ഏകസത്യദൈവം
“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3).
പിതാവാണ് ഏകസത്യദൈവം (the only true God) എന്നു യേശുക്രിസ്തു പറഞ്ഞിരിക്കുന്നു.
യേശുക്രിസ്തു ദൈമാണെന്നു അപ്പൊസ്തലന്മാരും പറയുന്നു: (യോഹ, 20:28; തീത്തൊ, 2:12).
യേശുക്രിസ്തു ദൈവമായിരിക്കെ, പിതാവാണ് ഒരേയൊരു സത്യദൈവം അഥവാ പിതാവ് മാത്രമാണ് സത്യദൈവമെന്ന് യേശുവിനെങ്ങനെ പറയാൻ കഴിഞ്ഞു? താൻ വ്യാജദൈവമാണോ?
ഈ സമസ്യയ്ക്ക് ഉത്തരം കണ്ടെത്താതെ പുതിയനിയമം വെളിപ്പെടുത്തുന്ന ഏകസത്യദൈവം യേശുക്രിസ്തു ആണെന്നു ഒരുത്തനും അറിയാൻ പോകുന്നില്ല.
ഏകസത്യദൈവം ഗ്രീക്കിൽ ഒ മോണോസ് അല്തിനോസ് തിയോസ് (ὁ μόνος ἀληθινός θεός – ho monos alethinos theos – the only true God) ആണ്. ഒരേയൊരു സത്യദൈവം പിതാവാണ് അഥവാ പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞത്. ബൈബിളിൽ ‘ഒറ്റ’ എന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമാണ് മോണോസ് (μόνος – monos). പഴയനിയമത്തിൽ ഒറ്റയെ (single/only/alone) കുറിക്കുന്ന യാഖീദ് (yahid) എന്ന എബ്രായപദത്തിനു തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. കേവലമായ ഒന്നിനെ (single/olny/alone) കുറിക്കുന്ന മോണോസ് എന്ന ഗ്രീക്കുപദം പുതിയനിയമത്തിൽ പതിമൂന്നു പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്: (മത്താ, 4:10; 24:36; ലൂക്കൊ, 4:8; 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 6:15; 6:16; യൂദാ, 1:4; 1:24; വെളി, 15:4). പുതിയനിയമത്തിൽ മോണോസ് ഉപയോഗിച്ച് ദൈവം ഒരുത്തൻ മാത്രമാണെന്ന് ഖണ്ഡിതമായ അർത്ഥത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്. “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (monos) ആരാധിക്കാവു (മത്താ, 4:10: ലൂക്കൊ, 4:8), പിതാവു മാത്രമല്ലാതെ (monos) പുത്രന്നും കൂടി അറിയുന്നില്ല (മത്താ, 24:36) ഏക(monos)ദൈവത്തിൽ നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏക(monos) സത്യദൈവം (യോഹ, 17:3) തുടങ്ങിയവ. ഒപ്പം, പൗലൊസ് പറയുന്നതുകൂടി നോക്കുക: പിതാവായ ഏകദൈവമേ നമുക്കുള്ളു (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ: (എഫെ, 4:6).
ദൈവപുത്രനായ യേശുക്രിസ്തു പിതാവിനെക്കുറിച്ചു മോണോസ് ചേർത്ത് പറഞ്ഞ കാര്യങ്ങളെ നമുക്കു ഇങ്ങനെ സംഗ്രഹിക്കാം: പിതാവാണ് ഏകദൈവം (യോഹ, 5:44), പിതാവു മാത്രമാണ് സത്യംദൈവം (യോഹ, 17:3), പിതാവു മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ (മത്താ, 4:10), പിതാവു മാത്രമാണ് സകലവും അറിയുന്നത് അഥവാ സർവ്വജ്ഞാനി: (മത്താ, 24:36). പിതാവ് മാത്രമാണ് ദൈവം അഥവാ സത്യദൈവമെന്ന് ഒരാൾ പറഞ്ഞാൽ, ആ പറയുന്ന ആൾക്ക് ദൈവമായിരിക്കാൻ കഴിയുമോ???… ഒരിക്കലുമില്ല. ഉദാഹരണത്തിന്; ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ നോക്കി നീ മാത്രമാണ് ‘മനുഷ്യൻ’ എന്നു പറയാൻ കഴിയില്ല. കാരണം താനും മനുഷ്യനാണ്; ഭൂമിയിൽ കോടാനുകോടി മനുഷ്യർ വേറെയുമുണ്ട്. ഇനി, നീ മാത്രമാണ് ‘നല്ല മനുഷ്യൻ’ എന്നും പറയാൻ കഴിയില്ല. എന്തെന്നാൽ, താനും ലോകത്തിലുള്ള സകല മനുഷ്യരും കൊള്ളരുതാത്തവരും ