1യോഹന്നാൻ 5:20-ലെ സത്യദൈവം പുത്രനോ, പിതാവോ❓

സത്യദൈവം ഒന്നേ ആകാവൂ. ഒന്നിലധികം സത്യദൈവം എന്നത് യുക്തിവിരുദ്ധവും വചനവിരുദ്ധവും ആണ്. എന്നാൽ ബൈബിളിലെ ഒരു വേദഭാഗം തെറ്റായി മനസ്സിലാക്കുകവഴി പിതാവും പുത്രനും രണ്ടുപേരും സത്യദൈവമാണെന്ന് അനേകരും വിശ്വസിക്കുന്നു. ആ വാക്യം ഇപ്രകാരമാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). സത്യവേദപുസ്തകത്തിൽ, സത്യദൈവം എന്ന പ്രയോഗം മൂന്ന് പ്രാവശ്യമുണ്ട്. എന്നാൽ, ഗ്രീക്കിലും ഇംഗ്ലീഷിലും ഒരിക്കൽ മാത്രമാണ് സത്യദൈവം എന്ന പ്രയോഗം ഉള്ളത്. മലയാളത്തിലെ, പി.ഒ.സി, ബെഞ്ചമിൻ ബെയ്‌ലി, മലയാളബൈബിൾ നൂതനപരിഭാഷ, മാണിക്കത്തനാർ, വിശുദ്ധഗ്രന്ഥം, ഹെർമ്മൻ ഗുണ്ടർട്ട് തുടങ്ങിയ പരിഭാഷകളും കാണുക. വിശുദ്ധഗ്രന്ഥം പരിഭാഷയിലെ വാക്യം ചേർക്കുന്നു: “ദൈവത്തിന്‍റെ പുത്രന്‍ വന്നുവെന്നും, സത്യവാനെ അറിയുവാന്‍ നമുക്ക് ബോധം തന്നുവെന്നും നാം ആ സത്യവാനില്‍ അവന്‍റെ പുത്രനായ യേശു മശീഹായില്‍ ആയിരിക്കുമെന്നും നാം അറിയുന്നു. അവന്‍ സത്യദൈവവും നിത്യ ജീവനുമാകുന്നു.” (കാണുക: 1യോഹ, 5:20). ഇതാണ് ശരിയായ പരിഭാഷ. ഇത് യോഹന്നാൻ അപ്പോസ്തലൻ ഏതെങ്കിലും വ്യക്തികൾക്ക് എഴുതുന്ന ലേഖനമല്ല; സഭയ്ക്ക് പൊതുവായി എഴുതുന്നതാണ്. മലയാളത്തിൽ അർധവിരാമവും പൂർണ്ണ വിരാമവും ഇട്ടുകൊണ്ട്, വാക്യത്തെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൻ്റെ ആദ്യ രണ്ടുഭാഗത്ത്, മൂന്നുപേരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവപുത്രനായ യേശു, “സത്യവാനായ അഥവാ, സത്യദൈവമായ പിതാവ്, നമുക്ക്, നാം” എന്നിങ്ങനെ എഴുത്തുകാരൻ ഉൾപ്പെടുന്ന സഭ. അവസാന ഭാഗത്ത്, “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നും പറഞ്ഞിട്ടുണ്ട്. അതായത്, അവസാനഭാഗത്ത് പറഞ്ഞിരിക്കുന്ന “അവൻ” പിതാവാണോ, പുത്രനാണോ എന്നാണ് നമുക്ക് കണ്ടെത്താനുള്ളത്.

സാധാരണനിലയിൽ അത് കണ്ടെത്താൻ ഭാഷയിൽ ഒരു മാർഗ്ഗമുണ്ട്. “അവൻ സത്യദൈവവും നിത്യജീവനും ആകുന്നു” എന്നതിലെ, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തിൻ്റെ ഉടയവനെ കണ്ടെത്തിയാൽ മതി. ഈ വേദഭാഗത്ത്, പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിലാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഒരുത്തനു് മാത്രമാണ് “അവൻ” എന്ന സർവ്വനാമം ഉപയോഗിച്ചിരിക്കുന്നത്. അതാരാണെന്ന് കണ്ടെത്തണം. നാമത്തിന് പകരം ഉപയോഗിക്കുന്ന പദമാണ് സർവ്വനാമം. അഥവാ, നാമം ആവർത്തിച്ച് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്. മൂന്നുവിധത്തിലുള്ള സർവ്വനാമങ്ങളാണ് ഉള്ളത്. ഉത്തമപുരുഷൻ, മധ്യമപുരുഷൻ, പ്രഥമപുരുഷൻ. സംസാരിക്കുന്ന ആളാണ് ഉത്തമപുരുഷൻ.. ആരോട് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് മധ്യമപുരുഷൻ. ആരെക്കുറിച്ച് സംസാരിക്കുന്നുവോ, ആ വ്യക്തിയാണ് പ്രഥമപുരുഷൻ. എന്നാൽ ഈ വേദഭാഗത്ത്, ഉത്തമപുരുഷനായ യോഹന്നാൻ ഏതെങ്കിലും വ്യക്തികളോടല്ല സംസാരിക്കുന്നത്; സഭയോടാണ് പറയുന്നത്. അഥവാ, സഭയുടെ പ്രതിനിധിയായി നിന്നുകൊണ്ട്, “നാം, നമുക്കു” എന്നിങ്ങനെ പൊതുവായി പറയുകയാണ്. എന്താണ് പറയുന്നത്: ദൈവത്തിൻ്റെ പുത്രൻ വന്ന് സത്യവാനെ അറിവാൻ അഥവാ, ദൈവത്തെ അറിവാൻ നമുക്ക് വിവേകം തന്ന കാര്യമാണ് പറയുന്നത്. അതായത്, ദൈവപുത്രനായ ക്രിസ്തു മുഖാന്തരം സത്യവാനായ പിതാവിനെക്കുറിച്ചറിയാൻ സഭയ്ക്ക് വിവേകം ലഭിച്ചതിനെക്കുറിച്ചാണ് പറയുന്നത്. (യോഹ, 1:18). അതിനാൽ, ഈ വേദഭാഗത്ത്, ഉത്തമപുരുഷനും മധ്യമപുരുഷനും യോഹന്നാൻ ഉൾപ്പെടുന്ന സഭയാണ്. പുത്രനും പിതാവും പ്രഥമപുരുഷൻ ആണെന്നും മനസ്സിലാക്കാം. പുത്രനെയും പിതാവിനെയും പ്രഥമപുരുഷനിൽ പറഞ്ഞിരിക്കയാൽ, പ്രസ്തുതവാക്യത്തിലെ “സത്യദൈവം” പിതാവാണോ, പുത്രനാണോ എന്ന് ചിലർക്കെങ്കിലും സംശയം തോന്നാം. എന്നാൽ ഈ വാക്യത്തിൽത്തന്നെ അതിനുള്ള പ്രതിവിധിയും യോഹന്നാൻ വ്യക്തമായി നല്കിയിട്ടുണ്ട്. വാക്യത്തിൻ്റെ രണ്ടാം ഭാഗം സത്യവേദപുസ്തകത്തിൽ ഇപ്രകാരമാണ്: “നാം സത്യദൈവത്തിൽ “അവന്റെ” പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.” വിശുദ്ധഗ്രന്ഥത്തിൽ: “നാം ആ സത്യവാനില്‍ “അവന്‍റെ” പുത്രനായ യേശു മശീഹായില്‍ ആയിരിക്കും” എന്നും കാണാം. (കാണുക: 1യോഹ, 5:20). രണ്ട് പരിഭാഷയിലും: പിതാവിന്, “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമം വാക്യത്തിൻ്റെ രണ്ടാംഭാഗത്ത് ഉപയോഗിച്ചിട്ടുണ്ട്. എന്നിട്ടാണ്, “അവൻ” സത്യദൈവവും നിത്യജീവനും എന്ന് അവസാനഭാഗത്ത് പറയുന്നത്. തന്മൂലം, സത്യദൈവവും നിത്യജീവനും പിതാവാണെന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഈ വാക്യത്തിൽ ശ്രദ്ധേയമായ ഒരുകാര്യം കാണാം: വാക്യത്തിൻ്റെ ആദ്യഭാഗങ്ങളിൽ, പുത്രനെ രണ്ടുപ്രാവശ്യം എഴുത്തുകാരൻ പ്രഥമപുരുഷനിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ സർവ്വനാമം ഉപയോഗിക്കാതിരിക്കാൻ ആദ്യഭാഗത്ത്, “ദൈവപുത്രൻ” എന്ന സ്ഥാനനാമവും, രണ്ടാംഭാഗത്ത്, “യേശുക്രിസ്തു” എന്ന സംജ്ഞാനാമവും ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത്, പിതാവിനെയും പുത്രനെയും പ്രഥമപുരുഷനിൽ പരാമർശിക്കുന്ന യോഹന്നാൻ, പുത്രനു് പ്രഥമപുരുഷ സർവ്വനാമം ഉപയോഗിക്കിതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്, പിതാവാണ് സത്യദൈവം എന്ന് “അവൻ” എന്ന സർവ്വനാമം ഉപയോഗിച്ചുകൊണ്ട് സ്ഫടികസ്ഫുടം വ്യക്തമാക്കിയിരിക്കയാണ്.

