കോരെശ്

അഭിഷിക്തനായ കോരെശ്

കാംബിസസ് ഒന്നാമൻ്റെ പുതനാണ് കോരെശ് രണ്ടാമൻ. ബി.സി. 559-ൽ അൻഷാനിലെ ചക്രവർത്തിയായി വിശാലമായ പേർഷ്യാസാമ്രാജ്യം സ്ഥാപിച്ചു. ബി.സി. 559-530 ആയിരുന്നു ഭരണകാലം. വിശാലമനസ്കനായ കോരെശ് ബൈബിൾ പ്രവചനത്തിലും (യെശ, 41:25; 44:28; 45:13), ചരിത്രത്തിലും (2ദിന, 36:22; എസ്രാ, 1:1; ദാനീ, 1:21; 10:1) പ്രമുഖസ്ഥാനം വഹിക്കുന്നു. മേദ്യ, ലുദിയ എന്നീ രാജ്യങ്ങളെ കീഴടക്കി. ബി.സി. 539-ൽ ബാബിലോണിയ പിടിച്ചടക്കി. തുടർന്നു രണ്ടുനുറ്റാണ്ടോളം യെഹൂദ്യ പാർസിസാമ്രാജ്യത്തിൻറ ഒരു പ്രവിശ്യയായി തുടർന്നു. യെഹൂദാ പ്രവാസികളോട് കോരെശ് കരുണ കാണിക്കുകയും സ്വന്തസ്ഥലത്തു പോയി ദൈവാലയം പണിയുവാൻ അവർക്കനുവാദം കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിളംബരം ദിനവൃത്താന്തത്തിലും എസ്രായുടെ പുസ്തകത്തിലും കൊടുത്തിട്ടുണ്ട്: “പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കട്ടെ; അവൻ യാത്ര പുറപ്പെടട്ടെ.” (2ദിന, 36:23). യെശയ്യാപ്രവാചകൻ മഹനീയമായ വിശേഷണങ്ങളാണ് കോരെശിനു നല്കിയിട്ടുള്ളത്; ‘യഹോവയുടെ അഭിഷിക്തൻ’ അഥവാ ‘മശിഹാ’ എന്നും, ‘യഹോവയുടെ ഇടയൻ’ എന്നും പ്രവാചകൻ അദ്ദേഹത്തെ വിളിച്ചു. (യെശ, 45:1; 44:28). യെരുശലേം ദൈവാലയത്തിന്റെ പുനർനിർമ്മാണത്തിന് വിളംബരം പ്രസിദ്ധപ്പെടുത്തുക മാത്രമല്ല, പണിക്കാവശ്യമായ സഹായം നല്കുകയും ചെയ്തു. (എസ്രാ, 3:7). യഹോവയുടെ ആലയം വക ഉപകരണങ്ങൾ മടക്കിക്കൊടുത്തു. (എസ്രാ, 1:7,8). ബാബിലോൺ കോരെശിന്റെ കീഴിൽ ആയതിനുശേഷം ആദ്യത്തെ മൂന്നു വർഷം ദാനീയേൽ ശുഭമായിരുന്നു. (ദാനീ, 1:21; 6:28; 10:1). ബി.സി. 530-ൽ ഒരു യുദ്ധത്തിൽ കോരെശ് വധിക്കപ്പെട്ടു. പുത്രനായ കാമ്പിസസ് കോരെശിനു പകരം രാജാവായി.

സൈറസ് സിലിണ്ടർ

യേശുക്രിസ്തുവിനും അറുന്നൂറു കൊല്ലങ്ങൾക്ക് മുൻപ് കളിമണ്ണിൽ എഴുതപ്പെട്ട ഒരു പുരാതന ലിഖിതമാണ് സൈറസ് സിലിണ്ടർ. അക്കാടിയൻ ക്യൂനിഫോം ലിപിയിൽ എഴുതിയിരിക്കുന്ന ഇത് പേർഷ്യൻ ചക്രവർത്തിയായിരുന്ന മഹാനായ സൈറസിന്റെ (Cyrus ll of Persia) കാലത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1879-ൽ പുരാവസ്തു ഗവേഷകനായിരുന്ന Hormuzd Rassam ആണ് ആധുനിക ഇറാക്കിൽ നിന്നും ഈ ഫലകം വീണ്ടെടുത്തത്. (ഇദ്ദേഹം തന്നെയാണ് പുരാതന ഗിൽഗമെഷ് ഇതിഹാസം കണ്ടെടുത്തതും). സൂര്യദേവനായി Marduk-നെ പ്രകീർത്തിച്ച് തുടങ്ങുന്ന രചനയിൽ സൈറസിന്റെ യുദ്ധവിജയങ്ങൾ തുടർന്ന് പറയുന്നു. ഇന്നത്തെ ബൾഗേറിയ മുതൽ പാക്കിസ്ഥാൻ വരെ നീണ്ടുപരന്നു കിടന്നിരുന്ന സൈറസിന്റെ സാമ്രാജ്യത്തിൽ ഉണ്ടായിരുന്ന പേർഷ്യാക്കാരല്ലാത്ത വിദേശികൾക്ക് അവരുടെ സ്മാരകങ്ങളും ദേവാലയങ്ങളും പുതുക്കി പണിയുവാനുള്ള നിർദ്ദേശം ഈ ലിഖിതത്തിൽ ഉണ്ട്. ഇത് ബൈബിളിലെ എസ്രായുടെ പുസ്തകത്തിൽ ആവർത്തിക്കുന്നുണ്ട്. (എസ്രാ, 1:1-4). സൈറസിന്റെ ഉത്തരവിൻ പ്രകാരം ബാബിലോണിയൻ പ്രവാസികളായിരുന്ന യെഹൂദന്മാർ തിരികെ ചെന്ന് യെരൂശലേം ദേവാലയം പുനർനിർമ്മിക്കുന്നതാണ് ബൈബിളിലെ വിവരണം. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവുകളിൽ ഏറ്റവും പഴയത് എന്ന സ്ഥാനം ചില ഗവേഷകർ സൈറസ് ലിഖിതത്തിന് നല്കുന്നുണ്ട്. ഇറാനിയൻ രാജഭരണകാലത്ത് നാഷണൽ സിംബൽ എന്ന പദവി സൈറസ് ലേഖനത്തിന് ഉണ്ടായിരുന്നു. സൈറസ് സിലിണ്ടർ എന്ന പേരിൽ ബ്രിട്ടീഷ് മ്യൂസിയത്തിലായിരുന്നു ഇതിന്റെ സ്ഥാനം. വളരെയധികം നിയമ യുദ്ധങ്ങളുടെയും ഭരണകര്‍ത്താക്കളുടെ സമ്മര്‍ദ്ദം മുഖാന്തിരവും ഈ അടുത്ത കാലത്ത് ഈ സിലിണ്ടര്‍ ഇറാനിലേക്ക് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *