അമാവാസി
ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള കറക്കത്തിൽ 29 അല്ലെങ്കിൽ 30 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ചന്ദ്രൻ സൂര്യന്റേയും ഭൂമിയുടേയും ഇടയിൽ വരും. ഈ സമയം ചന്ദ്രന്റെ സൂര്യനു എതിരായുള്ള ഭാഗം ഭൂമിയെ അഭിമുഖീകരിക്കുന്നതിനാൽ ചന്ദ്രനെ നഗ്നനേത്രങ്ങൾക്കു ദൃശ്യമാകില്ല. ഇങ്ങനെ ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് അഭിമുഖമായി വരുന്ന ദിവസമാമാണ് അമാവാസി അഥവാ കറുത്തവാവ് എന്ന് പറയുന്നത്. സൂര്യനും ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരികയാണെങ്കിൽ സൂര്യനെ ചന്ദ്രൻ മറക്കുകയും തന്മൂലം സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. അമാവാസി ദിവസം മാത്രമാണ് സൂര്യഗ്രഹണം ഉണ്ടാകുക. സൂര്യൻ സഞ്ചരിക്കുന്ന അതേ തലത്തിലൂടെ (Plane) അല്ല ചന്ദ്രൻ ഭൂമിയെ വലം വയ്ക്കുന്നത്. സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ ഏകദേശം 5 ഡിഗ്രിയുടെ വ്യത്യാസം ഉണ്ട്. ഇതു കാരണം രണ്ട് ബിന്ദുക്കളിൽ മാത്രമേ സൂര്യപഥവും ചന്ദ്രപഥവും തമ്മിൽ കൂട്ടിമുട്ടുകയുള്ളൂ. ഈ ബിന്ദുക്കളെയാണ് നമ്മൾ രാഹുവും കേതുവും എന്ന് വിളിക്കുന്നത്. ചുരുക്കത്തിൽ അമാവാസി ദിവസം ചന്ദ്രൻ സൂര്യൻ രാഹുവിലോ കേതുവിലോ ആയാൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കൂ.
ബൈബിൾ കാലഘട്ടത്തിലെ അമാവാസിയിലെ പ്രാധാന്യം, അത് ഒരു പുതിയ മാസത്തിന്റെ ആരംഭം കുറിക്കുന്നു എന്നതാണ്. (എബ്രായ കലണ്ടർ ചാന്ദ്രാധിഷ്ഠിതമാണ്). യിസ്രായേല്യർ ദൈവത്തിന് ഒരു വഴിപാട് കൊണ്ടുവരേണ്ട സമയമായിരുന്നു അത്. മാസത്തിന്റെ ആരംഭം അറിയപ്പെടുന്നത് സൻഹെദ്രിൻ സംഘത്തിലെ അധികാരികൾ പറയുന്നതനുസരിച്ച്; “യഥാർത്ഥത്തിൽ അമാവാസി ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലിലൂടെ നിശ്ചയിച്ചിരുന്നില്ല, മറിച്ച് ചന്ദ്രന്റെ ചന്ദ്രക്കല വീണ്ടും പ്രത്യക്ഷപ്പെട്ടതായി പറയുന്ന സാക്ഷികളുടെ സാക്ഷ്യത്തിലൂടെയാണ്.” (Encyclopedia Judaica, Vol. 12, p. 1039). അമാവാസി അഥവാ മാസാരംഭത്തിൽ യഹോവയ്ക്ക് പ്രത്യേക യാഗം കഴിക്കണമായിരുന്നു. “നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കേണം. അതു ഹോമയാഗം; യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ. അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം. (സംഖ്യാ, 28:11-14, യെഹെ, 45:17, 46:6). ശബ്ബത്തുപോലെ തന്നെ പ്രിധാന്യമുള്ളതായിരുന്നു അമാവാസിയും; “പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശ, 66:23, യെഹെ, 46:3).