ക്രൈസ്തവസ്നാനം ഏതു നാമത്തിൽ

ക്രൈസ്തവസ്നാനം ഏതു നാമത്തിൽ

ക്രൈസ്തവഗോളത്തിൽ ഏറെ വിവാദമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് സ്നാനം ഏത് നാമത്തിൽ കഴിക്കണമെന്നുള്ളത്. ബൈബിൾ എന്തുപറയുന്നു എന്നു നോക്കാതെ, ‘താൻ പിടിച്ച മുയലിന് മുന്നു കൊമ്പു’ എന്ന നിലപാടാണ് പലരും സ്വീകരിക്കുന്നത്. ദൈവമക്കൾതന്നെ പരസ്പരം പോരടിക്കുന്ന ഈ സാഹചര്യത്തിൽ ബൈബിൾ ഈ വിഷയത്തിൽ എന്തുപറയുന്നു എന്നാണ് പരിശോധിക്കുന്നത്. എൻ്റെ ഭോഷത്വത്താൽ ഒരു വാക്കുപോലും എഴുതിച്ചേർക്കാതെ ബൈബിൾ വാക്യങ്ങൾ കൊണ്ടുതന്നെ ഇതിനൊരു ഉത്തരം തേടുകയാണ്. ഞാനായിട്ട് ഒരുത്തരവും പറയുന്നുമില്ല; അവസാന ഉത്തരം അനുവാചകരുടേതായിരിക്കും. മുഴുവൻ വേദഭാഗങ്ങളും ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. എല്ലാം പരിശോധിച്ചശേഷം നിങ്ങളുടെ ഉത്തരം ആത്മാർത്ഥമായി കമൻ്റ് ബോക്സിൽ എഴുതിയിടുക.

പുതിയനിയമത്തിലെ എല്ലാക്കാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു:

1. പ്രവചനം യേശുവിൻ്റെ നാമത്തിലാണ്.

2. ഭൂതോച്ചാടനം യേശുവിൻ്റെ നാമത്തിലാണ്.

3. വീര്യപ്രവൃത്തികൾ യേശുവിൻ്റെ നാമത്തിലാണ്.

“കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.” (മത്തായി, 7:22).

4. ജാതികളുടെ പ്രത്യാശ യേശുവിൻ്റെ നാമമാണ്.

“അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും” (മത്തായി 12:20).

5. കൂടിവരുന്ന നാമം യേശുവിൻ്റെയാണ്.

“രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 18:20).

6. മാനസാന്തരവും പാപമോചനവും യേശുവിൻ്റെ നാമത്തിലാണ്.

“അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കോസ് 24:47).

7. ലോകത്തിൻ്റെ മക്കൾ ദൈവമക്കളാകുന്നത് യേശുവിൻ്റെ നാമത്തിലാണ്.

“അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.” (യോഹന്നാൻ 1:12).

8. യെഹൂദന്മാർ പലരും വിശ്വസിച്ചത് യേശുവിൻ്റെ നാമത്തിലാണ്.

“പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.” (യോഹന്നാൻ 2:23).

9. യേശുവിൻ്റെ നാമത്തിൽ വിശ്വസിക്കാത്തവർക്കാണ് ന്യായവിധി വരുന്നത്. 

“അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.” (യോഹന്നാൻ 3:18).

10. പ്രാർത്ഥന യേശുവിൻ്റെ നാമത്തിലാണ്.

“നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും.” (യോഹന്നാൻ 14:13).

11. യേശുവിനൊട് പ്രാർത്ഥിക്കുന്നതും ആ നാമത്തിൽ തന്നെയാണ്.

“നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും.” (യോഹന്നാൻ 14:14).

12. പരിശുദ്ധാത്മാവ് യേശുവിൻ്റെ നാമത്തിലാണ് വന്നത്.

“എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.” (യോഹന്നാൻ 14:26).

13. പിതാവിനോട് പ്രാർത്ഥിക്കുന്നതും യേശുവിൻ്റെ നാമത്തിലാണ്.

“നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ നിങ്ങൾക്കു തരുവാനായിട്ടു തന്നേ.” (യോഹന്നാൻ 15:16).

14. യേശുവിൻ്റെ നാമത്തിലാണ് പിതാവ് മറുപടി നല്കുന്നത്.

“അന്നു നിങ്ങൾ എന്നോടു ഒന്നും ചോദിക്കയില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും.” (യോഹന്നാൻ 16:23).

15. നിത്യജീവൻ യേശുവിൻ്റെ നാമത്തിലാണ്.

“എന്നാൽ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്റെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു.” (യോഹന്നാൻ 20:31).

16. രോഗസൗഖ്യം യേശുവിൻ്റെ നാമത്തിലാണ്.

“അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു.” (പ്രവൃത്തികൾ 3:6).

17. രക്ഷ യേശുവിൻ്റെ നാമത്തിലാണ്.

“മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃത്തികൾ 4:12).

18. അടയാളങ്ങളും അത്ഭുതങ്ങളും നടക്കുന്നത് യേശുവിൻ്റെ നാമത്തിലാണ്.

“സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂർണ്ണധൈര്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്കേണമേ.” (പ്രവൃത്തികൾ 4:30).

19. അപ്പൊസ്തലന്മാർ കഷ്ടം സഹിച്ചത് യേശുവിൻ്റെ നാമത്തിലാണ്.

“തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.” (പ്രവൃത്തികൾ 5:41).

20. സുവിശേഷം യേശുവിൻ്റെ നാമത്തിലാണ്.

“എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.” (പ്രവൃത്തികൾ 8:12).

21. ആദിമസഭ വിളിച്ചപേക്ഷിച്ചിരുന്നത് യേശുവിൻ്റെ നാമമാണ്

“ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.” (പ്രവൃത്തികൾ 9:14).

22. യേശുവിൻ്റെ നാമം ജാതികൾക്കു വെളിപ്പെടുത്താനാണ് ശൗലിനെ തിരഞ്ഞെടുത്തത്.

“കർത്താവു അവനോടു: നീ പോക; അവൻ എന്റെ നാമം ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ വഹിപ്പാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.” (പ്രവൃത്തികൾ 9:15).

23. പൗലൊസ് പ്രസംഗിച്ചത് യേശുവിൻ്റെ നാമത്തിലാണ്.

“ദമസ്കൊസിൽ അവൻ യേശുവിന്റെ നാമത്തിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോടു വിവരിച്ചു പറഞ്ഞു.” (പ്രവൃത്തികൾ 9:27).

24. യേശുവിൻ്റെ നാമമാണ് പാപമോചനത്തിനായി സകല പ്രവാചകന്മാരും സാക്ഷ്യം പറഞ്ഞത്.

“അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.” (പ്രവൃത്തികൾ 10:43).

25. അപ്പൊസ്തലന്മാരുടെ പ്രാണാത്യാഗം യേശുവിൻ്റെ നാമത്തിലായിരുന്നു.

“ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ” (പ്രവൃത്തികൾ 15:25).

26. പൗലൊസ് ബന്ധിക്കപ്പെട്ടത് യേശുവിൻ്റെ നാമത്തിലാണ്.

“കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.” (പ്രവൃത്തികൾ 21:13).

27. ജാതികൾക്ക് വിശ്വാസത്തിനായി അനുസരണം വന്നത് യേശുവിൻ്റെ നാമത്തിലാണ്.

“അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.” (റോമർ 1:6).

28. വിശ്വാസികൾ ശുശ്രൂഷക്കാരെ കൈക്കൊണ്ടത് കർത്താവിൻ്റെ നാമത്തിലാണ്.

“നിങ്ങൾ വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു.” (റോമർ 16:2).

29. യേശുവിൻ്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവർക്കാണ് പുതിയനിയമം എഴുതിയിരിക്കുന്നത്.

“ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരിന്ത്യർ 1:2).

30. ക്രമംകെട്ടു നടക്കുന്നവരെ സഭ മുടക്കുന്നതും യേശുവിൻ്റെ നാമത്തിലാണ്.

“നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ, ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.” (1കൊരിന്ത്യർ 5:4).

31. ശുദ്ധീകരണവും നീതീകരണവും യേശുവിൻ്റെ നാമത്തിലാണ്.

“നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.” (1കൊരിന്ത്യർ 6:11).

32. പിതാവിനു സ്തോത്രം കരേറ്റുന്നത് യേശുവിൻ്റെ നാമത്തിലാണ്.

“നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.” (എഫെസ്യർ 5:20)

33. യേശുവിൻ്റെ നാമം സകല നാമത്തിനും മേലായ നാമമാണ്.

“അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;” (ഫിലിപ്പിയർ 2:9).

34. സർവ്വലോകരുടേയും മുഴങ്കാൽ മടങ്ങുന്നത് യേശുവിൻ്റെ നാമത്തിങ്കലാണ്.

“അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും” (ഫിലിപ്പിയർ 2:10).

35. വാക്കിനാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും യേശുവിൻ്റെ നാമത്തിൽ ചെയ്യണം.

“വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊസ്സ്യർ 3:17).

36. പ്രബോധനം യേശുവിൻ്റെ നാമത്തിലാണ്.

“ഇനിയും അധികം വർദ്ധിച്ചു വരേണ്ടതിന്നു ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.” (1തെസ്സലൊനീക്യർ 4:1). 

37. വിശ്വാസികളിൽ മഹത്വപ്പെടേണ്ടത് യേശുവിൻ്റെ നാമമാണ്.

“അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കർത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു” (2തെസ്സലൊനീക്യർ 1:11).

38. യേശുവിൻ്റെ നാമം ഏറ്റുപറഞ്ഞാണ് പിതാവിനെ സ്തുതിക്കേണ്ടത്.

“അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.” (എബ്രായർ 13:15).

39. യേശുവിൻ്റെ നാമത്തിൽ നിന്ദ സഹിക്കുന്നത് ഭാഗ്യമാണ്.

“ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.” (1പത്രൊസ് 4:14).

40. പിതാവിൻ്റെ കല്പന പുത്രനായ യേശുവിൻ്റെ നാമത്തിൽ വിശ്വസിക്കണമെന്നാണ്.

“അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.” (1യോഹന്നാൻ 3:23).

41. പുതിയനിയമ എഴുത്തുകളുടെ ഒരുദ്ദേശ്യം യേശുവിൻ്റെ നാമത്തിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ഉണ്ടെന്ന് അറിയാനാണ്.

“ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.” (1യോഹന്നാൻ 5:13).

യേശു എന്ന ഈ നാമം ഏതാണ്

“അവൾ ഒരു മകനെ പ്രസവിക്കും; അവൻ (യേശു) തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും.” (മത്തായി 1:21,22).

“ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.” (യോഹന്നാൻ 5:43).

“യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹന്നാൻ 10:25).

“ഈന്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.” (യോഹന്നാൻ 12:13; ഒ.നോ: മത്താ, 21:9; 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 19:38).

“പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:” (യോഹന്നാൻ 12:28) = പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ. (യോഹന്നാൻ 17:1).

“നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.” (യോഹന്നാൻ 17:6).

“ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹന്നാൻ 17:11).

“അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.” (യോഹന്നാൻ 17:12).

“നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” (യോഹന്നാൻ 17:26).

“സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ.” (പ്രവൃത്തികൾ 15:14) = “യേശുവിന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും.” (മത്താ, 12:20; യെശ, 42:1-4) = “യേശുവിന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.” (റോമർ 1:6).

“കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. (പ്രവൃ, 2:21; റോമ, 10:13; യോവേ, 2:32) = “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃത്തികൾ 4:12).

“അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും.” (റോമർ 15:10) = “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും.” (റോമർ 15:12).

പരിശുദ്ധാത്മാവിനെ ദൈവത്തിൻ്റെ ആത്മാവെന്നും യേശുവിൻ്റെ ആത്മാവെന്നും അഭിന്നമായി വിളിച്ചിരിക്കുന്നു

“നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.” (1കൊരിന്ത്യർ 2:12).

“മുസ്യയിൽ എത്തി ബിഥുന്യെക്കു പോകുവാൻ ശ്രമിച്ചു; യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല.” (പ്രവൃത്തികൾ 16:7).

“പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.” (മത്തായി 10:20).

“നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.” (ഗലാത്യർ 4:6).

“നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.” (റോമർ 8:9).

സ്നാനപ്പെടാൻ യേശു കല്പിച്ച നാമവും, ആപ്പൊസ്തലന്മാർ അനുഷ്ഠിച്ച നാമവും

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.” (മത്തായി 28:19). ഉയിർത്തെഴുന്നേറ്റ യേശു ഇവിടെ പറയുന്നതല്ലാതെ, പിതാവിൻ്റെയോ പരിശുദ്ധാത്മാവിൻ്റെയോ നാമത്തിൽ ചെയ്യാൻ കല്പിച്ചിട്ടുള്ള മറ്റൊന്നും പുതിയനിയമത്തിൽ ഇല്ല. യെഹൂദന്മാരായ തൻ്റെ പതിനൊന്ന് ശിഷ്യന്മാരോട് അവരുടെ ഭാഷയിലാണ് യേശു ഇതു പറഞ്ഞിരിക്കുന്നത്. ശിഷ്യന്മാർക്ക് അതെങ്ങനെയാണ് മനസ്സിലായതെന്ന് അപ്പൊസ്തല പ്രവൃത്തിയിൽ പറഞ്ഞിട്ടുണ്ട്:

“പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.” (പ്രവൃത്തികൾ 2:38).

“അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.” (പ്രവൃത്തികൾ 8:16).

“പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.” (പ്രവൃത്തികൾ 10:48).

“ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.” (പ്രവൃത്തികൾ 19:5).

“ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം (യേശു ക്രിസ്തു) വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.” (പ്രവൃത്തികൾ 22:16).

“അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?” (റോമർ 6:3).

“ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.” (ഗലാത്യർ 3:27).

“സ്നാനത്തിൽ നിങ്ങൾ അവനോടു(ക്രിസ്തു)കൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.” (കൊലൊസ്സ്യർ 2:12). 

“ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൌലൊസ് നിങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൌലൊസിന്റെ നാമത്തിൽ നിങ്ങൾ സ്നാനം ഏറ്റുവോ?” (1കൊരി, 1:13). നിങ്ങൾക്കായി ക്രൂശിക്കപ്പെട്ടവൻ്റെ നാമത്തിലാണ് നിങ്ങൾ സ്നാനവും ഏറ്റിരിക്കുന്നതെന്ന് പൗലൊസ് കൊരിന്ത്യരെ ഓർമ്മിപ്പിക്കുന്നതും ശ്രദ്ധിക്കുക. “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും, അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.” (കൊലൊ, 3:17). എന്ന് കൊലൊസ്സ്യരെ ഉത്ബോധിപ്പിക്കുന്നതും കുറിക്കൊള്ളുക.

പുതിയനിയമത്തിൽ മാനസാന്തരം, പാപമോചനം, രക്ഷ, നിത്യജീവൻ, പ്രാർത്ഥന, രോഗസൗഖ്യം, സുവിശേഷം തുടങ്ങി സകലകാര്യങ്ങളും യേശുവിൻ്റെ നാമത്തിലാണ്. തൻ്റെ നാമം പിതാവിൻ്റെ നാമമാണെന്നും, പിതാവ് നല്കിയ നാമമാണെന്നും യേശുതന്നെ വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവിനെ പിതാവിൻ്റെ ആത്മാവെന്നും പുത്രൻ്റെ ആത്മാവെന്നും അഭിന്നമായിട്ടും വിളിക്കുന്നു. “യേശു, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിപ്പാനാണ് ശിഷ്യന്മാരോട് പറഞ്ഞത്. ‘പിതാവ് പുത്രൻ പരിശുദ്ധാത്മാവു’ എന്നത് സംജ്ഞാനാമം അല്ല പ്രത്യുത, പദവിനാമം അഥവാ, സ്ഥാനനാമമാണ്. അതായത്, യേശു ശിഷ്യന്മാരോട് കല്പിച്ചതിൻ്റെ അർത്ഥം; ‘പിതാവ് പുത്രൻ പരിശുദ്ധാത്മാവു’ എന്ന മൂന്നു സ്ഥാനനാമങ്ങൾ ഉൾക്കൊള്ളുന്ന ഏകനാമത്തിൽ അഥവാ, സംജ്ഞാനാമത്തിൽ സ്നാനം കഴിപ്പിക്കാനാണ്. ആ സംജ്ഞാനാമം എന്താണെന്നറിയാൻ പാരമ്പര്യവും ദൈവശാസ്ത്രവുമല്ല പഠിക്കേണ്ടത്; അപ്പൊസ്തലന്മാർ ഏതുനാമത്തിൽ സ്നാനം കഴിപ്പിച്ചു എന്നു നോക്കണം. അഥവാ, അപ്പൊസ്തല പ്രവൃത്തികൾ വായിച്ചു പഠിക്കണം. അവർ ‘യേശുക്രിസ്തു’ എന്ന ഏകനാമത്തിലാണ് സ്നാനം കഴിപ്പിച്ചത്: (2:38; 8:16; 10:48; 19:5; 22:16). മറ്റൊന്നുകൂടി ഓർക്കുക: പെന്തക്കൊസ്തു നാളിൽ പരിശുദ്ധാത്മാവിൽ നിറഞ്ഞശേഷമാണ് അവർ സ്നാനം കഴിപ്പിച്ചത്. യേശു കല്പിച്ചതിൽനിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാൻ അവരിൽ വസിക്കുന്ന സത്യത്തിൻ്റെ ആത്മാവ് (യോഹ, 14:26) അവരെ സമ്മതിക്കുമായിരുന്നോ??? കൂടാതെ, ‘വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്യാൻ’ (കൊലൊ, 3:17) കല്പനയുമുണ്ട്.” അങ്ങനെയെങ്കിൽ, ക്രിസ്തീയസ്നാനം യഥാർത്ഥത്തിൽ ഏതു നാമത്തിലാണ് അനുഷ്ഠിക്കേണ്ടത്??? ദൈവാത്മാവിനാൽ ജനിച്ച ഓരോരുത്തരും ശോധന ചെയ്യുക: …………………………………………………………………………………………….. നിങ്ങളുടെ ഉത്തരം വ്യക്തിപരവും സ്വതന്ത്രവും ആത്മാർത്ഥവും ആയിരിക്കട്ടെ. മറുതലിക്കുന്നവർ എന്നോടല്ല; ദൈവത്തോടും അവൻ്റെ വചനത്തോടുമായിരിക്കും. നിങ്ങൾ ഓരോരുത്തരും ആത്മാർത്ഥമായി പറയുന്ന ഉത്തരം തന്നെയായിരിക്കും എൻ്റെ ഉത്തരവും. 

ഒരു ക്രിസ്ത്യാനി ഭൂമിയിലെ ഏതെങ്കിലും പ്രാദേശിക സഭയുമായിട്ടല്ല ഉഭയസമ്മതം ചെയ്യേണ്ടത്. പ്രത്യുത ക്രിസ്തുവുമായിട്ടും, അവൻ്റെ ശരീരമായ സാർവ്വത്രിക സഭയുമായിട്ടാണ്. അങ്ങനെവരുമ്പോൾ, പരമ്പരാഗതമായി നമ്മൾ വിശ്വസിച്ചുവരുന്ന ചിലകാര്യങ്ങൾ ബൈബിളിൻ്റെ വെളിച്ചത്തിൽ തെറ്റാണെന്നു തെളിഞ്ഞാൽ, അതിനെ തള്ളിയിട്ട് സത്യത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ദൈവത്തെ പൂർണ്ണമായി ഗ്രഹിച്ച ഒരു മനുഷ്യനുമില്ല. ദൈവവചനം മുഴുവനും ഇഴകീറി പഠിച്ച ഒരു പണ്ഡിതനുമില്ല. ബൈബിൾ വെളിപ്പെടുത്തുന്ന സത്യങ്ങൾ ഹൃദയപൂർവ്വം അംഗീകരിക്കുന്നവരാണ് യഥാർത്ഥ ദൈവമക്കളും പണ്ഡിതന്മാരും. നിങ്ങളുടെ ഉത്തരം എന്തായാലും കമൻ്റ് ബോക്സിൽ ദയവായി എഴുതിയിടുക. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ!

കുറിപ്പ്: സ്നാനം രക്ഷയ്ക്കുള്ള ഉപാധിയല്ല. പ്രത്യുത, രക്ഷിക്കപ്പെട്ടവൻ അനുഷ്ഠിക്കേണ്ട ക്രിസ്തീയ കർമ്മമാണ്. “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മർക്കൊസ് 16:16). ശിക്ഷാവിധിയിൽ അകപ്പെടുന്നത് സ്നാനം ഏൽക്കാത്തവനല്ല; വിശ്വസിക്കാത്തവനാണ്. “സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു;” (1കൊരി, 1:17) എന്ന പൗലൊസിൻ്റെ പ്രസ്താവനയും ഇതിനോട് ചേർത്ത് ചിന്തിക്കുക.

2 thoughts on “ക്രൈസ്തവസ്നാനം ഏതു നാമത്തിൽ”

Leave a Reply

Your email address will not be published.