പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം
“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.” (മത്തായി 28:19). അസ്തിത്വദ്യോതകമാണ് പേര്. അസ്തിത്വമുള്ള എന്തിനെയെങ്കിലും അതായത്, വസ്തുവിനെയോ വ്യക്തിയെയോ ആശ്രയിച്ചു മാത്രമേ പേരിനു നിലനില്ക്കാൻ കഴിയുള്ളു. ലോകത്തിൽ പേർകൂടാതെ ഒന്നും നിലനില്ക്കുന്നുമില്ല. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഒരു പേരല്ല; സ്ഥാനപ്പേരാണ്. സംജ്ഞാനാമം അഥവാ, പേര് ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയാണ്. സ്ഥാനപ്പേരാകട്ടെ വ്യക്തി അലങ്കരിക്കുന്ന സ്ഥാനം അഥവാ, പദവിയെ തിരിച്ചറിയാനുള്ള ഉപാധിയാണ്. അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളും പദവിയുമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവ്. മൂന്നു സ്ഥാനപ്പേരുകൾക്കു ശേഷം നാമം എന്ന് ഏകവചനത്തിൽ പറഞ്ഞിരിക്കയാൽ, മൂന്നു സ്ഥാനപ്പേരുകളുടേയും ഉടമസ്ഥൻ ഒരു വ്യക്തിയാണെന്നും, ആ വ്യക്തിയുടെ നാമത്തിൽ സ്നാനം കഴിപ്പിപ്പാനാണ് കല്പിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാം. എല്ലാവർക്കും മനസ്സിലാകുന്ന ഒരുപമ പറയാം: [ഇതൊരു ഉപമ മാത്രമാണ്; ഈ വ്യക്തിയെ ദൈവത്തോടു താരതമ്യം ചെയ്തെന്ന് ആരും പറഞ്ഞേക്കരുത്. “ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമതു” പുളിച്ചമാവിനെ സ്വർഗ്ഗരാജ്യത്തോടു ക്രിസ്തു ഉപമിച്ചു; തമ്മിലൊരു ബന്ധവും ഇല്ലെന്ന് നമുക്കറിയാം; അതുപോലെയാണ് ഈ ഉപമയും] പിണറായി വിജയൻ നമ്മുടെ മഖ്യമന്ത്രിയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, അദ്ദേഹം കേരളത്തിൻ്റെ 14-ാം മന്ത്രിസഭയിൽ ഏതൊക്കെ വകുപ്പുകൾ കൈകാര്യം ചെയ്യുന്നുണ്ടെന്ന് എല്ലാവർക്കും അറിവുണ്ടാകില്ല. ഒരാൾ പറയുകയാണെന്നിരിക്കട്ടെ; “നിങ്ങൾ ആഭ്യന്തര മന്ത്രിയുടെയും പൊതുഭരണ മന്ത്രിരുടെയും പരിസ്ഥിതി മന്ത്രിയുടെയും നാമങ്ങളിൽ ഇതു ചെയ്യണം.” നമുക്ക് ഈ മന്ത്രിമാരെയൊന്നും പരിചയമില്ലെങ്കിലും, ഒരുകാര്യം മനസ്സിലാകും; ഈ മൂന്നു വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് ഒന്നിലധികം പേരാണ് അല്ലെങ്കിൽ മൂന്നുപേരാണ്. കാരണം ‘നാമങ്ങൾ’ എന്നു ബഹുവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ഇനി ‘ആ നാമത്തിൽ ഇതു ചെയ്യണം’ എന്നാണ് പറയുന്നതെങ്കിലോ, നമുക്കാളുടെ പേരറിയില്ലെങ്കിലും ഒരുകാര്യം മനസ്സിലാകും; മൂന്നു വകുപ്പും കൈകാര്യം ചെയ്യുന്നത് ഒരാൾ തന്നെയാണ്. കാരണം, ‘നാമം’ എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. ഉടനെ നമ്മൾ ‘പിണറായി മന്ത്രിസഭ’ എന്ന് ഗൂഗിൾ ചെയ്യും. മുഖ്യമന്ത്രി, ആഭ്യന്തരം, പൊതുഭരണം, പരിസ്ഥിതി, വിജിലൻസ്, വിവരസാങ്കേതികവിദ്യ, ആസൂത്രണം, ശാസ്ത്രസാങ്കേതികം, ജയിൽ തുടങ്ങിയവയെല്ലാം പിണറായി വിജയൻ്റെ വകുപ്പാണെന്ന് മനസ്സിലാകും. അപ്പോൾ, അയാൾ പറഞ്ഞ ആഭ്യന്ത്രര പൊതുഭരണ പരിസ്ഥിതി മന്ത്രിയുടെ ‘നാമം’ എന്നത് ‘പിണറായി വിജയൻ’ എന്ന ഏകവ്യക്തിയാണെന്ന് നമുക്കു മനസ്സിലാകും. ഭാഷയ്ക്ക് ഒരു വ്യാകരണവും അതുപയോഗിക്കാൻ ഒരു നിയമവുമുണ്ട്; കുറഞ്ഞപക്ഷം ഒരു ബൈബിൾ പഠിതാവെങ്കിലും അതറിഞ്ഞിരിക്കണംം. എന്നാൽ, കേരള മന്ത്രിസഭ നമ്മുടെ വിഷയമല്ല; നമ്മുടെ വിഷയം പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ‘നാമം’ ഏതാണെന്നാണ്. ആ നാമം ഗൂഗിളിൽ തപ്പിയാൽ കിട്ടില്ല. ബൈബിൾതന്നെ പരിശോധിക്കണം.
സ്നാനത്തിൻ്റെ ആധാരവാക്യം മാത്രമായി മത്തായി 28:19-നെ അനേകരും മനസ്സിലാക്കുന്നു. എന്നാൽ, തൻ്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പ് പിതൃപുത്രാത്മാവിൻ്റെ ഏകത്വത്തെക്കുറിച്ച് അഥവാ, പിതാവു പുത്രനൻ പരിശുദ്ധാത്മാവു വ്യതിരിക്തരായ വ്യക്തികളല്ലെന്നും, മൂന്നു പദവികളിൽ വെളിപ്പെട്ടിരിക്കുന്ന ഏകദൈവമാണെന്നും, ആ ദൈവത്തിന് ‘യഹോവ രക്ഷയാകുന്നു എന്നർത്ഥമുള്ള യേശു’ എന്ന ഏകനാമമേ ഉള്ളുവെന്നും, ആ നാമത്തിൽ സ്നാനം നല്കുവാനുമാണ് കല്പിച്ചതെന്നും മനസ്സിലാക്കാം. ആ ഭാഗത്തെ പ്രധാനവിഷയം യഥാർത്ഥത്തിൽ സ്നാനമല്ല; ഏകദൈവത്തിൻ്റെ നാമത്തിൽ ലോകംമുഴുവൻ അറിയിക്കേണ്ട സുവിശേഷമാണ്. സുവിശേഷത്തേക്കാൾ എന്തു ശ്രേഷ്ഠതയാണ് ജലസ്നാനത്തിനുള്ളത്? സമാന്തര വേദഭാഗങ്ങൾ അതിനു തെളിവാണ്. മാത്രമല്ല, പിതൃപുത്രാത്മാവിൻ്റെ ഏകത്വം ശിഷ്യന്മാർപോലും ഗ്രഹിച്ചിരുന്നില്ലെന്നു ഫിലിപ്പോസിൻ്റെ ചോദ്യത്തിൽനിന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സ്വർഗ്ഗാരോഹണത്തിനു മുമ്പ് അക്കാര്യം കർത്താവ് ഊന്നിപ്പറഞ്ഞത്. പക്ഷെ, യേശുവിൻ്റെ അറസ്റ്റും ക്രൂശുമരണവും അനന്തരസംഭവങ്ങളും ശിഷ്യന്മാരെ ഭയചകിതരാക്കിയതുക്കൊണ്ട് യേശു പറഞ്ഞകാര്യം അവർ പൂർണ്ണമായി ഗ്രഹിച്ചുവോ എന്നറിയില്ല. എന്നാൽ, മാളികമുറിയിലെ പ്രസംഗത്തിൽ യേശു പറഞ്ഞപോലെ, എന്നേക്കും കൂടെയിരുന്ന് സകലവും ഉപദേശിച്ചുനല്കുന്ന പരിശുദ്ധാത്മാവെന്ന കാര്യസ്ഥൻ അവരോഹണം ചെയ്തപ്പോൾ (യോഹ, 14:16; 26), ശിഷ്യന്മാർക്കത് വ്യക്തമായി മനസ്സിലായി. പത്രൊസിൻ്റെ പ്രഥമപ്രസംഗം അതിനു തെളിവാണ്. പ്രസംഗംകേട്ട് ഹൃദയത്തിൽ കുത്തുകൊണ്ട യെഹൂദന്മാർ “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു” എന്നു ചോദിച്ചതിന് “ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ” എന്നാണ് പത്രൊസ് കല്പിച്ചത്. (പ്രവൃ, 2:37,38). രണ്ടു ബാല്യക്കാരത്തികളുടെ മുമ്പിൽ ചൂളിപ്പോയിട്ട് തൻ്റെ അരുമനാഥനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞവനാണ് പത്രൊസ്. പരിശുദ്ധാത്മാവ് തൻ്റെമേൽ വന്നപ്പോൾ താൻ തള്ളിപ്പറഞ്ഞ ബാല്യക്കാരത്തികളോട് സാക്ഷ്യം പറയാനല്ല പത്രൊസ് പോയത്. മഹാപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും അടങ്ങുന്ന സെൻഹെദ്രിനിൻ്റെ മുമ്പിൽ നിന്നുകൊണ്ടാണ് “നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ” എന്ന് വിളിച്ചുപറഞ്ഞത്. (പ്രവൃ, 4:10). ഇന്ത്യയിലെ ഒരു മുൻസിഫ് കോടതിയിൽ കയറിനിന്നാൽപ്പോലും കുറ്റം ചെയ്യാത്തവനും മുട്ടിടിക്കും. അപ്പോൾ സുപ്രീംകോടതിയെക്കുറിച്ച് പറയാനുണ്ടോ? യിസ്രായേലിൻ്റെ പരമോന്നത കോടതിയാണ് സെൻഹെദ്രിൻ. ആ കോടതിയെ വിരൽചൂണ്ടാണ് ‘നിങ്ങൾ ക്രൂശിച്ചവൻ’ എന്ന് പത്രൊസ് പ്രസ്താവിച്ചത്. യേശു കല്പിച്ച പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും സ്ഥാനനാമത്തിലുള്ള സ്നാനമാണ് ശരി; പത്രൊസ് കല്പിച്ച ‘യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നാനം’ തെറ്റാണെന്ന് കരുതുന്നവർ, അപ്പൊസ്തലന്മാരിൽ വ്യാപരിച്ചിരുന്ന പരിശുദ്ധാത്മാവ് ആരാണെന്നും, ആത്മശക്തിയുടെ അളവറ്റവലിപ്പം എന്താണെന്നും അറിഞ്ഞിരുന്നെങ്കിൽ! യേശു അപ്പൊസ്തലന്മാരോടു പറഞ്ഞ ഒരു കാര്യമുണ്ട്: “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കോ, 10:16).
അസ്തിത്വദ്യോതകമാണ് പേരെന്നും, പിതാവു പുത്രൻ പരിശുദ്ധാത്മാവു ഒരു പേരല്ല; സ്ഥാനപ്പേരാണെന്നും മുകളിൽ സൂചിപ്പിച്ചതാണ്. പേര് കൂടാതെ ഒരു വ്യക്തിയോ, വസ്തുവോ സ്വതന്ത്രമായി ഈ ലോകത്തുണ്ടെന്ന് പറയാൻ കഴിയില്ല. പേര് അഥവാ സംജ്ഞാനാമവും സ്ഥാനനാമവും തമ്മിൽ വ്യത്യാസമുണ്ട്. പേരെന്നാൽ; ഒരു വസ്തുവിനേയോ, വ്യക്തിയേയോ തിരിച്ചറിയാനുള്ള ഉപാധിയാണ്. സ്ഥാനപ്പേരെന്നാൽ; ഒരു വ്യക്തി അലങ്കരിക്കുന്ന പദവി അഥവാ സ്ഥാനം തിരിച്ചറിയാനുള്ള ഉപാധിയാണ്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് സംജ്ഞാനാമമല്ല; സ്ഥാനനാമമാണ്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന പ്രയോഗം പഴയനിയമത്തിലല്ല; പുതിയനിയമത്തിലാണുള്ളത്. മൂന്നു വ്യക്തിയായിരുന്നെങ്കിൽ നിശ്ചയമായും പുതിയനിയമത്തിൽ ഇവർക്കോരോ പേരുണ്ടാകുമായിരുന്നു. പുത്രൻ്റെ പേര് ‘യേശു’ എന്നാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). പിതാവിൻ്റെ നാമം പഴയനിയമത്തിലുണ്ട്; പരിശുദ്ധാത്മാവിൻ്റെ പേരെന്താണ്? പരിശുദ്ധാത്മാവിനു പഴയപുതിയനിയമങ്ങളിൽ പേർപറയാത്തത് പിതാവിൽനിന്നു വ്യതിരിക്തനല്ലാത്തതുകൊണ്ടാണ്. പിതാവിൻ്റെ നാമംതന്നെയാണ് പുത്രൻ്റെ നാമം: “കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ.” (സങ്കീ, 118:26; മത്താ, 21:9; 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38; യോഹ, 12:13). യേശുക്രിസ്തുവും അത് വ്യക്തമാക്കുന്നു: ”ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു” (യോഹ, 5:43); ”എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ” (10:25); ”പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ’; പുത്രനെ മഹത്വപ്പെടുത്തേണമേ’ (12:28; 17:1); ”ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു” (17:6, 26); (17:26); ”നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ” (17:11,12). ആകാശത്തിന്നു കീഴിൽ യേശുവെന്ന നാമമല്ലാതെ മറ്റൊരു നാമവുമില്ല. (പ്രവൃ, 4:12). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). പഴയനിയമത്തിലും പരിശുദ്ധാത്മാവിനു ഒരു പേർ പറഞ്ഞിട്ടില്ല. പരിശുദ്ധാത്മാവ് അഥവാ Holly Spirit ഒരു പേരല്ല; സ്ഥാനപ്പേര് അഥവാ വിശേഷണമാണ്. പഴയനിയമത്തിൽ ഒരു മനുഷ്യനെ Holly Man എന്നു പറഞ്ഞിട്ടുണ്ട്; ആ മനുഷ്യന് ‘എലീശ’ എന്ന കൃത്യമായ ഒരു പേരുമുണ്ട്. അങ്ങനെയെങ്കിൽ പരിശുദ്ധാത്മാവിൻ്റെ പേരെന്താണ്? ആത്മാവ് ഒരു വസ്തുവാണെന്നു പറഞ്ഞാൽപ്പോലും പേരുവേണം? അപ്പോൾ ദൈവത്തിൽനിന്നു വ്യത്യസ്തനായ വ്യക്തിയാണെങ്കിൽ പേർ വേണ്ടേ? പരിശുദ്ധാത്മാവ് വ്യക്തിയല്ലെന്നല്ല പറഞ്ഞതിനർത്ഥം: പിതാവിൽനിന്നു വ്യതിരിക്തനായ വ്യക്തിയല്ല. അദൃശ്യനായ ഏകദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളും പദവികളുമാണ് പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത്. ഈ വസ്തുത ഏതൊരു വിശ്വാസിയും മനസ്സോടെ അംഗീകരിക്കണം. [കാണുക: പരിശുദ്ധാത്മാവ്]
സ്വതന്ത്രമായി അസ്തിത്വമുള്ള എന്തിൻ്റെയെങ്കിലും കൂടെ മാത്രമേ പേരിനു നിലനില്ക്കാൻ കഴിയു. ഒരു ചുഴലിക്കാറ്റു വന്നാലും കത്രീന, കരീന, ബുറേവി എന്നൊക്കെ പേരിടുന്നത് കണ്ടിട്ടില്ലേ? നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തതും ഇപ്പോൾ പടർന്നു പിടിച്ചിരിക്കുന്നതുമായ വൈറസിനുപോലും കൊറോണ, കോവിഡ്, ഒമിക്രോൺ എന്നിങ്ങനെ മുന്നാലുപേരുണ്ട്. സകലത്തെയും ചമച്ചവനും ആകാശസൈന്യങ്ങളെ സൃഷ്ടിക്കുകയും അവയെ പേർചൊല്ലി വിളിക്കുകയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും ചെയ്തവനും, (യെശ, 49:26; സങ്കീ, 147:4), ഭൂമിയിലെ തൻ്റെ സൃഷ്ടികൾക്കെല്ലാം ആദാമിനെക്കൊണ്ട് പേരിടുവിച്ചവനുമായ ദൈവം (ഉല്പ, 2:19, വ്യത്യസ്ത വ്യക്തികളായിരിക്കുകയും, അതിൽ എല്ലാവർക്കും പേരില്ലെന്നു പറയുകയും ചെയ്താൽ ശരിയാകുമോ???… യഹോവ തന്നെയാണ് യേശുക്രിസ്തുവെന്ന് ബൈബിളിൽ അനവധി തെളിവുകളുണ്ട്. പരിശുദ്ധാത്മാവിനെ ദൈവത്തിൻ്റെ ആത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും, പിതാവിൻ്റെ ആത്മാവെന്നും പുത്രൻ്റെ ആത്മാവെന്നും അഭിന്നമായി വിളിച്ചിട്ടുമുണ്ട്. ഇത് പിതൃപുത്രാത്മാവിൻ്റെ ഏകത്വത്തിനു തെളിവാണ്. പിതാവായ ദൈവത്തോട് ചേർത്ത് ‘നിത്യപിതാവു’ എന്നോ, പുത്രനോട് ചേർത്ത് ‘നിത്യപുത്രൻ’ എന്നോ ഒരുപദം ബൈബിളിലില്ല. അത് പിതാവും പുത്രനും വ്യതിരിക്തരല്ലെന്നു തെളിയിക്കുന്നു. എന്നാൽ, ‘നിത്യപിതാവു’ (യെശ, 9:6) എന്നു വിളിച്ചിരിക്കുന്നതാകട്ടെ ജഡത്തിൽ വെളിപ്പെട്ടവനെയാണ്. ‘ഞാനും പിതാവും ഒന്നാകുന്നു’ (യോഹ, 10:30) എന്നും, പിതാവിനെ കാണാൻ ആഗ്രഹിച്ച ഫിലിപ്പോസിനോട്; ‘നീ എന്നെ അറിയുന്നില്ലയോ; എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു’ (യോഹ, 14:8,9) എന്നും യേശു പറയുന്നത് ഓർക്കുക. അതിനാൽ, സ്വർഗ്ഗീയപിതാവാണ് പുത്രനെന്ന പദവിയിൽ ജഡത്തിൽ വെളിപ്പെട്ടതെന്ന് സ്ഫടികസ്ഫുടം തെളിയുന്നു. നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളല്ലെങ്കിൽ മേല്പറഞ്ഞ പ്രയോഗങ്ങളൊന്നും തനിക്കു പറയാൻ കഴിയില്ല. [കണുക: ഞാനും പിതാവും ഒന്നാകുന്നു]
യഹോവ/യേശു: പിതാവു പുത്രൻ പരിശുദ്ധാത്മാവ് ഒരാളാണെങ്കിൽ യഹോവ, യേശു എന്നിങ്ങനെ രണ്ടു പേരിൻ്റെ ആവശ്യമെന്താണ് എന്നൊരു ചോദ്യം വരും. യഹോവ ഒരുത്തൻ മാത്രമാണ് ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേ നമുക്കുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). ഇതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപത്തിൻ്റെ കുറ്റം സ്രഷ്ടാവായ തൻ്റെ കുറ്റമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ടു പാപപരിഹാരം വരുത്തിയത്. (മത്താ, 1:22; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് തൻ്റെ സ്വഭാവമോ സ്വരൂപമോ ത്യജിച്ചുകൊണ്ട് അവതാരമെടുക്കാൻ കഴിയില്ല. (യാക്കോ, 1:17; 2തിമൊ, 2:13; മലാ, 3:6). ദൈവം ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെടുകയാണ് ചെയ്തത്: (1തിമൊ, 3:14-16; 1പത്രൊ, 1:20). ദൈവം തൻ്റെ സ്ഥായിയായ രൂപത്തിൽ ഇരിക്കുമ്പോൾത്തന്നെ താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്കു ഗോചരമായ വിധത്തിൽ തന്നെത്തന്ന ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത. സ്വർഗ്ഗസിംഹാസനത്തിൽ സാറാഫുകളുടെ മദ്ധ്യത്തിൽ ഇരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനാണ് മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടത്. (യെശ, 6:1-5; യെഹെ, 1:26-28; വെളി, 4:1-8; 1തിമൊ, 3:16; യോഹ, 1:13). ജഡത്തിൽ ക്രിസ്തു ദൈവമല്ലായിരുന്നു; പാപമറിയാത്ത പൂർണ്ണമനുഷ്യനായിരുന്നു: 1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6). സുവിശേഷങ്ങൾ മുഴുവനും ദൈവവും ദൈവത്തിൻ്റെ വെളിപ്പാടായ അഭിക്തമനുഷ്യനും (ക്രിസ്തു) എന്നിങ്ങനെ രണ്ട് വ്യക്തികളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. (ഉദാ: മത്താ, 7:21; 10:32; 11:27; 12:50; 15:13; 16:17; 17:5; 18:19,35; 20:23; 24:36; 25:34; 26:38,53). ക്രിസ്തു സ്ഫടികസ്ഫുടം അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പിതാവിനെ, തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന ‘മറ്റൊരുത്തൻ’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. (യോഹ, 5:32,37) ഞാൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ല എന്ന് പിതാവിനെയും ചേർത്ത് പറഞ്ഞിട്ടുണ്ട്. (യോഹ, 8:16; 8:29; 16:32). യോർദ്ദാനിലെ സ്നാനംമുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ മറ്റൊരു വ്യക്തിയായി ഉണ്ടായിരുന്നു; അതിനാലാണ് താൻ ഏകനല്ല അഥവാ ഒറ്റയ്ക്കല്ലെന്ന് യേശു പറഞ്ഞത്. (മത്താ, 3:16; യോഹ, 3:2; പ്രവൃ, 10:38). പിതാവിനെയും ചേർത്ത് ‘ഞങ്ങൾ’ എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). ‘നിന്നെയും എന്നെയും’ എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). ഞാൻ ഏകനല്ലെന്ന് മനുഷ്യനായ യേശു പറഞ്ഞാൽ; മനുഷ്യനായിരുന്ന തനിക്കോ, അദൃശ്യനായി തൻ്റെകൂടെ വസിക്കുന്ന ദൈവത്തിനോ ബഹുത്വമുണ്ടാകുന്നില്ല. വീണ്ടുംജനിച്ച, ദൈവം തൻ്റെകൂടെയുണ്ടെന്ന് ഉറപ്പുള്ള ഏതൊരു വ്യക്തിക്കും പറയാവുന്ന പ്രസ്താവനയാണ് യേശു പറഞ്ഞത്. യഹോവയായദൈവം മനുഷ്യരുടെ പാപപരിഹാർത്ഥം മനുഷ്യനും മറ്റൊരു വ്യക്തിയുമായി വെളിപ്പെട്ടതുകൊണ്ടും ദൈവജനത്തോടു പുതിയൊരു നിയമം ചെയ്യാനിരുന്നതുകൊണ്ടുമാണ് ‘യേശു’ എന്ന പുതിയൊരു നാമമെടുത്തത്. ദൈവത്തിൻ്റെ മുൻനിർണ്ണയപ്രകാരമുള്ള പദ്ധതിയായിരുന്നു പുതിയനിയമം: (യിരെ, 31:31-34). “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20).
പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടുപേർ ഉണ്ടായിരുന്ന. (യോഹ, 8:16-18; 8:29; 16:32). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (ആവ, 10:17; തീത്തൊ, 2:12; എബ്രാ, 13:8). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക. (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതുമോർക്കുക. (യെശ, 45:5,6,22). പഴയനിയമകർത്താവായ യഹോവ തന്നെയാണ് യേശുവെന്ന തൻ്റെ പുതിയ നാമത്തിൽ മനുഷ്യനായി വന്ന് ന്യായപ്രമാണത്തെ നിവൃത്തിച്ചുകൊണ്ട് ഒരു പുതിയനിയമം സ്ഥാപിച്ചത്. (മത്താ, 5:17,18; മർക്കൊ, 2:28; ലൂക്കൊ, 22:20; എബ്രാ, 8:8-13). യഹോവ തന്നെയാണോ മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ചതെന്ന ഒരു സംശയമുണ്ടാകാം; ആ സംശയം ഞാനായിട്ട് തീർക്കുന്നില്ല, യഹോവയായ ദൈവംതന്നെ തീർത്തുതരും: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). എന്നെയാണ് അവർ കുത്തിത്തുളച്ചതെന്ന് യഹോവ പറയുമ്പോൾ വിശ്വസിക്കാതെ പറ്റില്ലല്ലോ? മലയാളം പരിഭാഷയും കാണുക: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്ര). യഹോവ ഒലിവുമലയിൽ വരും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകുമെന്നു സെഖര്യാവു പറയുന്നു: (14:3,4). ഒലിവുമലയിൽ നിന്നു യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തശേഷം രണ്ടു ദൂതന്മാർ വന്നു പറയുന്നു: യേശു പോയപോലെ വീണ്ടും വരും: (പ്രവൃ, 1:10,11). എവിടെ വരും? ഒലിവുമലയിൽ. ആരുവരും? യഹോവ അഥവാ യേശുക്രിസ്തു വരും. [കാണുക: അദൃശ്യനായ ഏകദൈവവും പ്രത്യക്ഷതകളും, യഹോവ/യേശുക്രിസ്തു, അവൻ ജഡത്തിൽ വെളിപ്പെട്ടു]
‘പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം’ എന്നത് ‘യേശുക്രിസ്തു’ ആണെന്നു ഒരു സത്യവിശ്വാസിക്ക് ഗ്രഹിക്കാൻ മേൽവിവരിച്ച തെളിവുകൾ ധാരാളം മതിയാകും. എന്നാൽ, കടലുകാണിച്ചാലും വാഴനാരാണെന്ന് പറയുന്ന ചിലരുണ്ട്. അവർക്കായി പ്രധാനപ്പെട്ട അഞ്ച് തെളിവുകൾ കൂടി ബൈബിളിൽനിന്ന് ചൂണ്ടിക്കാണിക്കാം:
1. സമാന്തരഭാഗങ്ങൾ: പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും ‘നാമം’ യേശുക്രിസ്തു ആണെന്നറിയാൻ മത്തായി 28:19-ൻ്റെ സമാന്തരഭാഗങ്ങൾ നോക്കിയാൽ മതിയാകും.
“ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോസ് 24:46,47).
“എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ (യേശു) സാക്ഷികൾ ആകും എന്നു പറഞ്ഞു.” (പ്രവൃ, 1:8).
“പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊ, 16:15,16).
മത്തായി 28:19-ലെ പ്രധാനവിഷയം സ്നാനമല്ല; ദൈവത്തിൻ്റെ ഏകത്വവും, ലോകം മുഴുവനുമുള്ള സുവിശേഷഘോഷണവുമാണ്. ക്രസ്തുവൻ്റെ ക്രൂശുമരണം കഴിഞ്ഞാൽ, താൻ ക്രൂശിലൂടെ സമ്പാദിച്ച രക്ഷയുടെ ദൂത് ലോകംമുഴുവൻ അറിയിക്കുക എന്നതാണ് പ്രധാനം. ബൈബിൾ മുഴുവൻ പരിശോധിച്ചാൽ; ക്രിസ്തുവിലും അവനൊരുക്കിയ രക്ഷയിലും മുഖ്യമായ മറ്റൊരു വിഷയമില്ല. അതറിയിക്കാനുള്ള ഏകനാമമാണ് മത്തായിയിൽ ‘പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം.’ ആ നാമം ‘യേശുക്രിസ്തു’ ആണെന്ന് ലൂക്കൊസ് രണ്ടിടത്ത് സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 24:47; പ്രവൃ, 1:8). മർക്കൊസാകട്ടെ, നാമം ഏതാണെന്ന് പറഞ്ഞിട്ടില്ലെങ്കിലും, സുവിശേഷം സ്നാനത്തേക്കാൾ ശ്രേഷ്ഠമാണെന്ന് പറഞ്ഞുവെച്ചിട്ടുണ്ട്. സ്നാനം ഏല്ക്കാത്തവനല്ല; സുവിശേഷം കൈക്കൊള്ളാത്തവനാണ് അഥവാ, വിശ്വസിക്കാത്തവനാണ് ശിക്ഷാവിധി വരുന്നത്. (മർക്കൊ, 16:16). “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു” (1കൊരി, 1:17) എന്ന പൗലൊസിൻ്റെ പ്രസ്താവനയും ചേർത്ത് ചിന്തിക്കുക. [കാണുക: സ്നാനവും രക്ഷയും, ആത്മസ്നാനവും ജലസ്നാനവും]
2. പിതാവിൻ്റെ നാമം തന്നെയാണ് പുത്രൻ്റെ നാമവും:
“അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (മത്തായി 1:21,22).
“ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.” (യോഹന്നാൻ 5:43).
“യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹന്നാൻ 10:25).
“യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.” (സങ്കീ, 118:26). “ഈന്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.” (യോഹന്നാൻ 12:13; ഒ.നോ: മത്താ, 21:9; 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38).
“പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:” (യോഹന്നാൻ 12:28). പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ. (യോഹന്നാൻ 17:1).
“നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.” (യോഹന്നാൻ 17:6).
“ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹന്നാൻ 17:11).
“അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.” (യോഹന്നാൻ 17:12).
“നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” (യോഹന്നാൻ 17:26).
യഹോവയുടെ ജനമാണ് യിസ്രായേലെന്ന് പഴയനിയമത്തിൽ പറഞ്ഞിരിക്കുന്നു. മത്തായി 1:21-ൽ ‘യേശു തൻ്റെ ജനത്തെ രക്ഷിക്കും’ എന്നാണ്. യേശു എന്ന പേരിനർത്ഥം ‘യഹോവ രക്ഷയാകുന്നു’ എന്നാണ്. (മത്താ, 1:22). യോഹന്നാൻ 5:43-ൽ ‘ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു’ എന്നും; 10:25-ൽ ‘എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ’ എനിക്കു സാക്ഷ്യം ആകുന്നു’ എന്നും പറയുന്നു. 12:13-ൽ യേശുവിൻ്റെ യെരുശലേമിലേക്കുള്ള രാജകീയ പ്രവേശത്തിൽ ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നാണ് ജനം ആർത്തുവിളിച്ചത്. യോഹന്നാൻ 12:28-ൽ ‘പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ’ എന്നാണ് പറയുന്നതെങ്കിൽ, 17:1-ൽ ‘പുത്രനെ മഹത്വപ്പെടുത്തേണമേ’ എന്നാണ്. 17:6-ൽ ‘ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു’ എന്നും, 17:11-ൽ ‘നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം’ എന്നുമാണ്. വീണ്ടും 17:12-ൽ ‘നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമം’ എന്നും, 17:26-ൽ ‘ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു’ എന്നും പറയുന്നു. പിതാവിൻ്റെ ഏത് നാമമാണ് പുത്രൻ വെളിപ്പെടുത്തിയത്? ഒരുനാമവും വെളിപ്പെടുത്തിയില്ല. പ്രത്യുത, തന്നെത്തന്നെയാണ് വെളിപ്പെടുത്തിയത്. പുറപ്പാട് 38:18-ൽ “നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ” എന്ന് മോശെ അപേക്ഷിക്കുകയുണ്ടായി. ദൈവത്തിൻ്റെ മറുപടി: “ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും” എന്നാണ്. (33:19). അവിടെ ദൈവത്തിൻ്റെ തേജസ്സാണ് മോശെയ്ക്ക് കാണിച്ചുകൊടുത്തത്. (33:22). തന്മൂലം, ദൈവതേജസ്സ് അഥവാ, ദൈവത്തിൻ്റെ പ്രത്യക്ഷത തന്നെയാണ് ‘നാമം’ എന്നുപറയുന്നതു. പുതിയനിയമത്തിൽ ‘പുത്രൻ’ എന്ന അഭിധാനത്തിലുള്ള പ്രത്യക്ഷത അഥവാ, വെളിപ്പാട് തന്നെയാണ് ദൈവത്തിൻ്റെ നാമം. അത് ‘കർത്താവായ യേശുക്രിസ്തു’ അല്ലാതെ മറ്റൊന്നല്ല. ‘പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ’ എന്നും; ‘പുത്രനെ മഹത്വപ്പെടുത്തേണമേ’ എന്നും അഭിന്നമായിട്ട് പറയുന്നതും ശ്രദ്ധിക്കുക. (യോഹ, 12:28=17:1).
പുത്രൻ്റെ നാമത്തിലാണ് പരിശുദ്ധാത്മാവ് വരുന്നതെന്നും ഇതിനൊപ്പം ചിന്തിക്കുക: “എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (യോഹ, 14:26). പരിശുദ്ധാത്മാവിന് മറ്റൊരു പേരില്ലെന്നതും കുറിക്കൊള്ളുക. ആകയാൽ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം ഒന്നാണെന്നും, ആ നാമമാണ് യേശുക്രിസ്തു എന്നും മനസ്സിലാക്കാം.
3. അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ച നാമമാണ് പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം:
“പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃത്തികൾ 2:38).
“അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.“ (പ്രവൃത്തികൾ 8:16).
“പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.” (പ്രവൃത്തികൾ 10:48).
“ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.” (പ്രവൃത്തികൾ 19:5).
“ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം (യേശുക്രിസ്തു) വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃത്തികൾ 22:16).
ബൈബിളിൽ ‘യേശുക്രിസ്തു’ എന്നല്ലാതെ വേറൊരു നാമവും സ്നാനത്തിനായി ഉപയോഗിച്ചിട്ടില്ല. കൊരിന്ത്യരുടെ ഇടയിലെ വിഭാഗീയത മൂലം പൗലൊസ് പറയുന്നത്; “ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?” (1കൊരി, 1:13). നിങ്ങൾക്കായി ക്രൂശിക്കപ്പെട്ടവൻ്റെ നാമത്തിലാണ് നിങ്ങൾ സ്നാനവും ഏറ്റിരിക്കുന്നത് എന്നാണ് അവരെ ഓർമ്മിപ്പിക്കുന്നത്. കൊലൊസ്യരോട് പറയുന്നതും ശ്രദ്ധേയമാണ്; “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും, അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). അപ്പൊസ്തലന്മാരുടെ വാക്കുകൾ വിശ്വസിക്കാതെ തള്ളിക്കളയുന്നവർ യേശുക്രിസ്തുവിനെയാണ് തള്ളുന്നത്: “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു.” (ലൂക്കോ, 10:16).
4. onoma-യും onomata-യും
മത്തായി 28:19-ലെ ‘നാമം’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം onoma (ονομα) ആണ്. നാമം അഥവാ പേരു’ (Name) എന്ന ഏകവചനത്തെ കുറിക്കുന്ന ‘ഒനോമ’ (onoma – ὀνόμα) എന്ന ഗ്രീക്കുപദം 215-ലേറെ പ്രാവശ്യമുണ്ട്. ഉദാ: (മത്താ, 1:21; 1:22; 1:25; 6:9; 28:19). ‘ഒനോമാട്ട’ (onomata – ὀνόματά) എന്ന ബഹുവചനത്തെ കുറിക്കുന്ന ഗ്രീക്കുപദം പത്തോളം പ്രാവശ്യവുമുണ്ട്. ഉദാ: (മത്താ, 10:2; ലൂക്കൊ, 10:20; വെളി, 21:12; 21:14). Apostolic Bible Polyglot Text, Nestle 1904, Westcott and Hort 1881, Westcott and Hort / [NA27 and UBS4 variants], RP Byzantine Mejority Text 2005, Greek Orthodox Church, Tischendorf 8th Edition, Scrivener’s Textus Receptus 1894, Stephanus Textus Receptus 1550 തുടങ്ങിയ ഗ്രീക്കു പരിഭാഷകളും, കെ.ജെ.വി, സ.വേ.പ.നൂ.പ, പി.ഒ.സി. തുടങ്ങിയ പരിഭാഷകളും പരിശോധിക്കുക. എബ്രായയിലും ‘നാമം അഥവാ പേരു’ എന്ന ഏകവചനത്തെ കുറിക്കുന്ന ‘ഷാം’ (shame – שמ) എന്നും (ഉല്പ, 2:11; 3:20; 4:17; 4:19; പുറ, 1:15), ‘നാമങ്ങൾ അഥവാ പേരുകൾ’ എന്ന ബഹുവചനത്തെ കുറിക്കുന്ന ‘ഷാമോത്തു’ (shamot – שמות) എന്നും രണ്ടു വ്യത്യസ്ത പദങ്ങളുണ്ട്. (ഉല്പ, 36:16; 36:40; 46:8; പുറ, 6:16; സംഖ്യാ, 3:2). Westminister Leningrad Codex, WLC (Consonants Only), Hebrew Bible, Open Scriptures Hebrew Bible തുടങ്ങിയ എബ്രായ പരിഭാഷകൾ പരിശോധിക്കുക. എബ്രായ ബൈബിളിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) ‘നാമം അഥവാ പേരു’ Name) എന്ന ഏകവചനത്തെ സൂചിപ്പിക്കുന്ന ‘ഒനോമ’ (onoma – ονομα) 531 വാക്യങ്ങളിലുണ്ട്. (ഉല്പ, 2:11; 2:13; 3:20). ‘നാമങ്ങൾ അഥവാ പേരുകൾ’ എന്നതിനെ സൂചിപ്പിക്കുന്ന ‘ഒനോമാട്ട’ (onomata – ονοματα) 50 വാക്യങ്ങളിലുമുണ്ട്. (ഉല്പ, 36:10; 46:8; പുറ, 1:1). അപ്പോൾ ബഹുവചനത്തെ സൂചിപ്പിക്കുന്ന വ്യക്തമായൊരു പദം ഉണ്ടായിട്ടും ഏകവചനം ഉപയോഗിച്ചിരിക്കുന്നത്, പിതാവും പുത്രനും പരിശുദ്ധാത്മാവും ഏകവ്യക്തിയായതുകൊണ്ടാണെന്ന് വ്യക്തം.
ബൈബിളിൽ നിന്നുള്ള തെളിവുകൾ കാണിക്കാം: ഒന്ന്; “അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.” (സംഖ്യാ, 3:2). ഇവിടെ നോക്കുക: അഹരോൻ്റെ മക്കളാണ് നാദാബും അബീഹൂവും എലെയാസാറും ഈഥാമാറും. അവർ ഒരപ്പൻ്റെ ഐക്യത്തിൽ ഒന്നായ നാലു മക്കളും നാലു വ്യക്തികളൂമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ? അവരെ നാലുപേരെയും ചേർത്ത് പറയുമ്പോൾ, ‘പേര് അഥവാ നാമം’ എന്നു പറയാതെ ‘പേരുകൾ അഥവാ നാമങ്ങൾ’ എന്നു പറഞ്ഞിരിക്കുന്നതെന്താണ്? അവർ നാലു വ്യക്തികൾ ആയതുകൊണ്ടാണ്. ഭാഷയുടെ വ്യാകരണ നിയമപ്രകാരം ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ, ‘നാമം’ എന്ന ഏകവചനമല്ല, ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് ഉപയോഗിക്കേണ്ടത്. രണ്ട്; “ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി.” (സംഖ്യാ, 3:17; പുറ, 6:16). ഇവിടെയും നോക്കുക: ലേവിയുടെ മൂന്നു പുത്രന്മാർ മൂന്നു വ്യക്തികളാകയാലാണ് ‘പേരുകൾ അഥവാ നാമങ്ങൾ’ എന്ന ബഹുവചനം പ്രയോഗിച്ചിരിക്കുന്നത്; ലേവിയെന്ന ഏകൻ്റെ മക്കളായതുകൊണ്ടും ഐക്യത്തിൽ അവർ ഒന്നായതുകൊണ്ടും ഒന്നിലധികം വ്യക്തികളെ ചേർത്തു പറയുമ്പോൾ ‘പേര് അഥവാ നാമം’ എന്ന ഏകവചനം ഉപയോഗിക്കാൻ വ്യാകരണത്തിൽ വ്യവസ്ഥയില്ല. മൂന്ന്; “ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി.” (1ദിന,, 6:17). ഇവിടെയും നോക്കുക: രണ്ടു മക്കളേയുള്ളു; എന്നിട്ടും ബഹുവചനം ഉപയോഗിച്ചിരിക്കുന്നു. നാല്; “പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകള്‍ ഇവയാണ്: “ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്, തദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.” (മത്താ, 10:2-4). സത്യവേദപുസ്തകത്തിൽ ‘പേരാവിതു’ എന്നാണു കാണുന്നത്. ഗ്രീക്കിൽ ഒനോമാട്ടയും (onomata) ഇംഗ്ലീഷിൽ പേരുകളും (names) ആണ്. സത്യവേദപുസ്തകം പരിഷ്കരിച്ച ലിപിയും മലയാളം ഓശാനയും വിശുദ്ധഗ്രന്ഥവും പി.ഒ.സിയും കാണുക. അപ്പൊസ്തലന്മാർ ഒന്നിലധികം അഥവാ പന്ത്രണ്ടുപേർ ഉള്ളതുകൊണ്ടാണ് ‘പേരു’ എന്ന ഏകവചനം ഉപയോഗിക്കാതെ, ‘പേരുകൾ അഥവാ നാമങ്ങൾ’ എന്ന ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്. അതിൽ ശ്രദ്ധേയമായൊരു കാര്യംകൂടി കാണിക്കാം: അപ്പൊസ്തലന്മാർ ഐക്യത്തിൽ തികഞ്ഞവരാകേണ്ടതിനു യേശു അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതായി കാണാം. (യോഹ, 17:23). അവർ ക്രിസ്തുവെന്ന ഏകശരീരത്തിൽ ഐക്യത്തിൽ ഒന്നായിട്ടും അവർക്ക് നാമമല്ല; നാമങ്ങളാണുള്ളത്. എന്തെന്നാൽ, ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും അവർ ഒന്നിലധികം വ്യക്തികളാണ്. വ്യക്തികളെ ചേർത്തു പറയുമ്പോൾ വ്യാകരണനയമപ്രകാരം നാമമെന്നല്ല; നാമങ്ങളെന്നാണ് പറയേണ്ടത്. അഞ്ച്; “എങ്കിലും ദുഷ്ടാത്മാക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതില്‍ ആണ് സന്തോഷിക്കേണ്ടത്.” (ലൂക്കോ, 10:20). സത്യവേദപുസ്തകത്തിൽ ഈ വാക്യത്തിനും ‘പേർ’ എന്ന ഏകവചനമാണ് കാണുന്നത്. എന്നാൽ ഗ്രീക്കിൽ ഒനോമാട്ടയും ഇംഗ്ലീഷിൽ ‘പേരുകൾ’ (names) ആണുള്ളത്. സത്യവേദപുസ്തകം പരിഷ്കരിച്ച ലിപിയും മലയാളം ഓശാനയും വിശുദ്ധഗ്രന്ഥവും പി.ഒ.സിയും കാണുക. വിശ്വാസികളെല്ലാവരും ആത്മാസ്നാനത്താൽ ക്രിസ്തുവിൽ ഒന്നാണ്. (1കൊരി, 12:12,13). എന്നിട്ടും സ്വർഗ്ഗത്തിൽ നമ്മെയെല്ലാവരെയും ചേർത്ത് പേരല്ല ഉള്ളത്; പേരുകളാണ് ഉള്ളത്. എന്തെന്നാൽ നാം ക്രിസ്തുവിൽ ഒന്നായിരിക്കുമ്പോഴും പല വ്യക്തികളാണ്. പലവ്യക്തികളെ ഭാഷയുടെ നിയമപ്രകാരം നാമമെന്നല്ല; നാമങ്ങളെന്നാണ് പറയുന്നത്. ആറ്; “നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകളും ഉണ്ട്.” (വെളി, 21:14). പന്ത്രണ്ട് അപ്പൊസ്തലന്മാർക്ക് സ്വർഗ്ഗത്തിൽപ്പോലും പേരല്ല; പേരുകളാണുള്ളത്. ത്രിത്വം കരുതുന്നതുപോലെ പിതാവു പുത്രൻ പരിശുദ്ധാത്മാവു മൂന്നു വ്യക്തിയായിരുന്നെങ്കിൽ, ഭാഷയുടെ വ്യാകരണനിയമപ്രകാരം നാമത്തിൽ സ്നാനപ്പെടുത്തണമെന്നല്ല; നാമങ്ങളിൽ സ്നാനപ്പെടുത്തണം എന്നു പറയുമായിരുന്നു. അതിനാൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന മൂന്നു വെളിപ്പാടുകളും പദവികളുമുള്ള അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കാനാണ് കല്പിച്ചതെന്നു മനസ്സിലാക്കാം.
പ്രധാനപ്പെട്ട ഒരു തെളിവ്: വ്യക്തികളെച്ചേർത്ത് നാമമെന്ന് ഏകവചനത്തിലല്ല; നാമങ്ങളെന്ന ബഹുവചനത്തിലാണ് പറയുന്നതെന്ന് ബൈബിളിൽ നാം കണ്ടു. ഇനി, ഒരു വ്യക്തിയുടെ പല പദവികളെ അല്ലെങ്കിൽ വിശേഷണങ്ങളെ ചേർത്തുകൊണ്ട് നാമമെന്ന ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത് നോക്കാം: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശ, 9:6). ഇത് ക്രിസ്തുവെന്ന ഏകൻ്റെ പദവികൾ അല്ലെങ്കിൽ വിശേഷണങ്ങളാണെന്ന് ഏവരും സമ്മതിക്കും. ഇവിടെ അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നീ നാലു പദവികൾക്കുശേഷം ‘പേരുകൾ അഥവാ നാമങ്ങൾ’ എന്ന ബഹുവചനമല്ല; ‘പേരു അഥവാ നാമം’ എന്ന ഏകവചനമാണ്. എന്തെന്നാൽ ആ നാലു പദവികളുടെയും അല്ലെങ്കിൽ വിശേഷണങ്ങളുടെയും ഉടയവൻ ഒന്നിലധികം വ്യക്തികളല്ല; യേശുക്രിസ്തു എന്ന ഏകവ്യക്തിയാണ്. അതുതന്നെയാണ് മത്തായി 28:19-ലും ഉള്ളത്; പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവവ്യക്തിയുടെ മൂന്നു പദവികൾ മാത്രമാണ്. ബാഹ്യമായ ഒരു തെളിവുകൂടി തരാം: (ഇതൊരു ഉപമ മാത്രമാണ്; തുടക്കത്തിൽ സൂചിപ്പിച്ചതാണ്) നമ്മുടെ കേരളത്തിലെ ഇപ്പോഴത്തെ ‘മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിജിലൻസ് മന്ത്രിയുടെയും നാമം’ എന്നു പറഞ്ഞാൽ; ആ പ്രയോഗത്തിൻ്റെ വ്യാകരണം ശരിയായിരിക്കും എന്തെന്നാൽ, ആ മൂന്നു പദവികളും വഹിക്കുന്നത് പിണറായി വിജയൻ എന്ന ഏകവ്യക്തിയാണ്. ആ പദവികൾ വഹിക്കുന്നത് ഒന്നിലധികം വ്യക്തികളായിരുന്നെങ്കിൽ നാമം എന്നു പറയാൻ പറ്റില്ല നാമങ്ങൾ എന്നു പറയണം. ഭാഷയുടെ വ്യാകരണ നിയമങ്ങളെയൊക്കെ അതിലംഘിച്ചുകൊണ്ട് ആർക്കും എന്തുപദേശവും ഉണ്ടാക്കാൻ കഴിയും; അതുപക്ഷെ ദൈവികമായിരിക്കില്ല. ഈ ലോകത്തിൻ്റെ അധിപനായ ഭോഷ്കുപറയുന്നവനും അതിൻ്റെ അപ്പനുമായവനിൽ നിന്നുമാണ് ദുരുപദേശങ്ങൾ വരുന്നത്.
പിതാവു പുത്രൻ പരിശുദ്ധാത്മാവു സമനിത്യരായ മൂന്ന് വ്യക്തികളാണെങ്കിൽ, മത്തായി 28:19-ലെ ”പിതാവിൻ്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്ന വാക്യാംശത്തിൻ്റെ (phrase) വ്യാകരണം (grammar) തെറ്റായി മാറും. എന്നാൽ, ആ വേദഭാഗം കൃത്യമായിരിക്കുന്നതിൻ്റെ കാരണംതന്നെ പിതാവു പുത്രൻ പരിശുദ്ധാത്മാവു വ്യതിരിക്തരായ വ്യക്തികളല്ല; പ്രത്യുത, ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളും പദവികളും മാത്രമായതിനാലാണ്. ത്രിത്വവാദികൾ ഒരുപക്ഷെ പറയുമായിരക്കാം: ദൈവമെന്ന നിലയിൽ മൂന്നു വ്യക്തികളും ഒന്നായതുകൊണ്ടാണ് ‘നാമം’ എന്ന ഏകവചനം പറഞ്ഞിരിരിക്കുന്നതെന്ന്. അതെത്രമാത്രം അബദ്ധമാണെന്നു ഒരുദാഹരണത്തിലൂടെ വ്യക്തമാക്കാം: ”പത്രൊസിൻ്റെയും പൗലൊസിൻ്റെയും യോഹന്നാൻ്റെയും നാമം” എന്നെഴുതിയാൽ ആ വാക്യാംശത്തിൻ്റെ വ്യാകരണം തെറ്റായിരിക്കുമോ അതോ, ശരിയായിരിക്കുമോ? തെറ്റായിരിക്കും. ഭാഷയുടെ വ്യാകരണനിയമം അറിയാവുന്നവർ ആരും ഇത് ശരിയാണെന്ന് പറയില്ല. കാരണം, ‘പത്രൊസെന്നതും, പൗലൊസെന്നതും, യോഹന്നാനെന്നതും’ വ്യതിരിക്തരായ മൂന്ന് വ്യക്തികളാണ്. അപ്പോൾത്തന്നെ, അവർ മനുഷ്യരെന്ന നിലയിൽ ഒന്നാണ്; അപ്പൊസ്തലന്മാരെന്ന നിലയിൽ ഒന്നാണ്; ക്രിസ്തു തലയായിരിക്കുന്ന അവൻ്റെ ഏകശരീരമായ സഭയിലെ അംഗങ്ങൾ എന്ന നിലയിലും ഒന്നാണ്. സഭ ഏകശരീരമാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: (1കൊരി, 12:13; എഫെ, 2:16: 3:6; കൊലൊ, 3:15). ക്രിസ്തുവെന്ന ഏകശരരത്തിലെ അവയവങ്ങളായ പത്രൊസ് പൗലൊസ് യോഹന്നാൻ എന്ന മൂന്നു വ്യക്തിയെ ചേർത്ത് ‘നാമം’ എന്ന് ഏകവചനമല്ല; ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് വരേണ്ടതെങ്കിൽ; പിതാവ് പുത്രൻ പരിശുദ്ധാത്മാവ് മൂന്നു വ്യക്തിയാണെങ്കിൽ അവർക്കും ‘നാമങ്ങൾ’ എന്നാണ് വരേണ്ടത്. ത്രിത്വപ്രകാരം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ഒരിക്കലും ഒന്നാകാത്ത അഥവാ ഒരു വ്യക്തിയാകാത്ത വ്യതിരിക്തരും നിത്യരുമായ മൂന്നു വ്യക്തിയാണ്. നിത്യരായ മൂന്നു വ്യക്തികൾക്ക് ‘നാമങ്ങൾ’ എന്നല്ലാതെ, ‘നാമം’ എന്നു പറയാൻ വ്യവസ്ഥയില്ല. ത്രിത്വക്കാരുടെ തെറ്റായ ഉപദേശം മൂലം മത്തായി 28:19 വാക്യം അബദ്ധമാണെന്ന് വരുത്തിത്തീർക്കാനല്ലാതെ, നിങ്ങളുടെ ഉപദേശം തെളിയിക്കാൻ കഴിയില്ല. ഇത്രയും കാര്യങ്ങൾ ഗ്രഹിക്കാൻ ദൈവശാസ്ത്രം അരച്ചുകലക്കി കുടിക്കുകയും, ഭാഷാ പണ്ഡിതനാകുകയും വേണ്ട; പ്രത്യുത, മലയാളം ഭാഷയിൽ സാമാന്യ പരിജ്ഞാനം മാത്രംമതി. ബൈബിൾ അബദ്ധജഡിലമല്ലെന്നതാണ് ഒരു പഠിതാവ് ആദ്യം മനസ്സിൽ കോറിയിടേണ്ട വസ്തുത. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഒരു നാമമല്ല; സ്ഥാനനാമമാണെന്ന് (appellation) ആദ്യംമുതലേ നമ്മൾ ചിന്തിക്കുന്നതാണ്. ഇനി, ”പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമങ്ങൾ” എന്ന് എഴുതിയിരുന്നെങ്കിൽ, മൂന്ന് സ്ഥാനനാമങ്ങൾക്കും വ്യതിരിക്തരായ വ്യക്തികളുണ്ടെന്ന് മനസ്സിലാക്കാമായിരുന്നു. എന്നാൽ, അവിടെ മൂന്ന് സ്ഥാനപ്പേരുകൾക്ക് ശേഷം ‘നാമം’ എന്ന് പഞ്ഞിരിക്കയാൽ, മൂന്ന് സ്ഥാനനാമങ്ങൾ വഹിക്കുന്ന ഒരാളുടെ നാമമാണവിടെ വിവക്ഷിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാൻ കഴിയും. ബൈബിൾ അബദ്ധരഹിതമാണെന്ന് ദൈവാത്മാവിൽ വിശ്വസിക്കുന്നവർക്ക് മത്തായി 28:19-ൽ നിന്നുതന്നെ പിതാവും പുത്രനും ആത്മാവും മൂന്ന് വ്യക്തികളല്ല; പ്രത്യുത, ഏകദൈവത്തിൻ്റെ മൂന്ന് വെളിപ്പാടുകളും പദവികളുമാണെന്ന് ഗ്രഹിക്കാൻ കഴിയും. പഴയനിയമത്തിൽ ആ ഏകദൈവത്തിൻ്റെ നാമം ‘യഹോവ’ എന്നാണെങ്കിൽ, പുതിയനിയമത്തിൽ ‘കർത്താവായ യേശുക്രിസ്തു’ എന്നാണെന്നു മാത്രം. (പ്രവൃ, 4:12).
5. പുതിയനിയമത്തിൽ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിൽ ചെയ്യുവനല്ലാതെ, മറ്റൊരു നാമത്തിലും ഒന്നും ചെയ്യുവാൻ കല്പിച്ചിട്ടില്ല: പിതാവും പരിശുദ്ധാത്മാവും യേശുവിൽനിന്ന് വ്യതിരിക്തരായ വ്യക്തികളായിരുന്നെങ്കിൽ എന്തെങ്കിലും ഒരുകാര്യം പിതാവിന്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിലും ചെയ്യാൻ കല്പിക്കേണ്ടതല്ല?
പ്രവചനം (മത്താ, 7:22); ഭൂതോച്ചാടനം (മത്താ, 7:22); വീര്യപ്രവൃത്തികൾ (മത്താ, 7:22); ജാതികളുടെ പ്രത്യാശ (മത്താ, 12:20); വിശ്വാസികൾ കൂടിവരുന്ന നാമം (മത്താ, 18:20); മാനസാന്തരവും പാപമോചനവും (ലൂക്കൊ, 24:47); ദൈവമക്കൾ ആകുന്നത് (യോഹ, 1:12); യെഹൂദന്മാർ പലരും വിശ്വസിച്ചത് (യോഹ, 2:23); ന്യായവിധി തെറ്റിയൊഴിയുന്നത് (യോഹ, 3:18); പ്രാർത്ഥന (യോഹ, 14:13); കാര്യസ്ഥനായ പരിശുദ്ധാത്മാവ് അവരോഹണം ചെയ്തത് (യോഹ, 14:26); പിതാവിനോട് പ്രാർത്ഥിക്കുന്നത് (യോഹ, 15:16); പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കുന്നത് (യോഹ, 16:23); നിത്യജീവൻ (യോഹ, 20:31); രോഗസൗഖ്യം (പ്രവൃ, 3:6); രക്ഷ (പ്രവൃ, 4:12); അടയാളങ്ങളും അത്ഭുതങ്ങളും (പ്രവൃ, 4:30); അപ്പൊസ്തലന്മാർ അപമാനം സഹിച്ചത് (പ്രവൃ, 5:41); സുവിശേഷം (പ്രവൃ, 8:12); ആദിമസഭ വിളിച്ചപേക്ഷിച്ചിരുന്നത് (പ്രവൃ, 9:14); ജാതികൾക്ക് വെളിപ്പെടുത്തിയ നാമം (പ്രവൃ, 9:15); പൗലൊസ് പ്രസംഗിച്ച നാമം (പ്രവൃ, 9:27); സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞ നാമം (പ്രവൃ, 10:43); അപ്പൊസ്തലന്മാരുടെ പ്രാണാത്യാഗം (പ്രവൃ, 15:25); പൗലൊസ് ബന്ധിക്കപ്പെട്ടത് (പ്രവൃ, 21:13); ജാതികളുടെ വിശ്വാസത്തിൻ്റെ അനുസരണം (റോമ, 1:6); വിശുദ്ധന്മാരെ കൈക്കൊണ്ടത് (റോമ, 16:2); സഭ മുടക്കിയിരുന്നത് (1കൊരി, 5:4); ശുദ്ധീകരണവും നീതീകരണവും (1കൊരി, 6:11); പിതാവാം ദൈവത്തിന് സ്തോത്രം കരേറ്റുന്നത് (എഫെ,5:20); സർവ്വലോകരുടെയും മുഴങ്കാൽ മടങ്ങുന്ന നാമം (ഫിലി, 2:10); പ്രബോധനം (1തെസ്സ, 4:1); വിശ്വാസികളിൽ മഹത്വപ്പെടേണ്ട നാമം (2തെസ്സ, 1:11); അധരഫലമെന്ന സ്തോത്രയാഗം അർപ്പിക്കേണ്ട നാമം (എബ്രാ, 13:15); ഭക്തർ നിന്ദ സഹിക്കുന്ന നാമം (1പത്രൊ, 4:14); പിതാവ് കല്പിച്ചിരിക്കുന്ന നാമം (1യോഹ, 3:23).
യഹോവ എന്ന ഏകസത്യദൈവത്തിൽ മാത്രം വിശ്വസിച്ചിരുന്ന യെഹൂദന്മാരാണ് ക്രൈസ്തവസഭയുടെ ആദ്യാംഗങ്ങൾ എന്ന് എല്ലാവർക്കുമറിയാം. അവർ വിളിച്ചപേക്ഷിച്ചിരുന്ന നാമം യേശുവിൻ്റെയാണ്. അനന്യാസ് യേശുവിനോട് ശൗലിനെക്കുറിച്ച് പറയുന്നത്; “ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു” എന്നാണ്. (പ്രവൃ, 9:14. ഒ.നോ: 9:21). ഇവിടെ ശ്രദ്ധേയമായ ഒരു വിഷയമുണ്ട്. യഹോവയും യേശുവും ഒരാളല്ലെങ്കിൽ യെഹൂദന്മാരായ ശിഷ്യന്മാർ യേശുവിനെ വിളിച്ചപേക്ഷിക്കുമായിരുന്നോ???… പോട്ടെ, പിതാവിൽനിന്ന് വ്യതിരിക്തനായ വ്യക്തിയാണ് പുത്രനെങ്കിൽ, യേശുവിനൊപ്പം പിതാവിനെയും വിളിച്ചപേക്ഷിക്കില്ലായിരുന്നോ???… അനന്യാസ് പൗലൊസിനോടു പറയുന്നതും യേശുവിൻ്റെ നാമം വിളിച്ചു പ്രാർത്ഥിക്കുവാനാണ്: “ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു:” (പ്രവൃ, 22:16). ഏകദൈവമായ യഹോവയിലുള്ള തീക്ഷ്ണത നിമിത്തം ക്രിസ്ത്യനികളെ കൊന്നൊടുക്കാൻ പുറപ്പെട്ടവനാണ് പൗലൊസ്. ആ യഹോവയിൽ നിന്നു വ്യതിരിക്തനാണ് ക്രിസ്തുവെങ്കിൽ, പൗലൊസെന്ന മഹാഭക്തനും ശ്രേഷ്ഠനുമായ ഒരു ശിഷ്യൻ യേശുവിനു ഉണ്ടാകില്ലായിരുന്നു. ആദിമസഭയിൽ ജാതികളിൽ നിന്നു വിശ്വാസത്തിലേക്കു വന്നവരും യേശുക്രിസ്തുവിൻ്റെ നാമമാണ് വിളിച്ചപേക്ഷിച്ചിരുന്നത്: “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരി 1:2). ഇതിനൊപ്പം, “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ” (കൊലൊ, 3:17) എന്ന പൗലൊസിൻ്റെ വാക്കുകളും ചേർത്ത് ചിന്തിച്ചാൽ, യേശു കല്പിച്ച ‘പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം’ എന്നത് ‘കർത്താവായ യേശുക്രിസ്തു’ എന്നാണെന്ന് ഏവനും സമ്മതിക്കും.
പിതാവ് പുത്രൻ പരിശുദ്ധാത്മാവ് വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ എന്നു പറയാതെ, നാമങ്ങളിൽ എന്നു പറയുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം’ എന്ന വാക്യാംശം വ്യാകരണനിയമപ്രകാരം അബദ്ധമായി മാറുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം, “ഞാനോ എന്നല്ല ഞങ്ങളോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു ക്രിസ്തു പറയുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആദാമിനെ വരുവാനുള്ളവൻ അഥവാ ക്രിസ്തുവിൻ്റെ പ്രതിരൂപമെന്നു പറയാതെ, പിതൃപുത്രാത്മാവിൻ്റെ പ്രതിരൂപമെന്നു പറയുമായിരുന്നു: (റോമ, 5:14). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! “ഈ പാറമേൽ ഞാൻ എൻ്റെ സഭയെ പണിയും എന്നല്ല ഞങ്ങൾ ഞങ്ങളുടെ സഭയെ പണിയും” എന്നു ക്രിസ്തു പറയുമായിരുന്നു: (മത്താ, 16:18). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! യേശു മാത്രം പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാതെ, പിതാവും പുത്രനുംകൂടി ആത്മസ്നാനം നല്കുമായിരുന്നു: (മത്താ,3:11). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ശിഷ്യന്മാർ ക്രിസ്തുവിൻ്റെ മാത്രം സാക്ഷികളാകാതെ, പിതൃപുത്രാത്മാവിൻ്റെ സാക്ഷികളാകുമായിരുന്നു: (പ്രവൃ, 1:8). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! അപ്പൊസ്തലന്മാർ യേശുക്രിസ്തുവെന്ന ഏകനാമത്തിൽ സ്നാനം കഴിപ്പിക്കാതെ, പിതൃപുത്രാത്മാവിൻ്റെ നാമത്തിൽ സ്നാനം കഴിപ്പിക്കുമായിരുന്നു: (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). വിഭിന്നവ്യക്തികൾ ആയിരുന്നെങ്കിൽ…! യേശുക്രിസ്തുവിൻ്റെ നാമത്തിൽ മാത്രം പാപമോചനമെന്ന് സകലപ്രവാചകന്മാരും സാക്ഷ്യം പറയാതെ, പിതൃപുത്രാന്മാവിൻ്റെ നാമത്തിൽ പാപമോചനമെന്നു പറയുമായിരുന്നു: (പ്രവൃ, 10:43). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവെന്ന ഏകനോട് മാത്രം ചേരാതെ; പിതൃപുത്രാത്മാവിനോടു കൂടെ ചേരുമായിരുന്നു: (റോമ, 6:3; ഗലാ, 3:27). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവെന്ന ഏകനെ മാത്രം ധരിക്കാതെ, പിതൃപുത്രാത്മാവിനെ ധരിക്കുമായിരുന്നു: (ഗലാ, 3:27). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവിനോടുകൂടി മാത്രം ജീവിക്കാതെ, പിതൃപുത്രാത്മാവിനൊടുകൂടെ ജീവിക്കുമായിരുന്നു: (റോമ, 6:8). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോടു മാത്രം അനുരൂപമായി രൂപാന്തരപ്പെടാതെ, പിതൃപുത്രാത്മാവിൻ്റെ ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുമായിരുന്നു: (ഫലി, 3:21). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമംമാത്രം വിളിച്ചപേക്ഷിക്കാതെ, പിതാവിനെയും പരിശുദ്ധാത്മാവിനെയും കൂടി വിളിച്ചപേക്ഷിക്കുമായിരുന്നു: (പ്രവൃ, 7:59; 9:14; 9:21; 1കൊരി, 1:2; 12:8; 2തിമൊ, 2:12; വെളി, 22:20). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആകാശത്തിൻ്റെ കീഴിൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമംമാത്രമല്ല; പിതാവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമംകൂടി ഉണ്ടാകുമായിരുന്നു: (പ്രവൃ, 4:12). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും യേശുവിൻ്റെ നാമത്തിൽ മാത്രം മടങ്ങാതെ, പിതൃപുത്രാത്മാവിൻ്റെ നാമത്തിൽ മടങ്ങുമായിരുന്നു: (ഫിലി, 2:11,12). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ‘വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ മാത്രമല്ല, പിതൃപുത്രാത്മാവിൻ്റെ നാമത്തിലും ചെയ്യാൻ കല്പിക്കുമായിരുന്നു: (കൊലൊ, 3:17). യഹോവ തന്നെയാണ് കർത്താവായ യേശുക്രിസ്തു. നമുക്ക് കർത്താവായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ആശ്രയിച്ചുകൊണ്ട് അവൻ്റെ പാദാന്തികേ ശരണം പ്രാപിക്കാം. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ!
അനുബന്ധം
ത്രിത്വനാമത്തിനാധാരം ബൈബിളല്ല; അപ്പൊസ്തലന്മാർക്ക് ശേഷമുള്ള സഭാപിതാക്കന്മാരാണ്. മത്തായി 28:19-ൽ യേശു എന്താണ് കല്പിച്ചതെന്ന് വിവേചിക്കുവാനോ, പരിശുദ്ധാത്മാവിൽ നിറഞ്ഞ അപ്പൊസ്തലന്മാർ ഏത് നാമത്തിലാണ് സ്നാനം നല്കിയതെന്ന് പരിശോധിക്കുവാനോ സഭാപിതാക്കന്മാർ മിനക്കെട്ടില്ല. പ്രത്യുത, സ്നാനത്തിൻ്റെ ആധാരവാക്യമെന്ന നിലയിൽ മത്തായി 28:19 നേരിട്ട് ഉദ്ധരിക്കുകയായിരുന്നു. സഭാപിതാക്കന്മാരുടേയും സുന്നഹദോസുകളിലേയും ചില ഉദ്ധരണികൾ ചുവടെ ചേർക്കുന്നു:
Ignatius (AD 35-108/140)
Epistle of Ignatius to the Philadelphians
have been fulfilled in the Gospel, [our Lord saying,] “Go ye and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost.” [84]
Didache (AD 150)
“Having first said all these things, baptize into the name of the Father, and of the Son, and of the Holy Spirit,” [75]
Epistle of Ignatius to the Philippians
Wherefore also the Lord, when He sent forth the apostles to make disciples of all nations, commanded them to “baptize in the name of the Father, and of the Son, and of the Holy Ghost,” [21]
Irenaeus (AD 130-202)
Against Heresies Book III
He said to them, “Go and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost.” [310]
Tertullian (AD 160-220
The Prescription Against Heretics
nations, who were to be baptized into the Father, and into the Son, and into the Holy Ghost.” [203]
On Baptism (Tertullian)
saith, “teach the nations, baptizing them into the name of the Father, and of the Son, and of the Holy Spirit.” [139]
Hippolytus: AD 170-235
Dogmatical and Historical Fragments
“For the Jews glorified (or gloried in) the Father, but gave Him not thanks, for they did not recognise the Son. The disciples recognised the Son, but not in the Holy Ghost; wherefore they also denied Him.” [264]
Seventh Council of Carthage Under Cyprian (256/258)
the Catholic Church, brethren, hath always remained and still remains with us, and even especially in the Trinity of baptism, as our Lord says, “Go ye and baptize the nations, in the name of the Father, of the Son, and of the Holy Spirit.” [32]
Pseudo-Gregory Thaumaturgus A Sectional Confession of Faith
Seest thou that all through Scripture the Spirit is preached, and yet nowhere named a creature? And what can the impious have to say if the Lord sends forth His disciples to baptize in the name of the Father, and of the Son, and of the Holy Spirit? [58]
Constitutions of the Holy Apostles Book II
Let the presbyters be esteemed by you to represent us the apostles, and let them be the teachers of divine knowledge; since our Lord, when He sent us, said, “Go ye, and make disciples of all nations, baptizing them in the name of the Father, and of the Son, and of the Holy Ghost: teaching them to observe all things whatsoever I have commanded you.” [146]
Constitutions of the Holy Apostles Book VI
Be ye likewise contented with one baptism alone, that which is into the death of the Lord; not that which is conferred by wicked heretics, but that which is conferred by unblameable priests, “in the name of the Father, and of the Son, and of the Holy Ghost:” [80]
Constitutions of the Holy Apostles Book VII
O bishop, or presbyter, we have already given direction, and we now say, that thou shalt so baptize as the Lord commanded us, saying: “Go ye, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost (teaching them to observe all things whatsoever I have commanded you):” [106]
ആധുനിക ക്രൈസ്തവസഭകൾക്ക് പറ്റിയത് എന്താണെന്നുവെച്ചാൽ, യേശു, ‘പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ’ ആരോട് കല്പിച്ചുവോ, അവരുടെ വാക്കും പ്രവൃത്തിയും മുഖവിലക്കെടുക്കാതെ അഥവാ, ദൈവവചനം വിശ്വസിക്കാതെ, അപ്പൊസ്തലന്മാർക്ക് ശേഷം വന്ന സഭാപിതാക്കന്മാരുടേയും സൂന്നഹദോസുകളുടേയും വാക്കുകളാണ് കൈക്കൊണ്ടത്. അപ്പൊസ്തലന്മാരോട് യേശു അവരുടെ ഭാഷയായ അരാമ്യ ഭാഷയിലാണ് കല്പന കൊടുത്തത്. അവർക്കത് മനസ്സിലായതിൽ കൂടുതലായി, മറ്റൊരാൾക്കും ആ നാമമേതാണെന്ന് മനസ്സിലാകില്ല. ഇനി, അവർക്ക് എന്തെങ്കിലും സംശയമുണ്ടായിരുന്നങ്കിൽ, യേശു പഠിപ്പിച്ചതിന് വിപരീതമായി പ്രവർത്തിക്കാൻ ഇടവരാതിരിക്കാൻ, അവർ ‘ആ നാമം’ ഏതാണെന്ന് ചോദിക്കുമായിരുന്നു. മാത്രമല്ല, സകലവും ഉപദേശിച്ചു നല്ക്കുന്ന പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ വന്ന് ശക്തിയോടെ വാസം തുടങ്ങിയപ്പോഴാണ് അവർ ശുശ്രൂഷ ആരംഭിച്ചതും സ്നാനം നൽകിയതും.
ഫിലിപ്പിൻ്റെ കൈസര്യയിൽ വെച്ച് യേശു തൻ്റെ സഭയെക്കുറിച്ചുള്ള നിർണ്ണയം പ്രസ്താവിക്കുകയുണ്ടായി: “ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.” (മത്താ, 16:18). ഇന്നത്തെ പ്രാദേശിക സഭകൾ എല്ലാംതന്നെ തങ്ങൾ അപ്പൊസ്തലിക ഉപദേശം മുറുകെപ്പിടിക്കുന്നവരും, പിൻതുടർച്ചക്കാരും ആണെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെയുള്ളവർ ഒരുകാര്യം ഓർക്കുക: ഞങ്ങൾ ഞങ്ങളുടെ സഭയെ പണിയുമെന്നല്ല യേശു പറഞ്ഞത്; ഞാൻ എൻ്റെ സഭയെ പണിയുമെന്നാണ്. പലരും പ്രസംഗിച്ച് കേട്ടിട്ടുണ്ട്; യേശുക്രിസ്തു ഒരു സഭയും പണിതിട്ടില്ല; മറ്റൊരു വ്യക്തിയായ പരിശുദ്ധാത്മാവാണ് സഭ പണിതത്. അപ്പോൾ, യേശുക്രിസ്തുവിൻ്റെ പ്രഖ്യാപനം പാളിപ്പോയോ? യേശുവിന് വഴിയൊരുക്കാൻ വന്ന സ്നാപകനും ഒരുകാര്യം പ്രവചിച്ചിരുന്നു: “ഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). ഏലീയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെവന്ന സ്നാപകൻ്റെ പ്രവചനവും പിഴച്ചുവോ? അപ്പോൾ സഭ പണിത പരിശുദ്ധാത്മാവ് ആരാണ്? യേശുവിൻ്റെ ആത്മാവു തന്നെയാണ് പരിശുദ്ധാത്മാവ്. (പ്രവൃ, 16:7; റോമ, 8:9; ഫിലി, 1:19). ഏകസത്യദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ തൻ്റെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിച്ചത് ദൈവപിതാവാണ്. (1തിമൊ, 3:14-16; മത്താ, 3:16; മർക്കൊ,1:8;ലൂക്കൊ, 3:22). അവനെ പരിശുദ്ധാത്മാവിനാൽ സ്നാനം ചെയ്തിട്ട് ദൈവം അവനെ വിട്ടുപോകയല്ല ചെയ്തത്; ക്രൂശിലെ മരണത്തോളം കൂടെയിരിക്കുകയാണ് ചെയ്തത്: “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38. ഒ.നോ: മത്താ, 27:46). ജഡത്തിൽ പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ, മറ്റൊരു വ്യക്തിയായി ഉണ്ടാകുകയില്ല; ക്രിസ്തുവിൻ്റെ രക്തത്താൽ പ്രവചനംപോലെ പുതിയനിയമം സ്ഥാപിതമായി കഴിഞ്ഞപ്പോൾ (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13); പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തുവന്നായി: (മത്താ, 28:19; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ദൈവത്തിൻ്റെ പ്രത്യക്ഷതയായ യേശുവെന്ന അഭിഷിക്തമനുഷ്യൻ ജനനത്തിനു മുമ്പേ ഇല്ലായിരുന്നു സ്വർഗ്ഗാരോഹണത്തിന്നു ശേഷവുമില്ല; യഹോവ അഥവാ യേശുക്രിസ്തു എന്ന മഹാദൈവം മാത്രമാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും ഉള്ളത്. (തീത്തൊ, 2:12; എബ്രാ, 13:8). അപ്പോൾ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവിൽ തൻ്റെ അപ്പൊസ്തലന്മാർക്ക് സ്നാനം നല്കിയതാരാണ്? യേശുക്രിസ്തു. (മത്താ, 3:11; മർക്കൊ, 1:8; ലൂക്കൊ, 3:16). തൻ്റെ സഭ സ്ഥാപിച്ചതാരാണ്? യേശുക്രിസ്തു. (മത്താ, 16:18). തൻ്റെ മക്കളോടൊപ്പം ലോകാവസാനത്തോളം കൂടെയിരിക്കുന്നതാരാണ്? യേശുക്രിസ്തു. (മത്താ, 28:19). അപ്പോൾ, എന്നേക്കും കൂടെയിരിക്കുകയും, സകലസത്യത്തിലും വഴിനടത്തുകയും ചെയ്യുന്നതാരാണ്? യേശുക്രിസ്തു. (യോഹ, 14:16; 16:13). ഇവിടെ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം വളരെ ആവശ്യമാണ്. പിതാവു പുത്രൻ പരിശുദ്ധാത്മാവു സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികളാണെന്ന് ത്രിത്വക്കാർ പഠിച്ചത് ബൈബിളിൽ നിന്നല്ല; ബൈബിൾ പഠിപ്പിക്കുന്നത് ഏകസത്യദൈവത്തെ കുറിച്ചാണ്. ‘പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം’ എന്ന ഏകസത്യദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നാണെന്ന് എല്ലാവരും അറിഞ്ഞിരുന്നെങ്കിൽ???… സത്യം അറികയും സത്യം ഏവരെയും സ്വതന്ത്രന്മാരാക്കുകയും ചെയ്യട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു! (കാണുക: അദൃശ്യദൈവവും പ്രത്യക്ഷതകളും)
2 thoughts on “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാ…. നാമം”