സത്യദൈവം മാത്രം

സത്യദൈവം മാത്രം

യഹോവയാം ദൈവം തന്റെ ജനമായ യിസ്രായേൽമക്കളെ കഠിനമായി ശിക്ഷിക്കുകയും അവരെ ബാബിലോണ്യ പ്രവാസത്തിലേക്കു നയിക്കുകയും ചെയ്തത്, അവർ തന്നെ മറന്ന് അന്യദൈവങ്ങളെ ആരാധിക്കുന്ന വിഗ്രഹാരാധകരായി തീർന്നതിനാലാണ്. ദൈവത്തെ മാത്രം ആരാധിക്കുന്നവരെന്നു ഭാവിച്ചിരുന്ന, ബാബിലോണിൽ പ്രവാസികളായിരുന്ന അവരെക്കുറിച്ച് ദൈവം തന്റെ പ്രവാചകനായ യെഹെസ്കേലിനോട് അരുളിച്ചെയ്യുന്നതിൽ നിന്നും വിഗ്രഹാരാധനയെക്കുറിച്ചുള്ള ദൈവത്തിന്റെ വിലയിരുത്തൽ മനസ്സിലാക്കുവാൻ കഴിയും. “മനുഷ്യപുത്രാ, ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു; അവർ അകൃത്യമാകുന്ന ഇടർച്ചക്കല്ല് തങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു.” (യെഹ, 14:3). വിഗ്രഹാരാധന നിമിത്തം ശിക്ഷിക്കപ്പെട്ട അവർ ബാബിലോണിൽ പരസ്യമായി വിഗ്രഹങ്ങളെ ആരാധിച്ചിരുന്നില്ലെന്ന് ദൈവത്തിന്റെ അരുളപ്പാടിൽനിന്നു വ്യക്തമാകുന്നു. എന്നാൽ വീടും നാടും പ്രിയപ്പെട്ടവരും എല്ലാം നഷ്ടപ്പെട്ട് അന്യനാട്ടിൽ പീഡനമനുഭവിക്കുന്ന അവരുടെ ഹൃദയങ്ങളിൽ അപ്പോഴും പ്രതിഷ്ഠിച്ചിരുന്നത് അവർ യിസ്രായേലിൽ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെയാണെന്ന് ദൈവം തന്റെ പ്രവാചകനു മനസ്സിലാക്കിക്കൊടുക്കുന്നു. ഭക്തിയുടെ ബാഹ്യമായ മൂടുപടംകൊണ്ട് മനുഷ്യനെ കബളിപ്പിക്കുവാൻ കഴിയുമെങ്കിലും അത്യുന്നതനായ ദൈവത്തെ കബളിപ്പിക്കുവാൻ സാദ്ധ്യമല്ലെന്ന് ദൈവത്തിന്റെ അരുളപ്പാടു വിളിച്ചറിയിക്കുന്നു. എന്തെന്നാൽ കാപട്യവും വിഷമവും നിറഞ്ഞ ഹൃദയം ആരാഞ്ഞറിഞ്ഞു ശോധനചെയ്ത്, അന്തരംഗങ്ങൾ പരീക്ഷിച്ചറിയുന്നവനാണ് താൻ എന്ന് ദൈവം അരുളിച്ചെയ്യുന്നു. (യിരെ, 17:9-10). മരംകൊണ്ടോ മണ്ണുകൊണ്ടോ കല്ലുകൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ നിർമ്മിച്ച വിഗ്രഹങ്ങളെ ആരാധിക്കുന്നില്ലെങ്കിലും നമ്മുടെ ഹൃദയങ്ങളിൽ ദൈവത്തെക്കാളുപരി എന്തിനെയെങ്കിലും പ്രതിഷ്ഠിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ സർവ്വശക്തനായ ദൈവത്തിന്റെ ദൃഷ്ടിയിൽ നാം വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിത്തീരുന്നു. അതുകൊണ്ട് ആത്മീയവളർച്ചയ്ക്ക് തടസ്സമായി നമ്മുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹങ്ങൾ, അത് എന്തുതന്നെയായാലും, നാം ദൈവത്തിനായി ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ ദൈവം നിഗുഢത നിറഞ്ഞ ഹൃദയത്തിന്റെ വിചാരവികാരങ്ങൾ മനസ്സിലാക്കുന്നവനാണ്.

Leave a Reply

Your email address will not be published. Required fields are marked *