ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ

“നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.” (സങ്കീ, 16:10).

പതിനാറാം സങ്കീർത്തനത്തിലെ ഈ വാക്യം ദാവീദിൻ്റെ ഒരു പ്രവചനമാണ്. ഈ പ്രവചനം ക്രിസ്തുവിൻ്റെ പുനരുത്ഥാനത്തോടുള്ള ബന്ധത്തിൽ പുതിയനിയമത്തിൽ ഉദ്ധരിച്ചിരിക്കയാൽ, “ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധൻ” അക്ഷരാർത്ഥത്തിൽ യേശുക്രിസ്തു ആണെന്ന് അനേകരും വിശ്വസിക്കുന്നു. എന്നാൽ, എന്താണതിലെ യഥാർത്ഥ വസ്തുതയെന്നാണ് നാം പരിശോധിക്കുന്നത്.

പ്രവചനത്തിൻ്റെ ആദ്യഭാഗം: ദൈവം എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല” എന്ന് ഒരുത്തൻ തന്നെക്കുറിച്ച് തന്നെയോ, മറ്റൊരുത്തനെക്കുറിച്ചോ പ്രവചിക്കണമെങ്കിൽ, അവനാരായാലും പാതാളത്തിൽ ഒടുങ്ങിത്തീരാൻ യോഗ്യനായ ഒരുവനാണ്. എന്നാൽ, ദൈവം തൻ്റെ കൃപനിമിത്തം പാതാളത്തിലേക്ക് പോകാതെവണ്ണം അവനെ രക്ഷിക്കുമെന്നാണ് പ്രവചനം. പാതാളത്തിലേക്ക് അഥവാ മരണത്തിലേക്ക് ഒരിക്കലും പോകാൻ ആവശ്യമില്ലാത്തവൻ അഥവാ മരണമില്ലാത്ത ഒരുവനാണെങ്കിൽ, അവൻ്റെ പ്രാണനെ ദൈവം പാതാളത്തിൽ വിടുകയില്ലെന്നു പ്രവചിക്കേണ്ട ആവശ്യമെന്താണ്? അടുത്തഭാഗം:ദൈവത്തിൻ്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കണമെങ്കിൽ, അവൻ നൂറു ശതമാനം ദ്രവത്വം കാണ്മാൻ യോഗ്യനാണ്. എന്നാൽ, ദൈവം തൻ്റെ കരുണനിമിത്തം അവനെ ദ്രവത്വം കാണ്മാൻ സമ്മതിക്കില്ലെന്നാണ് പ്രവചനം. ദ്രവത്വമുണ്ടാകാൻ സാദ്ധ്യതയില്ലാത്ത ഒരുത്തനെ ദ്രവത്വം കാണ്മാൻ ദൈവം സമ്മതിക്കയില്ലെന്ന് പ്രവചിക്കേണ്ട ആവശ്യമില്ലല്ലോ? ഒരിക്കലും പാതാളത്തിൽപ്പോയി ദ്രവത്വം അനുഭവിക്കാൻ ഇടയില്ലാത്ത ഒരുവനെക്കുറിച്ചാണ് ദാവീദിൻ്റെ ഈ പ്രവചനമെങ്കിൽ, ദാവീദൊരു കോമാളിയും പ്രവചനമൊരു കോമഡിയുമായി മാറും. അപ്പോൾ സംഗതി സീരിയസാണ്!

ദൈവം “എൻ്റെ” പ്രാണനെ പാതാളത്തിൽ അഥവാ മരണത്തിന് ഏല്പിക്കുകയില്ല, ദ്രവത്വം കാണ്മാൻ സമ്മതിക്കില്ല എന്നിങ്ങനെ ഉത്തമപുരുഷ സർവ്വനാമത്തിലാണ് പ്രവചനം. അതിനാൽ, ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ ദാവീദാണെന്നു തോന്നാം. എന്നാൽ, മരണമില്ലാത്തതും ദ്രവത്വം കാണാത്തതുമായ പരിശുദ്ധൻ ദാവീദല്ല. അവൻ മരിക്കയും അവൻ്റെ ശരീരം ദ്രവത്വം കണ്ടതായും പത്രൊസും പൗലൊസും ഒരുപോലെ സാക്ഷ്യം പറഞ്ഞിരിക്കുന്നു: “ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.” (പ്രവൃ, 13:36; 2:29). അപ്പോൾ, ദാവിദല്ല ദ്രവത്വം കാണാത്ത പരിശുദ്ധൻ.

ദാവീദിൻ്റെ ഈ പ്രവചനം പുതിയനിയമത്തിൽ രണ്ടുവട്ടം ഉദ്ധരിക്കുകയും (പ്രവൃ, 2:27; 13:35) രണ്ടുവട്ടവും അത് ക്രിസ്തുവിൽ ആരോപിക്കുകയും ചെയ്തിട്ടുണ്ട്: (പ്രവൃ, 2:31; 13:37). അപ്പോൾ, മരണവും ദ്രവത്വവും ഉണ്ടാകേണ്ടിയിരുന്ന യഥാർത്ഥ പരിശുദ്ധൻ ക്രിസ്തുവാണെന്നും അവനെ ദൈവം മരണത്തിൽനിന്നും ദ്രവത്വത്തിൽനിന്നും വിടുവിച്ചെടുത്തു എന്നാണോ അതിനർത്ഥം? ഒരിക്കലുമല്ല. എന്തെന്നാൽ, പാപത്തിൻ്റെ ശമ്പളമാണ് മരണം; മരണത്തിൻ്റെ ഫലമാണ് ദ്രവത്വം: (റോമ, 6:23). പാപം ചെയ്യുന്ന ദേഹിയാണ് മരിക്കേണ്ടത്. (യെഹെ, 18:4). എന്നാൽ, ക്രിസ്തുവിനെക്കുറിച്ച് പറയുന്നത്: പാപമറിയാത്തവൻ: (2കൊരി, 5:21). അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല: (1പത്രൊ, 2:22). അവനിൽ പാപമില്ല: (1യോഹ, 3:5). പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ എന്നൊക്കെയാണ്: (എബ്രാ, 7:26). ജന്മപാപമോ, കർമ്മപാപമോ ഇല്ലാത്തവനാണ് ക്രിസ്തു. തന്മൂലം, അവൻ മരിക്കാനോ, ദ്രവത്വം കാണ്മാനോ യാതൊരു ആവശ്യവുമില്ല,.

പാപമറിയാത്ത പരമപരിശുദ്ധനായ ക്രിസ്തുവിൻ്റെ മേൽ മരണത്തിന് ഒരധികാരവും ഇല്ലാതിരിക്കെ, ദൈവം അവൻ്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ലെന്നും, ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ലെന്നും എന്തിനു പറയണം? മാത്രമല്ല, ക്രിസ്തുവെന്ന പാപമറിയാത്ത മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവനാണ്: “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുള്ളവൻ.” (1കൊരി, 15:47. ഒ.നോ: യോഹ, 1:15,31; 3;31; 6:38; 8:23; ഫിലി, 2:6-8; 1തിമൊ, 3:16; 1യോഹ, 4:2). മരണമോ, ദ്രവത്വമോ ഇല്ലാത്ത സ്വർഗ്ഗീയൻ ഭൂമിയിൽവന്ന് മരിച്ചുയിർത്തത് തൻ്റെ ദ്രവത്വം മാറ്റാനായിരുന്നോ? മരണവും ദ്രവത്വവുമില്ലാത്ത സ്വർഗ്ഗീയന് അതിൻ്റെ യാതൊരാവശ്യവുമില്ല. ദൂതന്മാർക്കുപോലും മരണമോ, ദ്രവത്വമോ ഇല്ലാതിരിക്കെ യഥാർത്ഥത്തിൽ മരണവും ദ്രവത്വവുമുള്ള പരിശുദ്ധൻ ക്രിസ്തുവാകുന്നതെങ്ങനെ? അങ്ങനെവരുമ്പോൾ, ആത്മീയമായി ആ പ്രവചനം ക്രിസ്തുവിലൂടെ നിവൃത്തിയായെങ്കിലും അതിൻ്റെ യഥാർത്ഥ അവകാശി അഥവാ മരണംമൂലം ദ്രവത്വം ഉണ്ടാകേണ്ടിയിരുന്നതും ദൈവം തൻ്റെ ക്രിസ്തുവിലൂടെ മരണവും ദ്രവത്വവും നീക്കിക്കളഞ്ഞവനായ പരിശുദ്ധൻ മറ്റൊരാളാണെന്നു വരുന്നു. തന്നൂലം, നമുക്ക് ഉത്തരം കിട്ടേണ്ടത്, രണ്ട് ചോദ്യത്തിനാണ്. 1. ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത ദൈവത്തിൻ്റെ പരിശുദ്ധൻ; ക്രിസ്തു അല്ലെങ്കിൽ. എന്തുകൊണ്ട്, പ്രവചനം അവൻ്റെമേൽ ആരോപിച്ചിരിക്കുന്നു. 2. യഥാർത്ഥത്തിൽ ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധൻ ആരാണ്? തന്മൂലം, പുതിയനിയമത്തിൽ പ്രവചനം ക്രിസ്തുവിൽ ആരോപിച്ചിരിക്കുന്നത്, എന്തുകൊണ്ടാണെന്ന് ആദ്യം അറിയണം. (പ്രവൃ, 2:27,31; 13: 35,37).

മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയും: ക്രിസ്തു പുതിയനിയമത്തിൻ്റെ മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയുമാണെന്ന് ദൈവത്തിൻ്റെ വചനം പറയുന്നു. മദ്ധ്യസ്ഥനെന്നാൽ: “രണ്ട് വ്യക്തികളോ, കക്ഷികളോ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും, ആ ബന്ധം അവർക്കു പുനഃസ്ഥാപിക്കാൻ കഴിയാതിരിക്കുകയും ചെയ്യുമ്പോൾ, മദ്ധ്യവർത്തിയായി നിന്നു അവരെത്തമ്മിൽ നിരപ്പിക്കുന്ന വ്യക്തിയാണ് മദ്ധ്യസ്ഥൻ. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ. (1തിമൊ, 2:5. എബ്രാ, 8:6; 9:15; 12:24). മഹാപുരോഹിതനെന്നാൽ: ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിന്നുകൊണ്ട്, ദൈവത്തിന് പാപപരിഹാര യാഗം അർക്കുന്നവനാണ്. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിർദ്ദോഷൻ, നിർമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗംകഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ  തന്നെത്താൻ  അർപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.” (എബ്രാ,
7:26. ഒ.നോ: 2:17; 3:1; 4:14,15; 5). മറുവിലയെന്നാൽ: “തടവിലുള്ളവരെ മോചിപ്പിക്കാൻ കൊടുക്കുന്ന മോചനദ്രവ്യമാണ്.” ബൈബിൾ ഭാഷയിൽ പറഞ്ഞാൽ; “പാപത്തിൻ്റെ അടിമയായി മരണംകാത്തു കിടന്നവൻ്റെ ജീവൻ്റെ വീണ്ടെടുപ്പിനായി ചുമത്തിയ ഉദ്ധാരണ ദ്രവ്യമാണ് മറുവില. “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6), ” അതായത്, പരിശുദ്ധനായ ദൈവവും പാപിയായ മനുഷ്യനും തമ്മിലായിരുന്നു വിഷയം. അവരെത്തമ്മിൽ സമരസപ്പെടുത്താൻ ദൈവത്തിൻ്റെയും മനുഷ്യരുടെയും മദ്ധ്യേ മദ്ധ്യസ്ഥനായി നിന്നതും പാപികളായ മനുഷ്യരുടെ വീണ്ടെടുപ്പുവില ദൈവത്തിനു കൊടുക്കാൻ തൻ്റെ നിർദ്ദോഷവും നിഷ്കളങ്കവുമായ വിലയേറിയ രക്തം മറുവിലയായി നല്കി മനുഷ്യരെ വീണ്ടെടുത്തതും മദ്ധ്യസ്ഥനും മഹാപുരോഹിതനും മറുവിലയുമായ ക്രിസ്തുവാണ്: (1തിമൊ, 2:5,6; എബ്രാ, 3:1; 1പത്രൊ, 1:18,19). അതായത്, യേശുക്രിസ്തു യഥാർത്ഥത്തിൽ മരണത്തിൽ നിന്നുള്ള ഉദ്ധാരകനും മറുവിലനുമാണ്. അഥവാ, ആരാണോ ദ്രവത്വമുണ്ടാകേണ്ടിയിരുന്ന പരിശുദ്ധൻ, അവൻ്റെ പകരക്കാരനാണ് ക്രിസ്തു. തന്മൂലം, ദ്രവത്വം കണേണ്ടിയിരുന്നവൻ ക്രിസ്തുവല്ല; മറ്റൊരാളാണ്. അതായത്, ആരുടെ മരണവും ദ്രവത്വവുമാണോ മദ്ധ്യസ്ഥനും മറുവിലയും മഹാപുരോഹിതനും ദൈവകുഞ്ഞാടുമായ ക്രിസ്തുവിലൂടെ നീങ്ങിപ്പോയത്, അവനാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധൻ. അഥവാ, ദൈവം തൻ്റെ ക്രിസ്തുവിലൂടെ ആരുടെ മരണവും ദ്രവത്വവുമാണോ ഇല്ലായ്മ ചെയ്തത്, അവനാണ് ദാവീദ് പ്രവചിക്കുന്ന ദൈവത്തിൻ്റെ യഥാർത്ഥ പരിശുദ്ധൻ. അപ്പോൾ ഒരു ചോദ്യംവരും; ക്രിസ്തുവിനെ കൂടാതെ മറ്റൊരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? അഥവാ ക്രിസ്തു മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയ ഒരു പരിശുദ്ധൻ ദൈവത്തിനുണ്ടോ? ഉണ്ടെങ്കിൽ ആരാണവൻ?

ദൈവത്തിൻ്റെ പരിശുദ്ധനെക്കുറിച്ച് സൂചന നല്കാൻ കഴിയുന്ന ചില കാര്യങ്ങൾ നാം ചിന്തിക്കുന്ന വാക്യത്തിൽ ത്തന്നെയുണ്ട്. അവിടെ പരിശുദ്ധനെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദം, ദൈവത്തിൻ്റെ പരിശുദ്ധിയെയും മനുഷ്യൻ്റെ വിശുദ്ധിയെയും ഒരുപോലെ കുറിക്കുന്ന ഖദോഷ് (qadosh – 6918) എന്ന എബ്രായ പദമല്ല; പ്രധാനമായും, മനുഷ്യൻ്റെ വിശുദ്ധിയെ കൂറിക്കുന്ന ഹസീദ് (hasid – 2623) എന്ന പദമാണ്. എന്നാൽ 32 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ആ പദം, ദൈവത്തിൻ്റെ പ്രവൃത്തിയിലുള്ള വിശുദ്ധിയെ കുറിക്കാനും (സങ്കീ, 145:17), കരുണയെ കുറിക്കാനും ഓരോ പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (യിരെ, 3:12). ആ പദം പ്രധാനമായും ഭൗമിക വിശുദ്ധന്മാരെ (saints) കുറിക്കുന്നതാണ്. ഉദാ: (1ശമൂ, 2:9; 2ദിന, 6:41: സങ്കീ, 30:4; 31:23; 32:6; 37:28; 50:5; 52:9). അതായത്, ദാവീദ് പ്രവചിച്ച ദ്രവത്വമില്ലാത്ത പരിശുദ്ധൻ സ്വർഗ്ഗീയനല്ല; ഭൗമികനാണെന്നു തെളിയുന്നു. മലയാളത്തിലെ രണ്ടു പരിഭാഷകൾ നോക്കാം: “അവിടുന്ന് എന്നെ പാതാളത്തില്‍ തള്ളുകയില്ല. അവിടുത്തെ ഭക്തനെ മരണഗര്‍ത്തത്തിലേക്ക് അയയ്‍ക്കുകയില്ല.” (സത്യവേദപുസ്തകം സമകാലിക പരിഭാഷ). അടുത്തത്: “എന്തുകൊണ്ടെന്നാൽ, യഹോവേ, എൻ്റെ ആത്മാവിനെ നീയൊരിക്കലും പാതാളത്തിലേക്ക് അയക്കുകയില്ല. നിൻ്റെ വിശ്വസ്തനെ ശവക്കുഴിയാൽ ചീഞ്ഞളിയാൻ നീയനുവദിക്കില്ല.” (ഇ.ആർ.വി. മലയാളം; ഒ.നോ: പുതിയലോക ഭാഷാന്തരം). അപ്പോൾ, ദൈവത്തിൻ്റെ ഒരു ഭൗമിക പരിശുദ്ധൻ അഥവാ, ഭക്തനെക്കുറിച്ചാണ് ദാവീദിൻ്റെ പ്രവചനമെന്ന് വ്യക്തം.

മറ്റൊരു സൂചന: ദൈവത്തിൻ്റെ പരിശുദ്ധത്മാർ എന്ന് ബഹുവചനത്തിലല്ല, “പരിശുദ്ധൻ” എന്ന് ഏകവചനത്തിലാണ് ദാവീദ് പ്രവചിക്കുന്നത്. ഹിബ്രു, ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള എല്ലാ പരിഭാഷകളിലും “hasid–hebrew, belived one, faithful one, faithful servant, favored one, godly one, Holy man Holy One, loved one, Merciful One, merciful ones, pious servant, Pure One, sacred one, saintly one, special one, പരിശുദ്ധൻ, ഭക്തൻ, വിശ്വസ്തൻ” എന്നിങ്ങനെ ഏകവചനത്തിലാണ് കാണുന്നത്. തന്മൂലം, ദ്രവത്വം കാണാത്ത പരിശുദ്ധനെന്ന പ്രയോഗം, ക്രിസ്തുവിലൂടെ മരണം നീങ്ങിപ്പോയ സകലജാതികളെയും വിവക്ഷിക്കുന്നില്ല.

പരിശുദ്ധൻ ക്രിസ്തുവല്ലെന്നു നാം കണ്ടു; അവൻ സ്വർഗ്ഗീയനല്ല, ഭൗമികനാണെന്നു കണ്ടു; “പരിശുദ്ധൻ” എന്നു ഏകവചനത്തിലാണ് പ്രവചിച്ചിരിക്കുന്നതെന്നു കണ്ടു; അതിലൊക്കെ ഉപരിയായി, ക്രിസ്തുവിൻ്റെ ക്രൂശുമരണവും പുനരുത്ഥാനവും മൂലം മരണവും ദ്രവത്വവും നീങ്ങിപ്പോയവനാണെന്നും നാം കണ്ടു. അങ്ങനെയൊരു പരിശുദ്ധനെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? നിശ്ചയമായും പറഞ്ഞിട്ടുണ്ട്.

ഭൗമികസന്തതി: ദൈവത്തിൻ്റെ സകല അനുഗ്രഹങ്ങളുടെയും വാഗ്ദത്തങ്ങശുടെയും അവകാശിയായ ഒരു ഭൗമികസന്തതിയുണ്ട്. അബ്രാഹാമിൻ്റെയും (ഉല്പ, 22:17,18) യിസ്ഹാക്കിൻ്റെയും (ഉല്പ, 26:5) യാക്കോബിൻ്റെയും (ഉല്പ, 28:14) ദാവീദിൻ്റെയും (സങ്കീ, 89:29) വാഗ്ദത്തസന്തതിയും നിശ്ചലകൃപകളുടെ അവകാശിയും (യെശ, 55:3; പ്രവൃ, 13:34) വിശേഷാൽ ദൈവത്തിൻ്റെ പുത്രനും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1) പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ (സങ്കീ, 2:2; പ്രവൃ, 4:26) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ആ സന്തതിയുടെ വാഗ്ദത്തങ്ങളും അഭിധാനങ്ങളും അനവധിയാണ്: ദൈവത്തിൻ്റെ പുത്രനും ആദ്യജാതനും (പുറ, 4:22,23) സകലജാതികളിലുംവെച്ചു ദൈവത്തിൻ്റെ പ്രത്യേക സമ്പത്തും (പുറ, 19:5) ദൈവത്തിൻ്റെ അഭിഷിക്തനും (2:2) സീയോനിൽ വാഴിക്കുന്ന രാജാവും (2:6) ജനിപ്പിച്ച പുത്രനും (2:7) ജാതികളെ ഇരിമ്പുകോൽകൊണ്ട് തകർക്കുന്നവനും (2:9) ഭൂമിയിലെ രാജാക്കാന്മാർ ചുംബിച്ച് കീഴ്പെടുന്നവനും (2:12) ദൂതന്മാരെക്കാൾ അല്പംമാത്രം താഴ്ചയുള്ളവനും (8:5) ദൈവം തേജസ്സും ബഹുമാനവും അണിയിച്ചവനും (8:5) ദൈവം തൻ്റെ കൈകളുടെ പ്രവൃത്തികൾക്കു അധിപതിയാക്കിയവനും (8:6) ദൈവം സകലത്തെയും കാൽകീഴെയാക്കിക്കൊടുത്തവനും (8:7) യഹോവയിൽ എപ്പോഴും ആശ്രയം വെച്ചിരിക്കുന്നവനും (16:8) ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും (16:10) മനുഷ്യപുത്രന്മാരിൽ അതിസുന്ദരനും (45:2) രാജത്വത്തിൻ്റെ നീതിയുള്ള ചെങ്കോൽ വഹിക്കുന്നവനും (45:6) ദൈവം കൂട്ടുകാരിൽ പരമായി ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയതവനും (45:6) സകല രാജാക്കന്മാരും നമസ്കരിക്കുന്നവനും; സകല ജാതികളും സേവിക്കുന്നവനും (72:11) സൂര്യനുള്ള കാലത്തോളം നാമമുള്ളവനും (72:17) മനുഷ്യർ അന്യോന്യം അനുഗ്രഹിക്കുന്ന നാമമുള്ളവനും (72:17) സകല ജാതികളാലും ഭാഗ്യവാൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവനും (72:17) ദൈവം മിസ്രയീമിൽനിന്നു കൊണ്ടുവന്നു ജാതികളെ നീക്കിക്കളഞ്ഞു കനാനിൽ നട്ട മുന്തിരിവള്ളിയും (80:8) ദൈവത്തിൻ്റെ വലത്തുഭാഗത്തിരുത്തി വളർത്തിയ പുരുഷനും മനുഷ്യപുത്രനും (80:17) ദൈവം നിയമം ചെയ്ത തൻ്റെ ദാസനായ ദാവീദിൻ്റെ രാജസന്തതിയും (89:3,4) ആകാശമുള്ള കാലത്തോളം സിംഹാസനമുള്ളവനും (89:29) സൂര്യചന്ദ്രന്മാരെപ്പോലെ സ്ഥിരമായ സിംഹാസനമുള്ളവനും (89:36,37) അത്യുന്നതൻ്റെ മറവിൽ വസിക്കുന്നവനും (91:1) കഷ്ടകാലത്ത് ദൈവം കൂടെയിരുന്ന് വിടുവിച്ചു മഹത്വപ്പെടുത്തുവ്ന്നവനും (91:15) ദൈവം ദീർഘായുസ്സുകൊണ്ട് തൃപ്തി വരുത്തുന്നവനും (91:16) ശത്രുക്കൾ പാദപീഠമാകുവോളം ദൈവത്തിൻ്റെ വലത്തുമാഗത്തിരിക്കുന്ന ദാവീദിൻ്റെ കർത്താവും (സങ്കീ, 110:1) മൽക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതനും (110:4) വീടുപണിയുന്നവർ തള്ളിക്കളഞ്ഞ മൂലക്കല്ലും (118:22) യഹോവയുടെ നാമത്തിൽ വരുവാനുള്ള രാജാവും (122:26) ദാവീദിൻ്റെ സന്തതിയായ അഭിഷിക്ത രാജാവും (132:10-12) ജാതികൾ പ്രത്യാശവെക്കുന്ന ദാസനും (യെശ, 11:10;  42:1-4) ജാതികളെ ന്യായംവിധിക്കുന്നവനും (യെശ, 42:1-4,7) ജാതികളുടെ പ്രകാശവും (യെശ, 42:7; 49:6) ദൈവം പേർചൊല്ലി വിളിച്ചവനും (യെശ, 43:1) ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവനും (യെശ, 49:1-3) ദൈവത്തിൻ്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിക്കേണ്ടവനും (യെശ, 49:6) ഒരമ്മ തൻ്റെ കുഞ്ഞിനെ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ലെന്ന് ദൈവത്തിൽനിന്നു അരുളപ്പാട് ലഭിച്ചവനും (യെശ, 49:15) ദൈവത്തിൻ്റെ ഉള്ളങ്കയ്യിൽ വരച്ചുവെച്ചിരിക്കുന്നവനും (യെശ, 49:16) ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും (യെശ, 55:4) ആകാശമേഘങ്ങളോടെ വരുന്ന മനുഷ്യപുത്രനോടു സദൃശ്യനും (ദാനീ, 7:13) സകല ആധിപത്യങ്ങളും സേവിച്ചനുസരിക്കുന്ന ഭൂമിയിലെ നിത്യരാജാവും (ദാനീ, 7:13,27) ദൈവം മിസ്രയീമിൽനിന്നു വിളിച്ചുവരുത്തിയവനുമായ (ഹോശേ, 11:1) ഒരു വാഗ്ദത്ത സന്തതിയുണ്ട്. ദൈവപുത്രനും മനുഷ്യപുത്രനും പഴയപുതിയനിയമങ്ങളിലെ ഏകക്രിസ്തുവുമായ ആ ഭൗമികസന്തതിയുടെ പേരാണ് യിസ്രായേൽ.

ദൈവം “എൻ്റെ പുത്രൻ” (My Son) എന്നു വിളിച്ചിരിക്കുന്നത് രണ്ടുപേരെ മാത്രമാണ്: ഒന്നാമത്, ഭൗമികസന്തതിയായ യിസ്രായേലിനെയും രണ്ടാമത്, യിസ്രയേലിൻ്റെ വാഗ്ദത്തങ്ങൾ അവന് നിവൃത്തിച്ച് കൊടുക്കാൻ വന്ന ആത്മികസന്തതിയായ ക്രിസ്തുവിനെയും: (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1; – മത്താ, 1:17; 17:5). സകലജാതികളിലുംവെച്ചു തൻ്റെ പ്രത്യേക സമ്പത്തായിട്ട് ദൈവം അബ്രാഹാം മുഖാന്തരം തിരഞ്ഞെടുത്ത സവിശേഷ ജാതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനുമാണ് യിസ്രായേൽ. ദൈവത്തിൻ്റെ രക്ഷ ഭൂമിമുഴുവൻ എത്തിക്കേണ്ടതിന് സകലജാതികൾക്കും പ്രകാശമാക്കി വെച്ചിരുന്നത് ഭൗമികസന്തതിയായ യിസ്രായേലിനെയാണ്: (യെശ, 49:6; 42:7. ഒ.നോ: പ്രവൃ, 1:8; 13:47). “രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു” എന്നു ക്രിസ്തു പറഞ്ഞതോർക്കുക: (യോഹ, 4:22). എന്നാൽ, ഭൗമികസന്തതി പാപംമൂലം മരണത്തിന് ഏല്പിക്കപ്പെട്ടവനായിരുന്നു: “പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടർന്നു പിടിച്ചു.” (സങ്കീ, 18:5). അവൻ ജീവനായി അപേക്ഷിക്കുന്നത് നോക്കുക: “അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.” (സങ്കീ, 71:20). ഈ വാക്യത്തിൽ ഭൂമിയുടെ ആഴങ്ങൾ; എന്ന പ്രയോഗം പാതാളത്തെയാണ് സൂചിപ്പിക്കുന്നത്. “നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?” (സങ്കീ, 85:6.ഒ.നോ: 80:18; 119:25,37,40,88,107,149,154,158; 138:7; 143:11; ഹോശേ, 6:2). ഭൗമികസന്തതിയെ അവൻ്റെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ ദൈവം ലോകസ്ഥാപനത്തിൽത്തന്നെ വാഗ്ദത്തം ചെയ്തിരുന്ന ആത്മികസന്തതിയാണ് ക്രിസ്തു: (ഉല്പ, 3:15; യെശ, 7:14; 9:6; മത്താ, 1:21).  “യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.” (സങ്കീ, 33:18,19. ഒ.നോ: 22:15; 56:13; 68:20; 79:11; 102:21; 116:8). ആത്മികസന്തതിയായ ക്രിസ്തുവിലൂടെയാണ് ഭൗമികസന്തതിയുടെ മരണവും ദ്രവത്വവും നീങ്ങിപ്പോകുന്നത്. അതിനാൽ, ദൈവം പാതാളത്തിൽ വിട്ടുകളയാത്തതും ദ്രവത്വം കാണ്മാൻ സമ്മതിക്കാത്തതുമായ യഥാർത്ഥ പരിശുദ്ധൻ യിസ്രായേലാണ്.

യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ അഥവാ വിശുദ്ധൻ. ദൈവത്തിൻ്റെ വിശുദ്ധസന്തതി ജാതികളുമായി ഇടകലർന്ന് അശുദ്ധരായതായി എസ്രാ പറഞ്ഞിരിക്കുന്നു: “അവരുടെ പുത്രിമാരെ അവർ തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി എടുത്തതുകൊണ്ടു വിശുദ്ധസന്തതി ദേശനിവാസികളോടു ഇടകലർന്നു പോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.” (എസ്രാ, 9:2). വിശുദ്ധസന്തതി ദൈവത്തെത്തള്ളി നാശത്തിനു വിധേയമായാലും ഒരു കുറ്റിയായി ശേഷിക്കുമെന്ന് യെശയ്യാവ് പ്രവചിക്കുന്നു: “അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.” (യെശ, 6:13). “തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ  കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.” (1ശമൂ, 2:9; 2ദിന, 6:41; സങ്കീ, 4:3; 12:1; 30:4; 31:23; 32:6; 37:28; 50:5).. സങ്കീർത്തനം 16:10-ൽ “പരിശുദ്ധനെ” കുറിച്ചിരിക്കുന്ന ഹസീദ് (hasid – 2623) എന്ന പദത്തെയാണ് മേല്പറഞ്ഞ വാക്യങ്ങളിൽ “ഭക്തൻ, വിശുദ്ധൻ, വിശുദ്ധന്മാർ” എന്നൊക്കെ പരിഭാഷ ചെയ്തിരിക്കുന്നത്. ഗ്രീക്ക് സെപ്റ്റ്വജിൻ്റിൻ്റെ ഇംഗ്ലീഷ് പരിഭാഷയിൽ holy one എന്നാണ്: (LXXuk. ഒ.നോ: BST. ഒ.നോ: AB, CPDV, DRC, Logos). ദൈവം സകലജാതികളിൽ നിന്നും തനിക്കായി വേർതിരിച്ച പരിശുദ്ധനാണ് യിസ്രായേൽ: “കർത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.” (1രാജാ, 8:53. ഒ.നോ: ലേവ്യ, 20:26).

വാഗ്ദത്ത സന്തതിയും, ദൈവം ജനിപ്പിച്ച പുത്രനും, ദൈവം ദ്രവത്വം കാണ്മാൻ സമ്മതിക്കാത്ത പരിശുദ്ധനും, നിശ്ചല കൃപകളുടെ അവകാശിയും; യിസ്രായേലാണെന്ന്, പുതിയനിയമത്തിൽ പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. അതായത്, യേശുക്രിസ്തുവിലൂടെ അത്, യിസ്രായേൽ മക്കൾക്ക് നിവൃത്തിച്ചതായി സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. “ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു; എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു. നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ  അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു. മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു. ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു. ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ, ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽനിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നുഎന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.” (പ്രവൃ, 13:32-39). പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക: ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം; യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു. അഥാവാ, യിസ്രായേലിന് നിവൃത്തിച്ചിരിക്കുന്നു. എന്തായിരുന്നു; പിതാക്കന്മാരോടുള്ള വാഗ്ദത്തം? അവരുടെ സന്തതി മുഖാന്തിരം സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നതായിരുന്നു. (ഉല്പ, 22:18; 26:5; 28:14). തന്മൂലം, വാഗ്ദത്ത സന്തതി ദ്രവത്വം കാണാതെ ഇരിക്കണമായിരുന്നു. പത്രൊസ് അപ്പൊസ്തലൻ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും.” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.” (പ്രവൃ 3:25-26). പത്രൊസ് പറയുന്നത് ശ്രദ്ധിക്കുക: ദൈവം പിതാക്കന്മാരോട് ചെയ്ത, നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. ഭൗമികസന്തതിയായ യിസ്രായേലിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിക്കാനാണ്, ആത്മിക സന്തതിയായ ക്രിസ്തു വന്നത്.

പഴയനിയമത്തിൻ്റെ നിവൃത്തിയാണ് പുതിയനിയമം. പഴയനിയമം ഇല്ലായിരുന്നെങ്കിൽ, ഒരു പുതിയനിയമം ഉണ്ടാകില്ലായിരുന്നു. അല്ലെങ്കിൽ അതിൻ്റെ ആവശ്യമില്ലായിരുന്നു. പഴയനിയമത്തെ നിവൃത്തിക്കാനാണ് ആത്മിക സന്തതിയായ ക്രിസ്തു വെളിപ്പെട്ടത്. ക്രിസ്തു പറയുന്നത് കേൾക്കുക: “ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. (മത്താ, 5:17-18). ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാത്തതിനെ അഥവാ ന്യായപ്രമാണ സന്തതിയായ യിസ്രായേലിന് കഴിയാത്തതിനെ സാധിപ്പാനാണ് ദൈവം തൻ്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചത്: (റോമ, 8:3). അതായത്, സകലജാതികളിലുംവെച്ചു തൻ്റെ പ്രത്യേക സമ്പത്തായിട്ട് ദൈവം പൂർവ്വപിതാക്കന്മാർ മുഖാന്തരം തിരഞ്ഞെടുത്ത സവിശേഷ ജാതിയും, ദൈവത്തിൻ്റെ പുത്രനുമാണ് യിസ്രായേൽ. എന്നാൽ, വാഗ്ദത്ത സന്തതിയുടെ പാപസ്വഭാവം നിമിത്തം, ദൈവത്തിൻ്റെ വാഗ്ദത്തങ്ങളൊന്നും അവന് സാക്ഷാത്കരിക്കാൻ കഴിഞ്ഞിരുന്നില്ല. (റോമ, 8:3). പൂർവ്വപിതാക്കന്മാരോടുള്ള ദൈവത്തിൻ്റെ നിയമം ന്യായപ്രമാണത്താൽ ഉള്ളതല്ല; വാഗ്ദത്താൽ ഉള്ളതാണ്. വാഗ്ദത്തം നിരുപാധികവും, ദൈവത്തിൻ്റെ നിശ്ചല കൃപയും ആയിരുന്നു.: (യെശ, 55:3;  പ്രവൃ, 13:34. ഒ.നോ: സങ്കീ, 89;28,33-35; യിരെ, 32:40; യെഹെ, 37:26). അതായത്, ന്യായപ്രമാണത്തിന് അതീതമായ ഒരു ശാശ്വതവും ഉപാധികളില്ലാത്തതുമായ നിയമമാണ് ദൈവം അവരുമായിട്ട് ചെയ്തിരുന്നത്.” (ഉല്പ, 22:17,18; 26:5; 28:14; 2ശമൂ, 7:8-16; യെശു, 55:3). അതിനാലാണ്, വാഗ്ദത്തസന്തതി ന്യായപ്രമാണം അനുസരിക്കാതിരുന്നിട്ടും, അവനോടുള്ള വാഗ്ദത്തം നിവൃത്തിക്കാൻ, ദൈവം തൻ്റെ ക്രിസ്തുവിൻ്റെ രക്തത്താൽ, കൃപയുടെ പുതിയൊരു നിയമം രചിച്ചത്. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-20).

ചരിത്രത്തിലേക്കു നോക്കിയാലും യിസ്രായേലാണ് ദൈവത്തിൻ്റെ ദ്രവത്വമില്ലാത്ത പരിശുദ്ധനെന്നു കാണാൻ കഴിയും. യിസ്രായേൽ ദൈവത്തിൻ്റെ സ്വന്തപുത്രനും വാഗ്ദത്ത സന്തതിയുമെങ്കിലും, മനുഷ്യരെന്ന നിലയിൽ തെറ്റിപ്പോകുന്ന ഹൃദയമുള്ളവരാകയാൽ പീഡകളും യുദ്ധങ്ങളും ഒരിക്കലും അവരെ വിട്ടുമാറിയിരുന്നില്ല. ദൈവത്തിൻ്റെ വാഗ്ദത്തസന്തതി ഉണ്ടായ കാലംമുതൽ അവർ പ്രവാസികളും അടിമകളുമായിരുന്നു. അബ്രാഹാമിനോടുള്ള വാഗദത്തംപോലെ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽപോലെയും അവർ പെരുകിയത് മിസ്രയീമ്യ ദാസ്യകാലത്താണ്: (പുറ, 1:7). യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായതുവരെ അവിടെ അവരുടെ ജീവിതം സമാധാനപരമായിരുന്നു; അതിനുശേഷം അവരുടെ ജീവിതം ദുരിതപൂർണ്ണമായി: (പുറ,1:8-13). അവിടെനിന്നും മോശെ മുഖാന്തരം വീണ്ടെടുക്കപ്പെട്ടജനം ദൈവത്തോടും മോശെയോടും മത്സരിക്കുകവഴി, മിസ്രയീമിൽനിന്നു പുറപ്പെട്ട ജനം മുഴുവൻ (രണ്ടു കുടുബമൊഴികെ) മരുഭൂമിയിൽ ഒടുങ്ങുംവരെ നാല്പതുവർഷം മരുഭുമിയിലഞ്ഞു: (സംഖ്യാ, 13:33,34). അനന്തരം അടുത്തതലമുറ യേശുവയുടെ നേതൃത്വത്തിൽ വാഗ്ദത്തകനാൻ കൈവശമാക്കിയെങ്കിലും അവർക്കു യുദ്ധമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല: (യോശ, 10:1–12:24). ഇരുപത്തഞ്ചുവർഷം കഴിഞ്ഞ് യോശുവയുടെ കാലശേഷം 8 വർഷം മെസോപൊത്താമ്യ അടിമത്വം (ന്യായാ, 3:8), 18 വർഷം മോവാബിൻ്റെ അടിമത്വം (ന്യായാ, 3:14), 20 വർഷം ഹാസോരിലെ കാനന്യരാജാവായ യാബീന്റെ കീഴിൽ ഞെരുക്കം (ന്യായാ, 4:3), 7 വർഷം മിദ്യാന്യ അടിമത്വം (ന്യായാ, 6:1), 3 വർഷം അബീമേലെക്കിൻ്റെ ഭരണം (ന്യായാ, 9:22), 18 വർഷം അമ്മോന്യരുടെ കീഴിൽ ഞെരുക്കം (ന്യായാ, 10:8), 40 വർഷം ഫെലിസ്ത്യരുടെ കീഴിലെ അടിമത്വം (ന്യായാ, 13:1). എല്ലാ അടിമത്വത്തിൽ നിന്നും ന്യായാധിപന്മാരാൽ വിടുവിക്കപ്പെട്ട ജനം ഒടുവിൽ ശമൂവേലിൻ്റെ ന്യായപാലനകാലത്ത് ജാതികൾക്കുള്ളതുപോലെ രാജാവിനെ ചോദിക്കുകയും ദൈവത്തിൻ്റെ കല്പനപോലെ ശമൂവേൽ ബെന്യാമീൻ ഗോത്രത്തിലെ ശൗലിനെ അവരുടെ ആദ്യത്തെ രാജാവായി വാഴിക്കുകയും ചെയ്തു: (1ശമൂ, 11:15).

ദാവീദിൻ്റെയും ശലോമോൻ്റെയും കാലത്തൊക്കെ അവർ കുറച്ചൊക്കെ സമാധാനം അവർ അനുഭവച്ചുവെങ്കിലും അവരുടെ പാപം സ്വഭാവം നിമിത്തം ശാശ്വതമായ സമാധാനം അനുഭവിച്ചിട്ടുള്ള ഒരു ജാതിയല്ല യിസ്രായേൽ. ബാബേൽരാജാവായ നെബൂഖദ്നേസർ ഭരണം കയ്യാളിയ ബി.സി. 607-മുതൽ സ്വന്തമായി അവർക്ക് രാജ്യമുണ്ടാകുന്ന 1948-വരെ അവരനുഭവിച്ച അവർണ്ണനീയമായ കഷ്ടം സഹിക്കാൻ ഭൂമിയിലെ ഒരു ജാതിക്കും കഴിയില്ല. ബി.സി. 607–537-വരെ ബാബേലിൻ്റെ അടിമത്വം (ദാനീ, 1:1–എസ്രാ, 1:1; 2ദിന, 36:22). ബി.സി. 537–331-വരെ പേർഷ്യൻ അടിമത്വം (യിരെ, 25:12–ദാനീ, 5:30,31). ബി.സി. 331–63-വരെ ഗ്രീസിൻ്റെ അടിമത്വം (ദാനീ, 11:3,4). ബി.സി. 63-എ.ഡി. 138-വരെ റോമൻ അടിമത്വം. റോമൻ ചക്രവർത്തി ഹദ്രിയൻ്റെ (Hadrian) കാലത്തെ (എ.ഡി. 117–138) ബാർ-കൊഖ്ബ കലഹത്തിലൂടെ (Bar-Kokhba Revolt) വാഗ്ദത്തസന്തതി വാഗ്ദത്ത ദേശത്തുനിന്ന് തുടച്ചുനീക്കപ്പെടുകയും സകല ജാതികളിലേക്കും അടിമയായി പോകുകയും ചെയ്തു. റോമൻ ചക്രവർത്തി ഹദ്രിയാൻ്റെ കാലത്തുനടന്ന കലാപത്തിൽ പതിനൊന്നു ലക്ഷംപേർ കൊല്ലപ്പെട്ടതായും തെണ്ണൂറ്റേഴായിരം പേർ പിടിക്കപ്പെട്ടതായും യെഹൂദാ ചരിത്രകാരനായ ജോസീഫസ് പറഞ്ഞിട്ടുണ്ട്. എ.ഡി. 250–1948-വരെയുള്ള യെഹൂദാ പീഡനത്തിൻ്റെ ചരിത്രം JUDAISM ONLINE എന്നൊരു സൈറ്റിൽ അവർതന്നെ പട്ടികയായി കൊടുത്തിരിക്കുന്നത് കാണാം: [https://www.simpletoremember.com/articles/a/HistoryJewishPersecution/] 1933-1945-വരെ യെഹൂദന്മാർക്കെതിരെ ജർമ്മനിയിൽ ഹിറ്റ്ലർ അഴിച്ചുവിട്ട നാശത്തിൻ്റെ കൊടുങ്കാറ്റ് 60 ലക്ഷം യെഹൂദന്മാരെയാണ് കൊന്നൊടുക്കിയത്. ഇന്ത്യപോലുള്ള ചുരുക്കം ചില രാജ്യങ്ങളൊഴികെ, അവർ പ്രവാസികളായിപ്പോയ എല്ലാ രാജ്യങ്ങളിലും അലർ കൊടിയ പീഡകൾ അനുഭവിച്ചു. ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം ഇനിയുമവർക്ക് ഉണ്ടാകും: (മത്താ, 24:21). അതായത്, ഒരു ജാതി ഭൂമുഖത്തുനിന്നു നൂറുവട്ടം മുടിഞ്ഞുപോകേണ്ട അത്രയും കഷ്ടം സഹിച്ചിട്ടും അവർ മുടിഞ്ഞുപോകാതെ അഥവാ പാതാളത്തിൽ ഇറങ്ങിപ്പോകാതെയും ദ്രവത്വം കാണാതെയും അജയ്യരായി ഇന്നും നിലനില്ക്കുന്നത്, അവരെ ദ്രവത്വം കാണ്മാൻ സമ്മതിക്കയില്ലെന്ന ദൈവത്തിൻ്റെ വാഗ്ദത്തം അവരുടെമേൽ ഉള്ളതുകൊണ്ടാണ്. ലോകാവകാശി എന്നാണ് പൗലൊസ് അവരെ വിശേഷിപ്പിക്കുന്നത്. (റോമ, 4:13). ദൈവത്തിൻ്റെ വാഗ്ദത്തം അവരുടെമേൽ ഉള്ളതുകൊണ്ടാണ്. യേശുക്രിസ്തുവല്ല, യിസ്രായേലാണ് ഇരിമ്പുകോൽകൊണ്ട് ഈ ഭൂമിയെ മരിക്കേണ്ട നിത്യരാജാവെന്നുകൂടി അറിയുമ്പോഴാണ്, അവൻ്റെ മേലുള്ള ദൈവത്തിൻ്റെ വാഗ്ദത്തം എത്ര വലുതാണെന്ന് നാം തിരിച്ചറിയുന്നത്: (യോഹ, 18:36; സങ്കീ, 2:8,9; 8:5-7; 45:6,7; 110:1; ദാനീ, 7:13,14–18,21,27. ഒ.നോ: യോഹ, 5:22).

ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധനും, വിശേഷാൽ, സകല അനുഗ്രഹങ്ങളുടെയും, വാഗ്ദത്തങ്ങളുടെയും, അവകാശിയായ ദൈവപുത്രനും യിസ്രായേലാണെന്ന് അറിയാത്തതുകൊണ്ടാണ്; ഏകസത്യദൈവത്തെ പലരും അറിയാതെ പോയത്. യിസ്രായാലെന്ന ദൈവസന്തതിയെ അറിയാതെ, ഏകദൈവത്തെയോ, ദൈവത്തിൻ്റെ ക്രിസ്തുവിനെയോ, അവൻ്റെ ശുശ്രൂഷകളെയോ, യഥാർത്ഥമായി മനസ്സിലാക്കാൻ ആർക്കും കഴിയില്ല. മനുഷ്യൻ്റെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത് ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ അല്ല. ദൈവം മരണരഹിതനാണെന്നും (1തിമൊ, 6:16), ദൂതന്മാരെക്കാൾ താഴ്ചയുള്ള മനുഷ്യനാണ് മരണം വരിച്ചതെന്നും അക്ഷരംപ്രതി ബൈബിളിൽ പറഞ്ഞിരിക്കുന്നു. (1തിമൊ, 2:6, എബ്രാ, 2:9). എന്നാൽ, പുർണ്ണമനുഷ്യനായി അന്ത്യകാലത്ത് വെളിപ്പെട്ടവൻ ആരായിരുന്നു എന്നതാണ് ചോദ്യം. യോഹന്നാൻ സ്നാപകൻ പറയുന്നു: “എന്റെ പിന്നാലെ ഒരു മനുഷ്യൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായി തീർന്നു എന്ന് ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (യോഹ, 1:30). യോഹന്നാനെക്കാൾ ആറുമാസം ഇളപ്പമാണ് യേശു. (ലൂക്കൊ, 1:36). എന്നാൽ, അവൻ തനിക്ക് മുമ്പേ ഉണ്ടായിരുന്നു എന്നാണ് യോഹന്നാൻ പറയുന്നത്. യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്, അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ്. “രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ” എന്നാണ് പൗലൊസ് പറയുന്നത്. (1കൊരി, 15:47). എന്നുവെച്ചാൽ, സ്വർഗ്ഗത്തിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഭൂമിയിലേക്ക് വന്നുവെന്നല്ല. ഭൂമിയിൽ മനുഷ്യനായി വെളിപ്പെട്ടവൻ സ്വർഗ്ഗീയൻ ആയിരുന്നു എന്നാണ്. യേശുവെന്ന ക്രിസ്തുവിനെക്കുറിച്ച് പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “അവൻ ലോകസ്ഥാപനത്തിനു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്ത് വെളിപ്പെട്ടവനും ആകുന്നു.” (1പത്രൊ, 1:20). ക്രിസ്തു അഥവാ, അഭിഷിക്തനായ മനുഷ്യൻ മുമ്പേ ഉണ്ടായിരുന്നു എന്നല്ല പത്രൊസ് പറയുന്നത്; മുന്നറിയപ്പെട്ടവൻ അഥവാ, മുമ്പുകൂട്ടി അറിയപ്പെട്ടവൻ എന്നാണ്. അതായത്, പ്രവചനങ്ങളിലൂടെ അവൻ മുമ്പെ അറിയപ്പെട്ടവനാണ്. (ഉല്പ, 3:15; യെശ, 7:14; 9:6). എന്നാൽ, അവൻ വെളിപ്പെട്ടത് അഥവാ, manifest ചെയ്തത് അന്ത്യകാലത്താണ്. ഇതിനൊപ്പം ഗബ്രീയേൽ ദൂതൻ യോസേഫിനോട് പറയുന്ന ഒരു കാര്യംകൂടി അറിയണം: “അവളിൽ ഉല്പാദിതമായത് പരിശുദ്ധാത്മാവിൽ ആകുന്നു.” (മത്താ, 1:20. ഒ.നോ: ലൂക്കൊ, 2:21). ഉല്പാദിതമായി എന്നാൽ, മറിയയുടെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ ഉരുവായി എന്നാണ്. എന്നുവെച്ചാൽ, മുമ്പെ ഉണ്ടായിരുന്ന ആൾ, മറിയയുടെ ഉദരത്തിൽ ശിശുവായി രൂപാന്തരപ്പെട്ടതല്ല; ഒരു പുതിയ ശിശു അവളിൽ രൂപപ്പെട്ടതാണ്. അതായത്, ട്രിനിറ്റിയും മറ്റനേകരും കരുതുന്നപോലെ, അവതാരമല്ല നടന്നിരിക്കുന്നത്. അവതാരത്തിൽ പുതിയതായൊന്ന് ഉളവാകുകയല്ല; ഉണ്ടായിരുന്നത് മറ്റൊരു രൂപമെടുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ബൈബിളിൽ ആരും അവതരിച്ചതായി പറഞ്ഞിട്ടുമില്ല. അവതാരം ബൈബിളിൻ്റെ വിഷയമേയല്ല; അത് ജാതികളുടെ സങ്കല്പമാണ്. അവർപോലും അതൊരു വസ്തുതയായി കണക്കാക്കുന്നില്ല. അതാണ്, സത്യദൈവത്തോട് കൂട്ടിക്കെട്ടാൻ പലരും നോക്കുന്നത്. സ്വരൂപം ത്യജിച്ചുകൊണ്ട് മറ്റൊരു രൂപമെടുക്കുന്നതാണ് അവതാരം. സത്യദൈവം മാറാത്തവനാണെന്ന് പഴയനിയമവും, ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമാണെന്ന് പുതിയനിയമവും പറയുന്നു. (മലാ, 3:6; യാക്കോ, 1ൻ്റെ17). അതിനാൽ, തനിക്ക് അവതാരമെടുക്കാൻ കഴിയില്ല. അതായത്, യേശുവെന്ന മനുഷ്യനു ഒരു ആരംഭമുണ്ട്. (മത്താ, 1:20; ലൂക്കൊ, 1:35, 2:21; റോമ, 9:5, മീഖാ, 5:2,3). അതെങ്ങനെ സാധിക്കും? അതിൻ്റെ ഉത്തരമാണ് ക്രിസ്തുവെന്ന ദൈവമർമ്മം അഥവാ, ദൈവഭക്തിയുടെ മർമ്മം. (കൊലൊ, 2:2; 1തിമൊ, 3:14-16).

ദൈവഭക്തിയുടെ മർമ്മത്തിൽ ‘അവൻ ജഡത്തിൽ വെളിപ്പെട്ടു’ എന്നാണ് കാണുന്നത്. “അവൻ” എന്നത് സർവ്വനാമമാണ്. സർവ്വനാമമെന്നാൽ; നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ്. നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. അതായത്, വ്യാകരണനിയമപ്രകാരം പ്രസ്തുത വേദഭാഗത്ത് ഒരുപ്രാവശ്യം നാമം ഉപയോഗിച്ചിട്ടുണ്ടെങ്കിലേ “അവൻ” എന്ന സർവ്വനാമം ഉപയോഗിക്കാൻ വ്യവസ്ഥയുള്ളു. അപ്പോൾ, ആ വേദഭാഗം പരിശോധിച്ചാൽ ജഡത്തിൽ വെളിപ്പെട്ട “അവൻ” ആരാണെന്ന് വ്യക്തമാകും. 14-മുതൽ 16-വരെയുള്ള വാക്യങ്ങളിൽ മൂന്നുപേരാണുള്ളത്. “ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു.” അവിടെപ്പറയുന്ന “ഞാൻ” എഴുത്തുകാരനായ പൗലൊസാണ്. “നിൻ്റെ” എന്നു പറഞ്ഞിരിക്കുന്നത് ലേഖനം സ്വീകരിക്കേണ്ട തിമൊഥെയൊസാണ്. അടുത്തഭാഗം: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.” പൗലൊസ്, ജീവനുള്ള ദൈവത്തിൻ്റെ സഭയിൽ എങ്ങനെ നടക്കണമെന്ന് തിമൊഥെയൊസിന് എഴുതുകയാണ്. പൗലൊസും തിമൊഥെയൊസും ജീവനുള്ള ദൈവവുമാണ് ആ വേദഭാഗത്തുള്ളത്. എന്നിട്ടാണ് പറയുന്നത്, “അവൻ ജഡത്തിൽ വെളിപ്പെട്ടു.” ആര് ജഡത്തിൽ വെളിപ്പെട്ടു? “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” (The Living God was manifest in the flesh). ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത് ഏകസത്യദൈവമായ യഹോവയാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം അഥവാ ദൈവികരഹസ്യം: (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ പൗലോസ് അത് അക്ഷരംപ്രതി എഴുതിവെച്ചിരിക്കുന്നത് കൂടാതെ, അനേകം തെളിവുകൾ ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യഹോവ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയുമെന്നും, സകല മുഖങ്ങളിൽ നിന്നും കണ്ണുനീർ തുടയ്ക്കുമെന്നും, യഹോവ വന്നു രക്ഷിക്കുമെന്നും യശ്ശയ്യാവ് പ്രവചിച്ചിരുന്നു. (25:8; 35:4). ക്രിസ്തുവിൻ്റെ ജനനത്തിന് മുമ്പുതന്നെ സെഖര്യാപുരോഹിതനും അക്കാര്യം പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചിരുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ; അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). അതിൻ്റെ നിവർത്തിയായിട്ടാണ് ജീവനുള്ള ദൈവമായ യഹോവ ജഡത്തിൽ വെളിപ്പെട്ട്, മരണത്തിൻ്റെ അധികാരിയായ പിശാചിനെ തൻ്റെ മരണത്താൽ നീക്കിയത്. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; ഫിലി,  2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14-15). അനവധി തെളിവുകളുണ്ട്: യെഹൂദന്മാർ കുത്തിത്തുളച്ചത് യേശുവിനെയാണല്ലോ. “എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:34). എന്നാൽ യഹോവ പറയുന്നത്, അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുമെന്നാണ്. സത്യവേദപുസ്തകം പരിഭാഷ കൃത്യമല്ലാത്തതിനാൽ; വിശുദ്ധഗ്രന്ഥം പരിഭാഷ ചേർക്കുന്നു: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെപ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10). ഇംഗ്ലീഷ് പരിഭാഷകളും നോക്കുക. അവർ കുത്തിത്തുളച്ച എൻ്റെ പുത്രനിനിലേക്ക് നോക്കും എന്നല്ല യഹോവ പറഞ്ഞത്; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കും. യോഹന്നാൻ അപ്പൊസ്തലൻ തന്നെ സെഖര്യാപ്രവചനം ഉദ്ധരിച്ചുകൊണ്ട്; അക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്: “അവർ കുത്തിയവങ്കലേക്കു നോക്കും എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.” (യോഹ, 19ൻ്റെ37). ഇത്രയ്ക്ക് സ്ഫടികസ്ഫുടമായിട്ടാണ് ദൈവാത്മാവ് ദൈവവചന സത്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തൊരു സ്ട്രോംങായ തെളിവ് തരാം: തൻ്റെ പിന്നാലെ വന്ന മനുഷ്യനെക്കുറിച്ച് യോഹന്നാൻ സ്നാപകൻ പറഞ്ഞത് മുകളിൽ നാം കണ്ടതാണ്. (യോഹ, 1:30). യേശുവെന്ന മനുഷ്യൻ തനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നല്ല; ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ടത്; അവൻ മുമ്പെ ഉണ്ടായിരുന്നു എന്നാണ് അവൻ പറഞ്ഞത്. സ്നാപകൻ്റെ മറ്റൊരു പ്രസ്താവനകൂടി ഉണ്ട്: “ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല, അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും; തീയിലും സ്നാനം ഏല്പിക്കും.” (മത്താ, 3:11. ഒ.നോ: മർക്കൊ, 1:8; ലൂക്കൊ, 3:16; യോഹ, 1:33). യോഹന്നാൻ പറയുന്നതിൻ്റെ അർത്ഥം; തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല. യേശുവെന്ന മനുഷ്യനെ യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതാണ്. (ലൂക്കൊ, 3:22; പ്രവൃ, 10:38). ആ മനുഷ്യനു എങ്ങനെയാണ് പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ കഴിയുന്നത്? തൻ്റെ പിന്നാലെ വരുന്ന മനുഷ്യൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നല്ല യോഹന്നാൻ പറഞ്ഞത്. ആരാണോ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട്, തൻ്റെ പിന്നാലെ വരുന്നത്; അവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നാണ്. പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാൻ ഏകദൈവത്തിനു മാത്രമേ കഴിയുകയുള്ളു. (പ്രവൃ, 10:38). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം മനുഷ്യനായി പ്രത്യക്ഷനായത്. ജഡത്തിൽ പ്രത്യക്ഷനായി മനുഷ്യൻ്റെ പാപത്തിനു പരിഹാരം വരുത്താൻ, സ്വർഗ്ഗത്തിലോ, ഭൂമിയിലോ മറ്റൊരു ദൈവമില്ല. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞ് മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1ദിന, 2:11; 1രാജാ, 8:23; 2ദിന, 6:14). ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല. ഞാനല്ലാതെ ഒരു ദൈവവുമില്ല. എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ ഒരുത്തനെയും അറിയുന്നില്ല. എന്നാണ് യഹോവ പറയുന്നത്. (യെശ, 43:10; 44:8; 45:5).

അതായത്, യഹോവയായ ഏകദൈവം മനുഷ്യരുടെ രക്ഷയ്ക്കായി എടുത്ത പുതിയ അസ്തിത്വമാണ്, യേശു എന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പാപമറിയാത്ത മനുഷ്യൻ. (റോമ, 5:15; 1പത്രൊ, 1:24; മത്താ, 26:38; ലൂക്കൊ, 23:46). അതിനെയാണ് വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിലും, അസ്തിത്വത്തിനും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ പ്രത്യക്ഷത എന്ന് പറയുന്നത്.” സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (1തിമൊ, 2ൻ:6; 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 3:2; 8:16; 8:29; 16:32; പ്രവൃ, 10:38). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്നും പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). താനും പിതാവും ഐക്യത്തിൽ ഒന്നാണെന്നും ക്രിസ്തു പറഞ്ഞു. (യോഹ, 17:11,23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി പിന്നെ ഉണ്ടാകില്ല. (യോഹ, 20:17). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14; യോഹ, 20:28). അവനെയാണ് തോമാസ്, ₹എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒരാളാണ്. അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

അതായത്, ന്യായപ്രമാണത്തിൻ്റെ സന്തതിയും, വിശേഷാൽ ദൈവസന്തതിയുമായ യിസ്രായേലിന്, അവൻ്റെ വാഗ്ദത്തങ്ങൾ സാക്ഷാത്കരികരിച്ചുകൊടുക്കാൻ അവൻ്റെ ദൈവമായ യഹോവ തന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിൽ മനുഷ്യനായി പ്രത്യക്ഷനായത്. (മത്താ, 1:21; ലൂക്കൊ, 1:32). ക്രിസ്തുവിനെ ഇന്നും അനേകർക്കും അറിയില്ല. ക്രിസ്തു, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യനാണ്. (യോഹ, 8:40; 2കൊരി, 5:21; 1തിമൊ, 2:6; 3:14-16). ദൈവപുത്രൻ, മനുഷ്യപുത്രൻ, ക്രിസ്തു, അബ്രാഹാമാൻ്റെ പുത്രൻ, ദാവീദുപുത്രൻ തുടങ്ങിയവയെല്ലാം അവൻ്റെ അഭിധാനങ്ങളാണ്.

ദ്രവത്വം കാണാത്ത പരിശുദ്ധനായ യിസ്രായേലിനു വേണ്ടിയാണ് അവൻ്റെ ദൈവം മനുഷ്യനായി വന്നതെന്നതിന് പുതിയനിയമത്തിൽ അനേകം തെളിവുകളുണ്ട്. 1. പുതിയനിയമത്തിൻ്റെ ആരംഭത്തിൽത്തന്നെ ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. മറിയയോടുള്ള ദൂതൻ്റെ പ്രവചനം ഇങ്ങനെയാണ്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). “അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും” യഹോവയായ ദൈവത്തിൻ്റെ ജനമാണ് യിസ്രായേൽ: (ആവ, 27:9; 2ശമൂ, 6:21; 2രാജാ, 9:6). ജീവനുള്ള ദൈവമായ യഹോവയാണ് ജഡത്തിൽ വെളിപ്പെട്ടതെന്ന് പൗലൊസ് പറഞ്ഞിരിക്കുന്നു: (1തിമൊ, 3:14-16). അതായത്, തൻ്റെ ജനമായ യിസ്രായേലിനെ രക്ഷിക്കാൻ അവൻ്റെ ദൈവം യേശുവെന്ന നാമത്തിൽ മനുഷ്യനായി പ്രത്യക്ഷനാകുകയായിരുന്നു. 2. സെഖര്യാപുരോഹിതൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചത്: “നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു, തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” (ലൂക്കോ, 1:54,55). “അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു” അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതി യിസ്രായേലാണ്: (ഉല്പ, 22:17,18; പ്രവൃ, 3:25). യേശു പറയുന്നു: “നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു.” (യോഹ, 8:37). “യിസ്രായേൽ ജനത്തെ അബ്രാഹാമാൻ്റെ സന്തതി” എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നത് നോക്കുക: (യോഹ, 8:33; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). 3. സെഖര്യാപുരോഹിതൻ്റെ അടുത്ത പ്രവചനം: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ യഹോവ തൻ്റെ ജനത്തെ അഥവാ യിസ്രായേലിനെ സന്ദർശിച്ച് (visit) അഥവാ വന്നുകണ്ടു രക്ഷിക്കും. “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു” എന്ന ഇയ്യോബിൻ്റെ പ്രവചനത്തിൻ്റെ ആത്മിക നിവൃത്തിയാണ്, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാട്. (ഇയ്യോ, 19:25; 1തിമൊ, 3:16). 4. “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു” എന്ന് പത്രോസ് പറയുന്നു. (പ്രവൃ, 3:25-26). പത്രൊസ്, ശലോമോൻ്റെ മണ്ഡപത്തിൽ നിന്നുകൊണ്ട്, യിസ്രായേൽ പുരുഷന്മാരോട് പറയുന്നതാണ് ഇക്കാര്യം. പ്രവൃത്തികൾ 3:11-25. ദൈവം ജനിപ്പിച്ച പുത്രനും, ദ്രവത്വമില്ലാത്ത പരിശുദ്ധനും നിശ്ചല കൃപകളുടെ അവകാശിയും യിസ്രായേൽ ആണെന്നും, യേശുവിൻ്റെ ഉയിർപ്പിനാൽ, അത് യിസ്രായേലിന് നിവർത്തിച്ചുവെന്ന് പൗലൊസും പറഞ്ഞിരിക്കുന്നു. (പ്രവൃ, 13:32-39). ക്രിസ്തുവിൻ്റെ മരണവും ഉത്ഥാനവും മൂലമാണ് യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ നിവൃത്തിയായി തുടങ്ങുന്നത്. അതിനാലാണ് വാഗ്ദത്തസന്തതിയുടെ രക്ഷിതാവും മറുവിലയുമായ ക്രിസ്തുവിൽ അവൻ്റെ പ്രവചനങ്ങളെല്ലാം ആരോപിച്ചിരിക്കുന്നത്. ക്രിസ്തുവിലൂടെയുള്ളത് പ്രവചനത്തിൻ്റെ ആത്മീയ നിവൃത്തിയാണ്; ക്രിസ്തുവിൻ്റെ രക്ഷാകര പ്രവൃത്തിയുടെ പൂർണ്ണഫലം അഥവാ, പ്രവചനത്തിൻ്റെ പൂർണ്ണനിവൃത്തി യിസ്രായേലിന് ലഭിക്കാനിരിക്കുന്നതേയുള്ളു. (യെശ, 25:8).. 5. “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. ദൂതന്മാരെ സംരക്ഷണചെയ്‍വാനല്ല അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു.” (എബ്രാ, 2:14-16). “മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു” ദൈവത്തിൻ്റെ പുത്രനും അഥവാ മക്കളും (പുറ, 4:22,23; സങ്കീ, 2:7; ഹോശേ, 11:1). അബ്രാഹാമിൻ്റെ വാഗ്ദത്തസന്തതിയുമാണ് യിസ്രായേൽ: (ഉല്പ, 22:17,18; പ്രവൃ, 3:25. ഒ.നോ: യോഹ, 8:33; 8:37; 8:39; പ്രവൃ, 3:25; റോമ, 9:7; 2കൊരി, 11:23). 16-ാം വാക്യം: “അബ്രാഹാമിന്റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവൻ വന്നതു” അബ്രാഹാമിൻ്റെ വാഗ്ദത്ത സന്തതിയായ യിസ്രായേലിനെ; മരണത്തിൽനിന്നും, ദ്രവത്വത്തിൽ നിന്നും രക്ഷിക്കാൻ, അവൻ്റെ ദൈവമായ യഹോവയാണ് മനുഷ്യനായി വന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1ൻ്റെ20).

അതായത്, “നീ എന്റെ പ്രാണനെ; പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ; ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല” എന്ന പ്രവചനം, യിസ്രായേലെന്ന ദൈവപുത്രനെനെക്കുറിച്ചുള്ളതാണ്. ക്രിസ്തുവിൻ്റെ മരണ പുനരത്ഥാനങ്ങളിലൂടെ നിവൃത്തിയായ, നിവൃത്തിയായിക്കൊണ്ടിരിക്കുന്ന എല്ലാ വാഗ്ദത്തങ്ങളുടെയും അവകാശി യിസ്രായേലാണ്. അവൻ്റെ വാഗ്ദത്തങ്ങളെല്ലാം പ്രവചനങ്ങളായിരുന്നു. ആ വാഗ്ദത്തങ്ങൾ നിവൃത്തിക്കുവാൻ അവൻ്റെ ദൈവം മനുഷ്യനായി പ്രത്യക്ഷനായപ്പോൾ, യിസ്രായേലെന്ന ദൈവസന്തതിയെ അറിയാത്ത ക്രൈസ്തവർ, വാഗ്ദത്തം നിവൃത്തിക്കാൻ വന്ന യേശുവിനെപ്പിടിച്ച് വാഗ്ദത്ത സന്തതിയും മറ്റൊരു ദൈവവുമാക്കി. അതിൻ്റെ ഫലമായി, ഏകസത്യദൈവം ബഹുദൈവമാകുകയും, ബൈബിളിൻ്റെ ഉപദേശം ക്രൈസ്തവർക്ക് അന്യമാകുകയും ചെയ്തു. പുതിയനിയമം ആകാശത്തുനിന്ന് പൊട്ടിവീണതല്ല; പഴയനിമത്തിൻ്റെ നിവൃത്തിയാണ്. പഴയപുതിയനിയമ സന്തതിയായ യിസ്രായേലിനെക്കുറിച്ച് പഠിക്കാതെ, ബൈബിൾ ഉള്ളതുപോലെ മനസ്സിലാക്കാൻ കഴിയുമെന്ന് ആരും വിചാരിക്കണ്ട. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

2 thoughts on “ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ”

  1. Acts 2 applies this verse specifically to Jesus Christ. How can you then say this is not about Christ?

    29 “Brothers, I may say to you with confidence about the patriarch David that he both died and was buried, and his tomb is with us to this day. 30 Being therefore a prophet, and knowing that God had sworn with an oath to him that he would set one of his descendants on his throne, 31 he foresaw and spoke about the resurrection of the Christ, that he was not abandoned to Hades, nor did his flesh see corruption. 32 This Jesus God raised up, and of that we all are witnesses.

    1. അങ്ങയുടെ കമൻ്റിനു നന്ദി! ദൈവത്തിൻ്റെ ദ്രവത്വം കാണാത്ത പരിശുദ്ധൻ ദാവീദല്ല. അങ്ങ്, ലേഖനം വായിച്ചുനോക്കാതെയാണ് കമൻ്റിട്ടിരിക്കുന്നത്. ദയവായി ലേഖനം മുഴുവൻ വായിച്ചുനോക്കുക; എന്നിട്ട് കമൻ്റിടുക.

Leave a Reply

Your email address will not be published. Required fields are marked *