ബെഞ്ചമിൻ ബെയ്‌ലി

ബെഞ്ചമിൻ ബെയ്‌ലി

മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയാണ്‌ ബെഞ്ചമിൻ ബെയ്‌ലി. (ജനനം:1791 – മരണം 1871 ഏപ്രിൽ 3) ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയിൽ ജനിച്ച അദ്ദേഹം ചർച്ച മിഷനറി സൊസൈറ്റിയുടെ (സി.എം.എസ്.) മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുവിശേഷ പ്രചാരണത്തിനായി കേരളത്തിലെത്തുകയും മലയാള ഭാഷക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകുകയും ചെയ്തയാളാണ്‌.

പശ്ചാത്തലം: പതിനെട്ടാം നൂറ്റാണ്ട് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഘോരമായ അന്ധകാരത്തിന്റെ കാലഘട്ടമായിരുന്നു. ഭീഷണമായ സാമൂഹിക അസമത്വങ്ങളും അനീതികളും കൊണ്ട് കേരളത്തിലെ സ്ഥിതി അതിനേക്കാൾ ഭയങ്കരമായിരുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ജാതിവ്യവസ്ഥ കർക്കശമായി പാലിക്കപ്പെട്ട സ്ഥലമായിരുന്നു കേരളം. അയിത്തം, തീണ്ടൽ, തൊട്ടുകൂടായ്മ, അടിമത്തം, ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു. വിദ്യാഭ്യാസം ഉന്നത സാമുദായികർക്കുമാത്രമായി പരിമിതപ്പെട്ടിരുന്നു. ക്രിസ്ത്യാനികളിൽ തന്നെ വളരെ ചുരുക്കം പേരേ വിദ്യാഭ്യാസം നേടിയിരുന്നുള്ളൂ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടു കൂടി പാശ്ചാത്യ മിഷണറിമാർ കേരളത്തിലേക്ക് വരാൻ തുടങ്ങി. പ്രേഷിത പ്രവർത്തനത്തിനായി വന്ന അവർ ഇവിടത്തെ സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തി. സാമൂഹികമായും വിദ്യാഭ്യാസപരമായും കേരളം പുരോഗമിച്ചു. എവിടെയെല്ലാം മിഷണറിമാർ പ്രവർത്തിച്ചുവോ അവിടെയെല്ലാം പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ കലാശാലകൾ വരെ സ്ഥാപിക്കാനായി അവർ രാപകൽ അദ്ധ്വാനിച്ചു. ഈ മിഷണറിമാരിൽ എടുത്തു പറയേണ്ട പേരുകളിലൊന്ന് ബെഞ്ചമിൻ ബെയ്‌ലിയുടേതാണ്. അറിയാത്ത ഭാഷയിലുള്ള ആരാധനകേട്ട് ശീലമായ ക്രിസ്ത്യാനികൾക്ക് ആദ്യമായി നാട്ടുഭാഷയിൽ പ്രാർത്ഥിക്കുന്നതിന്റെ അനുഭൂതി പകർന്നത് അദ്ദേഹമാണ്‌. മലയാളം അച്ചടിയിലെ ബാലപാഠങ്ങളും മലയാളിയെ അദ്ദേഹം പഠിപ്പിച്ചു. മിഷണറി പ്രവർത്തനത്തിനിടയിൽ മക്കൾ ഉൾപ്പെടെ തനിക്ക് പ്രിയപ്പെട്ടവരെ മരണത്തിന്‌ വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും നിരാശനാകാതെ വിരമിക്കുന്നതുവരെ അദ്ദേഹം പ്രവർത്തനനിരതനായി.

1812-ൽ ബെഞ്ചമിൻ സി.എം.എസ്സ് എന്ന മിഷനറി സമൂഹത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി എന്ന നിലയിൽ വൈദിക കോളേജിൽ ചേർന്നു. സഹോദരി സാറയുടെ ഭർത്താവായിർത്തീർന്ന ജോസഫ് ഡോവ്സൺ, ജോൺ കോളിയർ എന്നിവർ സതീർത്ഥ്യരായിരുന്നു. 1815-ൽ അദ്ദേഹം ഡീക്കൻ പട്ടം സ്വീകരിച്ചു. 8 മാസത്തിനു ശേഷം പൂർണ്ണ വൈദികപ്പട്ടവും ഏറ്റു. ഇതിനിടക്ക് അദ്ദേഹം എലിസബത്ത് എല്ല എന്ന യുവതിയെ വിവാഹം കഴിച്ചു.

1816-ൽ ബെയ്‌ലിയും ഭാര്യ എലിസബത്ത് എല്ലയും ഡാവ്സൺ, ഭാര്യ സാറ (ബെഞ്ചമിന്റെ സഹോദരി) എന്നിവരും അടങ്ങിയ ഒരു ചെറുസംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കാൻ സി.എം.എസ്സ് സമൂഹം തീരുമാനിച്ചു. തുടർന്ന് മേയ് 4 തീയതി ഹീറോ എന്ന കപ്പലിൽ അവർ ഇന്ത്യയിലേക്ക് തിരിച്ചു. ക്ലേശകരമായ യാത്രക്കൊടുവിൽ സെപ്റ്റംബർ 8-ന്‌ മദ്രാസ് തുറമുഖത്തിലെത്തി. ഒരു മാസം മദ്രാസിൽ ചെലവഴിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷം അവർ കേരളത്തിലേക്ക് യാത്ര തിരിച്ചു.

കേരളത്തിൽ: കുതിരവണ്ടിയിലും കാളവണ്ടയിലുമായി അവർ നവംബർ 16-ന്‌ കൊച്ചിയിലെത്തിച്ചേർന്നു. ഇതിനിടക്ക് എലിസബത്ത് ഗർഭിണിയായി. നവംബർ 19-ന്‌ ആലപ്പുഴയിലെത്തി. അന്നത്തെ റസിഡന്റ് കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ താമസിച്ച് അവർ മലയാളം പഠിച്ചു. ഇവിടെ വച്ച് ബെയ്‌ലി ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. 1817 മാർച്ച് മാസത്തിൽ ബെയ്‌ലിയും കുടുംബവും കോട്ടയത്ത് എത്തിച്ചേർന്നു. അവിടെയുള്ള പഴയ സെമിനാരിയിൽ താമസമാക്കി.

ബൈബിളിന്റെ വിവർത്തനം: കേരളത്തിൽ ക്രി.വ. ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ക്രിസ്തുമതം പ്രചരിച്ചെങ്കിലും 19-ാംനൂറ്റാണ്ടിന്റെ ആരംഭത്തിലേ ബൈബിൾ സാധാരണക്കാരന് വായിക്കാനായുള്ളൂ. ഉണ്ടായിരുന്ന ബൈബിളാകട്ടേ സുറിയാനിയിലും ലത്തീനിലുമായിരുന്നു. അത് സാധാരണക്കാരന് മനസ്സിലാക്കാനാവാത്തതും. പോരാത്തതിന് ബൈബിൾ തൊടുകയോ വായിക്കുകയോ ചെയ്യുന്നത് പാപമാണെന്ന വിശ്വാസവും നിലനിന്നിരുന്നു. പുരോഹിതന്മാർ പറഞ്ഞുകൊടുക്കുന്ന കഥകൾ അല്ലാതെ ജനങ്ങൾക്ക് ബൈബിളുമായി പരിചയപ്പെടാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. 1806-ൽ കേരളം സന്ദർശിച്ച ക്ലോഡിയസ്സ് ബുക്കാനൻ സുറിയാനി സഭയെ ബൈബിൾ വിവർത്തനം ചെയ്യാനായി നിർദ്ദേശിക്കുകയുണ്ടായി. ബുക്കാനൻ പിന്നീട് രണ്ടാമതും കേരളത്തിലെത്തിയപ്പോൾ അന്നു ലഭ്യമായ വിവർത്തനങ്ങൾ ബോംബെയിൽ വിട്ട് അച്ചടിപ്പിച്ചു. കുറിയർ ബൈബിൾ എന്നറിയപ്പെട്ടിരുന്നംഇതിന് ഒട്ടേറെ ന്യൂനതകൾ ഉണ്ടായിരുന്നു. സുറിയാനിയും മലയാളവും കലർന്ന് ഗദ്യരൂപത്തിലായിരുന്നു അത്. ലിപികളാകട്ടെ വളരെംവലുതും വികലമായതും. നല്ല മലയാളത്തിലുള്ള ബൈബിളിൻറെ ആവശ്യകത കേണൽ മൺ‍റോ ബെയ്‍ലിയോട് സൂചിപ്പിക്കുകയും ബെയ്‍ലി ആ ജോലി സന്തോഷം ഏറ്റെടുത്തു. 1818-ൽ ജോസഫ് ഫെൻ കോളേജിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ബെയ്‍ലി ബൈബിളിന്റെ വിവർത്തനത്തിൽ മുഴുകുകയായിരുന്നു.

മലയാളം നന്നായി അറിയാമായിരുന്നെങ്കിലും അദ്ദേഹം ആ ജോലി ഒറ്റയ്‌ക്ക് ചെയ്യാൻ ധൈര്യപ്പെട്ടില്ല. മദ്രാസിൽ പോയി ഇംഗ്ലീഷ് പഠിച്ച സംസ്കൃത പണ്ഡിതനും കവിയുമായിരുന്ന ചെറുശ്ശേരി ചാത്തു നായർ അദ്ദേഹത്തിന് മുഖ്യസഹായിയായിംഎത്തി. കൂടാതെ വൈദ്യനാഥൻ എന്ന പണ്ഡിതനും സുറിയാനി പണ്ഡിതന്മാരായ കത്തനാർമാരും ഹീബ്രു പണ്ഡിതനായ മേശെ ഈശാർഫതും അദ്ദേഹത്തിനെ സഹായിച്ചു. തർജ്ജമ അത്യന്തം വിഷമകരമായിരുന്നു. അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം. സംഭാഷണ ഭാഷക്ക് പ്രാദേശികമായ വ്യത്യാസം എന്നപോലെ തന്നെ ജാതീയമായ വ്യത്യാസംംപോലും ഉണ്ടായിരുന്നു. ഏത് രീതി സ്വീകരിക്കണമെന്നതിൽംവിഷമത അനുഭവിച്ചു. ഒടുവിൽ‌ എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻ നമ്പ്യാർ എന്നിവരുടെ സാഹിത്യങ്ങളിലെ കാവ്യഭാഷാ ശൈലി സ്വാംശീകരിച്ച് ഒരു തനതായ ഗദ്യശൈലി ഉണ്ടാക്കി വിവർത്തനം ആരംഭിച്ചു.

പത്തുവർഷത്തെ നിരന്തര പരിശ്രമം കൊണ്ട് 1829-ൽ ബൈബിൾ പുതിയ നിയമം പ്രസിദ്ധീകരിച്ചു. അയ്യായിരം പ്രതികൾ ഒന്നാം പതിപ്പിൽ അച്ചടിച്ചു. ഇതിന്റെ വിവർത്തനം 1826-ലേ തീർന്നിരുന്നു. അന്നേ തന്നെ പഴയ നിയമത്തിന്റെ വിവർത്തനം ആരംഭിച്ചിരുന്നു. സങ്കീർത്തനത്തിന്റെ പതിപ്പുകൾ ആദ്യം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. പിന്നീട്, മോശെയുടെ പുസ്തകങ്ങൾ എന്നറിയപ്പെടുന്ന ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നീ പുസ്തകങ്ങളും പുറത്തിറക്കി. 1838 ഓടുകൂടി പഴയ നിയമം മുഴുവനായും വിവർത്തനം ചെയ്ത് പുനഃപരിശോധന നടത്തി. 1841-ൽ ബൈബിൾ മുഴുവനായും അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published.