ദാനീയേൽ

ദാനീയേൽ

പേരിനർത്ഥം — ദൈവം എൻ്റെ ന്യായാധിപതി

ദാനീയേൽ പ്രവചനത്തിന്റെ കർത്താവ്. ദാനീയേൽ പ്രവാചകന്റെ മാതാപിതാക്കളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒരറിവുമില്ല. രാജകുടുംബത്തിലോ പ്രഭു കുടുംബത്തിലോ ജനിച്ചിരിക്കണം. (ദാനീ, 1:3). യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം വർഷത്തിൽ ദാനീയേലിനെയും കൂട്ടരെയും ബാബേൽ രാജാവായ നെബുഖദ്നേസർ ബദ്ധരാക്കിക്കൊണ്ടു പോയി. അന്ന് ദാനീയേൽ വളരെ ചെറുപ്പമായിരുന്നു. യിസായേല്യരിൽ രാജസന്തതിയിലും കുലീനന്മാരിലു വച്ച് അംഗഭംഗം ഇല്ലാത്തവരും സുന്ദരന്മാരും സകല ജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമർത്ഥന്മാരും യോഗ്യന്മാരുമായ ചില ബാലന്മാരെ തിരഞ്ഞെടുത്ത് കല്ദയഭാഷയും വിദ്യയും അഭ്യസിപ്പിച്ചു. ആ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ്, എന്നിവർ ഉണ്ടായിരുന്നു. (1:6). ഷണ്ഡാധിപൻ ദാനീയേലിന് ബേൽത്ത്ശസ്സർ എന്ന പേർ നല്കി. ദാനീയേലും കൂട്ടുകാരും ഭക്ഷണസംബന്ധമായ ന്യായപ്രമാണ കല്പന ലംഘിക്കാതിരിക്കുവാൻ ശ്രമിച്ചു. അവർ രാജഭോജനം കൊണ്ട് മലിനപ്പെടാതെ തങ്ങളെത്തന്നെ കാത്തുസൂക്ഷിച്ചു. പത്തു ദിവസത്തെ പരീക്ഷണത്തിൽ ശാകാപദാർത്ഥം കഴിച്ച നാലു ബാലന്മാരും രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരെക്കാളും അഴകും മാംസപുഷ്ടിയും ഉള്ളവരായി കാണപ്പെട്ടു. ദാനീയേൽ ദർശനങ്ങളെയും സ്വപ്നങ്ങളെയും വിവേചിക്കുവാൻ കഴിവുള്ളവനായിത്തീർന്നു. മൂന്നുവർഷത്തെ പരിശീലനത്തിനു ശേഷം നാലുപേരെയും രാജസന്നിധിയിൽ കൊണ്ടുവന്നു. സംതൃപ്തനായ നെബുഖദ്നേസർ അവരെ രാജസന്നിധിയിൽ ശുശ്രൂഷയ്ക്ക് നിയമിച്ചു. 

നെബുഖദ്നേസരിന്റെ വാഴ്ചയുടെ രണ്ടാം വർഷത്തിൽ രാജാവു ഒരു സ്വപ്നം കണ്ടു, വ്യാകുലപ്പെട്ടു. രാജാവിനു സ്വപ്നം ഓർക്കാൻ കഴിഞ്ഞില്ല. ബാബേലിലെ വിദ്വാന്മാരിൽ ആർക്കും രാജാവിന്റെ സ്വപ്നവും അർത്ഥവും പറയുവാൻ കഴിഞ്ഞില്ല. എന്നാൽ ദാനീയേൽ രാജാവിനു സ്വപ്നവും അർത്ഥവും വെളിപ്പെടുത്തിക്കൊടുത്തു . (2:1-46). സംപ്രീതനായ രാജാവ് ദാനീയേലിനെ ബാബേൽ സംസ്ഥാനത്തിന് അധിപതിയും ബാബേലിലെ വിദ്വാന്മാർക്കു പ്രധാന വിചാരകനും ആയി നിയമിച്ചു. ദാനീയേൽ രാജാവിന്റെ കൊട്ടാരത്തിൽ പാർത്തു. (2:48-49). അനന്തരം രാജാവിൻ്റെ മറെറാരു സ്വപ്നവും ദാനീയേൽ വ്യാഖ്യാനിച്ചു. അല്പകാലത്തേക്കു നെബുഖദ്നേസരിനു സിംഹാസനം നഷ്ടപ്പെടുകയും രാജാവ് കാളയെപ്പോലെ പുല്ലു തിന്നുകയും ചെയ്യുമെന്നും ആ കാലത്തിനുശേഷം നെബുഖദ്നേസരിന് രാജത്വം ഉറയ്ക്കുമെന്നും ആയിരുന്നു ആ സ്വപ്നത്തിന്റെ അർത്ഥം. (4:1-37). നെബുഖദ്നേസരിന്റെ അനന്തരഗാമികളുടെ കാലത്ത് ദാനീയേലിന് ഇത്രയും ഉന്നതമായ സ്ഥാനം ഉണ്ടായിരുന്നതായി കാണുന്നില്ല. (8:27). ദാനീയേൽ ശുശൻ രാജധാനിയിൽ വസിക്കുകയായിരുന്നു. ബേൽശസ്സർ രാജാവിന്റെ ഒന്നാം വർഷത്തിലും പിന്നീട് മൂന്നാം വർഷത്തിലും ദാനീയേൽ ദർശനങ്ങൾ കണ്ടു. (7:1, 8:1). ഭാവികാലസംഭവങ്ങളും ലോകരാഷ്ട്രങ്ങളുടെ അന്ത്യവിധിയും അവയ്ക്കു ദൈവരാജ്യത്തോടുള്ള ബന്ധവും ദാനീയേലിനു വെളിപ്പെട്ടു. 

