നെഹുഷ്ഠാൻ (Nehushtan)
ആരാധനയുടെ നവീകരണത്തിനു വേണ്ടിനുള്ള ശ്രമത്തിൽ ഹിസ്ക്കീയാവ് രാജാവ് നശിപ്പിച്ച താമ്രസർപ്പത്തിന്റെ പേര്. (2രാജാ, 18:4). മരുഭൂമിയിൽ വച്ചു മോശെ നിർമ്മിച്ച താമ്രസർപ്പമായിരുന്നു അത്: യിസായേല്യർ ഏദോം ദേശത്തുകൂടി സഞ്ചരിച്ചപ്പോൾ അവർക്കു ഭക്ഷണവും വെള്ളവും ദുർല്ലഭമായി. തന്മൂലം അവർ മോശെക്കും ദൈവത്തിനും വിരോധമായി സംസാരിച്ചു. യഹോവ ജനങ്ങളുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവയുടെ കടിയേറ്റ് അനേകംപേർ മരിച്ചു. യഹോവയുടെ കല്പന അനുസരിച്ചു മോശെ ഒരു താമ്രസർപ്പം നിർമ്മിച്ചു കൊടിമരത്തിൽ തുക്കി. കടിയേറ്റവർ വിശ്വാസത്താൽ താമ്രസർപ്പത്തെ നോക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്തു. (സംഖ്യാ, 21:4-9). യിസ്രായേൽ ജനം മരുഭൂമിയിൽനിന്ന് പോന്നപ്പോൾ താമ്രസർപ്പത്തെയും കൂടെക്കൊണ്ടുവന്നു; കനാനിൽ അതിനെ പ്രതിഷ്ഠിച്ചു ധൂപം കാട്ടിപ്പോന്നു. ഹിസ്ക്കീയാവ് അധികാരമേറ്റപ്പോൾ, താമ്രസർപ്പത്തെ ഉടച്ചുകളഞ്ഞതിനോടൊപ്പം പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകർത്തു അശേരാ പ്രതിഷ്ഠയെ വെട്ടിമുറിക്കുകയും ചെയ്തു. (2രാജാ, 18:4). താമ്രത്തിന്റെ എബ്രായപേരായ നെഹോഷത്-മായി അടുത്ത ബന്ധമുളള പദമാണ് നെഹുഷ്ഠാൻ. ഹിസ്ക്കീയാവ് താമസർപ്പത്തിനു അവജ്ഞാപൂർവ്വം നല്കിയ പേരാണിതെന്നു കരുതുന്ന പണ്ഡിതന്മാരുണ്ട്. എന്നാൽ ആദ്യം മുതല്ക്കെ ഈ പേരുണ്ടായിരുന്നു എന്നതാണ് ബൈബിൾ വിവരണത്തിൽ നിന്നു മനസ്സിലാകുന്നത്.