ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
ആദാമിനെയും ഹവ്വയെയും ആണും പെണ്ണുമായി ഒരു ശരീരത്തിലാണ് ദൈവം സൃഷ്ടിച്ചതെന്ന് പലരും വിശ്വസിക്കുന്നതായി ഞാൻ മുമ്പേ കേട്ടിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് ബാഗ്ലൂരുള്ള ഒരു വലിയ പെന്തെക്കൊസ്ത് സഭയുടെ പാസ്റ്ററും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള മറ്റൊരു പണ്ഡിതനും ഇതു പറഞ്ഞുകേട്ടിട്ടുണ്ട്. അവർ അങ്ങനെ വിശ്വസിക്കാൻ കാരണമായ വാക്യങ്ങൾ നമുക്ക് ഒരോന്നായി പരിശോധിക്കാം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു.” (ഉല്പ, 1:27,28). “ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു” എന്നു പറഞ്ഞിരിക്കയാൽ; ദൈവം അവരെ ഒരു ശരീരത്തിലാണ് സൃഷ്ടിച്ചതെന്നാണ് ഇക്കൂട്ടർ വിചാരിക്കുന്നു. അതിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് നമുക്കൊന്ന് പരിശോധിക്കാം:
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പ, 1:1) എന്നു പറഞ്ഞുകൊണ്ടാണ് ബൈബിൾ ചരിത്രം ആരംഭിക്കുന്നത്. ഒന്നാം വാക്യം ആകാശവും ഭൂമിയും സൃഷ്ടിച്ചതിൻ്റെ സംക്ഷിപ്ത രൂപമായി മനസ്സിലാക്കാം. തുടർന്ന് രണ്ടാം വാക്യംമുതൽ ഇരുപത്തഞ്ചാം വാക്യംവരെയാണ് ആകാശസൈന്യങ്ങളുടെ സൃഷ്ടികളെക്കുറിച്ചും, ഭൂമിയിലെ ജീവജാലങ്ങളെക്കുറിച്ചും വിശദമായി പ്രസ്താവിക്കുന്നത്. അഞ്ചുദിവസംകൊണ്ട് ലോകത്തിൽ മനുഷ്യനൊഴികെയുള്ള സകലതും ദൈവം സൃഷ്ടിച്ചു. തുടർന്ന് 26-28 വരെയുള്ള വാക്യങ്ങളിൽ മനുഷ്യസൃഷ്ടിയെക്കുറിച്ച് ഒരു സംക്ഷിപ്തരൂപം കാണാം: അവിടെ മനുഷ്യനെക്കുറിച്ച് ചില കാര്യങ്ങളും പറയുന്നുണ്ട്: മനുഷ്യൻ്റെ രൂപവും സാദൃശ്യവും, ആകാശഭൂമിയിലുള്ള സകല ജീവജാലങ്ങളുടെയും മേലുള്ള അവൻ്റെ അധികാരം, ആണും പെണ്ണുമായുള്ള അവരുടെ ലിംഗഭേദം, സന്താനപുഷ്ടിയുള്ളവരായി ഭൂമിയിൽ പെരുകുവാനുള്ള അനുഗ്രഹം തുടങ്ങിയവ. ദൈവസൃഷ്ടിയുടെ മകുടമായ മനുഷ്യസൃഷ്ടിയെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കയാൽ, സൃഷ്ടിയുടെ സംക്ഷിപ്ത രൂപമാണ് ഒന്നാം അദ്ധ്യായത്തിലുള്ളതെന്ന് ന്യായമായും മനസ്സിലാക്കാമല്ലോ? രണ്ടദ്ധ്യായവും ചേർത്ത് പരിശോധിക്കുമ്പോഴല്ലേ മനുഷ്യനെ എപ്രകാരമാണ് ദൈവം സൃഷ്ടിച്ചതെന്ന് മനസ്സിലാകുകയുള്ളു. അല്ലെങ്കിൽ, അടുത്ത അദ്ധ്യായത്തിൽ ദൈവം സൃഷ്ടിക്കുന്നത് വേറെ വല്ലവരെയുമാണെന്ന് പറയുമോ?
ഒന്നാം അദ്ധ്യായത്തിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്നും അധികാരം നല്കി അനുഗ്രഹിച്ചുവെന്നുമല്ലാതെ, എപ്രകാരമാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് പറഞ്ഞിട്ടില്ല. അത് അടുത്ത അദ്ധ്യായത്തിലാണ്. വാക്യം ഏഴ്: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.” (ഉല്പ, 2:7). ദൈവം നിലത്തെ പൊടികൊണ്ട് ആദാമിനെ മാത്രമാണ് ആദ്യം സൃഷ്ടിച്ചതെന്ന് ഈ വാക്യം തെളിവുനല്കുന്നു. ആദാമിനെയെയാണ് ദൈവം ആദ്യം സൃഷ്ടിച്ചതെന്ന് പുതിയനിയമത്തിലും തെളിവുണ്ട്: “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.” (1തിമൊ, 2:13. ഒ.നോ: 1കൊരി, 15:45). അല്ലാതെ, ആദാമിനെയും ഹവ്വയെയും ഒരുമിച്ചല്ല ദൈവം സൃഷ്ടിച്ചത്.
അടുത്തവാക്യം: “അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.” (ഉല്പ, 2:8). തോട്ടമുണ്ടാക്കി മനുഷ്യനെ അവിടെ കൊണ്ടുപോയി ആക്കിയെന്നല്ലാതെ, എന്തിനാണവിടെ ആക്കിയതെന്നു പറയാതെ, അടുത്ത ആറ് വാക്യങ്ങളിൽ ഏദെൻ തോട്ടത്തെക്കുറിച്ചാണ് വർണ്ണിക്കുന്നത്. എട്ടാം വാക്യം മാത്രം ഒരാൾ വായിച്ചിട്ട് തനിക്ക് തോന്നിയപോലെ എന്തെങ്കിലും വ്യാഖ്യാനിച്ചുണ്ടാക്കിയാൽ ശരിയാകുമോ? അതുപോലെയാണ് ചിലർ ഒന്നോരണ്ടോ വാക്യം വായിച്ചിട്ട് ആദാമിനെയും ഹവ്വയെയും സയാമീസ് ഇരട്ടകളെപ്പോലെയോ മറ്റൊ സൃഷ്ടിച്ചുവെന്ന് മനസ്സിലാക്കുന്നത്. എന്തിനാണവനെ തോട്ടത്തിൽ ആക്കിയതെന്ന് അറിയണമെങ്കിൽ കുറച്ച് വാക്യങ്ങൾ കഴിഞ്ഞ് എഴുതിയിട്ടുണ്ട്. പതിനഞ്ചാം വാക്യം: “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്വാനും അതിനെ കാപ്പാനും അവിടെ ആക്കി.” (ഉല്പ, 2:15). തോട്ടത്തിൽ ആക്കിയതിൻ്റെ കാരണമിതാണ്. അവനെ സൃഷ്ടിക്കുമ്പോഴും തോട്ടം കാപ്പാനും വേല ചെയ്യാനും ഏല്പിക്കുമ്പോഴും അവൻ ഏകനാണെന്നോർക്കണം. അടുത്ത രണ്ട് വാക്യങ്ങൾ ദൈവം അവന് കൊടുത്ത കല്പനയാണ്. (1:16,17). ദൈവം ആദാമിന് കല്പന കൊടുക്കുമ്പോഴും ഹവ്വ ഇല്ലായിരുന്നു. സയാമീസ് ഇരട്ടവാദം പറയുന്നവരൊക്കെ ഏത് ബൈബിളാണ് വായിക്കുന്നതെന്നറിയില്ല.
പതിനെട്ടാം വാക്യം: “അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 2:18). ഈ വാക്യം ശ്രദ്ധിക്കുക: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല.” ദൈവത്തിൻ്റെ ഈ വാക്ക് ഏകശരീരവാദികളുടെ കരണം നോക്കിയുള്ള അടിയല്ലേ? അടുത്തഭാഗം: “അവനൊരു തുണ ഉണ്ടാക്കിക്കൊടുക്കും.” തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് ഭാവികാലത്തിലാണ് പറയുന്നത്, ഹവ്വയെ അതുവരെയും സൃഷ്ടിച്ചിട്ടില്ല. അടുത്ത രണ്ട് വാക്യങ്ങളിൽ ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ പറവകൾക്കും ആദാം പേരിടുന്നു. തുടർന്നാണ് ഹവ്വയെ സൃഷ്ടിക്കുന്ന പ്രക്രിയ ദൈവം ആരംഭിക്കുന്നത്: “ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.” (ഉല്പ, 2:21). ആദാമിൻ്റെ വാരിയെല്ലുകളിൽ ഒരെണ്ണം എടുത്തിട്ടാണ് ഹവ്വയെ സൃഷ്ടിക്കുന്നത്. ആദാമിൽ നിന്നാണ് ഹവ്വ സൃഷ്ടിക്കപ്പെട്ടതെന്ന് പുതിയനിയമവും പറയുന്നു. (1കൊരി, 11:8). സയാമീസ് വാദികളുടെ ബൈബിളിൽ ഈ വാക്യങ്ങളൊന്നും ഇല്ലേ ആവോ?
അടുത്തവാക്യം: “യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.” (ഉല്പ, 2:22). അവിടെന്താണ് പറയുന്നത്: ദൈവം അവരെ ഒരുമിച്ചു സൃഷ്ടിച്ചശേഷം വേർപെടുത്തിയെന്നാണോ പറയുന്നത്? അല്ല. എവിടെയോവെച്ച് സൃഷ്ടിച്ചശേഷം ആദാമിൻ്റെ അടുക്കൽ കൊണ്ടുവന്നു എന്നാണ് പറയുന്നത്. അടുത്തവാക്യം: “അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.” (ഉല്പ, 2:23). ആദാമിനെ സൃഷ്ടിച്ച് വളരെ സമയം കഴിഞ്ഞിട്ട് അവൻ്റെതന്നെ ഒരു വാരിയെല്ലിൽ ഒരെണ്ണമെടുത്ത് ഹവ്വയെ സൃഷ്ടിച്ചാണ് അവൻ്റെയടുക്കൽ കൊണ്ടുവരുന്നത്. ഹവ്വയെനോക്കി ആദാം പറയുന്ന കാര്യമാണ് ക്രിസ്തുവിനെയും സഭയെയും കുറിച്ച് പൗലൊസ് പറയുന്നത്. (എഫെ, 5:30. കെ.ജെ.വി.യിൽ നോക്കുക). ഭൂമിയിലെ സകല ജീവികൾക്കും പേരിട്ട ആദാം തന്നെയാണ് ഹവ്വയെ നാരി (സ്ത്രീ) എന്ന് വിളിക്കുന്നത്. മേല്പറഞ്ഞ സൃഷ്ടിവിവരങ്ങളിൽ ഒരിടത്തും ആദാമിനെയും ഹവ്വയെയും ഒരു ശരീരത്തിലാണ് ദൈവം സൃഷ്ടിച്ചതെന്ന് സൂചനപോലുമില്ലെന്ന് മാത്രമല്ല; വ്യത്യസ്തസമയങ്ങളിൽ വ്യത്യസ്ത ശരീരങ്ങളിലാണ് അവരെ സൃഷ്ടിച്ചതെന്ന് ഏറ്റവും വ്യക്തമാണ്.
അടുത്തവാക്യം: “അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.” (ഉല്പ, 2:24). ഈ വാക്യവും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്: “അവർ ഏകദേഹമായിത്തീരും” എന്നത്, അവർ അക്ഷരാർത്ഥത്തിൽ ഒരു ശരീരമായി തീരുമെന്നാണോ? അല്ല. പിന്നെന്താണ്? അവിടെ ആദാമിനെയും ഹവ്വയെയും കുറിച്ച് മാത്രമല്ല ദൈവമത് പറയുന്നത്. വാക്യത്തിൻ്റെ ആദ്യഭാഗം: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും.” ഈ ഭാഗം ആദാമിനെ കുറിച്ച് മാത്രമാണെങ്കിൽ, ആദാമിന് ഒരമ്മ ഇല്ലാത്തതിനാൽ അമ്മയെക്കുറിച്ച് പറയേണ്ടതില്ലല്ലോ? അപ്പോൾ എന്താണ് അവിടുത്തെ വിഷയം: സന്താനപുഷ്ടിയുള്ളവരായി ഭൂമിയിലൊക്കെയും പെരുകാൻ മനുഷ്യനെ അനുഗ്രഹിച്ച ദൈവം, തൻ്റെ പ്രതിനിധികളായിരുന്ന് ലൈംഗിക ബന്ധത്തിലൂടെ സൃഷ്ടികർമ്മം നടത്താൻ നിയമിച്ചിരിക്കുന്ന വ്യവസ്ഥയായ വിവാഹത്തെക്കുറിച്ച് അഥവാ ദാമ്പത്യജീവിതത്തെ കുറിച്ചാണ് അവിടെ പറയുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യർക്കും ബാധകമയ കാര്യമാണ് ദൈവം പറയുന്നത്. ക്രിസ്തുവും ഇതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു. (മത്താ, 19:4-6). “ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ” എന്നു യേശുവിനെ പരീക്ഷിച്ചു ചോദിച്ച പരീശന്മാരോടാണ് യേശുവത് പറയുന്നത്. “ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.” ക്രിസ്തു പറയുന്നു: ഇരുവരും ഒരു ദേഹമായി തീരും; അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; അവരെ വേർപിരിക്കരുതു. യഥാർത്ഥത്തിൽ ഭർത്താവും ഭാര്യയും ഒരു ദേഹമായിത്തീരും; ഓപ്പറേഷൻ ചെയ്ത് അവരെ വേർപിരിക്കരുതെന്നാണോ പറയുന്നത്? അല്ല. വിവാഹം കഴിക്കുമ്പോൾ ദാമ്പത്യമെന്ന വ്യവസ്ഥയിൽ അവർ ഒന്നാകുന്നതിനെയാണ്, ഒരു ദേഹമാകും എന്നു പറയുന്നത്. ഈ ക്രമീകരണം ദൈവം ചെയ്തതാകയാൽ മനുഷ്യർ വിവാഹമോചനത്താൽ അവരെ വേർപിരിക്കുരുതെന്നാണ് പറയുന്നത്. അപ്പോൾ ദൈവം എങ്ങനെയാണ് ആദാമിനെയും ഹവ്വയെയും ഒരു ശരീരമാക്കി യോജിപ്പിച്ചതെന്ന് മനസ്സിലായില്ലേ? ഇങ്ങനെയൊക്കെ ബൈബിൾ വ്യാഖ്യാനിക്കുകയും പഠിക്കുക്കുകയും ചെയ്യുന്നവർ ദൈവം ത്രിത്വമാണെന്ന് വിശ്വസിക്കുന്നതിൽ യാതൊരതിശയവുമില്ല.
അടുത്തൊരു വാക്യം: “ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.” (ഉല്പ, 5:1). “അവർക്ക് ആദാമെന്ന് പേരിട്ടു” എന്ന് പറഞ്ഞിരിക്കയാൽ, അവർ ഒരു ശരീരത്തിലായിരുന്നു എന്നാണവർ കരുതുന്നത്. പാപം ചെയ്തശേഷം ആദാം തന്നെ സ്ത്രീക്ക് ഹവ്വ എന്നു പേരിടുന്നതായി കാണാം: “മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.” (ഉല്പ, 3:20). പിന്നെയും, അവർക്ക് ‘ആദാമെന്ന് പേരിട്ടു’ എന്നു പറഞ്ഞിരിക്കുന്നതെന്താണ്? ആദാം എന്ന പദം ബൈബിളിൽ 560-ലേറെ പ്രാവശ്യം പറഞ്ഞിട്ടുണ്ട്. സംജ്ഞാനാമമായും (വ്യക്തിയുടെ പേര്) സാമാന്യനാമമായും (മനുഷ്യൻ, മനുഷ്യവർഗ്ഗം) എന്നീ ആശയങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. മനുഷ്യൻ എന്ന സാമാന്യ അർത്ഥത്തിലാണ് അധികം പ്രയോഗിച്ചിരിക്കുന്നത്. ആദാം എന്ന പദത്തിന് ചെമ്മണ്ണിൽനിന്ന് എടുക്കപ്പെട്ടവൻ എന്നാണർത്ഥം. ദൈവം മനുഷ്യനെ ഉണ്ടാക്കാൻ തീരുമാനിക്കുന്ന ആദ്യവാക്യം ഉല്പത്തി 1:26 ആണ്: “അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” ഈ വാക്യത്തിലെ മനുഷ്യൻ എബ്രായയിൽ ആദാമാണ്. ആദാം ഹവ്വയ്ക്ക് പേരിട്ടു എന്നല്ലാതെ, ദൈവം മനുഷ്യന് ആദാമെന്ന് പേരിട്ടതായും, ആദാമേ എന്ന് വിളിച്ചതായും കാണുന്നില്ല. എബ്രായയിൽ ആദാമെന്നത് മനുഷ്യനെയും മനുഷ്യവർഗ്ഗത്തെയും കുറിക്കുന്ന ഒരു പൊതുനാമമായതിനാലാണ് ഉല്പത്തി 5:1-ൽ അവർക്ക് ആദാമെന്ന് പേരിട്ടുവെന്ന് പറയുന്നത്. അല്ലാതെ, അവർ രണ്ടുപേരും ഒരു ശരീരത്തിൽ ആയതുകൊണ്ടല്ല. അങ്ങനെയല്ലെന്ന് പഴയപുതിയനിയമങ്ങൾ തെളിവായിട്ട് പറഞ്ഞിട്ടുണ്ടല്ലോ?
