പിതാവായ ഏകദൈവം

പിതാവായ ഏകദൈവം

പഴയനിയമവും, പുതിയനിയമവും പിതാവായ ഏകദൈവത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. പഴയനിയമം: “അവനല്ലോ നിന്റെ പിതാവു, നിന്റെ ഉടയവൻ. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.” (ആവ, 32:6). “നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു;” (യെശ, 63:16). “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8). “മകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ.” (മലാ, 1:6). “നമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു;” (മലാ, 2:10). പുതിയനിയമത്തിൽ യേശുക്രിസ്തു: “പിതാവേ, നാഴിക വന്നിരിക്കുന്നു; …………. ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:1-3). പൗലൊസ്: “പിതാവായ ഏകദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:6). “എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെ, 4:6). യെഹൂദന്മാർ: ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു.” (യോഹ, 8:41). യഹോവ ഒരുത്തൻ മാത്രം ദൈവം: “കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു.” (2രാജാ, 19:15. ഒ.നോ: 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). യഹോവയല്ലാതെ ദൈവമില്ല: “ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോൾ കണ്ടുകൊൾവിൻ. ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.” (ആവ, 32:39. ഒ.നോ: യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). ദൈവത്തിന് സമനായോ സദൃശനായോ മറ്റൊരാളില്ല: ‘എനിക്കു സമനായവൻ ആർ?’ (യിരെ, 50:44). ‘നിന്നോടു സമനായ ദൈവം ആരുള്ളു?’ (മീഖാ, 7:18). ‘യഹോവേ, നിനക്കു തുല്യൻ ആർ?’ (സങ്കീ, 35:10). ‘നിന്നോടു സദൃശൻ ആരുമില്ല’ (സങ്കീ, 40:5). “സ്വർഗ്ഗത്തിൽ യഹോവയോടു സദൃശനായവൻ ആർ? ദേവപുത്രന്മാരിൽ യഹോവെക്കു തുല്യനായവൻ ആർ?” (സങ്കീ, 89:6). ദൈവത്തെ ആരോടും ഉപമിക്കാനും കഴിയില്ല: “നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?” (യെശ, 46:5). ദൈവത്തിന് മുമ്പനോ പിമ്പനോ ആയി മറ്റൊരാളുമില്ല: “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.” (യെശ, 43:10). ദൈവം തൻ്റെ മഹത്വവും ശക്തിയും മറ്റൊരുത്തനുമായി പങ്കുവെയ്ക്കുന്നുമില്ല: ‘ഞാൻ എൻ്റെ മഹത്വം മറ്റൊരുത്തനും കൊടുക്കയില്ല’ (യെശ, 42:8, 48:11), ‘ഞാനല്ലാതെ ഒരു ദൈവമില്ല; മറ്റൊരുത്തനുമില്ല’ (യെശ, 45:5,6). “എന്നെപ്പോലെ മറ്റൊരുത്തനുമില്ല (പുറ, 9:14), ഞാൻ ഒരുത്തനെയും അറിയുന്നില്ല” (യെശ, 44:8) എന്നു ദൈവംതന്നെ അരുളിച്ചെയ്യുന്നു. പിതാവായ ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ബൈബിൾ അടിവരയിട്ട് പറയുന്നു. ഇത്രയ്ക്ക് സ്ഫടികസ്ഫുടമായി ബൈബിളിൽ എഴുതിവെച്ചിട്ടും, പിതാവിൽനിന്നു വ്യതിരിക്തനായ മറ്റൊരു വ്യക്തിയാണ് യേശു എന്നു വിളിച്ചുകൂവുന്നവർ, അറിഞ്ഞോ അറിയാതെയോ യേശു ദൈവമല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

മർക്കൊസിൻ്റെ സുവിശേഷത്താൽ ഒരു ശാസ്ത്രി വന്നിട്ട് ‘എല്ലാറ്റിലും മുഖ്യകല്പന ഏതു’ എന്നു യേശുവിനോടു ചോദിക്കുമ്പോൾ (12:28), യെഹൂദൻ്റെ ഷ്മാ (shama – שׁמע) ആണ് യേശു ഉദ്ധരിക്കുന്നത്. “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (12:29). “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). അവിടെ ശാസ്ത്രിയുടെ മറുപടി ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (12:32). ശാസ്ത്രി ഇത് പറയുന്നത് ആരോടാണ്; യേശുവിനോട്. ഉത്തമപുരുഷനായ (first person) ശസ്ത്രി, മധ്യമപുരുഷനായ (second person) യേശുവിനോട്, പ്രഥമപുരുഷനായ (third person) പിതാവിനെക്കുറിച്ചാണ് പറയുന്നത്; “ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” ചിലർ കരുതുന്നതുപോലെ ദൈവം സമനിത്യരായ മൂന്ന് വ്യക്തികളായിരുന്നെങ്കിൽ യേശു എന്തു പറയുമായിരുന്നു: “നീ പറഞ്ഞത് ശരിയല്ല; ‘അവൻ മാത്രമല്ല, ഞാനും ചേർന്നാലേ ദൈവമാകു’ അല്ലെങ്കിൽ, ‘ഞാനും പരിശുദ്ധാത്മാവും കൂടി ചേരുമ്പോഴെ ദൈവമാകു’ എന്നല്ലേ പറയേണ്ടത്. എന്നാൽ യേശു പറഞ്ഞതോ; “അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). അപ്പോൾ, ദൈവകാര്യത്തിൽ ബുദ്ധിയുള്ളവരും, ദൈവരാജ്യത്തോട് അടുത്തുനില്ക്കുന്നവരും, ദൈവരാജ്യത്തിൽ പ്രവേശനം സിദ്ധിച്ചവരും അറിയേണ്ട പരമപ്രധാനമായ വസ്തുത ഇതാണ്; “ദൈവത്തിൽ സമനിത്യരായ മൂന്നു വ്യക്തികളില്ല പ്രത്യുത, പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളൂ.” (1കൊരി, 8:6). ഇക്കാര്യം പിശാചുക്കൾക്കുപോലും അറിയാം. (യാക്കോ, 2:19). എന്നിട്ടും പല വിശ്വാസികളും അംഗീകരിക്കുന്നില്ല. 

പിതാവായ ഏകദൈവം മാത്രമേ നമുക്കുള്ളുയെങ്കിൽ, യേശുക്രിസ്തു ആരാണെന്നതാണ് അടുത്തചോദ്യം. യഹോവസാക്ഷികളും, ക്രിസ്റ്റാഡെൽഫിയൻസും, മോർമോൺസും തുടങ്ങി, യേശുവിൻ്റെ ദൈവത്വം നിഷേധിക്കുന്നവരൊക്കെ പറയുന്നത്; “യേശു താൻ ദൈവമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല” എന്നാണ്. ശരിയാണത്, യേശു ഒരിക്കലും ‘ഞാൻ ദൈവമാണെന്നു’ പറഞ്ഞിട്ടില്ല. എന്നാൽ, അപ്പൊസ്തലന്മാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്, അതവർക്ക് സ്വീകാര്യമല്ല. പഴയനിയമത്തിൽ ‘വീരനാം ദൈവമെന്നും, നിത്യപിതാവെന്നും’ (യെശ, 9:6) യേശുവിനെ വിളിച്ചിട്ടുണ്ട്. പുതിയനിയമത്തിൽ ‘ദൈവമെന്നും’ (യോഹ, 20:28), ‘സർവ്വത്തിനും മീതെ ദൈവമെന്നും’ (റോമ, 9:5), ‘മഹാദൈവമെന്നും’ (തീത്തൊ, 2:12), ‘സത്യദൈവമെന്നും’ (1യോഹ, 5:20) യേശുവിനെ വിളിച്ചിട്ടുണ്ട്. ഇനി, താൻ ദൈവമാണെന്ന് യേശു പറയാഞ്ഞതെന്താണ്? താൻ ജഡത്തിൽ ദൈവമല്ലായിരുന്നു; ജീവനുള്ള ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു. (2കൊരി, 5:21; 1തിമൊ, 2:5,6: 3:14-16). (കാണുക: യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ)

യേശു എന്ന പേരിനർത്ഥം തന്നെ ‘ദൈവം നമ്മോടുകൂടെ’ എന്നാണ്. (മത്താ, 1:21,22). തൻ്റെ നാമം പിതാവിൻ്റെ നാമമാണെന്നും താൻ വ്യക്യമാക്കി: ‘ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു’ (യോഹ, 5:43). ‘എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ’ (യോഹ, 10:25). “യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ” (യോഹ, 12:13). ‘പിതാവേ, നിന്റെ നാമത്തെ  മഹത്വപ്പെടുത്തേണമേ’ (യോഹ, 12:28) എന്നും, ‘പുത്രനെ മഹത്വപ്പെടുത്തേണമേ’ (യോഹ, 17:1) എന്നും പറഞ്ഞിരിക്കുന്നു. ‘ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു’ (യോഹ, 17:6). ‘നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ’ (യോഹ, 17:11). ‘നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ’ (യോഹ, 17:12). ‘ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു’ (യോഹ, 17:26). ‘ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു’ എന്ന് രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. (യോഹ, 17:6; 26). യേശു വെളിപ്പെടുത്തിയ പിതാവിൻ്റെ നാമമേതാണ്. ഒരു നാമവും വെളിപ്പെടുത്തിയില്ല. പ്രത്യുത, തന്നെത്തന്നെയാണ് വെളിപ്പെടുത്തിയത്. മോശെയോടുള്ള ബന്ധത്തിൽ ദൈവത്തിൻ്റെ നാമം അവൻ്റെ പ്രത്യക്ഷത തന്നെയാണെന്ന് മനസ്സിലാക്കാം. (പുറ, 33:18;19). താൻതന്നെയാണ് പിതാവ് അഥവാ നിത്യമായ അസ്തിത്വത്തിൽ താനും പിതാവും ഒരു വ്യക്തിയാണെന്നും പറഞ്ഞിട്ടുണ്ട്: “ഞാനും പിതാവും ഒന്നാകുന്നു. (യോഹ, 10:30). ഇതിന് പല വ്യാഖ്യാനവും ആളുകൾ നല്കുന്നുണ്ട്. എന്നാൽ, ബൈബിളിൻ്റെ വ്യാഖ്യാനം ആരും കാണുന്നില്ല. കല്ലെറിയാൻ തുനിഞ്ഞ യെഹൂദന്മാർതന്നെ അതു പറയും: “നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” യോഹ, 10:33). യെഹൂദന് ഒരുപാട് ദൈവങ്ങളില്ല; യഹോവ മാത്രമാണവരുടെ ദൈവം. താൻ പിതാവായ യഹോവയാണ് അഥവാ നിത്യമായ അസ്തിത്വത്തിൽ താനും പിതാവും ഒന്നാണെന്ന് അവകാശപ്പെട്ടതിനാണ് അവർ കല്ലെടുത്തത്. “പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം” എന്ന ഫിലിപ്പോസിൻ്റെ ചോദ്യത്തിന് മറുപടിയായി യേശു പറഞ്ഞതു: “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” (യോഹ, 14:8,9). ഫിലിപ്പോസിൻ്റെ ആവശ്യം: ‘പിതാവിനെ കാണണം‘ യേശുവിൻ്റെ നറുപടി: ‘നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നാണ്. “ഞാൻ പിതാവിലും പിതാവു എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലയോ? ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നതു; പിതാവു എന്നിൽ വസിച്ചുകൊണ്ടു തന്റെ പ്രവൃത്തി ചെയ്യുന്നു.” (യോഹ, 14:10). എന്നുകൂടി യേശുപറയുമ്പോൾ കാര്യങ്ങൾ സ്പഷ്ടമല്ലേ? പിതാവിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ്റെകൂടെ സ്നാനം മുതൽ പിതാവ് വസിക്കുകയായിരുന്നു. (മത്താ, 3:16; പ്രവൃ, 10:38). താൻ ഏകനല്ലെന്നും (യോഹ, 8:16: 16:32) പിതാവിനെയും ചേർത്ത് ഞങ്ങളെന്നും പറഞ്ഞിരിക്കുന്നത് നോക്കുക. (യോഹ, 14:23). യോഹന്നാൻ 15:24-ൽ “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു” എന്നാണ് യേശു പറയുന്നത്. എവിടെയാണ് യെഹൂദന്മാർ പിതാവിനെ കാണുകയും പകക്കുകയും ചെയ്തത്. തൻ്റെകൂടെ അദൃശ്യനായി വസിച്ചിരുന്ന പിതാവിനെയും ചേർത്താണ് യേശുവത് പറയുന്നത്. (യോഹ, 14:20; 17:11, 21,23). പഴയനിയമത്തിലും പുതിയനിയമത്തിലും ഓരോ വാക്യങ്ങളിലായി യേശുവിനെ പിതാവെന്ന് സ്പഷ്ടമായി വിളിച്ചിട്ടുണ്ട്. യെശയ്യാവ് 9:6-ൽ ‘നിത്യപിതാവു’ എന്നു വിളിച്ചിട്ടുണ്ട്. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും (യേശു) അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.” (എബ്രാ, 2:14,15). മക്കൾ അഥവാ, മനുഷ്യർ ജഡശരീരത്തിൽ ആയതുകൊണ്ട് പിതാവ് അഥവാ, സൃഷ്ടിതാവായ ദൈവം നമ്മെപ്പോലെ ജഡശരീരത്തിൽ വെളിപ്പെട്ട് പാപപരിഹാരം വരുത്തിയ കാര്യമാണ് എബ്രായലേഖകൻ പറയുന്നത്. (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

യേശു യെഹൂദന്മാരോട് പറയുന്നത്; “നിങ്ങൾ എന്നെ ആകട്ടെ എന്‍റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു” (യോഹ, 8:19) എന്നും, “അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 16:3). ശിഷ്യന്മാരോട് ഇത് പറയുമ്പോൾ പിതാവും പുത്രനും ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.” (യോഹ, 14:7). ശിഷ്യന്മാർ പുത്രനെയല്ലാതെ, പിതാവിനെ എവിടെയാണ് കണ്ടിരിക്കുന്നത്? പിതാവായ ദൈവംതന്നെ ജഡത്തിൽ പ്രത്യക്ഷനായി നില്ക്കുന്നതാണ് പുത്രൻ. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (റോമ, 3:23; 5:12; സഭാ, 7:20) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9). യഹോവയായ ദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:1; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). യോഹന്നാൻ 14:9-ൽ പിന്നെയും സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്: “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?” 1യോഹന്നാൻ 2:23-ഉം പിതാവും പുത്രനും വ്യതിരിക്തരല്ലെന്ന് തെളിവ് നൽകുന്നതാണ്: “പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.” പിതാവായ ദൈവം മനുഷ്യൻ്റെ പാപപരിഹാരാർത്ഥം പൂർണ്ണമനുഷ്യൻ മാത്രമായി പ്രത്യക്ഷനായി നില്ക്കുമ്പോൾ, ദൈവും മനുഷ്യനുമെന്ന രണ്ടു വ്യക്തികളാണ്. പ്രത്യക്ഷനായവൻ അപ്രത്യക്ഷനായാൽ ആ മനുഷ്യവ്യക്തി പിന്നെയില്ല; ആരോണോ മനുഷ്യനായി പ്രത്യക്ഷനായത് അവൻ മാത്രമേ ഉണ്ടാകയുള്ളു. അതിനാണ്, “ഞാനും പിതാവും ഒന്നാകുന്നു: എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു” എന്നൊക്കെ പറഞ്ഞിരിക്കുന്നത്. ലോകത്തിൽ ദൈവത്തിൻ്റെ ക്രിസ്തുവിനു മാത്രം പറയാൻ കഴിയുന്ന ഒരു പ്രയോഗമാണ്: ‘ഞാനും പിതാവും ഒന്നാകുന്നു.’ (കാണുക: ഞാനും പിതാവും ഒന്നാകുന്നു)

“പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (കൊരി, 1 8:6). ‘പിതാവായ ഏക ദൈവമേ നമുക്കുള്ളു’ എന്നു പറഞ്ഞശേഷം, ‘യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു’ എന്ന് പറഞ്ഞിരിക്കയാൽ; ആ വാക്യത്തിൽ പിതാവും പുത്രനും ദൈവമാണെന്ന് വിചാരിക്കുന്നവരുണ്ട്. ബൈബിളിൽ ഒരേയൊരു ദൈവവ്യക്തി മാത്രമേയുള്ളു; അത് പിതാവ് മാത്രമാണ്. ഈ വസ്തുത യേശുതന്നെ പലയാവർത്തി പറഞ്ഞിട്ടുണ്ട്: ‘അവനെ മാത്രമേ (Him only) ആരാധിക്കാവു’ (മത്താ, 4:10 ലൂക്കൊ, 4:8), പിതാവു മാത്രമല്ലാതെ (Father only) പുത്രനുംകൂടി അറിയുന്നില്ല. (മത്താ, 24:36), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് ക്രിസ്തുവാണ്. ത്രിത്വവിശ്വാസപ്രകാരം: ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണ്; അതിൽ പുത്രൻ പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമായാണ് ഭൂമിയിൽ വന്നത്. പിതാവ് മാത്രം ദൈവമാണെന്ന് പുത്രൻ ആവർത്തിച്ചു പറയുമ്പോൾ, വ്യത്യസ്തവ്യക്തിയും താൻ ജഡത്തിലും ദൈവവുമാണെങ്കിൽ പുത്രനെങ്ങനെ ദൈവമാകും? മൂന്നു വ്യക്തിയാണ് ദൈവമെങ്കിൽ, പിതാവ് മാത്രമാണ് ദൈവമെന്ന് ക്രിസ്തു പറയുമ്പോൾ പുത്രനും പരിശുദ്ധാത്മാവും ഒരുപോലെ ദൈവമല്ലാതായി മാറുകയാണ്. “പിതാവ് മാത്രമാണ് ദൈവമെന്നും പിതാവ് മാത്രമാണ് ആരാധനയ്ക്കു യോഗ്യനെന്നും ക്രിസ്തുതന്നെ പറയുമ്പോൾ, ദൈവം മൂന്നു വ്യക്തികളാണെന്ന് പറയുന്നവർ; ദൈവമല്ലാത്തവരും ആരാധനയ്ക്കു യോഗ്യരല്ലാത്തവരുമായ രണ്ടു വ്യക്തികൂടി ഉൾപ്പെട്ടതാണ് ത്രിത്വദൈവമെന്നാണോ പറയുന്നുത്?” അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിൻ്റെ പ്രത്യക്ഷതകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും. പിതാവായ ദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മദൈവമെന്നോ ഒരു പ്രയോഗംപോലും ബൈബിളിൽ ഇല്ലാത്തത്, പുത്രനും പരിശുദ്ധാത്മാവും ദൈവമല്ലാഞ്ഞിട്ടല്ല; പിതാവിൽനിന്ന് വ്യതിരിക്തരല്ലാത്തതുകൊണ്ടാണ്. (കാണുക: യേശുവിൻ്റെ സ്നാനം വ്യക്തികളും വസ്തുതകളും)

‘പിതാവായ ഏക ദൈവമേ നമുക്കുള്ളു’ എന്നും, യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു’ (1കൊരി, 8:6) എന്നു പൗലൊസ് പറയുമ്പോൾ, യേശുവിൻ്റെ ഉയിർപ്പിൽ അവിശ്വസിച്ച വിശ്വാസത്തിൽ ബലഹീനനായ തോമാസ് പിന്നെത്തേതിൽ യേശുവിനെ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” (യോഹ, 20:28) എന്നു വിളിക്കുമ്പോൾ, പിതാവായ ദൈവം തന്നെയാണ് ജഡത്തിൽ പ്രത്യക്ഷനായി ക്രൂശിൽ മരിച്ചുയിർത്ത കർത്താവായ ക്രിസ്തുവും ഒരാൾ തന്നെയാണെന്ന് അടിവരയിട്ടു പ്രസ്താവിക്കുകയാണ്. “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു ദാവീദ് വിളിക്കുന്നത് യഹോവയെയാണ്. (സങ്കീ, 35:23). യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദന്മാർക്കില്ല. ദൈവം ഏകനാണെന്നുള്ളതും യഹോവ മാത്രം ദൈവമാണെന്നുള്ളതും യെഹൂദനെ സംബന്ധിച്ച് കേവലം അറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്; വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും അടയാളമായി കൈമേലോ, പട്ടമായി നെറ്റിമേലോ ഇരിക്കേണ്ടതാണ്. (ആവ, 6:4-8). അപ്പോൾ, പുതിയനിയമത്തിൽ “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്ന് തോമാസ് അപ്പൊസ്തവൻ വിളിക്കുന്ന യേശുക്രിസ്തു യഹോവ തന്നെയല്ലേ? (യോഹ, 20:28). മറ്റൊരു വ്യക്തിയെ എൻ്റെ ദൈവമേ എന്ന് വിളിക്കാൻ യെഹൂദനായ തോമാസിന് കഴിയുമോ? സത്യദൈവത്തെ അറിവാൻ വിവേകം തന്ന ദൈവപുത്രനും സത്യദൈവവും ഒരാൾ തന്നെയാണെന്ന് യോഹന്നാനും സാക്ഷ്യപ്പെടുത്തുന്നു: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20).

പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരാൾ തന്നെയാണ്: ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ സാറാഫുകളുടെ മദ്ധ്യത്തിൽ, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന യഹോവയുടെ മഹത്വമാണ് യെശയ്യാവ് ദർശിച്ചത്. (6:1-5). അനന്തരം “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” എന്നു ചോദിക്കുന്ന യഹോവയുടെ ശബ്ദവും കേൾക്കുകയുണ്ടായി. (6:8-10). യോഹന്നാൻ പറയുന്നത്; യേശുവിൻ്റെ മഹത്വമാണ് യെശയ്യാവ് ദർശിച്ചതെന്നാണ്: “യെശയ്യാവു അവന്റെ (യേശു) തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു.” (യോഹ, 12:40,41). പ്രവൃത്തികളിൽ പൗലൊസ് പറയുന്നത് പരിശുദ്ധാത്മാവാണ് യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു സംസാരിച്ചതെന്നാണ്. (28:26,27; യെശ, 6:8-10). പിതാവ് അഥവാ യഹോവ തന്നെയാണ് യേശുവെന്നും, യഹോവ തന്നെയാണ് പരിശുദ്ധാത്മാവെന്നും ഇതിനാൽ അസന്ദിഗ്ധമായി തെളിയുന്നു.

ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ, പിതാവായ ദൈവം (യോഹ, 6:27), പിതാവായ ഏകദൈവം (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നിത്യാദി പ്രയോഗങ്ങൾ അബദ്ധവും ബൈബിൾ പരസ്പരവിരുദ്ധവുമാകും. അതാണ് നിഖ്യാസുന്നഹദോസിലൂടെ ഉപായിയായ സർപ്പം ലക്ഷ്യംവെച്ചതും. ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെന്ന ഉപദേശം അനേകം ദുരുപദേശങ്ങൾക്ക് കാരണമായിട്ടുണ്ട്. ഒരു പ്രദേശിക സഭയുടേയും പിൻബലമില്ലാതെ, നിഷ്പക്ഷ ബുദ്ധിയോടെ ബൈബിൾ വായിക്കുന്ന ഒരുത്തനും സമനിത്യരായ മൂന്ന് വ്യക്തികളെ കണ്ടെത്താൻ കഴിയില്ല. കാരണം, ബൈബിൾ ദൈവത്തിൻ്റെ ഏകത്വത്തെക്കുറിച്ചാണ് പറയുന്നത്. ‘ദൈവം ഏകനാണെന്നും, തനിക്ക് പങ്കാളികളില്ലെന്നും, താനൊരുത്തനേം അറിയുന്നില്ലെന്നും യഹോവതന്നെ പറയുന്നു.’ ദൈവത്തിൻ്റെ ഏകത്വത്തിന് അധാരമായിട്ട് പഴയപുതിയ നിയമങ്ങളിൽ നൂറ്ംമ്പതോളം വാക്യങ്ങളുണ്ട്. സമനിത്യവാദികളുടെ പ്രധാന പ്രശ്നം; ദൈവം ഏകനാണെന്ന് സമ്മതിക്കാനും നിവൃത്തിയില്ല; സമനിത്യരായ മൂന്ന് വ്യക്തികളുണ്ടെന്ന് തെളിയിക്കാനും കഴിയുന്നില്ല. അതിൻ്റെ കാരണം, ഇവർ ബൈബിളും നിഖ്യാവിശ്വാസപ്രമാണവും ഒരുപോലെ അംഗീകരിക്കുന്നു. ‘രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല.’ ഒന്നിനെ തള്ളുകയും മറ്റൊന്നിനെ കൊള്ളുകയും ചെയ്യാതെ, ഇവർ ഒരിക്കലും ഒരുപദേശ സ്ഥിരതയിൽ എത്താൻ പോണില്ല.

ദൈവം മൂന്ന് വ്യക്തികളെന്ന സമനിത്യവാദം ബൈബിളിനെതിരും, യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതാണ്. അതൊടുവിൽ എത്തിച്ചേരുന്നത് മൂന്ന് ദൈവങ്ങളെന്ന പാഷാണ്ഡതയിലോ അല്ലെങ്കിൽ, യേശുവിൻ്റെ ദൈവത്വ നിഷേധത്തിലോ ആയിരിക്കും. രണ്ടും ഒരുപോലെ നാശം വിളിച്ചുവരുത്തും. “പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമം.” (മത്താ, 28:19). എന്ന വാക്യാംശം തന്നെയാണ് ഏകദൈവം ഏകവ്യക്തിത്വത്തിനു ഉടമയാണെന്ന് ശക്തമായി തെളിയിക്കുന്ന പുതിയനിയമഭാഗം. അഥവാ, പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരേയൊരു വ്യക്തിയാണെന്നു ആ വേദഭാഗം വ്യക്തമാക്കുന്നു. മൂന്ന് സ്ഥാനീയർ ഏക നാമം അഥവാ, ഏകവ്യക്തി. ഒന്നുകൂടി പറഞ്ഞാൽ; ഏകദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് സ്ഥാനങ്ങളിൽ അഥവാ, സ്ഥാനനാമങ്ങളിൽ വെളിപ്പെട്ടിരിക്കുന്നു, ബൈബിൾ പഠിപ്പിക്കുന്നത് ഏകദൈവ വിശ്വാസമാണ്. അതാണ് ഏറ്റവും ഉത്തമവും യുക്തിഭദ്രവും. ലോകത്തിൽ ഇന്ന് മൂന്നുവിധം ആളുകളാണുള്ളത്; യെഹൂദൻ, ജാതികൾ, ദൈവസഭ. (1കൊരി, 10:32). അതിൽത്തന്നെ ദൈവസഭയിൽ ഇനിയുമൊരു തിരഞ്ഞെടുപ്പ് ശേഷിക്കുന്നു എന്ന് മത്തായി 13-ാം അദ്ധ്യായം വ്യക്തമാക്കുന്നു. “വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.” (മത്താ, 22:14). ഈ തിരഞ്ഞെടുപ്പിൽ ദൈവത്തെക്കുറിച്ചുള്ള അറിവ് മാനദണ്ഡമാകുമോ അറിയില്ല; എങ്കിലും പേടിക്കേണ്ടിയിരിക്കുന്നു. പഴയനിയമത്തിൽ സകല ഭൂവാസികൾക്കും രക്ഷയ്ക്കായുള്ളതും, ഏതു മുഴങ്കാലും മടങ്ങുന്നതും യഹോവയുടെ നാമത്തിലാണെങ്കിൽ; പുതിയനിയമത്തിൽ ആ നാമം കർത്താവായ യേശുക്രിസ്തു ആണ്. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും. (ഫിലി, 2:10,11). പിതാവിൻ്റെ മഹത്വത്തിനാണ് യേശുക്രിസ്തു കർത്താവെന്ന് ഏറ്റുപറയുന്നതെങ്കിൽ ആ നാമം പിതാവിൻ്റെ തന്നെയാണ്. ഞാനിത് പറഞ്ഞതിൻ്റെ താല്പര്യം; ഇന്ന് മൂന്നുവിധം ആളുകൾ ലോകത്തിലുണ്ടെങ്കിലും കാലാന്ത്യത്തിൽ അത് രണ്ടുവിധമായി ചുരുങ്ങും. ദൈവത്തോടെപ്പം നിത്യജീവനിൽ വാഴുന്നവരും, സാത്താനോടൊപ്പം നിത്യനരകത്തിൽ പോകുന്നവരും. ഫിലിപ്പിയർ 2:11-ൽ “യേശുക്രിസ്തു കർത്താവ് എന്ന് ഏറ്റുപറകയും ചെയ്യേണ്ടിവരും” എന്ന് ഭാവികാലത്തിലാണ് പറഞ്ഞിരിക്കുന്നത്. അതായത്, ഒന്നാമത് മുട്ടുകുത്തി യേശുവിനെ നമസ്കരിക്കുന്നവർ; യേശുവാണ് ഏകസത്യദൈവവും കർത്താവായ ക്രിസ്തുവും എന്ന് തിരിച്ചറിഞ്ഞവരായിരിക്കും. രണ്ടാമത്തെ കൂട്ടരിൽ രക്ഷിക്കപ്പെടാത്തവർ എന്തായാലം യേശുവിനെ നമസ്കരിച്ചശേഷം നരകത്തിലേക്ക് പോകേണ്ടിവരും. രക്ഷിക്കപ്പെട്ടവർ തങ്ങളുടെ ദൈവത്തെ അന്നുമാത്രം തിരിച്ചറിഞ്ഞാൽ മതിയാകുമോ? എനിക്കറിയില്ല. രണ്ടാമത്തെ കൂട്ടത്തിൽ ആരും പെടാതിരിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *