, ❝അവന്മാരുടെ ഉഗ്രകോപംനിമിത്തം നീ ഭയപ്പെടരുതു; നിന്റെ ധൈര്യം ക്ഷയിച്ചുപോകയുമരുതു❞ എന്ന് പറഞ്ഞുകൊണ്ട് ദൈവം ആഹാസിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.
➦ ❝നാം യെഹൂദയുടെ നേരെ ചെന്നു അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു. അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിന്റെ നേരെ ദുരാലോചന ചെയ്കകൊണ്ടു.❞ (യെശ, 7:5-6). ➟ആഹാസിന്റെ ഭരണകാലത്ത്, തിഗ്ലത്ത്-പിലേസർ മൂന്നാമന്റെ കീഴിൽ (ബി.സി. 744-727) അശ്ശൂർ സാമ്രാജ്യം ശക്തി പ്രാപിക്കുകയും മധ്യപൂർവ്വദേശം മുഴുവൻ അവൻ കീഴടക്കുകയുമായിരുന്നു. ➟മധ്യപൂർവദേശത്തെ ഒരു സൈനിക ശക്തിക്കും അശ്ശൂറിനെ ചെറുക്കാൻ കഴിഞ്ഞിരുന്നില്ല. അവിടെനിന്നും തിഗ്ലത്ത്-പിലേസർ തന്റെ സൈന്യത്തെ യിസ്രായേലിലേക്ക് തിരിച്ചു. ➟യിസ്രായേലും യഹൂദയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന മെഡിറ്ററേനിയൻ തീരത്ത് ചിതറിക്കിടക്കുന്ന ചെറിയ ജനതകളെ അവൻ കീഴടക്കാൻ തുടങ്ങി. ➟അതിനെതിരെ യിസ്രായേൽ രാജാവും അരാം രാജാവും യെഹൂദയെ ചേർത്തുകൊണ്ട് ഒരു സൈനിക സംഖ്യം രൂപികരിക്കൻ ആഗ്രഹിച്ചു. ➟അശ്ശൂർ എന്ന ശക്തമായ സാമ്രാജ്യത്തിനെതിരെ തങ്ങളുമായി സഖ്യത്തിലേർപ്പെടാൻ ആഹാസിനെ നിർബന്ധിക്കുന്നതിനാണ് അവന്റെ രാജ്യം ആക്രമിച്ചത്. ➟ആഹാസ് അതിന് വഴങ്ങാതെ വന്നപ്പോഴാണ്, ഏതുവിധേനയും അവനെ സിംഹാസനഭ്രഷ്ടനാക്കി, ഇസ്രായേല്യ-അരാമ്യ താൽപ്പര്യങ്ങൾക്ക് കൂടുതൽ അനുയോജ്യനായ ❛താബെയേലിന്റെ മകനെ രാജാവാക്കണം❜ എന്ന് അവർ ദുരാലോചന നടത്തിയത്. [കാണുക: Britannica].
➦ ❝യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.❞ (യെശ, 7:7). ➟യഹോവ അരാമിനെയും യിസ്രായേലിനെയും കൊണ്ട് യെഹൂദയെ ശിക്ഷിപ്പിച്ചത് അവനെ തകർക്കാനല്ല; യഥാസ്ഥാനപ്പെടുത്താൻ ആഗ്രഹിച്ചുകൊണ്ടാണ്. ➟അതിനാൽ, യെഹൂദയ്ക്കെതിരെയുള്ള ഈ ദുരാലോചന നടക്കയുമില്ല; സാധിക്കയുമില്ലെന്ന് യഹോവ പറയുന്നു.
➦ ❝അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും. എഫ്രയീമിന്നു തല ശമർയ്യ; ശമർയ്യെക്കു തല രെമല്യാവിന്റെ മകൻ; നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.❞ (യെശ, 7:8-9). ➟അരാമിനും യിസ്രായേലിനുമുള്ള ന്യായവിധിയാണ് ഈ വേദഭാഗത്തെ വിഷയം. ➤❝അറുപത്തഞ്ച് സംവത്സരത്തിന്നകം എഫ്രയീം (യിസ്രായേൽ) ജനമായിരിക്കാതവണ്ണം തകർന്നു പോകും❞ എന്നാണ് പ്രവചനം: (ആമോ, 7:12). ➟അരാമിനെക്കുറിച്ചും യെശയ്യാവ് വ്യക്തമായി പ്രവചിച്ചിട്ടുണ്ട്: (17:1-3). ➟ദൈവം ഒടുവിൽ പറയുന്നത് ശ്രദ്ധിക്കുക: ➤❝നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.❞ ദൈവത്തിൽ വിശ്വസിച്ചാൽ നിങ്ങളെ ആരും ദേശത്തുനിന്ന് പറിച്ചുകളയുകയില്ല. ➤❝നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും.❞ (2ദിന, 20:20 ⁃⁃ യോഹ, 11:40; റോമ, 11:20; എബ്രാ, 11:6). ➟ആഹാസിനെ വിശ്വസിപ്പാൻ ഇത്രയും കാര്യങ്ങൾ പറഞ്ഞശേഷമാണ്, അവൻ്റെ ഉറപ്പിനായി ❛ഒരു അടയാളം❜ ചോദിച്ചുകൊള്ളാൻ പറയുന്നത്:
➦ യഹോവ പിന്നെയും ആഹാസിനോടു: ❝നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.❞ (യെശ, 7:10-12). ➟വേദഭാഗം ശ്രദ്ധിക്കുക: ➤❝നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക.❞ ➟ദൈവം തൻ്റെ കയ്യാൽ യിസ്രായേലിനെ രക്ഷിക്കുമെന്ന് ഗിദെയോന് വിശ്വാസം വരുവാൻ, അവൻ ഒന്നല്ല; രണ്ടടയാളമാണ് ദൈവത്തോട് ചോദിച്ചത്; അവൻ ചോദിച്ച രണ്ടടയാളവും അവന് നല്കി: (ന്യായാ, 6:36-40). ➟എന്നാൽ ആഹാസ് അടയാളം ചോദിക്കാൻ കൂട്ടാക്കിയില്ല; അവൻ സത്യദൈവത്തെക്കാൾ ജാതികളുടെ ദൈവത്തിൽ വിശ്വസിച്ചു. അതിന് അവൻ പറഞ്ഞ ന്യായീകരണമാണ്: ➤❝ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല.❞ അവൻ്റെ വാക്കുകൾ പ്രവാചകന് അനിഷ്ടമായി:
➦ അതിന്നു അവൻ പറഞ്ഞതു: ➤❝ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?❞ (യെശ, 7:13). ➟ആഹാസിൻ്റെ അവിശ്വാസത്തെ ശാസിച്ചശേഷമാണ് യെശയ്യാവ് ഇമ്മാനൂവേലിൻ്റെ അടയാളം അവനു് നല്കുന്നത്.
☛ ആഹാസിനുള്ള അടയാളം:
➦ ❝അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും. തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലന്നു പ്രായമാകുംമുമ്പെ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ (യെശ, 7:14-16). ➟എന്നാൽ ആഹാസ് രാജാവ് ദൈവം കൊടുത്ത അടയാളം ഉപേക്ഷിച്ചുകൊണ്ട് അശ്ശൂർ രാജാവിനെ ആശ്രയിച്ചു: (2രാജാ, 16:5-9). ➟അതോടുകൂടി ആഹാസിനെ സംബന്ധിച്ചിടത്തോളം ❛ഇമ്മാനുവേലിനെ❜ കുറിച്ചുള്ള പ്രവചനം അപ്രസക്തമായി. ➟പ്രവചനം ആഹാസ് തിരസ്കരിച്ചതിനാൽ, അവനോടുള്ള ബന്ധത്തിൽ അന്നത് നിവൃത്തിയായില്ല. ➟എന്നാൽ യഹോവ അയച്ച വചനം വെറുതെ മടങ്ങിപ്പോകുന്നതല്ല; താൻ അയച്ചകാര്യം സാധിക്കുന്നതാണ്: (യെശ, 55:11). ➟തന്മുലം, യെഹൂദാ ശേഷിപ്പിനെ സംബന്ധിച്ചിടത്തോളം ❛ക്രിസ്തു❜ എന്ന ആത്മീയ രക്ഷകനിലൂടെയും ❛മറിയ❜ എന്ന കന്യകയിലൂടെയും ആ പ്രവചനത്തിന് ആത്മീയനിവൃത്തിവന്നു. (മത്താ, 1:21-23). ➟യെശയ്യാവിൻ്റെ പ്രവചനം യഥാർത്ഥത്തിൽ ക്രിസ്തുവിനോടാണെന്ന് കരുതുന്നവരാണ് പലരും. ➟എന്നാൽ ചരിത്രപരമായി ഈ പ്രവചനം ക്രിസ്തുവിനോട് അല്ലെന്നതിന് വ്യക്തമായ തെളിവ് പ്രവചനഭാഗത്ത് തന്നെയുണ്ട്:
1️⃣ പ്രവചനം യെഹൂദരാജാവായ ആഹാസിനോടാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്: ➤❝യഹോവ പിന്നെയും ആഹാസിനോടു: നിന്റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊൾക എന്നു കല്പിച്ചതിന്നു ആഹാസ്: ഞാൻ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു? അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.❞ (യെശ, 7:10-14). ➟ആദ്യവാക്യം ശ്രദ്ധിക്കുക: ❛യഹോവ പിന്നെയും ആഹാസിനോടു:❜ ദൈവം ആഹാസിനെ പേരെടുത്ത് സംബോധന ചെയ്തുകൊണ്ടാണ് സംസാരിക്കുന്നത്. ➟അടുത്തവാക്യം: ➤❝നിന്റെ ദൈവമായ യഹോവയോടു (the LORD thy God) അടയാളം ചോദിച്ചുകൊൾക.❞ നിൻ്റെ ദൈവമായ യഹോവയോട് എന്ന് ❛ഏകവചനത്തിൽ❜ അവനോട് പറയുന്നത് ശ്രദ്ധിക്കുക. ➤❝ഞാൻ അടയാളം ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല.❞ ➟ആഹാസ് തിരിച്ച് ❛ഞാൻ❜ ചോദിക്കയില്ല എന്ന് ഏകവചനത്തിൽ പറയുന്നതും നോക്കുക. ➟അവൻ ചോദിക്കയില്ലെന്ന് പറഞ്ഞതുകൊണ്ടാണ്, ദൈവംതന്നെ അവനൊരു അടയാളം കൊടുക്കുന്നത്. അതിനാൽ, അടയാളം ആഹാബിനുള്ളതാണെന്ന് വ്യക്തമാണല്ലോ?
2️⃣ യെശയ്യാവ് 7:14-ൽ ❛കന്യക❜ എന്ന് പരിഭാഷ ചെയ്തിരിക്കുന്നത്, ❛അൽമാ❜ (עַלְמָה – alma) എന്ന എബ്രായ പദമാണ്. ❛അൽമാ❜ കന്യകയല്ല; ❛യുവതി❜ (young woman) ആണ്. യുവതി കന്യക ആയിക്കൂടെന്നില്ല; എങ്കിലും ആ പ്രയോഗം യഥാർത്ഥ കന്യകയെ കുറിക്കുന്നതല്ല; യുവതിയെ കുറിക്കുന്നതാണ്. ➟എബ്രായരുടെ ഔദ്യോഗിക ബൈബിളിലും കന്യക (Virgin) അല്ല; യുവതി (young woman) എന്നാണ് കാണുന്നത്. [കാണുക: TheCompleteTanakh, MasoreticText]. ➟പി.ഒ.സി. ബൈബിളിലും യുവതി എന്നാണ് പരിഭാഷ ചെയ്തിരിക്കുന്നത്. [കാണുക: P.O.C.Bible]. ➟യഥാർത്ഥ കന്യകയെ കുറിക്കുന്ന എബ്രായ പ്രയോഗം ❛ബതുലാ❜ (Betulah) എന്നാണ്. ➟റിബെക്കയെ ❛പുരുഷൻ തൊടാത്ത കന്യക❜ എന്ന് പറഞ്ഞിരിക്കുന്നത് ❛ബതുലാ❜ എന്ന പദം കൊണ്ടാണ്. (ഉല്പ, 24:16). ➟പഴയനിയമത്തിൽ ഈ പദം അൻപത് പ്രാവശ്യമുണ്ട്. യെശയ്യാവിൽത്തന്നെ അഞ്ചുപ്രാവശ്യം കാണാം: (23:4; 23:12; 37:22; 47:1; 62:5). ➟എന്നാൽ യേശുവിൻ്റെ അമ്മയായ മറിയ യഥാർത്ഥ കന്യകയാണ്: (മത്താ, 1:18; മത്താ, 1:20; മത്താ, 1:25; ലൂക്കൊ, 1:34-35). ➟പ്രവചനം മറിയ എന്ന കന്യകയെക്കുറിച്ചും യേശുവിനെക്കുറിച്ചും ആയിരുന്നെങ്കിൽ, ദൈവശ്വാസീയമായ മൂലഭാഷയിൽ യഥാർത്ഥ കന്യകയെ കുറിക്കുന്ന ❛ബെതൂലാ❜ എന്ന എബ്രായപദം ഉപയോഗിക്കുമായിരുന്നു. ➟തന്മൂലം, പ്രവചനത്തിലെ ഇമ്മാനുവേലിൻ്റെ യഥാർത്ഥ അമ്മ മറ്റൊരു സ്ത്രീയായിരുന്നു എന്ന് മനസ്സിലാക്കാം. ➟ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്നത്, എബ്രായ ബൈബിളായ ❛തനാഖ്❜ (Tanakh) അല്ല; ❛ഗ്രീക്കു സെപ്റ്റ്വജിൻ്റ്❜ (Septuagint) ആണ്. ➟അതിൽനിന്നാണ് പുതിയനിയമത്തിൽ ഉദ്ധരണികൾ എടുത്തിരിക്കുന്നത്. ➟സെപ്റ്റ്വജിൻ്റിൽ തൽസ്ഥാനത്ത്, ❛കന്യകയെ❜ കുറിക്കുന്ന ❛പാർത്ഥെനൊസ്❜ (παρθένος – parthenos) ആണ്. ➟അതുകൊണ്ടാണ്, മത്തായിയിൽ ❛കന്യക❜ (παρθένος) എന്ന് കാണുന്നത്: [കാണുക: Septuagint → NTGreek].
3️⃣ ആഹാസിന് ദൈവം കൊടുക്കുന്നത് ഒരു അത്ഭുതമല്ല; അടയാളമാണ്. ➟അതുകൊണ്ടാണ്, കന്യകയെ കുറിക്കുന്ന ❛ബതുലാ❜ എന്ന പദം പ്രവചനത്തിൽ ഉപയോഗിക്കാതിരുന്നത്. ➟എന്നാൽ നമ്മുടെ കർത്താവിൻ്റെ ജനനം ഒരു അടയാളമല്ല; അത്ഭുതമാണ്. ➟അവൻ യഥാർത്ഥ കന്യകയിൽനിന്ന് പ്രകൃത്യാതീതമായി ജനിച്ചവനാണ്. (മത്താ, 1:18; മത്താ, 1:20; മത്താ, 1:25; ലൂക്കൊ, 1:34-35). ➟പ്രവചനത്തിലെ ❛ഇമ്മാനൂവേൽ❜ അവിടെ ഒന്നും ചെയ്യുന്നില്ല; ദൈവം ആഹാസിനുവേണ്ടി ചെയ്യാനുള്ള പ്രവർത്തിയുടെ കാലപരിധിയെ കുറിക്കുന്ന ഒരു അടയാളം മാത്രമാണ്: (യെശ, 7:16). ➟എന്നാൽ നമ്മുടെ കർത്താവായ യേശു ജനിച്ചുജീവിച്ച് മരിച്ചുയിർത്ത് ആർക്കും ഭേദിക്കാനാവാത്ത ചരിത്രം ചമച്ചവനും സകലമനുഷ്യർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നവനാണ്: (1കൊരി, 15:3-4; 2; തിമൊ, 2:8; എബ്രാ, 5:9). ➟ആഹാസിനെന്തിനാണ് അടയാളം? ➟അവൻ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട്, അശ്ശൂർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, അവൻ്റെ കൊട്ടാരത്തിലോ, അതിനോട് ബന്ധപ്പെട്ടോ ആ ശിശു ജനിക്കുകയും അവന് ❛ഇമ്മാനുവേൽ❜ എന്ന് പേർ വിളിക്കപ്പെടുകയും ചെയ്യുമായിരുന്നു. ➟❛ഇമ്മാനൂവേൽ❜ എന്ന പേരിൻ്റെ അർത്ഥം: ❝ദൈവം നമ്മോടുകൂടെ❜ എന്നാണ്: (മത്താ, 1:22). ➟ആഹാസ് തൻ്റെ മുമ്പിൽ വളരുന്ന ആ കുഞ്ഞിനെ കാണുമ്പോഴെല്ലാം, ദൈവം നമ്മോടുകൂടെയുണ്ട് എന്നുള്ള ബോധം അവനുണ്ടാകാനും ദൈവം തൻ്റെ പ്രവർത്തി ചെയ്യുവോളം അവൻ ദൈവത്തിൽ പ്രത്യാശവെച്ച് ഉറച്ചുനിൽക്കാനുമാണ്, ❛ദൈവം നമ്മോടൂകൂടെ❜ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്ന് പേര് ശിശുവിനു് വിളിക്കപ്പെടും എന്ന് പറഞ്ഞത്. ➟എന്നാൽ ദുഷ്നായ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തള്ളുകയും അശ്ശൂർ രാജാവായ തിഗ്ഗത്ത്-പിലേസരിനെ ആശ്രയിക്കുകയും ചെയ്തു. ➤❝അവനു് ദാസനും പുത്രനും ആയിരിക്കാമെന്ന് പറഞ്ഞുകൊണ്ട്, യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും പൊന്നും വെള്ളിയും കവർന്നെടുത്ത് അശ്ശൂർ രാജാവിന് കൊടുത്തയച്ചു:❞ (2രാജാ, 16:7-8; 2ദിന, 28:16; 28:21-22). ➟അതോടൂകൂടി ആഹാസിനെ ദൈവം തള്ളുകയും പ്രവചനം അവനെ സംബന്ധിച്ച് അപ്രസക്തമാകുകയും ചെയ്തു.
4️⃣ ആഹാസ് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് അശ്ശുർ രാജാവിനെ ആശ്രയിക്കാതിരുന്നെങ്കിൽ, യെശയ്യാവ് അവനോടു പ്രവചിച്ച ശിശു ജനിക്കുകയും, അവനു് ❛ഇമ്മാനുവേൽ❜ എന്ന് പേർ വിളിക്കപ്പെടുകയും ചെയ്യുമായിരുന്നു. ➟❛ഇമ്മാനൂവേൽ❜ എന്നത് ആ ശിശുവിനു് വിളിക്കപ്പെടുവാനുള്ള സംജ്ഞാനാമം (proper noun) ആയിരുന്നു. ➟ഉദാ: ❛യിശ്മായേൽ❜ (ഉല്പ, 16:11), ❛യിസ്ഹാക്കു❜ (ഉല്പ, 17:19), ❛ശലോമോൻ❜ (1ദിന, 22:9), ❛യോഹന്നാൻ❜ (സ്നാപകൻ) (ലൂക്കൊ, 1:13), ❛യേശു❜ (മത്താ, 1:21; ലൂക്കൊ, 1:31) മുതലായവർക്ക് ജനനത്തിനുമുമ്പെ ആ പേര് വിളിക്കണമെന്ന് പ്രവചനം ഉണ്ടായിരുന്നതാണ്. ➟അത് അവർക്ക് ജനനത്തിനുമുമ്പെ ദൈവം നല്കിയ സംജ്ഞാനാമമാണ്. ➟അതുകൊണ്ട്, അവർ ജനിച്ചപ്പോൾ അപ്പനമ്മമാർ ആ പേരിടുകയും ചെയ്തു: (കാണുക: ഉല്പ, 16:15 – ഉല്പ, 21:3 – 2ശൂ, 12:24 – ലൂക്കൊ, 1:60-63 – ലൂക്കൊ, 2:21). ➟എന്നാൽ ആഹാസ് ദൈവത്തിൻ്റെ വചനവും അടയാളവും തള്ളി അശ്ശൂർ രാജാവിനെ ആശ്രയിച്ചതിനാൽ, പ്രവചനം അവനോടുള്ള ബന്ധത്തിൽ അപ്രസക്തമാകുകയും ശിശു ജനിക്കുകയും ചെയ്തില്ല. ➟എന്നാൽ ദൈവത്തിൻ്റെ വചനം വൃഥാവായില്ല; നമ്മുടെ കർത്താവായ ക്രിസ്തുവിലൂടെ പ്രവചനം ആത്മീയമായി നിവൃത്തിച്ചു. ➟അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ, നമ്മുടെ കർത്താവായ ക്രിസ്തുവിനെ സംബന്ധിച്ച് ❛ഇമ്മാനുവേൽ❜ എന്ന പേര് അവൻ്റെ ❛സംജ്ഞാനാമമോ, സ്ഥാനനാമമോ❜ അല്ല; ആഹാസിനോടുള്ള പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തി മാത്രമാണ്. ➟❛ഇമ്മാനൂവേൽ❜ എന്നത് നമ്മുടെ കർത്താവിൻ്റെ സംജ്ഞാനാമം ആയിരുന്നെങ്കിൽ, ❛യേസൂസ്❛ (Iēsous) എന്ന പേരിടുവാൻ ദൈവം ദൂതൻ മുഖാന്തരം കല്പിക്കുമായിരുന്നില്ല: (മത്താ, 1:21; ലൂക്കൊ, 1:31). ➟അവൻ്റെ അമ്മയപ്പന്മാർ അവനു് ❛യേസൂസ്❜ യേശു) എന്ന പേര് ഇടുമായിരുന്നില്ല: (ലൂക്കൊ, 2:21). ➟ആകാശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ❛യേസൂസ് ക്രിസ്തോസ്❜ എന്ന നാമമല്ലാതെ മറ്റൊരുനാമം ഇല്ലെന്ന് പത്രൊസ് വിളിച്ചുപറയില്ലായിരുന്നു: (പ്രവൃ, 4:10-12). ➟തന്മൂലം, യെശയ്യാവ് 7:14-ൻ്റെ ആത്മീയ നിവൃത്തിയാണ് യേശുവിൽ സംഭവിച്ചതെന്ന് അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ➟ഇനി, ❛ഇമ്മാനൂവേൽ❜ എന്നത് നമ്മുടെ കർത്താവിൻ്റെ സ്ഥാനനാമം (Title) ആയിരുന്നെങ്കിൽ, ഏതെങ്കിലും എഴുത്തുകാർ ആ നാമം അവനെ വിശേഷിപ്പിക്കുമായിരുന്നു; അതുമുണ്ടായില്ല. ➟അതുകൊണ്ട്, യേശുവിനോടുള്ള ബന്ധത്തിൽ പ്രവചനം നിവൃത്തിയായതായി പറഞ്ഞതല്ലാതെ, ❛ഇമ്മാനൂവേൽ❜ എന്ന് അവനെ ആരും വിളിച്ചുമില്ല; വിളിക്കാൻ ആവശ്യവുമില്ല.
5️⃣ ❛ഇമ്മാനൂവേൽ❜ ദൈവം ആണെന്നാണ് പലരും കരുതുന്നത്. ➟ഒന്നാമത്, ❛ഇമ്മാനൂവേൽ❜ എന്നത് ജനിക്കുന്ന ശിശുവിൻ്റെ പ്രകൃതിയോ, പദവിയോ അല്ല; ❛പേര് അഥവാ, സംജ്ഞാനാമം❜ (Proper Name) ആയിരുന്നു. ➟ആഹാസ് പ്രവചനം തള്ളിയതുകൊണ്ട് അവനോടുള്ള ബന്ധത്തിൽ പ്രവചനം അപ്രസക്തമായി; കുഞ്ഞു ജനിച്ചുമില്ല. ➟എന്നാൽ യേശുവിനെ സംബന്ധിച്ച് ❛ഇമ്മാനുവേൽ❜ എന്നത് പേരോ, പദവിയോ, പ്രകൃതിയോ അല്ല; അവനിൽ പ്രവചനം ആത്മീയമായി നിവൃത്തിയാകുകയായിരുന്നു. ➟രണ്ടാമത്, ❛ഇമ്മാനൂവേൽ❜ ദൈവമല്ല; ❛ദൈവം നമ്മോടുകൂടെ❜ എന്നത് ആ പേരിൻ്റെ അർത്ഥമാണ്. ➟എബ്രായ പേരുകളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ്. ഇമ്മാനൂവേൽ ദൈവമാണെന്ന് വിചാരിക്കുന്നത്. ➟ചില ഉദാഹരണങ്ങൾ കാണുക: ❛ഇമ്മാനൂവേൽ❜ എന്ന പേരിന് ❛ദൈവം നമ്മോടുകൂടെ❜ എന്നാണ് അർത്ഥമെങ്കിൽ, ➤❛ഇഥീയേൽ❜ (Ithiel) എന്ന പേരിന് ❛ദൈവം എന്നോടുകൂടെ❜ എന്നാണർത്ഥം: (കാണുക: നെഹെ, 11:7). ➟ഇഥീയേൽ ദൈവമാണെന്ന് പറഞ്ഞാൽ ശരിയാകുമോ? ➤❛കദ്മീയേൽ❜ (Kadmiel) എന്ന പേരിൻ്റെ അർത്ഥം ❛പുരാതനനായ ദൈവം❜ എന്നാണ്: (എസ്രാ, 2:40). ➟ലേവ്യനായ ഹോദവ്യാവിൻ്റെ മകൻ കദ്മീയേൽ പുരാതനനായ ദൈവമാണന്ന് ആരെങ്കിലും പറയുമോ? ➤❛യേഹൂ❜ എന്ന പേരിൻ്റെ അർത്ഥം ❛യഹോവ അവനാണ്❜ എന്നാണ്: (1ദിന, 4:35). ➟യേഹൂ എന്ന മനുഷ്യൻ യഹോവയാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? ➤❛ശമൂവേൽ❜ എന്ന പേരിൻ്റെ അർത്ഥം ❛അവന്റെ പേര് എൽ (ദൈവം) എന്നാകുന്നു❜ എന്നാണ്: (1ശമൂ, 8:1). ➟ശമൂവേൽ ദൈവമാണെന്ന് ആരെങ്കിലും പറയുമോ? ➤❛അഹീയാവ്❜ എന്ന പേരിൻ്റെ അർത്ഥം ❛യഹോവയുടെ സഹോദരൻ❜ എന്നാണ്: (1ശമൂ, 14:3). ➟അഹീയാവ് ഏത് വകയിലാണ് യഹോവയുടെ സഹോദരൻ ആകുന്നത്? ➤❛എലീയാഥാ❜ എന്ന പേരിൻ്റെ അർത്ഥം ❛ദൈവം വന്നിരിക്കുന്നു❜ എന്നാണ്: (1ദിന, 25:4). ➟എലീയാഥ വരുമ്പോൾ ❛ഇതാ, ദൈവം വന്നിരിക്കുന്നു❜ എന്ന് ആരെങ്കിലും പറയുമോ? ➟ഇങ്ങനെയാണ് എബ്രായപേരുകളുടെ അർത്ഥം. ➟മറ്റൊരു ശ്രദ്ധേയമായ കാര്യം കാണിക്കാം: യെശയ്യാവ് 8:8-ൽ പറയുന്ന ❛ഇമ്മാനൂവേൽ❜ എന്ന പേര് ഒരു വ്യക്തിയെയല്ല; ഒരു സമൂഹത്തെ (യെഹൂദാജനം) മുഴുവനും കുറിക്കുന്നതാണ്. ➟ഒരു സമൂഹം മുഴുവൻ ദൈവങ്ങളാണെന്ന് പറയാൻ പറ്റുമോ? ➟തന്നെയുമല്ല, യെഹൂദജനത്തെ ❛ഇമ്മാനൂവേൽ❜ എന്ന് പ്രവാചകൻ സംബോധന ചെയ്തിട്ടുണ്ട്. ➟എന്നാൽ നമ്മുടെ കർത്താവിനെ ആരും ആ പേര് വിളിക്കുകയോ, വിശേഷിപ്പിക്കുകയോ ചെയ്തിട്ടില്ല. ➟യിസ്രായേലിനെ പഴയപുതിയനിയമങ്ങളിൽ ❛ദൈവങ്ങൾ❜ (Elohim- Theoi) എന്ന് വിളിച്ചിട്ടുള്ളതാണ്: (സങ്കീ, 82:6 ⁃⁃ യോഹ, 10:34-35). ➟എന്നിട്ടും യിസ്രായേൽജനം ദൈവങ്ങളാണെന്ന് ആരും പറയുന്നില്ല. ➟പിന്നെ, ❛ഇമ്മാനൂവേൽ❜ എന്ന പേർ വിളിക്കപ്പെടുകയോ, പ്രവചിക്കപ്പെടുകയോ ചെയ്താൽ ദൈവമാകുന്നത് എങ്ങനെയാണ് ➟ഇതൊക്കെ മനസ്സിലാക്കിയാൽ, ❛ഇമ്മാനൂവേൽ❜ എന്ന പേരിനെക്കുറിച്ചുള്ള എല്ലാ സംശയവും പമ്പകടക്കും. ➟ചില പേരുകളും അതിൻ്റെ അർത്ഥങ്ങളും ഫുട്ട്നോട്ടിൽ കൊടുത്തിട്ടുണ്ട്: [കാണുക: പേരുകൾ]
6️⃣ ❛കന്യകാജനനം❜ ഒഴികെ, യെശയ്യാവ് പ്രവചിച്ച മറ്റൊരു കാര്യവും ക്രിസ്തുവിനോടുള്ള ബന്ധത്തിൽ പറഞ്ഞിട്ടുപോലുമില്ല; അവനു് യോജിക്കുന്നതുമല്ല. ➟അതിൻ്റെ 15-ാം വാക്യം: ❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.❞ (യെശ, 7:15). ➟വേദഭാഗം ശ്രദ്ധിക്കുക: ➤❝ബാലൻ തിന്മ തള്ളി നന്മ തിരഞ്ഞെടുക്കും.❞ ➟15-ഉം 16-ഉം വാക്യങ്ങളിൽ ഈ പ്രയോഗം കാണാം. ➟എന്നാൽ ഈ പ്രയോഗം ക്രിസ്തുവിനു് തീരെ യോജിക്കുന്നതല്ല. ➟അവൻ പാപമറിയാത്തവനും പവിത്രനും നിർദോഷനും നിർമ്മലനും പാപികളോട് വേർപെട്ടവനും പാപം ചെയ്യാത്തവനും വായിൽ വഞ്ചനയില്ലാത്തവനും പാപമില്ലാത്തവനും ആയിരുന്നു: (2കൊരി, 5:21;എബ്രാ, 7:26;1പത്രൊ, 2:21;1യോഹ, 3:5). ➤❝നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?❞ എന്ന് ലോകത്തോടു അതിധൈര്യത്തോടെ ചോദിക്കാൻ തക്കവണ്ണം കാർമ്മികമായും ധാർമ്മികമായും വിശുദ്ധിയുള്ള ഒരേയൊരു വ്യക്തി ക്രിസ്തു മാത്രമാണ്: (യോഹ, 8:46). ➟തിന്മയില്ലാത്ത (പാപരഹിതൻ) ക്രിസ്തു ഏത് തിന്മയാണ് തള്ളേണ്ടത്? ➟ഇല്ലാത്ത തിന്മ എങ്ങനെ തള്ളും? ➟യെശയ്യാവ് പ്രവചിച്ച ഇമ്മാനൂവേൽ യഥാർത്ഥത്തിൽ യേശു ആയിരുന്നില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണിത്. ➟യെശയ്യാപ്രവചനം യഥാർത്ഥത്തിൽ യേശുവിനോട് ബന്ധിപ്പിക്കാൻ നോക്കുന്നവർ, നമ്മുടെ കർത്താവ് തിന്മയുള്ളവൻ ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ➟പ്രവചനം ഒരു കോമഡിയല്ലെന്നും പ്രവാചകൻ ഒരു കോമാളിയല്ലെന്നും മനസ്സിലാക്കുക. ➟ഇന്നത്തെ വ്യാജപ്രവാചകന്മാരുടെ ഇടയിൽ ജീവിക്കുന്നവർക്ക് യഥാർത്ഥ പ്രവചനം എന്താണെന്ന് അറിയാത്തതിൻ്റെ നല്ല കുഴപ്പമുണ്ട്.
➦ അടുത്തഭാഗം: ➤❝അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.❞ ➟ഇതും യേശുവിനു് യോജിക്കുന്നതല്ല. ➟എല്ലാ മനുഷ്യക്കുഞ്ഞുങ്ങളെയും പോലെ, അമ്മയുടെ മുലപ്പാലും മറ്റു ഭക്ഷണങ്ങളും കഴിച്ചാണ് അവൻ വളർന്നത്: (ലൂക്കൊ, 11:27). ➤❝മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു❞ എന്ന് താൻതന്നെ സാക്ഷ്യംപറഞ്ഞിട്ടുണ്ട്: (മത്താ, 11:19;ലൂക്കൊ, 7:34). ➟അവൻ്റെ അപ്പനായ (വളർത്തച്ഛൻ) യോസേഫ് മരപ്പണിയെടുത്ത് നല്ലവണ്ണം ഭക്ഷണം കൊടുത്താണ് അവനെ വളർത്തിയത്. ➟ക്രിസ്തു യെശയ്യാവ് പറഞ്ഞതുപോലെയോ, യോഹന്നാൻ സ്നാപകനെപ്പോലെയോ ഒരു നാസീർ വ്രതക്കാരൻ ആയിരുന്നില്ല. (മത്താ, 3:4;മർക്കൊ, 1:6;ലൂക്കൊ, 1:15). ➟മറിയയുടെ ആദ്യജാതനായി (മൂത്തമകൻ) ജനിച്ച യേശു (മത്താ, 1:25; ലൂക്കൊ, 2:5) അവളുടെ മറ്റു മക്കളെപ്പോലെതന്നെ ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യൻ ആയിരുന്നു: (യോഹ, 8:40). ➟അവളുടെ മറ്റു മക്കളിൽ നിന്ന് അവനെ വ്യത്യസ്തനാക്കിയിരുന്നത്, അവൻ്റെ കന്യകാജനനവും (ലൂക്കൊ, 1:34) പാപരാഹിത്യവുമാണ്: (യോഹ, 6:69;2കൊരി, 5:21;എബ്രാ, 7:26;1പത്രൊ, 2:21;1യോഹ, 3:5). ➟അല്ലാതെ, പ്രകൃതിയിൽ അവർക്കു തമ്മിൽ ഒരു വ്യത്യാസവുമില്ലായിരുന്നു. ➟തന്മൂലം, ❛അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും❜ എന്ന പ്രയോഗവും യേശുവിനു് തീരെ യോജിക്കുന്നതല്ല. ➤❝മറിയയയ്ക്ക് മുലപ്പാൽ ഇല്ലായിരുന്നു; അവൻ അമ്മയുടെ മുലപ്പാൽ കുടിച്ചില്ല; മുലപ്പാൽ കുടിച്ചാൽ അവൻ പാപിയാകുമായിരുന്നു,❞ എന്നൊരു ചിന്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. [കാണുക: മറിയയുടെ ആദ്യജാതൻ. യേശു അമ്മയുടെ മുലപ്പാൽ കുടിച്ചില്ലെന്ന് ഒരു പാസ്റ്റർ പറയുന്നത് കേൾക്കുക: യേശു അമ്മയുടെ മലപ്പാൽ കുടിച്ചില്ല]
➦ യേശുവിൻ്റെ രക്തം പാപരഹിതമായതുകൊണ്ടാണ്, യേശു അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടില്ലെന്ന് പലരും വിചാരിക്കുന്നത്. ➟മുലപ്പാൽ രക്തത്തിൽ നിന്ന് നേരിട്ട് ഉണ്ടാകുന്നതല്ല: പ്രത്യുത, സ്തനങ്ങളിലെ ആൽവിയോളാർ (Alveolar) കോശങ്ങൾ രക്തത്തിലൂടെ എത്തുന്ന പോഷകങ്ങളെ ആഗിരണം ചെയ്യുകയും അവയെ മുലപ്പാലായി രൂപാന്തരപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ➟ലളിതമായ തമായി പറഞ്ഞാൽ: അമ്മ കഴിക്കുന്ന ആഹാരത്തിലെ പോഷകങ്ങൾ രക്തത്തിലൂടെ സ്തനങ്ങളിലെത്തി അവിടെ വെച്ച് പാലായി മാറുന്നു എന്ന് പറയാം. ➟എന്നാൽ മനസിലാക്കേണ്ട വസ്തുത എന്താണെന്ന് ചോദിച്ചാൽ; ➤യോസേഫിൻ്റെ ബീജവും മറിയയുടെ അണ്ഡവും സംയോജിച്ചല്ല അവൻ ജനിച്ചത്. ➟പരിശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായി അവളുടെ ഉദരത്തിൽ ഉല്പാദിതമായതാണ്: (മത്താ, 1:20; ലൂക്കൊ, 2:20 ⁃⁃ മത്താ, 1:18; ലൂക്കൊ, 1:35). ➟യോസേഫിൻ്റെ ബീജം മറിയയിൽ എത്തിയില്ല എന്നതിൻ്റെ അർത്ഥം; മറിയയുടെ അണ്ഡവും നിഷ്ക്രിയമായിന്നു എന്നതാണ്. ➟മറിയയുടെ പങ്കൊന്നുമില്ലാതെ (contribution) പരിശുദ്ധാത്മാവിനാൽ മാത്രം ഉല്പാദിതമായവനു് പ്രാഥമിക ഭക്ഷണമായ മുലപ്പാൽ, അവളുടെ രക്തത്തിൽ നിന്നുള്ള ഘടകങ്ങൾ കൂടാതെ ഉല്പാദിപ്പിക്കാൻ ആത്മാവിനു് കഴിയില്ലേ? ➟യേശു അമ്മയുടെ മലപ്പാൽ കുടിച്ചു എന്ന് വചനം പറയുമ്പോൾ (ലൂക്കൊ, 11:27), അതും പരുശുദ്ധാത്മാവിനാൽ പ്രകൃത്യാതീതമായ ഉല്പാദിതമായതാണെന്ന് മനസ്സിലാക്കും. ➟അവളുടെ ഭാഗഭാഗിത്വം കൂടാതെ അവനെ ഉദരത്തിൽ ഉല്പാദിപ്പിച്ച പരിശുദ്ധാത്മാവ് ആരാണെന്നോ, ക്രിസ്തു ആരാണെന്നോ അറിയാത്തവർക്ക് മാത്രമേ, മറിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. [കാണുക: ക്രിസ്തു അമ്മയിൽനിന്ന് ശരീരം സ്വീകരിച്ചോ?, ദൈവത്തിൻ്റെ ആത്മാവ്, പരിശുദ്ധാത്മാവ് ആരാണ്?, ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക]
7️⃣ 16-ാം വാക്യം: ➤❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ (യെശ, 7:16). ➟ഇങ്ങനെയൊരു സംഭവവും ക്രിസ്തുവിൻ്റെ കാലത്ത് നടന്നിട്ടില്ല. രാജ്യമോ, രാജഭരണമോ ഇല്ലാതെ സ്വന്തജനം അടിമത്വത്തിൽ കിടക്കുമ്പോഴാണ് ക്രിസ്തു ജനിച്ചതെന്നോർക്കണം. ➟തന്മൂലം, യഥാർത്ഥത്തിൽ ആ പ്രവചനം ക്രിസ്തുവിനെയും മറിയത്തെയും കുറിച്ചായിരുന്നില്ലെന്ന് സംശയലേശമന്യേ മനസ്സിലാക്കാം. ➟പ്രവചനം ശ്രദ്ധിക്കുക: ➤❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ➟ഒരു കുഞ്ഞ് തിന്മ തള്ളി നന്മ തിരഞ്ഞെടുക്കാൻ പ്രായമാകുന്നത് 700 വർഷങ്ങൾക്കു ശേഷമല്ല; പന്ത്രണ്ടോ, പതിനഞ്ചോ വയസ്സിനിടയ്ക്കാണ്. ➟യെഹൂദവിശ്വാസപ്രകാരം കുട്ടികളുടെ പ്രായപൂർത്തിയാകൽ എന്നൊരു ആചാരംതന്നെയുണ്ട്. ➟കുട്ടികൾ ന്യായപ്രമാണ കല്പനയുടെ പുത്രീപുത്രന്മാർ ആകുന്നതും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാകാൻ തുടങ്ങുന്നതും പന്ത്രണ്ടും പതിമൂന്നും വയസ്സിലാണ്. ➟പെൺകുട്ടി 12 വയസ്സിലാണ് ❛ബാറ്റ് മിറ്റ്‌സ്‌വാ❜ (Bat Mitzvah) അഥവാ, കല്പനയുടെ പുത്രിയാകുന്നത്. ➟ആൺകുട്ടികൾ 13 വയസ്സിലാണ് ❛ബാർ മിറ്റ്‌സ്‌വാ❜ (Bar Mitzvah) അഥവാ, കല്പനയുടെ പുത്രനാകുന്നത്. ➟കുട്ടികൾ പ്രായപൂർത്തിയാകുന്നതുവരെ മാതാപിതാക്കൾ അവരുടെ പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്. ➟അവർ ❛ബാറ്റ്/ബാർ മിറ്റ്‌സ്‌വാ❜ ആയിക്കഴിഞ്ഞാൽ, അവരുടെ തെറ്റുകൾക്ക് ഉത്തരവാദി അവർതന്നെയാണ്. ➤[കാണുക: myjewishlearning, britannica]. ➟പ്രവചനം ഒന്നുകൂടി ശ്രദ്ധിക്കുക: ➤❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ.❞ ➟എന്നുവെച്ചാൽ ബാലനു പതിമൂന്നു വയസ്സ് ആകുന്നതിനു മുമ്പേ ➤❝നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ➟പ്രവചനം നിവൃത്തിയായോ? ➤❝അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.❞ (2രാജാ, 16:9). ഇത് അരാം രാജാവായ രെസീൻ്റെ മരണമാണ്. ➟അടുത്തവാക്യം: ➤❝എന്നാൽ ഏലാവിന്റെ മകനായ ഹോശേയരെമല്യാവിന്റെ മകനായ പേക്കഹിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി.❞ (2രാജാ, 15:30). ➟ഇത് യിസ്രായേൽ രാജാവായ പേക്കഹിൻ്റെ മരണം. ➟അരാം രാജാവായ രെസീൻ്റെ മരണംനടന്ന അതേ വർഷമാണ്, യിസ്രായേൽ രാജാവായ പേക്കഹും മരിച്ചത്. ➟അത് ആഹാസിൻ്റെ ഭരണത്തിൻ്റെ നാലാം വർഷമായിരുന്നു: (2രാജാ, 15:30 ⁃⁃ 2രാജാ, 16:1). ➟പ്രവചനം എന്താണ്? ➤❝തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.❞ ➟ബാലനു പ്രായമാകും മുമ്പെ, ആഹാസിൻ്റെ ശത്രുകൾ ദേശം ഉപേക്ഷിച്ചുപോയി. ➟അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ മൂന്നാമൻ പശ്ചിമേഷ്യ മുഴുവൻ കീഴടക്കിക്കൊണ്ട് വരികയായിരുന്നു. പ്രവചനം ആഹാസ് വിശ്വസിച്ചിരുന്നെങ്കിൽ, അവൻ അശ്ശൂർ രാജാവിന് അടിമയാകാതെയും കപ്പം കൊടുക്കാതെയും രെസീനെയും പേക്കഹിനെയും അവൻ കൊല്ലുമായിരുന്നു. ➟ആഹാസിനെ ദൈവം രക്ഷിക്കുകയും ചെയ്യുമായിരുന്നു.
➦ മറ്റൊരു പ്രവചനംകൂടി ഉണ്ടായിരുന്നു: ➤❝അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീൻ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകർന്നു പോകും.❞ (യെശ, 7:8). ➟അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം അഥവാ, വടക്കേ രാജ്യമായ യിസ്രയേൽ ജനമായിരിക്കാതവണ്ണം തകർന്നു പോകും എന്നാണ് പ്രവചനം. ➤❝യിസ്രായേൽരാജാവായ ഏലയുടെ മകൻ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടിൽ അശ്ശൂർരാജാവായ ശല്മനേസെർ ശമർയ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.❞ (2രാജാ, 18:9). ➟ബി.സി. 722-ലാണ് ശമര്യയുടെ പതനം അഥവാ, എഫ്രയീമിന്റെ രാഷ്ട്രീയ നാശം സംഭവിച്ചത്. ➟ബി.സി. 667-ഓടെ യിസ്രായേൽ ഒരു ജനമായിരിക്കാതവണ്ണം അവരുടെ ഐഡന്റിറ്റി പൂർണ്ണമായി നശിച്ചതായി കണക്കാക്കാം.
☛ യെഹൂദന്മാരോടുള്ള പ്രവചനം ഇപ്രകാരമാണ്:
➦ ❝യഹോവ പിന്നെയും എന്നോടു അരുളിച്ചെയ്തതെന്തെന്നാൽ: ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാവെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിൻ മകനിലും സന്തോഷിക്കുന്നതുകൊണ്ടു, അതുകാരണത്താൽ തന്നേ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂർരാജാവിനെയും അവന്റെ സകലമഹത്വത്തെയും തന്നേ, അവരുടെമേൽ വരുത്തും; അതു അതിന്റെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും. അതു യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും.❞ (യെശ, 8:5-8 ⁃⁃ യെശ, 7:17). ➟യഹോവയുടെ വചനവും അടയാളവും ആഹാസ് തള്ളിയതുകൊണ്ട്, അശ്ശൂർ രാജാവിലൂടെ യെഹൂദയ്ക്ക് വരുവാനുള്ള ന്യായവിധിയാണ് മേല്പറഞ്ഞ പ്രവചനത്തിൻ്റെ വിഷയം. ➟ആഹാസിൻ്റെ കാലത്തല്ല; അവൻ്റെ മകനായ ഹിസ്ക്കീയാവിൻ്റെ കാലത്താണ് അശ്ശൂർ പെരുവെള്ളംപോലെ യെഹൂദയുടെമേൽ കവിഞ്ഞൊഴുകിയത്. ➟ഹിസ്ക്കീയാവിൻ്റെ പതിനാലാം ആണ്ടിൽ അശ്ശുർ രാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു. ➟യെരൂശലേമിന് ഏകദേശം ഇരുപത്തിയഞ്ച് മൈൽ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലാഖീശ് നഗരവും കീഴടക്കി. ➟തുടർന്ന് യെരൂശലേമിനെ ഉപരോധിക്കാൻ ഒരു വലിയ സൈന്യത്തെ അയച്ചു. ➟ആഹാസിന്റെ പാപം കാരണം ➤❝അശ്ശൂർ യെഹൂദയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്റെ വിടർന്ന ചിറകു, ഇമ്മാനൂവേലേ, നിന്റെ ദേശത്തിന്റെ വീതിയെ മൂടും❞ എന്ന യെശയ്യാവിന്റെ പ്രവചനം അങ്ങനെ നിറവേറി. (2രാജാ, 18:13-17). ➟യെഹൂദന്മാരെ എന്തുകൊണ്ടാണ് ❛ഇമ്മാനൂവേലേ❜ എന്ന് പ്രവചകൻ സംബോധന ചെയ്യുന്നത്? ഇമ്മാനുവേൽ എന്ന പേരിൻ്റെ അർത്ഥം ❛ദൈവം നമ്മോടുകൂടെ❜ എന്നാണ്. ➤❝നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?❞ (ആവ, 4:7). ➤❝സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗ്ഗം ആകുന്നു.❞ (സങ്കീ, 46:7 ⁃⁃ സംഖ്യാ, 14:9; 2രാജാ, 6:16; 2ദിന, 32:7-8; സങ്കീ, 46:11). ➟ദൈവം കൂടെയിരിക്കുന്ന ജാതിയാണ് യെഹൂദന്മാർ. അതുകൊണ്ടാണ്, ❛ഇമ്മാനൂവേലേ❜ എന്ന് പ്രവാചകൻ അവരെ സംബോധന ചെയ്തത്. ➟ദൈവം കൂടെയുള്ള എല്ലാവരും ❛ഇമ്മാനൂവേൽ❜ ആണ്. ➟നമ്മുടെ കർത്താവായ ക്രിസ്തുയേശു എന്ന പാപരഹിതനായ മനുഷ്യൻ പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് (Manifestation) ആകാൽ, ❛ദൈവം നമ്മോടുകൂടെ❜ എന്നർത്ഥമുള്ള ❛ഇമ്മാനൂവേൽ❜ എന്ന പേര് അവനോടുള്ള ബന്ധത്തിലും ബന്ധത്തിലും അന്വർത്ഥമായതായി: (1തിമൊ, 3:16; ലൂക്കൊ, 1:68 ⁃⁃ യോഹ, 9:11, 1തിമൊ, 2:6; 1യോഹ, 3:5; മത്താ, 1:22).
കൂടുതൽ അറിവുകൾക്കായി:
☟
ക്രിസ്തുവിനെ അറിയുക; ക്രിസ്ത്യാനിയാകുക
മോണോതീയിസം
ക്രിസ്തുവിന്റെ പൂർവ്വാസ്തിത്വവും നിത്യാസ്തിത്വവും
ദൈവഭക്തിയുടെ മർമ്മം
Footnote:
ചില എബ്രായപേരുകളുടെ അർത്ഥം താഴെച്ചേർക്കുന്നു:
➦ അദോനീരാം – Adoniram (എൻ്റെ കർത്താവ് ഉന്നതനാണ്) 1രാജാ, 4:6.
അദോനീ-സേദെക്ക് – Adoni-zedec (എൻ്റെ കർത്താവ് നീതിമാനാണ്) യോശു, 10:3.
➦ അബീദാൻ – Abidan (എൻ്റെ പിതാവ് ന്യായാധിപതിയാണ്) സംഖ്യാ, 1:11
➦ അഹീയാവ് – Ahiah (യഹോവയുടെ സഹോദരൻ) 1ശമൂ, 14:3.
➦ ഇഥീയേൽ – Ithiel (ദൈവം എന്നോടുകൂടെ) നെഹെ, 11:7.
➦ ഇമ്മാനൂവേൽ – Immanuel (ദൈവം നമ്മോടുകൂടെ) യെശ, 7:14.
➦ എലീയാഥാ – Eliathah (ദൈവം വന്നിരിക്കുന്നു) 1ദിന, 25:4.
➦ എലീഹൂ – Elihu (അവൻ എൻ്റെ ദൈവം) ഇയ്യോ, 32:4.
➦ കദ്മീയേൽ – Kadmiel (പുരാതനനായ ദൈവം) എസ്രാ, 2:40.
➦ കോലായാവ് – Kolaiah (യഹോവയുടെ ശബ്ദം) നെഹെ, 11:7.
➦ തെയൊഫിലൊസ് – Theophilus (ദൈവത്തിൻ്റെ സ്നേഹിതൻ) ലൂക്കൊ, 1:1.
➦ ബാൽ-ഹാനാൻ – Baal-hanan (കൃപാനാഥൻ) ഉല്പ, 36:38.
➦ യഹസീയേൽ – Jahaziel (ദൈവം കാണുന്നു) 1ദിന, 12:4.
➦ യെക്കൂദീയേൽ – Jekuthiel (ദൈവത്തിൻ്റെ ശുദ്ധീകരണം) 1ദിന, 4:18.
➦ യെശയ്യാവ് – Isaiah (യഹോവ രക്ഷ ആകുന്നു) യെശ, 1:1.
➦ യെഹൂ – Jehu (അവൻ യഹോവയാകുന്നു) 1ദിന, 2:38.
➦ യെഹോശൂവാ – Jehoshuah (യഹോവ രക്ഷയാകുന്നു) 1ദിന, 7:27.
➦ യേഹൂ – Jehu (യഹോവ അവനാണ്) 1ദിന, 4:35.
➦ യോവാഹ് – Joah (യഹോവ സഹോദരനാണ്) 1ദിന, 26:4.
➦ ശമൂവേൽ – Samuel (അവന്റെ പേര് എൽ എന്നാണ്) 1ശമൂ, 8:1.
➦ ശെലൂമീയേൽ – Shelumiel (ദൈവത്തിൻ്റെ സൂഹൃത്ത്) സംഖ്യാ, 1:6.
➦ ഹനീയേൽ – Haniel (ദൈവത്തിൻ്റെ കൃപ) 1ദിന, 7:39.
➦ ഹീയേൽ – Hiel (ദൈവം ജീവിക്കുന്നു) 1രാജാ, 16:34.
➦ ഹെല്കായി – Helkai (യഹോവ എൻ്റെ ഓഹരിയാണ്) നെഹെ,12:15.
➦ ഹോശേയാ – Hosea (രക്ഷ) ഹോശേ, 1:1.
One thought on “ഇമ്മാനൂവേൽ (Immanuel)”