രൂത്ത്

രൂത്തിന്റെ പുസ്തകം (Book of Ruth)

പഴയനിയമത്തിലെ എട്ടാമത്തെ പുസ്തകം. സ്ത്രീകളുടെ പേരിൽ ബൈബിളിൽ അറിയപ്പെടുന്ന രണ്ടു പുസ്തകങ്ങളാണ് രൂത്തും എസ്ഥേറും. എബ്രായ കാനോനിൽ മൂന്നാം വിഭാഗമായ ചുരുളുകളിലെ (മെഗില്ലോത്ത്) രണ്ടാമത്തെ പുസ്തകമാണിത്. രൂത്തിന്റെ പശ്ചാത്തലം വയൽ ആയതുകൊണ്ടു യെഹൂദന്മാർ കൊയ്ത്തുത്സവമായ പെന്തെകൊസ്തിൽ ഇതു വായിച്ചു വന്നു. ന്യായാധിപന്മാർക്കു ശേഷമാണു ‘രുത്തി’ന്റെ സ്ഥാനം. ജൊസീഫസ് ഇതിനെ ന്യായാധിപന്മാരുടെ അനുബന്ധമായി കണക്കാക്കി. 

ഗ്രന്ഥകർത്താവും കാലവും: രുത്തിന്റെ ചരിത്രപശ്ചാത്തലം ന്യായാധിപന്മാരുടെ കാലമാണ്. (രൂത്ത്, 1:1). ഗ്രന്ഥകർത്താവിനെ സംബന്ധിക്കുന്ന ഒരു സൂചനയും പുസ്തകത്തിലില്ല. ശമൂവേലിന്റെ പുസ്തകവും ന്യായാധിപന്മാരും രുത്തും എഴുതിയത് ശമൂവേൽ പ്രവാചകനാണെന്നു ബാബാബ്രതയിൽ പറഞ്ഞിട്ടുണ്ട്. അതു ശരിയായിരിക്കാനിടയില്ല. പുസ്തകത്തിന്റെ ഒടുവിലുള്ള വംശാവലിയിൽ നിന്നും ദാവീദ് അക്കാലത്തു പ്രസിദ്ധനായി തീർന്നുവെന്നു കാണാം. അതിനാൽ ശമൂവേൽ ഇതെഴുതുവാൻ സാദ്ധ്യതയില്ല. പ്രവാസാനന്തരമാണ് രൂത്ത് എഴുതപ്പെട്ടതെന്ന വാദം സർവ്വാദൃതമല്ല. പ്രവാസത്തിനു മുമ്പുള്ള കാലമാണു പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പുരാതന കീഴ്വഴക്കങ്ങളെ വിശദമാക്കുന്നതിൽ നിന്നും ഇതു വ്യക്തമാണ്. (4:1-12). ഇതിന്റെ പൗരാണിക ശൈലിയും ഭാഷയും വിജാതീയ വിവാഹങ്ങളോടുള്ള മനോഭാവവും ഒരു പൂർവ്വകാലത്തെ കാണിക്കുന്നു. ആവർത്തന പുസ്തകത്തിലെ നിയമം അനുസരിച്ച് (23:3) ഒരു മോവാബ്യന് സഭയിൽ പ്രവേശിക്കുവാൻ പാടില്ല. ദാവീദിന്റെ വംശാവലിയും (4:18-22) പൂർവ്വകാല ആചാരങ്ങളുടെ വിശദീകരണവും ഈ പുസ്തകത്തിലെ മറ്റു ഭാഗങ്ങളെക്കാൾ അർവ്വാചീനമാണെന്നു വാദിക്കുന്നവരുമുണ്ട്. 

ഉദ്ദേശ്യം: ഈ പുസ്തകത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും വ്യത്യസ്ത നിഗമനങ്ങളുണ്ട്. ശമുവേലിന്റെ പുസ്തകത്തിൽ എബ്രായ ചരിത്രത്തിലെ ഏറ്റവും മഹാനായ രാജാവായ ദാവീദിനെ വിട്ടുകളഞ്ഞു. അതു പൂരിപ്പിക്കുവാൻ വേണ്ടിയാണ് രൂത്ത് എഴുതിയത്. വേർപാടിനു എതിരായ ഒരു രാഷ്ട്രീയ ലഘുലേഖയായി ഇതിനെ കണക്കാക്കുന്നവരുണ്ട്. അവരുടെ ദൃഷ്ടിയിൽ മിശ്രവിവാഹത്തെ കുറിച്ചുള്ള നെഹെമ്യാവിന്റെയും എസ്രായുടെയും കർക്കശമായ നിലപാടിനെ എതിർക്കുവാൻ വേണ്ടിയാണ് ഇതെഴുതിയത്. മക്കളില്ലാത്ത വിധവമാർക്കു വേണ്ടിയുള്ള മനുഷ്യത്വപൂർണ്ണമായ അപേക്ഷയായി രൂത്തിനെ കണക്കാക്കുന്നവരുണ്ട്. ബന്ധത്തിലടുത്തയാൾ വിധവയുടെ ചുമതല ഏറ്റെടുക്കേണ്ടതാണ്. എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ദൈവിക പരിപാലനം വ്യക്തമാക്കുക, മതപരമായ സഹിഷ്ണുതയ്ക്കു വേണ്ടി വാദിക്കുക എന്നീ ലക്ഷ്യങ്ങളും രൂത്തിന്റെ രചനയ്ക്കു പിന്നിൽ കാണുന്നവരുണ്ട്.

പ്രധാന വാക്യങ്ങൾ: 1. “അതിന്നു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” രൂത്ത് 1:16.

2. “ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു.” രൂത്ത് 3:9.

3. “അവളുടെ അയൽക്കാരത്തികൾ: നൊവൊമിക്കു ഒരു മകൻ ജനിച്ചു എന്നു പറഞ്ഞു അവന്നു ഓബേദ് എന്നു പേർ വിളിച്ചു; ദാവീദിന്റെ അപ്പനായ യിശ്ശായിയുടെ അപ്പൻ ഇവൻ തന്നേ.” രൂത്ത് 4:17.

ബാഹ്യരേഖ: 1. മോവാബിൽ പാർക്കുന്നു: 1:1-5. 

2. ബേത്ലഹേമിലേക്കുള്ള മടങ്ങിവരവ്: 1:6-22.

3. രൂത്ത്ംബോവസിന്റെ വയലിൽ: അ.2.

4. രൂത്തിന്റെ വീണ്ടെടുപ്പുകാരനായ ചാർച്ചക്കാരൻ: അ.3.

5. ബോവസിനാലുള്ള വീണ്ടെടുപ്പ്: 4:1-12.

6. ഓബേദ് വരെ പുറകോട്ട് എത്തിനിൽക്കുന്ന ദാവീദിന്റെ രാജകീയ വംശപാരമ്പര്യം: 4:13-22.

പൂർണ്ണവിഷയം

ഒരു യെഹൂദാ കുടുംബത്തിന്റെ ദുരന്തം 1:1-5
നൊവൊമിയേയും നൊവൊമിയുടെ ദൈവത്തെയും രൂത്ത് തെരഞ്ഞെടുക്കുന്നു 1:6-18
നൊവൊമിയും രൂത്തും ബേത്ലേഹെം പട്ടണത്തിൽ എത്തിച്ചേരുന്നു 1:19-22
ബോവസിന്റെ വയലിൽ രൂത്ത് കാലാപെറുക്കുന്നു 2:1-23
രൂത്തിനു വേണ്ടി ഒരു വിശ്രാമസ്ഥലം നൊവൊമി അന്വേഷിക്കുന്നു 3:1-6
ചാര്‍ച്ചക്കാരനായ വീണ്ടെടുപ്പുകാരൻ-ബോവസ് 3:7-18
നഷ്ടപ്പെട്ട നൊവൊമിയുടെ സ്വത്ത് ബോവസ് വിലയ്ക്കു വാങ്ങി രൂത്തിനെ വിവാഹം ചെയ്യുന്നു 4:1-13
ദാവീദ് രാജാവിന്റെ പിതാമഹിയായ രൂത്ത് 4:13-21

Leave a Reply

Your email address will not be published.