ഇംഗ്ലീഷിലെ, The New Messianic Version of the Bible-ൽ പ്രസ്തുതവാക്യത്തിലെ സത്യദൈവവും നിത്യജീവനും പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം: “And we know that the Son of God-The Father is come, and has given us an understanding, that we may know him that is true, and we are in him that is true, [even] in his Son Yeshua [God is Salvation] Moshiach [Messiah]. This is the true God-The Father, and eternal life.” (കാണുക: 1John 5:20). സത്യദൈവവും നിത്യജീവനും പിതാവാണെന്ന് ഈ വാക്യത്തിലും അസന്ദിഗ്ദ്ധമായി മനസ്സിലാക്കാം. ഈ പരിഭാഷയെ സംബന്ധിച്ച് ശ്രദ്ധേയമായൊരു കാര്യമുണ്ട്: “Dr. James C. O. Haig” ആണ് “The New Messianic Version” (NMV) പരിഭാഷയുടെ ഉപജ്ഞാതാവ്. 1990-കളിലാണ് ഈ പരിഭാഷ ആദ്യം പ്രസിദ്ധീകരിച്ചത്. മെസ്സിയാനിക് യെഹൂദർക്കും യെഹൂദ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾക്കും വേണ്ടിയാണ് ഈ പരിഭാഷ ഉണ്ടാക്കിയത്. “മെസ്സിയാനിക് യെഹൂദർ” (Messianic Jews) എന്നു പറഞ്ഞാൽ, യേശുവിനെ മശീഹയായി അംഗീകരിക്കുന്നവരും അപ്പോൾത്തന്നെ യെഹൂദാമതത്തിലെ ചില ആചാരങ്ങൾ [പെസഹ (Passover), ഹനുക്ക (Hanukkah) അഥവാ, പ്രതിഷ്ഠോത്സവം മുതലായവ] അനുഷ്ഠിക്കുന്നവരും യേശുവിൻ്റെ സുവിശേഷം പ്രസംഗിക്കുന്നവരുമാണ്. മെസ്സിയാനിക് യെഹൂദർക്കും യെഹൂദ ക്രിസ്ത്യാനികളും ഉപയോഗിക്കുന്ന പരിഭാഷയിലാണ്, “പിതാവായ ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കാണുന്നത്. ദൈവത്തിൻ്റെ വചനം ഭരമേല്പിക്കപ്പെട്ട ഒരേയൊരു ജാതിയാണ് യെഹൂദന്മാർ എന്നതും കുറിക്കൊള്ളുക.

പി.ഒ.സി. പരിഭാഷ ചെയ്തിരിക്കുന്ന ഒരു വഞ്ചനയുണ്ട്: “ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്‌. ഇവനാണു സത്യദൈവവും നിത്യജീവനും.” (കാണുക: 1യോഹ, 5:20). ഈ വേദഭാഗം ശ്രദ്ധിക്കുക: ആദ്യഭാഗത്ത്, “അവിടുത്തെ” എന്ന് പിതാവിനെ വിശേഷിപ്പിച്ചിട്ട്, അവസാന ഭാഗത്ത്, സത്യദൈവം പുത്രനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ,  “ഇവനാണു സത്യദൈവവും നിത്യജീവനും” എന്നാക്കി മാറ്റി. അതായത്, പിതാവിനെ കുറിക്കുന്ന “അവൻ” എന്ന പ്രഥമപുരുഷ സർവ്വനാമത്തെ, പുത്രനാണെന്ന് തെറ്റിദ്ധരിക്കത്തവണ്ണം, “ഇവൻ” എന്നാക്കിമാറ്റി. എന്നാൽ വത്തിക്കാൻ്റെ ഔദ്യോഗിക പരിഭാഷ നോക്കുക: “We also know that the Son of God has come and has given us discernment to know the one who is true. And we are in the one who is true, in his Son Jesus Christ. He is the true God and eternal life.” ഈ വേദഭാഗം ശ്രദ്ധിക്കുക:his Son Jesus Christ” എന്ന് പറഞ്ഞശേഷം, “He is the true God” എന്ന് പറയുന്നതു നോക്കുക. ആരെയാണോ “his” എന്ന പ്രഥമപുരുഷ സർവ്വനാമത്താൽ ആദ്യം വിശേഷിപ്പിച്ചിരിക്കുന്നത്, അവൻ തന്നെയാണ് അവസാനഭാഗത്ത് പറയുന്ന “He.” തന്മൂലം, പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. പരിഭാഷയിൽ കൃത്രിമം നടത്തിയാൽ പിടിക്കപ്പെടും എന്നതിൻ്റെ തെളിവാണിത്. പിതാവാണ് സത്യദൈവം എന്നതിനു് അനേകം തെളിവുകൾ വേറെയുമുണ്ട്; ചില തെളിവുകൾ നോക്കാം:

1. സത്യദൈവം ആരാണെന്ന് പഴയപുതിയ നിയമങ്ങളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ.” (യിരെ, 10:10. ഒ.നോ: 2ദിന, 15:3; യെശ, 65:16). മേല്പറഞ്ഞ വേദഭാഗങ്ങളിൽനിന്ന് യഹോവയാണ് സത്യദൈവമെന്ന് മനസ്സിലാക്കാം. യഹോവയായ ഏകദൈവമാണ് പിതാവെന്നും പഴയനിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ;” (യെശ, 64:8. ഒ.നോ: ആവ, 32:6; 1ദിന, 29:10; യെശ, 63:16; യിരെ, 31:9; മലാ, 2:10). അപ്പോൾ, പിതാവാണ് സത്യദൈവം എന്ന് പഴയനിയമത്തിൽ നിന്ന് അസന്ദിഗ്ധമായി മനസ്സിലാക്കാം. ഇനി പുതിയനിയമത്തിൽനിന്ന് കാണിക്കാം: “ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്ന് നമ്മെ വിടുവിക്കുന്നവനുമായ.” (1തെസ്സ, 1:9). ഈ വേദഭാഗത്ത് രണ്ട് കാര്യങ്ങൾ കാണാം. ഒന്നാമത്, സത്യദൈവത്തെയും ദൈവപുത്രനെയും വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. രണ്ടാമത്, ദൈവപുത്രനല്ല സത്യദൈവം; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ചവനാണ് സത്യദൈവം. തന്നെയുമല്ല, ദൈവത്തിന് മരണമില്ലെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1തിമൊ, 6:16). തന്മൂലം ദൈവപുത്രനല്ല; അവനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച പിതാവാണ് സത്യദൈവമെന്ന് സ്ഫടികസ്ഫുടം വ്യക്തമാണ്. രണ്ടുമൂന്ന് സത്യദൈവം എന്നത്, ബൈബിൾ വിരുദ്ധ ദുരുപദേശം മാത്രമാണ്.

2. യോഹന്നാൻ 17:3-ഉം 1യോഹന്നാൻ 5:20-ഉം താരതമ്യം ചെയ്ത് നോക്കിയാൽത്തന്നെ സത്യദൈവം ആരാണെന്ന് ഭാഷണവും വാക്കുകളും കൂടാതെ ആർക്കും മനസ്സിലാകും. ഒരേ എഴുത്തുകാരൻ ഒരേ ആശയത്തിൽ ഏഴുതിയിരിക്കുന്നതാണ് രണ്ട് വാക്യങ്ങളും. സുവിശേഷത്തിൽ, പിതാവ് മാത്രമാണ് ഏകസത്യദൈവം (Father, the only ture God)  അഥവാ, പിതാവാണ് ഒരേയൊരു സത്യദൈവം എന്ന ദൈവപുത്രൻ്റെ വാക്കുകൾ തൻ്റെ സുവിശേഷത്തിൽ അക്ഷരംപ്രതി യോഹന്നാൻ എഴുതിവെച്ചിട്ടുണ്ട്. അതിന് കടകവിരുദ്ധമായി പുത്രനാണ് സത്യദൈവമെന്ന് അവൻ തൻ്റെ ലേഖനത്തിൽ എഴുതുമോ? എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്. (2തിമൊ, 3:16). അല്ലാതെ, ആരും സ്വന്തബുദ്ധിയിൽ എഴുതിയതല്ല എന്ന് ആദ്യം മനസ്സിലാക്കുക. അതിനാൽ, അവിടെപ്പറഞ്ഞിരിക്കുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം.

3. പുത്രൻ മുഖാന്തരമാണ് അഥവാ, പുത്രനിൽ വിശ്വസിക്കുന്നവനാണ് നിത്യജീവൻ ലഭിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും തർക്കമൊന്നുമില്ല. (യോഹ, 3:16,36; 4:14; 6:40; 6:68; റോമ, 5:21; 6:23). പുത്രനു് നിത്യജീവൻ നല്കാനുള്ള അധികാരവും ദൈവം നല്കിയിട്ടുണ്ട്. (യോഹ, 10:28; 17:2). എന്നാൽ പുത്രനല്ല; പിതാവാണ് നിത്യജീവദാതാവ്. “ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ട് എന്നുള്ളതുതന്നെ.” (1യോഹ, 5:11). ഈ വേദഭാഗത്ത് ദൈവമാണ് നമുക്ക് നിത്യജീവൻ തന്നതെന്ന് വ്യക്തമാണല്ലോ? ദൈവത്തിൻ്റെ വാഗ്ദത്തമാണ് നിത്യജീവൻ: ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശ ഹേതുവായി.” (തീത്തൊ, 1:2. ഒ.നോ: 3:6; 1യോഹ, 2:25). ക്രിസ്തു പറയുന്നത് നോക്കുക: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹ, 5:24). നിത്യജീവൻ ലഭിക്കാൻ പിതാവായ ഏകദൈവത്തിലുള്ള വിശ്വാസം അത്യന്താപേക്ഷിതമാണ്. എന്തെന്നാൽ, ഏകദൈവമാണ് തൻ്റെ ക്രിസ്തുവിലൂടെ നിത്യജീവൻ നല്കുന്നത്. തന്മൂലം, അവിടെപ്പറയുന്ന സത്യദൈവവും നിത്യജീവനും പിതാവാണെന്ന് വ്യക്തമായി മനസ്സിലാക്കാം.

4. സത്യദൈവം ആരാണെന്ന് ദൈവപുത്രനായ ക്രിസ്തു വ്യക്തമായി പറഞ്ഞിട്ടുണ്ട്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ പറയുന്ന ഏകസത്യദൈവം പിതാവാണ്. ഗ്രീക്കിൽ, “se (pater) ton monon alethinon theon – σὲ (πατήρ) τὸν μόνον ἀληθινὸν θεὸν” ആണ്. ഇംഗ്ലീഷിൽ Father, the only true God ആണ്: [കാണുക: Bible Hub]. Father, the only true God എന്ന് പറഞ്ഞാൽ; “ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ, പിതാവ് മാത്രം സത്യദൈവം എന്നാണ്. ഒരേയൊരു സത്യദൈവം പിതാവാണെന്ന് ദൈവപുത്രൻതന്നെ പറയുമ്പോൾ, മറ്റൊരു സത്യദൈവം ഉണ്ടാകുക സാദ്ധ്യമല്ല. ഇവിടെ, പഴയനിയമത്തിലെ  “യാഹീദിന്” (יָחִיד – yahid) തുല്യമായ “മോണോസ്” (μόνος – Mónos) കൊണ്ട്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറയുന്നത്. പിതാവ് സത്യദൈവമാണെന്ന് പറഞ്ഞാൽ; ഭാഷാപരമായി പുത്രനോ, മറ്റാർക്കാ വേണമെങ്കിലും സത്യദൈവം ആയിരിക്കാൻ പറ്റും. എന്നാൽ പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞാൽ, പിന്നെ സ്വർഗ്ഗത്തിലോ ഭൂമിയിലോ മറ്റാർക്കും സത്യദൈവം ആയിരിക്കാൻ കഴിയില്ല. അതാണ് ഭാഷയുടെ നിയമം. “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). അതിനാൽ പിതാവല്ലാതെ പുത്രനോ, മറ്റാരെങ്കിലുമോ സത്യദൈവം ആണെന്ന് പറഞ്ഞാൽ; പുത്രൻ പറഞ്ഞത് വ്യാജം ആണെന്നുവരും. വായിൽ വഞ്ചനയില്ലത്ത പുത്രൻ വ്യാജംപറഞ്ഞു എന്ന് വിശ്വസിക്കുന്നതിനെക്കാൾ വിശ്വാസം ത്യജിച്ചുകളയുന്നതാണ് നല്ലത്. അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് “Mónos” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താൻ സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. ദൈവം ത്രിത്വമാണെന്നോ, ദൈവത്തിൽ ഒന്നിലധികംപേർ ഉണ്ടെന്നോ പറയുന്നവർ ഏകസത്യദൈവത്തെ ബഹുദൈവമാക്കുകയും ക്രിസ്തു പഠിപ്പിച്ചത് നുണയനാണെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെന്ന് പലർക്കും പേർ മാത്രമേയുള്ളു; പലരും ക്രിസ്തുവിനെ അനുഗമിക്കുന്നവരോ, അനുസരിക്കുന്നവരോ, വിശ്വസിക്കുന്നവരോ അല്ല. “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ളു.” (യോഹ, 3:36). അതായത്, പിതാവ് മാത്രമാണ് സത്യദൈവം എന്ന് “മോണോസ്” കൊണ്ട് ഖണ്ഡിതമായി പറയുകവഴി, താനും മറ്റാരും സത്യദൈവം അല്ലെന്ന് ദൈവപുത്രൻ സ്ഫടികസ്ഫുടം വ്യക്തമാക്കി. താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40. ഒ.നോ: മത്താ, 11:19, ലൂക്കൊ, 7:34).

താൻ സത്യദൈവമല്ല; മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറയുമ്പോൾ, പിന്നെയും അവനെ ദൈവമാക്കാൻ നോക്കിയാൽ, അവൻ വ്യാജദൈവമാണെന്നേ വരൂ. ഒരു വ്യാജദൈവത്തിൻ്റെ സ്ഥാനം, ദൈവപുത്രനെ ഒറ്റിക്കൊടുത്തിട്ട് തൂങ്ങിച്ചത്ത നാശയോഗ്യനായ യൂദായെക്കാൾ താഴെയാണ്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ, പിതാവായ ഏകദൈവത്തെക്കാൾ താഴ്ന്നവനും സ്വർഗ്ഗത്തെക്കാൾ ഉന്നതനാത്തീർന്നവനും ആണ്. (യോഹ, 14:28; എബ്രാ, 7:26). വചനവിരുദ്ധമായി ദൈവപുത്രനെ സത്യദൈവമാക്കുന്നവർ അവനെ വ്യാജദൈവം ആക്കുകവഴി, സ്വർഗ്ഗത്തെക്കാൾ ഉന്നതനായവനെ പാതാളത്തോളം താഴ്ത്തുകയാണ് ചെയ്യുന്നത്. അതിനാൽ, ദൈവപുത്രൻ്റെ വാക്കിനാൽത്തന്നെ അവിടെപ്പറയുന്ന സത്യദൈവം പിതാവാണെന്നും ദൈവം ത്രിത്വമല്ലെന്നും താൻ സത്യദൈവമല്ലെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ മനസ്സിലാക്കാം. ക്രിസ്തു പീലാത്തൊസിനോട് ഇപ്രകാരം പറയുന്നതായി കാണാം: “സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാൻ ജനിച്ചു; അതിനായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു.” (യോഹ, 18:37). സത്യത്തിനു് സാക്ഷി നില്ക്കാൻ ജനിച്ചവനെപ്പിടിച്ച് സത്യദൈവം ആക്കിയവരാണ് ത്രിത്വവിശ്വാസികൾ.

5. “യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്ക് സമനായും സദൃശനായും ആരുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും” പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5). “ദൈവം ഒരുത്തൻ മാത്രമാണെന്നും (The only God), സത്യദൈവം പിതാവ് മാത്രമാണെന്നും (Father, the only true God)” ക്രിസ്തു ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. (യോഹ, 5:44; 17:3). “ദൈവം ഒരുത്തൻ മാത്രമാണെന്നും (monos o theos – ലൂക്കൊ, 5:21; mono theo – യൂദാ, 1:24), പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും” അപ്പൊസ്തലന്മാർ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 2ദിന, 6:14). യഹോവയല്ലാതെ മറ്റൊരു ദൈവമില്ല എന്ന ഒന്നാം കല്പന അല്പസ്വല്പം വ്യത്യാസങ്ങളോടെ 140 പ്രാവശ്യം ബൈബിളിൽ എഴുതിവെച്ചിട്ടുണ്ട്. ഒന്നാം കല്പന ലംഘിക്കുന്നവർ ദൈവരാജ്യം അവകാശമാക്കില്ല. അതിൻ്റെ തെളിവാണ് രണ്ടാം കല്പന ലംഘിക്കുന്നവരും ദുഷ്പ്രവൃത്തിക്കാരും ദൈവരാജ്യം അവകാശമാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (1കൊരി, 5:11; 6:9-10; 10:7; 10:14; ഗലാ, 5:19-21; എഫെ, 5:5; കൊലൊ, 3:5-6; 1പത്രൊ, 4:3). ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും ഒന്നാം കല്പന ലംഘിപ്പിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് കെട്ടിയെടുക്കാനുമായി നാലാം നൂറ്റാണ്ടിൽ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ച് കയറ്റിയതാണ് ത്രിമൂർത്തി ബഹുദൈവവിശ്വാസം.

ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് ദൈവപുത്രനായ ക്രിസ്തുവിനെ സത്യദൈവമാക്കാനും ഏകലത്യദൈവത്തെ ബഹുദൈവമാക്കി തങ്ങൾക്കുതന്നെ ശീഘ്രനാശം വരുത്താനും നോക്കുന്നത്. ക്രിസ്തു ആരാണെന്നറിയാൻ കാണുക: ദൈവഭക്തിയുടെ മർമ്മം.

3 thoughts on “1യോഹന്നാൻ 5:20-ലെ സത്യദൈവം പുത്രനോ, പിതാവോ❓”

  1. മാനവരക്ഷയ്ക്കായി വരുവാനുള്ളവൻ നീ തന്നെയോ എന്ന യോഹന്നാന്റെ അന്വേഷണത്തിന് യേശു നൽകുന്ന മറുപടിയിലുണ്ട് യേശു ദൈവം തന്നെയെന്ന്.

Leave a Reply

Your email address will not be published. Required fields are marked *