സ്നാനവും രക്ഷയും

സ്നാനവും രക്ഷയും

സ്നാനം രക്ഷയുടെ ഉപാധിയല്ല; രക്ഷിക്കപ്പെട്ടവർ അനുഷ്ഠിക്കേണ്ട ക്രിസ്തീയ കർമ്മമാണ്; അഥവാ രക്ഷാനന്തര പ്രവൃത്തിയാണ്. ക്രൈസ്തവരോട് ചെയ്യാൻ കല്പിച്ചിരിക്കുന്ന രണ്ടനുഷ്ഠാനങ്ങളിൽ ഒന്നാമതായും ഒരിക്കലായും ചെയ്യേണ്ടതാണ് സ്നാനം. രക്ഷ സ്നാനമെന്ന കർമ്മത്തിലല്ല അധിഷ്ഠിതമായിരിക്കുന്നത്; വിശ്വാസമെന്ന കൃപയിലാണ്; അഥവാ രക്ഷ കൃപയാലാണ്; പ്രവൃത്തിയാലല്ല. (എഫെ, 2:5, 8; റോമ, 11:6). സ്നാനമെന്ന പ്രവൃത്തികൂടാതെ രക്ഷിക്കപ്പെടുവാൻ കഴിയില്ലെന്നുവന്നാൽ, രക്ഷ കൃപയാൽ മാത്രമല്ല; പ്രവൃത്തികൂടി വേണമെന്നുവരും. ഗലാത്യരോട് പൗലൊസ് പറയുന്നു: “ന്യായപ്രമാണത്താൽ (പ്രവൃത്തികളാൽ) നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (5:4). ചില വേദഭാഗങ്ങൾ വായിക്കുമ്പോൾ സ്നാനം രക്ഷയ്ക്ക് ആവശ്യമാണെന്നു തോന്നാം. അതിനാൽ എല്ലാ വേദഭാഗങ്ങളും നാം വിശദമായി ചിന്തിക്കുന്നതാണ്. 

വീണ്ടെടുക്കപ്പെട്ട വ്യക്തിയുടെ ആത്മാവു ക്രിസ്തുവിനോടു ഏകീഭവിക്കുന്നതിന്റെ ബാഹ്യ അടയാളമാണ് ക്രിസ്തീയ സ്നാനം. ദൈവം വാഗ്ദാനം ചെയ്ത രക്ഷയുടെ നിവൃത്തിയായിരുന്നു ക്രിസ്തുവിന്റെ ആഗമനം. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ ഈ രക്ഷയിൽ പങ്കാളിയാകുന്നതിനെ ചൂണ്ടിക്കാണിക്കുകയാണ് ക്രിസ്തു വ്യവസ്ഥാപനം ചെയ്ത സ്നാനം. ക്രിസ്തുവിനോട് ചേരുക; അവൻ്റെ മരണത്തിൽ പങ്കാളിയാകുക; അവനോടുകൂടി അടക്കപ്പെടുക; അവനോടുകൂടി ഉയിർത്തെഴുന്നേല്ക്കുക (റോമ, 6:3,4); പാപം കഴുകിക്കളയുക (പ്രവൃ, 2:38; 22:16); ക്രിസ്തുവിനെ ധരിക്കുക (ഗലാ, 3:27); ദൈവത്തോടുള്ള നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷയും, ക്രിസ്തുവിൻ്റെ പനരുത്ഥാനത്താലുള്ള രക്ഷയിലും പങ്കാളിയാകുക. (1പത്രൊ, 3:21). ഇതൊക്കെയാണ് സ്നാനത്തിൻ്റെ പ്രതീകാത്മകമായ അർത്ഥം. അക്ഷരാർത്ഥത്തിൽ നമുക്കു ക്രിസ്തുവിനെ ധരിക്കുവാനോ, അവനോടുകൂടി മരിക്കുവാനോ, അടക്കപ്പെടുവാനോ, ഉയിർക്കുവാനോ കഴിയില്ലെന്നു മാത്രമല്ല, അതിൻ്റെ ആവശ്യവുമില്ല. അതുപോലെ സ്നാനത്താലല്ല; ക്രിസ്തുവിലുള്ള വിശ്വാസത്താലാണ് പാപമോചനം ലഭിക്കുന്നത്. സ്നാനം വ്യക്തിയുടെ പാപം മോചിക്കപ്പെട്ടതിൻ്റെയും, ക്രിസ്തുവിൻ്റെ അനുയായി ആയതിൻ്റെയും, പ്രാദേശിക സഭയോട് ചേരുന്നതിൻ്റെയും ബാഹ്യസാക്ഷ്യമാണ്. 

പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ വാഗ്ദത്തവും ദാനവുമാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33, 38,39). പരിശുദ്ധാത്മാവിലാണ് ഒരുവൻ രക്ഷിക്കപ്പെടുന്നത്. (1കൊരി, 12:3). വിശ്വാസം, മാനസാന്തരം, പാപമോചനം, വീണ്ടെടുപ്പ്, വീണ്ടുംജനനം തുടങ്ങിയവ രക്ഷയുടെ വ്യത്യസ്ത അംശങ്ങളാണ്. ഇതൊക്കെ വേർതിരിച്ചു പഠിക്കാൻ കഴിയുമെങ്കിലും വ്യക്തിയിൽ ഇത് വെവ്വേറെ അനുഭവങ്ങളല്ല; മാനസാന്തരസമയത്ത് ഒരിക്കലായി നടക്കുന്നതാണ്. മാനസാന്തരമെന്നാൽ; ദൈവത്തെക്കുറിച്ചുള്ള അറിവാണ്. തുടർന്ന് വ്യക്തിക്ക് തൻ്റെ പാപത്തെയോർത്ത് ദുഃഖമുണ്ടാകുന്നു. പരിശുദ്ധനായ ദൈവത്തെക്കുറിച്ച് അറിയുന്നതുവരെ ആർക്കും ദൈവഹിതപ്രകാരമുള്ള ദുഃഖം ഉണ്ടാകുന്നില്ല. ഇതാണ് രക്ഷ ഉളവാക്കുന്ന മാനസാന്തരം. (1കൊരി, 7:10). മാനസാന്തരത്തിൻ്റെ കാരകൻ പരിശുദ്ധാത്മാവാണ്. ദൈവവചനത്താലാണ് വ്യക്തി വീണ്ടുംജനിക്കുന്നത്. (1പത്രൊ, 1:23). പരിശുദ്ധാത്മാവ് വ്യക്തിയിൽ ചെയ്യുന്ന പ്രവൃത്തിയെന്താണെന്ന് ക്രിസ്തു വ്യക്തമാക്കിയിട്ടുണ്ട്: “അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.” (യോഹ, 16:8). ഒന്നാമത്; താൻ പാപിയാണെന്നുള്ള ബോധം: പരിശുദ്ധനായ ദൈവത്തെക്കുറിച്ച് എപ്പോൾ അറിയുന്നുവോ, അപ്പോൾമാത്രമേ ഒരു വ്യക്തി താൻ പാപിയാണെന്നു തിരിച്ചറിയുകയുള്ളു. അഥവാ, ദൈവത്തിൻ്റെ മുഖപ്രകാശത്തിലല്ലാതെ പാപിക്ക് തൻ്റെ പാപം വെളിപ്പെടുകയില്ല. രണ്ടാമത്; നീതീമാനായ ക്രിസ്തു തനിക്കുവേണ്ടി മരിച്ചുവെന്ന ബോധം: മനുഷ്യരെല്ലാം പാപികളാണ്. ഒരടിമയ്ക്ക് മറ്റൊരടിമയെ വീണ്ടെടുക്കാൻ കഴിയാത്തതുപോലെ; പാപിയായ മനുഷ്യന് മനുഷ്യനെ വീണ്ടെടുക്കാനോ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കാനോ കഴിയില്ല. (സങ്കീ, 49:7-9) ആകയാൽ, ദൈവംതന്നെ നിസ്തുലജനനം വഴി മനുഷ്യനായി വെളിപ്പെട്ട് മനുഷ്യൻ്റെ വീണ്ടെടുവില തൻ്റെ ക്രൂശുമരണത്താൽ കൊടുത്തുകൊണ്ട് വിശ്വസിക്കുന്നവരെ നീതീകരിച്ചു. മൂന്നാമത്; നീതിമാനായ ക്രിസ്തുവിനെ സ്വീകരിച്ചില്ലെങ്കിൽ ഭയങ്കരമായൊരു ന്യായവിധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന ബോധം. (പ്രവൃ, 17:31). 

ജീവനും ചൈതന്യവുമുള്ളതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതുമായ ദൈവത്തിൻ്റെ വചനമാണ് (എബ്രാ, 4:12) വ്യക്തിയിൽ രക്ഷകനിലുള്ള വിശ്വാസം ഉളവാക്കുന്നതും (റോമ, 10:17), മാനസാന്തരം നല്കുന്നതും. (2കൊരി, 7:8-10; യോഹ, 7:37-39). “ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.” (റോമ, 10:17). സുവിശേഷത്തിലൂടെ വ്യക്തിയിൽ പ്രവേശിക്കുന്ന പരിശുദ്ധാത്മാവാണ് നീതിയായവനിൽ വിശ്വസിക്കുവാൻ കൃപ നല്കുകയും, വായ്കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറയിക്കുകയും ചെയ്യുന്നത്. (റോമ, 10:10; 11:6; എഫെ, 2:5, 8). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3; റോമ, 10:9).  

പുതിയനിയമത്തിലെ സ്നാനങ്ങൾ ഓരോന്നായി പരിശോധിക്കാം: 

1. മഹാനിയോഗം: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. (മത്താ, 28:19). ഇതാണ് ക്രൈസ്തവ സ്നാനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന ആദ്യ വേദഭാഗം. ഇവിടെ സ്നാനം എന്തിനാണെന്നല്ല; ഏത് നാമത്തിലാണെന്നാണ് പറഞ്ഞിരിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവുമെന്ന ഏകസത്യദൈവത്തിൻ്റെ സംജ്ഞാനാമമായ ‘യേശുക്രിസ്തു’ എന്ന നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് കർത്താവ് ശിഷ്യന്മാരോട് കല്പിക്കുന്നത്.

2. രക്ഷാമാർഗ്ഗം: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:16). ”വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും” എന്നു പ്രസ്താവിച്ച ശേഷം സ്നാനം ഏല്ക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നല്ല; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നാണ് പറയുന്നത്. അതായത്, രക്ഷയുടെ സുവിശേഷം കൈക്കൊണ്ട് രക്ഷകനിൽ വിശ്വസിക്കാത്തവനാണ് ശിക്ഷാവിധി വരുന്നത്; അല്ലാതെ സ്നാനം ഏല്ക്കാത്തവനല്ല. ‘സുവിശേഷം കൈക്കൊള്ളുക’ എന്നത് ഒരു പ്രവൃത്തിയല്ല; ദൈവത്തിൻ്റെ കൃപയാണ്. (എഫെ, 2:5,8). സുവിശേഷകൻ അടുത്തുവന്ന് ദൈവവചനം പറയുമ്പോൾ യാതൊരു പ്രവൃത്തിയും ചെയ്യണ്ട; കേൾക്കാനുള്ള മനസ്സുമാത്രംമതി. ഇനി, കേൾക്കാതിരിക്കാനാണെങ്കിൽ പ്രവൃത്തി ചെയ്യേണ്ടിവരും: കൈകൾ ഉയർത്തി ചെവിരണ്ടും പൊത്തിപ്പിടിക്കുകയോ, സുവിശേഷകനിൽ നിന്ന് ഓടിരക്ഷപെടുകയോ ചെയ്യണം. സുവിശേഷത്തിൽ അഥവാ സുവിശേഷത്തിനാധാരമായ ക്രിസ്തുവിൽ വിശ്വസിക്കുന്നതു രക്ഷയും സുവിശേഷത്തെ തള്ളിക്കളയുന്നത് നിത്യനാശവുമാണ്. (മർക്കൊ, 16:15,16). ഇതിൻ്റെ സമാന്തര വേദഭാഗം നോക്കുക: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). ഇവിടെ സ്നാനത്തെക്കുറിച്ച് ഒരു സൂചനപോലുമില്ല. അതായത്, കർത്താവായ യേശുക്രിസ്തു ക്രൂശിൽ തികച്ച പരമയാഗത്തിൽ വിശ്വസിക്കുക അഥവാ രക്ഷാനായകനായ ക്രിസ്തുവിനെ വിശ്വസിച്ച് ഏറ്റുപറയുക എന്നത് മാത്രമാണ് രക്ഷിക്കപ്പെടുവാനുള്ള ഏകവഴി. 

3. മൂവായിരം പേരുടെ സ്നാനം: “പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38). ദൈവഹിതപ്രകാരമുള്ള മാനസാന്തരം (2കൊരി, 7:10) ജനിക്കണമെങ്കിൽ പരിശുദ്ധാത്മാവ് ഉള്ളിൽ വരണം. പരിശുദ്ധാത്മാവാണ് പാപത്തെക്കുറിച്ചും നീതിയെക്കുറച്ചും ന്യായവിധിയെക്കുറിച്ചും വ്യക്തിക്കു ബോധം വരുത്തുന്നത്. (യോഹ, 16:18). രക്ഷകനിലുള്ള വിശ്വാസമാണ് വ്യക്തിയിൽ മാനസാന്തരം ഉളവാക്കുന്നത്. യേശു പറയുന്നു; “എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ (പരിശുദ്ധാത്മാവ്) ഒഴുകും.” (യോഹ, 7:38,39). അതിനു സുവിശേഷം കൈക്കൊള്ളണം. (പ്രവൃ, 2:41; റോമ, 10:14). പതിനൊന്നു ശിഷ്യന്മാർ അന്യഭാഷകളിലും പത്രൊസ് സ്വന്തഭാഷയിലും പ്രസംഗിച്ച സുവിശേഷം കേട്ട് ഹൃദയത്തിൽ കുത്തുകൊണ്ടവരോടാണ് പത്രൊസ് ഇത് പറയുന്നത്. “ഇതു (സുവിശേഷം) കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.” (പ്രവൃ, 2:37). ‘ഹൃദയത്തിൽ കുത്തുകൊണ്ടു’ എന്നതിനെ മറ്റു പരിഭാഷകളിൽ: ”മനസ്സാക്ഷിക്കു കുത്തുകൊണ്ടു, ഹൃദയം നുറുങ്ങി, ഹൃദയം തകർന്നു, ഹൃദയത്തിൽ മുറിവേറ്റവരായി” എന്നിങ്ങനെയാണ് കാണുന്നത്. ഈ പ്രയോഗങ്ങളൊക്കെ അവരുടെ മാനസാന്തരത്തെയാണ് സൂചിപ്പിക്കുന്നത്. “ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരത്തെ ഉളവാക്കുന്നു” ( 2കൊരി, 7:10. മ.ബൈ) എന്നു കൊരിന്ത്യരോട് പൗലൊസ് പറയുന്നത് ഓർക്കുക. അതായത്, ശിഷ്യന്മാർ പ്രസംഗിച്ച സുവിശേഷം കേട്ടു രക്ഷകനിൽ വിശ്വസിച്ചു മാനസാന്തരവും പാപമോചനവും ലഭിച്ചവരോടാണ് പത്രൊസ് ഇത് പറയുന്നതെന്ന് സാരം. 

എന്നാൽ ചോദ്യം പിന്നെയും അവശേഷിക്കുന്നു: മാനസാന്തരം ലഭിച്ചവരോട് പിന്നെയും “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും” എന്നു പറഞ്ഞതെന്തിനാണ്?  രക്ഷ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമാണെന്ന് ദൈവവചനം നൂറുകണക്കിനു വാക്യങ്ങളിലൂടെ വ്യക്തമാക്കുന്നു. (വിശ്വാസത്താലാണ് രക്ഷ എന്നതിൻ്റെ മുഴുവൻ വാക്യങ്ങളും കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക: (രക്ഷ കൃപയാലുള്ള വിശ്വാസത്താൽ മാത്രം) പിന്നെയും യെഹൂദന്മാരോട് മാനസാന്തരപ്പെടാൻ കല്പിച്ചതെന്തിനാണ്? യേശുവിൻ്റെ ക്രൂശീകരണത്തിൽ നേരിട്ട് പങ്കുള്ളവരാണ് ദൈവസഭയുടെ ആദ്യാംഗങ്ങളായ ഈ യെഹൂദന്മാർ. രക്ഷകനായ ക്രിസ്തു ക്രൂശിക്കപ്പെട്ടത് ആദാമ്യപാപത്തിനു പരിഹാരമായിട്ടാണ്. ക്രിസ്തു ക്രൂശിക്കപ്പെടാതെ പാപത്തിനു പരിഹാരമാകില്ല എന്ന വസ്തുത നിലനില്ക്കുമ്പോൾത്തന്നെ, നന്മമാത്രം ചെയ്ത പാപമറിയാത്ത തേജസ്സിൻ്റെ കർത്താവിനെ ക്രൂശിച്ചവരുടെ പാപം ആദാമ്യപാപത്തേക്കാൾ വലുതാണ്. (1കൊരി, 2:7,8). അതിനൊരു ഉദാഹരണമാണ് ഈസ്ക്കര്യോത്താ യൂദയെക്കുറിച്ചു യേശു പറഞ്ഞത്: “എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും. തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു.” (മത്താ, 26:23,24). യേശുവിനെ ശിക്ഷയ്ക്ക് വിധിച്ചതുകണ്ട് അവൻ അനുതപിച്ചതാണെന്നും ഓർക്കണം. (മത്താ, 27:3). എന്നിട്ടും അവൻ്റെ പാപം ക്ഷമിച്ചുകിട്ടിയില്ല. മറ്റൊന്ന്; വിസ്താരത്തിനൊടുവിൽ യേശുവിൽ ഒരു കുറ്റവുമില്ല എന്നു മനസ്സിലാക്കിയ പീലാത്തൊസ് യേശുവിനെ വിടുവിക്കാൻ ഇച്ഛിച്ചിട്ട് ബറബ്ബാസിനെ വേണമോ യേശുവിനെ വേണമോയെന്ന് ചോദിച്ചപ്പോൾ;  കൊള്ളക്കാരനും കൊലപാതകിയുമായ ബറബ്ബാസിനെ മതിയെന്നും, യേശുവിനെ ക്രൂശിക്കാൻ ആർത്തുവിളിക്കുകയും, ‘അവൻ്റെ രക്തം ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് പീലാത്തൊസിനോട് ഉത്തരം പറയുകയും ചെയ്തവരാണ് യെഹൂദന്മാർ. (മത്താ, 27:15-25). രക്ഷാനായകനെ അവർ തള്ളുക മാത്രമല്ല കൊല്ലുകയും ചെയ്തു. (പ്രവൃ, 3:14). ഈ പാപത്തിൻ്റെ പരിഹാരമായാണ് മാനസാന്തരസ്നാനം (2:38) പത്രൊസ് നിർദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാം. (മത്താ, 3:2-6). ശമര്യരോടും, ജാതികളോടും ഈ വിഷയം പറയുന്നില്ലെന്നും കുറിക്കൊള്ളുക. (പത്രൊസ് പ്രസ്താവിക്കുന്നതിൻ്റെ അർത്ഥം; ‘പാപങ്ങൾ മോചിച്ചു കിട്ടിയിരിക്കയാൽ സ്നാനപ്പെടുവിൻ’ എന്നാണെന്ന് വിശ്വസിക്കുന്ന പണ്ഡിതന്മാർ അനവധിയുണ്ട്). 

4. ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). ദൈവസഭയുടെ അടിസ്ഥാന ഉപദേശങ്ങളാണിത്. അതിൽ രണ്ടാമത്തേതാണ് സ്നാനം: 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). ഒരു വ്യക്തി സുവിശേഷം കൈക്കൊള്ളുന്നത് അഥവാ ക്രിസ്തുവിനെ സ്വീകരിക്കുന്നത് കൃപയാൽ അഥവാ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനാലാണ്. (എഫെ, 2:5,8; 1കൊരി, 12:3). അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നാമത്തേതാണ് ‘സുവിശേഷം കൈക്കൊള്ളുക.’ എന്തെന്നാൽ സുവിശേഷത്താലാണ് ഒരു വ്യക്തി വീണ്ടും ജനിക്കുന്നത്. (1കൊരി, 4:15; എഫെ, 3:6; 1പത്രൊ, 1:23). വീണ്ടും ജനിപ്പിക്കുന്നത് പരിശുദ്ധാത്മാവും. (യോഹ, 3:3,5; 1കൊരി, 12:3; ഗലാ, 3:2). എന്നാൽ അനേകരും കരുതുന്നത്; രക്ഷിക്കപ്പെട്ട് സ്നാനമേറ്റ് പ്രാദേശിക സഭയിൽ കൂടിയശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നാണ് പരിശുദ്ധാത്മാവെന്നാണ്. അത് കത്തോലിക്കരുടെ ശിശുസ്നാനത്തോട് ഒക്കുന്നു: “ആദ്യം സ്നാനമേല്ക്കുക; പിന്നെ വിശ്വസിക്കുക.” എന്നാൽ ബൈബിൾ മുന്നോട്ട് വെക്കുന്നത് വിശ്വാസത്താലുള്ള നീതീകരണമാണ്. പൗലൊസിൻ്റെ ലേഖനങ്ങളിലെ പ്രധാനവിഷയവും വിശ്വാസത്താലുള്ള നീതീകരണമാണ്. (റോമ, 1:17; 3:21, 3:27, 328, 3:30; 4:5).

5. ശമര്യരുടെ സ്നാനം: “എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു …… അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു…… അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.” (പ്രവൃ, 8:12-17). ശമര്യർ ഫിലിപ്പോസ് പ്രസംഗിച്ച ക്രിസ്തുവിനെ വിശ്വസിച്ച് സ്നാനമേറ്റിട്ടും അവർക്ക് പരിശുദ്ധാവ് ലഭിച്ചില്ല; അപ്പൊസ്തലന്മാർ അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവ് ലഭിക്കുകയും ചെയ്തുവെന്നാണ് കാണുന്നത്. പെന്തെക്കൊസ്തിലെ പ്രസ്താവനയിൽനിന്ന് തികച്ചും വ്യത്യസ്മാണ് ശമര്യയിലേത്. പരിശുദ്ധാത്മാവ് നിറഞ്ഞ പുരുഷനായ ഫിലിപ്പോസാണ് അവരോട് സുവിശേഷം അറിയിച്ചത്. (പ്രവൃ, 6:5; 8:12). വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നതും (ഗലാ, 3:2), വിശ്വാസം ഉളവാകുന്നതും. (റോമ, 10:17). ഒന്നെങ്കിൽ; ശമര്യരുടെ രക്ഷാനുഭവം വ്യാജമായിരുന്നു എന്നു കരുതണം. പക്ഷെ, ശിമോനൊഴികെ മറ്റുള്ളവരുടെ വിശ്വാസം വ്യാജമായിരുന്നു എന്നു വിശ്വസിക്കാൻ ന്യായമൊന്നും കാണുന്നില്ല. കാരണം, പത്രൊസും യോഹന്നാനും അവരുടെമേൽ കൈവെക്കുന്നതല്ലാതെ, വീണ്ടും അവരോട് സുവിശേഷം അറിയിക്കുന്നതായി കാണുന്നില്ല. അല്ലെങ്കിൽ, പരിശുദ്ധാത്മാവെന്ന് അവിടെ ഉദ്ദേശിക്കുന്നത്, ആത്മാവിൻ്റെ പ്രത്യക്ഷമായ വരങ്ങളെക്കുറിച്ചായിരിക്കും. 

അവരുടെ വിശ്വാസം വ്യാജമല്ലെങ്കിൽ, ഫിലിപ്പോസിൽനിന്നു കൈക്കൊണ്ട സുവിശേഷത്തിലൂടെ അവർ പരിശുദ്ധാത്മാവ് ലഭിച്ചവരാണ്. പിന്നെയും അപ്പൊസ്തലന്മാർ വന്ന് ആത്മാവിനായി കൈവെച്ചത് എന്തിനാണെന്നാണ് ചിന്തിക്കേണ്ടത്. ഒന്നാമത്, ആത്മാവ് ആരുടേയും കൈവെയ്പിൻ്റെ ഫലമല്ല; ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമാണ്. രണ്ടാമത്; ഫിലിപ്പോസിലൂടെ കർത്താവിനെ അവർ വിശ്വസിച്ച് ഏറ്റുപറയണമെങ്കിൽ പരിശുദ്ധാത്മാവ് അവരിൽ വരണം. (ഗലാ, 3:2; 1കൊരി, 12:3). അല്ലെങ്കിൽ, ഫിലിപ്പോസ് അവരെ സ്നാനപ്പെടുത്തില്ലായിരുന്നു. അതിനാൽ, അപ്പൊസ്തലന്മാർ വന്ന് കൈവെച്ചത് ആത്മാവിൻ്റെ ദൃശ്യമായ വരങ്ങൾക്കു വേണ്ടിയാണെന്ന് വ്യക്തം. കാരണം, ശമര്യർ ദൈവത്തിന് സ്വീകാര്യമാണെന്ന് യെരൂശലേമിലെ സഭയ്ക്ക് ബോധ്യമാകണമെങ്കിൽ ആത്മാവിൻ്റെ പ്രത്യക്ഷമായൊരു അടയാളമുണ്ടാകണം. ആത്മാവിൻ്റെ പ്രവൃത്തി ആന്തരികമായതുകൊണ്ട് വരങ്ങളെക്കൂടാതെ ശമര്യർക്ക് ആത്മാവ് ലഭിച്ച വിവരം ആർക്കും ബോധ്യമാകയില്ല. (യോഹ, 3:8). സഭയുടെ ശൈശവകാലം ആയതുകൊണ്ട് വരങ്ങൾ ധാരാളം ലഭിച്ചിരുന്നു എന്നതും അതിനൊരു കാരണമാണ്. എന്നാൽ ഫിലിപ്പോസിലൂടെ ആ വരങ്ങൾ ദൈവം നല്കാതെ, അപ്പൊസ്തലന്മാർ എന്തുകൊണ്ട് വരേണ്ടിവന്നു എന്നചോദ്യം അവശേഷിക്കുന്നു. 

ഫിലിപ്പിൻ്റെ കൈസര്യയിൽവെച്ച് ‘സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ’ എന്നൊരു സവിശേഷ അധികാരം യേശു പത്രൊസിനു കൊടുത്തിരുന്നു. (മത്താ, 16:18). ഭൂമിയിൽ കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം മറ്റു ശിഷ്യന്മാർക്കും കർത്താവ് കൊടുത്തിരുന്നെങ്കിലും (മത്താ, 18:18), താക്കോൽ പത്രൊസിനെ മാത്രമാണ് ഏല്പിച്ചിരുന്നത്. സ്വർഗ്ഗരാജ്യം അഥവാ സഭയിലേക്ക് പ്രവേശനം നല്കുവാനുള്ള അധികാരമായിരുന്നു ഈ താക്കോൽ. ഈ അധികാരം പത്രൊസിൻ്റെ കയ്യിൽ ആയിരുന്നതുകൊണ്ടാണ് ഫിലിപ്പോസിനാൽ യേശുവിൽ വിശ്വസിച്ച് സ്നാനമേറ്റിട്ടും ആത്മാവ് ലഭിച്ചു എന്നറിയത്തക്കവണ്ണം വരങ്ങളൊന്നും ലഭിക്കാതിരുന്നത്. എന്നാൽ പത്രൊസ് കൈവെച്ചപ്പോൾ ശിമോൻ കാണത്തക്കവണ്ണം ആത്മാവിൻ്റെ വരം ശമര്യർക്ക് ലഭിക്കുകയും ചെയ്തു. (പ്രവൃ, 8:18). അപ്പൊസ്തലന്മാർ കൈവെച്ചാൽ വരങ്ങൾ കിട്ടുമെന്നതിന് വ്യക്തമായ തെളിവും ബൈബിളിലുണ്ട്. (2:തിമൊ, 1:6). [കൂടുതൽ അറിവിലേക്കായി ‘പരിശുദ്ധാത്മസ്നാനം‘ എന്ന ലേഖനം കാണുക]

6. എത്യോപ്യനായ ഷണ്ഡൻ്റെ സ്നാനം: “അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു. അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;” (പ്രവൃ, 8:36-38). യെശയ്യാപ്രവചനം അമ്പത്തിമൂന്നാം അദ്ധ്യായം വായിച്ചുകൊണ്ടിരുന്ന ഷണ്ഡനോട് ആ അദ്ധ്യായം ആധാരമാക്കി യേശുവിനെ കുറിച്ചുള്ള സുവിശേഷം അറിയിച്ചപ്പോൾ ഷണ്ഡൻ രക്ഷിക്കപ്പെടുകയുണ്ടായി. 2:38-ൽ പത്രോസ് പറഞ്ഞ പാപമോചനത്തിനായുള്ള സ്നാനത്തിന് ഷണ്ഡനോടുള്ള ബന്ധത്തിൽ യാതൊരു പ്രസക്തിയുമില്ലെന്നു കാണാൻ കഴിയും. മാത്രമല്ല, രക്ഷിക്കപ്പെട്ട ഷണ്ഡൻ ഫിലിപ്പോസിനോടാണ് ചോദിക്കുന്നത്; ‘ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം.’ ഫിലിപ്പോസിൻ്റെ മറുപടി; ‘നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം.’ ബൈബിൾ പാപമോചനത്തിനും രക്ഷയ്ക്കുമായി വെച്ചിരിക്കൂന്ന കൃപയാലുള്ള വിശ്വാസത്തിൻ്റെയും, ക്രിസ്തീയ സ്നാനത്തിൻ്റെയും കൃത്യമായ മാതൃക ഇവിടെ കാണാം: ഫിലിപ്പോസ് യേശുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നു; ഷണ്ഡൻ വിശ്വസിച്ച് രക്ഷപ്രാപിക്കുന്നു; അനന്തരം ജലസ്നാനം സ്വീകരിക്കുന്നു. (പ്രവൃ, 8:36-39).

7. പൗലൊസിൻ്റെ സ്നാനം: “ഉടനെ അവന്റെ കണ്ണിൽ നിന്നു ചെതുമ്പൽ പോലെ വീണു; കാഴ്ച ലഭിച്ചു അവൻ എഴുന്നേറ്റു സ്നാനം ഏൽക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.” (പ്രവൃ, 9:18). ഒൻപതാം അദ്ധ്യായത്തിൽ സ്നാമേറ്റതായും, ഇരുപത്തിരണ്ടാം അദ്ധ്യാത്തിൽ യേശുവിൻ്റെ നാമം വിളിച്ചപേക്ഷിച്ച് പാപം കഴുകിക്കളയാനും പറയുന്നുണ്ട്. നമുക്ക് രണ്ടു വേദഭാഗങ്ങളും ചേർത്ത് ചിന്തിക്കാം: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃ, 22:16; 9:18). പൗലൊസ് യെരൂശലേമിൽ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ സഹസ്രാധിപൻ്റെ കോട്ടയുടെ പടിക്കെട്ടിൽ നിന്നുകൊണ്ട് യഹൂദന്മാരോട് പ്രസംഗിക്കുമ്പോൾ തൻ്റെ മാനസാന്തരത്തെ അനുസ്മരിച്ചുകൊണ്ട് പറയുന്ന ഭാഗമാണിത്. ഈ പ്രസംഗത്തിനും ഏകദേശം 25 വർഷങ്ങൾക്ക് മുമ്പാണ് ദമസ്കൊസിലേക്കുള്ള യാത്രയിൽ താൻ കർത്താവിനാൽ പിടിക്കപ്പെട്ടതും, അനന്യാസ് എന്ന ശിഷ്യൻ മുഖാന്തരം മാനസാന്തരപ്പെട്ടതും. (പ്രവൃ, 9:2-20). മാനസാന്തരസമയത്ത് അനന്യാസ് പൗലൊസിൻ്റെ കണ്ണിനു കാഴ്ച നല്കുന്നതും, സ്നാമേല്ക്കുന്നതും അല്ലാതെ, സുവിശേഷം അറിയിക്കുന്നതായി അവിടെ രേഖപ്പെടുത്തിയിട്ടില്ല. (പ്രവൃ, 9:17,18). എന്നാൽ പൗലൊസ് അത് പറയുമ്പോൾ; ”എഴുന്നേറ്റു യേശുവിന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക” എന്ന് അനന്യാസ് തന്നോട് പറഞ്ഞതായിട്ടാണ്. എല്ലാവർക്കുമറിയാം സുവിശേഷം കൂടാതെ യഥാർത്ഥ മാനസാന്തരം ഉണ്ടാകുകയില്ല. (2കൊരി, 7:8-10). യേശുവിൻ്റെ നാമം വിളിച്ചപേക്ഷിക്കണമെങ്കിൽ പരിശുദ്ധാത്മാവ് സുവിശേഷത്തിലൂടെ ഉള്ളിൽ വരുകയും (ഗലാ, 3:2; എഫെ, 1:13), യേശു കർത്താവും രക്ഷിതാവുമാണെന്ന് വിശ്വസിക്കുകയും വേണം. (റോമ, 10:9-11). പൗലൊസ് റോമർക്ക് എഴുതുന്നു: “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? (10:13,14). അപ്പോൾ വിളിച്ചപേക്ഷിക്കണമെങ്കിൽ രക്ഷകനിൽ വിശ്വാസമുണ്ടാകണം. വിശ്വാസമുണ്ടാകണമെങ്കിൽ മാനസാന്തരപ്പെടണം. അങ്ങനെയെങ്കിൽ അനന്യാസ് കൃത്യമായി പൗലൊസിനോട് സുവിശേഷമറിയിക്കുകയും, അവനു വിശ്വാസവും മാനസാന്തരവും ഉണ്ടായശേഷമാണ് ‘യേശുവിൻ്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക’ എന്നു പറയുന്നതെന്നും വ്യക്തമാണ്. ഇവിടെയും ആ ചോദ്യമുണ്ട്: സ്നാനമേറ്റ് കഴുകിക്കളയേണ്ട പാപമേതാണ്? 

കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും, അവനിലുള്ള വിശ്വാസത്താലും, ദൈവത്തിൻ്റെ ആത്മാവിനാലുമാണ് ഒരുവൻ രക്ഷ കരഗതമാക്കുന്നത്. അതായത് വിശ്വാസവും മാനസാന്തരവും പാപമോചനവും ഉളവാകുന്നത്. (പ്രവൃ, 11:17; 16:31; 1കൊരി, 6:11). പിന്നെയും, പൗലൊസ് സ്നാനത്താൽ കഴുകിക്കളഞ്ഞ പാപമേതാണ്? പൗലൊസിൻ്റെ മാനസാന്തരം എ.ഡി. 34-35-ലാണെന്ന് കരുതപ്പെടുന്നു. 33-ലാണ് യേശു ക്രൂശിക്കപ്പെടുന്നത്. അതിനാൽ യേശുവിൻ്റെ പരസ്യശുശ്രൂഷയുടെ കാലത്ത് പൗലൊസ് ഗമാലിയേലിൻ്റെ ശിഷ്യനായിരുന്നു എന്ന് മനസ്സിലാക്കാം. (പ്രവൃ, 22:3). എങ്കിലും യേശുവിനെ ക്രൂശിക്കാൻ മുറവിളി കൂട്ടിയവരുടെ കൂട്ടത്തിൽ പൗലൊസ് ഉണ്ടായിരിക്കാൻ സാദ്ധ്യതയില്ല. (മത്താ, 27:25). ഉണ്ടായിരുന്നെങ്കിൽ തൻ്റെ സാക്ഷ്യങ്ങളിൽ താനത് പറയുമായിരുന്നു. പക്ഷെ, ദൈവസഭയെ ഉപദ്രവിച്ചതിൽ താൻ പ്രധാനിയായിരുന്നു. (പ്രവൃ, 9:1). സ്തെഫാനൊസിനെ കൊല്ലുമ്പോൾ താനുണ്ടായിരുന്നു. (പ്രവൃ, 7:58). അഗ്രിപ്പാവിനോട് താൻ സാക്ഷ്യംപറയുമ്പോൾ; “വിശുദ്ധന്മാരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു” (പ്രവൃ, 26:10) എന്നു പൗലൊസ് പറയുന്നുണ്ട്. യെഹൂദൻ്റെ പാപം യേശുവിനെയും അവൻ്റെ വിശുദ്ധന്മാരെയും ക്രൂശിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. യേശുക്രിസ്തു പറഞ്ഞു: “നീതിമാനായ ഹാബേലിന്റെ രക്തംമുതൽ (ഉല്പ, 4:8) നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ (2ദിന, 24:21) ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.” (മത്താ, 23:35; ലൂക്കൊ, 11:50,51). പൗലൊസ് തെസ്സലൊനീക്യരോട് ഇത് പറയുന്നുണ്ട്: “യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും ജാതികൾ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു.” (1തെസ്സ, 2:15,16). യെഹൂദനു ദൈവരാജ്യം സ്ഥാപിക്കാൻ വരുന്ന ക്രിസ്തുവിനു വഴിയൊരുക്കാൻ വന്ന യോഹന്നാൻ സ്നാപകൻ കഴിപ്പിച്ച സ്നാനവും മാനസാന്തര സ്നാനമായിരുന്നു. (മത്താ, 3:2-11; മർക്കൊ, 1:14,15). ദൈവരാജ്യപ്രവേശനത്തിനു മുമ്പായി യെഹൂദന് മറ്റൊരു സ്നാനം ദൈവം നിയമിച്ചിരുന്നു എന്നു അത് വ്യക്തമാകുന്നു. അവർ ഓരോരുത്തരും തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ് യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനപ്പെട്ടതെന്നും ഓർക്കുക. യെഹൂദനെന്ന നിലയിൽ പൗലൊസ് പ്രവാചകന്മാരെ കൊന്നവരുടെ സന്തതിയും, ദൈവസഭയെ ഉപദ്രവിച്ചവനും, വിശുദ്ധന്മാരെ നിഗ്രഹിച്ചവനുമാണ്. ആ പാപം കഴുകിക്കളയാനാണ് അനന്യാസ് പൗലൊസിനോട് കല്പിക്കുന്നത്. യെഹൂദന്മാരോടല്ലാതെ, ശമര്യരോടും, ജാതികളോടും ഈ വിഷയം പറയുന്നില്ലെന്നും കുറിക്കൊള്ളുക.

8. കൊർന്നേല്യൊസിൻ്റെയും കുടുംബത്തിൻ്റെയും സ്നാനം: “യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു…… പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.” (പ്രവൃ, 10:43-48). കൊർന്നേല്യൊസിനോടുള്ള ബന്ധത്തിലും വിശ്വാസത്താലുള്ള നീതീകരണത്തിൻ്റെയും, അനന്തമുള്ള ക്രൈസ്തവ സ്നാനത്തിൻ്റെയും മാതൃക കൃത്യമായി കാണാം: പത്രൊസ് സുവിശേഷം അറിയിക്കുന്നു; അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നു; തുടർന്ന് സ്നാനമേല്ക്കുന്നു. പരിശുദ്ധാത്മാവ് അഥവാ പരിശുദ്ധദൈവം കൃപാവരത്തോടെ അവരിൽ വെളിപ്പെട്ടിട്ടും അവരുടെ പാപമോചനം നടന്നില്ല; പീന്നീട് വെള്ളത്തിൽ സ്നാനമേറ്റപ്പോഴാണ് അവർക്ക് പാപമോചനം ലഭിച്ചതെന്ന് ആർക്ക് പറയാൻ കഴിയും? കൊർന്നേല്യസിനോടുള്ള ബന്ധത്തിൽ ശ്രദ്ധേയമായൊരു കാര്യമുണ്ട്. സ്വർഗ്ഗത്തിലെ ദൂതൻ വന്നിട്ട് അവനോട് പറയുന്നത്: നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക; നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും.” (പ്രവൃ, 11:13,14). നീയും നിൻ്റെ കുടുംബംവും രക്ഷിക്കപ്പെടാൻ അവൻ നിന്നെ സ്നാനപ്പെടുത്തും എന്നല്ല പറയുന്നത്; രക്ഷിക്കപ്പെടുവാനുള്ള വാക്കുകൾ അഥവാ സുവിശേഷം നിന്നോടു പറയും. രക്ഷ സുവിശേഷത്താലാണ്; സ്നാനത്താലല്ല.

9. ഫിലിപ്പിയിലെ ലുദിയയുടെ സ്നാനം:  “ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു. തുയത്തൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു അവളും കുടുംബവും സ്നാനം ഏറ്റ ശേഷം: നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്ത എന്നു എണ്ണിയിരിക്കുന്നുവെങ്കിൽ എന്റെ വീട്ടിൽ വന്നു പാർപ്പിൻ എന്നു അപേക്ഷിച്ചു ഞങ്ങളെ നിർബ്ബന്ധിച്ചു.” (പ്രവൃ, 16:13-15). ഇവിടെ പൗലൊസിൽനിന്നു സുവിശേഷം കേട്ട ലുദിയയുടെ ഹൃദയം കർത്താവ് തുറന്നു; അവൾ വിശ്വസിച്ചു; സ്നാനം സ്വീകരിച്ചു. അവൾ അപ്പൊസ്തലന്മാരെ വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ പറയുന്നത്; “ഞാന്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നു എന്നു നിങ്ങള്‍ക്കു ബോധ്യമുണ്ടെങ്കില്‍ എന്‍റെ വീട്ടില്‍ വന്നു പാര്‍ത്താലും” (സ.വേ.പു.CL) എന്നാണ്. വിശ്വസിച്ച് രക്ഷപ്രാപിച്ച ശേഷമാണ് സ്നമേറ്റതെന്ന് വ്യക്തമാണ്. 

10. കാരാഗൃഹ പ്രമാണിയുടേയും കുടുംബത്തിൻ്റെയും സ്നാനം: “യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു. കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു. പിന്നെ അവർ കർത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു. പിന്നെ അവരെ വീട്ടിൽ കൈക്കൊണ്ടു അവർക്കു ഭക്ഷണം കൊടുത്തു, ദൈവത്തിൽ വിശ്വസിച്ചതിൽ വീടടക്കം ആനന്ദിച്ചു.” (പ്രവൃ, 16:30-34). രക്ഷപ്രാപിപ്പാൻ എന്തു ചെയ്യണമെന്ന് കാരാഗൃഹപ്രമാണി ചോദിക്കുമ്പോൾ, നീ സ്നാനമേല്ക്കണം എന്നല്ല പൗലൊസും ശീലാസും പറഞ്ഞത്; “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” എന്നാണ്. രക്ഷയുടെ സുവിശേഷം അവരോടു പ്രസംഗിച്ചു; മാനസാന്തരപ്പെട്ടു; സ്നനമേറ്റു. കാരാഗൃഹ പ്രമാണിയോടും കുടുബത്തോടും സുവിശേഷം പ്രസംഗിച്ചു; പിന്നെ എഴുതിയിരിക്കുന്നത്, “അവൻ രാത്രിയിൽ, ആ നാഴികയിൽ തന്നേ, അവരെ കൂട്ടികൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു” (16:33). ദൈവവചനത്താൽ താനും കുടുംബവും മാനസാന്തരപ്പെട്ടതിൻ്റെ കൃത്യമായ തെളിവായിട്ടാണ് ആ രാത്രിയിത്തന്നെ അപ്പൊസ്തലന്മാരുടെ മുറിവുകളെ കഴുകി എന്നു പറഞ്ഞിരിക്കുന്നത്. അതിനുശേഷം അവർ സ്നാമേറ്റു. 

11. ക്രിസ്പൊസും കുടുംബവും ഉൾപ്പെടെ അനേകം കൊരിന്ത്യരുടെ സ്നാനം: “പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.” (പ്രവൃ, 18:8). കൊരിന്തിൽ പൗലൊസും ശബ്ബത്തുതോറും പള്ളിയിൽ പ്രസംഗിച്ചിരുന്നു. വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു. (18:5). അങ്ങനെ പള്ളിപ്രമാണിയായ ക്രിസ്പൊസും കുടുംബവും അനേകം കൊരിന്ത്യരം കർത്താവിൽ വിശ്വസിച്ച് രക്ഷ പ്രാപിച്ച ശേഷമാണ് സ്നാനമേറ്റതെന്ന് കാണാൻ കഴിയും. 

12. എഫെസൊസിലെ പന്ത്രണ്ട് ശിഷ്യന്മാരുടെ സ്നാനം: പൗലൊസ്: “നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു. എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു. അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു. ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു. പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.” (പ്രവൃ, 19:6). ഈ ഭാഗത്തെ വിഷയം യേശുവിൻ്റെ നാമത്തിലുള്ള സ്നാനത്തിൻ്റെ ശ്രേഷ്ഠതയാണ്. പൗലൊസ് അവരോട് ചോദിക്കുന്നത്; ‘നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ’ എന്നാണ്. ഇതൊരു കുഴപ്പംപിടിച്ച ചോദ്യമാണ്. വ്യക്തി വിശ്വാസത്താൽ പരിശുദ്ധാത്മാവിനെ ആർജ്ജിച്ചെടുക്കണം എന്നൊരു ധ്വനി ഈ പ്രയോഗത്തിനുണ്ട്. ഇത് ബൈബിളിലെ മറ്റു വേദഭാഗങ്ങളുമായി പൊരുത്തപ്പെടില്ല. ഒന്നാമത്; പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമാണ്. ദാനം ദൈവത്തിൻ്റെ കൃപയാലും വാഗ്ദത്തം തൻ്റെ വിശ്വസ്തതയാലും ലഭിക്കുന്നതാണ്; അല്ലാതെ ആർജ്ജിക്കേണ്ട ഒന്നല്ല. രണ്ടാമത്; രക്ഷയുടെ സുവിശേഷം (എഫെ, 1:13) അഥവാ, വിശ്വാസത്തിൻ്റെ പ്രസംഗത്താലാണ് (ഗലാ, 3:2) ആത്മാവ് ലഭിക്കുന്നത്. ആത്മാവാണ് കൃപയാലുള്ള വിശ്വാസം വ്യക്തിയിൽ ഉളവാക്കുന്നത്. (എഫെ, 2:8). അതായത്, വിശ്വാസത്താൽ ആത്മാവ് ലഭിക്കുകയല്ല; ആത്മാവിനാൽ വിശ്വാസം ലഭിക്കുകയാണ് ചെയ്യുന്നത്. മൂന്നാമത്; പ്രാപിക്കുക (receive) എന്ന പദത്തിന് അനുഭവിക്കുക, എത്തുക, ചെല്ലുക, പ്രവേശിക്കുക, സമീപിക്കുക എന്നൊക്കെയും അർത്ഥമുണ്ട്. അതായത്, പൗലൊസിൻ്റെ ചോദ്യത്തിൻ്റെ അർത്ഥമിതാണ്; “വിശ്വസിക്കുന്ന നിങ്ങൾ പരിശുദ്ധാത്മാവിനെ അനുഭവിക്കുന്നുണ്ടോ?” 

അവരുടെ മുപടി: “പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല.” ഇവർ യേശുവിനെക്കുറിച്ചുള്ള സുവിശേഷം കേട്ട് യേശുവിൽ വിശ്വസിച്ചവരാണ്; അല്ലെങ്കിൽ പൗലൊസിൻ്റെ ചോദ്യം അസ്ഥാനത്താണ്. ഒരുപക്ഷെ, അപ്പൊല്ലോസായിരിക്കാം ഇവരോട് സുവിശേഷം അറിയിച്ചിരിക്ക. പൗലൊസ് എഫെസൊസിൽ വരുന്നതിന് മുമ്പ് അപ്പൊല്ലൊസ് എഫെസൊസിൽ ഉണ്ടായിരുന്നു. (പ്രവൃ, 18:24). അപ്പൊല്ലോസിനും ക്രൈസ്തവ സ്നാനത്തെക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല; യോഹന്നാൻ്റെ സ്നാനത്തെക്കുറിച്ചു മാത്രമേ അറിഞ്ഞിരുന്നുള്ളു. (പ്രവൃ, 18:25). അപ്പൊല്ലോസാസ് ഇവരോട് സുവിശേഷം അറിയിച്ചതെന്ന് പൗലൊസിനും അറിയാമായിരിക്കും; അല്ലെങ്കിൽ നിങ്ങൾ കൈക്കൊണ്ട സുവിശേഷം ആരെക്കുറിച്ചാണ് അഥവാ ഏതാണെന്നായിരിക്കും ചോദിക്കുക. അപ്പൊല്ലോസ് ആത്മാവിൽ എരിവുള്ളവനു. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവനാണ്. (18:25). അതുകൊണ്ടാണ് പൗലൊസ് സ്നാനം ഏതായിരുന്നു എന്നു ചോദിച്ചത്. സുവിശേഷം അറിയിക്കുന്നത് ആത്മനിറവിലാണെങ്കിലും (പ്രവൃ, 2:4-40; 4:31), സുവിശേഷം പരിശുദ്ധാത്മാവിനെക്കുറിച്ചല്ല; ക്രിസ്തുവിനെക്കുറിച്ചാണ്. മാത്രമല്ല, വീണ്ടുംജനനം ആന്തരിക പ്രവൃത്തിയായതുകൊണ്ട് ബാഹ്യലക്ഷണങ്ങൾ നിർബ്ബന്ധമല്ല. (യോഹ, 3:8). പൗലൊസ് അവരോട് ‘പരിശുദ്ധാത്മാവിനെ അനുഭവിച്ചുവോ’ എന്നു ചോദിക്കുന്നത്; അവരുടെ സ്നാനം തെറ്റായതുകൊണ്ടും, ക്രൈസ്തവ സ്നാനത്തിൻ്റെ ശ്രേഷ്ഠത അവരെ ബോധ്യപ്പെടുത്താനുമാണ്. ‘പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല’ എന്നൂ പറഞ്ഞപ്പോൾ; യോഹന്നാൻ കഴിപ്പിച്ച സ്നാനവും, യേശുവിൻ്റെ നാമത്തിലുള്ള സ്നാനവും വ്യത്യാസം അവരെ ബോധ്യപ്പെടുത്തുകയും; യേശുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കയും ചെയ്തു. തുടർന്ന്, “പൗലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.” മുമ്പ് നാം ചിന്തിച്ചപോലെ പരിശുദ്ധാത്മാവ് ആരുടെയും കൈവെപ്പിൻ്റെ ഫലമല്ല; യേശുവിൻ്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളുടെ ഫലമാണ്. പൗലൊസ് കൈവെച്ചത് കൃപാവരങ്ങൾക്കു വേണ്ടിയാണ്. (2തിമൊ, 1:6). യോഹന്നാൻ്റെ സ്നാനമേറ്റവർ വീണ്ടും യേശുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കുമ്പോൾ പ്രത്യക്ഷമായ കൃപാവരങ്ങൾ ലഭിച്ചില്ലെങ്കിൽ, ഒരുപക്ഷെ യേശുവിൻ്റെ സ്നാനത്തെ സംശയിക്കാനിടയാകും. കാരണം, യോഹന്നാൻ യേശുവിനു സ്നാനം നല്കിയ ആളാണ്. പെന്തെക്കൊസ്തിൽ സ്നാനമേറ്റ യെഹൂദന്മാരും പരിശുദ്ധാത്മാവിൻ്റെ ശക്തി കണ്ടറിഞ്ഞു വിശ്വസിച്ചവരാണ്. (പ്രവൃ, 2:33). പൗലൊസ് കൈവെച്ചപ്പോൾ ആത്മാവ് അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തുകൊണ്ട് അവർക്ക് വെളിപ്പെട്ടത്, ക്രൈസ്തവ സ്നാനത്തിൻ്റെ ശ്രേഷ്ഠത അവരെ വെളിപ്പെടുത്താനാണ്. 

13. 1പത്രൊസ് 3:20: “ആ പെട്ടകത്തിൽ അല്പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു. അതു സ്നാനത്തിന്നു ഒരു മുൻകുറി. സ്നാനമോ ഇപ്പോൾ ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ നമ്മെയും രക്ഷിക്കുന്നു.”. സ്നാനത്താലാണ് രക്ഷയെന്ന് കാണിക്കാൻ ഈ വാക്യവും പലരും എടുക്കുന്നുണ്ട്. പെട്ടകത്തിൽ കയറി എട്ടുപേർ വെള്ളത്തിൽക്കൂടി രക്ഷപ്രപിച്ചത് പറഞ്ഞിട്ട്, അത് സ്നാനത്തിൻ്റെ മുൻകുറി അഥവാ പ്രതീകമാണെന്നാണ് അപ്പൊസ്തലൻ പറയുന്നത്. തുടർന്ന് യേശുവിൻ്റെ പുനരുത്ഥാനമാണ് നമ്മെ രക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വേറൊരു പരിഭാഷ ചേർക്കുന്നു: “ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോട് നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.” (മ.ബൈ.നൂ.പ). 

14. സ്നാനപ്പെട്ടു എന്നു പറയാതെ വിശ്വസിച്ചു രക്ഷപ്രാപിച്ചവരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്: “മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കർത്താവിൽ വിശ്വസിച്ചു ചേർന്നുവന്നു.” (പ്രവൃ, 9:42). “ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു.” (പ്രവൃ, 9:43). രക്ഷയ്ക്കായി വിശ്വാസത്തോടൊപ്പം സ്നാനവും അത്യന്താപേക്ഷിതമായിരുന്നു എങ്കിൽ, ഇവിടെയൊക്കെ വിശ്വാസത്തോടൊപ്പം സ്നാനവും പറയില്ലായിരുന്നോ? 

സ്നാനത്തെക്കുറിച്ച് ഇനിയുള്ള വേദഭാഗങ്ങളൊക്കെ സ്നാനത്തിൻ്റെ സാദൃശ്യങ്ങളായാണ് പറഞ്ഞിരിക്കുന്നത്. (റോമ, 6:3-8; ഗലാ, 3:27; കൊലൊ, 2:12,13; 1പത്രൊ, 3:21). എഫെസ്യരിലെ 4:5-ലെ സ്നാനത്തെ ക്രിസ്തു കഴിപ്പിക്കുന്ന പരിശുദ്ധാത്മ സ്നാനമെന്നും ജലസ്നാനമെന്നും മനസ്സിലാക്കാം; കൂടുതൽ ഉചിതമായിരിക്കുന്നത്, ആത്മസ്നാനമാണ്.

യോഹന്നാൻ്റെ സുവിശേഷത്തിൽ യേശു നിക്കോദേമോസിനോട് വീണ്ടുംജനനത്തെക്കുറിച്ചു പറയുമ്പോൾ; “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.” (3:5). സ്നാനം കൂടാതെ രക്ഷയില്ലെന്നു വിശ്വസിക്കുന്നവർ അവിടെ ‘വെള്ളത്താലും ആത്മാവിനാലും ജനിക്കണം’ എന്നു പറയുന്നതിനെ അക്ഷരീകമായ വെള്ളമായി മനസ്സിലാക്കുന്നു. അത് ‘വിശ്വാസത്താൽ നീതീകരണം’ എന്ന ബൈബിളിൻ്റെ പഠിപ്പിക്കലിന് ഘടകവിരുദ്ധമാണ്. എഫെസ്യർ 5:26-ൽ വചനത്തെ വെള്ളത്തോട് സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. വചനത്താലുള്ള വീണ്ടുംജനനത്തെപ്പറ്റി കൃത്യമായി ബൈബിളിൽ പറഞ്ഞിട്ടുമുണ്ട്: “നാം അവന്റെ സൃഷ്ടികളിൽ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവൻ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താൽ നമ്മെ ജനിപ്പിച്ചിരിക്കുന്നു.” (യാക്കോ, 1:18). “കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.” (1പത്രൊ, 1:23). വിശ്വാസമുളവാകുന്നത് ദൈവവചന കേൾവിയാലാണ്. (റോമ, 10:17). വിശ്വാസവചനം അഥവാ സുവിശേഷത്താലാണ് ആത്മാവ് ലഭിക്കുന്നത്. (ഗലാ, 3:2). വചനത്താൽ ലഭിക്കുന്ന ആത്മാവിനാലാണ് വ്യക്തി വീണ്ടും ജനിക്കുന്നത്. യേശുവിനു മുന്നോടിയായി വന്ന യോഹന്നാൻ വെള്ളത്തിൽ സ്നാനം കഴിപ്പിച്ചു; യേശുക്രിസ്തു ആത്മാവിൽ സ്നാനം കഴിപ്പിച്ചു. (പ്രവൃ, 1:5; 11:16). ആത്മാവ് മാത്രംമതി രക്ഷ്ക്ക്; വെള്ളം വേണ്ട. ആത്മാവിലുള്ള ശുദ്ധീകരണത്തെയും കഴുകലായി പറഞ്ഞിട്ടുണ്ട്: “നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരി, 6:11). 

രക്ഷയ്ക്കായി സാനാനം ആവശ്യമില്ലെന്നതിൻ്റെ ആന്തരികവും ബാഹ്യവുമായ പതിമൂന്ന് തെളിവുകൾ താഴെ ചേർക്കുന്നു:

1. രക്ഷ വ്യക്തിയിൽ സ്വയമായി ഉളവാകുന്നതല്ല; കൃപയാലാണ് ലഭിക്കുന്നത്. (റോമ, 11:6). ക്രിസ്തുവെന്ന സ്വർഗ്ഗത്തേക്കാൾ ഉന്നതനായ വ്യക്തിയിലുള്ള വിശ്വാസമാണ് രക്ഷയ്ക്കാധാരം. നമുക്കു പാപമോചനമുള്ളത് ക്രിസ്തുവെന്ന ആളത്തത്തിലാണ് അല്ലാതെ, സ്നാനമെന്ന പ്രവൃത്തിയിലല്ല. “ക്രിസ്തുവിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.” (കൊലൊ, 1:14). ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുന്നത് സ്വാഭിലാഷം കൊണ്ടല്ല, പരാഭിലാഷം കൊണ്ടാണ്. അതുപോലെ, സ്വന്ത്രപ്രയത്നമോ, പ്രവർത്തനമോ, ആഗ്രഹമോ കൊണ്ടല്ല രക്ഷപ്രാപിച്ച് ദൈവകുടുംബത്തിൽ ഒരു വ്യക്തി അംഗമാകുന്നത്. മനുഷ്യജനനത്തിൽ എന്നപോലെ ആത്മീയജനനത്തിലും ഒരു കാരകൻ ഉണ്ട്; അത് പരിശുദ്ധാത്മാവാണ്. യേശു പറയുന്നു: എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ (പരിശുദ്ധാത്മാവ്) ഒഴുകും. (യോഹ, 7:37-39). വിശ്വസിക്കുന്നവന് ആത്മാവ് ലഭിക്കുമെന്നല്ല; അവൻ്റെ ഉള്ളിൽനിന്ന് പുറപ്പെടും. അപ്പോൾ വിശ്വസിക്കണമെങ്കിൽ നമ്മുടെ ഉള്ളിൽ ആത്മാവ് ഉണ്ടായിരിക്കണം. “വിശ്വാസത്തിൻ്റെ പ്രസംഗം അഥവാ രക്ഷയുടെ സുവിശേഷം (എഫെ 1:13) കേൾക്കുമ്പോഴാണ് വ്യക്തിയുടെ ഉള്ളിലേക്ക് ആത്മാവ് വരുന്നത്. (ഗലാ, 3:2). പരിശുദ്ധാത്മാവാണ് രക്ഷിതാവിനെ വിശ്വസിക്കാൻ വ്യക്തിക്കു കൃപ നല്കുന്നത്. (റോമ, 10:17; എഫെ, 2:5, 8). തുടർന്ന്, ആത്മാവ് പാപബോധം വരുത്തുകയും (യോഹ, 16:8), പാപബോധം ദുഃഖം ഉണ്ടാക്കുകയും (2കൊരി, 7:9), ദുഃഖം മാനസാന്തരം വരുത്തുകയും (2കൊരി, 7:9), മാനസാന്തരം രക്ഷ ഉളവാക്കുകയും ചെയ്യുന്നു.” (2കൊരി, 7:10). പരിശുദ്ധാത്മാവാണ് യേശുവിനെ കർത്താവു എന്നു വായ്കൊണ്ടു ഏറ്റുപറകയാനും, ഹൃദയംകൊണ്ടു വിശ്വസിക്കാനും കൃപ നല്കുന്നത്. (റോമ, 10:9,10). “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല” (1കൊരി, 12:3). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36).

2. സ്നാനം രക്ഷയ്ക്ക് അന്യവാര്യമെങ്കിൽ, ക്രിസ്തു ക്രൂശിൽ തികച്ച പാപമോചനബലി അപൂർണ്ണമാണെന്നല്ലേ അർത്ഥം? പിന്നെങ്ങനെ ആറാമത്തെ മൊഴിയായി ”നിവൃത്തിയായി” (യോഹ, 19:30) എന്നു തനിക്ക് പറയാൻ കഴിയും? 22-ാം സങ്കീർത്തനത്തിലെ ”അവൻ നിവർത്തിച്ചിരിക്കുന്നു” (സങ്കീ, 22:31) എന്ന പ്രവചനത്തിനെങ്ങനെ നിവൃത്തിവരും? ”അവൻ സ്വന്ത രക്തത്താൽ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു” (എബ്രാ, 9:12) എന്നെങ്ങനെ പറയാൻ കഴിയും? സർവ്വലോകത്തിൻ്റെയും പാപത്തിന്നു പരിഹാരം യേശുക്രിസ്തുവാണ്. (1യോഹ, 1:7, 2:2). കര്‍ത്താവായ യേശുവിന്റെ കൃപയാലാണ് ഓരോരുത്തരും രക്ഷപ്രാപിക്കുന്നത് (പ്രവൃ, 15:11); അല്ലാതെ, സ്നാനമെന്ന പ്രവൃത്തിയാലല്ല. ‘രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം’ എന്നു ചോദിച്ചൽ, അതിൻ്റെ ഉത്തരമാണ്; കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. (പ്രവൃ, 16:30,31).

3. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനവും (പ്രവൃ, 2:38; 8:20; റോമ, 8:23) വാഗ്ദത്തവുമാണ്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33; 2:39). ദാനം ലഭിക്കാൻ പ്രവൃത്തി വേണമെന്നും, വാഗ്ദത്തത്തിനു വില കൊടുക്കണമെന്നും പറഞ്ഞാൽ ദൈവത്തിൻ്റെ കൃപ വൃഥാവായിപ്പോയോ? ദൈവത്തിൻ്റെ ദാനം പണത്തിനു വാങ്ങാൻ ശ്രമിച്ച ശിമോൻ്റെ ഗതിയെയെന്തായി? (പ്രവൃ, 8:17-23). ദൈവം താൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാൻ ശക്തനല്ലേ? (റോമ, 4:21). ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവും ലഭിക്കാൻ ക്രിസ്തുവിലുള്ള വിശ്വാസം മാത്രംമതി. “അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.” (റോമ, 4:16). 

4. സ്നാനം ഒരു കല്പനയാണ്. “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” ആരോടുള്ള കല്പനയാണിത്? ജാതികളോടാണോ? അല്ല. ശിഷ്യന്മാരോട് അഥവാ തൻ്റെ മക്കളോടുള്ള ദൈവത്തിൻ്റെ കല്പനയാണ്. ഇനി, ജാതികൾ കർത്താവിൻ്റെ കല്പന അനുസരിക്കാൻ ബാദ്ധ്യസ്ഥരാണോ? അല്ല. ദൈവത്തെ അറിയാത്ത ജാതികളെന്തിനു ദൈവത്തിൻ്റെ കല്പന അനുസരിക്കണം? കല്പനകൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരായവർ; തൻ്റെ അനുയായികളും ശിഷ്യന്മാരും ദാസന്മാരും മക്കളുമാണ്. പഴയനിയമഭക്തന്മാർ ദൈവത്തിൻ്റെ ദാസന്മാരായിരുന്നു; എന്നാൽ പുതിയനിയമ വിശ്വാസികൾ ക്രിസ്തുവിൻ്റെ അനുയായികളും ശിഷ്യന്മാരും ദൈവത്തിൻ്റെ മക്കളുമാണ്. തൻ്റെ ശിഷ്യന്മാരോട് യേശു പറയുന്നു: “ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ അഥവാ വിശ്വസിപ്പാൻ അല്ലെങ്കിൽ അനുസരിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” എന്താണ് ഇവിടെപ്പറയുന്ന ഉപദേശം? ക്രിസ്തുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചാണ്. (മർക്കൊ, 16:15). ദൈവത്തിൻ്റെ മക്കളായ സുവിശേഷകന്മാർ ക്രിസ്തുവിനെക്കുറിച്ചുള്ള സംവിശേഷം തെരുവുകളിൽ പ്രസംഗിക്കുമ്പോൾ, കേൾവിയാൽ ഉളവാകുന്ന വിശ്വാസത്താൽ (റോമ, 10:17) സുവിശേഷം കൈക്കൊള്ളുന്ന ജാതികളെ ദൈവാത്മാവ് വീണ്ടുംജനിപ്പിച്ച് ദൈവത്തിൻ്റെ മക്കളാക്കിക്കഴിയുമ്പോഴാണ്, അവർ കല്പനയായ സ്നാനം അനുസരിക്കുവാൻ ബാദ്ധ്യസ്ഥരാകുന്നത്. “അവന്റെ (പത്രൊസിൻ്റെ) വാക്കു (സുവിശേഷം) കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു (പ്രാദേശികസഭ) ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). സുവിശേഷം കൈക്കൊണ്ടവർ രക്ഷപ്രാപിച്ചു; പിന്നെ സ്നാനമേറ്റു; അനന്തരം പ്രാദേശിക സഭയോടു ചേർന്ന് ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രർത്ഥന കഴിച്ചും പോന്നു.

5. ക്രൂശിൽ മാനസാന്തരപ്പെട്ട കള്ളൻ സ്നാനമാറ്റിട്ടാണോ രക്ഷ പ്രാപിച്ചത്? യേശുവിൻ്റെ മരണംമൂലം രക്ഷകിട്ടിയ ആദ്യവ്യക്തിയാണ് ക്രൂശിലെ കള്ളൻ. യേശു മശീഹയാണെന്ന് വിശ്വസിക്കുക മാത്രമാണ് അവൻ ചെയ്തത്. ഒരുത്തൻ യേശുവിനെ ദുഷിച്ചുപറഞ്ഞപ്പോൾ മറ്റവൻ അവനെ ശാസിച്ചുകൊണ്ട് പറഞ്ഞത്: “സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല.” (ലൂക്കൊ, 23:40,41). താൻ പാപിയാണെന്നു സമ്മതിക്കുകയും, നീതിയായവനിൽ വിശ്വസിക്കുകയും ചെയ്തപ്പോൾ അവൻ്റെ മാനസാന്തരം പൂർണ്ണമായി. (യോഹ, 16:8). പിന്നെ അവൻ: “യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ” എന്നു അപേക്ഷിച്ചു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു. (ലൂക്കൊ, 23:39-43). ക്രിസ്തുവിൻ്റെ പ്രായശ്ചിത്ത മരണത്തിലൂടെ പ്രവൃത്തികൂടാതെ രക്ഷപ്രാപിച്ച ആദ്യവ്യക്തി അന്നുതന്നെ അവനാടുകൂടി പറുദീസാവാസവും ആരഭിച്ചു. 

6. “ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. സ്തെഫനാസിന്റെ ഭവനക്കാരെയും ഞാൻ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാൻ ഓർക്കുന്നില്ല. സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും.” (1കൊരി, 1:15-17). സ്നാനത്താലാണ് പാപമോചനവും രക്ഷയുമെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ ഇവിടെയിതാ ജാതികളെ സ്നാനപ്പെടുത്തായ്കയാൽ അപ്പൊസ്തലൻ ദൈവത്തിനു സ്തോത്രം കരേറ്റുന്നു: “ഞാൻ ക്രിസ്പൊസിനെയും ഗായൊസിനെയും സ്തെഫനാസിന്റെ ഭവനക്കാരെയും ഒഴികെ നിങ്ങളിൽ ആരെയും ഞാൻ സ്നാനം കഴിപ്പിക്കായ്കയാൽ ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.” നല്ല വിരോധാഭാസം തന്നെ! തീർന്നില്ല; സ്നാനം കഴിപ്പിപ്പാൻ അല്ല, സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” (1കൊരി, 1:17). ‘സ്നാനം കഴിപ്പിപ്പാൻ അല്ല തന്നെ അയച്ചതെന്നു താൻ അടിവരയിട്ടു പറയുന്നു. 

പിസിദ്യയിലെ അന്ത്യൊക്യയിൽ വെച്ചുള്ള പ്രഥമ പ്രസംഗത്തിൽത്തന്നെ കർത്താവ് തന്നെ വിളിച്ചിരിക്കുന്നതിൻ്റെ ഉദ്ദേശം പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോട് കല്പിച്ചിട്ടുണ്ട്. (പ്രവൃ, 13:47). താൻ ജാതികളുടെ അപ്പൊസ്തലനുമാണ്. (റോമ, 11:3). പൗലൊസ് ജാതികൾക്ക് ആരാണെന്നു ചോദിച്ചാൽ അതിനൊരുത്തരമുണ്ട്: “വെളിച്ചമായി ലോകത്തിൽ വന്ന ക്രിസ്തു, ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ജാതികളുടെ വെളിച്ചമാക്കി വെച്ച ജാതികളുടെ അപ്പൊസ്തലൻ.” ആ പൗലൊസാണ് പറയുന്നത്: “സ്നാനം കഴിപ്പിപ്പാൻ അല്ല, സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” സ്നാനത്തിന് രക്ഷയുമായി ഒരിറ്റു ബന്ധമുണ്ടെങ്കിൽ പൗലൊസിന് ഇത് പറയാൻ കഴിയുമോ? സുവിശേഷത്തിനുവേണ്ടി ഇത്രയധികം വിലകൊടുത്ത മറ്റൊരപ്പൊസ്തലനില്ല. “ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു” (1കൊരി, 1:24) എന്നു പറഞ്ഞ ശ്രേഷ്ഠ അപ്പൊസ്തലൻ ക്രിസ്തുവിന് എതിരാളിയോ, സുവിശേഷ വിരോധിയോ ആയിരുന്നോ? സ്നാനം ജാതികളുടെ രക്ഷയ്ക്ക് ആവശ്യമെങ്കിൽ പൗലൊസിനെ അപ്പൊസ്തലനെന്നല്ല; എതിർക്രിസ്തു എന്നല്ലേ വിളിക്കേണ്ടത്?

7. യിസ്രായേൽ എന്തുകൊണ്ടാണ് ക്രിസ്തുവിൽ ഇടറിപ്പോയതെന്ന് പൗലൊസ് പറഞ്ഞിട്ടുണ്ട്: “ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല. അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടർച്ചക്കല്ലിന്മേൽ തട്ടി ഇടറി:” (റോമ, 9:30-32). അവർ പ്രവൃത്തികളാൽ രക്ഷപ്രാപിപ്പാൻ ഇച്ഛിച്ചതുകൊണ്ടാണ് ഇടർച്ചക്കല്ലായ ക്രിസ്തുവിൽ ഇടറിപ്പോയത്. ഗലാത്യരോട് ക്ഷോഭത്തോടെ പൗലോസ് ചോദിക്കുന്നത്: “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആർ? ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?” (ഗലാ, 3:1-2). ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.” (ഗലാ, 5:4). “ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.” (ഗലാ, 2:21). സ്നാനമെന്ന പ്രവൃത്തിയാൽ പാപമോചനം ലഭിച്ച് നീതീകരിക്കപ്പെടാമെന്ന് വിചാരിച്ചാലുള്ള കുഴപ്പമിതാണ്: ഒന്ന്; ക്രിസ്തുവിൻ്റെ മരണപുനരുത്ഥാന സ്വർഗ്ഗാരോഹണങ്ങളുടെ ഫലവും, ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവുമായ പരിശുദ്ധാത്മാവിനു വിലയിടുന്നു. രണ്ട്; ഇക്കൂട്ടർ ക്രിസ്തുവിനോടു വേറുപെട്ടു കൃപയിൽനിന്നു വീണുപോകുന്നു. മൂന്ന്; ക്രിസ്തുവിൻ്റെ ക്രൂശുമരണത്തെ വൃഥാവാക്കുന്നു അഥവാ തുച്ഛീകരിക്കുന്നു.

8. യേശു അപ്പൊസ്തലന്മാരോട് സുവിശേഷം അറിയിക്കുന്നതിൻ്റെ ഒരു ക്രമം പറഞ്ഞിട്ടുണ്ടായിരുന്നു: “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). ആദ്യം യെഹൂദന്മാരോട്, പിന്നെ ശമര്യരോട്, അതിനുശേഷം സകല ജാതികളോടും. കർത്താവിന്റെ കല്പനപോലെ, സുവിശേഷം പറഞ്ഞതും സ്നാനം കഴിപ്പിച്ചതും ആ ക്രമത്തിലാണ്. (പ്രവൃ, 2:36-41; 8:12-17; 10:43-48). നാം യെഹൂദന്മാരും, ശമര്യരുമല്ല, പ്രകൃതിയാൽ ജാതികളായിരുന്നു. (എഫെ, 2:11). നമ്മുക്ക് രക്ഷ ലഭിക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ ഷണ്ഡൻ, കൊർന്നേല്യൊസ്, ലുദിയ, കാരഗൃഹപ്രമാണി, കൊരിന്ത്യർ എന്നിവർ രക്ഷപ്രാപിച്ചത് ഏങ്ങനെയാണെന്ന് നോക്കിയാൽ മതിയാകും. 

ഷണ്ഡൻ: രക്ഷയുടെ സുവിശേഷം കേട്ടു; വിശ്വസിച്ചു; സ്നാനമേറ്റു. (പ്രവൃ, 8:27-40).

കൊർന്നേല്യൊസ്: സുവിശേഷം കേട്ടു; പരിശുദ്ധാത്മാവ് വന്നു; സ്നാനമേറ്റു. (10:34-48). 

ലുദിയ: സുവിശേഷം കേട്ടു; കർത്താവ് അവളുടെ ഹൃദയം തുറന്നു; സ്നാനമേറ്റു. (16:14,15).

കാരാഗൃഹപ്രമാണി: വചനം കേട്ടു; അവരുടെ മുറിവുകളെ കഴുകി (മാനസാന്തരം); സ്നാനമേറ്റു. (16:30-33).

കൊരിന്ത്യർ: വചനം കേട്ടു; വിശ്വസിച്ചു; സ്നാനമേറ്റു. (18:8).

മേല്പറഞ്ഞ ജാതികളായ എല്ലാവർക്കും ഒരേ ക്രമത്തിലാണ് രക്ഷാനുഭവം പറഞ്ഞിരിക്കുന്നത്. പരിശുദ്ധാത്മാവിലല്ലാതെ ആർക്കും ക്രിസ്തുവിൽ വിശ്വസിക്കുവാനോ മാനസാന്തരപ്പെടുവാനോ കഴിയില്ല. കൊർന്നേല്യൊസും കുടുംബവും സുവിശേഷം കേട്ട് പരിശുദ്ധാത്മാവ് കൃപാവരത്തോടെ അവരിൽ വെളിപ്പെട്ടശേഷമാണ് സ്നാനമേറ്റത്. പരിശുദ്ധാത്മാവെന്നാൽ; പരിശുദ്ധദൈവമാണ്. പരിശുദ്ധദൈവം അവരുടെ ഉള്ളിൽ വന്നിട്ടും പാപം മോചിക്കപ്പെട്ടില്ല; പിന്നീട് സ്നാനമേറ്റപ്പോഴാണ് പാപമോചനം ഉണ്ടായതെന്നു പറഞ്ഞാൽ, അതിനേക്കാൾ വലിയ അബദ്ധമെന്താണ്? അവരുടെ മാനസാന്തരത്തെക്കുറിച്ച് പത്രൊസ് യെരൂശലേം സഭയിൽ സാക്ഷ്യം പറഞ്ഞപ്പോൾ അവിടുത്തെ സഹോദരന്മാർ പറഞ്ഞതും കുറിക്കൊള്ളുക: “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:18). മേല്പറഞ്ഞ ആരും സ്നാനമേറ്റിട്ടല്ല രക്ഷപ്രാപിച്ചത്; ദൈവത്തിൻ്റെ കൃപയാലാണ് രക്ഷപ്രാപിച്ചത്.

9. “അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി. അവൻ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.” (പ്രവൃ, 18:24,25). ചിലർ വിചാരിക്കുന്നത്: അപ്പൊല്ലോസ് ക്രിസ്ത്യാനിയായിരുന്നില്ല; മശീഹായുടെ ആഗമനം പ്രസംഗിക്കുന്ന യെഹൂദനായിരുന്നു എന്നാണ്. ഒരു കാര്യം ശരിയാണ്; ക്രിസ്തുവിനു മുമ്പും, ക്രിസ്തുവിൻ്റെ കാലത്തും, ക്രിസ്തുവിനു ശേഷവും ഇക്കാലത്തും മശിഹ വന്നതറിയാതെ, മശീഹായുടെ ആഗമനം പ്രസംഗിക്കുന്ന യെഹൂദന്മാരുണ്ട്. അപ്പൊല്ലോസിൻ്റെ കാര്യം അതാണോ? അല്ല. ഒന്നാമത്; അങ്ങനെയൊരു യെഹൂദനെ വെള്ളപൂശി പ്രവൃത്തികളിൽ അവതരിപ്പിക്കേണ്ട ആവശ്യം ലൂക്കോസിനില്ല. രണ്ടാമത്; പ്രസ്തുത വേദഭാഗത്ത് അപ്പൊല്ലോസിനെപ്പറ്റി ആറ് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. (പ്രവൃ, 18: 24-28). ഇവിടെ വിരോധാഭാസമെന്താണെന്നു ചോദിച്ചാൽ; അപ്പൊല്ലോസിനു ക്രൈസ്തവസ്നാനത്തെ കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. സ്നാനം കൂടാതെ ഒരുവൻ്റെ രക്ഷ പൂർണ്ണമാകില്ലെന്ന് പറയുന്നവർ ഒന്നു പറഞ്ഞാട്ടെ; സ്നാനം കൂടാതെ രക്ഷയില്ലെങ്കിൽ, യേശുവിനെക്കുറിച്ചുള്ള സുവിശേഷം സൂക്ഷ്മമായിട്ട് അഥവാ കൃത്യതയോടെയാണ് അപ്പൊല്ലോസ് പ്രസംഗിച്ചതെന്ന് ദൈവാത്മാവ് രേഖപ്പെടുത്തി വെയ്ക്കുമോ? വിശേഷാൽ അപ്പൊല്ലോസിനെ അപ്പൊസ്തലൻ എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നതെന്നും ഓർക്കുക.  (1കൊരി, 4:6-9). ക്രിസ്തീയ സ്നാത്തെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ലായിരുന്ന അപ്പൊല്ലോസെന്ന ഈ അപ്പൊസ്തലനും രക്ഷിക്കപ്പെട്ടവനല്ലേ? രക്ഷിക്കപ്പെടാത്ത ഇവനെയെന്തിനാണ് പരിശുദ്ധാത്മാവ് വൈറ്റ് വാഷ് ചെയ്ത് വേദപുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്?

10. യേശുവിൻ്റെ രണ്ടു രഹസ്യ ശിഷ്യന്മാരെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. അരിമത്യയിലെ യോസേഫും നിക്കൊദേമൊസും. യേശു തിരഞ്ഞെടുത്തവരും, മൂന്നരവർഷം തൻ്റെകൂടെ നടന്ന് നന്മ അനുഭവിച്ചവരുമായ പന്ത്രണ്ട് ശിഷ്യന്മാർ യേശുവിനെ അറസ്റ്റുചെയ്തപ്പോൾ ഓടിയൊളിച്ചു. യേശുവിനൊരാവശ്യം വന്നപ്പോൾ രഹസ്യശിഷ്യന്മാരാണ് പ്രയോജനപ്പെട്ടത്. (യോഹ, 38:42). അവർ യേശുവിൻ്റെ കൂടെ നടന്നവരോ, തൻ്റെ ശിഷ്യന്മാരാണെന്ന് അവകാശപ്പെട്ടവരോ അല്ല; പക്ഷെ, അവരായിരുന്നു ശരിക്കും ശിഷ്യന്മാർ. ധൈര്യത്തോടെ ചെന്ന് യേശുവിൻ്റെ ശരീരം ചോദിച്ചുവാങ്ങി യഥാവിധി സംസ്കരിച്ചു. (യോഹ, 19:38-42). അതുപോലെ യേശുവിന് ലോകത്തിൽ അനേകം രഹസ്യശിഷ്യന്മാരുണ്ട്. പാകിസ്ഥാനിലും, അറബി രാജ്യങ്ങളിലും അങ്ങനെയുള്ളവർ ധാരാളമുണ്ട്. അവരൊന്നും പരസ്യമായി ക്രിസ്ത്യാനികളെന്ന് പറയുകയോ, ജലസ്നാനം സ്വീകരിച്ചിട്ടുള്ളവരോ ആയിരിക്കില്ല. എന്തെന്നാൽ, അങ്ങനെയൊരു സാഹചര്യത്തിലല്ല അവർ ജീവിക്കുന്നത്. രഹസ്യത്തിൽ യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ച്, തന്നെയാരാധിച്ച്, തൻ്റെ കല്പനകൾ അനുസരിച്ച് ജീവിക്കുന്ന അവരൊക്കെ രക്ഷപ്രാപിച്ചവരല്ലേ? 

11. വെള്ളം അലർജ്ജിയുള്ള രണ്ട് യുവതികളെക്കുറിച്ചുള്ള വാർത്ത കുറേനാൾനാൾ മുമ്പ് പത്രത്തിൽ ഉണ്ടായിരുന്നു. സസെക്സിൽ നിന്നുള്ള ‘നിയ സെല്‍വെ’ എന്ന ഇരുപത്തിയൊന്നുകാരിയാണ് ഒരാൾ. അക്വാജെനിക്ക് പ്രൂരിട്ടസ് (aquagenic pruritus) എന്ന രോഗമാണ് ഈ യുവതിയെ ബാധിച്ചിരിക്കുന്നത്. ശരീരവും വെള്ളവുമായി ബാഹ്യസമ്പർക്കം ഉണ്ടായാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നിയക്കുള്ളത്. വിയർക്കുക, കുളിക്കുക, കൈകാലുകൾ കഴുകുക എന്നിവ ചെയ്താൽ ശരീരത്ത് ചുവന്നുതടിച്ച പാടുകൾ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന പുകച്ചിൽ എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. (മെയ് 11, 2019). കലിഫോർണിയ സ്വദേശിയായ ടെസ്സ ഹാന്‍സന്‍ സ്മിത്ത് എന്ന ഇരുപത്തൊന്നുകാരിയാണ് മറ്റൊരാൾ. Aquagenic urticaria എന്നാണ് ഈ രോഗത്തിൻ്റെ പേര്. വെള്ളം തൊട്ടാല്‍ ചൊറിച്ചിലും പനിയും. മൈഗ്രൈനും ഉണ്ടാകുന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട്. വെള്ളം കുടിക്കുമ്പോള്‍ പോലും അതീവശ്രദ്ധ ആവശ്യമാണ്. സ്വന്തം തുപ്പലും വിയര്‍പ്പും പോലും ടെസ്സയ്ക്ക് അലര്‍ജി ആണ്. (നവംബർ 30, 2019). ഇതുപോലുള്ള 100 കേസ്സുകൾ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുന്നാണ് പറയപ്പെടുന്നത്. സ്നാനം കൂടാതെ പാപം മോചിക്കപ്പെടുകയില്ലെങ്കിൽ, യേശുവിൻ്റെ മരണം ഇവരെ സംബന്ധിച്ച് വ്യർത്ഥമല്ലേ? ”യേശു സർവ്വലോകത്തിന്റെയും പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു” (1യോഹ, 2:2) എന്ന വേദവാക്യത്തിനു എന്തർത്ഥമാണുള്ളത്?

ഒരുപക്ഷെ, ഇതിനെതിരായി; വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ എങ്ങനെ രക്ഷപ്രാപിക്കും എന്നു ചോദിച്ചേക്കാം. യേശു കുഞ്ഞുങ്ങളെക്കുറിച്ചു പറയുന്നു;  “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.” (മർക്കൊ, 10:14; മത്താ, 19:14; ലൂക്കൊ, 18:16). ശിശുക്കളെന്നാൽ ശാരീരികമായും മാനസികമായും വളർച്ചയെത്താത്ത അവസ്ഥയാണ്. സ്വന്തം പാപത്തെക്കുറിച്ച് ബോധം വന്നിട്ടില്ലാത്തതുകൊണ്ടും, കർമ്മപാപം ഇല്ലാത്തതുകൊണ്ടും, അവരുടെ ജന്മപാപം അഥവാ അവരിലുള്ള ആദാമ്യപാപം ദൈവം കണക്കിടുന്നില്ല. വിശ്വാസികളെല്ലാം തിരിഞ്ഞ് ശിശുക്കളെപ്പോലെ ആയ്വരാൻ കല്പിക്കുന്നതും (മത്താ, 18:3), “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പിൻ” (1പത്രൊ, 2:2) എന്നു പറഞ്ഞിരിക്കുന്നതും കുറിക്കൊള്ളുക. അതുപോലെ മാനസികമായി വളർച്ചപ്രാപിക്കാത്ത അഥവാ വിശ്വസിക്കാൻ പ്രാപ്തിയില്ലാത്ത മുതിർന്നവരുടെ പാപവും ദൈവം കണക്കിടുന്നില്ലെന്നു മനസ്സിലാക്കാം. മാത്രമല്ല, സ്നാനത്തിനെന്നപോലെ മനുഷ്യരുടെ പ്രവൃത്തിയല്ല വിശ്വാസത്തിനാധാരം; ദൈവത്തിൻ്റെ കൃപയാണ്. (എഫെ, 2:5,8). “നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.” (1കൊരി, 2:4,5).

12. സുവിശേഷത്താലാണ് രക്ഷ: യേശു പറഞ്ഞ വിതയ്ക്കപ്പെടുന്ന വചനത്തിൻ്റെ ഉപമയുടെ പൊരുൾ: “വിത്തു ദൈവവചനം; വഴിയരികെയുള്ളവർ കേൾക്കുന്നവർ എങ്കിലും അവർ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാൻ പിശാചു വന്നു അവരുടെ ഹൃദയത്തിൽ നിന്നു വചനം എടുത്തുകളയുന്നു.” (ലൂക്കോ, 8:11). കൊർന്നേല്യൊസിനോടു ദൂതൻ പറയുന്നത്: “നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.” (പ്രവൃ, 11:14). ദൈവത്തിൻ്റെ ദാനമായ പരിശുദ്ധാത്മാവ് ലഭിക്കുന്നത് സുവിശേഷത്താലാണ്: “ഞാൻ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാൻ ഇച്ഛിക്കുന്നു; നിങ്ങൾക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ? നിങ്ങൾ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോൾ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?” (ഗലാ, 3:2). രക്ഷയെക്കുറിച്ചുള്ള സുവിശേഷത്താൽ പരിശുദ്ധാത്മാവ് ലഭിക്കുന്നു: “അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു, തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.” (എഫെ, 1:13,14). ദൈവത്തിൻ്റെ കൃപയാലാണ് രക്ഷ: “അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.” (എഫെ, 2:5). “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.” (എഫെ, 2:8). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36)

13. ബൈബിളിൻ്റെ സാരംശം: ബൈബിളിൻ്റെ ആകെത്തുകയാണ് ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയിരിക്കുന്ന രക്ഷ. (യോഹ, 20:31). ക്രിസ്തു തൻ്റെ സ്വന്തരക്തംചിന്തി കൂശിൽ മരിച്ച് സമ്പാദിച്ചതാണ് ഈ രക്ഷ. (പ്രവൃ, 20:28; റോമ, 3:25; എഫെ, 1:7; ഫിലി, 2:68; കൊലൊ, 1:22; എബ്രാ, 2:14,15; 1പത്രൊ, 1:18,19). രക്ഷ ക്രിസ്തുവിൻ്റെ വിലമതിയാത്ത രക്തത്താൽ സമ്പാദിച്ചതിനാൽ ഇത്രവലിയ രക്ഷയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. (എബ്രാ, 2:4). ഈ രക്ഷ ലോകം മുഴുവൻ എത്തിക്കാനാണ് പന്ത്രണ്ട് ശിഷ്യന്മാരെ താൻ തിരഞ്ഞെടുത്തത്. (മത്താ, 28:19; മർക്കൊ, 16:15; ലൂക്കൊ, 24:47). ഈ ശിഷ്യന്മാർ ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനത്തിൽ പങ്കുള്ളവരാണ്. (എഫെ, 2:20). അതായത്, മത്ഥിയാസ് ഉൾപ്പെടെയുള്ള ഈ പന്ത്രണ്ട് ശിഷ്യന്മാരിലൂടെയാണ് പരിശുദ്ധാത്മാവിനാൽ സഭ സ്ഥാപിതമാകുന്നത്. (പ്രവൃ,2:1:4). പ്രവൃത്തി 2:38 ഉദ്ധരിച്ചുകൊണ്ട് സ്നാനം കൂടാതെ പരിശുദ്ധാത്മാവ് ലഭിക്കില്ലെന്നും രക്ഷ കിട്ടില്ലെന്നും പറയുന്നവർ എന്തു വിചാരിക്കുന്നു: പന്ത്രണ്ട് അപ്പൊസ്തലന്മാരും രക്ഷിക്കപ്പെട്ടവരല്ലേ? അവർ സ്നാനമേല്ക്കുന്നതിന് മുമ്പാണ് പരിശുദ്ധാത്മാവ് ശക്തിയോടെ അവരുടമേൽ വന്നത്. പിന്നീടും അവർ സ്നാനമേറ്റതായി പറഞ്ഞിട്ടില്ല. (3,000 പേർക്കൊപ്പം ഒരുപക്ഷെ സ്നാനമേറ്റിരിക്കാം). ചോദ്യം ഇതൊന്നുമല്ല; രക്ഷ സ്നാനമെന്ന കർമ്മത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെങ്കിൽ സഭയുടെ അടിസ്ഥാനത്തിൽ പങ്കുള്ളവരായ ഒരു അപ്പൊസ്തലനെങ്കിലും പെന്തെക്കൊസ്തിനു മുമ്പോപിമ്പോ സ്നാനപ്പെട്ടതിൻ്റെ ഒരു രേഖയില്ലാതിരിക്കുമോ? ഇതാണ് ചോദ്യം. ക്രിസ്തുവിനൊപ്പം ചേർത്തുപണിയപ്പെട്ട അടിസ്ഥാനക്കല്ലുകൾക്ക് സ്നാനം കൂടാതെ അല്ലെങ്കിൽ സ്നാനത്തിനുമുമ്പെ രക്ഷകിട്ടും, ക്രിസ്തുവാകുന്ന അടിസ്ഥാനത്തിന്മേൽ മുകളിലേക്കു പണിയപ്പെടുന്ന മറ്റുകല്ലുകളായ വിശ്വാസികൾക്കു സ്നാനംകൂടാതെ രക്ഷ കിട്ടില്ല. (എഫെ, 2:21,22). നല്ല ഉപദേശമാണ്; ഉപ്പിലിട്ട് വെയ്ക്കാൻ കൊള്ളാം. മറ്റൊരപ്പൊസ്തലന് ക്രിസ്തീയ സ്നാനത്തെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു കല്പിച്ച വേറൊരപ്പൊസ്തലൻ പറയുന്നു: “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു.” സ്നാനത്താൽ മാത്രമേ രക്ഷ കിട്ടുകയുള്ളുവെങ്കിൽ ഇവരൊക്കെ കള്ളയപ്പൊസ്തന്മാർ ആയിരുന്നുവെന്നതിൽ ഒരു തർക്കവുമില്ല. ബൈബിൾ തെറ്റാണെന്നും അപ്പൊസ്തലന്മാർ കള്ളന്മാരാണെന്നും സ്നനാവാദികൾ ഇനി പറയാതിരുന്നാൽ ഭാഗ്യം.

“നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്റെ അവകാശികളായിത്തീരേണ്ടതിന്നു പുനർജ്ജനനസ്നാനം കൊണ്ടും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേൽ ധാരാളമായി പകർന്ന പരിശുദ്ധാത്മാവിന്റെ നവീകരണംകൊണ്ടും തന്നേ.” (തീത്തൊ, 3:4). സുവിശേഷങ്ങൾ അവസാനിക്കുമ്പോൾ യോഹന്നാൻ എഴുതുന്നു: “എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തുഎന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹ, 20:31). “മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:39).

“ലോകം ചോദിക്കുന്നു: സഹോദരന്മാരെ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം; വിശ്വാസി, നീ ഒന്നുമാത്രം പറക: “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.” ഇതാണ് സുവിശേഷം; ഇതുമാത്രം പറയുക. പരീശപക്ഷത്തുനിന്നു ക്രിസ്ത്യാനികളായവർ ചെയ്തപോലെ അധികമായ ഭാരമൊന്നും സുവിശേഷത്തോട് കൂട്ടിക്കെട്ടാതിരിക്കുക. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ! 

കൃപയാലള്ള വിശ്വാസത്താലാണ് രക്ഷ ലഭിക്കുന്നതെന്ന 100-ലധികം വാക്യങ്ങൾ കാണാൻ:👇

രക്ഷ കൃപയാലുള്ള വിശ്വാസത്താൽ മാത്രം

സ്നാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ:

👇

സ്നാനം

സ്നാനം ഏല്ക്കേണ്ട നാമം ഏതാണെന്നറിയാൻ:

👇

സ്നാനം ഏല്ക്കേണ്ട നാമം

സ്നാനത്തിൻ്റെ പ്രതീകാത്മകമായ അർത്ഥങ്ങളറിയാൻ:

👇

സ്നാനത്തിൻ്റെ സാദൃശ്യങ്ങൾ

2 thoughts on “സ്നാനവും രക്ഷയും”

  1. വിശ്വാസമില്ലെങ്കിൽ കൃപയില്ല രക്ഷ(ആത്മ മോക്ഷം) യുമില്ല.

    1. കൃപയാലാണ് വിശ്വാസം ലഭിക്കുന്നതെന്ന് ബൈബിൾ പറയുമ്പോൾ (എഫെ, 2:8), താങ്കൾ അല്ലെന്നു വിശ്വസിച്ചുകൊള്ളുക. താങ്കൾക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ, ഞാൻ സ്വതന്ത്രനല്ല; ക്രിസ്തുവിൻ്റെ അടിമയാണ്; അവൻ്റെ നുകത്തിൻ കീഴിൽ ബന്ധിക്കപ്പെട്ടവൻ. അതിനാൽ, എനിക്ക് ദൈവവചനത്തിൽ തെളിവില്ലാത്തതൊന്നും വിശ്വസിക്കാനും, എഴുതാനും, പറയാനും പറ്റത്തില്ല. ദയവായി ദൈവനാമത്തിൽ എന്നോട് ക്ഷമിക്കണം!

Leave a Reply

Your email address will not be published.