സൽപ്രവൃത്തികൾ

സൽപ്രവൃത്തികൾ (good work)

ദൈവിക കല്പപനകളിൽ വെളിപ്പെട്ടിരിക്കുന്ന ദൈവഹിതം അനുസരിച്ചു പ്രവർത്തിക്കുക എന്നതാണ് ബൈബിളിലെ ധർമ്മശാസ്ത്രം. ഇപ്രകാരം ചെയ്യുന്നത് ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവുമാണ്. (1തിമൊ, 2:3). വീണ്ടെടുക്കപ്പെടാത്തവർക്കു ദൈവകല്പന അനുസരിക്കുവാൻ കഴിയുകയില്ല, അവർ അപ്രകാരം ചെയ്യുന്നുമില്ല. അവർ പാപത്തിന്റെ ബന്ധനത്തിലാണ്. ഫലം നല്ലതായിരിക്കണമെങ്കിൽ വ്യക്ഷം നല്ലതായിരിക്കണം. (മത്താ, 12:33-35). ക്രിസ്തുവിൽ ആയവർ പാപത്തിന്റെ ബന്ധനത്തിൽ നിന്ന് വിടുവിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ന്യായപ്രമാണം അനുശാസിക്കുന്ന നീതി പ്രവർത്തിക്കുന്നതിന് അവർ സജ്ജരാണ്. (റോമ, 6:12-22). നീതി പ്രവൃത്തികളെയാണ് സത്പ്രവൃത്തികൾ എന്നു വിളിക്കുന്നത്. സത്പ്രവൃത്തികൾ ചെയ്യാൻ വേണ്ടിയാണ് ദൈവം അവരെ രക്ഷിച്ചത്. (എഫെ, 2:10; കൊലൊ, 1:10; 2കൊരി, 9:8; തീത്തൊ, 2;14; മത്താ, 5:14-16). ചുറ്റുപാടുകളുടെ ആവശ്യം അനുസരിച്ച് സകല സൽപ്രവൃത്തിക്കും ഒരു വിശ്വാസി ഒരുങ്ങി ഇരിക്കേണ്ടതാണ്. (2തിമൊ, 2:21; തീത്തൊ, 3:1). യാതൊരു നല്ല പ്രവൃത്തിക്കും കൊള്ളരുതാത്തവൻ എന്നത് (തീത്തൊ, 1:16) ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിന്ദ്യമായ സാക്ഷ്യമാണ്. ക്രിസ്ത്യാനിയുടെ അലങ്കാരം സൽപ്രവൃത്തികളാണ്. (1തിമൊ, 2:10). ഓരോരുത്തരും ചെയ്യുന്ന സൽപ്രവൃത്തികളിൽ ദൈവം പ്രസാദിക്കുകയും അവയ്ക്കു പ്രതിഫലം നൽകുകയും ചെയ്യും. (എഫെ, 6:8).

മൂന്നു നിലകളിൽ സൽപ്രവൃത്തികൾ ശ്രഷ്ഠമാണ്. 1. ദൈവിക മാനദണ്ഡമനുസരിച്ചാ അഥവാ ദൈവിക കല്പനയനുസരിച്ചു ചെയ്യപ്പെടുന്നവയാണ്. (2തിമൊ, 3:16). 2. ശരിയായ പ്രേരണയാൽ അതായത് വീണ്ടെടുപ്പിനോടുള്ള നന്ദിയിലും സ്നേഹത്തിലും ചെയ്യുന്നതാണ്. ഈ ലക്ഷ്യം ദൈവത്തിന്റെ മഹത്വമാണ്. (1കൊരി, 10:31; 6:20; 1പത്രൊ, 2:12). ന്യായപ്രമാണത്തിന്റെ പൂർത്തീകരണമാണ് സ്നേഹം. തന്മൂലം സൽപ്രവൃത്തികൾ ദൈവോന്മുഖമായും മനുഷ്യോന്മുഖമായും ചെയ്യുന്ന സ്നേഹ പ്രയത്നങ്ങളാണ്. (റോമ, 13:8-10; 1തെസ്സ, 1:3). സാനേഹിക്കുന്ന ഹൃദയത്തിനല്ലാതെ കല്പനകൾ നിറവേറ്റാൻ കഴിയുകയില്ല. സത്പ്രവൃത്തി സ്നേഹത്തിന്റെ പ്രവൃത്തിയാണ്. സ്നേഹത്തിന്റെ സ്വരുമാകട്ടെ സ്നേഹിക്കപ്പെടുന്നവർക്കു എല്ലാം കൊടുക്കുക എന്നതാണ്. വ്യക്തിഗതമായ ഭക്തി എത്ര വിലയുള്ളതും ദൈവത്തിനു നൽകുവാൻ മടിക്കുന്നില്ല. (മർക്കൊ, 14;3-6). മറ്റുള്ളവരുടെ ക്ഷേമത്തിനു വേണ്ടി അവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി സ്വന്തം വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിലൂടെയാണ് മനുഷ്യനോടുള്ള സ്നേഹം വെളിപ്പെടുന്നത്. (ഗലാ, 6:9; എഫെ, 4:29). യെരൂശലേം സഭ ഇതിൽ മാതൃകയായിരുന്നു. (അപ്പൊ, 2:44; 4:34). വിശുദ്ധന്മാർക്കു വേണ്ടിയുള്ള ധർമ്മശേഖരവും സത്പ്രവൃത്തികൾക്കുള്ള താത്പര്യം പ്രദർശിപ്പിക്കുന്നു. (2കൊരി, 7-9 അ).

Leave a Reply

Your email address will not be published.