നാസീർവ്രതം

നാസീർവ്രതം (Nazarite)

മറ്റുള്ളവരിൽനിന്നും വേർപെട്ടു യഹോവയ്ക്ക് സ്വയം സമർപ്പിച്ച സ്ത്രീയെയും പുരുഷനെയും നാസീർ എന്നു വിളിക്കും. ജീവിതം മുഴുവനുമോ ഒരു പ്രത്യേക കാലയളവിലോ നാസീറായിരിക്കാം. നാസർ (വേർപെടുക) എന്ന എബ്രായ ധാതുവിൽ നിന്നാണ് ഈ പദത്തിന്റെ ഉത്പത്തി. ചില പദാർത്ഥങ്ങളെ വർജ്ജിച്ച്, മറ്റുള്ളവരിൽനിന്നു വേർപെട്ടു ദൈവത്തിനു സമർപ്പിക്കുക എന്നാണിതിനർത്ഥം. ചിലരുടെ അഭിപ്രായത്തിൽ ‘കിരീടമണിയുക’ എന്നർത്ഥമുള്ള നേസെർ എന്ന ധാതുവിൽനിന്നാണ് നാസർ വന്നത്. വ്രതസ്ഥന്റെ മുടി കിരീടമാണ്. ഈ അർത്ഥത്തിൽ കിരീടധാരിയാണ് നാസീർ. “അവന്റെ ദൈവത്തിന്റെ നാസീർവതം അവന്റെ തലയിൽ ഇരിക്കുന്നു.” (സംഖ്യാ, 6:7). വ്രതസ്ഥൻ തന്നെയാണ് വ്രതതീരുമാനം എടുക്കുന്നത്. എന്നാൽ ചില മാതാപിതാക്കൾ ജനിക്കുന്നതിനു മുമ്പുതന്നെ കുഞ്ഞുങ്ങളെ അവരുടെ ജീവിതം മുഴുവൻ നാസീറായി സമർപ്പിച്ചിരുന്നു. ഉദാ: ശിംശോൻ (ന്യായാ, 13:5, 14), ശമൂവേൽ (1ശമൂ, 1:11), യോഹന്നാൻ സ്നാപകൻ (ലൂക്കൊ, 1:15) മിഷ്ണ അനുസരിച്ച് പതിവുള്ള കാലം മുപ്പതു ദിവസമാണ്. എന്നാൽ ചിലപ്പോൾ 60 ദിവസത്തേക്കും വ്രതം സ്വീകരിച്ചിരുന്നു. അപ്പൊസ്തലനായ പൗലൊസിന്റെ വ്രതവും നാസീർ വ്രതമായിരുന്നിരിക്കണം. പ്രസ്തുത വ്രതം നിറവേറ്റുന്നതിനായി കെംക്രെയയിൽ വച്ചു തല ക്ഷൗരം ചെയ്തു. (പ്രവൃ, 18:18). ന്യായപ്രമാണ കല്പനയനുസരിച്ച് ആലയത്തിന്റെ വാതിലിൽ വച്ചാണ് വ്രതമുള്ള തല ക്ഷൗരം ചെയ്യേണ്ടത്. (സംഖ്യാ, 6:9, 18).

നാസീർവ്രതസ്ഥൻ വീഞ്ഞും മദ്യവും മുന്തിരിപ്പഴത്തിന്റെ രസവും മുന്തിങ്ങയും (പഴുത്തതും പച്ചയും) വർജ്ജിക്കേണ്ടതാണ്. വ്രതകാലത്ത് തല ക്ഷൗരം ചെയ്യാൻ പാടില്ല. അടുത്തബന്ധുവിന്റെ പോലും ശവത്തെ സമീപിച്ചുകൂടാ. യാദൃച്ഛികമായി ശവം സ്പർശിച്ച് അശുദ്ധനായാൽ ശുദ്ധീകരണം നടത്തി വീണ്ടും വ്രതം ആദ്യംമുതൽ തുടങ്ങണം. അശുദ്ധനായതിനു മുമ്പുള്ള വ്രതകാലം കണക്കിൽപ്പെടുകയില്ല. വ്രതകാലം തീരുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൊണ്ടുവരണം. ഹോമയാഗത്തിനു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിനു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ, ഒരു കൊട്ടയിൽ എണ്ണ ചേർത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കണം. (സംഖ്യാ, 6:13-15). വ്രതകാലത്തു വളർത്തിയ തലമുടി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വച്ച് ക്ഷൗരം ചെയ്യേണ്ടതാണ്. ആ തലമുടി സമാധാനയാഗത്തിൻ കീഴുള്ള തീയിൽ ഇടണം. പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും പുളിപ്പില്ലാത്ത ഒരു ദോശയും ഒരു വടയും എടുത്ത് വ്രതസ്ഥന്റെ കൈയിൽ വയ്ക്കണം. പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യണം. ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതനുള്ളതാണ്. കൂടാതെ വ്രതസ്ഥൻ തന്റെ പ്രാപ്തിപോലെ പുരോഹിതനു കൊടുക്കും. (സംഖ്യാ, 6:21). അതിനുശേഷം വ്രതം അനുഷ്ഠിച്ചവനു വീഞ്ഞു കുടിക്കാം. (സംഖ്യാ, 6:20). വ്രതസ്ഥന്റെ നീണ്ട തലമുടി ശക്തിയുടെയും ജീവചൈതന്യത്തിന്റെയും അടയാളമാണ്. (2ശമൂ, 14:25,26). താൻ ദൈവത്തിന്റേതാണ് എന്നുള്ളതിനു അടയാളമാണ് നീണ്ട തലമുടി. നാസീർ കർത്താവിനു വിശുദ്ധനാകയാലും വ്രതത്തിന്റെ തലമുടി ധരിക്കുകയാലും അഭിഷിക്തനായ പുരോഹിതനു തുല്യനാണ്. അവൻ മരിച്ചവരോടു ബന്ധപ്പെട്ടു അശുദ്ധനാകാൻ പാടില്ല. ശവസംസ്കാരം ഒഴികെയുള്ള എല്ലാ ജോലികളും നാസീറിനു ചെയ്യാം, ചെയ്യേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *