പ്രത്യാശ

പ്രത്യാശ

‘ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു (1കൊരി, 13:13), “നമ്മുടെ കർത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും.” (2തെസ്സ, 2:16). വിശ്വാസത്താൽ വാഞ്ചയോടെ കാത്തിരിക്കുന്ന അവസ്ഥയാണ് പ്രത്യാശ. കഴിഞ്ഞവയും ഇപ്പോഴുളളവയും വരാനുള്ളവയും ആയി കാണാത്ത കാര്യങ്ങളെ പ്രത്യക്ഷമായി ഗ്രഹിക്കുന്നതാണ് വിശ്വാസം. ഭൂതവർത്തമാനഭാവികൾ സിദ്ധദശയിൽ വിശ്വാസത്തിൽ അന്തർഭവിക്കുന്നു. വരാനുള്ളവയെ മാത്രം വിശ്വാസത്തോടെ നോക്കിപ്പാർക്കുന്നതാണ് പ്രത്യാശ. വിശ്വാസം കാലത്രയത്തെയും ഉൾക്കൊള്ളുന്നു; പ്രത്യാശ ഭാവികമാണ്. നിശ്ചയജ്ഞാനം ക്രൈസ്തവ വിശ്വാസത്തെയും പ്രത്യാശയെയും നിസ്തുല്യമാക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസവും നിത്യജീവനെന്ന ഭാവിപ്രത്യാശയാലുമാണ് വ്യക്തി രക്ഷിക്കപ്പെടുന്നത്. രണ്ടും ദൈവത്തിൻ്റെ കൃപയാലുള്ള ദാനമാണ്: “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്.” (റോമ, 8:24; 15:13; എഫെ, 2:5, 8; തീത്തൊ, 1:2). മുമ്പേ നമ്മൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും, പ്രത്യാശയില്ലാത്തവരും, ദൈവമില്ലാത്തവരും ആയിരുന്നു. (എഫെ, 2:12). എന്നാലിപ്പോൾ, ക്രിസ്തു നമ്മുടെ പ്രത്യാശയും (1തിമൊ, 1:1), മഹത്വത്തിൻ്റെ പ്രത്യാശയും (കൊലൊ, 1:29), നിത്യജീവൻ്റെ പ്രത്യാശയുമാണ്. (തീത്തൊ,1:2). വർത്തമാനകാലത്തിലെ കഷ്ടതകൾ നിസ്സാരമായിക്കരുതി മുന്നോട്ടുപോകാൻ പ്രത്യാശ നമ്മെ പ്രേരിപ്പിക്കുന്നു. (വിലാ, 3:29). “ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.” (2കൊരി, 1:10).

Leave a Reply

Your email address will not be published.