യഹോവയ്ക്കുവേണ്ടി കാത്തിരിക്കുന്നവൻ

യഹോവയ്ക്കുവേണ്ടി കാത്തിരിക്കുന്നവൻ

സമയക്കുറവു കാരണം എല്ലാം ക്ഷണത്തിൽ ലഭ്യമാക്കുവാൻ ആധുനിക മനുഷ്യൻ ആഗ്രഹിക്കുന്നു. ഇന്ന് ശാസ്ത്രസാങ്കേതിക പുരോഗതിയിലൂടെ അനേകം കാര്യങ്ങൾ അവനു ക്ഷണത്തിൽ ലഭിക്കുന്നുണ്ട്. ബാങ്കുകളിലെ പ്രത്യേക സംവിധാനംവഴി, കാർഡുപയോഗിച്ച് നിമിഷങ്ങൾകൊണ്ട് ആവശ്യക്കാരന് പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാം; ചായയും കാപ്പിയും ഉടനടി തയ്യാറാക്കാം; വിവിധങ്ങളായ ഭക്ഷണങ്ങളുടെ പാചകം നിമിഷങ്ങൾക്കകം പൂർത്തിയാക്കാം. സമയത്തിന്റെ ദൗർലഭ്യത്താൽ എല്ലാം ക്ഷണത്തിൽ നേടുവാനുള്ള അഭിവാഞ്ഛ മനുഷ്യനിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. സമയക്കുറവിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഈ പ്രവണത ഇന്ന് ആത്മീയലോകത്തുപോലും പ്രകടമാണ്. പരസ്യാരാധനയ്ക്കു മാത്രമല്ല, വ്യക്തിപരമായ രഹസ്യപ്രാർത്ഥനകളുടെ സമയം പോലും കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അനേകരും. അത്യുന്നതനായ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നവർപോലും സമയക്കുറവു കാരണം ദൈവവുമായി ബന്ധപ്പെടുവാൻ അഥവാ പ്രാർത്ഥിക്കുവാൻ കഴിയാത്തവരായിത്തീർന്നിരിക്കുന്നു. ഈ അവസ്ഥയിൽ, ദൈവത്തോട് ഒപ്പമിരിക്കുന്നതിനു സമയം കണ്ടെത്തുവാൻ കഴിയാത്ത ആത്മികൻ യിസ്രായേൽ രാജാവായ ദാവീദിന്റെ സമീപനം മാതൃകയാകണം. ദാവീദ് ദിവസം മുഴുവനും ദൈവത്തിനായി കാത്തിരിക്കുന്നു. (സങ്കീ, 25:5). ദൈവത്തിന്റെ വഴികൾ ദൈവത്തിൽ നിന്നുതന്നെ പഠിക്കുന്നതിനും അവന്റെ ഉപദേശങ്ങൾ നേരിട്ടു ശ്രവിക്കുന്നതിനുമായിരുന്നു അവൻ കാതോർത്തു കാത്തിരുന്നത്. അവന്റെ സകല വഴികളിലും അവനെ രക്ഷിച്ചു വഴിനടത്തുന്നത് അവന്റെ ദൈവം മാത്രമാണെന്ന് അവന് അറിയാവുന്നതുകൊണ്ട്, സത്യത്തിൽ നടക്കുവാൻ തന്നെ അഭ്യസിപ്പിക്കേണ്ടതിന് അവൻ പരമഗുരുവായ ദൈവത്തിന്റെ പാദപീഠത്തിൽ ക്ഷമയോടെ നോക്കിയിരിക്കുന്നു. (സങ്കീ, 25:4-5). സർവ്വശക്തനായ ദൈവത്തിന്റെ സന്നിധിയിൽ ദാവീദിനെപ്പോലെ “നിന്റെ വഴികൾ എന്നെ അറിയിക്കണമെ” എന്നപേക്ഷിച്ചുകൊണ്ട് നാം കാത്തിരിക്കുകയാണെങ്കിൽ അവന്റെ മൃദുസ്വരം കേൾക്കുവാൻ നമുക്കും കഴിയും. അപ്പോൾ “നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ” എന്ന് ദാവീദിനെപ്പോലെ ഉച്ചൈസ്തരം നമുക്കും പ്രഘോഷിക്കുവാൻ കഴിയും.

Leave a Reply

Your email address will not be published.