നീതി

നീതി (righteousness)

ന്യായം, ശരി, നേര് എന്നിവയാണ് സാമാന്യമായ അർത്ഥം. ഡിക് എന്ന ഗ്രീക്കുധാതുവും സമാനമായി റ്റ്സെദെക് എന്ന എബായ ധാതുവും നീതി അഥവാ ന്യായം എന്ന ആശയത്തെ ദ്യോതിപ്പിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ ‘ഡിക്’ എന്ന ഗ്രീക്കുധാതുവിന്റെ അർത്ഥം നേരായത് എന്നും, മറ്റു ചിലരുടെ അഭിപ്രായത്തിൽ ആചാരം അഥവാ കീഴ്വഴക്കം എന്നുമത്രേ. ഒടുവിലത്തെ അർത്ഥം സന്നിഗ്ദ്ധമാണ്. ബൈബിളിലെ ആശയം ‘ശരിയായത്’ എന്നതിനോടാണടുത്തു നില്ക്കുന്നത്. ശരി എന്നത് പ്രസ്തുത സന്ദർഭത്തിൽ സ്വീകരിക്കുന്ന മാനദണ്ഡത്തെ ആശ്രയിച്ചിരിക്കുന്നു. റ്റ്സാദിക് എന്ന നാമപദത്തെ സെപ്റ്റജിന്റിൽ ‘ഡികായിയൊസുനീ’ എന്നും ‘ഡികായിയോസ്’ എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. പഴയനിയമത്തിൽ നീതി എന്നത് ധാർമ്മികവും, നിയമപരവും, മനശ്ശാസ്ത്രപരവും, ആത്മീയവും ആയ തത്ത്വങ്ങൾക്ക് അനുസരണമായ പെരുമാറ്റമാണ്. ഒരു പ്രത്യേക ലക്ഷ്യസാധ്യത്തിന് അനുയോജ്യമായ പ്രവൃത്തിയല്ലത്. സഹമനുഷ്യരോടുള്ള നിഷ്പക്ഷമായ പെരുമാറ്റമോ, ഓരോ മനുഷ്യനും അർഹമായതു നല്കുന്നതിനു തുല്യമോ അല്ല നീതി. ഇവയ്ക്കെല്ലാമുപരി മനുഷ്യനോടും ദൈവത്തോടുമുള്ള ബന്ധത്തിൽ ചെയ്യേണ്ടവ നിവർത്തിക്കുകയാണ് നീതി. ഓരോ വ്യക്തിയുടെയും ബന്ധങ്ങൾ നിരവധിയാണ്. രാജാവിനു പ്രജകളോടു, ന്യായാധിപതിക്കു പരാതിക്കാരോടു, പുരോഹിതനു ആരാധകരോടു, സാമാന്യ മനുഷ്യനു കുടുംബത്തോടു, ഗോത്രത്തലവനു സമൂഹത്തോടു, സമൂഹത്തിനു സാധുക്കളോടും അന്യരോടും പരദേശികളോടും, എല്ലാവർക്കും ദൈവത്തോടു എന്നിങ്ങനെ ബന്ധങ്ങൾ വ്യാപകമാണ്. ഇവയിൽ ഓരോ ബന്ധവും പ്രത്യേകം ചുമതലകളെ വിവക്ഷിക്കുന്നു. അവയുടെ നിർവ്വഹണമാണ് നീതി. ഒരു ചുറ്റുപാടിൽ നീതിയായിരിക്കുന്നതു മറ്റൊരു ചുറ്റുപാടിൽ നീതിയല്ലാതാകും. പ്രസ്തുത ബന്ധത്തിനു വെളിയിൽ നീതിക്കു മാനദണ്ഡമില്ല. ഈ ബന്ധം ഒരു വ്യക്തിയിൽ ഭരമേല്പിക്കുന്ന ഉപാധികളെ നിറവേറ്റുമ്പോൾ പ്രസ്തുത വ്യക്തി പഴയനിയമവീക്ഷണത്തിൽ നീതിമാനാണ്. ഉടമ്പടി ബന്ധത്തിലായിരിക്കുകയാൽ ശൗലിനെ കൊല്ലാൻ വിസമ്മതിച്ചതു കൊണ്ടു ദാവീദ് നീതിമാനായി. “പിന്നെ അവൻ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.” (1ശമൂ, 24:17). കൂടാതെ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ വധിച്ചവരോടു ദാവീദ് പ്രതികാരം ചെയ്തു. (2ശമൂ, 4:11). ശൗലിന്റെ ഗൃഹം നശിച്ചുകഴിഞ്ഞപ്പോൾ ദാവീദിൽ നിന്നു ദയ പ്രതീക്ഷിക്കുവാൻ മെഫീബോശത്തിനു ഒരവകാശവുമില്ലായിരുന്നു. എന്നാൽ ദാവീദ് ദയ കാണിച്ചു. (2ശമൂ, 19:28).

സമൂഹത്തിൽ സമാധാനവും ക്ഷേമവും സംരക്ഷിക്കുന്നവൻ നീതിമാനാണ്. ഇയ്യോബിനെപ്പോലെയുള്ള ഒരു നീതിമാൻ തന്റെ സമകാലികർക്ക് ഒരനുഗ്രഹമാണ്. ദരിദ്രനെയും, അനാഥനെയും വിധവയെയും അവൻ കരുതുന്നു (ഇയ്യോ, 29:12-15; 31:16-19; ആവ, 24:13; സദൃ, 29:7), വ്യവഹാരത്തിൽ അവർക്കുവേണ്ടി നിലകൊള്ളുന്നു (ഇയ്യോ, 29:16; 31:21; സദൃ, 31:9), കൃപാലുവായി ദാനം ചെയ്യുന്നു (സങ്കീ, 37:21, 25,26; സദൃ, 21:26) അതിഥിയെയും പരദേശിയെയും, വഴിപോക്കനെയും കരുതുന്നു (ഇയ്യോ, 31:31,32), സമ്പത്തിനെക്കാൾ നീതിയെ അമൂല്യമായി കരുതുന്നു (ഇയ്യോ, 31:24,25; സങ്കീ, 37:16; സദൃ, 16:8), മൃഗങ്ങളോടും (സദൃ, 12:10), ദാസീദാസന്മാരോടും അനുകമ്പയോടെ പെരുമാറുന്നു (ഇയ്യോ, 31:13), വൈരിയുടെ നാശത്തിൽ സന്തോഷിക്കുന്നില്ല (ഇയ്യോ, 31:29,30). നീതിമാൻ ആധിപത്യം നടത്തുമ്പോൾ ജനം സന്തോഷിക്കുന്നു. (സദൃ, 29:2). നീതി ജാതിയെ ഉയർത്തുന്നു. (സദൃ, 14:34). നീതിമാൻ കുടുംബത്തെ ആനന്ദിപ്പിക്കുന്നു. (സദൃ, 23:14). നീതിമാന്മാരുടെ പാത പ്രഭാതത്തിന്റെ വെളിച്ചം പോലെയാണ്. (സദൃ, 4:18). നീതിമാന്റെ ഓർമ്മ പോലും അനുഗ്രഹദായകമാണ്. (സദൃ, 10:7). നീതിമാന്മാർ ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു. (സദൃ, 11:10). നീതിമാനു ശാശ്വതമായ അടിസ്ഥാനം ഉണ്ട്; അവൻ ഒരിക്കലും കുലുങ്ങിപ്പോകയില്ല. (സദൃ, 10:25, 30; 12:3,12). അവന്റെ മേൽ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്നു. (സദൃ, 10:16; 11:19; 12:28). അവനു സന്തതിയും (സങ്കീ, 37:37,38), സമ്പത്തും (സദൃ, 13:21,22, 25; 15:6), ആഗ്രഹസിദ്ധിയും (സദൃ, 10:24, 28; 11:23), കഷ്ടത്തിൽ നിന്നു വിടുതലും (സദൃ, 11:8; 12:21; 24:16) ഉണ്ട്.

സമൂഹത്തിൽ നീതി പുന;സ്ഥാപിക്കുകയാണ് ന്യായാധിപന്റെയും ചക്രവർത്തിയുടെയും കടമ. (ഹോശേ, 13:10). നീതിയും ന്യായവും നടത്തിക്കൊടുക്കുവാൻ ഉടമ്പടി . ബദ്ധനാണ് രാജാവ്. (2ശമൂ 8:15). നീതിമാനായ രാജാവ് രാജ്യത്തു സമാധാനവും ഐശ്വര്യവും വിളയിക്കുന്നു. (സങ്കീ, 72). യെഹോയാക്കീമിനോടു യിരെമ്യാപ്രവാചകൻ (22:3, 15) ആവശ്യപ്പെട്ടതും ജനത്തിനു നീതിയും ന്യായവും നടത്തിക്കൊടുക്കാനാണ്. മശീഹ വരുമ്പോൾ നീതിയും ന്യായവും നടത്തി രാജ്യത്തെ ക്ഷേമപൂർണ്ണമാക്കും. (യെശ, 9:7; 11:3-5; യിരെ, 23:5,6; 33:14-16). യിസായേലിനു ദൈവത്തോടു ഉടമ്പടിബന്ധമാണുള്ളത്. അതിനാൽ നീതി ദൈവകല്പനകളെ അനുസരിക്കുന്നതിന് ഊന്നൽ നല്കി. യിസ്രായേലിന് ദൈവത്തോടുണ്ടായിരുന്ന ബന്ധം അവളുടെ നീതിയിലായിരുന്നില്ല എന്നതു പ്രത്യേകം ഓർക്കേണ്ടതാണ്. ന്യായപ്രമാണത്തിനും മുമ്പുള്ളതായിരുന്നു ഉടമ്പടി ബന്ധം. യിസ്രായേലിന്റെ അസ്തിത്വത്തിനു തന്നെ അടിസ്ഥാനം ദൈവം യിസ്രായേലിനെ തിരഞ്ഞെടുത്തു എന്നതത്രേ. യഹോവയാണ് നിയമത്തിന്റെ കർത്താവും, ആരംഭകനും സംരക്ഷകനും. ദൈവത്തിനു മാത്രമേ ഈ നിയമം ഭഞ്ജിക്കാനാവൂ. യിസായേൽ മക്കൾക്കു അവരുടെ ദൈവത്തെ ഉപേക്ഷിക്കാനും തൽഫലമായി ദൈവകോധം വരുത്തി വയ്ക്കാനും കഴിയും; എന്നാൽ ദൈവത്തോടുള്ള ബന്ധത്തിൽ നിന്നു രക്ഷപ്പെടാനാവുകയില്ല. തുടർന്നു യിസ്രായേലിനു ദൈവത്തോടുള്ള ബന്ധം ക്രോധത്തിന്റേതായി മാറും. ദൈവത്തിന്റെ കൃപയിലാണ് ഈ ബന്ധം; അല്ലാതെ, ന്യായപ്രമാണത്തിലല്ല. തന്റെ പ്രത്യേക നിക്ഷേപമായി യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നു വീണ്ടെടുത്തതു തന്റെ ആർദകരുണയാലും കൃപയാലും അത്രേ. ഈ കൃപയുടെ ബന്ധത്തിൽ തന്റെ നിയമബദ്ധജനത്തിനു വഴികാട്ടിയായി ന്യായപ്രമാണം നല്കി. യഹോവ വിശുദ്ധനായിരിക്കുന്നതുപോലെ യിസ്രായേൽ ഒരു വിശുദ്ധ ജനമായിരിക്കേണ്ടതിന്നാണാ ന്യായപ്രമാണം നല്കിയത്. (ലേവ്യ, 19). തന്മൂലം ന്യായപ്രമാണം രാപ്പകൽ ധ്യാനിക്കുകയും (സങ്കീ, 1:2), പൊന്നിനെക്കാളും തങ്കത്തെക്കാളും ആഗ്രഹിക്കുകയും തേനിനെയും തേങ്കട്ടയെയുംകാൾ മധുരമായി ആസ്വദിക്കയും (സങ്കീ, 19:10) ചെയ്യേണ്ടതാണ്.

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ നീതി ദൈവഹിതത്തോടുളള ശരിയായ ബന്ധത്തെക്കുറിക്കുന്നു. ദൈവം യിസ്രായേലിനോടുള്ള നിയമത്തിൽ സ്വഹിതം പ്രകടമായി വെളിപ്പെടുത്തി. ദൈവം നീതിമാനാണ്. (2ദിന, 12:6; സങ്കീ, 7:9). തന്റെ ജനത്തിനു വേണ്ടി ദൈവം നീതിയോടെ ന്യായം വിധിക്കുന്നു. (സങ്കീ, 9:4; യിരെ, 11:20). വിടുതലിനുവേണ്ടി ദൈവജനം ദൈവത്തിന്റെ നീതിയിലാണ് ആശ്രയിക്കുന്നത്. (സങ്കീ, 31:1; യിരെ, 11:20). ഇതു നീതിയെ രക്ഷയോടു ബന്ധിക്കുന്നു. ദൈവം ‘നീതിമാനായ ദൈവവും രക്ഷിതാവും’ ആണ്. (യെശ, 45:21). “മണവാളൻ തലപ്പാവു അണിയുന്നതു പോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ ക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.” (യെശ, 61:10).

ദൈവഹിതത്തിനു അനുരൂപമായിരിക്കുക എന്ന ധ്വനിയാണ് പുതിയനിയമം നീതിക്കു നല്കുന്നത്. എല്ലാ മനുഷ്യരും പാപം നിമിത്തം ദൈവതേജസ്സു നഷ്ടപ്പെട്ടവരായി ദൈഹിതം നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലായി. (റോമ, 3:9-20; ലൂക്കൊ, 18:9-14; യോഹ, 8:7). മനുഷ്യന്റെ അനീതിയുടെ വിരുദ്ധകോടിയിൽ നില്ക്കുകയാണ് ദൈവത്തിന്റെ നീതി. (റോമ, 1:17). ഈ ദൈവനീതി അത്ഭുതകരമായ കൃപയിലൂടെ മനുഷ്യനെ സഹായിക്കുന്നു. കർത്താവായ യേശുവിലും അവന്റെ രക്ഷണ്യപവൃത്തിയിലും വിശ്വസിക്കുന്നതിലൂടെ പാപിയായ മനുഷ്യൻ ദൈവനീതി പ്രാപിക്കുന്നു. (റോമ, 3:21-31; 4:1-25; 10:3; 1കൊരി, 1:30; 2കൊരി, 5:21; ഫിലി, 3:9). ദൈവത്തിന്റെ നീതിദാനത്തിലൂടെ ദൈവത്തിന്റെ രക്ഷയിലേക്കു മനുഷ്യൻ പ്രവേശിക്കുകയും നിത്യജീവൻ പ്രാപിക്കുകയും ചെയ്യുന്നു. (റോമ, 6:12-23; 2കൊരി, 6:7; ഫിലി, 1:11; എഫെ, 4:24).

Leave a Reply

Your email address will not be published.