ചില ചോദ്യങ്ങൾ: “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.” (1തിമൊ, 2:13). ആദാമിനെ ആദ്യം സൃഷ്ടിച്ചു, പിന്നെയാണ് ഹവ്വയെ സൃഷ്ടിച്ചതെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറഞ്ഞിരിക്കെ, അവരെ ഒരുമിച്ചാണ് സൃഷ്ടിച്ചതെന്ന് പറയാൻ എന്ത് ന്യായമാണുള്ളത്?
“അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു.” (ഉല്പ, 4:1). ഒരു ശരീരത്തിൽ ഇരുന്നുകൊണ്ട് ആദാമിന് ഹവ്വയെ എങ്ങനെ പരിഗ്രഹിക്കാൻ കഴിയും?
അവർ ഒരു ശരീരത്തിലാണെങ്കിൽ, അവർക്ക് മക്കളെങ്ങനെ ഉണ്ടായി? (ഉല്പ, 4:1,2). പാപം ചെയ്തശേഷമാണ് മക്കളുണ്ടാകുന്നത്; പ്രകൃത്യാതീതമായാണോ മക്കളുണ്ടായത്?
“ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടതു.” (1തിമൊ, 2:14). അവർ ഒരു ശരീരത്തിൽ ആയിരുന്നെങ്കിൽ ഹവ്വ മാത്രമെങ്ങനെ വഞ്ചിക്കപ്പെട്ടു? ഈ ചോദ്യങ്ങൾക്കൊന്നും ഏകശരീരവാദികൾക്ക് ഉത്തരമില്ല.
കുറിപ്പ്: പ്രധാനമായും ത്രിത്വവിശ്വാസികളാണ് ഈ ആരോപണം ഉന്നയിക്കുന്നത്. ദൈവം ത്രിത്വമാണെന്ന് സ്ഥാപിക്കാനാണ് ഏകശരീരവാദം ഇവർ മുന്നോട്ടുവെക്കുന്നത്. പലർ പറഞ്ഞ് ഇത് കേട്ടിട്ടുണ്ടെങ്കിലും, ഒടുവിലായി ഇത് കേൾക്കുന്നത് കഴിഞ്ഞദിവസം ഒരു സഹോദരനുമായി ഫെയ്സ്ബുക്കിൽ സംവദിക്കുമ്പോൾ, ദൈവത്തിൻ്റെ ത്രിത്വം സ്ഥാപിക്കാൻ അദ്ദേഹം ഇത് പറയുമ്പോഴാണ്. മൂന്ന് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്: 1. ദൈവം ആദാമിനെയും ഹവ്വയെയും ആണും പെണ്ണുമായി ഒരു ശരീരത്തിൽ സൃഷ്ടിച്ചു. 2. രണ്ട് വ്യക്തിത്വങ്ങളും ഒരു ആളത്വവും അവർക്ക് ഉണ്ടായിരുന്നു. 3. ദൈവം അവരെ വേർപിരിക്കുകയും പിന്നെയും ഒന്നാക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ഫെയ്സ്ബുക്ക് കമൻ്റിൻ്റെ SS താഴെ ചേർക്കുന്നു:👇
“ആദാമിനും ഹവ്വയ്ക്കുകൂടി രണ്ട് വ്യക്തിത്വങ്ങളും ഒരു ആളത്വവും ഉണ്ടായിരുന്നു” എന്ന് പറയുന്നത് ഏതർത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ആളത്വം എന്താണെന്ന് ചോദിച്ചിട്ട് പറഞ്ഞാൾക്കുപോലും അതറിയില്ല. ത്രിത്വവിശ്വാസികളുടെ കാര്യം വളരെ രസകരമാണ്. ത്രിത്വത്തിന് ബൈബിളിൽ യാതൊരു തെളിവുമില്ല. നിഖ്യാസുന്നഹദോസു മുതൽ 1,700 വർഷമായി ത്രിത്വമെന്ന ബൈബിൾ വിരുദ്ധ ഉപദേശം ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചു കയറ്റിയിട്ടിട്ട്. (2കൊരി, 11:3). ഇന്നുവരെയും ത്രിത്വത്തിന് ഏകീകൃതമായ ഒരു നിർവ്വചനം ഉണ്ടാക്കാൻപോലും അതിൻ്റെ വക്താക്കൾക്ക് കഴിഞ്ഞിട്ടില്ല എന്നത്, ഈ ഉപദേശത്തിന് ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്നതിൻ്റെ തെളിവാണ്. ത്രിത്വമെന്താണെന്ന് നൂറുപേരോട് ചോദിച്ചാൽ നൂറുത്തരമായിരിക്കും കിട്ടുക. ഉദാഹരണം താഴെ:👇
ഫെയ്സ്ബുക്കിൽ എന്നോട് സംവദിച്ചവർ വിശ്വസിക്കുന്ന വിവിധ ത്രിത്വനിർവ്വചനങ്ങളിൽ ചിലതാണ് താഴെക്കാണുന്നത്:
- മൂന്ന് യഹോവ
- മൂന്ന് വ്യക്തികൾ
- മൂന്നു ശക്തികൾ
- മൂന്ന് ദൈവങ്ങൾ
- മൂന്ന് ആത്മാക്കൾ
- മൂന്ന് വ്യക്തിത്വങ്ങൾ
- മൂന്ന് വ്യക്തിത്വം ഒരു വ്യക്തി
- മൂന്ന് വ്യക്തിത്വം ഒരു ആളത്വം
- മൂന്ന് ആത്മാക്കൾ ഒരു വ്യക്തി
- ഏകദൈവം മൂന്നു ഘടകങ്ങൾ
- മൂന്ന് ആളത്വങ്ങളിൽ ഏക ആത്മാവ്
- പിതാവും പുത്രനും മൽക്കീസേദെക്കും
- മൂന്ന് വ്യക്തിത്വങ്ങൾ ചേർന്ന ഏകദൈവം
- ഏകദൈവത്തിൽ ഒരേ തത്വമുള്ള മൂന്നുപേർ
- ദൈവം ഒരു വ്യക്തി മൂന്നു ആളുകൾ അഥവാ മുഖങ്ങൾ.
ത്രിത്വദൈവത്തിന് മൂന്ന് വ്യക്തിത്വവും ഒരു ആളത്വവുമാണെന്നാണ് പുള്ളി പറഞ്ഞത്. അത് സ്ഥാപിക്കുവാൻ വേണ്ടിയാണ് ആദാമിൻ്റെ ഉദാഹരണം കൊണ്ടുവന്നത്. ആളത്തമെന്ന പദം നിഘണ്ടുവിൽപ്പോലും ഇല്ലാത്തതാണ്. ആ പദത്തിൻ്റെ അർത്ഥമെന്താണെന്ന് ചോദിച്ചാൽ, ചിലർ വ്യക്തിയാണെന്ന് പറയും, ചിലർ വ്യക്തിത്വമാണെന്ന് പറയും, ചിലർ ഭാവമാണെന്ന് പറയും, ചിലർ പദവിയാണെന്ന് പറയും, ഒന്നും പറ്റിയില്ലെങ്കിൽ മർമ്മമാണെന്നും ആത്മാവ് വെളിപ്പെടുത്താതെ അത് ഗ്രഹിക്കാൻ കഴിയില്ലെന്നും പറഞ്ഞുകളയും. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതുപോലെയാണ് പലരുടെയും ത്രിത്വനിർവ്വചനം.
ആളത്വത്തെ വ്യക്തിത്വമായി മനസ്സിലാക്കിയാൽ ദൈവത്തിന് നാല് Personality ഉണ്ടെന്ന് പറയേണ്ടിവരും. ഇനി, ആളത്വത്തെ വ്യക്തിയായി മനസ്സിലാക്കിയാൽ, ഒരു വ്യക്തിയും (Person) മൂന്ന് വ്യക്തിത്വവും (Personality) ആയി. ഒരു വ്യക്തിയാണുള്ളത്; പിതാവ് പുത്രൻ പരിശുദ്ധാത്മാവിൽ ആരാണാ വ്യക്തി? വ്യക്തിയിലുള്ള സവിശേഷ ഗുണത്തെയാണ് വ്യക്തിത്വം (Personality) എന്ന് പറയുന്നത്. പിതാവ് വ്യക്തിയല്ലെന്ന് ആർക്കും പറയാൻ പറ്റില്ല. അപ്പോൾ, പുത്രനും പരിശുദ്ധാത്മാവും വ്യക്തിയല്ലെന്നുവരും. പുത്രൻ വ്യക്തിയല്ലാതെ വ്യക്തിത്വം മാത്രമുള്ളവനായിട്ടാണോ ഭൂമിയിൽ വന്നത്? വ്യക്തിയെക്കൂടാതെ എങ്ങനെ വ്യക്തിത്വം ഉണ്ടാകും? യേശുക്രിസ്തു ചരിത്രപുരുഷനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്; വ്യക്തിയല്ലാത്ത വ്യക്തിത്വം മാത്രമുള്ള ഒരു ചരിത്രപുരുഷൻ ഉണ്ടാകുക സാദ്ധ്യമോ? അപ്പൊസ്തലന്മാരും അക്കാലത്തെ ജനങ്ങളും വ്യക്തിയല്ലാത്ത യേശുവിനെ കണ്ടതും, അവൻ കഷ്ടം സഹിച്ചതും, ക്രൂശിക്കപ്പെട്ടതും ഒരു മായയോ നാടകമോ വല്ലതുമായിട്ടാന്നോ? ഇക്കൂട്ടർ ബൈബിൾ വിരുദ്ധ ഉപദേശമായ ത്രിത്വം വിശ്വസിച്ചതിനു ശേഷമാണോ ഇതുപോലെ ബോധമില്ലാതായത്; അതോ, ബോധമില്ലാത്തവർക്ക് മാത്രമേ ത്രിത്വം വിശ്വസിക്കാൻ കഴിയുകയുള്ളോ എന്ന കാര്യത്തിലേ ഇനി സംശയമുള്ളു.
ഒടുവിൽ അദ്ദേഹം പറഞ്ഞത്: “ദൈവം അവരെ വേർപിരിക്കുകയും പിന്നെയും ഒന്നാക്കുകയും ചെയ്തു.” ഇങ്ങനെയോരു കാര്യമേ ബൈബിളിൽ ഇല്ല. പിരിക്കാൻ അവർ ഒരു ശരീരത്തിലല്ലായിരുന്നു; പിരിച്ചുവെങ്കിൽ വീണ്ടും ഒന്നാക്കിയതെന്തിനാണ്? ഒന്നെങ്കിൽ കഞ്ചാവടിച്ചിട്ട് ബൈബിൾ വായിച്ചതായിരിക്കും; അല്ലെങ്കിൽ ആരെങ്കിലും ഇവരെ പറഞ്ഞ് പറ്റിച്ചതായിരിക്കും; എനിക്കറിയില്ല. ഒരുകാര്യം എനിക്ക് മനസ്സിലായി: ബൈബിളിലില്ലാത്ത ത്രിത്വം സ്ഥാപിക്കാൻ ബൈബിൾ വിരുദ്ധമായി ഏതറ്റംവരെയും ഇക്കൂട്ടർ പോകും. ഏകദൈവത്തെ ത്രിത്വമാക്കാനുള്ള ഉപായിയായ സർപ്പത്തിൻ്റെ ഓരോരോ തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല. കൂടുതലൊന്നും പറയുന്നില്ല.
ട്രിനിറ്റി നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ ഉപദേശം: ട്രിനിറ്റിയെന്ന ബൈബിൾ വിരുദ്ധ ഉപദേശത്തെ സംബന്ധിച്ച യഥാർത്ഥ വസ്തുത എന്താണെന്ന് നിങ്ങളുടെ Systematic theology പറഞ്ഞുതരും: “സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി. നിഖ്യാസുനഹദോസ് (A.D. 325) പുത്രന് പിതാവിനോടുള്ള സത്താസമത്വവും, കോൺസ്റ്റാൻഡിനോപ്പിൾ സുനഹദോസ് (A.D. 381) പരിശുദ്ധാത്മാവിൻ്റെ ദൈവത്വംവും അംഗീകരിച്ചു. പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” (ദൈവം–ത്രിയേകത്വം, പേജ്, 147).
“സഭ നാലാം നൂറ്റാണ്ടിൽ ത്രിത്വോപദേശം രൂപപ്പെടുത്താൻ തുടങ്ങി.” രൂപപ്പെടുത്താൻ തുടങ്ങി എന്നു പറഞ്ഞാൽ; പുതുതായൊന്ന് നിർമ്മിക്കുവാൻ, ഉണ്ടാക്കുവാൻ അഥവാ മെനയുവാൻ തുടങ്ങി എന്നാണർത്ഥം. ഉണ്ടായിരുന്ന ഉപദേശത്തെ പരിഷ്കരിച്ചുവെന്നോ, എടുത്തുപറഞ്ഞുവെന്നോ അല്ല പറയുന്നത്; ഇല്ലാത്ത ഒരുപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങി എന്നാണ്. മുമ്പേ ഉണ്ടായിരുന്ന ഒരു ഉപദേശത്തെ രൂപപ്പെടുത്താൻ തുടങ്ങേണ്ട ആവശ്യമില്ലല്ലോ?
അടുത്തഭാഗം: “പിതാവ് പുത്രനെ ജനിപ്പിക്കുന്നതായും പരിശുദ്ധാത്മാവ് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായും ഔദ്യോഗികമായി അംഗീകരിച്ചു.” സഭയിൽ അഥവാ ബൈബിളിൽ ട്രിനിറ്റിയെന്ന ഉപദേശം ഉണ്ടായിരുന്നെങ്കിൽ അത് ഔദ്യോഗികം തന്നെയായിരിക്കുമല്ലോ; പിന്നെ സുന്നഹദോസ് എന്തിനാണ് ട്രിനിറ്റിയെ ഔദ്യോഗികമായി അംഗീകരിക്കുന്നത്? എന്നുവെച്ചാൽ, നാലാം നൂറ്റാണ്ടിനുമുമ്പ് അങ്ങനെയൊരു ഉപദേശം സഭയ്ക്കകത്ത് ഉണ്ടായിരുന്നില്ല; പുതുതായി ഒരു ഉപദേശം ഉണ്ടാക്കിയശേഷം, അതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയാണ് ചെയ്തതെന്നു സ്ഫടികസ്ഫുടം തെളിയുന്നു. അതായത്, യഹോവയായ ദൈവമോ, പഴയനിയമഭക്തന്മാരോ, ക്രിസ്തുവോ, അപ്പൊസ്തലന്മാരോ അങ്ങനെയൊരു ഉപദേശം പഠിപ്പിച്ചിട്ടില്ല.
ബൈബിളിലോ ട്രിനിറ്റിക്ക് തെളിവില്ല; ചരിത്രത്തിലെങ്കിലും തെളിവുണ്ടാക്കാമെന്ന് നിങ്ങൾ കരുതി; പക്ഷെ, അത് പാളി. നിങ്ങളുടെ ദൈവശാസ്ത്രത്തെ നിങ്ങൾക്ക് തള്ളിപ്പറയാൻ പറ്റില്ല. ത്രിയേകത്വമെന്ന പ്രയോഗവും സാരാംശത്തിൽ ഏകനും മൂന്നാളുകളും (One ousia, three hypostasis) അഥവാ ട്രിനിറ്റി ദൈവശാസ്ത്രത്തിലല്ലാതെ ബൈബിളിലുള്ളതല്ല. ത്രിയേകത്വം, ആളത്വം, സാരാംശത്തിൽ ഏകൻ എന്നീ പ്രയോഗങ്ങളാകട്ടെ, നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. അതായത്, ദൈവശാസ്ത്രമെന്ന അബദ്ധശാസ്ത്രമില്ലെങ്കിൽ ത്രിയേകത്വമെന്ന ഉപദേശവുമില്ല. അതിനാൽ ദൈവശാസ്ത്രത്തെ തള്ളിയാൽ ട്രിനിറ്റിയെന്ന ഉപദേശവും നിങ്ങൾക്ക് തള്ളേണ്ടിവരും. ഇനിയെന്തുചെയ്യും? 🤔🤔🤔