ബേൽശസ്സർ രാജാവു ഒരു വലിയ വിരുന്നു നടത്തി. ആ സമയത്ത് ഒരു കൈപ്പത്തിവന്ന് ഭിത്തിയിൽ എഴുതി. ആ എഴുത്ത് വായിക്കുന്നതിനോ അർത്ഥം പറയുന്നതിനോ വിദ്വാന്മാർക്കു കഴിഞ്ഞില്ല. ദാനീയേലിനെ വരുത്തുകയും അദ്ദേഹം എഴുത്തിന്റെ അർത്ഥം രാജാവിനെ ബോധിപ്പിക്കുകയും ചെയ്തു. ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിപ്പിച്ച് രാജാവ് ദാനീയേലിനെ രാജ്യത്തിൽ മൂന്നാമനാക്കി. ആ രാത്രിയിൽ തന്നെ ബേൽശസ്സർ കൊല്ലപ്പെടുകയും ദാര്യാവേശ് രാജാവാകുകയും ചെയ്തു. (5:29). വിസ്തൃതമായ രാജ്യം ഭരിക്കേണ്ടതിനു 120 പ്രധാന ദേശാധിപതികളെയും അവരുടെമേൽ മൂന്നു അദ്ധ്യക്ഷന്മാരെയും ദാര്യാവേശ് നിയമിച്ചു. മൂന്നദ്ധ്യക്ഷന്മാരിൽ ഒരാളായിരുന്നു ദാനീയേൽ. ദാനീയേലിൻ്റെ ഉന്നത പദവിയും കർശനമായ നീതിനിഷ്ഠയും സഹപ്രവർത്തകരിൽ അസൂയ ഉളവാക്കി. അവർ ദാനീയേലിനെതിരെ ഗൂഢാലോചന നടത്തി. മുപ്പതു ദിവസത്തേക്കു രാജാവിനോടല്ലാതെ ആരോടും പ്രാർത്ഥിക്കരുതെന്നും അനുസരിക്കാത്തവനെ സിംഹക്കുഴിയിൽ ഇട്ടുകളയുമെന്നും ഒരു കല്പന പുറപ്പെടുവിക്കുന്നതിന് അവർ രാജാവിനെ പ്രേരിപ്പിച്ചു. ഭാര്യാവേശ് രാജാവു രേഖയും വിരോധ കല്പനയും എഴുതിച്ചു. ഇതറിഞ്ഞ ദാനീയേൽ വീട്ടിൽ ചെന്ന് മുൻപേ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു. (6:10). ശത്രുക്കൾ ഈ വിവരം രാജാവിനെ അറിയിച്ചു. രാജാവ് ദാനീയേലിനെ സിംഹഗുഹയിൽ ഇട്ടു. ദു:ഖിതനായ രാജാവ് ഉപവസിച്ച് രാത്രി കഴിച്ചുകൂട്ടി. ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. രാജാവ് രാവിലെ ഗുഹയ്ക്കടുത്തു ചെന്നു. ദാനീയേലിനെ സിംഹഗുഹയിൽ നിന്നു കയറ്റുവാൻ കല്പിച്ചു. അനന്തരം ദാനീയേലിനെ കുറ്റം ചുമത്തിയവരെ സിംഹഗുഹയിലിട്ടു. 

കോരെശിന്റെ കാലത്തും ദാനീയേൽ ശുഭമായിരുന്നു. (6:28). കോരെശിന്റെ മൂന്നാം വർഷത്തിൽ ദാനീയേലിനു പിന്നെയും ദർശനങ്ങൾ ലഭിച്ചു. യിസ്രായേൽ ജാതിയുടെ കഷ്ടതയും അവർക്കു പിന്നീടുണ്ടാകുന്ന മഹത്വവും യേശുക്രിസ്തുവിലൂടെയുള്ള അവരുടെ യഥാർത്ഥ വീണ്ടെടുപ്പും ദാനീയേൽ ദർശിച്ചു. ”നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റു വരും” എന്നിങ്ങനെ ആശ്വാസവാഗ്ദാനം ദാനീയേലിനു ലഭിച്ചു. ദാനീയേൽ നീതിമാനും ജ്ഞാനിയുമായിരുന്നു എന്ന് യെഹസ്ക്കേൽ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നു. (14:14,20, 28:3). യെഹസ്ക്കേൽ ഇതെഴുതുമ്പോൾ ദാനീയേൽ യുവാവായിരുന്നു. അതിനാൽ ഈ ദാനീയേലിനെ അല്ല, മറ്റേതെങ്കിങ്കിലും പ്രവാചകനെയോ റാസ്ഷമ്രാ പുരാണത്തിലെ (ഉഗാരിറ്റിസ് പാഠം) ദാനീയേലിനെയോ ആണ് യെഹെസ്ക്കേൽ വിവക്ഷിക്കുന്നതെന്നു ചിലർ കരുതുന്നു. അതു ശരിയായിരിക്കാനിടയില്ല. കുട്ടിക്കാലം മുതല്ക്കേ വിശുദ്ധിക്കും വിജ്ഞാനത്തിനും ദാനീയേൽ പ്രഖ്യാതി നേടിയിരുന്നു എന്നത് മറക്കാനാവില്ല. (ദാനീ, 1:4,17,20). യെഹെസ്ക്കേലിന്റെ പ്രവചനകാലത്ത് ദാനീയേലിനു മുപ്പതുവയസ്സെങ്കിലും പ്രായം ഉണ്ടായിരുന്നിരിക്കണം. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ദാനീയേലിൻ്റെ പുസ്തകം’).

Leave a Reply

Your email address will not be published. Required fields are marked *