കെരൂബുകൾ

കെരൂബുകൾ (Cherubs)

അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും കൂടെ സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ് കെരൂബുകൾ. ദൂതന്മാരെക്കുറിച്ചുള്ള ആദ്യപരാമർശം തന്നെ കെരൂബുകളെക്കുറിച്ചുളളതാണ്. പാപത്തിൽ വീണ മനുഷ്യനെ ഏദെൻ തോട്ടത്തിൽനിന്നും പുറത്താക്കി. പാപിയായ മനുഷ്യൻ ഏദെൻ തോട്ടത്തിലേക്കു മടങ്ങിവന്ന് ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാതിരിക്കേണ്ടതിനു ജീവവൃക്ഷത്തിന്റെ വഴി സൂക്ഷിക്കുവാൻ കെരൂബുകളെ നിറുത്തി. “ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവൻ വൃക്ഷത്തിങ്കലേക്കുളള വഴി കാപ്പാൻ അവൻ ഏദെൻ തോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞു കൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ, 3:24). ഈ വിവരണത്തിൽ കെരൂബുകളുടെ രൂപത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ഒരു സൂചനയുമില്ല. കെരൂബുകളെക്കുറിച്ചുളള അടുത്ത പരാമർശം സമാഗമന കൂടാരവുമായുള്ള ബന്ധത്തിലാണ്. അതിവിശുദ്ധസ്ഥലത്തു നിയമപെട്ടകത്തിനു മേൽ കൃപാസനത്തിന്റെ രണ്ടറ്റത്തും രണ്ടു കെരൂബുകളെ തങ്കം കൊണ്ടു നിർമ്മിച്ചു. (പുറ, 25:17-22). ഇവ അടിച്ചുരൂപപ്പെടുത്തിയതാണ്. അവയുടെ വിരിച്ച ചിറകു കൃപാസനത്തിനൊരു മറപോലെ നിലകൊണ്ടു. കെരൂബുകളുടെ മദ്ധ്യേ ആയിരുന്നു യഹോവയുടെ തേജസ്സു വെളിപ്പെട്ടിരുന്നത്. അതുകൊണ്ട് എബ്രായർ 9:5-ൽ ഇവയെ തേജസ്സിന്റെ കെരൂബുകൾ എന്നു വിളിക്കുന്നു. കൃപാസനത്തിന്മേൽ നിർമ്മിച്ചിരുന്ന കെരൂബുകൾക്ക് ഒരു മുഖവും രണ്ടു ചിറകുകളും ഉണ്ട്. അവ മേലോട്ടു ചിറകു വിടർത്തി ചിറകുകൊണ്ടു കൃപാസനത്ത മൂടി തമ്മിൽ അഭിമുഖമായിരുന്നു. സമാഗമനകൂടാരത്തിന്റെ അകത്തെ മൂടുശീലയിൽ ചിത്രപ്പണിയായി കെരൂബുകളെ നെയ്തു ചേർത്തിരുന്നു. (പുറ, 26:1). സമാഗമനകൂടാരത്തിലെ തിരശ്ശീലയിലും കെരൂബുകളെ ചിത്രണം ചെയ്തിരുന്നു. (പുറ, 26:31). കെരൂബുകളെക്കുറിച്ചുള്ള മൂന്നാമത്തെ പരാമർശം ശലോമോൻ്റെ ദൈവാലയത്തെക്കുറിച്ചുള്ള വിവരണത്തിലാണ്. (1രാജാ, 6:23; 2ദിന, 3:7-14). ഒലിവു മരംകൊണ്ടു രണ്ടു കെരൂബുകളെ നിർമ്മിച്ചു സ്വർണ്ണം പൊതിഞ്ഞു. അഞ്ചു മീറ്റർ ഉയരമുള്ള ശരീരത്തോടു കൂടിയ അവ മനുഷ്യരെപ്പോലെ സ്വന്തം കാലുകളിൽ നിന്നു. അവയുടെ ചിറകിനു അഞ്ചുമുഴം നീളമുണ്ടായിരുന്നു. അകത്തോട്ടു മുഖം തിരിച്ചായിരുന്നു അവയുടെ നില. ദൈവാലയത്തിന്റെ ചുവരിന്മേൽ കെരൂബുകളെ കൊത്തിച്ചു. (2ദിന, 3:7). തിരശ്ശീലയിൽ കെരൂബുകളെ നെയ്തു ചേർത്തു. (2ദിന, 3:14). പുതിയ ദൈവാലയത്തെക്കുറിച്ചുള്ള ദർശനത്തിലും (യെഹെ . 41) കെരൂബുകളെക്കുറിച്ചു പറയുന്നുണ്ട്. ദർശനത്തിൽ യെഹെസ്ക്കേൽ പ്രവാചകൻ നാലുജീവികളുടെ സാദൃശ്യം കണ്ടു. (യെഹെ, 1:28). അനന്തരപരാമർശങ്ങൾ ഇവ കെരൂബുകളെന്നു വ്യക്തമാക്കുന്നു. (യെഹെ, 10:1). വെളിപ്പാടു പുസ്തകത്തിലെ ജീവികളുടെ വർണ്ണന യെഹെസ്ക്കേലിന്റെ ദർശനത്തിലെ കെരൂബുകളുമായി പൊരുത്തപ്പെടുന്നു. (വെളി, 4:6-5:14). യഹോവ കെരൂബിനെ വാഹനമാക്കി പറന്നുവെന്നും (സങ്കീ, 18:10), യഹോവ കെരൂബുകളിന്മേൽ വസിക്കുന്നു എന്നും സങ്കീർത്തനങ്ങളിൽ (80:1; 991) പറയുന്നു.

ഗെബാലിലെ രാജാവായ ഹീരാമിന്റെ സിംഹാസനത്തെ താങ്ങിനിറുത്തുന്ന രണ്ടു കെരൂബുകളുടെ ചിത്രം ഖനനം ചെയ്തെടുത്തിട്ടുണ്ട്. ഈ ജീവിക്ക് സിംഹഗാത്രവും മനുഷ്യമുഖവും ചിറകുകളും ഉണ്ട്. ക്ഷേത്രങ്ങളും കൊട്ടാരങ്ങളും സൂക്ഷിക്കുന്ന ചിറകുള്ള സിംഹങ്ങളുടെയും കാളകളുടെയും രൂപങ്ങൾ അശ്ശൂരിൽ നിന്നും മറ്റും ലഭിച്ചിട്ടുണ്ട്. ശലോമോൻ നിർമ്മിച്ച കെരൂബുകൾ കാലൂന്നിനിന്നു. (2ദിന, 3:13).

യെഹെസ്ക്കേലിന്റെ ദർശനത്തിലെ കെരൂബുകൾക്ക് മനുഷ്യ സാദൃശ്യമുണ്ടായിരുന്നു. അവയ്ക്ക് ഓരോന്നിനും നന്നാലുമുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു. അവയുടെ ചിറകുകൾ ഒന്നോടൊന്നു തൊട്ടിരുന്നു. “അവയുടെ മുഖരൂപമോ: അവയ്ക്ക് മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിന്നും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തു ഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിന്നും കഴുകു മുഖവും ഉണ്ടായിരുന്നു. ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടർന്നിരുന്നു; ഈരണ്ടു ചിറകു തമ്മിൽ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറച്ചും ഇരുന്നു.” (യെഹെ, 1:10-11). കെരൂബുകളുടെ നാലുമുഖം യിസ്രായേൽ സൈന്യത്തിൻ്റെ നാലുവിഭാഗങ്ങളുടെ കൊടികളെ പ്രതിനിധാനം ചെയ്തിരുന്നതായി ഒരു പാരമ്പര്യമുണ്ട്. അതനുസരിച്ച് കെരൂബുകളുടെ നേതൃത്വത്തിലുള്ള സ്വർഗ്ഗീയ സൈന്യത്തിന്റെ പ്രതിരൂപമാണ് നാലുകൊടികളുടെ കീഴിൽ പുറപ്പെട്ട യിസ്രായേൽ സൈന്യം. കിഴക്ക് സിംഹം യെഹൂദയും, പടിഞ്ഞാറ് കാള എഫ്രയീമും, തെക്ക് മനുഷ്യൻ രൂബേനും, വടക്ക് കഴുകൻ ദാനും ആണ്. ആദിമ സഭാപിതാക്കന്മാരുടെ ദൃഷ്ടിയിൽ കെരൂബിൻ്റെ നാലുമുഖം നാലു സുവിശേഷങ്ങളാണ്. മത്തായി സിംഹവും, മർക്കൊസ് കാളയും, ലൂക്കൊസ് മനുഷ്യനും, യോഹന്നാൻ കഴുകനും. യെഹെസ്ക്കേൽ പ്രവാചകൻ ദർശനത്തിൽ കണ്ട ദൈവാലയത്തിൽ ചുവരുകളെ അലങ്കരിക്കുവാൻ കെരൂബുകൾ കൊത്തിയിരുന്നു. ഈ കെരൂബുകൾക്കു രണ്ടുമുഖം ഉണ്ടായിരുന്നു; മനുഷ്യമുഖവും സിംഹമുഖവും. (യെഹെ, 41;17-25). മനുഷ്യസാദൃശ്യവും മൃഗസവിശേഷതകളും ഇണങ്ങിച്ചേർന്നവയാണ് കെരൂബുകൾ എന്നാണ് ബൈബിളിലെ വിവരണങ്ങൾ പൊതുവെ വ്യക്തമാക്കുന്നത്. മനുഷ്യമുഖത്തോടുകൂടി ചിറകുള്ള സിംഹമായിരിക്കണം. ആത്മലോകത്തിലെ ജീവികളെ സംബന്ധിച്ചിടത്തോളം രൂപബോധം അപ്രസക്തമാണ്.

ദൈവത്തിന്റെ മഹിമാസാന്നിദ്ധ്യവും സർവ്വാധികാരവും വിശുദ്ധിയും വെളിപ്പെടുത്തുകയാണ് കെരൂബുകളുടെ കർത്തവ്യം. ദൂതഗണത്തിൽ ഉൾപ്പെട്ടവയാണെങ്കിലും കെരൂബുകളെ ദൂതന്മാർ എന്നു വിളിച്ചിട്ടില്ല. അവ ഒരിക്കലും ദൂതുവാഹികൾ ആയിരിക്കാത്തതു കൊണ്ടായിരിക്കണം. മറ്റെങ്ങും പോകാതെ ദൈവം വസിക്കുന്നിടത്തു മാത്രം അവ ഒതുങ്ങി നില്ക്കുന്നു. യഹോവ കെരൂബുകളിന്മീതെ വസിക്കുന്നു. കൃപാസനത്തിൽ ദൈവത്തിൻ്റെ സാന്നിദ്ധ്യം അവ വിളിച്ചറിയിക്കുന്നു. ക്രിസ്തുവിന്റെ യാഗത്തിലൂടെ ദൈവത്തിന്റെ നീതി സമ്പൂർണ്ണമാക്കപ്പെട്ടതിന്റെ പ്രതിരൂപമായ പുണ്യാഹരക്തത്തെ (തളിക്കപ്പെട്ട രക്തം) സാക്ഷ്യപ്പെട്ടകത്തിന്റെ മുകളിലിരിക്കുന്ന കെരൂബുകൾ കുനിഞ്ഞു നോക്കുന്നു. വർഷത്തിലൊരിക്കൽ മഹാപുരോഹിതൻ പാപപരിഹാരരക്തം കൃപാസനത്തിൽ തളിക്കാനായി ഇവിടെ വരുമ്പോൾ ആ രക്തം ദൈവത്തിലേക്കുള്ള വാതിലും പാപപരിഹാരവുമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *