ലോകം

ലോകം (world)

ലോക (കാണപ്പെടുന്നത്) എന്ന സംസ്കൃതപദത്തിനു സ്വർഗ്ഗാദിലോകം, ജനം എന്നീ അർത്ഥങ്ങളുണ്ട്. ഇംഗ്ലീഷിലെ world (wer = man + ald = old)-നു മനുഷ്യനോളം പ്രായം എന്നർത്ഥം. World എന്ന ആശയത്തിൽ പ്രയോഗിക്കുന്ന എബായപദം തേവേൽ ആണ്. പ്രപഞ്ചസൂചകമായ ഒറ്റപ്പദം എബ്രായർക്കില്ല. ആകാശവും ഭൂമിയും (ഉല്പ, 1:1) ആകാശവും, ഭൂമിയും, സമുദ്രവും അവയിലുള്ളതൊക്കെയും (പുറ, 20:11) എന്നിങ്ങനെയാണ് എബ്രായർ പ്രപഞ്ചാർത്ഥം ദ്യോതിപ്പിക്കുന്നത്. 

ഗ്രീക്കിലെ ‘കൊസ്മൊസ്, ഒയ്ക്കുമെനീ, അയാൻ’ എന്നീ മൂന്നു പദങ്ങളെയാണ് ലോകം എന്നു മലയാളത്തിൽ പരിഭാഷ ചെയ്തിട്ടുള്ളത്. ക്രമം, വ്യവസ്ഥ, അലങ്കാരം എന്നീ പ്രാഥമികാർത്ഥങ്ങളാണ് കൊസ്മൊസിനുള്ളത്. ഭൂമി (ഉദാ: മത്താ, 13:35; യോഹ, 21:25; പ്രവൃ, 17:24), മനുഷ്യവർഗ്ഗം (ഉദാ: മത്താ, 5:14; യോഹ, 1:19; 3:16, 17, 19), യെഹൂദേതര ജാതികൾ (റോമ, 11:12, 15), ദൈവത്തിന്നെതിരായ വ്യവസ്ഥിതി (ഉദാ: യോഹ, 7:7; 8:23; 14:30), ഭൗതിക വസ്തുക്കൾ അഥവാ സമ്പത്ത് (മത്താ, 16:26; 1കൊരി, 7:31) തുടങ്ങിയ അർത്ഥങ്ങളിൽ പുതിയ നിയമത്തിൽ കൊസ്മൊസ് പ്രയോഗിച്ചിട്ടുണ്ട്. യാക്കോബ് 3:6-ൽ ഈ പദം (അനീതിലോകം) നാവിന്റെ രൂപകനാമമാണ്. പുതിയനിയമത്തിൽ പലേടത്തും ലോകസ്ഥാപനം എന്ന പ്രയോഗം ഉണ്ട്. (മത്താ, 13:35; 25:34; ലൂക്കൊ, 11:51; യോഹ, 17:24; എഫെ, 1:4; എബ്രാ, 4:3; 9:26; 1പത്രൊ, 1:20; വെളി, 13:8; 17:8). ഇവയിൽ ചില സ്ഥാനങ്ങളിൽ പ്രപഞ്ചം എന്ന അർത്ഥം ധ്വനിക്കുന്നുണ്ട്. 

അയോൻ എന്ന ഗ്രീക്കുപദത്തിന് യുഗം, കാലയളവ് എന്നീ അർത്ഥങ്ങളുണ്ട്. ചിലയിടങ്ങളിൽ ഈ പദത്തെ ലോകം എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. (ഉദാ: മത്താ, 13:22; ലൂക്കൊ, 16:8; 20:34; 1കൊരി, 2:6, 8). ‘ഒയ്കുമെനീ’ എന്ന പദം അധിവസിത ഭൂമി എന്നർത്ഥമുള്ള ‘ഹീ ഒയ്കുമെനീഗീ’ എന്ന പ്രയോഗത്തിന്റെ സംക്ഷിപ്തരൂപമാണ്. ഗ്രീക്കു പുതിയനിയമത്തിൽ 15 സ്ഥാനങ്ങളിൽ ഒയ്കുമെനീ പ്രയോഗിച്ചിട്ടുണ്ട്. ലൂക്കൊസ് 21:26-ൽ സത്യവേദപുസ്തകത്തിൽ ഭൂലോകം എന്നു പരിഭാഷ. പുതിയനിയമകാലത്ത് റോമിനെക്കുറിക്കുവാൻ ഈ പദം ഉപയോഗിച്ചുവന്നു. (ഉദാ: ലൂക്കൊ, 2:1; പ്രവൃ, 11:28; 24:5). അധിവസിത ഭൂമി എന്ന അർത്ഥത്തിൽ (മത്താ, 24:14; ലൂക്കൊ, 4:5; 21:26; റോമ, 10:8; എബ്രാ, 1:6; വെളി, 3:10; 16:14) എന്നിവിടങ്ങളിലും; ഭൂവാസികൾ എന്ന അർത്ഥത്തിൽ (പ്രവൃ, 17:31; വെളി, 12:9) എന്നിവിടങ്ങളിലും ഒയ്കുമെനീ ആണ് പ്രയോഗം. ചില ഭാഗങ്ങളിൽ ഈ പദത്തെ സത്യവേദ പുസ്തകത്തിൽ ഭൂലോകം (മത്താ, 24:14) എന്നും, ഭൂതലം (എബ്രാ, 1:6; വെളി, 3:10; 12:9; 16:14) എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. 

മനുഷ്യൻ ജനിക്കുന്നതും മരിക്കുന്നതുവരെ ജീവിക്കുന്നതും ഈ ലോകത്തിലാണ്. (യോഹ, 16:21). സാത്താനെ ആരാധിക്കുകയാണെങ്കിൽ ക്രിസ്തുവിനു നല്കാമെന്നു സാത്താൻ പറഞ്ഞ രാജ്യങ്ങൾ ‘ഈ ലോകത്തിൽ’ ഉള്ളതത്രേ. (മത്താ, 4:8,9). ഈ ലോകത്തെ, അതായതു ജഡരക്തങ്ങളോടു കൂടിയ സ്ത്രീകളും പുരുഷന്മാരും ഉള്ള ലോകത്തെയാണ് ദൈവം സ്നേഹിച്ചത്. (യോഹ, 3:16). ഒരു മാനുഷികമാതാവിനു ജനിച്ച യേശു വന്നതും ഈ ലോകത്തിലേയ്ക്കായിരുന്നു. (യോഹ, 11:27). 

തന്റെ മഹത്വത്തിനായി ദൈവം സൃഷ്ടിച്ച ഈ ലോകം അവനെതിരെ മത്സരിക്കുന്നു.  ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ പാപം ഈ ലോകത്തിൽ പ്രവേശിച്ചു. (റോമ, 5:19). തൽഫലമായി സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ അമർന്നു. (1യോഹ, 5:19). ലോകം ദൈവത്തിന്നെതിരായി നിന്നുകൊണ്ട് അതിന്റെ ജ്ഞാനത്താൽ ദൈവത്തെ അറിയുകയോ (1കൊരി, 1:21) സാക്ഷാൽ ജീവന്റെയും പ്രകാശത്തിന്റെയും ഉറവിടത്തെ തിരിച്ചറിയുകയോ ചെയ്യുന്നില്ല. (യോഹ, 1:10). ലോകത്തിന്റെ രണ്ടു പ്രധാന സ്വഭാവങ്ങളാണ് അഹങ്കാരവും അത്യാഗ്രഹവും.  ഇവ ആകർഷകമായിട്ടുള്ള സകലത്തെയും സ്വന്തമാക്കുവാൻ അവനെ പ്രേരിപ്പിക്കുന്നു. (1യോഹ, 2:15). ‘ഈ ലോകം’ അതിന്റെ സ്വന്തആത്മാവിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ദൈവാത്മാവിനാൽ ഇതിനെ ഉച്ചാടനം ചെയ്യേണ്ടതുണ്ട്. (1കൊരി, 2:12). ക്രിസ്തുവിനാൽ മോചനം നേടുന്നതുവരെ ലോകത്തിന്റെ ആദ്യപാഠങ്ങളിൽ ആണ് മനുഷ്യൻ. (കൊലൊ, 2:20). ദൈവത്താൽ ജനിച്ചില്ല എങ്കിൽ അവനു ഇതിൽ നിന്നും രക്ഷ നേടുവാൻ കഴിയുകയില്ല. (1യോഹ, 5:4). ജഡത്തിൽ വന്ന ക്രിസ്തുവിനെയോ (യോഹ, 1:10), അവന്റെ അനുയായികളെയോ തിരിച്ചറിയാത്തതിനാൽ (1യോഹ, 3:1) യെഹൂദന്മാർ ഇവയിൽ ആശ്രയിച്ചു. 

ക്രിസ്തു ഈ ലോകത്തെ പൈശാചിക ശക്തികളിൽ നിന്നും സ്വതന്ത്രമാക്കുന്നു. മാളികമുറി വിട്ടു ഈ ലോകത്തിന്റെ പ്രഭുവുമായി ഏറ്റുമുട്ടുവാൻ യേശു പോയപ്പോൾ (യോഹ, 14:30,31) ഈ ലോകത്തിന്റെ പ്രതിസന്ധിവന്നു. തന്നിൽ അധികാരമില്ലാത്ത പിശാചിനെ, സ്വമേധയാ മരണത്തിനു വിധേയപ്പെടുത്തിക്കൊണ്ട് യേശു പരാജയപ്പെടുത്തി. (യോഹ, 12:31; 14:30). ക്രൂശിൽ വച്ച് ന്യായവിധി ഈ ലോകത്തിന്റെ പ്രഭുവിന്മേൽ വന്നു. (യോഹ, 16:11). ക്രിസ്തു ദൈവപുത്രനെന്ന വിശ്വാസം ഈ ലോകത്തെ ജയിക്കുവാൻ വിശ്വാസിയെ സഹായിക്കുകയും (1യോഹ, 5:4-6) ലോകത്തിലെ കഷ്ടതകൾ സഹിക്കുവാൻ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു. (യോഹ, 16:33). ദൈവത്തെയും ക്രിസ്തുവിനെയും സ്നേഹിക്കുന്നവർ ലോകസ്നേഹം ഉപേക്ഷിക്കേണ്ടതാണ്. ലോകസസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു. (യാക്കോ, 4:4). ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകും. (1യോഹ, 2:15-17). യേശു ലോകത്തിനായല്ല ലോകത്തിൽ നിന്നും പിതാവു തനിക്കു നല്കിയവർക്കു വേണ്ടിയായിരുന്നു മാളികമുറിയിൽ വച്ച് അവസാനമായി പ്രാർത്ഥിച്ചത്. താൻ മുഖാന്തരം ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി യേശു ഇന്നും പക്ഷവാദം ചെയ്തുകൊണ്ടിരിക്കുന്നു. (എബ്രാ, 7:25). ലോകത്തിൽ തനിക്കു സ്വന്തമായിട്ടുള്ളവർക്കു ക്രിസ്തു സ്വയം വെളിപ്പെടുത്തുന്നതു തുടരും. (യോഹ, 14:22). 

ലോകത്തിൽ നിന്നും ഒളിച്ചോടേണ്ടവരല്ല ക്രിസ്തുവിന്റെ ശിഷ്യന്മാർ. ഈ ലോകത്തിലേക്കായിരുന്നു അവൻ അവരെ അയച്ചത്. (മർക്കൊ, 16:15). ഇന്നു ദുഷ്ടന്റെ അധീനതയിൽ ആണെങ്കിലും ലോകം ദൈവത്തിന്റേതാണ്. ഒടുവിൽ ‘ഭൂമിയുടെ സൗന്ദര്യം തിരികെ കിട്ടും.’ തിന്മ ഉന്മൂലനം ചെയ്യപ്പെടും. ദൈവപുത്രന്മാർ വെളിപ്പെടും. സൃഷ്ടി മുഴുവനും ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്നു സ്വാതന്ത്ര്യം പ്രാപിക്കും. (റോമ, 8:19,20). അപ്പോൾ ദൈവം സകലത്തിനും സകലവുമായിരിക്കും. (1കൊരി, 15:28). “ലോകരാജത്വം നമ്മുടെ കർത്താവിനും അവന്റെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു. അവൻ എന്നെന്നേക്കും വാഴും” (വെളി, 11:15) എന്നു പ്രഖ്യാപിക്കുന്ന മഹത്തായ സ്വർഗ്ഗീയ ശബ്ദത്തിന്റെ ദിനം വരാൻ പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *