സ്തെഫാനോസ് കണ്ട ദർശനം

സ്തെഫാനോസ് കണ്ട ദർശനം

“അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു: ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു………. കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു. അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.” (പ്രവൃത്തികൾ 7:55-60)

സ്തെഫാനോസ് രണ്ടു വ്യക്തിയെ സ്വർഗ്ഗത്തിൽ കണ്ടെന്നാണ് ത്രിത്വം പഠിപ്പിക്കുന്നത്. എന്നാൽ വസ്തുതയെന്താണ്: അദൃശ്യനായ ദൈവത്തിൻ്റെ മഹത്വവും ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യപ്രതിമയായ യേശുവിനെയുമാണ് സ്തെഫാനോസ് കണ്ടത്. (കൊലൊ, 1:15; 2:9). പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ എന്നായിരുന്നു. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). പഴയനിയമത്തിൽ സകല ഭൂവാസികൾക്കും രക്ഷയ്ക്കായുള്ള ഏകനാമം യഹോവയായ ദൈവത്തിൻ്റെയാണ്: “സകല ഭൂസീമാവാസികളും ആയുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). പുതിയനിയമത്തിൽ അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയും സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ കൈപ്പറ്റിയവനുമായ പത്രോസ് വിളിച്ചുപറയുന്നത്, രക്ഷയ്ക്കായി ആകാശത്തിനു കീഴിൽ മറ്റൊരു നാമവും ഇല്ലെന്നാണ്: “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). യഹോവയുടെ കാലം കഴിഞ്ഞുപോയെന്നോ, അപ്പനു വയസ്സായപ്പോൾ അധികാരം മകനെ ഏല്പിച്ചെന്നോ ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം; പിതാവായ ഏകദൈവമേ നമുക്കുള്ളു. അവൻ തന്നെയാണ് മനഷ്യനായി പ്രത്യക്ഷനായി മനുഷ്യരുടെ പാപങ്ങളും വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചുയിർത്തത്. അവിടെ, ‘ദൈവമഹത്വം’ എന്നു പറഞ്ഞശേഷം ‘ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു’ എന്നു പറഞ്ഞിരിക്കയാലുമാണ് ദൈവത്തെയും യേശുക്രിസ്തുവിനെയും കണ്ടുവെന്ന് പറയുന്നത്. സത്യവേദപുസ്തകം നൂതന പരിഭാഷയലെ വാക്യം ചേർക്കുന്നു: “എന്നാല്‍ അദ്ദേഹം പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി; ദൈവത്തിന്‍റെ തേജസ്സ് അദ്ദേഹം ദര്‍ശിച്ചു; അവിടുത്തെ വലത്തുഭാഗത്ത് യേശു നില്‌ക്കുന്നതും കണ്ടു.” (പ്രവൃ, 7:55). അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സാണ് കണ്ടത്. 

സ്തെഫാനോസ് പഴയനിയമത്തിലാണ് ആ കാഴ്ച കണ്ടതെങ്കിൽ, യേശുക്രിസ്തുവിനെ കണ്ടു എന്നു പറഞ്ഞിരിക്കുന്ന സ്ഥാനത്ത് യഹോവയെ കണ്ടു എന്നു പറയുമായിരുന്നു; എന്തെന്നാൽ, യഹോവ തന്നെയാണ് യേശുക്രിസ്തു. പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവയെന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3;14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്ക് ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കുന്നത്. (മത്താ, 1:21; 1തിമൊ, 3:14-16). പ്രവചനംപോലെ ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുവിൻ്റെ രക്തത്താൽ പുതിയനിയമം സ്ഥാപിതമായപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷ ചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (തീത്തൊ, 2:12; എബ്രാ, 13:8). ഇതിനോടുള്ള ബന്ധത്തിൽ ഏഴു തെളിവുകൾ തരാം:

ഒന്ന്: ദൈവം ഒരുത്തൻ മാത്രമാണ്. ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; ആവ, 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (സങ്കീ, 35:10; പുറ, 15:11; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (ഇയ്യോ, 9:8; 2രാജാ, 19:15; നെഹെ, 9:6;  യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായിരുന്നു ജഡത്തിൽ വെളിപ്പെട്ട ക്രിസ്തു. (1തിമൊ, 3:14-16; 1പത്രൊ, 1:20). പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. അതിനാൽ, രണ്ടു വ്യക്തികളെ സ്തെഫാനോസിനു കാണാൻ കഴിയില്ല.

രണ്ട്: ത്രിത്വത്തിന് ദൈവം ഒരു വ്യക്തിയല്ല; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വ്യക്തിയാണ്. സ്തെഫാനോസ് അവിടെ, പിതാവിനെയും യേശുവിനെയും കണ്ടു എന്നല്ല; ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു എന്നാണ് പറഞ്ഞിരിക്കുന്നത്. ത്രിത്വത്തിന് ദൈവം എല്ലായ്പ്പോഴും മൂന്നു വ്യക്തി തന്നെ ആയിരിക്കുമല്ലോ; ചിലപ്പോൾ ഒരു വ്യക്തി, മറ്റുചിലപ്പോൾ രണ്ടുവ്യക്തി, വേറെ ചിലപ്പോൾ മൂന്നുവ്യക്തിയല്ലല്ലോ. ദൈവത്തിൽത്തന്നെ മൂന്ന് വ്യക്തികൾ ഉണ്ടായിരിക്കെ, ദൈവത്തെയും വലത്തുഭാഗത്ത് യേശുവിനെയും കണ്ടുവെന്ന് അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, സ്വർഗ്ഗത്തിൽ മൂന്നും, പിന്നെ യേശുവിനെയും ചേർത്ത് നാലുപേരായില്ലേ? കൂടാതെ, പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്; അപ്പോൾ അഞ്ചു വ്യക്തിയാകും. സ്തെഫാനോസ് കണ്ടത് അദൃശ്യദൈവത്തിൻ്റെ മഹത്വവും യേശുക്രിസ്തുവെന്ന ഏകവ്യക്തയെയുമാണ്.

മൂന്ന്: സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ട ദൈവമഹത്വം പിതാവാണ്; അങ്ങനെ പിതാവിനെയും പുത്രനെയും അഥവാ രണ്ട് വ്യക്തിയെ കണ്ടുവെന്ന് വാദിച്ചാൽ; പരിശുദ്ധാത്മാവ് ഭൂമിയിലുമുണ്ട്; പരിശുദ്ധാത്മാവിൽ നിറഞ്ഞപ്പോഴാണ് തനിക്ക് സ്വർഗ്ഗീയദർശനം ലഭിച്ചത്; അങ്ങനെ ത്രിത്വത്തിലെ മൂന്നു വ്യക്തിയുമായി. അപ്പോൾ, അക്ഷയനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം ആരാണെന്നു പറയും? ആരും ഒരുനാളും കാണാത്ത കാരണത്താൽ അദൃശ്യദൈവം വ്യക്തിയല്ലെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അപ്പോൾ ആകെ എത്ര വ്യക്തിയായി; ത്രിത്വം മാറി ചതുർത്വമാകും? 

നാല്; അദൃശ്യനായ ദൈവത്തെയാണ് സ്തെഫാനോസ് കണ്ടതെന്ന് വാദിച്ചാൽ; ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയില്ല” എന്നൊക്കെയുള്ള പ്രയോഗങ്ങൾ അബദ്ധമായി മാറും. അവിടെയൊരു കാര്യംകൂടി മനസ്സിലാക്കണം: സ്തെഫാനോസ് ഈ കാഴ്ചകണ്ടതിനും ഏകദേശം ഇരുപത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴികയുമില്ല” എന്ന് പൗലൊസ് എഴുതുന്നതും (1തിമൊ, 1:17; 6:16)., അമ്പത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്ന് യോഹന്നാൻ എഴുതുന്നതും. (യോഹ, 1:18; 1യോഹ, 4:12). സ്തെഫാനോസ് അദൃശ്യദൈവത്തെയാണ് കണ്ടതെങ്കിൽ പൗലൊസും യോഹന്നാനും അങ്ങനെ എഴുതുമായിരുന്നില്ല. പിന്നെയും, അങ്ങനെ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചയ്യുന്നവർ ബൈബിൾ അബദ്ധപഞ്ചാംഗമാണെന്ന് സാക്ഷ്യംപറയുകയാണ് ചെയ്യുന്നത്.

അഞ്ച്: ആത്മാക്കളുടെ ഉടയവൻ യഹോവയായ ദൈവമാണ്: “അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ.” (സംഖ്യാ, 16:22). “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 27:17. ഒ.നോ: സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; എബ്രാ, 12:9; 1പത്രൊ, 4:19). സകല ജഡത്തിന്റെയും ആത്മാക്കളുടെ ഉടയവനായ യഹോവയുടെ കയ്യിൽത്തന്നെയാണ് യേശുവെന്ന അഭിഷിക്തമനുഷ്യൻ മരണസമയത്ത് തൻ്റെ ആത്മാവിനെ ഏല്പിച്ചുകൊടുത്ത് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. (ലൂക്കൊ, 23:46). ആത്മാക്കളുടെ ഉടയവൻ യഹോവയാണെന്ന് എല്ലാ യെഹൂദന്മാർക്കും അറിയാമായിരിക്കുമല്ലോ; പിന്നെന്തുകൊണ്ടാണ് മരണസമയത്ത് സ്തെഫാനോസ് തൻ്റെ ആത്മാവിനെ കർത്താവായ യേശുവിൻ്റെ കരങ്ങളിൽ ഏല്പിച്ചത്? (പ്രവൃ, 7:59). ഒന്നെങ്കിൽ യഹോവയും യേശുവും ഒരാളാണ്; അല്ലെങ്കിൽ സ്തെഫാനോസിന് ആളുമാറിപ്പോയി. ഇതിലേതാണ് ശരി: തൻ്റെ ആത്മാവിനെ ഉടയവനെ ഏല്പിക്കുമ്പോൾ അവൻ ഒറ്റയ്ക്കായിരുന്നില്ല; സത്യത്തിൻ്റെയും സുബോധത്തിൻ്റെയും ആത്മാവായ പരിശുദ്ധാത്മാവ് അവനിൽ വന്ന് നിറഞ്ഞപ്പോഴാണ് അവൻ സ്വർഗ്ഗം തുറന്നിരിക്കുന്നതും അദൃശ്യനായ ദൈവത്തിൻ്റെ തേജസ്സും വലത്തുഭാഗത്തു ആത്മാക്കളുടെ ഉടയവനെയും കണ്ടത്. (പ്രവൃ, 7:55,56). സ്തെഫാനോസിന് തെറ്റുപറ്റിയാലും പരിശുദ്ധാത്മാവിന് തെറ്റുപറ്റില്ല. സ്തെഫാനോസ് അദൃശ്യദൈവത്തെ കണ്ടില്ല; തേജസ്സാണ് കണ്ടത്. പിന്നെ കണ്ടതാകട്ടെ ആത്മാക്കളുടെ ഉടയവനായ യഹോവ അഥവാ യേശുവിനെയാണ്; അതിനാലാണ് യേശുക്രിസ്തുവിൻ്റെ കയ്യിൽ തൻ്റെ ആത്മാവിനെ ഏല്പിച്ചത്. (പ്രവൃ, 7:59). 

ആറ്: സ്തെഫാനോസിനെ കൂടാതെ സ്വർഗ്ഗത്തിലെ ദൈവത്തെ അനേകർ കണ്ടിട്ടുണ്ട്. യഹോവ ഭൂമിയിൽ തൻ്റെ ജനത്തിന് പലനിലകളിൽ പ്രത്യക്ഷനായത് മാത്രമല്ല, സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്ന ദർശനവും അനേകർക്ക് നല്കിയിട്ടുണ്ട്. ഉദാഹരണം: മീഖായാവ് (1രാജാ, 22:19; 2ദിന,18:18), യെശയ്യാവ് (യെശ, 6:1-5), യെഹെസ്ക്കേൽ (യെഹെ, 1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ. ഇവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തും ചുറ്റിലും ദൂതന്മാരെയാണ് കണ്ടത്; മറ്റൊരു ദൈവവ്യക്തിയെ ആരും കണ്ടില്ല. മീഖായാവ്: “യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1രാജാ, 22:19; 2ദിന,18:18). യോഹന്നാൻ, സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതുമാണ് കണ്ടത്. (വെളി, 4:2). അവരാരും കാണാത്ത മറ്റൊരു ദൈവവ്യക്തിയെ എങ്ങനെയാണ് സ്തെഫാനോസ് കണ്ടത്? 

ഏഴ്: സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തെയല്ല; ദൈവതേജസ്സ് മാത്രമാണ്. കാരണം, ദൈവം അദൃശ്യൻ മാത്രമല്ല; ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനുമാണ്. (യിരെ, 23:23,24; 139:7-10). ആകാശവും ഭൂമിയും അഥവാ പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന ഒരു വ്യക്തിക്ക് വലത്തുഭാഗമോ ഇടത്തുഭാഗമോ മുൻഭാഗമോ പിൻഭാഗമോ മുകൾഭാഗമോ കീഴ് ഭാഗമോ ഉണ്ടാകില്ല. അപ്പോൾത്തന്നെ അദൃശ്യദൈവത്തിൻ്റെ ദൃശ്യരൂപമായ സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവന് വലത്തുഭാഗവും ഇടത്തുഭാഗവും ഉണ്ട്. (1രാജാ, 22:18). യഹോവ കെരൂബുകൾക്ക് മദ്ധ്യേയും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെയുമാണ് വസിക്കുന്നത്. (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16). സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത് അദൃശ്യദൈവത്തിൻ്റെ തേജസ്സാണ്; തേജസ്സ് ഒരു പ്രത്യേകസ്ഥലത്ത് പ്രത്യക്ഷമാകുന്നതാണ്; അതുകൊണ്ടാണ് ദൈവതേജസ്സിൻ്റെ വലത്തുഭാഗത്ത് യേശുക്രിസ്തുവിനെ കണ്ടതായി പറഞ്ഞിരിക്കുന്നത്. എബ്രായലേഖകൾ ക്രിസ്തുവിനെ തേജസ്സിൻ്റെ പ്രഭയെന്നു പറഞ്ഞിട്ടുണ്ട്. (1:3). ദൈവതേജസ്സും അതിൻ്റെ പ്രഭയും രണ്ടു വ്യക്തിയാണെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?

ദൈവം അക്ഷയനും അദൃശ്യനും മാത്രമല്ല സർവ്വവ്യാപിയും കൂടിയാണ്. ദൈവത്തിൻ്റെ സർവ്വവ്യാപിത്വത്തിന് തെളിവായിട്ട് പ്രധാനപ്പെട്ട മൂന്നു വേദഭാഗങ്ങളുണ്ട്: (139:7-10; യിരെ, 23:23,24; പ്രവൃ, 17:28). പൗലൊസ് പറഞ്ഞിരിക്കുന്നത്; “ദൈവത്തിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ്. അദൃശ്യനായ ദൈവം സർവ്വപ്രപഞ്ചവും നിറഞ്ഞുനില്ക്കുന്നതിനാൽ സകലതും ദൈവത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ശാസ്ത്രം ഇതുവരെ കണ്ടെത്തിയിരിക്കുന്ന ദൃശ്യപ്രപഞ്ചം ഏതാണ്ട് ഇരുപത് ശതമാനം മാത്രമാണ്. അതിൻ്റെ വിസ്തീർണ്ണമാകട്ടെ, നാലുവശത്തേക്കും ഏതാണ്ട് നാലായിരത്തഞ്ഞുറ് പ്രകാശവർഷം എന്നാണ് കണക്കാക്കുന്നത്. അതുതന്നെ കമ്പ്യൂട്ടർ അടിച്ചുപോകുന്ന കണക്കാണ്; എൺപത് ശതമാനം വേറെയും കിടക്കുന്നു. ഇനി, ഭൂമിയുടെ കാര്യം: പ്രപഞ്ചത്തിലെ വളരെ ചെറിയ ഗ്രഹങ്ങളിൽ ഒന്നു മാത്രമാണ് ഭൂമി. പ്രപഞ്ചത്തെ ഒരു വലിയ ഫുട്ട്ബോൾ കോർട്ടിനോടുപമിച്ചാൽ, നാം അധിവസിക്കുന്ന ഭൂമിക്ക് അതിലെ ഒരു മൺതരിയുടെ വലിപ്പമെങ്കിലും ഉണ്ടായാൽ ഭാഗ്യം. ഇനി, ഭൂമിയെ ഒരു ഫുട്ട്ബോൾ കോർട്ടിനോടുപമിച്ചാൽ സ്തെഫാനോസിന് മൺതരിയോളം വലിപ്പമുണ്ടായേക്കാം. പറഞ്ഞുവന്നത്; അക്ഷയനും അദൃശ്യനും ആകാശവും ഭൂമിയും അഥവാ പ്രപഞ്ചംമുഴുവൻ നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവത്തെയാണ് മൺതരിയോളം മാത്രമുള്ള ഭുമിയിൽ അതിലും മൺതരിയോളം മാത്രമുള്ള സ്തെഫാനോസ് സ്വർഗ്ഗത്തിൽ കണ്ടതെന്ന് വിചാരിക്കുന്ന ബുദ്ധിഹീനതയ്ക്ക് പറയുന്ന പേരാണോ ത്രിത്വം?

ദൈവമഹത്വത്തിൻ്റെ വലത്തുഭാഗം: ദൈവമഹത്വത്തിൻ്റെ വലത്തുഭാഗം എന്നു പറഞ്ഞിരിക്കുന്നത് എന്താണ്? പൗരോഹിത്യപദവിയും ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുക എന്ന പദവിയും യിസ്രായേലിൻ്റെയാണ്. യിസ്രായേലിനുവേണ്ടി അവൻ്റെ ദൈവമായ യഹോവ തന്നെയാണ് ജഡത്തിൽ വെളിപ്പെട്ട് അഭിഷിക്ത മഹാപുരോഹിതനായി സ്വന്തരക്തത്താൽ പാപപരിഹാരം വരുത്തിയിട്ട് സ്വർഗ്ഗത്തിൽ പ്രവേശിച്ചത്. (എബ്രാ, 9:12; 1പത്രൊ, 1:19).  യിസ്രായേലിനു രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതുവരെ പക്ഷവാദം ചെയ്യുന്ന മഹാപുരോഹിതനെന്ന പദവിയും ദൈവത്തിൻ്റെ കൈകളിൽ ആയിരിക്കും. (പ്രവൃ, 1:6; 1കൊരി, 15:24,25; എബ്രാ, 7:24,25; 10:12). സഹസ്രാബ്ദരാജ്യത്തിൽ ആ പദവി യിസ്രായേലിനു ലഭിക്കും. “നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ‍ എന്നും നിങ്ങൾക്കു പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്തു അനുഭവിച്ചു, അവരുടെ മഹത്വത്തിന്നു അവകാശികൾ ആയിത്തീരും.” (യെശ, 61:6). ക്രിസ്തു ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നു എന്ന് പറഞ്ഞിരിക്കുന്നതിനെ ന്യായാധിപസംഘത്തോടും (Sanhedrin) ഉപമിക്കാം: ന്യായാധിപസംഘത്തിൽ 71 അംഗങ്ങളുണ്ടായിരുന്നു. ജഡ്ജി അഥവാ അദ്ധ്യക്ഷൻ മഹാപുരോഹിതനാണ്. അർദ്ധവൃത്താകൃതിയിൽ കൂടുന്ന സംഘത്തിൻ്റെ മദ്ധ്യത്തിലാണ് മഹാപുരോഹിതൻ ഇരിക്കുന്നത്. മഹാപുരോഹിതൻ്റെ വലത്തുഭാഗത്ത് പ്രതിഭാഗവും ഇടത്തുഭാഗത്ത് വാദിഭാഗവും ഇരിക്കും. ഇടത്തുഭാഗത്തുള്ളവർ പ്രതിക്ക് പരമാവധി ശിക്ഷ കൊടുക്കാൻ വാദിക്കുമ്പോൾ, വലത്തുഭാഗത്തുള്ളവർ കുറ്റവാളിയെ ശിക്ഷകൂടാതെ വിടുവിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കുറ്റവാളിക്ക് പ്രതീക്ഷയുള്ള സ്ഥലമാണ് വലത്തുഭാഗം. അഥവാ, പാപികൾക്ക് കരുണ ലഭിക്കുന്ന ഇടം. സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന ഒരപവാദിയും സ്വർഗ്ഗത്തിലുള്ളത് ഓർക്കുക. (വെളി, 12:10). പക്ഷവാദം ചെയ്യുന്നവൻ വലത്തുഭാഗത്താണെങ്കിൽ അപവാദിയുടെ സ്ഥലം ഇടത്തുഭാഗമായിരിക്കുമല്ലോ; വലത്തുഭാഗത്തെ അങ്ങനെയും മനസ്സിലാക്കാം: “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” (എബ്രാ, 7:25). ഏതൊരു നീചപാപിക്കും അതിധൈര്യത്തോടെ കൃപാസനത്തോട് അടുത്തുവരുവാൻ ധൈര്യം നല്കുന്നതാണ് ക്രിസ്തുവിൻ്റെ പൗരോഹിത്യപദവി. അബദ്ധവശാൽ പാപംചെയ്യുന്ന വിശ്വാസികൾക്കും ക്രിസ്തുവിൻ്റെ ഈ പദവിമൂലമാണ് പാപമോചനം ലഭിക്കുന്നത്. (1യോഹ, 2:1).

പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടവനും (പുറ, 6:3) മോശെ മുതലുള്ളവർക്ക് യഹോവയെന്ന നാമത്തിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും (പുറ, 3:14,15). മീഖായാവ് (1രാജാ, 22:19), യെശയ്യാവ് (യെശ, 6:1-5), യെഹെസ്ക്കേൽ (യെഹെ, 1:26-28), ദാനീയേൽ (7:9,10), യോഹന്നാൻ (വെളി, 4:1-4) തുടങ്ങിയവർ സ്വർഗ്ഗസിഹാസനത്തിൽ ദർശിച്ചവനെയുമാണ് സ്തെഫാനോസും കണ്ടത്. (പ്രവൃ, 7:56). അവൻ്റെ നാമം പഴയനിയമത്തിൽ യഹോവ എന്നായിരുന്നു; പുതിയനിയമത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ അവൻ്റെ നാമം യേശുക്രിസ്തു എന്നാകുന്നു. സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെ!

കാണുക:

അദൃശ്യദൈവവും പ്രത്യക്ഷതകളും

അദൃശ്യദൈവം ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?

Leave a Reply

Your email address will not be published.