പ്രവൃത്തികൾ 2:38

പ്രവൃത്തികൾ 2:38

“പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃ, 2:38).

മേല്പറഞ്ഞ വേദഭാഗപ്രകാരം, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്വീകരിക്കുന്ന പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനത്താലാണ് രക്ഷ ലഭിക്കുന്നതെന്ന് പലരും കരുതുന്നു. തന്മൂലം, പ്രവൃത്തികൾ 2:38-ൽ നിന്നുള്ള അഞ്ച് ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനാണ് നാം ശ്രമിക്കുന്നത്.

1. പത്രോസിൻ്റെ കല്പന യെഹൂദേതരർക്ക് ബാധകമാണോ?
2. ദൈവത്തിങ്കലേക്കുള്ള മാസസാന്തരം വ്യക്തിക്ക് സ്വയം ഉളവാക്കാൻ കഴിയുമോ?
3. പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്?
4. പരിശുദ്ധാത്മാവെന്ന ദാനം പ്രവൃത്തികളാൽ ലഭിക്കുമോ?
5. യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണ്?

നമുക്ക് ഓരോന്നും വിശദമായി നോക്കാം:

1. പത്രോസിൻ്റെ കല്പന യെഹൂദേതരർക്ക് ബാധകമാണോ?

കർത്താവിൻ്റെ മഹാനിയോഗത്തിൽ ഉൾപ്പെട്ടതാണ് സ്നാനത്തെക്കുറിച്ചുള്ള കല്പന. നമുക്കറിയാം: കർത്താവിൻ്റെ മഹാനിയോഗത്തിൽ സ്നാനം മാത്രമല്ല ഉള്ളത്. സുവിശേഷവും (മർക്കൊ, 16:15), സുവിശേഷം വിശ്വസിക്കാത്തവർക്കുള്ള ശിക്ഷാവിധിയും (മർക്കൊ, 16:16), ശിഷ്യത്വവും (മത്താ, 28:20), സുവിശേഷം അറിയിക്കാനുള്ള ഒരു ക്രമവും (ലൂക്കൊ, 24; 47; പ്രവൃ, 1:8) കർത്താവിൻ്റെ കല്പനയിലുണ്ട്. സുവിശേഷം അറിയിക്കാനുള്ള ക്രമം ഇപ്രകാരമാണ്: “അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:47). അടുത്തവാക്യം:  “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8). കർത്താവ്, മേല്പറഞ്ഞ രണ്ട് വാക്യങ്ങളിലൂടെ സുവിശേഷം അറിയിക്കാനുള്ള ഒരു ക്രമം കൃത്യമായി പറഞ്ഞിട്ടുണ്ട്. ആദ്യവാക്യത്തിൽ യെരൂശലേമിൽ തുടങ്ങി, സകല ജാതികളോടും അറിക്കണം എന്നാണ്. സഭയുടെ അടിസ്ഥാനമിടുന്നതും, സുവിശേഷഘോഷണം ആരംഭിക്കേണ്ടതും യെഹൂദ്യയിലെ യെരൂശലേമിൽ നിന്നാണ്. (മത്താ, 16:16; പ്രവൃ, 2:1-4). അതുകൊണ്ടാണ് ഗലീലക്കാരായ ശിഷ്യന്മാരോട്, “നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം” എന്ന് കർത്താവ് പറഞ്ഞത്. (പ്രവൃ, 1:4). അടുത്തവാക്യത്തിൽ സുവിശേഷം അറിയിക്കാനുള്ള ക്രമം വ്യക്തമായി പറഞ്ഞിട്ടുണ്ട്: ഒന്നാമത്, യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും എൻ്റെ സാക്ഷികൾ ആകണം. രണ്ടാമത്, ശമര്യയിൽ എൻ്റെ സാക്ഷികൾ ആകണം. മൂന്നാമത്, ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകണം.

മേല്പറഞ്ഞ ക്രമത്തിൽ തന്നെയാണ് അപ്പൊസ്തലന്മാർ സുവിശേഷം അറിയിച്ചത്. രണ്ടാം അദ്ധ്യായത്തിൽ സഭ സ്ഥാപിതമായതു മുതൽ സ്തെഫാനൊസിൻ്റെ മരണത്തോടെ സഭയ്ക്ക് നേരിട്ട വലിയ ഉപദ്രവവം മൂലം, വിശ്വാസികൾ യെഹൂദ്യ, ശമര്യ ദേശങ്ങളിലേക്ക് ചിതറിപ്പോകുന്നതുവരെ, യെഹൂദന്മാരോട് മാത്രമാണ് സുവിശേഷം അറിയിച്ചിരുന്നത്. (പ്രവൃ, 8:1-4). സുവിശേഷം അറിയിക്കാൻ കർത്താവ് കല്പിച്ച ക്രമപ്രകാരം, ശമര്യരോട് സുവിശേഷം അറിയിക്കുന്നത് എട്ടാം അദ്ധ്യായം മുതലാണ്. (പ്രവൃ, 8:5). ജാതികളോട് സുവിശേഷം അറിയിക്കുന്നത് പത്താം അദ്ധ്യായത്തിലാണ്. (പ്രവൃ, 10:1-48). അതായത്, യേശുവിൻ്റെ ക്രൂശീകരണവും പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും സഭാസ്ഥാപനവും എ.ഡി. 33-ലാണ്. ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 37–ലാണ് ശമര്യയിൽ സുവിശേഷം എത്തുന്നത്. പിന്നെയും ഏകദേശം നാലു വർഷങ്ങൾക്കുശേഷം എ,ഡി. 41-ലാണ് ജാതികളിലേക്ക് സുവിശേഷം എത്തുന്നത്.

അതിൽ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. കർത്താവിൻ്റെ ശരീരമായ ദൈവസഭയിൽ യെഹൂദന്മാരും ശമര്യരും ജാതികളും അംഗങ്ങളായത് പത്രൊസ് അപ്പൊസ്തലൻ്റെ നേതൃത്വത്തിലാണ്. (പ്രവൃ, 2:17-40; 8:14-17; 10:38-48). എന്തെന്നാൽ, സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ എന്ന ഒരു വിശേഷാധികാരം കർത്താവ് പത്രൊസിനെ ഏല്പിച്ചിരുന്നു. “സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു.” (മത്താ, 16:19). കർത്താവ് പത്രോസിനു കൊടുത്തത്, ദൈവരാജ്യത്തിൻ്റെ താക്കോലല്ല; സ്വർഗ്ഗരാജ്യത്തിൻ്റെ അഥാവാ, സഭയുടെ താക്കോലാണ്. താക്കോലെന്ന വിശേഷാധികാരം പത്രൊസിൻ്റെ കയ്യിൽ ഉള്ളതുകൊണ്ടാണ്, സുവിശേഷം കൈക്കൊണ്ടിട്ടും പരിശുദ്ധാത്മാവ് ലഭിക്കാതിരുന്ന ശമര്യർക്ക്, പത്രൊസും യോഹന്നാനും വന്ന് പ്രാർത്ഥിക്കേണ്ടി വന്നതും (പ്രവൃ, 8:16-17), ജാതികളുടെ രക്ഷയ്ക്കായി പത്രോസിനെ വിളിക്കാൻ ദൂതൻ കൊർന്നേല്യൊസിനോട് കല്പിച്ചതും. (പ്രവൃ, 10:5). അതിൽ ശ്രദ്ധേയമായ കാര്യം എന്താണെന്നു ചോദിച്ചാൽ, പത്രൊസിൻ്റെ സാന്നിധ്യത്തിലാണ് യെഹൂദന്മാരും ശമര്യരും ജാതികളും ആത്മരക്ഷ പ്രാപിച്ചത്. എന്നാൽ, “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും” എന്ന് പത്രൊസ് പറഞ്ഞത്, യെഹൂദന്മാരോട് മാത്രമാണ്. അതിനാൽ, അത് യെഹൂദേതരർക്ക് ബാധകമല്ലെന്ന് മനസ്സിലാക്കാം. അതായത്, ഏകദേശം നാലുവർഷം വീതം ഇടവേളയുള്ള മൂന്ന് ഘട്ടങ്ങളിലായി, മൂന്ന് വ്യത്യസ്ത വിഭാഗങ്ങളോട് സുവിശേഷം അറിയിച്ച പത്രോസ്, ആദ്യത്തെ വിഭാഗമായ യെഹൂദന്മാർക്ക് മാത്രമാണ് ഇങ്ങനെയൊരു കല്പന നല്കുന്നത്. തന്മൂലം, അത് യെഹൂദന്മാരോട് മാത്രമുള്ള കല്പനയാണെന്ന് മനസ്സിലാക്കാം. പ്രവൃത്തികൾ 2:38 സഭയ്ക്കുള്ള പൊതുവായ കല്പനയല്ല എന്നതിനു അനേകം തെളിവുകൾ ബൈബിളിലുണ്ട്. ചില തെളിവുകൾ താഴെ ചേർക്കുന്നു:

1. യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റാൽ പരിശുദ്ധാത്മാവ് ലഭിക്കും എന്നാണ് പത്രോസ് യെഹൂദന്മാരോട് പറഞ്ഞത്. എന്നാൽ, ശമര്യർ കർത്താവായ യേശുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും ആത്മാവ് ലഭിച്ചില്ല. (പ്രവൃ, 8:16). അതിനാൽ, 2:38-ൽ പത്രൊസ് നല്കിയത്, സഭയ്ക്ക് പൊതുവായിട്ടുള്ള കല്പനയല്ലെന്ന് മനസ്സിലാക്കാം.

2. പത്രൊസിൽ നിന്ന് സുവിശേഷം കേട്ട ഉടനെ കൊർന്നേല്യൊസും കുടുംബവും പരിശുദ്ധാത്മാവിൽ നിറഞ്ഞു. പരിശുദ്ധാത്മാവ് അവരിൽ വന്ന ശേഷമാണ് അവരെ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിച്ചത്. (പ്രവൃ, 10:44-48). പ്രവൃത്തികൾ 2:38-ലെ പത്രൊസിൻ്റെ കല്പന ജാതികൾക്ക് ബാധകം അല്ലെന്നതിൻ്റെ ചരിത്രപരമായ തെളിവാണ് കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം. നമ്മൾ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുത എന്താണെന്ന് ചോദിച്ചാൽ; ജാതികളിൽ നിന്ന് ആദ്യമായി രക്ഷിക്കപ്പെട്ടവൻ കൊർന്നേല്യൊസാണ്. അതായത്, ജാതികളായ നമ്മുടെ രക്ഷയ്ക്ക് മുമ്പനാണ് കൊർന്നേല്യൊസ്. കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ എന്താണോ നടന്നിരിക്കുന്നത്, അതാണ് ജാതികളായ നാം പിൻപറ്റേണ്ടത്. നമുക്ക് മാതൃകയാകാനാണ് കൊർന്നേല്യൊസിൻ്റെ സഭവം രണ്ട് അദ്ധ്യായങ്ങളിൽ ദൈവാത്മാവ് വിവരിച്ചു വെച്ചിരിക്കുന്നത്.

3. “നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ  നിന്നോടു സംസാരിക്കും” എന്നാണ് ദൂതൻ കൊർന്നേല്യസിനോട് പറഞ്ഞത്. (പ്രവൃ, 11:14). അല്ലാതെ, രക്ഷിക്കപ്പെടാൻ അവൻ നിന്നെ സ്നാനം കഴിപ്പിക്കുമെന്നല്ല പറഞ്ഞത്. എന്താണ് രക്ഷിക്ഷിക്കപ്പെടാനുള്ള വാക്കുകൾ? യേശുക്രിസ്തു ആകുന്ന, യേശുക്രിസ്തുവിൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷമാണ് രക്ഷിക്കപ്പെടാനുള്ള വാക്കുകൾ അഥവാ വചനം. (2തിമൊ, 2:8; പ്രവൃ, 8:12). ആ സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതും വീണ്ടും ജനിക്കുന്നതും. (യോഹ, 3:5-8; പ്രവൃ, 10:44; ഗലാ, 3:2,5; യാക്കോ, 1:18; 1പത്രൊ, 1:23). കൊർന്നേല്യൊസിനും കുടുംബത്തിനും പരിശുദ്ധാത്മാവ് ലഭിച്ചത് എങ്ങനെയാണെന്ന് വ്യക്തമായി ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്: “ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.” (പ്രവൃ, 10:44). അതിനുശേഷമാണ്, അവർ യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള സ്നാനം ഏറ്റത്. അതായത്, പത്രൊസ് യെഹൂദന്മാരോട് പറഞ്ഞ പരിശുദ്ധാത്മാവെന്ന ദാനം അവർക്ക് ലഭിച്ച ശേഷമാണ് അവർ ജലസ്നാനം സ്വീകരിച്ചത്.

4. “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). ദൈവസഭയുടെ ഏഴ് അടിസ്ഥാന ഉപദേശങ്ങൾ മേല്പറഞ്ഞ വാക്യത്തിൽ കാണാം: അതിൽ രണ്ടാമത്തേതാണ് സ്നാനം: 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). 38-ാം വാക്യംമുതൽ അടിസ്ഥാന ഉപദേശങ്ങൾ മനസ്സിലാക്കുന്നവരുണ്ട്. അവരെ സംബന്ധിച്ച് മാനസാന്തരമാണ് ഒന്നാമത്തെ ഉപദേശം. രണ്ടാമത്തത്, പരിശുദ്ധാത്മ സ്നാനം. എന്നാൽ, ഇതുരണ്ടും ഉപദേശങ്ങളല്ല; ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്. രക്ഷയ്ക്കായുള്ള അഥവാ, ദൈവഹിതപ്രകാരമുള്ള മാനസാന്തരം വ്യക്തിക്ക് സ്വയമുളവാക്കാൻ കഴിയുന്നതല്ല; വചനത്താൽ ലഭിക്കുന്ന ആത്മാവിലാണ് വ്യക്തിക്കു മാനസാന്തരം ഉണ്ടാകുന്നത്: (പ്രവൃ, 5:31; 11:18; 20:21; 2കൊരി, 7:9-10; ഗലാ, 3:2). അതിനാൽ, മാനസാന്തരം ഉപദേശത്തിൽ പെട്ടതല്ല. നമുക്ക് അനുസരിക്കാനോ, ചെയ്യാനോ കഴിയാത്തത് ഉപദേശമാണെന്ന് പറയാൻ പറ്റില്ല. സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് പരിശുദ്ധാത്മാവ്. (ഗലാ, 3:2,5; എഫെ, 2:5,8; 1കൊരി, 12:3). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം ഓർക്കുക. (പ്രവൃ, 10:44-46). അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നാമത്തേത്, ‘സുവിശേഷം കൈക്കൊള്ളുക’ എന്നതാണ്. എന്തെന്നാൽ, സുവിശേഷത്താൽ ലഭിക്കുന്ന ആത്മാവിലാണ് ഒരു വ്യക്തി വീണ്ടും ജനിക്കുന്നത്. (യോഹ, 3:3,5; 1കൊരി, 4:15; ഗലാ, 3:2; എഫെ, 3:6; യാക്കോ, 1:18,21; 1പത്രൊ, 1:23). എന്നാൽ അനേകരും കരുതുന്നത്; രക്ഷിക്കപ്പെട്ട് സ്നാനമേറ്റ് പ്രാദേശിക സഭയിൽ കൂടിയശേഷം കാത്തിരുന്ന് പ്രാപിക്കേണ്ട ഒന്നാണ് പരിശുദ്ധാത്മാവെന്നാണ്. അത് കത്തോലിക്കരുടെ ശിശുസ്നാനത്തോട് ഒക്കുന്നു: “ആദ്യം സ്നാനമേല്ക്കുക; പിന്നെ വിശ്വസിക്കുക.” എന്നാൽ ബൈബിൾ മുന്നോട്ട് വെക്കുന്നത് വിശ്വാസത്താലുള്ള നീതീകരണമാണ്. പൗലൊസിൻ്റെ ലേഖനങ്ങളിലെ പ്രധാനവിഷയവും വിശ്വാസത്താലുള്ള നീതീകരണമാണ്. (റോമ, 1:17; 3:21, 3:27, 328, 3:30; 4:5).

5. യേശുക്രിസ്തു പൗലൊസിനെ ജാതികളുടെ അപ്പൊസ്തലനായി അയക്കുമ്പോൾ രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്: ഒന്ന്: “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു: (പ്രവൃ, 13:47). രണ്ട്: “ജനത്തിന്നു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.” (പ്രവൃ, 26:18). ഒന്നാമത്തെ വാക്യത്തിലുള്ളത്, പൗലൊസിനു കൊടുക്കുന്ന അധികാരവും പദവിയുമാണ്: ഭൂമിയുടെ അറ്റത്തോളവും രക്ഷയാകുക; ജാതികളുടെ വെളിച്ചമായിരിക്കുക. രണ്ടാമത്തെ വാക്യത്തിലുള്ളത്, കർത്താവ് പൗലൊസിലൂടെ ജാതികൾക്ക് കൊടുക്കുന്ന നന്മയാണ്: പാപമോചനം, ക്രിസ്തുവിലുള്ള വിശ്വാസം, ശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശം, സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കു തിരിവ് അഥവാ മാനസാന്തരം. ദൈവത്തിങ്കലേക്കുള്ള തിരിവാണ് മാനസാന്തരം. കർത്താവിൻ്റെ കല്പന ശിരസാവഹിച്ച പൗലൊസ്, സുവിശേഷം അറിയിക്കുകയാണ് ചെയ്തത്: (1കൊരി, 1:17). സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് ആത്മസ്നാനം: (പ്രവൃ, 10:44-46; 11:14-17; റോമ, 8:23; ഗലാ, 3:2,3; എഫെ, 1:13,14). ആത്മസ്നാനത്താലാണ് പാപമോചനവും (റോമ, 6:7) ക്രിസ്തുവിലുള്ള വിശ്വാസവും (എഫെ, 2:5,8) വിശുദ്ധീകരിക്കപ്പെട്ടവരുടെ അവകാശവും (എഫെ, 1:14; കൊലൊ, 3:24) മാനസാന്തരവും (പ്രവൃ, 11:18) ഉണ്ടാകുന്നത്. ഏറ്റം ശ്രദ്ധേയമായ ഒരു കാര്യം ഇവിടെ കാണാം: ജനത്തിനു പാപമോചനം കൊടുക്കാൻ കർത്താവയച്ച പൗലൊസ് പറയുന്നു: സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു. (1കൊരി, 1:17). രക്ഷയ്ക്കായുള്ള പാപമോചനത്തിനു ജലസ്നാനം അനിവാര്യമായിരുന്നു എങ്കിൽ, ‘സ്നാനം കഴിപ്പിപ്പാനല്ല ക്രിസ്തു എന്നെ അയച്ചതെന്നു’ പൗലൊസ് ഒരിക്കലും പറയുമായിരുന്നില്ല. തന്മൂലം, പ്രവൃത്തികൾ 2:38 ദൈവസഭയ്ക്കുള്ള പൊതുവായ കല്പനയല്ലെന്ന് മനസ്സിലാക്കാം.

6. പ്രവൃത്തികൾ 24-മുതൽ 28-വരെയുള്ള വേദഭാഗത്ത്, അപ്പൊല്ലോസിനെക്കുറിച്ച് ചില കാര്യങ്ങൾ ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്: 1. വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ളവൻ. 2. കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ. 3. ആത്മാവിൽ എരിവുള്ളവൻ. 4. യേശുവിന്റെ വസ്തുത സൂക്ഷമമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തവൻ. 5. ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നവൻ. 6. യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞവൻ. കൊരിന്ത്യരിൽ 7-ാമത് ഒരു യോഗ്യതകൂടി പറഞ്ഞിട്ടുണ്ട്: അവൻ അപ്പൊസ്തലൻ ആയിരുന്നു. (1കൊരി, 4:6-9). ഈ സപ്തയോഗ്യതകൾ ഉണ്ടായിരുന്ന അപ്പൊല്ലോസിന്, പത്രൊസ് പെന്തെക്കൊസ്ത് നാളിൽ കല്പിച്ച, യേശുവിൻ്റെ നാമത്തിലുള്ള മാനസാന്തര സ്നാനത്തെക്കുറിച്ച് അറിയില്ലായിരുന്നു. യോഹന്നാൻ്റെ സ്നാനത്തെക്കുറച്ച് മാത്രമേ അറിഞ്ഞിരുന്നുള്ളു. (പ്രവൃ, 18:25). പ്രവൃത്തികൾ 2:38 പ്രകാരം ജലസ്നാനം കൂടാതെ പരിശുദ്ധാത്മാവ് ലഭിക്കില്ലെങ്കിൽ, ആ സ്നാനത്തെക്കുറിച്ച് അറിയാതിരുന്ന അപ്പൊല്ലോസ് എങ്ങനെ രക്ഷിക്കപ്പെട്ടു? രക്ഷിക്കപ്പെടാത്ത അവനെങ്ങനെ സുവിശേഷം അറിയിച്ചു? രക്ഷിക്കപ്പെടാത്ത അവനെങ്ങനെ അപ്പൊസ്തലനായി? അവനെക്കുറിച്ച്, കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ എന്നാണ് ആത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്. അവനു എന്ത് ഉപദേശമാണ് ലഭിച്ചത്?പത്രൊസിൻ്റെ കല്പന രക്ഷയോടുള്ള ഉപദേശങ്ങളിൽ ഉൾപ്പെട്ടതായിരുന്നെങ്കിൽ, കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചിട്ടും, പ്രവൃത്തികൾ 2:38 എന്തുകൊണ്ട് അവൻ അറിഞ്ഞില്ല? പത്രൊസിൻ്റെ കല്പന സഭയുടെ പൊതുവായ ഉപദേശമായിരുന്നെങ്കിൽ, അതറിയാത്ത അപ്പൊല്ലോസിനെ, വെള്ളപൂശി അപ്പൊസ്തലനായി ബൈബിളിൽ ദൈവാത്മാവ് അവതരിപ്പിക്കുമായിരുന്നോ? തന്മൂലം, പ്രവൃത്തികൾ 2:38 സഭയുടെ പൊതുവായ ഉപദേശം അല്ലെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

7. ക്രിസ്തുവിനൊപ്പം സഭയുടെ അടിസ്ഥാനപ്പണിയിൽ പങ്കുള്ളവരാണ് അപ്പൊസ്തലന്മാർ: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെ, 2:20-22). മത്ഥിയാസ് ഉൾപ്പെടെയുള്ള പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് പെന്തെക്കൊസ്തിൽ ആത്മസ്നാനം ലഭിച്ചതല്ലാതെ, അവരിൽ ഒരാൾപോലും പത്രൊസ് കല്പിച്ച, യേശുവിൻ്റെ നാമത്തിലുള്ള മാനസാന്തരസ്നാനം ഏറ്റതായി രേഖപ്പെടുത്തിയിട്ടില്ല. പത്രൊസിൻ്റെ കല്പന സഭയുടെ പൊതുവായ ഉപദേശം ആയിരുന്നെങ്കിൽ, അപ്പൊസ്തലന്മാരിൽ ഒരാളെങ്കിലും ആ കല്പന അനുസരിച്ച് മാതൃക കാണിക്കുമായിരുന്നു. തന്മൂലം, പ്രവൃത്തികൾ 2:38 സഭയുടെ പൊതുവായ കല്പനയല്ലെന്ന് മനസ്സിലാക്കാം.

2. ദൈവത്തിങ്കലേക്കുള്ള മാസസാന്തരം വ്യക്തിക്ക് സ്വയം ഉളവാക്കാൻ കഴിയുമോ?

പത്രൊസ് പെന്തെക്കൊസ്തിലെ യെഹൂദന്മാരോട് പറഞ്ഞത്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാണ്. അതായത്, മാനസാന്തരപ്പെട്ടശേഷം സ്നാനം ഏല്പിൻ എന്നാണ് പറയുന്നത്. മാനസാന്തരം എന്ന പദത്തിനു മനസ്സിൻ്റെ മാറ്റം എന്നാണ് അർത്ഥം. ദൂശീലങ്ങളിൽ നിന്ന് മനസ്സ് തിരിച്ച് നല്ല മനുഷ്യനായി ഒരാൾ ജീവിക്കുന്നത് മാനസാന്തരമാണ്. എന്നാൽ, ബൈബിൾ പ്രകാരമുള്ള മാനസാന്തരം എന്ന് പറഞ്ഞാൽ, ദൈവത്തിങ്കലേക്കുള്ള തിരിവാണ്. അത് മരണത്തിൽനിന്ന് ജീവനിലേക്കും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് തിരിവാണ്. ഈ മാനസാന്തരം വ്യക്തികൾക്ക് സ്വയം ഉളവാക്കാൻ കഴിയുന്ന ഒന്നല്ല. കർത്താവ് പൗലൊസിനെ അയക്കുമ്പോൾ പറയുന്നത് നോക്കുക: “ജനത്തിനു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിനു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു.” (പ്രവൃ, 26:18). ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയേണം എന്നുള്ള സുവിശേഷമാണ് പൗലൊസ് അറിയിച്ചത്. (പ്രവൃ, 14:15). എന്തെന്നാൽ, സുവിശേഷത്താലാണ് ദൈവത്തിങ്കലേക്ക് തിരിയുന്ന മാനസാന്തരം ഉണ്ടാകുന്നത്. (പ്രവൃ, 20:21; 26:28). ലോകപ്രകാരമുള്ള മാനസാന്തരവും ദൈവത്തിങ്കലേക്കുള്ള മാനസാന്തരം രണ്ടാണ്. ദൈവഹിതപ്രകാരമുള്ള ദുഃഖമാണ് യഥാർത്ഥ മാസാന്തരം ഉളവാക്കുന്നത്. പൗലൊസ് അത് വ്യക്തമാക്കിയിട്ടുണ്ട്: സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ, മലയാളം ഓശാന പരിഭാഷ ചേർക്കുന്നു: “ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരത്തെ ഉളവാക്കുന്നു; അതിൽ ഖേദിക്കേണ്ടതില്ല; ലോകത്തിന്റെ ദുഃഖമോ മരണത്തെ ഉളവാക്കുന്നു.” (2കൊരി, 7:10). ലോകപ്രകാരമുള്ള ദുഃഖത്താലും, ദൈവഹിതപ്രകാരമുള്ള ദുഃഖത്താലും മാനസാന്തരമുണ്ടാകും. ലോകപ്രകാരമുള്ള ദുഃഖം മരണത്തെയാണ് ഉളവാകുന്നത്. രക്ഷയ്ക്കായുള്ള മാനസാന്തരം ഉണ്ടാകണമെങ്കിൽ, ദൈവഹിതപ്രകാരം ദുഃഖമുണ്ടാകണം. അത്, ദൈവവചനത്താൽ അഥവാ, സുവിശേഷത്താലാണ് ഉളവാകുന്നത്. (പ്രവൃ, 20:21; 26:28; 2കൊരി, 7:8-9). യഥാർത്ഥ മാനസാന്തരത്തിലൂടെ മാത്രമേ നിത്യജീവൻ ലഭിക്കുകയുള്ളു. അത് പരിശുദ്ധാത്മാവ് നല്കുന്നതാണ്. കൊർന്നേല്യൊസിനോടുള്ള ബന്ധത്തിൽ അത് വ്യക്തമായി മനസ്സിലാക്കാം. “ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.” (പ്രവൃ, 11:17-18). ജീവപ്രാപ്തിക്കുള്ള മാനസാന്തരം നല്കുന്നത് പരിശുദ്ധാത്മാവാണെന്ന് ഇവിടെ വ്യക്തമാണല്ലോ. അല്ലാതെ, വ്യക്തികൾക്ക് രക്ഷയ്ക്കായുള്ള മാനസാന്തരം സ്വയം ഉളവാക്കാൻ കഴിയില്ല. തന്മൂലം, പ്രവൃത്തികൾ 2:38-ൽ പത്രൊസ് പറഞ്ഞത്, സുവിശേഷത്താൽ ദാനമായി ലഭിക്കുന്ന രക്ഷയ്ക്കായുള്ള മാനസാന്തരത്തെക്കുറിച്ചല്ലെന്ന് വ്യക്തമാണ്.

3. പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്?

പത്രൊസ് പെന്തെക്കൊസ്തിലെ യെഹൂദന്മാരോട് പറഞ്ഞത്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായിഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാണ്. പെന്തെക്കൊസ്തിലെ സംഭവം എടുത്താൽ, പത്രൊസ് പ്രസംഗിച്ച സുവിശേഷം കേട്ട യെഹൂദന്മാർക്ക് ഹൃദയത്തിൽ കുത്തുകൊണ്ടതായാണ് 2:37-ൽ വായിക്കുന്നത്. വചനപ്രകാരം, അത് അവരുടെ യഥാർത്ഥ മാനസാന്തരത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടാണ്, “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു അവർ ചോദിച്ചത്.” (പ്രവൃ, 2:37). അപ്പോൾ ചോദ്യമിതാണ്: പത്രൊസ് പ്രസംഗിച്ച സുവിശേഷത്താൽ അവർക്ക് യഥാർത്ഥമായി മാനസാന്തരം ഉണ്ടായെങ്കിൽ; അവൻ അവരോട് കല്പിച്ച പാപങ്ങളുടെ മോചനത്തിനായുള്ള മാനസാന്തരസ്നാനം ഏതാണ്?

ആദാമ്യപാപത്തിൻ്റെ പരിഹാരത്തിനായാണ് ക്രിസ്തു മരിച്ചത്: “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15-17). “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി.” (1കൊരി, 15:21). ഒന്നാം മനുഷ്യനായ ആദാം മൂലമുണ്ടായ ആത്മമരണത്തിൽനിന്ന് മാനവകുലത്തെ രക്ഷിക്കാനാണ് രണ്ടാം മനുഷ്യനായ ക്രിസ്തു മരിച്ചത്. (1കൊരി, 15:47). എന്നാൽ, യെഹൂദന്മാർക്കുള്ളത് ആദാമ്യപാപം മാത്രമല്ല. ക്രിസ്തു പറയുന്നത് നോക്കുക: “നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു.” (മത്താ, 23:35, ലൂക്കൊ, 11:50,51). ഗൃഹസ്ഥനായ മനുഷ്യൻ നട്ടുവളർത്തിയ മുന്തിരിത്തോട്ടത്തിൻ്റെ ഉപമയിലൂടെയും ക്രിസ്തു അക്കാര്യം പറഞ്ഞിട്ടുണ്ട്. (മത്താ, 21:33-41; മർക്കൊ, 12:1-9; ലൂക്കൊ, 20:9-16). ആ പാപം യെഹൂദന്മാരുടെ തലമേൽ നില്ക്കുമ്പോഴാണ്, കുലപാതകനുവേണ്ടി പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറയുകയും, ജീവനായകനെ കൊല്ലുകയും ചെയ്തത്. (പ്രവൃ, 3:14; 5:30). പത്രൊസിൻ്റെ പ്രഥമ പ്രസംഗത്തിൽത്തന്നെ അത് പറഞ്ഞിട്ടുണ്ട്: “നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിരനിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു.” (പ്രവൃ, 2:23). പെസഹാ പെരുന്നാളിന് വന്ന യെഹൂദാ ജനമാണ്, അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ’ എന്ന് അലറിവിളിച്ചതും (മത്താ, 27:25) “യേശുവിനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക” എന്നു നിലവിളിച്ചുകൊണ്ട് അവനെ ക്രൂശിനേല്പിച്ചതും. (ലൂക്കോ, 23:17). പെസഹ, പെന്തെക്കൊസ്ത്, കൂടാരപ്പെരുന്നാൾ എന്നിങ്ങനെ മൂന്ന് മഹോത്സവങ്ങൾക്കാണ് യെഹൂദാ പുരുഷന്മാർ എല്ലാവരും നിർബ്ബന്ധമായും ദൈവാലയത്തിൽ വരേണ്ടത്. (പുറ, 34:20-23). പെസഹ പെരുന്നാളിനുവന്ന് യേശുവിനെ ക്രൂശിക്കാൻ നിലവിളിച്ചു പറഞ്ഞവർ തന്നെയാണ് പെന്തെക്കൊസ്ത് പെരുനാളിലും വന്നിരിക്കുന്നത്. രക്ഷിതാവിനെ തല്ലുകയും തള്ളുകയും മാത്രമല്ല ചെയ്തത്; കൊല്ലുകയും ചെയ്തു. അതൊരു ചെറിയ കുറ്റമല്ല. ആദാമ്യപാപത്തെക്കാൾ ഭയാനകമായ കുറ്റമാണ്. അവരോടാണ്, നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്ന് പത്രൊസ് പറഞ്ഞത്. ഏത് പാപത്തിനാണ് അവർ മാനസാന്തരപ്പെടേണ്ടത്? മനുഷ്യരുടെ വർത്തമാനകാല പാപത്തിൽ നിന്നല്ലാതെ, ആദാമ്യപാപത്തിൽനിന്ന് മാനസാന്തരപ്പെടാൻ ആർക്കും കഴിയില്ല. ആദാമ്യ പാപം സ്നാന ജലത്തിൽ കഴുകിക്കളായാവുന്ന ഒന്നല്ല. അതുകൊണ്ടാണ്, ആദാമ്യപാപത്തിനു പരിഹാരമായി ക്രിസ്തു മരിച്ചത്. തന്മൂലം, രക്ഷിതാവായ ക്രിസ്തുവിനെ ക്രൂശിച്ച അവരുടെ വർത്തമാനകാല പാപത്തിൽനിന്ന് മാനസാന്തരപ്പെടുവാനാണ് അവരോട് കല്പിച്ചതെന്ന് മനസ്സിലാക്കാം.

യെഹൂദന്മാർ അനുഷ്ഠിച്ചു വന്ന സ്നാനമാണ് പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം. യോഹന്നാൻ സ്നാനപകൻ അവരെ കഴിപ്പിച്ചത് പാപമോചനത്തിനുള്ള മാനസാന്തര സ്നാനമാണ്: “യോഹന്നാൻ വന്ന് മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.” (മർക്കൊ, 1:4; ലൂക്കൊ, 3:3. ഒ.നോ: മത്താ, 3:2; 3:8; ലൂക്കൊ, 3:8). യെഹൂദന്മാർ യോഹന്നാനാൽ സ്നാനമേറ്റത് പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടാണ്: “അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻനദിയിൽ അവനാൽ സ്നാനം ഏറ്റു.” (മത്താ, 3:5-6; മർക്കൊ, 1:4-5). അവർ ചെയ്ത പാപമല്ലാതെ, ആദാമ്യപാപം അവർക്ക് ഏറ്റുപറയാൻ കഴിയില്ല. ആദിമ്യപാപം ഏറ്റുപറഞ്ഞ് ഉപേക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ, ക്രിസ്തുവിനു മരിക്കേണ്ടി വരില്ലായിരുന്നു. അതിനാൽ, ജലത്തിൽ സ്നാനമേറ്റ് കഴുകിക്കളയാൻ പത്രൊസ് പറഞ്ഞ പാപം ആദാമ്യപാപമല്ല; വർത്തമാനകാല പാപമാണെന്ന് വ്യക്തമാകുന്നു. അവരുടെ രക്ഷിതാവിനെ തള്ളുകയും കൊല്ലുകയും ചെയ്ത അവരുടെ വർത്തമാനകാല പാപമാണ്, ക്രിസ്തീയ സ്നാനത്തോടൊപ്പം മാനസാന്തരപ്പെട്ട് കഴുകിക്കളയാൻ പത്രൊസ് നിർദ്ദേശിച്ചതെന്ന് മനസ്സിലാക്കാം: (പ്രവൃ, 2:38). അതായത്, ക്രിസ്തുവിൻ്റെ സുവിശേഷത്താൽ ദാനമയി ലഭിക്കുന്ന ആദാമ്യപാപത്തിൽ നിന്നുള്ള മോചനത്തോടൊപ്പം, രക്ഷകനായ ക്രിസ്തുവിനെ ക്രൂശിച്ച അവരുടെ വർത്തമാനകാല പാപത്തിൽനിന്നും കൂടി യെഹൂദന്മാർക്ക് ഒരു മോചനം ആവശ്യമായിരുന്നു. അതാണ്, യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ക്രിസ്തീയ സ്നാനത്തോടൊപ്പം കഴുകിക്കളയാൻ പത്രോസ് അവരോട് പറഞ്ഞത്.

ക്രിസ്തുവിനെ ക്രൂശിച്ച പാപമാണ് പെന്തെക്കൊസ്തിലെ യെഹൂദന്മാർക്ക് ഉണ്ടായിരുന്നതെങ്കിൽ, സഭയെ അഥവാ, വിശുദ്ധന്മാരെ ഉപദ്രവിച്ച പാപമാണ് പൗലൊസിനു ഉണ്ടായിരുന്നത്. അനന്യാസ്, പൗലൊസിനോട് പാപം കഴുകിക്കളയാൻ പറയുന്നതായി കാണാം: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃ, 22:16). പൗലൊസിനോട് കഴുകിക്കളായൻ പറഞ്ഞ പാപം ഏതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. സ്തെഫാനോസിനെ കുലചെയ്തത് പൗലൊസിൻ്റെ സമ്മതത്തോടെയാണ്. (പ്രവൃ, 8:1). പിന്നെ വായിക്കുന്നത്, “എന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു..” (പ്രവൃ, 8:3). വിശുദ്ധന്മാരെ നിഗ്രഹിപ്പാൻ താൻ സമ്മതം കൊടുത്തതായും, ഭ്രാന്തുപിടിച്ചവനെപ്പോലെ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിച്ചവനാണെന്നും താൻതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്: (പ്രവൃ, 26:10-11; ഗലാ, 1:13). അതിനാൽ, പെന്തെക്കൊസ്തിലെപ്പോലെ പൗലൊസിൻ്റെയും വർത്തമാനകാല പാപമാണ് കഴുകിക്കളയാൻ അനന്യാസ് പറഞ്ഞതെന്ന് മനസ്സിലാക്കാം. (പ്രവൃ, 22:16). തന്മൂലം, പ്രവൃത്തികൾ 2:38-ലെ പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം യെഹൂദന്മാർക്ക് അല്ലാതെ, യെഹൂദേതരരെ ബാധിക്കുന്നതല്ല എന്ന് മനസ്സിലാക്കാം. തന്നെയുമല്ല, ജലസ്നാനത്താലാണ് പാപമോചനവും പരിശുദ്ധാത്മാവും പൗലൊസിനു ലഭിച്ചതെങ്കിൽ, സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതെന്നു താൻ ഒരിക്കലും പറയില്ല: (1കൊരി, 1:17).

യേശുക്രിസ്തുവാകുന്ന സുവിശേഷത്താലും അവൻ്റെ നാമത്താലുമാണ് പാപമോചനം: “ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോ, 24:46,47). ഇതു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്ന വസ്തുതയാണ്: “അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃ, 10:43). പാപമോചനമെന്ന വീണ്ടെടുപ്പുള്ളത് സ്നാനത്തിലല്ല; ക്രിസ്തുവിലാണ്: (കൊലൊ, 1:14). രക്ഷ ദൈവത്തിൻ്റെ ദാനമാണ്: “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.” (എഫെ, 2:8,9. ഒ.നോ: 2:5; വെളി, 7:10). സുവിശേഷം യേശുവാണ്: (2തിമൊ, 2:8). സുവിശേഷം യേശുവിൻ്റെ നാമത്തെക്കുറിച്ചുള്ളതാണ്: (പ്രവൃ, 8:12). സുവിശേഷം അറിയിക്കുന്നത് യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്: (പ്രവൃ, 9:28). ആ സുവിശേഷത്താൽ ദാനമായി ലഭിക്കുന്നതാണ് മനുഷ്യൻ്റെ രക്ഷ. ദൈവത്തിൻ്റെ ആത്മാവിനാൽ…. കൃപായാൽ …. വിശ്വാസം മൂലം …. പ്രവൃത്തികൾ കൂടാതെ …. രക്ഷിക്കപ്പെടുന്നു. ഇതാണ് കൃപയാലുള്ള പുതിയനിയമ രക്ഷയുടെ വ്യവസ്ഥ. അതിനു ജലസ്നാനംപോലെ ഒരു പ്രവൃത്തി ആവശ്യമില്ല: “കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.” (റോമ, 11:6). രക്ഷയുടെ വ്യത്യസ്ത അംശങ്ങളായ മാനസാന്തരം, പാപമോചനം, വീണ്ടുംജനനം ഇതെല്ലാം ദൈവകൃപയുടെ സുവിശേഷത്താൽ സൗജന്യമായി ലഭിക്കുന്നതാണ്. ജലസ്നാനമെന്ന പ്രവൃത്തിയാലാണ് രക്ഷ കിട്ടുന്നതെങ്കിൽ ദൈവകൃപ എവിടെ? ദൈവകൃപ വൃഥാവായിപ്പോയെന്ന് പറയേണ്ടിവരും.

4. പരിശുദ്ധാത്മാവെന്ന ദാനം പ്രവൃത്തികളാൽ ലഭിക്കുമോ?

“നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” ഈ വാക്യത്തിൽ പരിശുദ്ധാത്മാവിനെ ദാനം എന്നാണ് പത്രൊസ് വിശേഷിപ്പിക്കുന്നത്. പരിശുദ്ധാത്മാവിനെ ദാനം (പ്രവൃ, 2:38; 8:20; 10:46; 11:7), ആദ്യദാനം (റോമ, 8:23), സ്വർഗ്ഗീയദാനം (എബ്രാ, 6:4) എന്നൊക്കെയും വിശേഷിപ്പിച്ചിട്ടുണ്ട്. വാഗ്ദത്തം എന്നും പരിശുദ്ധാത്മാവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. (ലൂക്കൊ, 24:49; പ്രവൃ, 1:4; 2:33,39; എഫെ, 1:4). കൊർന്നേല്യൊസിൻ്റെയും ഭവനക്കാരുടെയും മേൽ, പരിശുദ്ധാത്മാവെന്ന ദാനം പകരപ്പെട്ടപ്പോൾ യെഹൂദാന്മാരായ വിശ്വാസികൾ വിസ്മയിച്ചതായി പറഞ്ഞിട്ടുണ്ട്: “പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ടു വിസ്മയിച്ചു.” (പ്രവൃ, 10:46). എന്തെന്നാൽ, സ്വന്തജനമായ യെഹൂദന്മാർക്ക് അവരുടെ ദൈവം വാഗ്ദത്തം ചെയ്തതായിരുന്നു പരിശുദ്ധാത്മാവ്. (യോവേ, 2:28,29). അതുകൊണ്ടാണ്, ജാതികളുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ അവർ വിസ്മയിച്ചത്. എന്നാൽ, ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളുടെ അഥവാ, തേജസ്കരണത്തിൻ്റെ ഫലമായി, സ്വന്തജനമായ യിസ്രായേലിൻ്റെ വാഗ്ദത്തമായ പരിശുദ്ധാത്മാവ് ജാതികൾക്കും അവകാശമായി മാറി. (യോഹ, 7:37-39; പ്രവൃ, 2:33). പെന്തെക്കൊസ്തുനാളിൽ പത്രൊസ് തന്നെ അത് വ്യക്തമാക്കി: “വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവർക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.” (പ്രവൃ, 2:39). രക്ഷയുടെ സുവിശേഷത്താൽ ദൈവം ദാനമായി തരുന്നതാണ് പരിശുദ്ധാത്മാവ്. (ഗലാ, 3:2,5; എഫെ, 1:13-14). പരിശുദ്ധാത്മാവ്, ദൈവത്തിൻ്റെ ദാനവും വാഗ്ദത്തവും ആണെങ്കിലും; രക്ഷിതാവിനെ ക്രൂശിച്ച പാപം യെഹൂദന്മാരുടെമേൽ ഉണ്ടായിരുന്നതുകൊണ്ടാണ്, പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം പത്രൊസ് അവർക്ക് നിർദ്ദേശിച്ചത്. സ്വർഗ്ഗരാജ്യത്തിൻ്റെ താക്കോൽ എന്ന സവിശേഷ അധികാരം പത്രൊസിനെ ഏല്പിക്കുമ്പോൾത്തന്നെ, ഭൂമിയിൽ കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരവും കർത്താവ് അവനു നല്കിയിരുന്നു. “സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും.” (മത്താ, 16:19). അതുകൊണ്ടാണ്, യെഹൂദന്മാർക്ക് മാത്രമായി അങ്ങനെയൊരു കല്പന പത്രൊസ് നല്കിയത്. ശമര്യർക്കും ജാതികൾക്കും അങ്ങനെയൊരു കല്പന നല്കിയിട്ടില്ല എന്നതും കുറിക്കൊള്ളുക. ഈ വസ്തുതയ്ക്കുള്ള ശക്തമായ ഒരു തെളിവാണ് യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം. അത് യെഹൂദന്മാരോടും (പ്രവൃ, 2:32) ശമര്യരോടും (8:16) ജാതികളോടും (10:48) ഒരുപോലെ പറയുന്നത് ശ്രദ്ധിക്കുക.

ക്രിസ്തുവിൻ്റെ കല്പനപോലെ, യെഹൂദന്മാർക്കും ശമര്യർക്കും ശേഷമാണ് ജാതികളിലേക്ക് സുവിശേഷം എത്തിയത്. ജാതികളായ വിശ്വാസികൾക്കു മുമ്പൻ കൊർന്നേല്യൊസാണ്. ഭൂമിയിലുള്ള സകല ജാതികളെയും പ്രതിനിധീകരിച്ചുകൊണ്ട് ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ശരീരമായ ദൈവസഭയിൽ ആദ്യമായി പ്രവേശനം സിദ്ധിച്ചത് കൊർന്നേല്യൊസിനും കുടുബത്തിനുമാണ്. (പ്രവൃ, 10:34-48). ക്രിസ്തു കല്പിച്ച ക്രമപ്രകാരമാണ് പത്രൊസ് യെഹൂദരോടും (പ്രവൃ, 2:38-41) ശമര്യരോടും (8:14-17) ജാതികളെയും (10:44-48) സുവിശേഷം അറിയിച്ച് ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. (പ്രവൃ, 1:8). അതിനുള്ള അധികാരം ക്രിസ്തു പത്രൊസിനെയാണ് ഏല്പിച്ചിരുന്നത്. (മത്താ, 16:19). കൊർന്നേല്യൊസിൻ്റെയും കുടുബത്തിൻ്റെയും രക്ഷാനുഭവത്തിൻ്റെ നേർചിത്രം ബൈബിളിലുണ്ട്: (പ്രവൃ, 10:34-48). കൊർന്നേല്യസിനോടു ദൂതൻ പ്രത്യക്ഷനായി പറഞ്ഞത്; പത്രൊസിനെ വരുത്തുക; രക്ഷിക്കപ്പെടുവാനുള്ള ജലസ്നാനം നിന്നെ അവൻ കഴിപ്പിക്കുമെന്നല്ല; രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു പറയുമെന്നാണ്: (പ്രവൃ,11:14). പത്രൊസ് രക്ഷയുടെ വാക്കുകളെ അഥവാ സുവിശേഷം പ്രസംഗിക്കുമ്പോൾത്തന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. (പ്രവൃ, 10:44). എന്തെന്നാൽ, സുവിശേഷത്താലാണ് പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കുന്നത്. (ഗലാ, 3:2,5; എഫെ, 1:13-14). അവർ രക്ഷിക്കപ്പെട്ട ശേഷമാണ് ജലസ്നാനം കഴിപ്പിക്കാൻ പത്രൊസ് കല്പിച്ചത്. (പ്രവൃ, 10:48). ക്രിസ്തുവിനെ വിശ്വസിക്കാനുള്ള നമ്മുടെ വിശ്വാസംപോലും പരിശുദ്ധാത്മാവിനാൽ അഥവാ, കൃപയാൽ നമുക്കു ലഭിക്കുന്നതാണ്: “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.” (2കൊരി, 4:13. ഒ.നോ: എഫെ, 2:8,9). കൊർന്നേല്യൊസിൻ്റെ ഭവനത്തിലെ സംഭവം യെരൂശലേം സഭയിൽ അവതരിപ്പിക്കുമ്പോൾ പത്രൊസ് പറഞ്ഞത്: “ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു. അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” (പ്രവൃ, 11:15-17). ഇവിടെ പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: “യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?” പത്രൊസ് യെഹൂദന്മാരോട് കല്പിച്ച പ്രകാരമല്ല ജാതികളോടുള്ള ബന്ധത്തിൽ ദൈവം ഇടപെട്ടത്. പ്രത്യുത, അപ്പൊസ്തലന്മാരോട് ദൈവം അഥവാ, ദൈവാത്മാവ് എങ്ങനെ ഇടപ്പെട്ടുവോ, അങ്ങനെയാണ് ജാതികളോടും ഇടപെട്ടത്. “നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു” എന്നാണ് പറയുന്നത്. അതായത്, പെന്തെക്കൊസ്തിലെ യെഹൂദന്മാർക്ക് പത്രൊസിലൂടെ കൊടുത്ത യാതൊരു ഉപാധികളും കൂടാതെ, ജാതികളുടെ മേൽ പരിശുദ്ധാത്മാവെന്ന ദാനം നിരുപാധികം പകരുകയായിരുന്നു. പെന്തെക്കൊസ്തീലെ യെഹൂദന്മാരോടുള്ള ബന്ധത്തിൽ അല്ലാതെ, പാപമോചനത്തിനുള്ള മാനസാന്തരസ്നാനം നമ്മളെ ബാധിക്കുന്ന വിഷയമല്ലെന്ന് മനസ്സിലാക്കാം. യേശുക്രിസ്തു വാഗ്ദത്തം ചെയ്തതും (പ്രവൃ, 1:5) പെന്തെക്കൊസ്തുനാളിൽ അപ്പൊസ്തലന്മാരിലൂടെ ആരംഭിച്ച് (പ്രവൃ, 2:1-4) യെഹൂദർ (2:37-42) ശമര്യർ (8:14-17) ജാതികളിലൂടെ പുരോഗമിച്ച (10:44-48) പരിശുദ്ധാത്മ ദാനം, അവസാന വ്യക്തിയെയും ക്രിസ്തുവിൻ്റെ ശരീരമായ ദൈവസഭയോടു ചേർക്കുന്നതുവരെ തുടർന്നുകൊണ്ടിരിക്കും. (എഫെ, 2:21,22).

പരിശുദ്ധാത്മ ദാനത്തിനായി ഒരു പ്രവൃത്തിയും ആവശ്യമില്ല എന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം. “അവർ അവരുടെമേൽ കൈവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. അപ്പൊസ്തലന്മാർ കൈവെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു: ഞാൻ ഒരുത്തന്റെമേൽ കൈവെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.” (പ്രവൃ, 8:17-22). ഈ വേദഭാഗം പരിശോധിച്ചാൽ; പണത്താലോ, ജലസ്നാനം പോലൊരു പ്രവൃത്തിയാലോ പരിശുദ്ധാത്മാവിനെ ലഭിക്കയില്ലെന്ന് വ്യക്തമായി മനസ്സിലാക്കാം. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങളെന്ന പരമയാഗത്തിൻ്റെ ഫലമാണ് പരിശുദ്ധാത്മാവെന്ന ദൈവദാനം. (യോഹ, 7:37-39; 14:26; പ്രവൃ, 2:33). യേശുക്രിസ്തു ആകുന്ന (2തിമൊ, 2:8), അവൻ്റെ നാമത്തെക്കുറിച്ചുള്ള (പ്രവൃ, 8:12). സുവിശേഷത്താൽ ദാനമായിട്ടാണ് വ്യക്തികൾക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നത്. (പ്രവൃ, 10:46; ഗലാ, 3:2,5; എഫെ, 1:13-14). അത് ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്. പരിശുദ്ധാത്മാവെന്ന ദാനത്തിനായി സ്നാനമെന്നല്ല; യാതൊരു പ്രവൃത്തിയും ആവശ്യമില്ല; സുവിശേഷത്തിലൂടെ തികച്ചും സൗജന്യമാണ്. (പ്രവൃ, 8:20; 10:44-46; റോമ, 11:6). പരിശുദ്ധാത്മ ദാനത്തിനായി പ്രവൃത്തി വേണമെന്ന് ശഠിച്ചാൾ, ശിമോൻ്റെ അവസ്ഥയായിരിക്കും ഒരുപക്ഷെ, നമുക്കുണ്ടാകുന്നത്.

മേല്പറഞ്ഞ വസ്തുതകൾക്ക് പല തെളിവുകളുണ്ട്: 1. സുവിശേഷത്താലാണ് ആത്മസ്നാനം നടക്കുന്നത് എന്നതിൻ്റെ കൃത്യമായ ചരിത്ര തെളിവുണ്ട്: (പ്രവൃ, 10:44-45). 2. സുവിശേഷത്താലാണ് പരിശുദ്ധാത്മാവ് ലഭിക്കുന്നതെന്ന് തെളിവായി പറഞ്ഞിട്ടുമുണ്ട്: (ഗലാ, 3:2,5; എഫെ, 1:13-14). 3. ന്യായപ്രമാണത്താൽ അഥവാ പ്രവൃത്തികളാലല്ല ആത്മാവ് ലഭിക്കുന്നതെന്നും അതേ വാക്യത്തിൽ മനസ്സിലാക്കാം: (ഗലാ, 3:2,5). 4. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ദാനമാണ്: (പ്രവൃ, 2:38; 8:20; 10:46). സ്നാനം പോലൊരു പ്രവൃത്തിയാലാണ് ആത്മസ്നാനം ലഭിക്കുന്നതെങ്കിൽ ദാനമെന്ന പ്രയോഗം അർത്ഥരഹിതമാണ്. 5. ആത്മസ്നാനത്തിൻ്റെ ഉപാധി സ്നാനമല്ലെന്നതിൻ്റെ തെളിവാണ് ശമര്യയിലെ സംഭവം; അവർ യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനമേറ്റിട്ടും അവർക്ക് ആത്മാവ് ലഭിച്ചില്ല: (പ്രവൃ, 8:15-16). 6. കൊർന്നേല്യസും കുടുംബവും സ്നാനമേല്ക്കുന്നതിനു മുമ്പെ സുവിശേഷത്താൽത്തന്നെ അവർക്ക് ആത്മസ്നാനം ലഭിച്ചു: (പ്രവൃ, 10:44-46). 7. യെഹൂദന്മാരോടും പൗലൊസിനോടുമല്ലാതെ പാപമോചനത്തിനായുള്ള സ്നാനത്തെക്കുറിച്ച് പറയുന്നില്ല. (പ്രവൃ, 2:38; 22:16).

5. യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള ജലസ്നാനം എന്തിനാണ്?

യേശുക്രിസ്തുവിൻ്റെ നാമത്തിലുള്ള  ജലസ്നാനം എന്തിനാണെന്ന് സ്നാനത്തെക്കുറിച്ചുള്ള കർത്താവിൻ്റെ കല്പനയിൽത്തന്നെ പറഞ്ഞിട്ടുണ്ട്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്താ, 28:19-20). ഈ വേദഭാഗത്ത്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അഥവാ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. “സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നാണ് പറയുന്നത്. രക്ഷിതാവും കർത്താവുമായ ക്രിസ്തുവിൻ്റെ ശിഷ്യരാകാനുള്ളതാണ് സ്നാനം. ഒന്നുകൂടി പറയാം: ദൈവം മരണത്തിൽനിന്ന് ഉയിർപ്പിച്ച് നമ്മുടെ രക്ഷിതാവും കർത്താവും ആക്കിവെച്ച യേശുവിൻ്റെ ശിഷ്യരാകാനുള്ള കർമ്മമാണ് സ്നാനം. പ്രവൃത്തികൾ 2ൻ്റെ31;36. അതായത്, ഞാനിനി ലോകത്തിൻ്റെ വകയല്ല; ദൈവത്തിൻ്റെ വകയാണെന്ന് ലോകത്തോടു വിളിച്ചുപറയുന്നത് പരസ്യമായി കഴിക്കുന്ന ജലസ്നാനത്താലാണ്. സുവിശേഷം അറിയിക്കാൻ പൗലൊസിനെ അയക്കുമ്പോൾ, കർത്താവ് കല്പിച്ചതുകൂടി ഇതിനൊപ്പം ചിന്തിക്കണം:  “അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.” (പ്രവൃ, 26:18). ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിക്കുന്നതാണ് സുവിശേഷം. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ഒരുക്കിയ സുവിശേഷത്താൽ മനുഷ്യർക്ക് ദാനമായി ലഭിക്കുന്നതാണ് മാനസാന്തരവും പാപമോചനവും രക്ഷയും. അതിനാൽ, സാത്താൻ്റെ അധീനതയിലുള്ള ലോകത്തിൻ്റെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് ക്രിസ്തുവിൻ്റെ അനുയായി ആകുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് ജലസ്നാനം. ലോകത്തിൻ്റെ ഏതെങ്കിലുമൊരു കൂട്ടായ്മയിൽനിന്നു ദൈവത്തിൻ്റെ കൂട്ടായ്മയിൽ ചേരുന്നതിനെയും ജലസ്നാനം കാണിക്കുന്നു. ഒപ്പം, രക്ഷിക്കപ്പെട്ടവൻ്റെ ബാഹ്യസാക്ഷ്യവും നല്ല മനസ്സാക്ഷിക്കുള്ള അപേക്ഷയും കൂടിയാണ് ജലസ്നാനം: (1പത്രൊ, 3:21). തന്മൂലം, രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട പ്രഥമവും പധാനവുമായ ക്രിസ്തീയ കർമ്മമാണ് ജലസ്നാനം എന്ന് മനസ്സിലാക്കാം. അല്ലാതെ, രക്ഷിക്കപ്പെടാൻ വേണ്ടിയല്ല സ്നാനം ഏല്ക്കേണ്ടത്. ആദിമസഭയിൽ ജലസ്നാനം സാർവ്വത്രികമായിരുന്നു. (പ്രവൃ, 2:41; 8:12, 8:38; 9:18; 10:47,48; 16:14,15,33; 18:8; 19:5).

ഒന്നുകൂടി വ്യക്തമാക്കിയാൽ: ദൈവമക്കൾ ആകാനല്ല സ്നാനം ഏല്ക്കേണ്ടത്; ദൈവമക്കളായവർ അനുഷ്ഠിക്കേണ്ടതാണ് സ്നാനം. ക്രിസ്തുവിൻ്റെ കൃപയാലുള്ള ദാനമാണ് മനുഷ്യൻ്റെ രക്ഷ. “എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). പത്രൊസ് അപ്പൊസ്തലൻ പറയുന്നത് നോക്കുക: “കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.” (പ്രവൃ, 15:11}. ക്രിസ്തുവിൻ്റെ കൃപയാലാണ് രക്ഷ പ്രാപിക്കുന്നത്; അല്ലാതെ, യാതൊരു പ്രവൃത്തിയാലുമല്ല മനുഷ്യൻ രക്ഷ പ്രാപിക്കുന്നത്. “കാരാഗൃഹ പ്രമാണിയുടെ പ്രസിദ്ധമായ ഒരു ചോദ്യമുണ്ട്: രക്ഷ പ്രാപിപ്പാൻ ഞാൻ എന്ത് ചെയ്യണം.” (പ്രവൃ, 16:30). അതിൻ്റെ ഉത്തരമാണ്: “കർത്താവായ യേശുവിൽ വിശ്വസിക്ക; നീയും നിൻ്റെ കുടുബവും രക്ഷ പ്രാപിക്കും.” (പ്രവൃ, 16:31). ക്രിസ്തുവാകുന്ന, അവൻ്റെ നാമത്തെക്കുറിച്ചുള്ള സുവിശേഷത്താൽ രക്ഷ പ്രാപിച്ചവരാണ് ദൈവമക്കളാകുന്നത്. 2തിമൊ, 2:8; പ്രവൃ, 8;12; യോഹ, 3:15-18; 20:31). ദൈവത്തിൻ്റെ മക്കൾ ഒഴികഴിവില്ലാതെ അനുസരിക്കേണ്ട കല്പനയാണ് സ്നാനം. അല്ലാതെ മക്കളാകാൻവേണ്ടി അനുസരിക്കേണ്ട കല്പനയല്ല. എന്തെന്നാൽ, കല്പന അനുസരിക്കാൻ പോയിട്ട് ജീവൻപോലും ഇല്ലാത്തവരായിരുന്നു നമ്മൾ. നമ്മുടെ പഴയ അവസ്ഥ അപ്പൊസ്തലൻ വ്യക്തമാക്കിയിട്ടുണ്ട്: പ്രകൃതിയാൽ ജാതികളും പരിച്ഛേദനക്കാരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നവരും ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും പാപത്തിൽ മരിച്ചവരും ആയിരുന്നു: (എഫെ, 2:1,5,11,13). ദൈവത്തിൻ്റെ കല്പന അനുസരിക്കേണ്ടത് അവൻ്റെ മക്കളും ദാസന്മാരുമാണ്. ദൈവവുമായി ഒരു ബന്ധവുമില്ലാതെ പാപത്തിൽ മരിച്ചവരായിരുന്ന ജാതികൾ കല്പന എന്തിനനുസരിക്കും; എങ്ങനെയനുസരിക്കും? ഒന്നാമത്; നമുക്ക് യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ കല്പന അനുസരിക്കാൻ നാം ബാധ്യസ്ഥരല്ല. ഒരുദാഹരണം പറയാം: ‘എന്റെ ജനത്തെ വിട്ടയക്കേണം എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു’ എന്നു മോശെയും അഹരോനും ഫറവോനോടു പറഞ്ഞപ്പോൾ, അവൻ്റെ മറുപടി: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നാണ് പറഞ്ഞത്. (പുറ, 5:1,2). ഫറവോനു യഹോവയെ അറിയില്ല; മിസ്രയീമ്യരുടെ ദേവന്മാർ ആരെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞാൽ ചിലപ്പോൾ അവൻ അനുസരിക്കും. അതുതന്നെയാണ് ദൈവവുമായി ഒരു ബന്ധവുമില്ലാത്ത ജാതികളോടു ‘നീ സ്നാനമേറ്റാൽ രക്ഷിക്കപ്പെടുന്നു പറഞ്ഞാലുള്ള സ്ഥിതി; അവൻ അനുസരിക്കാൻ കൂട്ടാക്കില്ല. രണ്ടാമത്; ആത്മികമായി മരിച്ചവർക്ക് ഒരു കല്പനയും അനുസരിക്കാൻ കഴിയില്ല. അതിന്, ആദ്യം ജീവനുണ്ടാകണം. ആത്മികമായി മരിച്ച അവസ്ഥയിലുള്ള ഒരാൾ, ആത്മികമായ കല്പന എങ്ങനെ അനുസരിക്കും? അതിനു ആത്മിക ജീവൻ പ്രാപിക്കണം. അതിന് ആദ്യം സുവിശേഷം കൈക്കൊള്ളണം. (പ്രവൃ, 2:41). സുവിശേഷത്താൽ ആത്മാവ് ലഭിക്കും; ആത്മിക ജീവൻ പ്രാപിക്കും; ദൊവമക്കളാകും. (യോഹ, 3:5-8;  20:31; പ്രവൃ, 10:44; ഗലാ, 3:2,5; എഫെ, 1:13-14). ദൈവവുമായി പിതൃപുത്ര ബന്ധത്തിലാകുന്ന വ്യക്തി, ക്രിസ്തുവിൻ്റെ ശിഷ്യത്വം സ്വീകരിക്കാനായി ദൈവകല്പനയായ സ്നാനം സ്വീകരിക്കും. ക്രിസ്തുവിൻ്റെ കാൽച്ചുവട് പിന്തുടരുവാനാണ് നമ്മളെ വിളിച്ചിരിക്കുന്നത്. (1പത്രൊ, 2ൻ്റെ21). അതിൻ്റെ ആദ്യ പടിയായാണ് സ്നാനം.

രക്ഷിക്കപ്പെട്ട വ്യക്തി യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ജലസ്നാനം സ്വീകരിക്കേണ്ടത്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുക.” (മത്താ, 28:19). പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ നാമവും പുത്രൻ്റെ നാമവും പരിശുദ്ധാത്മാവിൻ്റെ നാമവും ഒന്നുതന്നെയാണ്. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം; എന്ന വാക്യാംശം ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന മുന്ന് സ്ഥാനനാമള്ളിലാണ് സ്നാനം കഴിപ്പിക്കേണ്ടിയിരുന്നത് എങ്കിൽ; നാമം അഥവാ, ഒനോമ എന്ന ഏകവചനമല്ല; നാമങ്ങൾ അഥവാ, ഒനോമാട്ട എന്ന ബഹുവചനം പറയുമായിരുന്നു. പിതാവ് തൻ്റെ നാമമാണ് പുത്രനു കൊടുത്തത്: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” എന്നു പുത്രൻ രണ്ടുവട്ടം പിതാവിനോടു പറയുന്നതായി കാണാം: (യോഹ, 17:11; 17:12). അതായത്, പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. “ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു” എന്നു പുത്രൻ പറയുകയുണ്ടായി: (യോഹ, 5:43). സുവിശേഷങ്ങളിൽ ദൈവപുത്രൻ പിതാവിൻ്റെ നാമത്തിൽ പ്രവർത്തിച്ചതായും (യോഹ, 10:25) ശിഷ്യന്മാർ യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചതായും കാണാം: (ലൂക്കൊ, 10:17. ഒ.നോ. മർക്കൊ, 9:38; ലൂക്കൊ, 9:49). രണ്ട് വ്യത്യസ്ത നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ; പുതിയനിയമം അതിൽത്തന്നെ ഛിദ്രിച്ചുപോകും. എന്തെന്നാൽ പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുക്രിസ്തു എന്ന ഏകനാമത്തിലാണ് ചെയ്യേണ്ടത്. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ” എന്നും “പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ അഭിന്നമായി പറഞ്ഞിരിക്കുന്നത് കാണാം: (യോഹ, 12:28; 17:1). അത് പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നുതന്നെയാണ് എന്നതിൻ്റെ വ്യക്തമായ തെളിവാണ്. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യാൻ” കല്പനയുമുണ്ട്. (കൊലൊ, 3:17). എന്നേക്കും ഇരിക്കേണ്ടതിന് പരിശുദ്ധാത്മാവ് വന്നതും യേശുവിൻ്റെ നാമത്തിലാണ്: (യോഹ, 14:16). യഹോവയെന്ന നാമമായിരുന്നു പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം: (യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). പരിശുദ്ധാത്മാവ് വന്നതും യേശുക്രിസ്തുവിൻ്റെ നാമത്തിലാണ്. യോഹന്നാൻ 14ൻ്റെ26. പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു ദൈവപുത്രനും അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 17:3; 8:41; 1കൊരി, 8:6; എഫെ, 4:6). അപ്പോൾ, “യേശുക്രിസ്തു” എന്ന നാമം പുത്രൻ്റെ നാമം മാത്രമായാൽ, ആ നാമത്തിലെങ്ങനെ രക്ഷകിട്ടും? (പ്രവൃ, 4:12). മാനസാന്തരവും പാപമോചനം ലഭിക്കും? (ലൂക്കൊ, 24:47; പ്രവൃ, 10:43). അത്ഭുതങ്ങളും അടയാളങ്ങളും നടക്കും? (പ്രവൃ, 4:30. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39, യോഹ,10:25, 17:6, യോഹ, 17:26; യെശ, 45:22, യോവേ, 2:32–പ്രവൃ, 2:22; 4:12, റോമ, 10:13). കൂടാതെ, ആദിമസഭ യേശുക്രിസ്തു എന്ന ഏകനാമം വിളിച്ചാണ് അപേക്ഷിച്ചിരുന്നത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചതു യേശുക്രിസ്തുവിൻ്റെ നാമമാണ്. പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമം ആരും വിളിച്ചപേക്ഷിച്ചിട്ടില്ല എന്നതും, “അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർ” എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്തു ചിന്തിച്ചാൽ; പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ്, യേശുക്രിസ്തു എന്നു സ്ഫടികസ്ഫുടം വ്യക്തമാകും. (മത്താ, 28:19–പ്രവൃ, 2:38, 8:16, 10:48, 19:5, 22:16). (മുഴുവൻ തെളിവുകളും കാണാൻ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം എന്ന വീഡിയോയോ, ലേഖനമോ ദയവായി കാണുക)

ജലത്തിൽ സ്നാനപ്പെടുന്നതു എപ്പോഴാണ്? വിശ്വാസം ഏറ്റുപറയുന്ന സമയത്തു സ്നാനപ്പെടുന്നതായാണ് അപ്പൊസ്തലപ്രവൃത്തികളിൽ നാം കാണുന്നത്. ദൈവവചനം കേൾക്കുക, കൈക്കൊള്ളുക, വിശ്വസിക്കുക, സ്നാനപ്പെടുക എന്നതാണ് പുതിയനിയമ മാതൃക: (പ്രവൃ, 2:41). ശമര്യരുടെ സ്നാനം (പ്രവൃ, 8:12), ഷണ്ഡൻ്റെ സ്നാനം (പ്രവൃ, 9:35-38), കൊർന്നേല്യൊസിന്റെയും ചാർച്ചക്കാരുടെയും സ്നാനം (പ്രവൃ, 10:44-48), ലുദിയയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:32,33), ക്രിസ്പൊസിന്റെയും കുടുംബത്തിന്റെയും, അനേകം കൊരിന്ത്യരുടെയും സ്നാനം (പ്രവൃ,18:8), എഫെസൊസിലെ വിശ്വാസികളുടെ സ്നാനം (പ്രവൃ, 19:4,5) എന്നിവ നോക്കുക. സുവിശേഷം കേൾക്കുക അഥവാ കൈക്കൊള്ളുക എന്നത് സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ ആദ്യത്തേതാണ്: (പ്രവൃ, 2:41,42). ‘വിശ്വസിക്കുക’ എന്നത് സുവിശേഷ കേൾവിയാൽ ഉളവാകുന്ന ആത്മസ്നാനത്താൽ ലഭിക്കുന്ന കൃപയാണ്: (1കൊരി, 13:13; ഗലാ, 3:2; എഫെ, 1:13,14; 2:5,8). അതായത്, ക്രിസ്തുവിൽ വിശ്വസിക്കാനുള്ള കൃ പോലും, ദൈവം സുവിശേഷത്താൽ ദാനമായി നല്കുന്നതാണ്. “പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” (1കൊരി, 12:3). സുവിശേഷത്താൽ ലഭിക്കുന്ന ആത്മസ്നാനത്താൽ വ്യക്തിയുടെ ഹൃദയത്തിൽനിന്നു സ്വാഭാവികമായി ഉളവാകുന്ന സാക്ഷ്യമാണ്: യേശുവെൻ്റെ കർത്താവും രക്ഷിതാവുമാണെന്നുള്ളത്. ആ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കുന്നത്. സ്നാനം ഏല്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഷണ്ഡനോട് ഫിലിപ്പോസ് പഞ്ഞത്, നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം, എന്നാണ്. പ്രവൃത്തികൾ 8ൻ്റെ37. എന്തെന്നാൽ, വിശ്വസിക്കുന്നവനാണ് നിത്യജീവൻ. യോഹന്നാൻ 3ൻ്റെ15. വിശ്വസിക്കുന്നവനാണ് ന്യായവിധി തെറ്റി ഒഴിയുന്നത്. യോഹന്നാൻ 3ൻ്റെ18. വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകേണമെന്നാണ് പിതാവിൻ്റെ ഇഷ്ടം. യോഹന്നാൻ 6ൻ്റെ40. വിശ്വസിക്കുന്നവനാണ് പാപമോചനം ലഭിക്കുന്നത്. പ്രവൃത്തികൾ 10ൻ്റെ40. വിശ്വസിക്കുന്നവനാണ് നീതീകരിക്കപ്പെടുന്നത്. 13ൻ്റെ39. വിശ്വസിച്ച് രക്ഷപ്രാപിച്ച വ്യക്തിയുടെ സാക്ഷ്യത്തിൻ്റെ വെളിച്ചത്തിലാണ് ജലസ്നാനം നല്കേണ്ടത്. പ്രവൃത്തികൾ 8:37. സഭയുടെ അടിസ്ഥാന ഉപദേശങ്ങളിൽ രണ്ടാമത്തേതാണ് സ്നാനം: (പ്രവൃ, 2:41,42). അടിസ്ഥാന ഉപദേശങ്ങൾ: “അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു. അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു.” (പ്രവൃ, 2:41,42). “Then they that gladly received his word, were baptized, and the same day there were added to the Church about three thousand souls. And they continued in the Apostles’ doctrine, and fellowship, and breaking of bread, and prayers.” (GNV 1599). 1. ദൈവവചനം കൈക്കൊള്ളുക. (അവന്റെ വാക്കു കൈക്കൊണ്ടവർ = പത്രൊസിൽനിന്നു ദൈവവചനം കൈക്കൊണ്ടവർ). (2:41). 2. സ്നാനം ഏല്ക്കുക. (2:41). 3. സഭയോടു ചേരുക (അവരോടു ചേർന്നു = പ്രാദേശിക സഭയോടു ചേരുക). (2:41). 4. ഉപദേശം കേൾക്കുക. (2:42). 5. കൂട്ടായ്മ ആചരിക്കുക (2:42). 6. അപ്പം നുറക്കുക. (2:42). 7. പ്രാർത്ഥന കഴിക്കുക. (2:42). പ്രവൃത്തികൾ 2:38-ലെ ‘മാനസാന്തരം’ തുടങ്ങിയാണ് അടിസ്ഥാന ഉപദേശങ്ങളെന്ന് മനസ്സിലാക്കുന്നവരുണ്ട്; തെറ്റാണത്. ലോകപ്രകാരമുള്ള മാനസാന്തരം മാത്രമേ ഒരു വ്യക്തിക്ക് സ്വയമായി ഉളവാക്കാൻ കഴിയുകയുള്ളു; ആ മാനസാന്തരം ജീവൻ നല്കുന്നതല്ല; മരണം ഉളവാക്കുന്നതാണ്. ദൈവഹിതപ്രകാരമുള്ള മാനസാന്തരമാണ് വ്യക്തിക്ക് ജീവൻ നല്കുന്നത്. അത് ദൈവത്തിൻ്റെ വചനം അഥവാ സുവിശേഷത്താൽ ലഭിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ദാനമാണ്. (2കൊരി, 7:8-10; ഗലാ, 3:2; എഫെ, 1:13,14). ‘അവരോടു ചേർന്നു’ അഥവാ പ്രാദേശിക സഭയോടുചേർന്ന് ദൈവവചനം പഠിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്യേണ്ടത് രക്ഷിക്കപ്പെട്ട വ്യക്തി ചെയ്യേണ്ടതാണ്. എന്നാൽ ക്രിസ്തുവിൻ്റെ ശരീരമായ സാർവ്വത്രിക സഭയോട് ചേർക്കുന്നത് മനുഷ്യരല്ല; കർത്താവണത് ചെയ്യുന്നത്: “കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.” (പ്രവൃ, 2:46; 1കൊരി, 12:12,13). പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ!

കൂടുതൽ ആറിയാൻ ആഗ്രഹിക്കുന്നു എങ്കിൽ, ആത്മസ്നാനവും ജലസ്നാനവും, സ്നാനവും രക്ഷയും എന്നീ ലേഖനങ്ങൾ ദയവായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *