മൂന്ന് യഹോവ ഉണ്ടെന്ന് പറയുന്നത് ഭോഷ്കിൻ്റെ ആത്മാവിനാൽ

ത്രിത്വമെന്ന ഉപദേശം സ്ഥാപിക്കാൻ മൂന്ന് യഹോവയുണ്ടെന്ന് വാജമായി പറയുന്നവരാണ് ത്രിത്വവിശ്വാസികളിൽ പലരും. ഇത് വിശ്വാസികളുടെ മാത്രം കുഴപ്പമല്ല; അവരുടെ ദൈവശാസ്ത്രവും ഇത് പറയുന്നുണ്ട്. ഉദാ: പഴയനിയമത്തിൽ ട്രിനിറ്റിയുടെ തെളിവായി ആവർത്തനം 6:4 ഉദ്ധരിച്ചുകൊണ്ട് ദൈവശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ” എന്നതിൻ്റെ എബ്രായരൂപമാണ്, ഷേമ യിസ്രായേൽ, യഹോവ എലോഹെനു, യഹോവ എഹാദ്. ഇതിൻ്റെ പദാനുപദ വിവവർത്തനം കേൾക്ക യിസ്രായേലേ, യഹോവ നമ്മുടെ എലോഹീം (ദൈവം) യഹോവ ഏകൻ എന്നാണ്. ദൈവികത്രിത്വത്തെ സമുദ്ഘോഷിക്കുന്നവയാണ് ഇതിലെ പ്രയോഗങ്ങൾ. മൂന്ന് ആളത്തങ്ങളും ഇവിടെ പരാമർശിക്കപ്പെട്ടിട്ടുണ്ട്. കർത്താവ് (യഹോവ), നമ്മുടെ ദൈവം (എലോഹെനു), കർത്താവ് (യഹോവ) ഏകൻ തന്നെ. മൂന്ന് ആളത്തങ്ങളായ പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകൻ തന്നേ. [ദൈവം ത്രിയേകത്വം, വ്യവസ്ഥിത ദൈവശാസ്ത്രം, പേജ്, 159]. അതായത്, “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ” എന്ന വേദഭാഗത്ത്, രണ്ടുപ്രാവശ്യം യഹോവയെന്നും ഒരു പ്രാവശ്യം ദൈവമെന്നും പറഞ്ഞിരിക്കുന്നത്, മൂന്ന് യഹോവയെക്കുറിച്ച് അഥവാ, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കുറിച്ചാണെന്ന് ദൈവശാസ്ത്രം പറഞ്ഞുവെക്കുന്നു. ഇതൊക്കെ വായിച്ചിട്ടാണ്, മൂന്ന് യഹോവയുണ്ടെന്ന ബൈബിൾ വിരുദ്ധ ഉപദേശം പലരും ഏറ്റുപാടുന്നത്. എന്നാൽ, യഹോവ ഒരുത്തൻ മാത്രമാണ് ഉള്ളതെന്ന് ദൈവത്തിൻ്റെ ആത്മാവിനാൽ വിരചിതമായ ബൈബിളിൽ അനവധി വാക്യങ്ങളിലായി എഴുതിവെച്ചിട്ടുണ്ട്. അതാണ് ഇനി കാണാൻ പോകുന്നത്.

യഹോവയായ ദൈവത്തിൽനിന്ന് നമുക്ക് തുടങ്ങാം. ഒന്നാംകല്പനയിൽ യഹോവ പറയുന്നത് ഇപ്രകാരമാണ്: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു” എന്നാണ് ഒന്നാമത്തെ കല്പന. (പുറ, 20:2; ആവ, 5:6-7). ഇവിടെ രണ്ട് കാര്യങ്ങൾ കാണാം. ഒന്നാമത്, യഹോവയായ ഞാൻ മാത്രമാണ് ദൈവം. യഹോവയായ ഞങ്ങൾ എന്നല്ല; ഞാൻ എന്ന ഉത്തമപുരുഷ ഏകവചന സർവ്വനാമം ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് യഹോവയുണ്ടെങ്കിൽ, യഹോവയായ ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് ദൈവം പറയുമോ? ഞങ്ങളല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന് പറയുമായിരുന്നു. രണ്ടാമത്, ഞാൻ എന്ന ഏകൻ അല്ലാത്തതെല്ലാം അന്യദൈവങ്ങളാണ്. അതായത്, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ, അതിൽ രണ്ട് യഹോവമാർ അന്യദൈവങ്ങളാണെന്ന് പറയുന്നത്. ഈ ഒന്നാം കല്പന പതിനഞ്ച് പ്രാവശ്യം യഹോവ തന്നെ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അടുത്തവാക്യം:  “സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല.” (പുറ, 9:14). വാക്യം ശ്രദ്ധിക്കുക: സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല. ട്രിനിറ്റിയുടെ വ്യാജം പോലെ, മൂന്ന് യഹോവ ഉണ്ടെങ്കിൽ, “എന്നെപ്പോലെ മറ്റൊരുത്തനുമില്ല” എന്ന് ഏകവചനത്തിൽ അതിൽ ഒരു യഹോവയ്ക്ക് പറയാൻ കഴിയുമോ? ഞങ്ങളെപ്പോലെ മറ്റൊരുത്തനും ഇല്ലെന്നല്ലേ പറയേണ്ടത്? അതായത്, ട്രിനിറ്റിയിൽ വ്യാപരിക്കുന്നത് ഭോഷ്കിൻ്റെ ആത്മാവാണെന്ന് മാത്രമല്ല; സത്യേകദൈവത്തെയും ഭോഷ്കു പറയുന്നവൻ ആക്കുന്നു. അടുത്തവാക്യം: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.” (ആവ, 32:39). മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ലെന്ന് അതിൽ ഒരു യഹോവ പറയുമോ? അടുത്തവാക്യം: “ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല.” (യെശ, 45:5). മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാൻ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല എന്ന് അതിൽ ഒരു യഹോവ പറയുമോ? അടുത്തവാക്യം: “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22). മൂന്ന് യഹോവയുണ്ടെങ്കിൽ, എങ്കലേക്ക് നോക്കി (Look unto me) രക്ഷപ്രാപിക്കാൻ അതിൽ ഒരു യഹോവ പറയുമോ? അതായത്, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ, അതിൽ ഒരു യഹോവ ഒഴികെ, രണ്ടുപേർ ദൈവമല്ലാത്തവരും രക്ഷിക്കാൻ കഴിയാത്തവരുമായ നിർഗുണന്മാരാണെന്നാണ് പറയുന്നത്. വിശേഷാൽ, താനല്ലാതെ മറ്റൊരു ദൈവവും രക്ഷിതാവമില്ല; താനൊരുത്തനെയും അറിയുന്നില്ല എന്ന് പറയുന്ന ഏകസത്യദൈവത്തെ നിഷേധിക്കുന്നവരാണ് ത്രിത്വവിശ്വാസികൾ. ഈ വിശ്വാസം എങ്ങനെ ദൈവികമാകും. ഭോഷ്കിൻ്റെ ആത്മാവിൽ നിന്നാണ് ഈ ഉപദേശം ഉണ്ടായിരിക്കുന്നത്. യഹോവ പറയുന്ന ഈ വാക്യങ്ങളും നോക്കുക: യെശ, 43:10; 43:11; 44:6,8; 45:18,21; 46:9; ഹോശേ, 13:5; യോവേ, 2:27).

ഇനി, പഞ്ചഗ്രന്ഥങ്ങളുടെ എഴുത്തുകാരനും ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച മോശയുടെ വാക്കുകൾ നോക്കാം: “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;.” (പുറ, 8:10). വാക്യം ശ്രദ്ധിക്കുക: ഞങ്ങളുടെ ദൈവമായ യഹോവമാരെപ്പോലെ എന്നല്ല; യഹോവയെപ്പോലെ ആരുമില്ല. മൂന്ന് യഹോവയുണ്ടെങ്കിൽ, ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ലെന്ന് മോശെ പറയുമോ? തന്മൂലം, യഹോവ ഒരുത്തൾ മാത്രമേയുള്ളു എന്ന് വ്യക്തമാണല്ലോ. അടുത്തവാക്യം:  “യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നേ.” (ആവ, 4:35). വാക്യം ശ്രദ്ധിക്കുക: യഹോവ തന്നേ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല. യഹോവ അവൻ ആണ്; അവർ അല്ല. മൂന്ന് യഹോവയുണ്ടെങ്കിൻ അവൻ അല്ലാതെ മറ്റൊരുത്തനും ഇല്ലെന്ന് പറയാൻ കഴിയുമോ? അടുത്തവാക്യം: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). വാക്യം ശ്രദ്ധിക്കുക: യഹോവമാർ എന്നല്ല; യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല. മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ഒരു യഹോവ മാത്രമാണ് ദൈവം; മറ്റൊരുത്തനും ഇല്ലെന്നാണ് ദൈവപുരുഷനായ മോശെ പറയുന്നത്. ഈ വാക്യങ്ങളും നോക്കുക: (പുറ, 15:11; 22:20; ആവ, 3:24; 6:4; 32:12; 33:26). തന്മൂലം, മൂന്ന് യഹോവയുണ്ടെന്ന് പഠിപ്പിക്കുന്ന ത്രിത്വോപദേശം ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം. 

ഇനി, മറ്റു ഭക്തന്മാർ പറയുന്നത് നോക്കാം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം (thou art the God, even thou alone) ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (2രാജാ, 19:15). വാക്യം ശ്രദ്ധിക്കുക: യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു. മൂന്നോ, നാലോ യഹോവയുണ്ടെന്ന് പറഞ്ഞാലും, അതിൽ ഒരുത്തൻ മാത്രം അഥവാ, ഒരു യഹോവ മാത്രമാണ് ദൈവമെന്ന് വളരെ വ്യക്തമാനാണ് ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്. അടുത്തവാക്യം: “അവൻ  തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ  നടക്കുന്നു.” (ഇയ്യോ, 9:8). യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയതെന്ന് ഇയ്യോബ് പറയുന്നു. മൂന്ന് യഹോവയുണ്ടെങ്കിൽ, അതിൽ ഒരു യഹോവ ഒറ്റയ്ക്കാണ് സൃഷ്ടി നടത്തിയത്. ബാക്കി രണ്ടുപേർ സ്രഷ്ടാവല്ലാത്ത വെറും ഡമ്മികളാണോ? അടുത്ത വാക്യം: “താൻ  മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.” (സങ്കീ, 72:18). മൂന്ന് യഹോവയുണ്ടെങ്കിൽ, യിസ്രായേലിൻ്റെ ദൈവമായ യഹോവ ഒരുത്തൻ മാത്രമാണ് അത്ഭുതങ്ങളെ ചെയ്യുന്നവനെന്ന് ദാവീദ് പറയുമോ? അടുത്ത വാക്യം: “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.” (സങ്കീ, 86:10). മൂന്ന് യഹോവയുണ്ടെങ്കിൽ, നീ മാത്രം ദൈവമാകുന്നു എന്ന് ഏകവചനത്തിൽ ദൈവത്തിൻ്റെ ഹൃദയപ്രകാരമുള്ള പുരുഷനായ ദാവീദ് പറയുമോ? അടുത്തവാക്യം: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). ഈ വാക്യത്തിൽ, താൻ ഒറ്റയ്ക്കാണ് ആകാശഭൂമികൾ സൃഷ്ടിച്ചതെന്നാണ് യഹോവ പറയുന്നത്. മൂന്ന് യഹോവയുണ്ടെങ്കിൽ, താൻ ഒരുത്തൻ മാത്രമാണ് സകലവും സൃഷ്ടിച്ചതെന്ന് അതിൽ ഒരു യഹോവ പറയുമോ? അതായത്, മൂന്നല്ല; മുന്നൂറ് യഹോവയുണ്ടെന്ന് ഭോഷ്കിൻ്റെ ആത്മാവിൽ പറഞ്ഞാലും, അതിൽ ഒരുത്തൻ മാത്രമാണ് ദൈവമെന്നും ഒരുത്തൻ മാത്രമാണ് സ്രഷ്ടാവെന്നും മറ്റൊരുത്തനുമില്ലെന്നും യഹോവയായ ദൈവവും പഴയനിയമഭക്തന്മാരും ഖണ്ഡിതമായി പറഞ്ഞുവെച്ചിട്ടുണ്ട്. തന്മൂലം, ഭോഷ്കിൻ്റെ ആത്മാവുള്ളവർക്കല്ലാതെ മൂന്ന് യഹോയയുണ്ടെന്ന് പറയാൻ കഴിയില്ല.

ഇനി പറയുന്ന ഏഴ് വാക്യങ്ങൾ, യഹോവ ഒരുത്തൻ മാത്രമാണ് എന്ന് സ്ഫടികസ്ഫുടം തെളിയിക്കുന്നതാണ്. 1. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ (one LORD)”. (ആവ, 6:4). വാക്യം വളരെ ശ്രദ്ധിക്കുക: യഹോവ നമ്മുടെ ദൈവമാകുന്നു എന്ന് പറഞ്ഞശേഷം; യഹോവ മൂന്നുപേർ എന്നല്ല പറയുന്നത്; യഹോവ ഏകൻ തന്നേ എന്നാണ് പറയുന്നത്. ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച ദൈവപുരുഷനായ മോശെ, യഹോവ ഏകനാണെന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. 2. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം (thou art the LORD God, even thou only) എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19). വാക്യം ശ്രദ്ധിക്കുക: ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം. മൂന്ന് യഹോവയുണ്ടെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണെന്ന് ഹിസ്കീയാവ് പറയുമോ?3. “നീ, നീ മാത്രം യഹോവ ആകുന്നു; (Thou, even thou, art LORD alone) നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി.” (നെഹെ, 9:6). മൂന്ന് യഹോയുണ്ടെങ്കിൽ, നീ, നീ മാത്രം യഹോവ ആകുന്നു എന്ന് ഏകവചനത്തിൽ നെഹെമ്യാവ് പറയുമോ? 4. “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (whose name alone is JEHOVAH) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ്റെ നാമം മാത്രമാണ് യഹോവയെന്ന് ദാവീദ് പറയുമോ? 5. “സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (Jehovah alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ മാത്രമാണ് യഹോവയെന്ന് യെശയ്യാവ് പറയുമോ? 6. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ (the LORD, even thou only) എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ മാത്രമാണ് യഹോവയെന്ന് യെശയ്യാവിനെക്കൊണ്ട് ദൈവാത്മാവ് എഴുതിക്കുമോ? 7. “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു — അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:– ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (I am the LORD; and there is none else). (യെശ, 45:18). ആകാശഭൂമികൾ സൃഷ്ടിച്ച സർവ്വശക്തനായ ഏകദൈവം പറയുന്നു: ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാനാണ് യഹോവ വേറൊരുത്തനും ഇല്ലെന്ന് യഹോവ ഭോഷ്ക്ക് പറയുകയാണോ? ഇത്രയ്ക്ക് സ്ഫടികസ്ഫുടമായി ദൈവാത്മാവിനാൽ എഴുതി വെച്ചിട്ടും, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ ദൈവം ആരാണ് അവൻ്റെ പ്രകൃതിയെന്താണ് എന്നൊക്കെ അറിയാത്തവരാണ്. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ത്രിമൂർത്തി ഉപദേശം വിശ്വസിക്കുന്നവരാണ് മൂന്ന് യഹോവയുണ്ടെന്ന് പറയുന്നത്. അത് ബൈബിൾ വിരുദ്ധമാണ്.

യഹോവ എന്നത് പിതാവായ ഏകസത്യദൈവത്തിൻ്റെ പഴയ നിയമത്തിലെ പേരാണ്. (പുറ, 3:14-15). യഹോവ എന്ന ദൈവനാമം 6,800-ലേറെ പ്രാവശ്യമുണ്ട്. എന്നാൽ, ഒരിക്കൽപ്പോലും ആ നാമം പുത്രനോ പരിശുദ്ധാത്മാവിനോ ഉപയോഗിച്ചിട്ടില്ല. എന്നാൽ, ഒറ്റയെ കുറിക്കുന്ന മോണോസ് (monos) എന്ന ഗ്രീക്കു പദം കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ക്രിസ്തു പറയുന്നത് നോക്കുക:

1. ശാസ്ത്രിമാരും പരീശന്മാരും: “ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കോ, 5:21). ഈ വാക്യത്തിൽ, ദൈവം ഒരുവൻ എന്ന് പറയുന്നത് ഗ്രീക്കിൽ മോണോസ് ഒ തിയൊസ് (monos o theos) ആണ്. അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തുല്യമായ മോണൊസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് യഹോവയുണ്ടെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ ദൈവാത്മാവ് സമ്മതിക്കുമോ?

2. “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോയു (monou theou) ആണ്. ഇത് പറയുന്നത് നമ്മുടെ കർത്താവായ ക്രിസ്തുവാണെന്ന് ഓർക്കണം. മൂന്ന് യഹോവയുണ്ടെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ?

3. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം ഗ്രീക്കിൽ, ടൊൺ മോണോൻ അല്തിനൊൻ തിയൊൻ (ton monon alithinon theon) ആണ്. ഇതും ക്രിസ്തു പറഞ്ഞതാണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, സത്യദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായി പറയുമായിരുന്നോ? ബഹുദൈവ വിശ്വാസം സ്ഥാപിക്കാനുള്ള വ്യഗ്രതയിൽ ക്രിസ്തുവിനെപ്പോലും; ട്രിനിറ്റി അംഗീകരിക്കുയോ, വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നതാണ് യഥാർത്ഥ വസ്തുത.

4. “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യത്തിൽ പറയുന്ന ഏകജ്ഞാനിയായ ദൈവം ഗ്രീക്കിൽ, മോണോ സോഫൊ തിയോ (mono sofo theo) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പൗലൊസ് പറയുമോ?

5. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). ഈ വാക്യം ഇംഗ്ലീഷിൽ, ഏകജ്ഞാനിയായ ദൈവം എന്നാണ്. അത് ഗ്രീക്കിൾ, മോണോ സോഫൊ തിയോ (mono sofo theo) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി എഴുതിവെക്കുമോ?

6. “ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും.”  (1തിമൊ, 6:15). ഈ വാക്യത്തിൽ പറയുന്ന ഏകാധിപതി ഗ്രീക്കിൽ, മോണോസ് ഡൈനാസ്റ്റിസ് (monos dynastis) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഏകാധിപതിയാണെന്ന് എഴുതിവെക്കാൻ ദൈവാത്മാവ് സമ്മതിക്കുമോ?

7. “താൻ  മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” ഈ വാക്യത്തിൽ പറയുന്ന താൻ മാത്രം അമർത്യതയുള്ളവൻ ഗ്രീക്കിൽ, മോണോസ് എകോൻ അത്താനാസിയൻ (monon echon athanasian) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് കൊണ്ട് ഖണ്ഡിതമായി പൗലൊസ് അപ്പൊസ്തലൻ പറയുമോ?

8. ഈ വാക്യം സത്യവേദപുസ്തകത്തിൽ പരിഭാഷാ പ്രശ്നം ഉള്ളതുകൊണ്ട്, KJV-യുടെ മലയാളം പരിഭാഷയായ ബൈഞ്ചമിൻ ബെയ്‌ലിയിലെ വാക്യം ചേർക്കുന്നു: ഏകനായി കർത്താവായ ദൈവത്തെയും, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” (യൂദാ, 1:4). എല്ലാ അംഗീകൃത ഇംഗ്ലീഷ് പരിഭിഷകളിലും വാക്യം ഇങ്ങനെ തന്നെയാണ്. ഈ വാക്യത്തിൽ പറയുന്ന ഏകകർത്താവായ ദൈവം ഗ്രീക്കിൽ, ടൺ മോണോൺ ഡെസ്പോറ്റിൻ തിയോൺ (ton monon despotin theon) എന്നാണ്, മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് യൂദാ ഖണ്ഡിതമായി പറയുമോ?

9. “നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ.” (യൂദാ, 1:25). ഈ വാക്യത്തിൽ പറയുന്ന ഏകദൈവം ഗ്രീക്കിൽ, മോണോ തിയോ (mono theo) ആണ്. മൂന്ന് യഹോവയുണ്ടെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് എഴുതിവെക്കാൻ യൂദായെ ദൈവാത്മാവ് അനുവദിക്കുമായിരുന്നോ?

10. “കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും.” (വെളി, 15:4). ഈ വാക്യത്തിൽ പറയുന്ന ഏകപരിശുദ്ധൻ ഗ്രീക്കിൽ, മോണോസ് ഓസിയൊസ് (monos osios) ആണ്. അതായത്, മേല്പറഞ്ഞ വാക്യങ്ങളിലെല്ലാം, ഒറ്റയെ അഥവാ, സിംഗിളിനെ കുറിക്കുന്ന മോണോസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് യഹോവ ഉണ്ടായിരുന്നെങ്കിൽ, ഒറ്റയെ കുറിക്കുന്ന മോണോസ് കൊണ്ട്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായി എഴുതിവെക്കാൻ അപ്പൊസ്തലന്മാരെ ദൈവാത്മാവ് അനുവദിക്കുമായിരുന്നോ? എന്നുവെച്ചാൽ, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും ബൈബിൾ വെളിപ്പെടുത്തുന്ന ദൈവത്തിന് ഒരു ബഹുത്വമുണ്ടെന്നോ, മൂന്ന് യഹോവയുണ്ടെന്നോ തെളിയിക്കാൻ സ്വർഗ്ഗത്തിലോ ഭൂമിയിലെ ആർക്കും കഴിയില്ല. എന്തെന്നാൽ, യഹോവയായ ഏകദൈവമല്ലാതെ; യഹോവയ്ക്ക് സമനായോ, സദൃശനായോ, യഹോവയ്ക്ക് മുമ്പോ, പിമ്പോ മറ്റൊരുത്തനും സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ല. യഹോവയായ ഏകദൈവത്തിനും ദൈവത്തിൻ്റെ ക്രിസ്തുവിനും ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട യിസ്രായേൽ ജനത്തിനും പഴയപുതിയനിയമ എഴുത്തുകാർക്കും ഒരു  യഹോവയല്ലാതെ മറ്റൊരു യഹോവയെ അറിയില്ല. മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവരും ഏകസത്യദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയുന്നവരും ദൈവം ത്രിത്വമാണെന്ന് പറയുന്നവരും ഒരുപോലെ ദോഷകാരികളാണ്. ദൈവത്മാവിനാൽ എഴുതപ്പെട്ട വചനത്തിന് വിരുദ്ധമായി വാതുറക്കാൻ ഭോഷ്കിൻ്റെ ആത്മാവുള്ളവർക്ക് മാത്രമേ കഴിയുകയുള്ളു. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *