പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ്❓

പിതൃപുത്രാത്മാവിനെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണെന്ന് ചോദിച്ചാൽ; അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണ്. അഥവാ, മനുഷ്യരോടുള്ള ബന്ധത്തിലെ, ഏക ദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. ഈ വസ്തുത ശരിയായി ഗ്രഹിക്കണമെങ്കിൽ, ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവത്തിൻ്റെ പ്രകൃതി എന്താണെന്ന് അറിയണം. “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). “അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനും മരണമില്ലാത്തവനുമായ ഏകദൈവം അഥവാ, മോണോസ് തിയൊസ് (monos theos) ആണ്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം.” (1തിമൊ, 1;17; യോഹ, 4:24; യിരെ, 23:23-24; യോഹ, 1:18, റോമ, 16:24; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). താൻ ആകാശങ്ങളും ഭൂമിയും നിറഞ്ഞു നില്ക്കുന്നവനാണെന്ന് ദൈവം പറയുന്നു. (യിരെ, 23:23-24). സ്വർഗ്ഗത്തിൽ കയറിയാൽ അവിടെയും പാതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും ദൈവത്തിൻ്റെ കൈ തന്നെ പിടിക്കും എന്ന് ദാവീദ് പറയുന്നു. (സങ്കീ, 139:7-10). സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലന്ന് ശലോമോൻ പറയുന്നു. (1രാജാ, 8:27). “അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു” എന്നാണ് പൗലൊസ് പറയുന്നത്. (പ്രവൃ, 17:28). അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതെന്ന് പറഞ്ഞാൽ, ദൈവത്തിൻ്റെ ഉള്ളിലാണ് പ്രപഞ്ചം മുഴുവൻ സ്ഥിതിചെയ്യുന്നത് എന്നാണ്. ദൈവസാന്നിധ്യം പ്രപഞ്ചം മുഴുവൻ ഉണ്ടെങ്കിലും, ദൈവം വസിക്കുന്നത് പ്രപഞ്ചത്തിൻ്റെ ഉള്ളിലല്ല; പ്രപഞ്ചം മുഴുവൻ ദൈവത്തിൻ്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. അതായത്, ദൈവം തൻ്റെ സൃഷ്ടിയെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്; സൃഷ്ടികൾ ദൈവത്തെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്.

നിത്യദൈവം എന്ന പ്രയോഗം മൂന്നു പ്രാവശ്യമുണ്ട്. (ഉല്പ, 21:33; യെശ, 40:28; റോമ, 16:24). ദൈവം അദൃശ്യനാണെന്ന് മൂന്നു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; 11:27). ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടു പ്രാവശ്യം പറഞ്ഞിട്ടുണ്ട്. (യോഹ, 1:18; 1യോഹ, 4:12). ദൈവത്തെ കാണ്മാൻ കഴിയില്ലെന്നും പറഞ്ഞിട്ടുണ്ട്. (1തിമൊ, 6:16). നിത്യൻ എന്നാൽ, എപ്പോഴും ഉള്ളവൻ അഥവാ, ശാശ്വതവാൻ എന്നാണ്. “പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീ, 90:2. ഒ.നോ: യെശ, 57:15). അദൃശ്യൻ അഥവാ, അഗോചരൻ എന്നാൽ; ഇന്ദിയങ്ങൾകൊണ്ട് ഗ്രഹിക്കാൻ കഴിയാത്തവൻ എന്നാണ്. അതായത്, അദൃശ്യനായ ദൈവം അരൂപി അഥവാ, കാണത്തക്ക ഒരു രൂപം ഇല്ലാത്തവനാണ്. അദൃശൻ എന്ന പ്രയോഗത്തിൻ്റെ നിർവ്വചനമാണ്, ആരുമൊരുനാളും കാണാത്തവൻ, കാണ്മാൻ കഴിയാത്തവൻ: “യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.” (യെശ, 45:15). അതായത്, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ആത്മാവാണ് ദൈവം.

ബൈബിളിൻ്റെ അവസാനത്തെ പുസ്തകം ഉൾപ്പെടെ, അഞ്ച് പുസ്തകങ്ങൾ എഴുതിയ ആളാണ് യോഹന്നാൻ അപ്പൊസ്തലൻ. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് അവനാണ്. കാണ്മാൻ കഴിയില്ലെന്ന് പൗലൊസും പറഞ്ഞിട്ടുണ്ട്. അതിൽ, ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല എന്ന് ബൈബിൾ അസന്ദിഗ്ധമായി പറയുമ്പോൾത്തന്നെ, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് പറഞ്ഞ യോഹന്നാൻ ഉൾപ്പെടെ, അനേകംപേർ ദൈവത്തെ കണ്ടതായി പറഞ്ഞിട്ടുണ്ട്. മോശെ, അഹരോൻ, നാദാബ്, അബീഹൂ, യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേർ (പുറ, 24:9-11), മീഖായാവ് (1രാജാ, 22:19), ഇയ്യോബ് (42:5), യെശയ്യാവ് (6:1), യെഹെസ്ക്കേൽ (1:26-28), ആമോസ് (9:1), യോഹന്നാൻ (വെളി, 4:8) തുടങ്ങിയവർ സ്വർഗ്ഗത്തിലും ഭൂമിയിലുമായി ദൈവത്തെ കണ്ടിട്ടുള്ളവരാണ്. ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്ന് യോഹന്നാൻ പറഞ്ഞതും, ഭക്തന്മാർ ദൈവത്തെ കണ്ടു എന്ന് പറയുന്നതും ഒരുപോലെ ശരിയാകണം. അല്ലെങ്കിൽ, ബൈബിൽ പരസ്പര വിരുദ്ധമാകും. സിഹാസനത്തിൽ ഇരുന്നുകൊണ്ട്, നിത്യം ദൂതന്മാരുടെ ആരാധന സ്വീകരിക്കുന്ന ദൈവത്തെ കണ്ടു എന്ന് യോഹന്നാൻതന്നെ പറഞ്ഞിട്ടുള്ളതാണ്. (വെളി, 4:2,8). അതേ യോഹന്നാൻ തന്നെയാണ് ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നും പറഞ്ഞിരിക്കുന്നത്. കണ്ടു എന്ന് പറയുന്നതും കണ്ടിട്ടില്ലെന്ന് പറയുന്നതും ഒരുപോലെ ശരിയായില്ലെങ്കിൽ, യോഹന്നാൻ്റെ പുസ്തകങ്ങൾതന്നെ പരസ്പരവിരുദ്ധമാകും.

അപ്പോൾ, അദൃശ്യനായ, ആരുമൊരുനാളും കണ്ടിട്ടില്ലാത്ത, കാണ്മാൻ കഴിയാത്ത ദൈവത്തെ ഭക്തന്മാർ എങ്ങനെയാണ് കണ്ടത്? അതാണ്, ദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. അതായത്, പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തെയല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, ദൈവം എടുത്ത പ്രത്യക്ഷ ശരീരങ്ങളെയാണ് കണ്ടത്. അബ്രാഹാം (പ്രവൃ, 7:2; ഉല്പ, 12:7; 17:1,18:1), യിസ്ഹാക്ക് (ഉല്പ, 26:2,24), യാക്കോബ് (35:7,9), ബിലെയാം (സംഖ്യാ, 23:5,16), ദാവീദ് (2ദിന, 3:1), യിരെമ്യാവ് (യിരെ, 31:3) തുടങ്ങിയവർക്ക് ദൈവം പ്രത്യക്ഷനായി എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെ പ്രത്യക്ഷതകൾ എന്ന് പറയുന്നത് കേവലം മായക്കാഴ്ചയല്ല. ചില ഉദാഹരണങ്ങൾ നോക്കുക: “അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു. അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു. യിസ്രായേൽ മക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.” (പുറപ്പാട്, 24:9-11). അവർ യിസ്രായേലിൻ്റെ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. അത്, ദൈവവും മനുഷ്യരുമായുള്ള നിയമത്തിൻ്റെ ഉടമ്പടിയെ കാണിക്കുന്നതാണ്. (ഉല്പ, 26:30; 31:54; സംഖ്യാ, 18:19). ഒരു മായക്കാഴ്ചയുമായി ഉടമ്പടി ചെയ്യാൻ കഴിയുമോ? അടുത്തവാക്യം: “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.” (ഇയ്യോ, 42:5). എൻ്റെ കണ്ണാൽ നിന്നെ കാണുന്നു എന്നാണ് ഇയ്യോബ് പറയുന്നത്. കേൾവിയിലൂടെ മാത്രം കേട്ടിരുന്ന ദൈവത്തെ ഒരു മായക്കാഴ്ചയിലൂടെയാണ് കണ്ടതെങ്കിൽ, എൻ്റെ കണ്ണാൽ കാണുന്നു എന്ന പ്രയോഗത്തിന് എന്ത് അർത്ഥമാണുള്ളത്? അടുത്തവാക്യം: “എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു.” (1 രാജാ, 22:19). സ്വർഗ്ഗീയ സൈന്യങ്ങളുടെ മദ്ധ്യേ ഇരിക്കുന്ന ദൈവത്തെയാണ് മീഖായാവ് കണ്ടത്. ദൂതന്മാരുടെ മദ്ധ്യ ഇരുന്ന് നിത്യം ആരാധന സ്വീകരിക്കുന്ന ദൈവത്തെയാണ് യെശയ്യാവും യോഹന്നാനും കണ്ടത്. (യെശ, 6:1-3; വെളി, 1:8). അതൊന്നും, ഒരു മായക്കാഴ്ചയോ, തോന്നലോ അല്ല. പ്രത്യുത, ആകാശങ്ങളും ഭൂമിയും നിറഞ്ഞു നിൽക്കുന്നവനും അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം, തൻ്റെ ഭക്തന്മാർക്ക് തന്നെത്തന്നെ ദൃശ്യമാക്കാൻ എടുത്ത പ്രത്യക്ഷ ശരീരങ്ങളാണ് അവർ കണ്ടത്. അതാണ് ദൈവത്തിൻ്റെ പ്രത്യക്ഷത എന്ന് പറയുന്നത്. അതായത്, “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.”

ദൈവം മനുഷ്യനായിട്ടും പ്രത്യക്ഷനായിട്ടുണ്ട്. അതിൻ്റെ തെളിവ് പഴയനിയമത്തിലും പുതിയനിയമത്തിലുമുണ്ട്.  അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. ഉദാ: (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണം കഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-14). പുതിയനിയമത്തിൽ, യേശു എന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത് ജീവനുള്ള ദൈവമാണെന്ന് പൗലൊസ് അക്ഷരംപ്രതി പറഞ്ഞിട്ടുണ്ട്. അതാണ്, ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16; മത്താ, 1:21. ഒ.നോ: യിരെ, 10:10; ലൂക്കൊ, 1:68; എബ്രാ, 2:14-16). അനേകർ കരുതുന്നപോലെ, ഒരു പുത്രദൈവത്തിൻ്റെ അവതാരമല്ല ക്രിസ്തു. പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ ഒരു പുതിയ മനുഷ്യനാണ് യേശു. (മത്താ, 120; ലൂക്കൊ, 2:21). അഥവാ, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിൽ ദൈവം എടുത്ത ഒരു പ്രത്യക്ഷതയാണ് യേശുവെന്ന മനുഷ്യൻ. അതാണ് ദൈവത്തിൻ്റെ വെളിപ്പാടെന്ന് പൗലൊസ് പറയുന്നത്. യേശുവിനോടുള്ള ബന്ധത്തിൽ, ദൈവത്തിൻ്റെ വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാം.

1. ജീവനുള്ള ദൈവമാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു. (1തിമൊ, 3:14-16). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്. (യിരെ, 10:10). അപ്പോൾത്തന്നെ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ യേശു, ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) പൂർണ്ണമനുഷ്യനാണെന്നും പറഞ്ഞിരിക്കുന്നു. (യോഹ, 8:40).

2. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21). തന്മൂലം, ദൈവം എടുക്കുന്ന പുതിയ അസ്തിത്വമാണ് വെളിപ്പാടെന്ന് വ്യക്തമാകുന്നു.

3. ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:44), താൻ ദൈവമല്ലെന്നും ക്രിസ്തു സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. (യോഹ, 17:3). അനേകം വേദഭാഗങ്ങളിലൂടെ ക്രിസ്തു അത് വ്യക്തമാക്കിയിട്ടുണ്ട്. (മത്താ, 4:10; 19:4; 24:36; മർക്കൊ, 12-29-34; ലൂക്കൊ, 18:18,19; യോഹ, 4:24). താൻ മനുഷ്യനാണെന്നും അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 8:40; ലൂക്കൊ, 7:34). ക്രിസ്തു ദൈവമല്ല; മനുഷ്യനാണെന്ന് അപ്പൊസ്തലന്മാരും പറഞ്ഞിട്ടുണ്ട്. (യോഹ, 8:41; 1കൊരി, 8:5-6; എഫെ, 4:6; മത്താ, 26:72,74; മർക്കൊ, 14:71; പ്രവൃ, 2:22, റോമ, 5:15; 1കൊരി, 15:21,47; 1തിമൊ, 2:6). ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിനെക്കണ്ട എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തു മനുഷ്യനാണെന്ന് 36 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. തന്മൂലം, ക്രിസ്തു മറ്റൊരു ദൈവമല്ല; ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണെന്ന് മനസ്സിലാക്കാം.

4. ദൈവം മനുഷ്യനല്ല; ദൈവത്തിനു മീതെ മറ്റൊരു ദൈവവുമില്ല. (ഇയ്യോ, 9:32; ഹോശേ, 11:9). എന്നാൽ, തനിക്കൊരു പിതാവും ദൈവവും ഉണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ക്രിസ്തുവിന്, ഒരു പിതാവും ദൈവവും ഉണ്ടെന്ന് അപ്പൊസ്തലന്മാരും ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. (2കൊരി, 11:31; എഫെ, 1:3,17). പിതാവെന്ന പദത്തിനോ, ദൈവമെന്ന പദത്തിനോ ഏത് അർത്ഥം കൊടുത്താലും, സത്യദൈവത്തിനു മീതെ ഒരു പിതാവോ, മറ്റൊരു ദൈവമോ ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, മനുഷ്യരുടെ രക്ഷയ്ക്കായി ദൈവം എടുത്ത മനുഷ്യ പ്രത്യക്ഷതയാണ് യേശുവെന്ന് വ്യക്തമാണ്.

5. ബൈബിൾ വെളിപ്പെടുത്തുന്ന സത്യദൈവം മാറ്റമില്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16) ശാശ്വതവാനും (സങ്കീ, 90:2; യെശ, 57:15), എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും ആണ്. (വെളി, 4:10). ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനുമായ ദൈവത്തിന്, തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മറ്റൊരു രൂപമെടുക്കാൻ കഴിയില്ല. തന്നെത്താൻ താഴ്ത്തി മനുഷ്യനാകാനും കഴിയില്ല. തന്നെയുമല്ല, അവതാരം ബൈബിളിൻ്റെ വിഷയമേയല്ല. അതായത്, പഴയപുതിയനിയമങ്ങളിൽ ദൈവമായിട്ടും മനുഷ്യനായിട്ടും മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനായ ഏകദൈവത്തെയല്ല; ഏകദൈവം എടുത്ത പ്രത്യക്ഷതകളെയാണ്. അതുകൊണ്ടാണ്, ദൈവത്തെ അനേകർ കണ്ടുവെന്നും, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നും ഒരുപോലെ പറയാൻ കഴിയുന്നത്. അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും അദൃശ്യനും ആത്മാവുമായ ദൈവത്തെ, താനായിരിക്കുന്ന അവസ്ഥയിൽ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുമില്ല. എന്നാൽ, ദൈവത്തിൻ്റെ വെളിപ്പാടുകളെ അഥവാ, ദൈവം എടുത്ത പ്രത്യക്ഷ ശരീരങ്ങളെ മനുഷ്യർക്ക് കാണാൻ കഴിയും. അതാണ്, പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടത്.

പിതാവും പുത്രനും പരിശുദ്ധാത്മാവും ആരാണ് എന്നതാണ് നമ്മുടെ വിഷയം. പിതാവും പുത്രനും പരിശുദ്ധാത്മാവും അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകൾ ആണെന്ന് തുടക്കത്തിൽത്തന്നെ പറഞ്ഞതാണ്. അത് മനസ്സിലാക്കാനാണ്, അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രകൃതിയെക്കുറിച്ച് നാം ചിന്തിച്ചത്. ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും അദൃശ്യനും ആരും ഒരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും നിത്യനും മാറ്റമില്ലാത്തവനും മരണമില്ലാത്തവനുമായ ആത്മാവാണ് ബൈബിൾ വെളിപ്പെടുത്തുന്ന ഏകദൈവം. അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന് മനസ്സിലാക്കാൻ, വളരെ ശ്രദ്ധേയമായ ഒരു കാര്യം കാണിക്കാം. ദൈവം അദൃശ്യനാണ്, ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല, കാണ്മാൻ കഴിയില്ലെന്ന് അസന്ദിഗ്ധമായി പറയുന്ന ബൈബിൾ തന്നെ, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും അനേകർ കണ്ടതായും, പിതാവും പുത്രനും പരിശുദ്ധാത്മാവും സംസാരിച്ചതായും പറഞ്ഞിട്ടുണ്ട്.

ക്രിസ്തു പറയുന്നത് നോക്കുക: “സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്താ, 18:11). ക്രിസ്തുവിൻ്റെ വാക്കുകളിൽ നിന്ന് ചില കാര്യങ്ങൾ മനസ്സിലാക്കാം: 1. പിതാവ് സ്വർഗ്ഗത്തിൽ വസിക്കുന്നവനാണ്. സ്വർഗ്ഗത്തിൽ വസിക്കുന്ന പിതാവിനെക്കുറിച്ച് പഴയപുതിയനിയമങ്ങൾ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. “സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.” (സങ്കീ, 123:1. ഒ.നോ: 2ദിന, 20:6; സങ്കീ, 2:2; 136:26; വിലാ, 3:41; ദാനീ, 3:41). “അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ, മത്തായി 5:16-മുതൽ ലൂക്കോസ് 11:13-വരെ ഇരുപത്തഞ്ചു പ്രാവശ്യം കാണാൻ കഴിയും. അതായത്, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപിതാവ് ഒരു പ്രത്യേകസ്ഥലത്ത് അഥവാ, സ്വർഗ്ഗത്തിൽ സ്ഥിതിചെയ്യുന്നവനാണ്. എന്നാൽ, പ്രപഞ്ചത്തെക്കാൾ വലിയവനും അദൃശ്യനുമായ ദൈവത്തിന് സ്ഥിതിചെയ്യാൻ ഒരു പ്രത്യേകസ്ഥലം ആവശ്യമില്ല. തന്നെയുമല്ല, അദൃശ്യനായ ദൈവം സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അടങ്ങാത്തവനാണ്. (1രാജാ, 8:27).

2. പിതാവിൻ്റെ മുഖം അഥവാ, പിതാവായ യഹോവയെ ദൂതന്മാർ എപ്പോഴും കണ്ടുകൊണ്ടിരിക്കയാണ്. (മത്താ, 18:11). യഹോവ കെരൂബുകൾക്ക് മദ്ധ്യേ വസിക്കുന്നവൻ ആണെന്നും (1ശമൂ, 4:4; 1ദിന, 13:6; സങ്കീ, 80:1), കെരൂബുകൾക്ക് മീതെ അധിവസിക്കുന്നവൻ ആണെന്നും (2ശമൂ, 6:2; 2രാജാ, 19;15; യെശ, 37:16), കെരൂബുകളെ വാഹനമാക്കി സഞ്ചരിക്കുന്നവൻ ആണെന്നും പറഞ്ഞിട്ടുണ്ട്. (2ശമൂ, 22:11; സങ്കീ, 18:10). തന്നെയുമല്ല, യഹോവ പ്രത്യക്ഷമാകുന്നിടത്തൊക്കെയും ഒരു ദൂതസാന്നിദ്ധ്യം കാണാൻ കഴിയും. (ഉല്പ, 1:27; 3:22-24; 18:1-19:1; പുറ, 3:2-4). ദൈവം മോശെയ്ക്ക് ന്യായപ്രമാണം കൊടുത്തത് ദൂതന്മാർ മുഖാന്തരമാണെന്ന് പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. (ഗലാ, 3:19; എബ്രാ, 2:2). തന്മൂലം, ദൂതന്മാർ എല്ലായ്പ്പോഴും കാണുന്ന ഒരു പിതാവ് ഉണ്ടെന്ന് വ്യക്തമാണ്.

3. മീഖായാവും (1രാജാ, 22:19–2ദിന, 18:18), യെശയ്യാവും (6:1-3), ദാനീയേലും (7:9-10), യോഹന്നാനും (വെളി, 4:8) യഹോവയെ കാണുന്നത് കെരൂബുകളുടെ അഥവാ, ദൂതന്മാരുടെ മദ്ധ്യേയാണ്. യെഹെസ്ക്കേൽ ദൈവത്തിൻ്റെ സിംഹാസനവും മഹത്വവും കാണുന്നത് കെരൂബുൾക്ക് മീതെയാണ്. (യെഹെ, 10:1, 5, 18,19,20; 11:22). തന്മൂലം, ദൂതന്മാർ എപ്പോഴും കാണുന്നു എന്ന് ക്രിസ്തു പറഞ്ഞ തൻ്റെ പിതാവിനെയാണ്, മനുഷ്യരും സ്വർഗ്ഗത്തിൽ കണ്ടതെന്ന് വ്യക്തമാണ്.

4. എന്റെ പിതാവിന്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നാണ് ക്രിസ്തു പറഞ്ഞത്. വെളിപ്പാടിൽ യോഹന്നാൻ പറയുന്നത് നോക്കുക: “ഉടനെ ഞാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു.” (വെളി, 4:2). ഇനി അതിൻ്റെ 8-ാം വാക്യം: “നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.” യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക: പരിശുദ്ധൻ, പരിശുദ്ധൻ എന്ന്പറഞ്ഞുകൊണ്ട് സ്വർഗ്ഗത്തിലെ ജീവികൾ പിതാവിനെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുകയാണ്. യേശു പറഞ്ഞ കാര്യം തന്നെയാണ് യോഹന്നാനും പറയുന്നത്. അതുതന്നെയാണ് യെശയ്യാവും പറഞ്ഞിരിക്കുന്നത്. (യെശ, 6:1-3). തന്മൂലം, ദൂതന്മാർക്കും മനുഷ്യർക്കും കാണാൻ കഴിയുന്ന ഒരു പിതാവുണ്ടെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

5. “എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ  യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?” (സംഖ്യാ, 12:7-8). ഇത് യഹോവതന്നെ പറയുന്നതാണ്. ആദ്യമനുഷ്യനായ ആദാമിനോടും (ഉല്പ, 3:9-14) പൂർവ്വ പിതാക്കന്മാരോടും (ഉല്പ, 22:17-18; 26:5; 28:13,14) സകല പ്രവാചകന്മാരോടും യഹോവ സംസാരിച്ചിട്ടുണ്ട്. (യിരെ, 35:15; ആമോ, 3:7; സെഖ, 1:6). പുതിയനിയമത്തിൽ പിതാവ് മൂന്നുപ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (മത്താ, 3:17; 17:5; യോഹ, 12:28). പിതാവാണ് സംസാരിച്ചതെന്ന് പത്രൊസ് അപ്പൊസ്തലൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (2പത്രൊ, 1:17). വെളിപ്പാട് പുസ്തകത്തിലും പിതാവ് സംസാരിക്കുന്നതായി കാണാം. (21:3-8). ദൈവം മോശെയോട് സംസാരിച്ച കാര്യം യെഹൂദന്മാർ പറയുന്നതായി കാണാം. (യോഹ, 9:29). തന്മൂലം, മനുഷ്യർക്ക് കാണാൻ കഴിയുന്ന, മനുഷ്യരോട് സംസാരിക്കുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്.

6.സൃഷ്ടിയോടുള്ള ബന്ധത്തിലാണ് അദൃശ്യനായ ദൈവം പിതാവെന്ന പദവിയിൽ പ്രത്യക്ഷനായിരിക്കുന്നത്: “ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവെക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6). അടുത്തവാക്യം: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). അടുത്തവാക്യം: “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10. അതായത്, സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമാണ് അദൃശ്യനായ ഏകദൈവം പിതാവെന്ന പദവിയിൽ പ്രത്യക്ഷനായിരിക്കുന്നത്. സ്വർഗ്ഗത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവിന് മനുഷ്യസാദൃശ്യമാണെന്ന് യെഹെസ്ക്കേൽ രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (1:26; 8:2. ഒ.നോ: ദാനീ, 7:9; വെളി, 4:2). പിതാവായ യഹോവ ഒറ്റയ്ക്കാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് ദൈവപുരുഷനായ മോശെയും ദൈവപുത്രനായ യേശുവും പറഞ്ഞിട്ടുണ്ട്. (ഉല്പ, 1:27; മത്താ, 19:4). മനുഷ്യസാദൃശ്യത്തിൽ പ്രത്യക്ഷനായിരിക്കുന്ന പിതാവ് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27; 2:7; 5:1. ഒ.നോ: യെശ, 64:8; മലാ, 2:10). അല്ലാതെ, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ദൈവം നേരിട്ടല്ല മനുഷ്യനെ സൃഷ്ടിച്ചത്. “യഹോവയായ ദൈവം ഏദെൻ തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു” എന്ന് പറഞ്ഞിട്ടുണ്ട്. (ഉല്പ, 3:8). അത്, ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശനായ ഏകദൈവത്തെക്കുറിച്ചുള്ള പ്രയോഗമല്ലെന്ന് വ്യക്തമാണല്ലോ?

7. അദൃശ്യനായ ഏകദൈവത്തിൻ്റെ പിതാവെന്ന പദവിയിലുള്ള പ്രത്യക്ഷത മാത്രമാണ് നിത്യമായിട്ടുള്ളത്. അതുകൊണ്ടാണ്, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത്. ക്രിസ്തു പറയുന്നത് നോക്കുക: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിലെ, ഏകസത്യദൈവം എന്നത് ഇംഗ്ലീഷിൽ, The only true God എന്നും ഗ്രീക്കിൽ, ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് സത്യദൈവം ആണെന്നല്ല; പിതാവ് മാത്രമാണ് സത്യദൈവമെന്ന്, ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. താനും ദൈവം ആയിരുന്നെങ്കിൽ, പിതാവ് മാത്രമാണെന്ന് സത്യദൈവമെന്ന് ക്രിസ്തു പറയുമോ? ദൈവം ഒരുത്തൻ മാത്രമാണ് അഥവാ, മോണോ തിയോ (monou theou) ആണെന്നും ക്രിസ്തു പറഞ്ഞിട്ടുണ്ട്. (യോഹ, 5:44). താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. (യോഹ, 8:40; ലൂക്കൊ, 7:34). അപ്പൊസ്തലന്മാർ പറയുന്നത് നോക്കുക: “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണെന്നാണ് പറയുന്നത്. (ഒ.നോ: യോഹ, 8:41; എഫെ, 4:6). അദൃശ്യനായ ഏകദൈവത്തിൻ്റെ ഏകവും നിത്യവുമായ പ്രത്യക്ഷത പിതാവ് മാത്രം ആയതിനാലാണ്, പിതാവാണ് ഏക ദൈവമെന്നും, പിതാവിന്റെ മുഖം ദൂതന്മാർ എപ്പോഴും കാണുന്നു എന്നും ക്രിസ്തു പറഞ്ഞതും, ദൂതന്മാർ അവനെ രാപ്പകൽ അഥവാ, നിത്യം ആരാധിക്കുന്നു എന്ന് യോഹന്നാൻ പറഞ്ഞതും. (മത്താ, 18:11; വെളി, 4:8).

ഏകദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ പുത്രനെ അനേകായിരങ്ങൾ കാണുകയും അവൻ്റെ വായിൽനിന്നുള്ള ലാവണ്യവാക്കുകൾ കേൾക്കുകയും ചെയ്തിട്ടുണ്ട്. (ലൂക്കൊ, 4:22). പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്: “പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു.” (ലൂക്കൊ, 3:22). അടുത്തവാക്യം: “അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു.” (മത്താ, 3:16. ഒ.നോ: മർക്കൊ, 1:10; ലൂക്കൊ, യോഹ, 1:32). യേശുവിൻ്റെ മുഴുവൻ ദേഹരുപത്തിൽ അഥവാ, സ്വർഗ്ഗത്തിൽ ഭക്തന്മാർ കണ്ട പിതാവിൻ്റെ മനുഷ്യസാദൃശ്യത്തിലാണ് പരിശുദ്ധാത്മാവ് അവൻ്റെമേൽ ആവസിച്ചത്. പരിശുദ്ധാത്മാവ് പലപ്രാവശ്യം സംസാരിച്ചതായും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 8:29; 10;19-20; 13:2). അതായത്, പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും മനുഷ്യസാദൃശ്യത്തിൽ കണ്ടിട്ടുമുണ്ട്; പിതാവും പുത്രനും പരിശുദ്ധാത്മാവും സംസാരിച്ചിട്ടുമുണ്ട്. എന്നാൽ, അദൃശ്യനായ ഏകദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ല; കാണ്മാൻ കഴിയുകയുമില്ല. അദൃശ്യനായ ഏകദൈവം മനുഷ്യരോടുള്ള ബന്ധത്തിൽ എടുത്ത പ്രത്യക്ഷതകളാണ് കണ്ടതും സംസാരിച്ചതും. തന്മൂലം അദൃശ്യനായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

അതായത്, പിതാവ് ആരാണെന്ന് ചോദിച്ചാൽ, അദൃശ്യനായ ഏകദൈവത്തിൻ്റെ ദൃശ്യവും നിത്യവുമായ ഏക പ്രത്യക്ഷതയാണ്. (മത്താ, 18:11; യേശ, 6:1-3; വെളി, 4:2,8). പിതാവിൻ്റെ പ്രകൃതി എന്താണെന്ന് ചോദിച്ചാൽ; പിതാവ് ഏകദൈവമാണ്. “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6. ഒ,നോ: യോഹ, 8:41; 17:3; എഫെ, 4:6). പരിശുദ്ധാത്മാവ് ആരാണെന്ന് ചോദിച്ചാൽ; ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ്. രണ്ട് പ്രത്യേക സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവിനെ കണ്ടതായി പറഞ്ഞിട്ടുണ്ട്. യേശുവിൻ്റെ സ്നാനസമയത്തും, പെന്തെക്കൊസ്തു നാളിലും. (ലൂക്കൊ, 3:22; പ്രവൃ, 2:3). അതൊഴികെ, പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തികളെല്ലാം അദൃശ്യമാണ്. അതായത്, മനുഷ്യരിൽ തൻ്റെ പ്രത്യേക പ്രവൃത്തികൾക്കുള്ള ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടാണ് പരിശുദ്ധാത്മാവ്. വീണ്ടുംജനനത്തോടുള്ള ബന്ധത്തിൽ ക്രിസ്തുതന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 3:5-8). പരിശുദ്ധാത്മാവിൻ്റെ പ്രകൃതി എന്താണെന്ന് ചോദിച്ചാൽ; പരിശുദ്ധാത്മാവ് ദൈവം തന്നെയാണ്. എന്നാൽ, പിതാവിൽനിന്ന് വിഭിന്നനായ ദൈവമല്ല. ദൈവപിതാവും പരിശുദ്ധാത്മാവും ഒന്നുതന്നെ ആണെന്നതിന് അനേകം തെളിവുകൾ ബൈളിലുണ്ട്.

1. സങ്കീർത്തനം 139:7-10 വായിച്ചാൽ ദൈവവും ആത്മാവും ഒരാളാണെന്ന് വ്യക്തമായി മനസ്സിലാക്കാം. “നിൻ്റെ ആത്മാവിനെ അഥവാ, ദൈവത്തിൻ്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടേക്ക് പോകും” എന്ന് ചോദിച്ചു തുടങ്ങുന്ന ദാവീദ് പിന്നെ പറയുന്നത്: “ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെയുണ്ടു; പാതാളത്തിൽ കിടക്ക വിരിച്ചാൽ നീ അവിടെയുണ്ടു; ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും” എന്നാണ് പറയുന്നത്.

2. “ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു” എന്ന് ഇയ്യോബ് പറയുന്നു. (ഇയ്യോ, 33:4). എന്നാൽ, യഹോവ ഒറ്റയ്ക്കാണ് സകലവും സൃഷ്ടിച്ചതെന്ന് അനേകം വാക്യങ്ങളിൽ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24. ഒ.നോ: ഉല്പ, 1:27; 2:7; 5:1). പിതാവ് ഒറ്റയ്ക്കാണ് സൃഷ്ടിച്ചതെന്നും വാക്യങ്ങളുണ്ട്. (മലാ, 2:10. ഒ.നോ: യെശ, 64:8). പിതാവും പരിശുദ്ധാത്മാവും വിഭിന്നരായാൽ, ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? തന്മൂലം, പിതാവും പരിശുദ്ധാത്മാവും ഒന്നാണെന്ന് വ്യക്തമാണ്.

3. യെശയ്യാവ്  6:8-10-ൽ അവൻ കേട്ട ഭാഷണം യഹോവയായ ദൈവത്തിൻ്റെയാണ്. എന്നാൽ, യെശയ്യാവ് കേട്ടത് പരിശുദ്ധാത്മാവിൻ്റെ ഭാഷണമാണെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു. (പ്രവൃ, 28:26-27).

4. യേശു കന്യകയിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആണ്. (മത്താ, 1:20; ലൂക്കൊ, 2:21). എന്നാൽ, “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് അവനെ സംബോധന ചെയ്തത് പിതാവാണ്. (മത്താ, 3:17; 17:5).

5. പരിശുദ്ധാത്മാവാണ് ദേഹരൂപത്തിൽ യേശുവിൻ്റെമേൽ ആവസിച്ചത്. (ലൂക്കൊ, 3:22). എന്നാൽ, പിതാവാണ് തൻ്റെകൂടെ ഉള്ളതെന്നാണ് യേശു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16,29).

6. താൻ ദൈവാത്മാവിനാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു എന്നാണ് യേശു പറഞ്ഞത്. (മത്താ, 12:28). എന്നാൽ, ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങൾ ചെയ്യിച്ചതെന്ന് പത്രൊസ് പറയുന്നു. (പ്രവൃ, 2:22. ഒ.നോ: യോഹ, 3:2). ദൈവം കൂടെയിരുന്നതുകൊണ്ടാണ് അവൻ അത്ഭുതങ്ങൾ ചെയ്തതെന്നും പറഞ്ഞിട്ടുണ്ട്. (പ്രവൃ, 10:38). ദൈവവും പരിശുദ്ധാത്മാവും വിഭാന്നരാണെങ്കിൽ രണ്ടുപേരാലാണ് യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചതെന്ന് പറയണം.

7. ക്രിസ്തു മരണത്തിൽനിന്ന് ജീവിപ്പിക്കപ്പെട്ടത് ആത്മാവിനാലാണെന്നും (1പത്രൊ, 3:18), പിതാവായ ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (ഗലാ, 1:1. ഒ.നോ: പ്രവൃ, 2:24,31; 4:10; 5:31). ഒരാളെ രണ്ടുപേർ ഉയിർപ്പിക്കേണ്ട ആവശ്യമുണ്ടോ? അല്ലെങ്കിൽ, യേശു രണ്ടുപ്രാവശ്യം ഉയിർത്തു എന്ന് പറയണം.

8. വ്യക്തികൾ വീണ്ടും ജനിക്കുന്നത് ആത്മാവിനാലാണെന്നും (യോഹ, 3:5-6), ദൈവത്താലാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1യോഹ, 5:1,18). ഒരു വ്യക്തി രണ്ടുപ്രാവശ്യം രണ്ട് പേരാൽ വീണ്ടുംജനിക്കേണ്ട ആവശ്യമുണ്ടോ?

9. അനന്യാസ് വ്യാജം കാണിച്ചത് പരിശുദ്ധാത്മാവിനോടാണെന്നും ദൈവത്തോടാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 5:3-4). അനന്യാസ് രണ്ട് ദൈവത്തോട് വ്യാജ്യം കാണിച്ചുവെന്ന് മനസ്സിലാക്കണോ, ദൈവവും പരിശുദ്ധാത്മാവും ഒന്നാണെന്ന് മനസ്സിലാക്കണോ?

10. വീണ്ടുംജനിച്ചവർ ദൈവത്തിൻ്റെ മന്ദിരമാണെന്നും (1കൊരി, 3:16) പരിശുദ്ധാത്മാവിൻ്റെ മന്ദിരമാണെന്നും അഭിന്നമായി പറഞ്ഞിട്ടുണ്ട്. (1കൊരി, 6:19). വീണ്ടുംജനിച്ച ഓരോരുത്തരും രണ്ടുപേരുടെ മന്ദിരമാണെന്ന് പറയാൻ പറ്റുമോ? പുത്രൻ്റെ മന്ദിരമാണെന്ന് പറഞ്ഞിട്ടുമില്ല.

11. ഇനി, പ്രധാനപ്പെട്ട രണ്ട് തെളിവ് തരാം: ദൈവം ഒരുത്തൻ മാത്രം (The only God) ആണെന്നും (യോഹ, 5:44), പിതാവ് മാത്രമാണ് സത്യദൈവം (Father, the only true God) എന്നും (യോഹ, 17:3) ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവം ആണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ആ ദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുമോ?

12. ദൈവം ഒരുത്തൻ മാത്രമാണെന്നും (ലൂക്കൊ, 5:21; റോമ, 16:24; 1തിമൊ, 1:17; യൂദാ, 1:4,24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുമായിരുന്നോ? അതായത്, പരിശുദ്ധാത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനായ വ്യക്തിയോ, ദൈവമോ ആണെന്ന് പറയുന്നവർ, പരിശുദ്ധാത്മാവ് ദൈവമല്ലെന്ന ദൂഷണ ഉപദേശമാണ് പറയുന്നത്. പരിശുദ്ധാത്മാവിന് എതിരെയുള്ള ദൂഷണം, ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമ കിട്ടാത്ത പാപമാണ്. (മത്താ, 12:32).

പരിശുദ്ധാത്മാവ് കേവലം ശക്തിയാണെന്ന് കരുതുന്നവരുണ്ട്. അതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ പറയാം. 1. പ്രവൃത്തികൾ 10:38-ൽ, പരിശുദ്ധാത്മാവിനെയും ദൈവത്തിൻ്റെ ശക്തിയെയും വേർതിരിച്ചു പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തി മാത്രമാണെങ്കിൽ, ആത്മാവിനെയും ശക്തിയെയും വേർതിരിച്ച് പറയുമായിരുന്നില്ല.

2. റോമർ 15:13,18-ൽ പരിശുദ്ധാത്മാവിൻ്റെ ശക്തിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. പരിശുദ്ധാത്മാവ് ദൈവത്തിൻ്റെ ശക്തി മാത്രമാണെങ്കിൽ, ആ ശക്തിക്ക് മറ്റൊരു ശക്തിയുണ്ടാകില്ല.

3. പരിശുദ്ധാത്മാവിനെ ദേഹരൂപത്തിൽ യോഹന്നാൻ സ്നാപകൻ കണ്ടതായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 3:22). ഒരു ശക്തിയെ ആണ്; യോഹന്നാൻ കണ്ടതെന്ന് പറഞ്ഞാൽ ശരിയാകുമോ?

4. പരിശുദ്ധാത്മാവ് അനേകം പ്രാവശ്യം സംസാരിച്ചതായി പറഞ്ഞിട്ടുണ്ട്. (പ്രവൃ, 8:29; 10;19-20; 13:2). പരിശുദ്ധാവ് കേവലം ശക്തി മാത്രമാണെങ്കിൽ, ആ ശക്തിക്ക് സംസാരിക്കാൻ എങ്ങനെ കഴിയും?

5. “പിതാവ് എൻ്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു” എന്ന പ്രയോഗവും (യോഹ, 14:26), “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന പ്രയോഗവും ശ്രദ്ധിക്കുക. (മത്താ, 28:19). പരിശുദ്ധാത്മാവ് കേവലം ശക്തി മാത്രമാണെങ്കിൽ, ഒരു നാമത്തിൻ്റെ ആവശ്യമെന്താണ്? തന്മൂലം, പരിശുദ്ധാത്മാവ് കേവലും ശക്തിയല്ല; ഏകദൈവത്തിൻ്റെ അദൃശ്യമായ വെളിപ്പാടായ ദൈവം തന്നെയാണെന്ന് മനസ്സിലാക്കാം.

പുത്രൻ ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മമെന്ന് പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. (1തിമൊ, 3:14-16. ഒ.നോ: യിരെ, 10:10; മത്താ, 1:21; ലൂക്കൊ, 1:68; എബ്രാ, 2:14-16). അവൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ മനുഷ്യനാണ്; പാപരഹിതനായ മനുഷ്യൻ. മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്തേണ്ടത്; മനുഷ്യനാണ്. “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” 1കൊരി, 15:21). മനുഷ്യരുടെ പാപപരിഹാരം വരുത്തിയ; താൻ മനുഷ്യനാണെന്ന്: പുത്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46. ഒ.നോ: 2കൊരി, 5:21). അതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്. (യോഹ, 6:69). അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23;46) പൂർണ്ണ മനുഷ്യൻ. (യോഹ, 8:40,46). 

സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16; 8:29; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; യോഹ, 3:2). ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുകയില്ലെന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 14:6). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, നമ്മെപ്പോലെ ഒന്നാകേണ്ടതിനു എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11). നാം ഒന്നായിരിക്കുന്നതുപോലെ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയായ ദൈവത്തെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ; സുവിശേഷങ്ങളിലെ മനുഷ്യനായ ക്രിസ്തുയേശു പൂർവ്വാസ്തിത്വത്തിൽ ഏകദൈവം ആയിരുന്നു; അവൻ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട് ആകയാൽ; സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും അവൻ ഏകദൈവം തന്നെയാണ്. (1തിമൊ, 3:16). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:9). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

പിതാവും പുത്രനും പരിശുദ്ധാത്മാവും; അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകൾ ആയതുകൊണ്ടാണ്, പുതിയനിയമത്തിൽ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നുതന്നെ ആയത്. അതിൻ്റെ ചില തെളിവുകൾ കാണാം: 1. “അവൾ ഒരു മകനെ പ്രസവിക്കും; അവൻ  തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം.” (മത്താ, 1:21). യേശു അഥവാ, യേശുക്രിസ്തു എന്ന നാമം പുത്രൻ്റെ നാമം ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഇനി പുത്രൻ പറയുന്നത് നോക്കുക: “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല.”(യോഹ, 5:43). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പുത്രൻ, ഞാൻ എൻ്റെ പിതാവിൻ്റെ നാമത്തിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞാൽ; പിതാവിൻ്റെയും പിതാവിൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ?

2. “നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” എന്നും, “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു” എന്നും പുത്രൻ പറയുന്നതായി കാണാം. (യോഹ, 17:11-12). നീ എനിക്ക് തന്നിരിക്കുന്ന നിൻ്റെ നാമം എന്ന് പുത്രൻ പിതാവിനോട് പറഞ്ഞാൽ; പിതാവ് പുത്രനു കൊടുത്തിരിക്കുന്ന തൻ്റെ നാമമാണ് യേശു എന്ന് വ്യക്തമാണല്ലോ?

3. പുത്രൻ പിതാവിൻ്റെ നാമത്തിലാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. (യോഹ, 10:25). എന്നാൽ ശിഷ്യന്മാർ പുത്രൻ്റെ നാമത്തിലാണ് അത്ഭുതങ്ങൾ പ്രവർത്തിച്ചത്: (ലൂക്കൊ, 9:49; 10:17). പിതാവിൻ്റെയും പുത്രൻ്റെയും നാമം വിഭിന്നമായിരുന്നാൽ, അഥവാ, രണ്ട് നാമങ്ങളിൽ അത്ഭുതങ്ങൾ നടന്നാൽ, ആകാശത്തിനു കീഴിൽ മനുഷ്യർക്കു നല്കപ്പെട്ട യേശുക്രിസ്തു എന്ന ഏക നാമം മാത്രമാണ് ഉള്ളതെന്ന് പറയുന്ന ബൈബിൾ പരസ്പരവിരുദ്ധമാകില്ലേ? (പ്രവൃ, 4:12). തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്ന് മനസ്സിലാക്കാമല്ലോ?

4. “നിൻ്റെ നാമത്തെ മഹത്വപ്പെടുത്തേണമേ എന്നും, പുത്രനെ മഹത്വപ്പെടുത്തേണമേ” എന്നും പുത്രൻ പറഞ്ഞിരിക്കുന്നത് കാണാം. (യോഹ, 12:28; 17:1). നിൻ്റെ നാമത്തെ മഹത്ത്വപ്പെടുത്തണമേ എന്നും, പുത്രനെ മഹത്ത്വപ്പെടുത്തണമേ എന്നും അഭിന്നമായി പറഞ്ഞിരിക്കയാൽ, പിതാവിൻ്റെ നാമം ആണ് പുത്രനുള്ളതെന്ന് മനസ്സിലാക്കാമല്ലോ?

5. “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു. (യെശ, 45:23). എന്നാൽ, പുതിയനിയമം പറയുന്നത്; യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങും” എന്നാണ്. (ഫിലി, 2:10). പിതാവിൻ്റെ മുമ്പിൽ, മടങ്ങേണ്ട മുഴങ്കാൽ യേശുവിൻ്റെ നാമത്തിങ്കലാണ് മടങ്ങുന്നതെങ്കിൽ, ആ പിതാവിൻ്റെ നാമമാണെന്ന് സംശയലാശമെന്യേ മനസ്സിലാക്കാം.

6. പഴയനിയമത്തിൽ സകല ഭൂവാസികൾക്കുമുള്ള ഏകരക്ഷകനും രക്ഷാനാമവും യഹോവയായിരുന്നു. (യെശ, 45:22; യോവേ, 2:32; പ്രവൃ, 2:21). പുതിയനിയമത്തിലെ ഏകരക്ഷകനും രക്ഷയ്ക്കായുള്ള ഏകനാമവും യേശുക്രിസ്തു ആണ്: (പ്രവൃ, 4:12). യഹോവയായ പിതാവിൻ്റെ ജഡത്തിലെ വെളിപ്പാടാണ് പുത്രനെന്നും, പിതാവിൻ്റെയും പുത്രൻ്റെയും നാമം ഒന്നാണെന്നും ഈ വേദഭാഗങ്ങളിൽ നിന്ന് ഉറപ്പിക്കാം. പരിശുദ്ധാത്മാവ് വന്നതും പുത്രൻ്റെ നാമത്തിലാണ്. (യോഹ, 14:26). പരിശുദ്ധാത്മാവിന് മറ്റൊരു നാമം എവിടെയും പറഞ്ഞിട്ടുമില്ല.

7. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് ശിഷ്യന്മാരോടുള്ള യേശുക്രിസ്തുവിൻ്റെ കല്പന. (മത്താ, 28:19). പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ സ്നാനം ഏല്ക്കാനാണ് പുരുഷാരത്തോട് കല്പിച്ചത്. (പ്രവൃ, 2:38. ഒ.നോ: 8:16, 10:48, 19:5). അപ്പൊസ്തലന്മാരോട് അവരുടെ ഭാഷയിൽ പറഞ്ഞ കാര്യങ്ങൾ അവർക്ക് മനസ്സിലായതിൽ അധികമായി മറ്റാർക്കും മനസ്സിലാകില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം.

8. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശം, ഒരു പ്രത്യേക പേരിനെ അഥവാ, ഒരു സംജ്ഞാനാമത്തെയാണ് സൂചിപ്പിക്കുന്നത്. ആ നാമമാണ് യേശു അഥവാ, യേശുക്രിസ്തു. എന്തെന്താൽ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട മറ്റൊരു നാമമില്ല. (പ്രവൃ, 4:12). തന്നെയുമല്ല, പിതാവും പുത്രനും പരിശുദ്ധാത്മാവും അദൃശ്യനായ ഏക ദൈവത്തിൻ്റെ വെളിപ്പാടുകൾ ആണ്. അല്ലാതെ, വ്യത്യസ്ത വ്യക്തികളോ, ദൈവങ്ങളോ ആയിരുന്നെങ്കിൽ, നാമം (onoma) എന്ന ഏകവചനമല്ല; നാമങ്ങൾ (onomata) എന്ന ബഹുവചനം പറയുമായിരുന്നു. അല്ലെങ്കിൽ, ഭാഷാപരമായി ആ പ്രയോഗം അബദ്ധമാകുമായിരുന്നു.

9. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ  മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ” എന്നാണ് പൗലൊസ് പറയുന്നത്. (കൊലൊ, 3:17). വാക്ക് അഥവാ, ഭാഷണവും ക്രിയയും ഒരുപോലെ ചേരുന്ന പ്രധാന ശുശ്രൂഷയാണ് സ്നാനം. സ്നാപകൻ സ്നാനാർത്ഥിയുടെ മേൽ നാമം പ്രസ്താവിക്കുകയും ക്രിയ ചെയ്യുകയും വേണം. വാക്കിനാലും ക്രിയയാലും എന്തു ചെയ്താലും എന്ന് പറഞ്ഞാൽ, അതിൻ്റെ പരിധിയിൽനിന്ന് സ്നാനം എങ്ങനെ ഒഴിവാക്കപ്പെടും? തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും നാമമാണ് യേശുക്രിസ്തു എന്ന് മനസ്സിലാക്കാം.

10. പുതിയനിയമത്തിൽ സുവിശേഷം (പ്രവൃ, 8:12; 2തിമൊ, 2:8), മാനസാന്തരം (ലൂക്കൊ, 24:47), പാപമോചനം (ലൂക്കൊ, 24:47), രക്ഷ (പ്രവൃ, 4:12), അത്ഭുതങ്ങൾ, അടയാളങ്ങൾ (പ്രവൃ, 4:30) തുടങ്ങി സകല കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പിതാവിൻ്റെയോ, പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ഒന്നും ചെയ്യാൻ കല്പിച്ചിട്ടില്ല. തന്നെയുമല്ല, പുത്രനിലൂടെ വെളിപ്പെടുത്തപ്പെട്ട യേശു എന്ന സംജ്ഞാനാമം അല്ലാതെ, പിതാവിനോ, പരിശുദ്ധാത്മാവിനോ പ്രത്യേകമായൊരു പേരുപോലും പുതിയനിയമത്തിൽ പറഞ്ഞിട്ടില്ല. തന്മൂലം, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുവെന്ന് മനസ്സിലാക്കാം.

11. പഴയനിയമത്തിൽ യഹോവ തന്നെക്കൊണ്ടുതന്നെ ആണയിട്ട് പറയുന്ന ഒരു കാര്യമുണ്ട്: “എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.” (യെശ, 45:23). എന്നാൽ, യേശുവിൻ്റെ നാമത്തിലാണ് മുഴങ്കാൽ മടങ്ങുന്നതെന്ന് പൗലൊസ് പറയുന്നു: “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങും.” (ഫിലി, 2:10). വാക്യം ശ്രദ്ധിക്കണം: ദൈവപുത്രൻ്റെ മുമ്പിൽ മുഴങ്കാൽ മടങ്ങുമെന്നല്ല; യേശുവിന്റെ നാമത്തിങ്കൽ സകല മുഴങ്കാലും മടങ്ങുമെന്നാണ്. “എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും” എന്ന് യഹോവ സത്യംചെയ്ത് പറഞ്ഞ കാര്യത്തിന് എങ്ങനെ മാറ്റം വരുവാൻ കഴിയും? തന്മൂലം, യഹോവയുടെ പുതിയനിയമത്തിലെ നാമമാണ് യേശുവെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം.

12. പഴയനിയമത്തിൽ യഹോവയുടെ നാമമാണ് ഭക്തന്മാർ വിളിച്ചപേക്ഷിച്ചിരുന്നത്. “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:13). അടുത്തവാക്യം: “ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ, 116:17). എന്നാൽ, യേശുക്രിസ്തുവിൻ്റെ നാമമാണ് ആദിമസഭ വിളിച്ചപേക്ഷിച്ചത്: സ്തെഫാനോസും (പ്രവൃ, 7:59), ദമസ്കൊസിലുള്ള സഭയും (പ്രവൃ, 9:14), യെരൂശലേം സഭയും (പ്രവൃ, 9:21), പൗലൊസും (പ്രവൃ, 22:16), കൊരിന്ത്യസഭയും (1കൊരി, 1:2), പൗലൊസ് മൂന്നുവട്ടം അപേക്ഷിച്ചതും (2കൊരി, 12:8), തിമൊഥെയൊസിൻ്റെ സഭയും (2തിമൊ, 2:19), ബൈബിൾ എഴുതി അവസാനിപ്പിക്കുമ്പോൾ യോഹന്നാൻ അപ്പൊസ്തലനും (വെളി, 22:20) വിളിച്ചപേക്ഷിച്ചത് യേശുക്രിസ്തുവിൻ്റെ നാമമാണ്. “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ എഴുതുന്നത്. (1കൊരി, 1:2). ഏകദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചിരുന്ന യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ, യേശുക്രിസ്തുവിൻ്റെ നാമം വിളിച്ചപേക്ഷിച്ചു എങ്കിൽ, ആ വസ്തുത രണ്ട് കാര്യങ്ങളുടെ സ്ഥിരീകരണമാണ് നമുക്ക് നല്കുന്നത്. 1. യഹോവ തന്നെയാണ് യേശുക്രിസ്തു. അഥവാ, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത മനുഷ്യപ്രത്യക്ഷതയാണ് യേശു. 2. പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമമാണ് യേശുക്രിസ്തു. ഏകമനുഷ്യനെന്ന് പൗലൊസ് വിശേഷിപ്പിക്കുന്ന പുത്രൻ്റെ നാമം മാത്രമാണ് യേശുക്രിസ്തു എങ്കിൽ, യെഹൂദന്മാരായ അപ്പൊസ്തലന്മാർ ഉൾപ്പെടുന്ന ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമം ഒരിക്കലും വിളിച്ചപേക്ഷിക്കില്ലായിരുന്നു. (റോമ, 5:15). പെന്തെക്കൊസ്തുനാളിൽ, “കർത്താവിൻ്റെ (യഹോവ) നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്ന യോവേൽ പ്രവചനം ഉദ്ധരിച്ച് പ്രസംഗിച്ചിട്ട്, മൂവായിരംപേരെ രക്ഷയിലേക്ക് നടത്തിയവനാണ് പത്രൊസ് അപ്പൊസ്തലൻ. (യോവേ, 2:32; പ്രവൃ, 2:21). അതേ പത്രൊസാണ്, യെഹൂദന്മാരുടെ പരമോന്നത കോടതിയായ ന്യായാധിപ സംഘത്തിൻ്റെ മുമ്പിൽ നിന്നുകൊണ്ട്, യേശുക്രിസ്തു അല്ലാതെ, ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ മറ്റൊരു രക്ഷകനും രക്ഷാനാമവും ഇല്ലെന്ന് വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:12). യഹോവയായ ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ് യേശുവെന്ന് മനസ്സിലാക്കാൻ, ഇതിൽക്കൂടുതൽ തെളിവ് അന്വേഷിക്കുന്നവർ, വിശ്വാസം ത്യജിച്ചുകളയുന്നതായിരിക്കും നല്ലത്.

ഇനി, മറ്റൊരു കാര്യം കാണിക്കാം: ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ഏകദൈവത്തിന് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വെളിപ്പാടുകൾ മാത്രമല്ല ഉള്ളത്. വ്യത്യസ്തമായ പല വെളിപ്പാടുകൾ ബൈബിളിൽ കാണാം: 1. അബ്രാഹാമിനു മമ്രേയുടെ തോപ്പിൽ പ്രത്യക്ഷനായ മൂന്നു മനുഷ്യരിൽ ഒരാളെ പത്തുപ്രാവശ്യം യഹോവ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഉദാ: (ഉല്പ, 18:1-2,13). കൂടെയുണ്ടായിരുന്ന രണ്ടുപേർ ദൂതന്മാരാണെന്നും പറഞ്ഞിട്ടുണ്ട്. (ഉല്പ, 18:22; 19:1). ദൈവം മനുഷ്യനല്ല. (ഇയ്യോ, 9:32; ഹോശേ, 11:9). യഹോവ അബ്രാഹാമിനു പ്രത്യക്ഷനായി എന്നാണ് ആദ്യവാക്യത്തിൽ പറഞ്ഞിരിക്കുന്നത്. അതായത്, യഹോവയായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനെയാണ് അബ്രാഹാം കണ്ടതും സംസാരിച്ചതും സൽക്കരിച്ചതുമെന്ന് മനസ്സിലാക്കാം.

2. “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ  വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.” (ദാനീ, 7:13). ആകാശമേഘങ്ങളോടെ വരുന്നതായി ദാനീയേൽ കണ്ട മനുഷ്യപുത്രനോട് സദൃശനായവൻ ദൈവത്തിൻ്റെ ഒരു വെളിപ്പാടാണ്.

3. യോഹന്നാൻ അപ്പൊസ്തലൻ, പിതാവിനും പുത്രനും ഒപ്പം കൃപയും സമാധാനവും ആംശംസിക്കുന്ന ഏഴ് ആത്മാവിനെ വെളിപ്പാടിൽ കാണാം. (വെളി, 1:4-5. ഒ.നോ: 3:1; 4:5; 5:6). ഏഴ് ആത്മാക്കളായ ഏഴ് ദീപങ്ങൾ സ്വർഗ്ഗത്തിലെ സിഹാസനത്തിനു മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നത് യോഹന്നാൻ കണ്ടതാണ്. (വെളി, 4:5). വെളിപ്പാട് പുസ്തകത്തിൽ ഏഴു ആത്മാവിനെക്കുറിച്ചു മാത്രമല്ല പറയുന്നത്; അനേകം ഏഴുകൾ കാണാം. ഉദാ: ഏഴു സഭകൾ (1:4),  ഏഴു പൊൻനിലവിളക്കുകൾ (1:13), ഏഴു നക്ഷത്രങ്ങൾ (1:15), ഏഴു നിലവിളക്കുകൾ (1:20), ഏഴു മുദ്രകൾ (5:1), ഏഴു കൊമ്പുകൾ (5:6), ഏഴു കണ്ണുകൾ (5:6), ഏഴു ദൂതന്മാർ (8:2), ഏഴു കാഹളങ്ങൾ (8:2), ഏഴു മലകൾ (17:9), ഏഴു രാജാക്കന്മാർ (17:10) തുടങ്ങി അനേകം ഏഴുകൾ കാണാം. അവയെല്ലാം ഏഴുകൾ തന്നെയാണ്. ഒരു ഏഴും ഒന്നാണെന്ന് പറഞ്ഞിട്ടില്ല. തന്മൂലം, ഏഴ് ആത്മാക്കൾ ഏഴ് ആത്മാക്കൾ തന്നെയാണ്. യോഹന്നാൻ കണ്ട ഏഴാത്മാക്കൾ ഏകദൈവത്തിൻ്റെ മറ്റൊരു വെളിപ്പാടാണ്.

4. “എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.
തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.” (വെളി, 1:12-13). സൂര്യതേജസ്സോടെ യോഹന്നാന് വെളിപ്പെട്ട മനുഷ്യപുത്രനും ഏകദൈവത്തിൻ്റെ ഒരു വെളിപ്പാടാണ്.

5. “ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു.” (വെളി, 5:6). ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളുമുള്ളതായി യോഹന്നാൻ കണ്ട കുഞ്ഞാട് ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ടതാണ്. (വെളി, 13:8). എന്നാൽ, യേശു തന്നത്താൻ യാഗമാക്കിയത് കാലസമ്പൂർണ്ണതയിലാണ്. (ഗലാ, 4:4; 1തിമൊ, 2:6). തന്നെയുമല്ല, യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്, ഏഴ് കണ്ണുകളും ഏഴ് കൊമ്പുകളുമുള്ള യഥാർത്ഥ കുഞ്ഞാടിനെയാണ്. എന്നാൽ, ദൈവപുത്രനായ യേശു അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമയും അബ്രാഹാമിൻ്റെ സന്തതിയുടെ സാദൃശ്യവും ഉള്ളവനായിരുന്നു. (കൊലൊ, 1:15; എബ്രാ, 2:16). അദൃശ്യനായ ഏകദൈവത്തിൻ്റെ പിതാവെന്ന പദവിയിലുള്ള സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷതയ്ക്ക് മനുഷ്യസാദൃശ്യമാണ് ഉള്ളത്. (യെഹെ, 1:26; 8:2). അതേ, സാദൃശ്യത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27; 2:7; 5:1). അതേ സാദൃശ്രത്തിലാണ് ദൈവപുത്രനായ യേശുവും വന്നത്. (എബ്രാ, 2:16 ഇംഗ്ലീഷിൽ നോക്കുക). അതുകൊണ്ടാണ്, ആദാമിനെ വരുവാനുള്ളവൻ്റെ പ്രതിരൂപമെന്നും യേശുവിനെ അദൃശ്യനായ ദൈവത്തിൻ്റെ പ്രതിമെയെന്നും വിശേഷിപ്പിച്ചിരിക്കുന്നത്. (റോമ, 5:14; കൊലൊ, 1:15). ലോകത്തിൻ്റെ പാപങ്ങൾ തൻ്റെ ശരീരത്തിൽ ചുമന്നൊഴിച്ച് കളയാൻ വന്നതുകൊണ്ടാണ്, യേശുവിനെ കുഞ്ഞാടെന്ന് സ്നാപകൻ വിശേഷിപ്പിച്ചത്. (യോഹ, 1:29,36). കുഞ്ഞാടെന്നത് യേശുവിൻ്റെ പദവിയാണ്. അല്ലാതെ, അവൻ യഥാർത്ഥ കുഞ്ഞാടല്ല. ദൈവം ലോകസ്ഥാപനം മുതൽ ക്രിസ്തുവിലൂടെ മുൻനിർണ്ണയിച്ച രക്ഷാകരപ്രവൃത്തിയെ പ്രതിനിധീകരിക്കുന്ന ദൈവത്തിൻ്റെ ഒരു വെളിപ്പാടിനെയാണ് അറുക്കപ്പെട്ട കുഞ്ഞാടായി യോഹന്നാൻ സ്വർഗ്ഗത്തിൽ കണ്ടത്. (ഉല്പ, 3:15; വെളി, 5:6). വെളിപ്പാടിൻ്റെ അവസാനം, കുഞ്ഞാടും ദൈവവും ഒന്നായി ദൈവം ഒരുത്തൻ മാത്രം ആകുന്നത് കാണാം. (വെളി, 22:3:5). ഒ.നോ: യെശ, 60:19:20).അതായത്, ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ഏകദൈവത്തിൻ്റെ വെളിപ്പാടുകൾ അഥവാ, പ്രത്യക്ഷതകളാണ് മേല്പറഞ്ഞതൊക്കെ. അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏകദൈവത്തിൻ്റെ അനേകം വെളിപ്പാടുകളിൽ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്ന് വെളിപ്പാടുകളെ മാത്രം എടുത്തുകൊണ്ടാണ്, ഏകസത്യദൈവത്തിൽ പലരും ബഹുത്വം ആരോപിക്കുന്നത്.

തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത്, മനുഷ്യരുടെ രക്ഷയോടുള്ള ബന്ധത്തിലെ അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകൾ ആണെന്ന് മനസ്സിലാക്കാം. അതിൽ, പിതാവും പരിശുദ്ധാത്മാവും ഏകദൈവത്തിൻ്റെ ദൃശ്യവും അദൃശ്യവുമായ നേരിട്ടുള്ള വെളിപ്പാടാണ്. പുത്രനാകട്ടെ, ഏകദൈവത്തിൻ്റെ മനുഷ്യപ്രത്യക്ഷതയാണ്. തന്മൂലം, പിതാവ് പുത്രൻ പരിശുദ്ധാത്മാവിലെ പുത്രൻ അഥവാ, സുവിശേഷങ്ങളിൽ കാണുന്ന ദൈവപുത്രൻ ദൈവമല്ല; മനുഷ്യനാണ്. (യോഹ, 8:40). ഏകമനുഷ്യനായ യേശുക്രിസ്തുവിൻ്റെ കൃപയാണ് മനുഷ്യൻ്റെ രക്ഷ. (റോമ, 5:15). എന്നാൽ, സുവിശേഷങ്ങളിൽ കാണുന്ന ഏകമനുഷ്യനായ യേശുക്രിസ്തു ഏകദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാകയാൽ, പൂർവ്വാസ്തിത്വത്തിൽ അവൻ ഏകദൈവം ആയിരുന്നു. (1തിമൊ, 3:14-16). സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിലും അവൻ ഏകദൈവം തന്നെയാണ്. (യോഹ, 8:24,28; 10:30; 13:19; 14:9; 20:28). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). ഇതാണ്, ബൈബിൾ വെളിപ്പെടുത്തുന്ന യഥാർത്ഥ വസ്തുത. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *