ലേവി

ലേവി (Levi)

പേരിനർത്ഥം – പറ്റിച്ചേരൽ

യാക്കോബിനു ലേയയിൽ ജനിച്ച മൂന്നാമത്തെ മകൻ. അവൻ ജനിച്ചപ്പോൾ, “ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവനു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു ലേയ പറഞ്ഞു.” (ഉല്പ, 29:34). ‘പറ്റിച്ചേരുക’ എന്നർത്ഥം വരത്തക്കവണ്ണം ലേവി എന്നു അവൾ തന്റെ കുഞ്ഞിനെ വിളിച്ചു. ശെഖേം ലേവിയുടെ സഹോദരിയായ ദീനയോടു വഷളത്തം പ്രവർത്തിച്ചു. അക്കാലത്തെ നാട്ടുനടപ്പനുസരിച്ച് ഈ കളങ്കം രക്തം കൊണ്ടു മാത്രമേ കഴുകിക്കളയാനാവൂ. ശിമയോനും, ലേവിയും പ്രതികാരം ചെയ്യാൻ ഗൂഢാലോചന നടത്തി ശെഖേമൃരോടു കൂരത കാട്ടി. (ഉല്പ, 34). തന്മൂലം യാക്കോബ് അവന്റെ മേൽ അനുഗഹത്തിനു പകരം ശാപം ഉച്ചരിച്ചു. (ഉല്പ, 49:5-7). മുന്നു പുത്രന്മാരോടൊപ്പം ലേവി മിസ്രയീമിൽ കുടിയേറി പ്പാർത്തു. (ഉല്പ, 46:11). മൂത്ത പുത്രന്മാരിലൊരാൾ എന്ന നിലയിൽ ഫറവോന്റെ മുമ്പിൽ യോസേഫ് നിറുത്തിയ അഞ്ചുപേരിൽ ഒരാൾ ലേവി ആയിരിക്കണം. (ഉല്പ, 47:2).

ലേവ്യർ: ലേവിയുടെ പിൻഗാമികളെയും (പുറ, 6:25; ലേവ്യ, 25:32; യോശു, 21:3, 41), പുരോഹിതന്മാർക്കു കീഴെയായി വിശുദ്ധസ്ഥലത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി ലേവിഗോത്രത്തിൽ നിന്നു വേർതിരിച്ചവരെയും (സംഖ്യാ, 8:6; എസ്രാ, 2:70; യോഹ, 1:19) ലേവ്യർ എന്നു വിളിക്കുന്നു. വിശേഷണമായും ലേവ്യർ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. ഉദാ: ലേവ്യരായ പുരോഹിതന്മാർ: (യോശു, 3:3; യെഹെ, 44:5). 

ലേയയുടെ പുത്രനായ ലേവിയിൽ നിന്നു ലേവിഗോത്രം ഉത്ഭവിച്ചു. യാക്കോബിനു സ്വന്തം ഭാര്യയിൽ നിന്നു ജനിച്ച ആറു പുത്രന്മാർക്കും സ്വാഭാവികമായിതന്നേ മേന്മ ഉണ്ടായിരുന്നു. ആ നിലയിൽ ലേവ്യർക്കു മേന്മ സിദ്ധിച്ചു. ദൈവത്തിന്റെ മുമ്പിൽ വൻകാര്യങ്ങൾ ചെയ്ത മോശെയും അഹരോനും ലേവി ഗോത്രജരായിരുന്നു. അതു ലേവിഗോത്രത്തിന്റെ വൈശിഷ്ട്യത്തിനു കാരണമായി. മരുഭൂമിയിൽ വച്ച് അഹരോൻ നിർമ്മിച്ച സ്വർണ്ണകാളക്കുട്ടിയെ ജനം ആരാധിച്ചു. സീനായി പർവ്വതത്തിൽ നിന്നിറങ്ങിവന്ന മോശെ പാളയവാതില്ക്കൽ നിന്നുകൊണ്ട് യഹോവയുടെ പക്ഷത്തുള്ളവൻ തന്റെ അടുക്കൽ വരട്ടെ എന്നു ആഹ്വാനം ചെയ്തപ്പോൾ ലേവിഗോത്രം മുഴുവൻ മോശയുടെ അടുക്കൽ വന്നു. അവർ പാളയം മുഴുവൻ ചുറ്റിനടന്നു, 3000 വിഗ്രഹാരാധികളെ വധിച്ചു. അങ്ങനെ യഹോവയോടുള്ള തീക്ഷ്ണത അവർ പ്രദർശിപ്പിച്ചു. (പുറ, 32:26-29). വിശുദ്ധവസ്തുക്കളുടെ സംരക്ഷകരായി യഹോവ ലേവ്യരെ തിരഞ്ഞെടുത്തു. (സംഖ്യാ, 3:5-13; 8:14-19). യിസ്രായേലിലെ ആദ്യജാതന്മാർക്കു പകരം ലേവിഗോത്രത്തെ യഹോവ തിരഞ്ഞെടുത്തു. അവരെ അഹരോനും പുത്രന്മാർക്കും (പുരോഹിതന്മാർ) ദാനം ചെയ്തു. സമാഗമനകൂടാരത്തിൽ ലേവ്യരുടെ ശുശ്രൂഷാകാലം 25 മുതൽ 50 വയസ്സുവരെയാണ്. 50-നു ശേഷം അവർ മേൽവിചാരകന്മാരായി സഹോദരന്മാരെ സഹായിക്കും. (സംഖ്യാ, 8:24,25). മുപ്പതു വയസ്സു മുതൽ സേവനത്തിൽ പ്രവേശിക്കുന്നതായി സംഖ്യാ 4:2-ൽ കാണുന്നു. ഇതിനു വ്യത്യസ്ത വ്യാഖ്യാനങ്ങൾ നിലവിലുണ്ട്. എന്നാൽ സെപ്റ്റജിന്റിൽ മുപ്പതിനു പകരം ഇരുപത്തഞ്ചന്നു തന്നെയാണു കാണുന്നത്. പ്രായം അല്ലാതെ മറ്റൊരു യോഗ്യതയും പറഞ്ഞിട്ടില്ല. സമ്പൂർണ്ണവിശുദ്ധിയിൽ യഹോവയുടെ ന്യായഹ്മാണം കാത്തുസൂക്ഷിക്കുകയാണ് ലേവ്യരുടെ ചുമതല. സമാഗമനകൂടാരത്തിലെ ശുശ്രൂഷയിൽ അവർ പുരോഹിതന്മാർക്കു സഹായികളാണ്. (സംഖ്യാ, 18:4). പുരോഹിതന്മാർ മൂടിയ ശേഷമല്ലാതെ വിശുദ്ധ ഉപകരണങ്ങളോ , യാഗപീഠമോ തൊടാൻ ലേവ്യർക്കു അനുവാദമില്ല. (സംഖ്യാ, 4:5-14). ജനത്തിന്റെ മദ്ധ്യേ അദൃശ്യരാജാവിന്റെ സാന്നിദ്ധ്യത്തിന്റെ അടയാളമാണ് സമാഗമനകൂടാരം; കൂടാരം സൂക്ഷിക്കുന്ന ലേവ്യർ രാജാവിന്റെ അംഗരക്ഷകസേനയും. യിസ്രായേൽ മക്കൾ കനാനിൽ കുടിപാർപ്പുറപ്പിച്ചശേഷം ലേവ്യർ ചെയ്ത ശുശ്രൂഷകൾ തിരുമന്ദിരം സൂക്ഷിക്കുക, അതു അടയ്ക്കുകയും തുറക്കുകയും ചെയ്യുക, മന്ദിരവും ഉപകരണങ്ങളും വൃത്തിയാക്കുക, കാഴ്ചയപ്പം തയാറാക്കുക, യാഗത്തിനാവശ്യമായ പാചകം ചെയ്യുക, ആരാധനയിൽ സംഗീതം നയിക്കുക, യാഗമൃഗത്തെ കൊല്ലാനും തോലുരിക്കാനും പുരോഹിതന്മാരെ സഹായിക്കുക, ന്യായപ്രമാണം അനുസരിച്ചു കുഷ്ഠരോഗികളെ പരിശോധിക്കുക, ദൈവാലയ ഭണ്ഡാരങ്ങളെ സൂക്ഷിക്കുക എന്നിവയായിരുന്നു. കൂടുതൽ കായികാദ്ധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യുന്നതിനു അടിമകൾ സഹായിച്ചിരുന്നു. യോശുവയുടെ കാലത്ത് ഗിബെയോന്യരെ വിറകു കീറുന്നവരും വെള്ളം കോരുന്നവരും ആയി നിയമിച്ചു. (യോശു, 9:21). രാജാക്കന്മാരുടെ കാലത്ത് യുദ്ധത്തടവുകാരെ ഇമ്മാതിരി ശുശ്രൂഷകൾക്കു തിരുനിവാസത്തിൽ സമർപ്പിച്ചിരുന്നു. യെഹൂദ മതാനുസാരികളായി തീർന്ന ഇവർ പ്രവാസാനന്തരം ദൈവാലയ ദാസന്മാർ (നെതിനീം) എന്നറിയപ്പെട്ടു. 

ലേവിയുടെ മുന്നു പുത്രന്മാരിൽ നിന്നുത്ഭവിച്ച ലേവ്യർ മൂന്നുഗണമാണ്: ഗേർശോന്യർ, കെഹാത്യർ, മെരാര്യർ ഇവരുടെയെല്ലാം പ്രഭുവും മേൽവിചാരകനും പുരോഹിതനായ എലെയാസർ ആയിരുന്നു. 

കെഹാത്യർ: കെഹാത്യരുടെ പ്രഭു എലീസാഫാൻ ആയിരുന്നു. സമാഗമനകൂടാരത്തിന്റെ തെക്കുഭാഗത്തായിരുന്നു അവരുടെ പാളയം. അവരുടെ ജനസംഖ്യ 8600. (സംഖ്യാ, 3:28-30). അവരിൽ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യാൻ പ്രാപ്തർ 2750 പേർ. (സംഖ്യാ, 4:36). പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ,, തിരശ്ശീല, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾ എന്നിവയുടെ ചുമതല കെഹാത്യർക്കായിരുന്നു. (സംഖ്യാ, 3:31, 4:4).

ഗേർശോന്യർ: ഗേർശോന്യരുടെ പ്രഭു എലീയാസാഫ്. പാളയം സമാഗമനകൂടാരത്തിനു പടിഞ്ഞാറായിരുന്നു. 7500 പുരുഷന്മാരിൽ 2630 പേർ ശുശ്രൂഷ ചെയ്യാൻ പ്രാപ്തർ ആയിരുന്നു. തിരുനിവാസവും കൂടാരവും അതിന്റെ പുറമുടിയും സമാഗമന കൂടാരത്തിനുള്ള മറശ്ശീലയും, പ്രാകാരത്തിന്റെ മറശ്ശീലയും, പ്രാകാരവാതിലിന്റെ മറശ്ശീലയും കയറുകളും ഗേർശോന്യരുടെ നിയന്ത്രണത്തിലായിരുന്നു. (സംഖ്യാ, 3:22-25). 

മെരാര്യർ: സുരീയേൽ ആയിരുന്നു പ്രഭു. സമാഗമന കൂടാരത്തിന്റെ വടക്കുഭാഗത്തായിരുന്നു പാളയം. അവരുടെ ജനസംഖ്യ 6200; സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യാൻ പ്രാപ്തർ 3200. പലക, അന്താഴം, ചുവപ്പ്, അതിന്റെ ഉപകരണങ്ങൾ, പ്രാകാരത്തിന്റെ ചുറ്റുമുള്ള തൂൺ, അവയുടെ ചുവട്, കുറ്റി, കയറു എന്നിവ മെരാര്യരുടെ ചുമതലയിലായിരുന്നു. (സംഖ്യാ, 3:34-37; 4 :44). മെരാര്യർ ചുമക്കേണ്ട വലിയ ഭാരം കണക്കാക്കി നാലു വണ്ടിയും എട്ടു കാളയും അവർക്കു നല്കി. (സംഖ്യാ, 7:8). 

വിശുദ്ധീകരണം: ലേവ്യരുടെ മേൽ പാപപരിഹാരജലം തളിച്ചാണ് അവരുടെ പ്രതിഷ്ഠാകർമ്മം ആരംഭിക്കുന്നത്. ശരീരം മുഴുവൻ ക്ഷൗരം ചെയ്ത് വസ്ത്രം അലക്കി അവർ തങ്ങളെത്തന്നെ വെടിപ്പാക്കും. തുടർന്നു രണ്ടു കാളക്കിടാവിനെ യാഗം കഴിക്കുകയും ഭോജനയാഗമായി എണ്ണചേർത്ത് നേരിയമാവു അർപ്പിക്കുകയും ചെയ്യും. (സംഖ്യാ, 8:6-15). ശുദ്ധീകരണ ജലം കുഷ്ഠരോഗികളുടെ ശുദ്ധീകരണത്തിനു ഉപയോഗിക്കുന്ന ജലമാണെന്നും (ലേവ്യ, 13:6,9,13), അല്ല, പുരോഹിതന്മാർക്കു കഴുകാൻ വേണ്ടി തൊട്ടിയിൽ വച്ചിരിക്കുന്ന ജലമാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്. ശുദ്ധീകരണത്തിനു ശേഷം ലേവ്യരെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരും. മുപ്പന്മാർ ലേവ്യരുടെ മേൽ കൈവച്ചു അവരെ ശുശ്രൂഷയ്ക്ക് വേർതിരിക്കും. 

വരുമാനം: ദൈവത്തിന്റെ പ്രത്യേക ജനമായി യിസ്രായേല്യരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലേവ്യർക്കു കനാൻ നാട്ടിൽ ഒരവകാശവും ലഭിച്ചില്ല. യഹോവയാണ് അവരുടെ അവകാശവും ഓഹരിയും. (സംഖ്യാ, 18:20; ആവ, 10:9). കന്നുകാലികൾക്ക് ആവശ്യമായ പുല്പുറങ്ങളോടൊപ്പം ഓരോ ഗോത്രത്തിന്റെ അവകാശത്തിൽ നിന്നും നാലു പട്ടണങ്ങൾ വീതം ലേവ്യർക്കു നീക്കിവയ്ക്കണമെന്നു യഹോവ കല്പിച്ചു. (സംഖ്യാ, 35:1-8). ഇതു കൂടാതെ യഹോവയ്ക്കുള്ള ദശാംശവും ലേവ്യർക്കു ലഭിച്ചിരുന്നു. യാഗാർപ്പണങ്ങളിലെ ഒരു പ്രത്യേകവീതം ലേവ്യർക്കുള്ളതാണ്. (സംഖ്യാ, 18:8-11,19). ലേവ്യർക്കു ലഭിക്കുന്ന ദശാംശത്തിന്റെ ദശാംശം അവർ പുരോഹിതന്മാർക്കു കൊടുക്കേണ്ടതാണ്. (സംഖ്യാ, 18:26). വർഷത്തിൽ അധിക സമയവും ലേവ്യർ സ്വന്തം നഗരങ്ങളിൽ കഴിയുകയും കുറു അനുസരിച്ചുള്ള ശുശ്രൂഷകൾക്കായി ദൈവാലയത്തിൽ വരികയും ചെയ്യും.

ലേവ്യ പട്ടണങ്ങൾ: ലേവ്യർക്കു കനാൻദേശത്തു പ്രത്യേക ഓഹരി (മറ്റു ഗോത്രങ്ങൾക്കു നല്കിയതു പോലെ) നല്കിയില്ല. മറ്റു ഗോത്രങ്ങളിൽ നിന്നു മേച്ചിൽപ്പുറത്തോടൊപ്പം 48 പട്ടണങ്ങൾ ലേവ്യനഗരങ്ങളായി തിരിച്ചു. അവയിൽ ആറെണ്ണം സങ്കേതനഗരങ്ങളും 13 എണ്ണം പുരോഹിത നഗരങ്ങളുമാണ്. ലേവ്യനഗരങ്ങളുടെ ക്രമീകരണം പിൻവരുമാറാണ്. 

I. കെഹാത്യർ: 

1. പുരോഹിതന്മാർ യെഹൂദയും ശിമയോനും 9 എണ്ണം; ബെന്യാമീൻ 4 എണ്ണം. 

2. പുരോഹിതരല്ലാത്തവർ: എഫ്രയീം 4 എണ്ണം; ദാൻ 4 എണ്ണം; മനശ്ശെയുടെ പകുതി (പടിഞ്ഞാറ്) 2 എണ്ണം. 

II. ഗേർശോന്യർ: മനശ്ശയുടെ പകുതി (കിഴക്ക്) 3 എണ്ണം; യിസ്സാഖാർ 4 എണ്ണം; ആശേർ 4 എണ്ണം; നഫ്ത്താലി 3 എണ്ണം. 

III. മെരാര്യർ: സെബുലൂൻ 4 എണ്ണം; രൂബേൻ 4 എണ്ണം; ഗാദ് 4 എണ്ണം. 

ഈ പട്ടണങ്ങൾ ലേവ്യർക്ക് പൂർണ്ണമായി നല്കപ്പെട്ടിരുന്നില്ല. ലേവ്യരുടെ ആവശ്യാനുസരണമുള്ള വീടുകൾ അവർക്കു നല്കി, വില്ക്കപ്പെട്ടാൽ എപ്പോഴും അവയെ വീണ്ടെടുക്കാം. യോവേൽ സംവത്സരത്തിൽ നഷ്ടപരിഹാരം കൂടാതെ മടക്കിക്കൊടുക്കേണ്ടതാണ്: (ലേവ്യ, 25:32,33).

Leave a Reply

Your email address will not be published.