സുവിശേഷം

സുവിശേഷം (Gospel)

എവാങ്ഗെലിയൊൻ എന്ന ഗ്രീക്കുപദത്തിനു സുവാർത്ത എന്നർത്ഥം. ക്ലാസിക്കൽ ഗ്രീക്കിൽ നല്ല വാർത്തയ്ക്കു നൽകുന്ന പ്രതിഫലത്തിനാണ് ഈ വാക്കുപയോഗിക്കുന്നത്. പുതിയനിയമത്തിലും ആദിമ ക്രൈസ്തവ സാഹിത്യത്തിലും സുവാർത്തയ്ക്കാണ് എവാങ്ഗെലിയാൻ എന്ന പദം പ്രയോഗിച്ചിട്ടുള്ളത്. പുതിയനിയമത്തിൽ 77 തവണ ഈ പദം ഉണ്ട്. സുവിശേഷം ഒരു പുതിയനിയമ പദമാണെങ്കിലും അതിന്റെ ആശയം പഴയനിയമത്തിൽ സ്പഷ്ടമായി കാണാം. യിസ്രായേലിന്റെ പ്രതീക്ഷയിൽ സുവാർത്തയ്ക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ ജനനത്തിനു ഏഴുനൂറാണ്ടുകൾക്കു മുൻപു യെശയ്യാ പ്രവാചകൻ വീണ്ടെടുപ്പുകാരൻ സീയോനിലേക്കു വരുമെന്നും എളിയവരോടു സദ്വർത്തമാനം ഘോഷിക്കുമെന്നും പ്രവചിച്ചു. (യെശ, 61:1,2). “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറയുകയും ചെയ്യുന്ന സുവാർത്ത ദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!” (യെശ, 52:7). യെരൂശലേമിനെയും സീയോനെയും സുവാർത്താദൂതി എന്നു വിളിക്കുന്നു. (യെശ, 40:9). 

സുവിശേഷകാരന്മാരിൽ മത്തായിയും മർക്കൊസുമാണ് എവാങ്ഗെലിയാൻ എന്ന പദം പ്രയോഗിക്കുന്നത്. അതിന്റെ ക്രിയാരൂപം ലൂക്കൊസിലും അപ്പൊസ്തല പ്രവൃത്തികളിലുമായി 26 പ്രാവശ്യം ഉണ്ട്. യോഹന്നാന്റെ സുവിശേഷത്തിൽ നാമമോ ക്രിയയോ ഇല്ല. യിസ്രായേല്യരോടുള്ള വാഗ്ദാനങ്ങൾ ക്രിസ്തുയേശുവിൽ ദൈവം നിവർത്തിച്ചതിന്റെയും എല്ലാവർക്കുമായി രക്ഷാമാർഗ്ഗം തുറന്നെതിന്റെയും സുവാർത്തയാണ് സുവിശേഷം. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നതാണ് സുവിശേഷം.” (1കൊരി, 15:3,4). ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക അതാകുന്നു എന്റെ സുവിശേഷം എന്നു പൗലൊസ് അന്യത്ര വിശദമാക്കിയിട്ടുണ്ട്. (2തിമൊ, 2:8). 

മനുഷ്യന്റെ രക്ഷയ്ക്കായി സുവിശേഷത്തിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു. (റോമ, 1:15,16). സുവിശേഷത്തിൽ വിശ്വസിക്കുന്നതു രക്ഷയും സുവിശേഷത്തെ തള്ളിക്കളയുന്നത് നിത്യനാശവുമാണ്. (മർക്കൊ, 16’15,16). സുവിശേഷം ക്രിസ്തുവിനോടു കൂടെയാണ് വന്നതെങ്കിലും അബ്രാഹാമിനു ദൈവം നല്കിയ അനുഗ്രഹവാഗ്ദാനത്തിലും (ഗലാ, 3:8), പ്രവാചക എഴുത്തുകളിലും (റോമ, 1:2) അത് ഉൾക്കൊണ്ടിരുന്നു. സുവിശേഷം വന്നതു ശക്തിയോടെയാണ് (1തെസ്സ, 1:5); മാത്രവുമല്ല, സുവിശേഷം ദൈവശക്തി തന്നെയാണ്. (റോമ, 1:16). സുവിശേഷത്തെ ദൈവത്തിന്റെ സുവിശേഷം (1തെസ്സ, 2:2, 9), ക്രിസ്തുവിന്റെ സുവിശേഷം (മർക്കൊ, 1:1; റോമ, 15:19), ദൈവകൃപയുടെ സുവിശേഷം (പ്രവൃ, 20:24), സമാധാന സുവിശേഷം (എഫെ, 6:15), രക്ഷയെക്കുറിച്ചുള്ള സുവിശേഷം (എഫെ, 1:13), തേജസ്സുള്ള സുവിശേഷം (2കൊരി, 4:4), എന്നിങ്ങനെ വിളിക്കുന്നു. ക്രിസ്തുവും (മത്താ, 4:23; 11:5), അപ്പൊസ്തലന്മാരും (പ്രവൃ, 16:10; റോമ, 1:15), സുവിശേഷകന്മാരും (പ്രവൃ, 8:25) സുവിശേഷം പ്രസംഗിച്ചു. എ.ഡി. 150-നു ശേഷമാണ് പുതിയ നിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾക്കും സുവിശേഷങ്ങൾ എന്ന പേരു ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *