ദൈവം ഏകനോ ത്രിത്വമോ?

ദൈവം ഏകനോ ത്രിത്വമോ?

ത്രിത്വമെന്ന പദം ബൈബിളിലില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടെന്നാണ് ത്രിത്വപണ്ഡിതന്മാരുടെ വാദം. ത്രിത്വക്കാർ അവകാശപ്പെടുന്നതുപോലെ ഒരാശയവും ബൈബിളിലില്ല. എങ്കിലും, ഒരു വാദത്തിനുവേണ്ടി അതു സമ്മതിച്ചാൽത്തന്നെ, ദൈവം ത്രിത്വമാണെന്ന ന്യായവാദം എപ്പോഴാണ് നീതീകരിക്കപ്പെടുന്നത്? പറയാം: ത്രിത്വമെന്ന പദം ഇല്ലാതിരിക്കുമ്പോൾത്തന്നെ, ഏകൻ എന്നപദവും ബൈബിളില്ലെങ്കിൽ, ത്രിത്വമെന്ന ആശയം മുൻനിർത്തി ദൈവം ത്രിത്വമാണെന്ന് വാദിക്കുന്നതിൽ ഒരു ന്യായമുണ്ട്. എന്നാൽ, ത്രിത്വമെന്ന പദം മാത്രമേ ബൈബിളിൽ ഇല്ലാതുള്ളു; ഏകൻ എന്നപദം അനവധിയായി ഉണ്ടെന്നോർക്കണം. ഒന്നല്ല, പത്തല്ല, നൂറല്ല, നൂറ്റിയിരുപത്തഞ്ചിലേറെ പ്രാവശ്യം ‘ഏകൻ, ഒരുവൻ, ദൈവത്തിനു തുല്യനില്ല, സദൃശനില്ല, എന്നെപ്പോലെ ഒരുത്തനുമില്ല, ഞാനല്ലാതെ മറ്റൊരുത്തനുമില്ല’ ഞാൻ ഒരുത്തനേയും അറിയുന്നില്ല എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കെ, ദൈവം ഏകനല്ല, ത്രിത്വമാണെന്ന് പറയാൻ എങ്ങനെ കഴിയും??? ഈ പ്രയാസവശത്തെ തരണം ചെയ്യാനാണ്, ദൈവത്തെ കുറിക്കുന്ന ‘എലോഹീം’ എന്ന പദത്തിലും, ‘ഏകൻ’ എന്നതിനെ കുറിക്കുന്ന എഖാദ്, ഹെയ്സ് എന്ന എബ്രായഗ്രീക്കു പദങ്ങളിലും പണ്ഡിതന്മാർ ബഹുത്വം ആരോപിക്കുന്നത്. കൂടാതെ, ഏകജാതൻ എന്നതിലെ ഖണ്ഡിതമായ ഒന്നിനെ കുറിക്കുന്ന യാഖീദ് (only) എന്ന എബ്രായപദം ദൈവത്തോടു ചേർത്ത് പറഞ്ഞിട്ടില്ലെന്നോർത്തും അവർ ആശ്വസം കൈക്കൊള്ളുന്നു. എന്നാൽ, ദൈവത്തിൻ്റെ ആത്മാവുള്ള ഒരു പണ്ഡിതനും തൻ്റെ മനസ്സാക്ഷിയെ വഞ്ചിക്കാതെ ഇക്കാര്യങ്ങളൊന്നും ദൈവത്തിൻ്റെ വചനത്തിൽനിന്ന് തെളിയിക്കാനും ആശ്വസിക്കാനും സാദ്ധ്യമല്ല. നമുക്ക് ഇക്കാര്യങ്ങളെക്കുറിച്ച് ബൈബിൾ എന്തുപറയുന്നു എന്നുനോക്കാം.

പഴയനിയമത്തിൽ ദൈവത്തെ കുറിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന ഒരു പ്രധാന പദമാണ് എലോഹീം (elohiym). ഉല്പത്തി 1:1 മുതൽ മലാഖി 3:18 വരെ 2606 പ്രാവശ്യം ഈ പ്രയോഗമുണ്ട്. എലോഹീം എന്നപദം ഒരു ബഹുവചനമാണ്. അതുകൊണ്ട് നമ്മുടെ ദൈവത്തിന് ഏകത്വമല്ല ബഹുത്വമാണുള്ളതെന്ന് ത്രിത്വപണ്ഡിതന്മാർ കരുതുന്നു. എലോഹീം 2346 പ്രാവശ്യം സത്യദൈവത്തെയാണ് സൂചിപ്പിക്കുന്നത്. അപ്പോൾത്തന്നെ, ജാതികളുടെ ദേവനെയും, ദേവിയെയും, മനുഷ്യനെയും, ദൂതന്മാരെയും, ദേവന്മാരെയും ഏകവചനത്തിലും ബഹുവചനത്തിലും ഈ പദം പ്രയോഗിച്ചിട്ടുമുണ്ട്. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാൽ ഇതിലെ വസ്തുത മനസ്സിലാക്കാൻ കഴിയും: 

ഒന്ന്; ത്രിത്വത്തിനു ബൈബിളിൽ തെളിവു ചോദിക്കുമ്പോൾ എലോഹീം എന്ന ബഹുവചനമാണ് എല്ലാവരും എടുത്തുകാണിക്കുന്നത്. ബഹുവചനമെന്നാൽ; ഒന്നിലധികമെന്നാണ്. അതിനു മൂന്നെന്ന ഖണ്ഡിതമായ അർത്ഥമില്ല. അത് രണ്ടാകാം, അഞ്ചാകാം, പത്താകാം, നൂറാകാം, മുപ്പത്തിമുക്കോടി വരെയാകാം; വേണമെങ്കിൽ മൂന്നുമാകാം എന്നേയുള്ളു. ത്രിത്വത്തിനു തെളിവു ചോദിക്കുമ്പോൾ, വേണമെങ്കിൽ എലോഹീം എന്ന പദംകൊണ്ട് ഞങ്ങളുടെ ദൈവത്തെ ത്രിത്വമാക്കിത്തരാം എന്നാണോ? ജാതികൾക്കും വേണമെങ്കിൽ പറയാം: നിങ്ങളുടെ ബൈബിളിൽ ഞങ്ങളുടെ ദൈവമുണ്ട്, എലോഹീം എന്ന പദം ബഹുവചനമാണ്; അത് ഞങ്ങളുടെ മുപ്പത്തിമുക്കോടി ദൈവങ്ങളെ കുറിക്കുന്നതാണെന്ന്.

രണ്ട്; ‘എലോഹ’ എന്ന ഏകവചനം ഉണ്ടായിട്ടും ‘എലോഹീം’ എന്ന ബഹുവചനം അനേകം സ്ഥാനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു. അതാണ് ത്രിത്വപണ്ഡിതന്മാർ പറയുന്ന മറ്റൊരു ന്യായം. അതിൽ രസകരമായൊരു കാര്യം: എലോഹ എന്ന ഏകവചനം ബൈബിളിൽ ആർക്കാണ് ഉപയോഗിച്ചിരിക്കുന്നത്; അമ്പതിലേറെ പ്രാവശ്യം ദൈവത്തിനാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. പക്ഷെ, ഉല്പത്തിയിൽ ആ പദമില്ലെത്രേ. അതുകൊണ്ട് ഏകദൈവം ബഹുത്വമായിപ്പോയോ? ദൈവത്തെ കുറിക്കാൻ അനവധി എബ്രായപദങ്ങൾ ബൈബിളിലുണ്ട്. ഉദാ: ഏൽ, എലോഹീം, എലോഹ, എല്യോൻ, തുടങ്ങിയവ. ഇതൊക്കെ സ്ഥാനനാമങ്ങൾ മാത്രമാണ്. അതിൽത്തന്നെ ‘എലോഹീം’ എന്നത് ഒരു സവിശേഷ പദമല്ല; സാധാരണ പദമാണ്. ‘ഉന്നതൻ, ശക്തൻ, ബലവാൻ’ എന്നൊക്കെ അർത്ഥം കല്പിക്കാം. ഈ പദം ദൈവത്തെയും (ഉല്പ, 1:1), ദൂതനെയും (1ശമൂ, 2:27), ദൂതന്മാരെയും (സങ്കീ, 82:1), മനുഷ്യനെയും (പുറ, 4:16; 7:1), ദേവനെയും (ന്യായാ, 11:24), ദേവിയെയും (1രാജാ, 1:5, 33), ദേവന്മാരെയും (ഉല്പ, 35:2) കുറിച്ചിട്ടുണ്ട്. ഒന്നുകൂടി പറഞ്ഞാൽ, മോശെയെന്ന ഏകവ്യക്തിക്കും ഈപദം രണ്ടുപ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ആകയാൽ, ‘എലോഹ’ എന്ന ഏകവചനമല്ല പ്രസ്തുതസ്ഥാനത്ത് സത്യദൈവത്തിനു ഉപയോഗിച്ചിരിക്കുന്നത് എന്ന കാരണത്താൽ ഏകദൈവത്തിനു ഒരു ബഹുത്വമുണ്ടാകുന്നില്ല. മാത്രമല്ല, ത്രിത്വക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഖണ്ഡിതമായ ഏകത്വമുള്ള ‘എലോഹ’ എന്നപദം 52 പ്രാവശ്യം ഇയ്യോബിലും സങ്കീർത്തനങ്ങളിലുമായി ദൈവത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടുമുണ്ട്. അപ്പോൾ എങ്ങനെ ദൈവത്തിനു ബഹുത്വം വരും? മോശെയെന്ന മനുഷ്യനെ രണ്ടുപ്രാവശ്യം എലോഹീം എന്നു വിളിച്ചിരിക്കുന്ന കാരണത്താൽ മോശെയ്ക്കും ഒരു ബഹുത്വമുണ്ടാകണമല്ലോ?

മൂന്ന്; King James strong-ലും, Strong’s Hebrew-വിലും, Encyclopaedia Britannica-യിലും പറഞ്ഞിരിക്കുന്നത്; “എലോഹീം ബഹുവചനരൂപമാണെങ്കിലും സത്യദൈവത്തെ കുറിക്കാൻ ഏകവചനമായിട്ടാണ് പ്രയോഗം, അഥവാ, ഏകവചനത്തിലാണ് അത് മനസ്സിലാക്കേണ്ടതു” എന്നാണ്. എന്നിട്ടും, ത്രിത്വപണ്ഡിതന്മാർ എന്തിനാണ് എലോഹീമിൽ ഒരു ബഹുത്വം ആരോപിക്കുന്നത്? അവർക്ക് ഏകസത്യദൈവത്തെ അഥവാ The only true God-നെ സമനിത്യരായ മൂന്ന് വ്യക്തികളാക്കണം. ഇനി, എലോഹീം എന്നപദം ബഹുവചനമാണെങ്കിൽ ഏകദൈവം എങ്ങനെ ബഹുദൈവമാകും??? 

നാല്; എലോഹീം എന്ന പദത്തിൻ്റെ ‘വചനം’ ചികഞ്ഞുനോക്കി ദൈവത്തിൽ ബഹുത്വം ആരോപിക്കുന്നവർ ആത്മാവിനെ കുറിക്കുന്ന എബ്രായ പദമായ റുവഹ് (ruwach) സ്ത്രീലംഗ രൂപവും, ഗ്രീക്കുവാക്കായ പ്ന്യൂമാ (pneuma) നപുംസക രൂപമാണെന്നും മറന്നുപോയോ? ഭാഷയിലുള്ള ‘വചനവും, ലിംഗവും’ നോക്കി ദൈവത്തിൻ്റെ പ്രകൃതി വിലയിരുത്തുന്നവർ പഴയനിയമത്തിലെ നിങ്ങളുടെ പരിശുദ്ധാത്മാവ് സ്ത്രീയാണെന്നും, പുതിയനിയമത്തിലെ ആത്മാവ് ട്രാൻസ്ജെൻഡറാണെന്നും ആരെങ്കിലും പറഞ്ഞാൽ സമ്മതിക്കുമോ??? 

അഞ്ച്; എലോഹീം എന്നപദം ബഹുവചനം എന്നാണല്ലോ പണ്ഡിതന്മാർ പറയുന്നത്. എലോഹീം എന്നാൽ, ദൈവമെന്നും (ഉല്പ, 1:1), ദൈവങ്ങളെന്നുമാണ് (പുറ, 20:3; ആവ, 5:7) ബൈബിളിൻ്റെ തർജ്ജമ. സത്യദൈവത്തെ കുറിക്കാൻ ‘ദൈവം’ എന്നു ഏകവചനത്തിലും, ജാതികളുടെ ദേവന്മാരെ കുറിക്കാൻ ‘ദൈവങ്ങൾ’ എന്നു ബഹുവചനത്തിലും. എലോഹീമിന് ബഹുത്വമുണ്ടെന്ന് നിങ്ങൾ പറയുന്നത് നിഷ്പക്ഷമായിട്ടാണെങ്കിൽ, ദൈവങ്ങൾ അഥവാ, മൂന്നു ദൈവമുണ്ടെന്നല്ലേ പറയേണ്ടത്??? അല്ലാതെ, മൂന്നു വ്യക്തികളെന്നല്ലല്ലോ??? മൂന്നു ദൈവങ്ങൾ എന്നു പറയാനും പഠിപ്പിക്കാനും നിങ്ങൾക്ക് ധൈര്യമുണ്ടോ??? 

ആറ്; എലോഹീം ബഹുവചനമായതുകൊണ്ട് ദൈവത്തിനു ബഹുത്വമുണ്ടെന്നു അവകാശപ്പെടുന്ന നിങ്ങൾ, ജാതികൾ ക്രൈസ്തവരെ ബഹുദൈവവിശ്വാസികൾ എന്നു വിളിക്കുമ്പോൾ ചൊടിക്കുന്നതെന്തിനാ??? ദൈവം ഏകനാണെന്ന് സ്ഥാപിക്കാൻ അവരുമായി debate നടത്തുകയും, ‘എലോഹീം’ ബഹുവചനമായതുകൊണ്ട് ദൈവത്തിന് ബഹുത്വമുണ്ടെന്നും പറയുകയും ചെയ്താൽ ശരിയാകുമോ? ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറഞ്ഞിട്ട്, ബഹുദൈവ വിശ്വാസികളെന്നു വിളിക്കുമ്പോൾ, ദൈവത്തിനല്ല, ദൈവത്തിനുള്ളിലാണ് ബഹുത്വമെന്നാണ്. പറഞ്ഞാൽ ഇരട്ടത്താപ്പെന്നല്ല; മുത്താപ്പെന്നാണ് പറയേണ്ടത്??? ഒന്നെങ്കിൽ, ബൈബിൾ പഠിപ്പിക്കുന്ന ഏകദൈവത്തിൽ വിശ്വസിക്കണം. അല്ലെങ്കിൽ, ബഹുദൈവത്തിൽ വിശ്വസിക്കണം. ഏകദൈവത്തിൽ വിശ്വസിക്കത്തുമില്ല; ബഹുദൈവ വിശ്വാസികളാണെന്ന് സമ്മതിക്കത്തുമില്ല. ഒരുമാതിരി ശിതോഷ്ണവാന്മാർ ആകരുത്. കഷ്ടം!

മറ്റൊരു വാദം:  ‘നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക’ (ഉല്പ, 1:26) എന്നു പറഞ്ഞിരിക്കുന്നു. ‘നാം, നമ്മുടെ’ എന്നു യഹോവ പറഞ്ഞിരിക്കയാൽ യഹോവയ്ക്ക് ബഹുത്വമുണ്ട്. അതിനെ ‘പൂജകബഹുവചനം’ എന്നു പറഞ്ഞുകൊണ്ട് അതിനെ ഖണ്ഡിക്കാൻ ബൈബിളിൽത്തന്നെ തെളിവുണ്ട്: ദാവീദിൻ്റെ മൂന്നാമത്തെ മകനും ഹെബ്രോനിൽ സ്വയം രാജാവുമായ അബ്ശാലോം (2ശമൂ, 16:20), ശലോമോൻ്റെ മകനും അഭിഭക്ത യിസ്രായേലിൻ്റെ അവസാനത്തെ രാജാവുമായ രെഹബെയാം (1രാജാ, 129; 2ദിന, 10:9), യിസ്രായേൽ രാജാവായ ആഹാബ് (1രാജാ, 22:3), പാർസി രാജാവായ ആർത്ഥഹ്ശഷ്ടാ (എസ്രാ, 4:19, 21; 7:21, 24, സ.വേ.പു) തുടങ്ങിയവരൊക്കെ ‘നാം’ എന്നുപറയുന്നുണ്ട്. രാജാക്കന്മാർക്ക് ‘നാം, നമ്മുടെ’ എന്ന പൂജകബഹുവചനം പറയാമെങ്കിൽ, സ്വർഗ്ഗീയ ദൈവവും രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവുമായ യഹോവയ്ക്ക് പറഞ്ഞുകൂടായോ??? (‘നാം നമ്മുടെ സ്വരൂപത്തിൽ’ എന്നു ദൈവം പറഞ്ഞിരിക്കുന്നത് പൂജക ബഹുവചനമല്ല; ദൈവത്തിനു ബഹുത്വവുമില്ല. അതറിയാൻ; ‘നാം നമ്മുടെ സ്വരൂപത്തിൽ‘ എന്ന ലേഖനം കാണുക). 

എബ്രായ സംഖ്യകൾ: 1 മുതൽ 10 വരെ
ഗ്രീക്ക് സംഖ്യകൾ: 1 മുതൽ 10 വരെ

ഒന്നിനെ കുറിക്കുന്ന എഖാദ് (echad) എന്ന എബ്രായ പദത്തിനും, ഹെയ്സ് (heis) എന്ന ഗ്രീക്കുപദത്തിനും ബഹുത്വമുണ്ടെന്നാണ് പണ്ഡിതന്മാരുടെ മറ്റൊരവകാശവാദം: അതായത്; യഹോവ ഏകൻ (ആവ, 6:4), ദൈവമായ കർത്താവു ഏക കർത്താവു (മർക്കൊ, 12:29), ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല (മർക്കൊ, 12:32), ഏകദൈവം (യോഹ, 5:44), ഏകസത്യദൈവം (യോഹ, 17:3), ദൈവം ഏകനല്ലോ (റോമർ 3:30), ഏകദൈവമല്ലാതെ ദൈവമില്ല (1കൊരി, 8:4), പിതാവായ ഏക ദൈവമേ നമുക്കുള്ളു (1കൊരി, 8:6), ദൈവം ഒരുവൻ തന്നേ (1കൊരി 12:6), ദൈവമോ ഒരുത്തൻ മാത്രം (ഗലാ, 3:20), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6)  തുടങ്ങിയ വേദഭാഗങ്ങളിലെ ഏകൻ, ഒരുവൻ, ഒരുത്തൻ എന്നൊക്കെ പറഞ്ഞിരിക്കുന്ന ‘ഒന്നിനു’ ഏകത്വമല്ല; ബഹുത്വമാണുള്ളതത്രേ. ഒന്ന് (1) എന്നാൽ എണ്ണൽ സംഖ്യകളിൽ (1,2,3,4,5…..) ആദ്യത്തേതാണ്. 1 എന്ന സംഖ്യയ്ക്ക് ആദ്യത്തേത്. ഒരു വസ്തുവിനെയോ, വ്യക്തിയെയോ കുറിക്കുന്ന സംഖ്യ, എണ്ണൽസംഖ്യകളിൽ ആദ്യത്തേത്, രണ്ടല്ലാത്തത് എന്നൊക്കെയാണർത്ഥം. എന്നാൽ, നമ്മുടെ പണ്ഡിതന്മാരുടെ ഭാഷയിൽ ‘ എബ്രായയിലെ ഒന്നും (എഖാദ്), ഗ്രീക്കിലെ ഒന്നും (ഹെയ്സും) ക്ലിപ്തമായ അഥവാ, ഖണ്ഡിതമായ ഒന്നിനെ കുറിക്കുന്നതല്ല. ബഹുത്വമുള്ള ഒന്നാണ്. അതുകൊണ്ടാണ്, ‘ദൈവം ഏകൻ’ എന്നത് വിശ്വസിക്കാതെ മൂന്ന് വ്യക്തികളാണെന്ന് പറയുന്നത്. എല്ലാ ശാസ്ത്രങ്ങളുടേയും റാണിയായിട്ടാണ് ഗണിതശാസ്ത്രം അറിയപ്പെടുന്നത്. എബ്രായയിലും ഗ്രീക്കിലും ഒന്നിനു ഖണ്ഡിതമായൊരു സംഖ്യാവിലയില്ലെങ്കിൽ ഒന്നും ഒന്നും (1+1) എത്രയാണെന്ന് അവർ എങ്ങനെ കണ്ടെത്തും. ഒന്നു ഖണ്ഡിതമായ ഒന്നല്ലെങ്കിൽ അവർ കണക്കുകൾ എങ്ങനെ കൂട്ടും? വിശേഷാൽ, എബ്രായർ ലോകത്തിലെ ഏറ്റവും ബുദ്ധിരാക്ഷസരാണ്. ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ നോബൽ സമ്മാനങ്ങളിൽ അധികവും കരസ്ഥമാക്കിയിരിക്കുന്നത് അവരാണ്. ഒന്നും ഒന്നും കൂട്ടിയാൽ എത്രകിട്ടുമെന്ന് ക്ലിപ്തമായി പറയാൻ കഴിയാത്തവർക്ക് ആരാണീ പുരസ്ക്കാരങ്ങളൊക്കെ കൊടുക്കുന്നത്. എന്നുവെച്ചാൽ, ഇത് ക്രൈസ്തവ പണ്ഡിതന്മാരുടെ വഞ്ചന മാത്രമാണ്. ലോകത്തിലെ എല്ലാ ഭാഷകളിലുമുള്ള എണ്ണൽ സംഖ്യകൾ പോലെതന്നെയാണ് എബ്രായഗ്രീക്ക് എണ്ണൽ സംഖ്യകളും. അല്ലാതെ, അവരുടേതിനുമാത്രം ബഹുത്വമൊന്നുമില്ല. 

ത്വിത്വപണ്ഡിതന്മാരുടെ ഇരട്ടത്താപ്പ് കാണിച്ചുതരാം. ദൈവത്തെക്കുറിച്ച് പറയുമ്പോൾ മാത്രമേ, എഖാദിനും, ഹെയ്സിനും ബഹുത്വം വരുന്നുള്ളൂ. ഒന്നെന്ന സംഖ്യയെക്കുറിച്ച് പ്രത്യേകമായി എഴുതുമ്പോൾ അത് ഖണ്ഡിതമായ ഒന്നു തന്നെയാണ്. ഒരു ത്രിത്വപണ്ഡിതൻ്റെ നിർവ്വചനം ഇതാ: “ഒന്ന് (One) എ: എഖാദ്; ഗ്രീ: ഹെയ്സ് (പു) മിയ (സ്ത്രീ) ഹെൻ (നപു). ഗണനാസൂചകസംഖ്യ എന്ന നിലയിൽ ഒന്ന് ഏകത്വത്തെയും ക്രമസൂചകസംഖ്യ എന്ന നിലയിൽ പ്രാഥമ്യത്തെയും സൂചിപ്പിക്കുന്നു. എബ്രായ ഭാഷയിലെ ആലേഫിന്റെയും ഗ്രീക്കിലെ അല്ഫയുടെയും സംഖ്യാവില ഒന്നാണ്. സംഖ്യാപരമായ വീക്ഷണത്തിൽ അവിഭാജ്യതയുടെ സൂചകമാണ് ഒന്ന്. അതൊരു പൂർണ്ണമായ ഏകകമാണ്. അതിനാലാണ് ദൈവത്തെക്കുറിക്കുവാൻ ഒന്ന് ഉപയോഗിക്കുന്നത്. “യിസ്രായേലേ, കേൾക്ക, യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകൻ തന്നെ:” (ആവ, 6:4). “അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു” എന്ന കല്പനയ്ക്ക് അടിസ്ഥാനമിതാണ്. ദൈവം സ്വയം പൂർണ്ണനാണെന്നും ദൈവം അല്ലാതെ ദൈവങ്ങളില്ല എന്നും ഈ കല്പന സ്പഷ്ടമാക്കുന്നു: (യെശ, 41:4; 43:10,11; 44:6; 48:12,13). എന്തു മനസ്സിലായി; ഒന്നിനെക്കുറിച്ച് പ്രത്യേകമായി എഴുതിയപ്പോൾ, ‘ഗണനാസൂചകസംഖ്യ എന്ന നിലയിൽ അഥവാ, കണക്കുകൂട്ടുമ്പോൾ ഒന്നിന് ഏകത്വമാണുള്ളത്; ബഹുത്വമല്ല.’ ‘ക്രമസൂചകസംഖ്യ എന്ന നിലയിൽ പ്രാഥമ്യം’ അഥവാ, ക്രമായി എണ്ണുമ്പോൾ, ഒന്നിന് ഒന്നാമത്തെ നിലയാണുള്ളത്; രണ്ടും മൂന്നും നിലയതിനില്ല. ‘സംഖ്യാപരമായ വീക്ഷണത്തിൽ അവിഭാജ്യതയുടെ സൂചകമാണ് ഒന്നു’ അഥവാ, ഒന്നിനെ വിഭജിക്കാൻ കഴിയില്ല. ‘ഒന്നൊരു പൂർണ്ണമായ ഏകകമാണു’ അഥാവാ, കൃത്യമായ സംഖ്യയാണ് അല്ലെങ്കിൽ അളവാണ് എന്നർത്ഥം. ഒന്ന് മാറ്റംവരാത്തതും വിഭജിക്കാൻ കഴിയാത്തതുമായ ഏകത്വത്തെയാണ് കുറിക്കുന്നതെന്ന് പറഞ്ഞിട്ട്, ദൈവത്തെ കുറിക്കുമ്പോൾ മാത്രം ബഹുത്വം വരുന്നതെങ്ങനെ???

ദൈവം ഒന്നിലധികം വ്യക്തികളാണെന്നു കാണിക്കാൻ അഥവാ, ഒന്നിനു ബഹുത്വമുണ്ടെന്നു കാണിക്കാൻ ബൈബിളിൽനിന്ന് അവർ കാണിക്കുന്ന തെളിവുകളും നോക്കാം:

ഒന്നാം ദിവസം (ഏഴു ദിവസങ്ങളിൽ ഒന്ന്) (ഉല്പ, 1:5), 

വാരിയെല്ലുകളിൽ ഒന്നു (ഉല്പ, 2:21), 

അവർ ഏക ദേഹമായി തീരും (ഉല്പ, 2:24), 

നാലു നദികളിൽ ഒന്നാമത്തേതു (ഉല്പ, 2:10,11), 

ഇതാ, ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു (ഉല്പ, 11:6), 

ഇരുവരും ഒരു ദേഹമായി തീരും (മത്താ, 19:5), തുടങ്ങിയവ. 

1. ഒന്നാം ദിവസം: അഥവാ, ഏഴു ദിവസങ്ങളിൽ ഒന്നെന്നു പറഞ്ഞാൽ, ഒന്നിനെങ്ങനെയാണ് ബഹുത്വം വരുന്നത്. ഏഴെന്ന ബഹുത്വത്തിൽനിന്ന് ഒന്നെന്ന ‘ഏകത്വത്തെ അഥവാ, ഒരു ദിവസത്തെ സൃഷ്ടി വേർപെടുത്തി കാണിക്കുകയല്ലേ ചെയ്യുന്നത്. അതായത്, ഏഴുദിവസത്തെയും ചേർത്തല്ല ഒന്നാംനാൾ എന്നു പറയുന്നത്; സൃഷ്ടിയുടെ ആദ്യത്തെ ദിവസത്തെ മാത്രമാണ്. 

2. വാരിയെല്ലുകളിൽ ഒന്ന്: ആദാമിൻ്റെ ഒരു വാരിയെല്ലെടുത്താണ് ഹവ്വായെ സൃഷ്ടിച്ചത്. മനുഷ്യശരീരത്തിൽ 24 വാരിയെല്ലുകളാണുള്ളത്. അതിൽനിന്ന് ഒരെണ്ണം മാത്രമാണ് ദൈവം എടുത്തത്. 24-ലെന്ന ബഹുത്വത്തിൽ നിന്ന് ഒന്നെടുത്താൽ, ആ എടുത്ത ഒന്നിനെങ്ങനെ ബഹുത്വമുണ്ടാകും?

3. അവർ ഏക ദേഹമായി തീരും: ആദാമും ഹവ്വായും ഒരു ദേഹമായിത്തീരും എന്നുപറഞ്ഞാൽ, രണ്ടു വ്യക്തികളുംകൂടി അക്ഷരാർത്ഥത്തിൽ ഒന്നായിത്തീരുമെന്നോ, ഒരു ശരീരമായി തീരുമെന്നാണോ അർത്ഥം. അവർ മനസ്സുകൊണ്ടും ശരീരം കൊണ്ടും (ലൈംഗിക പരമായി) ഒന്നായി ഒരു കുടുംബമായി തീരുന്നതാണ് അവിടുത്തെ വിവക്ഷ. ആദാമും ഹവ്വായും ഒരു ശരീരത്തിലായിരുന്നു എന്നു പഠിപ്പിക്കുന്നവരും, പുനരുത്ഥാനശേഷം ഭാര്യയും ഭർത്താവും ഒരു ശരീരത്തിലായിരിക്കും എന്നൊക്കെ പഠിപ്പിക്കുന്നവരുണ്ട്. നിങ്ങളുടെ ഉപദേശം നിങ്ങളുടെ കയ്യിൽത്തന്നെ വെച്ചാൽ മതി. ഇനി, അവർ രണ്ടു വ്യക്തികൾ ചേർന്ന് അക്ഷരാർത്ഥത്തിൽ ഒന്നായിത്തീർന്നാലും ഒന്നിനെങ്ങനെ ബഹുത്വം വരും; പിന്നെ ബഹുത്വമില്ലല്ലോ, ഏകത്വം മാത്രമല്ലേയുള്ളൂ.

4. നാലു നദികളിൽ ഒന്നാമത്തേത്: ഏദെനിൽനിന്ന് ഒഴുകുന്ന നാലുനദികളിൽ ഒന്നിൻ്റെ കാര്യമാണ് പറയുന്നത്. നലുനദികളെന്നു പറഞ്ഞാൽ, നദികളിൽ ഒരു ബഹുത്വമുണ്ട്. ആ ബഹുത്വത്തിൽനിന്ന് ഒന്നാമത്തെ നദിയായ പീശോൻ ഒഴുകി ഹവീലാദേശമൊക്കെയും ചുറ്റുന്നു എന്നുപറഞ്ഞാൽ, ആ ഒരു നദിക്കെങ്ങനാ ബഹുത്വമുണ്ടാകുന്നത്. അവിടെ പീശോനെന്ന ഒറ്റനദിയേ ഉള്ളൂ.

5. ഇതാ, ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു: ബാബേൽ ഗോപുരം നശിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ ദൈവം പറയുന്നതാണിത്. ജനം ഒന്നെന്നു പറഞ്ഞാൽ, ഒരു നേതാവിൻ്റെ കീഴിൽ അവർ ഐക്യത്തോടെ നില്ക്കുന്നുവെന്നാണ്. അവിടെ ‘ജനം’ എന്ന ബഹുത്വം പറഞ്ഞശേഷമാണ് ഒന്നെന്ന ഏകത്വം പറയുന്നത്. ഭാഷ ഒന്നെന്നു പറഞ്ഞാൽ എല്ലാവരും സംസാരിക്കുന്നത് ഒരേ ഭാഷയാണെന്നാണ്. ഇവിടെയും, ഒന്നിനെവിടെയാണ് ബഹുത്വം. അല്പം കഴിഞ്ഞപ്പോൾ ഭാഷയും കലങ്ങി, ജനത്തിൻ്റെ ഒരുമയും കഴിഞ്ഞു; പിന്നെയവരെ ഒന്നെന്നു പറഞ്ഞില്ലല്ലോ?

6. ഇരുവരും ഒരു ദേഹമായി തീരും: വിവാഹബന്ധം അഥവാ, ഭർത്താവിനെയും ഭാര്യയെയും കുറിച്ച് യേശു പറയുന്നതാണ്. “ഇവിടെ രസകരമായ ഒരു കാര്യമുണ്ട്; സൃഷ്ടിയിൽ ആദാമും ഹവ്വായും ഏകദേഹമായിത്തീരും എന്നുപറഞ്ഞ അതേ വ്യക്തിതന്നെയാണ് പുതിയനിയമത്തിൽ ഭാര്യയും ഭർത്താവും ഒരു ദേഹമായിത്തീരും എന്നു പറഞ്ഞതെന്ന് ത്രിത്വപണ്ഡിതന്മാർക്ക് ഗ്രഹിക്കാൻ കഴിയാത്തതുകൊണ്ടാണ്, സ്വന്തബുദ്ധിക്ക് വിരുദ്ധമായി അവർക്ക് ഏകത്വത്തെ ബഹുത്വമാക്കേണ്ടി വരുന്നത്.” ആദിയിൽ പറഞ്ഞതു തന്നെയാണ് യേശു ഇവിടെയും പറയുന്നത്; വിവാഹത്തിനു മുമ്പുവരെ അപ്പനോടും അമ്മയോടും പറ്റിയിരുന്ന പുരുഷൻ വിവാഹശേഷം ഭാര്യയോടു പറ്റിച്ചേർന്ന് ശരീരവും മനസ്സുംകൊണ്ട് മറ്റൊരു കുടുംബമാകുന്ന കാര്യമാണ്. കുടുംബമെന്ന നിലയിൽ മാത്രമാണവർ ഒന്നാകുന്നത്. അതും ശാശ്വതമായ ഒന്നല്ല; അവർ തമ്മിൽ പിരിഞ്ഞാൽ പിന്നെ ഒന്നല്ല, രണ്ടാണ്. കൂടാതെ, അവർ കുടുംബമെന്ന നിലയിൽപ്പോലും ഒന്നാണെന്നു പറഞ്ഞാലും, ബുദ്ധിയിലോ, ശക്തിയിലോ, നിറത്തിലോ, ഗുണത്തിലോ തുല്യതയില്ലാത്ത രണ്ടു വ്യത്യസ്ത വ്യക്തികൾ തന്നെയാണ്. അർത്ഥാൽ, ഇരുവരും ഒരു ദേഹമായിത്തീരും എന്നു പറഞ്ഞാലും, ഇരുവരെന്നത് ഇരുവരും ഒന്നെന്നത് ഒന്നും തന്നെയാണ്. ഇരുവർ അക്ഷരാർത്ഥത്തിൽ ഒന്നാകുകയോ, ഒന്ന് ഇരുവരാകുകയോ ചെയ്യുന്നില്ല.

ഒന്നിനെ കുറിക്കുന്ന എബ്രായ പദമായ എഖാദ് (echad) 952 പ്രാവശ്യവും, ഗ്രീക്കുപദമായ ഹെയ്സ് (heis) 272 പ്രാവശ്യവുമുണ്ട്. ഇവർ എടുത്തിരിക്കുന്ന ഉദാഹരണങ്ങൾ അല്ലാതെ, ‘ഒന്നിനെ’ കുറിക്കുന്ന വേറെയും വാക്യങ്ങളുണ്ടല്ലോ, അതുംകൂടി പരിശോധിച്ചു കഴിയുമ്പോൾ പണ്ഡിതന്മാരുടെ ത്രിത്വതന്ത്രം പൊളിയുന്നതു കാണാം: 

1. ലാമെക്ക് രണ്ടു ഭാര്യമാരെ എടുത്തു: ഒരുത്തിക്കു (എഖാദ്) ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ: (ഉല്പ, 4:19). ആദായെന്നു പറയുന്നവൾ ഒരുത്തിയാണെന്ന് ബൈബിൾ പറയുന്നു. നിങ്ങളുടെ ഭാഷയിൽ അവൾക്കും ബഹുത്വമുണ്ട്. അപ്പോൾ ശരിക്കും ലാമെക്ക് എത്ര ഭാര്യമാരെയാണ് എടുത്തത്???

2. ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുത്തുന്നു (എഖാദ്) പേലെഗ് എന്നു പേർ; ….. സഹോദരന്നു യൊക്താൻ എന്നു പേർ: (ഉല്പ, 10:25). ഇതിൽ പേലെഗ് ബഹുത്വമുള്ളവനാണ്. അപ്പോൾ ഏബെരിന്നു ശരിക്കും എത്ര മക്കളുണ്ട്???

3. ഭൂമിയിൽ ഒക്കെയും ഒരേ (എഖാദ്) ഭാഷയും ഒരേ (എഖാദ്) വാക്കും ആയിരുന്നു: (ഉല്പ, 11:1). ജലപ്രളയത്തിനുശേഷം ബാബേലിൽ ദൈവം ഭാഷ കലക്കുന്നതുവരെ ഒരേ ഭാഷയും വാക്കുമാണ് അവർ സംസാരിച്ചിരുന്നതെന്ന് ബൈബിൾ ആവർത്തിച്ചു പറയുന്നു. നിങ്ങൾ പറയുന്നു; ഒന്നിന് ബഹുത്വമുണ്ടെന്ന്. അപ്പോൾ, അവർ പലഭാഷകൾ സംസാരിച്ചിരിക്കും. അതിനർത്ഥം, വേദപുസ്തകം തെറ്റാണെന്നല്ലേ നിങ്ങൾ പറയുന്നത്???

4. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു (എഖാദ്) കുറുങ്കാട്ടിൻ തണലിൽ ഇട്ടു: (ഉല്പ, 21:15). ഹാഗാർ തൻ്റെ കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച കാര്യമാണ് പറയുന്നത്. ഒരു കുറ്റിക്കാടെന്ന് ബൈബിൾ പറയുന്നു. ഒന്നിനു ബഹുത്വമുണ്ടെങ്കിൽ, ഒന്നിലധികം കുറ്റിക്കാടായി. ഒരു കുഞ്ഞിനെ ഒന്നിലധികം കാട്ടിൽ എങ്ങനെ ഉപേക്ഷിക്കാൻ പറ്റും???

5. അപ്പോൾ ദൈവം: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു (എഖാദ്) മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു: (ഉല്പ, 22:2). അബ്രാഹാം യിസ്ഹാക്കിനെ യാഗം കഴിക്കാൻ ശ്രമിച്ചതു മോരിയയിലെ ഒരു മലയിലാണ്. അവിടെത്തന്നെയാണ് ശലോമോൻ ദൈവാലയം പണിതതും: (2ദിന, 3:1). പണ്ഡിതന്മാരുടെ ഭാഷയിൽ യാഗംകഴിച്ചത് ഒന്നിലധികം മലകളിലാണോ? ദൈവാലയം പണികഴിപ്പിച്ചത് ഒന്നിലധികം മലകൾ ചേർത്തുവെച്ചാണോ? അതോ, ഒന്നിലധികം ദൈവാലയം ഉണ്ടായിരുന്നോ???

6. ഞങ്ങൾ ഒരു (എഖാദ്) അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻ ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു: (ഉല്പ, 42:32). മിസ്രയീമിലെ മന്ത്രി തങ്ങളുടെ സഹോദരനാണെന്നറിയാതെ, യാക്കോബിൻ്റെ മറ്റു മക്കൾ യോസേഫിനോട് പറയുന്ന കാര്യമാണിത്; ‘ഞങ്ങൾ ഒരു അപ്പൻ്റെ മക്കൾ.’ ഒന്നിന് ബഹുത്വമുണ്ടെങ്കിൽ, യാക്കോബിനും ബഹുത്വമുണ്ട്. അല്ലയോ ത്രിത്വപണ്ഡിതന്മാരെ നിങ്ങളോടൊന്നു ചോദിച്ചോട്ടെ; ഗോത്രപിതാക്കന്മാർക്ക് എത്ര അപ്പന്മാരുണ്ട്??? ഈ വിവരമില്ലാത്ത വ്യാഖ്യാനം യെഹൂദന്മാർ കേൾക്കണ്ട.

ഇനി, പുതിയനിയമത്തിൽ നോക്കാം: 

1. അവർ ഭക്ഷിക്കുമ്പോൾ അവൻ: ‘നിങ്ങളിൽ ഒരുവൻ (ഹെയ്സ്) എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു’ എന്നു പറഞ്ഞു: (മത്താ, 26:21). ഒരുവൻ കാണിച്ചു കൊടുക്കുമെന്നാണ് യേശു പറഞ്ഞത്. ഒന്നിനു ബഹുത്വമുണ്ടെങ്കിൽ എത്രപേർ യേശുവിനെ കാണിച്ചുകൊടുത്തിരിക്കും???

2. അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ (ഹെയ്സ്) യൂദാ അവർക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു: (ലൂക്കോ, 22:47). പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദായാണ് യേശുവിനെ കാണിച്ചു കൊടുത്തതെന്ന് ബൈബിൾ പറയുന്നു. ഒരുവനിൽ ബഹുത്വമുണ്ടെന്ന് പറയുന്ന പണ്ഡിതന്മാരായ നിങ്ങൾ പറയൂ; ഒറ്റുകൊടുക്കാൻ ഒന്നിലധികം യൂദാമാരുണ്ടായിരുന്നോ, അതോ, യൂദായും മറ്റു ശിഷ്യന്മാരും ചേർന്നാണോ ഒറ്റുകൊടുത്തത്???

3. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ (ഹെയ്സ്) കൈ നീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു: (മത്താ, 26:51).  പത്രൊസാണ് വാളൂരി മഹാപുര്യോഹിതൻ്റെ ദാസനെ വെട്ടിയത്. ഇവിടെയും, ‘ഒരുവനു’ ബഹുത്വമുണ്ടെങ്കിൽ ഒന്നിലധികം പത്രൊസുമാരായിരുന്നോ വെട്ടിയത്. അതോ, പത്രൊസും മറ്റു ശിഷ്യന്മാരും ചേർന്നാണോ വെട്ടിയത്???

4. ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ(ഹെയ്സ്)നിന്നു മനഷ്യജാതിയെ ഒക്കെയും ഉളവാക്കി: (പ്രവൃ, 17:26). ആദാമാണ് ദൈവം ആദ്യം സൃഷ്ടിച്ച മനുഷ്യൻ; ഭൂമിയിലെ ആദ്യസ്ത്രീയായ ഹവ്വാപോലും ആദമിൽ നിന്നാണ് ജനിച്ചത്: (ഉല്പ, 2:21,22; 1തിമൊ, 2:13,14). മനുഷ്യജാതി മുഴുവൻ ഉളവായതു ഒരുത്തനിൽ നിന്നല്ലെങ്കിൽ, ആദാമിനൊപ്പം ദൈവം എത്രപേരെക്കൂടി സൃഷ്ടിച്ചുവെന്ന് പണ്ഡിതന്മാർ പറയൂ???

5. അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാൿ എന്ന ഏകനാൽ (ഹെയ്സ്) ഗർഭം ധരിച്ചു: (റോമ, 9:10). റിബെക്ക ഗർഭംധരിച്ചത് അവളുടെ ഭർത്താവായ യിസ്ഹാക്കെന്ന ഏകനാൽ ആണെന്ന് ബൈബിൾ പറയുന്നു. ഏകന് ബഹുത്വമുണ്ടെന്ന് പറയുന്ന നിങ്ങൾ പറയൂ; ഒന്നിലധികം ഭർത്താക്കന്മാരാലാണോ റിബെക്കാ ഗർഭം ധരിച്ചത്???

6. ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ (ഹെയ്സ്) വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ: (1കൊരി, 9:24). ഗ്രീസിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഓട്ടക്കാരുടെ കൂട്ടത്തിൽ ഒരാൾക്കു മാത്രമേ ഒന്നാംസ്ഥാനം (വിരുതു) കിട്ടുകയുള്ളൂ. പണ്ഡിതന്മാർ പറയുന്നതുപോലെ ഒരുവനു ബഹുത്വമുണ്ടെങ്കിൽ, ഇവിടെ പൗലൊസ് പറയുന്ന ഒന്നിലധികംപേർ വിരുതു പ്രാപിക്കുന്ന ലോകമേതാണ്???

7. അബ്രാഹാമിന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ (ഹെയ്സ്) ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ: (ഗലാ, 4:22). അബ്രാഹാമിന് ദാസിയായ ഹാഗാറിൽ ജനിച്ച യിശ്മായേലിനെ ഒരുവൻ എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരുവൻ ബഹുത്വമുള്ള വാക്കാണെങ്കിൽ, യിശ്മായേലിനെയും യിസ്ഹാക്കിനെയും ചേർത്ത് രണ്ടു പുത്രന്മാർ എന്നു പറഞ്ഞിരിക്കുന്നത് ബൈബിളിൻ്റെ അബദ്ധമാണോ?? 

ലാസറോ പന്തിയിൽ ഇരുന്നവരിൽ ഒരുവൻ (ഹെയ്സ്): (യോഹ, 12:2). ലാസർ ദ്വൈതമോ അതോ, ത്രിത്വമോ? പന്തിരുവരിൽ ഒരുവനായ (ഹെയ്സ്) ദിദിമൊസ്: (യോഹ, 20:24). ദിദിമൊസിനു ബഹുത്വമുണ്ടെങ്കിൽ പന്തിരുവരെന്ന പ്രയോഗം തെറ്റല്ലേ? ഏഴുവരിൽ ഒരുവനായ (ഹെയ്സ്) ഫിലിപ്പൊസ് (പ്രവൃ, 21:8). ഒരുവനായ ഫിലിപ്പൊസിനു ബഹുത്വമുണ്ടെങ്കിൽ, ഏഴുപേർ എന്നല്ലല്ലോ പറയേണ്ടത്, എട്ടെന്നോ, ഒമ്പതെന്നോ അല്ലേ പറയേണ്ടത്? അദ്ധ്യക്ഷനും (1തിമൊ, 3:2), ശുശ്രൂഷകനും (1തിമൊ, 3:12), മൂപ്പനും (തീത്തൊ, 1:6) ഏക(മിയ)ഭാര്യയുടെ ഭർത്താവായിരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ‘ഏക’യെന്ന പദത്തിന് ബഹുത്വമുണ്ടെങ്കിൽ, ഇവർക്കൊക്കെ എത്ര ഭാര്യമാർവീതം ആകാമെന്ന് ത്രിത്വപണ്ഡിതന്മാർ പറയൂ???

ത്രിത്വോപദേശം എന്നു പറയുന്ന നിങ്ങളുടെ അബദ്ധോപദേശത്തിനു നൂറുകണക്കിന് തെളിവ് നിരത്താൻ കഴിയും. വിസ്താരഭയത്താൽ മറ്റൊരു ഭാഗത്തേക്കു കടക്കുന്നു. ‘ഏകൻ, ഒരുവൻ’ എന്നിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്ന എബ്രായഗ്രീക്കു പദങ്ങൾ ദൈവത്തോടു ചേർത്തു പറയുമ്പോൾ മാത്രമേ ബഹുത്വമുണ്ടാകൂ; അല്ലാത്തപ്പോൾ ഏകത്വമാണെന്ന് പറഞ്ഞാലും രക്ഷയില്ല. ‘മലർന്നുകിടന്ന് തുപ്പുക, പല്ലുകുത്തി മറ്റുള്ളവരെ മണപ്പിക്കുക’ എന്നൊക്കെ കേട്ടിട്ടുണ്ടാകുമല്ലോ? അതുപോലെ; ദൈവത്തെ കുറിക്കുന്ന നിങ്ങളുടെ ഉപദേശത്തിൻ്റെ അളിഞ്ഞ ചില കാര്യങ്ങൾ കാണിക്കാം:

1. ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; (ഹെയ്സ്) അവനല്ലാതെ മറ്റൊരുത്തനുമില്ല: (മർക്കൊ, 12:32). മുഖ്യകല്പന ഏതെന്ന ചോദ്യത്തിന് ആവർത്തനം 6:4 ചൊല്ലിക്കഴിയുമ്പോൾ, ശാസ്ത്രി പിതാവിനെക്കുറിച്ച് യേശുവിനോട് പറയുന്ന മറുപടിയാണ് മേല്പറഞ്ഞത്. യേശുവിനെക്കൂടാതെ പിതാവിനൊരു ബഹുത്വമുണ്ടെങ്കിൽ പിന്നെ, നിങ്ങൾക്ക് എത്ര പിതാവുണ്ട്??? ശാസ്ത്രി പറഞ്ഞതിൽ തെറ്റുണ്ടെന്ന് വിചാരിക്കണ്ട. ‘നീ ദൈവരാജ്യത്തോടു അകന്നവനല്ല’ എന്നാണ് യേശുവിൻ്റെ മറുപടി.

2. ഏക (ഹെയ്സ്) മനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ (ഹെയ്സ്) അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും: (റോമ, 5:19). ഇവിടെ, ആദാമിനും ബഹുത്വമുണ്ട്; ക്രിസ്തുവിനും ബഹുത്വമുണ്ട്. ആദാമും ഹവ്വായും ഒരു ശരീരത്തിലായിരുന്നെന്ന് നിങ്ങൾ പറയുന്നതുകൊണ്ട് അവൻ്റെ ബഹുത്വം കണക്കാക്കണ്ട. ക്രിസ്തുവിൻ്റെ ബഹുത്വമെങ്ങനാ? ക്രിസ്തുവെന്ന ഏകൻ്റെ രക്തം മാത്രമാണോ അതോ, വ്യത്യസ്ത വ്യക്തികളെന്ന് നിങ്ങൾ പറയുന്ന പിതാവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും രക്തംകൂടി നമ്മുടെ നീതീകരണത്തിനു കാരണമായോ???

3. പിതാവായ ഏക (ഹെയ്സ്) ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക (ഹെയ്സ്) കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു: (1കൊരി 8:6). ഇവിടെ പിതാവിനും ബഹുത്വമുണ്ട്; പുത്രനും ബഹുത്വമുണ്ട്. അപ്പോൾ, നിങ്ങൾക്ക് ആകെ എത്ര ദൈവങ്ങളുണ്ട്??? എന്തായാലും മൂന്നിൽ ഒതുങ്ങില്ല.

4. ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ (ഹെയ്സ്) മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും: (2കൊരി, 5:14).  മനുഷ്യനായി വെളിപ്പെട്ട ക്രിസ്തു മാത്രമാണ് മരിച്ചതെന്നാണ് ബൈബിൾ പറയുന്നത്. മരിച്ചവന് ബഹുത്വമുണ്ടെങ്കിൽ, പാപപരിഹാരാർത്ഥം മരിച്ചത് എത്രപേരാണെന്ന് പണ്ഡിതന്മാർ പറയൂ. സ്വർഗ്ഗീയപിതാവും കൂടെ മരിച്ചുവോ???

5. ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക (ഹെയ്സ്) പുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു: (2കൊരി, 11:2). ക്രിസ്തുവെന്ന ഏകപുരുനുമായാണ് സഭയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നത്. ഏകന് ബഹുത്വമുണ്ടെങ്കിൽ, നിർമ്മലകന്യകയായ സഭയ്ക്ക് ക്രിസ്തുവിനെക്കൂടാതെ ജാരന്മാരും ഉണ്ടെന്നാണോ നിങ്ങൾ പറയുന്നത്???

6. എന്നാൽ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെ (ഹെയ്സ്) കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ: (ഗലാ, 3:16). അബ്രാഹാമിൻ്റെ സന്തതിയായി ജനിക്കുന്ന ക്രിസ്തു എന്ന ഏകനെക്കുറിച്ചാണ് വിവക്ഷ. ഏകന് ബഹുത്വമോണ്ടെങ്കിൽ, മൊത്തം എത്ര ക്രിസ്തുക്കൾ ഉണ്ടെന്നൊന്നു പറഞ്ഞുതരാമോ???

7. ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏക (ഹെയ്സ്) ശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ: (എഫെ, 2:16). ക്രിസ്തുവിൻ്റെ ഏകശരീരത്തിലാണ് ക്രൂശിൽ പാപരിഹാരം വരുത്തിയത്. ഏകന് ബഹുത്വമുണ്ടെങ്കിൽ, എത്ര ശരീരങ്ങൾ ക്രൂശിൽ മരിച്ചൂ? രണ്ടു കള്ളന്മാരും ക്രിസ്തു ആയിരുന്നോ???

8. നിങ്ങളെ വിളിച്ചപ്പോൾ ഏക (ഹെയ്സ്) പ്രത്യാശെക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്നു (ഹെയ്സ്), ആത്മാവു ഒന്നു (ഹെയ്സ്), കർത്താവു ഒരുവൻ (ഹെയ്സ്), വിശ്വാസം ഒന്നു (ഹെയ്സ്), സ്നാനം ഒന്നു (ഹെയ്സ്), എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ (ഹെയ്സ്): (എഫെ, 4:4). ക്രൈസ്തവസഭയുടെ പ്രത്യാശ, ശരീരം, ആത്മാവ്, കർത്താവ്, വിശ്വാസം, സ്നാനം, പിതാവായ ദൈവം ഇതൊക്കെ ഏകമാണ്. ഈ ഏകത്വത്തിന് ബഹുത്വം കല്പിക്കുന്ന നിങ്ങളൊക്കെ വൻ ദുരന്തമാണല്ലോ???

9. ദൈവം ഒരുവനല്ലോ (ഹെയ്സ്). ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ (ഹെയ്സ്): എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ: (1തിമൊ, 2:5). ഇവിടെ, ദൈവത്തിനും ക്രിസ്തുവിനും ബഹുത്വമുണ്ട്. ‘ഒരുവൻ’ എന്ന പദത്തിനു ബഹുത്വമുണ്ടെന്ന് വ്യാജമായി വിശ്വാസികളെ പഠിപ്പിച്ചപ്പോൾ, ഇത്രവലിയ കോടാലിയൊന്നും പ്രതീക്ഷിച്ചില്ലല്ലേ???

10. വിശുദ്ധീകരിക്കുന്നവന്നും വിശുദ്ധീകരിക്കപ്പെടുന്നവർക്കും എല്ലാം ഒരുവനല്ലോ (ഹെയ്സ്) പിതാവു; അതു ഹേതുവായി അവൻ അവരെ സഹോദരന്മാർ എന്നു വിളിപ്പാൻ ലജ്ജിക്കാതെ: (എബ്രാ, 2:11). ഒരുവന് ബഹുത്വമുണ്ടെങ്കിൽ ആകെ എത്ര പിതാവുണ്ടെന്ന് പറയാമോ???

11. യേശുവോ പാപങ്ങൾക്കു വേണ്ടി ഏക(മിയ)യാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു: (എബ്രാ, 10:12). ഏകന് ബഹുത്വമുണ്ടെങ്കിൽ, ഉദ്ദേശം എത്രയാഗം കഴിച്ചിരിക്കും???

ബൈബിൾ പഠിപ്പിക്കുന്ന ഏകദൈവം ത്രിത്വമാണെന്നു വരുത്തിത്തീർക്കാൻ, പണ്ഡിതന്മാർ മേല്പറഞ്ഞതിലും വലിയൊരു വഞ്ചന വിശ്വാസികളോട് ചെയ്തിട്ടുണ്ട്. പഴയനിയമത്താൽ ഏകജാതനെ കുറിക്കുവാൻ ‘ഏക’ എന്നയർത്ഥത്തിൽ ‘യാഖീദും’ (yachiyd), ജാതൻ അഥവാ, ജനിച്ചൻ (പുത്രൻ) എന്നയർത്ഥത്തിൽ ബെൻ’-ഉം (ben) പ്രയോഗിച്ചിട്ടുണ്ട്. യാഖീദ് പന്ത്രണ്ട് പ്രാവശ്യമാണുള്ളത്. (ഉല്പ, 22:2; 22:12; 22:16; ന്യായാ, 11:34; സങ്കീ, 22:20; 25:16; 35:17; 68:6; സദൃ, 4:3; യിരെ, 6:26; ആമോ, 8:10; സെഖ, 12:10). പണ്ഡിതന്മാരുടെ വാദമെന്താണെന്നു വെച്ചാൽ, “യാഖീദാണ് ഖണ്ഡിതമായ ഒന്നിനെക്കുറിക്കുന്ന പദം. ഈ പദം ദൈവത്തിൻ്റെ ഏകത്വത്തെ കുറിക്കാൻ പറഞ്ഞിട്ടില്ല; പകരം, എഖാദ് ആണ് പറഞ്ഞിരിക്കുന്നത്. അതിനാൽ, ദൈവത്തിന് ഏകത്വമല്ല; ബഹുത്വമാണുള്ളത്.” എന്നാൽ, പുതിയനിയമത്തിൽ ഏകജാതനെ കുറിക്കുന്ന തത്തുല്യമായ മോണോജെനസ് (monogenes) എന്നപദം ഒൻപത് പ്രാവശ്യമുണ്ട്. അതിൽ അഞ്ചുപ്രാവശ്യം ദൈവത്തിൻ്റെ ഏകജാതനായ ക്രിസ്തുവിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്: (ലൂക്കൊ, 7:12; 8:42; 9:38; യോഹ, 1:14; 1:18; 3:16; 3:18; എബ്രാ, 11:17; 1യോഹ, 4:9). ഇതിൽ മോണോസ് (monos) എന്നാൽ ഏകമാത്രമായ, ഒന്നുമാത്രമായ, ഒരേയൊരു, ഒറ്റയായ, കേവലമായ (only) അഥവാ, ഖണ്ഡിതമായ ഒന്നിനെ കുറിക്കുന്നതാണ്. ഈ പദം 47 പ്രാവശ്യമുണ്ട്. അതിൽ പതിമൂന്ന് പ്രാവശ്യം ദൈവത്തോട് ചേർത്താണ് ഈ പദം പറഞ്ഞിരിക്കുന്നത്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:25; വെളി, 15:4). 

1. യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (മോണോസ്) ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു: (മത്താ, 4:10). ആരാധനയ്ക്ക് യോഗ്യനായ ദൈവം ഏകൻ മാത്രമാണ്; ബഹുതമില്ല. ദൈവത്തിന് ബഹുത്വമുണ്ടെന്ന് പറയുന്ന നിങ്ങൾതന്നെ പറയൂ; ത്രിത്വത്തിൽ ആരാധനയ്ക്ക് യോഗ്യനല്ലാത്ത രണ്ടുപേർ ആരൊക്കെ???

2. ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രം (മോണോസ്) അല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല: (മത്താ, 24:36). സമനിത്യന്മാരാണ് പിതാവും പരിശുദ്ധാത്മാവും എന്നു സ്ഥാപിക്കാനാണല്ലോ ഏകത്വത്തിൽ ബഹുത്വമുണ്ടാക്കിയത്. ഇവിടെ പറയുന്നു; പുത്രൻ്റെ മഹത്വപ്രത്വപ്രത്യക്ഷത പിതാവിനും മാത്രമേ അറിയൂ; പുത്രനുംകൂടെ അറിയില്ല. അപ്പോൾ പുത്രൻ സർവ്വജ്ഞനും, ദൈവവും അല്ലേ???

3. യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (മോണോസ്) ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു: (ലൂക്കോ, 4:8). ഇവിടെയും ബഹുത്വമില്ലാത്ത ഒറ്റയൊരുത്തനാണ് ആരാധനയ്ക്ക് യോഗ്യനെന്നല്ലേ തെളിയുന്നത്???

4. ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ (മോണോസ്) പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി: (ലൂക്കോ, 5:21). ദൈവമെന്ന ഏകനു മാത്രമേ പാപം മോചിക്കാൻ കഴിയൂ; യേശു പാപം മോചിക്കുകയും ചെയ്തു. ഏകസത്യദൈവത്തിൻ്റെ മൂന്ന് സ്ഥാനങ്ങൾ അഥവാ, വെളിപ്പാടുകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എങ്കിൽ, ഈ വാക്യം ശരിയാണ്. പ്രത്യുത, വ്യതിരിക്തരായ വ്യക്തികളാണെങ്കിൽ, പിതാവും പരിശുദ്ധാത്മാവും ദൈവമല്ലാതാകില്ലേ???

5. തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏക (മോണോസ്) ദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും? (യോഹ, 5:44). ഇവിടെയും ദൈവം ഏകനാണെന്ന് ഖണ്ഡിതമായിത്തന്നെ പറയുന്നത് മറ്റാരുമല്ല; യേശുക്രിസ്തുവാണ്. ദൈവം ത്രിത്വമാണെങ്കിൽ മൂവരിൽ ആരാണ് ശരിക്കും ദൈവം???

6. ഏക(മോണോസ്) സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു: (യോഹ, 17:3). ഇവിടെ, യേശു പിതാവാണ് ഏകസത്യദൈവമെന്ന് അനന്യമായ ആർത്ഥത്തിലാണ് പറയുന്നത്. നിത്യരായ മൂന്നു വ്യക്തികളാണ് ദൈവമെന്ന് പറയുന്ന നിങ്ങൾക്ക് എന്തു മറുപടിയാണ് ഇതിനു പറയാനുള്ളത്? ആ ഏകസത്യദൈവംതന്നെ ജഡത്തിൽ വെളിപ്പെട്ടതല്ല പുത്രനെങ്കിൽ, പുത്രൻ ദൈവമല്ലെന്നല്ലേ നിങ്ങൾ പറയുന്നത്???

7. ഏക(മോണോസ്)ജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ: (റോമ, 16:26). ഇവിടെ പൗലൊസ് പറയുന്നു; ദൈവം മാത്രമാണ് ജ്ഞാനി, ആ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം മഹത്വം കരേറ്റുന്നു. നിങ്ങളുടെ സമനിത്യത  പ്രകാരം യേശുവിൻ്റെ പിതാവു മാത്രമാണ് ജ്ഞാനി അഥവാ, ദൈവം. അപ്പോൾ, യേശു ദൈവമല്ലേ???

8. നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏക (മോണോസ്) ദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ: (1തിമൊ, 1:17). നിത്യരാജാവാവ് അക്ഷയനും അദൃശ്യനായ ദൈവം മാത്രമാണ്. യേശു എല്ലാവർക്കും ദൃശ്യനായവനാണ്. അതേ ദൈവമാണ് മനുഷ്യനായി വെളിപ്പെട്ടിരിക്കുന്നതെന്ന് സമ്മതിച്ചാൽ ഓക്കെ, അല്ലെങ്കിൽ യേശു ദൈവമല്ല. പിന്നെയവൻ ആരാണെന്ന് നിങ്ങൾ പറയൂ??? 

9. ധന്യനായ ഏക (മോണോസ്) അധിപതിയും രാജാധിരാജാവും കർത്താധികർത്താവും: (1തിമൊ, 6:15). ധന്യനായ പരമാധികാരിയും രാജാധിരാജാവും കർത്താധികർത്താവും ഒരുവൻ മാത്രമേയുള്ളൂ. വെളിപ്പാടിൽ ക്രിസ്തുവിനെയും ഇതു പറയുന്നുണ്ട്: (വെളി, 17:14; 19:16). പുതാവും പുത്രനും വ്യത്യസ്ഥരാണെങ്കിൽ, ഇതിൽ ആരാണ് ശരിക്കും പരമാധികാരിയായ ദൈവം???

10. താൻ മാത്രം (മോണോസ്) അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ: (1തിമൊ, 6:16). ആർക്കും കാണാൻ കഴിയാത്തവനും മരണമില്ലാത്തവനും ദൈവം മാത്രമാണ്. ക്രിസ്തുവാകട്ടെ, എല്ലാവരും കണ്ടവനും, ഒരിക്കൽ മരിച്ചവനുമാണ്. ക്രിസ്തു അതേ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടല്ലെങ്കിൽ, പിന്നെങ്ങനെ ക്രിസ്തു ദൈവമാകും???

11. നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏക (മോണോസ്) നാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു: (യൂദാ 1:4). ഇവിടെ, ക്രിസ്തുവിനെ മാത്രമാണ് ഏകനാഥൻ അഥവാ, രക്ഷിതാവെന്ന് പറയുന്നത്. ദൈവം മൂന്ന് വ്യക്തികളാണെങ്കിൽ, പിതാവിനും പരിശുദ്ധാത്മാവിനും പിന്നെന്താ റോൾ???

12. വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്നു, നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏക (മോണോസ്) ദൈവത്തിന്നു തന്നേ, സർവ്വകാലത്തിന്നുമുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേൻ: (യൂദാ 1:24). ഇവിടെ വരുമ്പോൾ രക്ഷിതാവ് പിതാവ് മാത്രമാണ്. ദൈവം ഏകവ്യക്തിയും, ആ ദൈവത്തിൻ്റെ മൂന്നു വെളിപ്പാടുകളാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും എന്നുവന്നാലല്ലേ ഇതെക്കെ ശരിയാകൂ. അല്ലെങ്കിൽ ബൈബിൾ തന്നിൽത്തന്നെ ഛിദ്രിച്ചുപോയെന്ന് പറയേണ്ടി വരില്ലേ???

13. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏക (മോണോസ്) പരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും: (വെളി, 15:4). ഒരേയൊരു പരിശുദ്ധൻ മാത്രമേയുള്ളുവെന്ന് ഖണ്ഡിതമായ ഭാഷയിലാണ് പറഞ്ഞിരിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ഥരായ മൂന്നു വ്യക്തികളാണെങ്കിൽ, അതിൽ ഒരാൾ മാത്രമാണ് പരിശുദ്ധൻ. അതാരാണെന്ന് ത്രിത്വപണ്ഡിതന്മാർ ഒന്നു കണ്ടുപിടിച്ചു തരണം? പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകദൈവത്തിൻ്റെ മൂന്ന് പദവികൾ അഥവാ, സ്ഥാനങ്ങളും ദൈവം ഏകവ്യക്തിയും ആണെങ്കിലല്ലേ ‘ഏകപരിശുദ്ധൻ’ എന്ന് ഖണ്ഡിതമായി ദൈവത്തെ വിളിക്കാൻ കഴിയൂ???

ദൈവം നിത്യനും (യെശ, 40:28) സർവ്വജ്ഞാനിയും (യെശ, 46:10) സർവ്വവ്യാപിയും (യിരെ, 23:23,24) സർവ്വശക്തനും (ഉല്പ, 17:1) ആണ്. നിത്യൻ അഥവാ, അനാദ്യന്ത്യൻ എന്നാൽ, ആദിയും അന്ത്യവുമില്ലാത്തവൻ എന്നാണ്. സർവ്വജ്ഞാനി അഥവാ, സകലവും അറിയുന്നവനെന്നാൽ, ആദിയിൽത്തന്നെ അവസാനവും കാണുന്നവൻ എന്നാണ്. സർവ്വവ്യാപി അഥവാ, സർവ്വസന്നിഹിതൻ എന്നാൽ, സർവ്വ പ്രപഞ്ചവും നിറഞ്ഞുനില്ക്കുന്നവൻ, സകലയിടത്തും തൻ്റെ സാന്നിധ്യമുള്ളവൻ എന്നാണ്. സർവ്വശക്തൻ അഥവാ, മഹാബലവാനെന്നാൽ, സകലവും സാദ്ധ്യമാക്കാൻ കഴിവുള്ളവൻ, ഒന്നിനും ആരെയും ആശ്രയിക്കാൻ ആവശ്യമില്ലാത്തവൻ എന്നൊക്കെയാണ്. ഇത്ര മഹാശ്രേഷ്ഠരായ മൂന്നു ദൈവങ്ങൾ അഥവാ, വ്യക്തികളുടെ ആവശ്യമെന്താണ്??? ദൈവം ഏകൻ മാത്രമായിരുന്നാൽ പറ്റില്ലേ??? മൂന്നു ദൈവങ്ങൾ അല്ലെങ്കിൽ, മൂന്നു വ്യക്തികൾ എന്നു ബൈബിളിൽ എവിടെയാണുള്ളത്. പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകദൈവത്തിൻ്റെ മൂന്നു പദവിനാമങ്ങളെ, ജനിപ്പിച്ച ദൈവമെന്നും, ജനിച്ച ദൈവമെന്നും, പുറപ്പെട്ട ദൈവമെന്നും മൂന്നു ദൈവങ്ങളാക്കിയത് ബൈബിളല്ല; നിഖ്യാവിശ്വാസപ്രമാണമാണ്. ബൈബിൾ സ്വതന്ത്രമായും നിഷ്പക്ഷമായും വായിക്കുകയും പഠിക്കുകയും ചെയ്യുന്നൊരാൾക്ക് ഏകസത്യദൈവത്തെ മാത്രമേ കാണാൻ കഴിയൂ. ആ ദൈവം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നു സ്ഥാനങ്ങളിൽ അഥവാ, സ്ഥാനപ്പേരുകളിൽ വെളിപ്പെട്ടിരിക്കുന്നു എന്നുമാത്രം. 

യെഹൂദന്മാരുടെ രാവിലെയും വൈകിട്ടുമുള്ള ‘ഷെമാ യിസ്രായേൽ’ എന്ന പ്രാർത്ഥനയുടെ ആദ്യഭാഗമായ “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ: (ആവ 6:4) എന്നതിൻ്റെ നിങ്ങളുടെ വ്യാഖ്യാനം വഞ്ചനാപരമല്ലേ? അതിലെ, എലോഹീം (ദൈവം), എഖാദ് (ഏകൻ) എന്നീ പദങ്ങൾ ബഹുവചനമാണെന്നും, അതിൽ, മൂന്നു പ്രാവശ്യം ദൈവം (യഹോവ, ദൈവം, യഹോവ) എന്നു പറഞ്ഞിരികയാൽ ദൈവം ത്രിത്വമാണെന്നും പഠിപ്പിക്കുന്നില്ലേ? കൂടാതെ, ബഹുദേവാരാധയുടെ ഇടയിൽ ഉറപ്പിക്കപ്പെടേണ്ട ഒന്നായിരുന്നു ദൈവത്തിൻ്റെ ഏകത്വം. തന്മൂലം, പഴയനിയമ വെളിപ്പാടിൽ ദൈവത്തിൻ്റെ ഏകത്വത്തിനാണ് പ്രാധാന്യം നല്കിയിട്ടുള്ളതെന്നും നിങ്ങൾ പറയുന്നു. അതായത്, പലസ്തീൻ്റെ ചുറ്റുമുള്ള ജാതികളെല്ലാം ബഹുദൈവവിശ്വാസികൾ ആയതുകൊണ്ട് അവരുടെ വിശ്വാസവുമായി യിസ്രായേൽജനം ഇടകലരാതിരിക്കാൻ, അക്ഷരാർത്ഥത്തിൽ ബഹുദൈവമായ യഹോവ മോശയെക്കൊണ്ട് താൻ ‘ഏകൻ’ അഥവാ, ഏകസത്യദൈവമാണെന്ന് ജനത്തോടു നുണ പറയിക്കുക്കുകയായിരുന്നു. എന്നുവെച്ചാൽ, പരമപരിശുദ്ധനായ യഹോവ ചതിയനും, നുണയനും, വഞ്ചകനുമാണെന്നു സ്ഥാപിക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്???

ദൈവം ഏകൻ, ദൈവം ഒരുവൻ, ഏകസത്യദൈവം, ദൈവവും പിതാവുമായവൻ ഒരുവൻ എന്നിങ്ങനെയാണ് ബൈബിളിൽ പറയുന്നത്. ഇനി, മേല്പറഞ്ഞ എല്ലാക്കാര്യങ്ങളും നമുക്കു മറക്കാം: ബൈബിളിൽ പറഞ്ഞിരിക്കുന്ന മറ്റുകാര്യങ്ങൾ മറക്കാം, എബ്രായ ഗ്രീക്കു അക്കങ്ങൾ മറക്കാം, ബുദ്ധിയും യുക്തിയും കൂടി മറക്കാം. ത്രിത്വം പഠിപ്പിക്കുന്നത് ഒന്നിനു ബഹുത്വമുണ്ടെന്നാണല്ലോ? അതു വെള്ളം തൊടാതെ വിഴുങ്ങാം. അഥവാ, ചോദ്യം ചെയ്യാതെ നമുക്കു വിശ്വസിക്കാം. പിതാവ് ഒരുവൻ, പുത്രൻ ഒരുവൻ, പരിശുദ്ധാത്മാവ് ഒരുവൻ എന്നു ബൈബിളിൽ പറഞ്ഞിട്ടില്ല; ദൈവം ഒരുവൻ എന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഒന്നിനു ബഹുത്വമുണ്ടെങ്കിൽ, ‘ദൈവം ഒരുവൻ’ എന്നു പറഞ്ഞിരിക്കയാൽ ദൈവത്തിനല്ലേ ബഹുത്വമുണ്ടാകേണ്ടത്??? തന്മൂലം, മൂന്നു ദൈവങ്ങൾ എന്നല്ലേ പഠിക്കേണ്ടതും, പഠിപ്പിക്കേണ്ടതും??? അതല്ലേ, ശരിയായ പ്രയോഗം? പ്രത്യുത, ഏകദൈവമെന്നും മൂന്നു വ്യക്തികളെന്നും പഠിപ്പിക്കുന്നതിന് ബൈബിളിലെന്ത് അടിസ്ഥാനമാണുള്ളത്??? ഒരു പണ്ഡിതൻ മൂന്നു ദൈവങ്ങൾ എന്നു പറഞ്ഞിട്ടുണ്ടല്ലോ??? ധൈര്യമുണ്ടെങ്കിൽ നിങ്ങളും അങ്ങനെതന്നെ പഠിപ്പിക്കണം. അതാണ് പുരുഷത്വം: (1കൊരി, 16:13; എബ്രാ, 4:12).

ത്രിത്വപണ്ഡിതന്മാരെ, ഏകദൈവത്തെ ത്രിത്വമാക്കാൻ നിങ്ങൾ ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്ത് ദൈവത്തോടും അവൻ്റെ വചനത്തോടും മത്സരിക്കുകയാണ് ചെയ്യുന്നതെന്ന് അറിയാത്തതെന്തേ??? “നിങ്ങൾ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?” (യെശ, 46:5). “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല.” (യെശ, 44:8). ദൈവത്തിന് സമനോ സാമ്യനോ ഇല്ലെന്ന് ദൈവവചനം ആവർത്തിച്ചു പറഞ്ഞിട്ടും, സമനിത്യന്മാരായ മൂന്നു വ്യക്തികളുണ്ടെന്ന് പഠിപ്പിക്കുന്നത് സാത്താന്യവഞ്ചനയല്ലേ??? ബൈബിൾ വായിക്കുവാനും വസ്തുനിഷ്ഠമായി പഠിക്കുവാനും മനസ്സുവെയ്ക്കാതെ, പണ്ഡിതന്മാരിലും പാസ്റ്റർന്മാരിലും ആശ്രയിക്കുന്നതാണ് വിശ്വാസസമൂഹത്തിൻ്റെ കുഴപ്പം. ത്രിത്വപണ്ഡിതന്മാരുടെ വ്യവസ്ഥയില്ലാത്ത വേദപുസ്തക വ്യാഖ്യാനം കാരണം, ദൈവത്തെക്കുറിച്ചാണ് കൂടുതൽ ദുരുപദേശങ്ങൾ ഇന്നുള്ളത്. ദൈവം ഏകനാണെന്ന് പഴയനിയമത്തിലും പുതിയനിയമത്തിലുമായി നൂറിലേറെ വാക്യങ്ങളിൽ പറഞ്ഞുവെച്ചിട്ടും, അത് വിശ്വസിക്കാൻ കഴിയാത്തതാണ് മഹാഭൂരിപക്ഷം വരുന്ന ക്രൈസ്തവരുടെ പ്രശ്നം. “ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ” എബ്രായലേഖകൻ ഉദ്ബോധിപ്പിക്കുന്നു. ആദ്യവചനമെന്നാൽ, അവൻ്റെ ‘പുത്രത്വം അഥവാ, ജഡത്തിലുള്ള വെളിപ്പാടും വേലയുമാണ്. എന്നാൽ, അവൻ്റെ അസ്തിത്വം അതിലൊതുങ്ങുന്നതല്ല. അവനാണ് സകലത്തിൻ്റെയും ഉടയവനും സൃഷ്ടിതാവും രക്ഷിതാവുമായ ഏകസത്യദൈവം. ബൈബിളിൽ നിന്നു ഇത് ഗ്രഹിക്കുകയെന്നതാണ് പരിജ്ഞാനപൂർത്തി. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

പെന്തെക്കൊസ്ത് സഭയിലെ (AG) ഒരു പാസ്റ്റർ മൂന്നു ദൈവങ്ങളുണ്ടെന്നു വെല്ലുവിളിച്ചു പറയുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

മൂന്നു ദൈവങ്ങൾ

മുഹമ്മദ് ഈസയുമായി ഫോണിൽ സംസാരിക്കുമ്പോൾ ദൈവം സംഖ്യാപരമായി മൂന്നാണെന്നു സമ്മതിക്കുന്ന ഒരു ത്രിത്വപണ്ഡിതൻ്റെ ഓഡിയോ കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

സംഖ്യാപരമായി മൂന്നുദൈവം

Leave a Reply

Your email address will not be published. Required fields are marked *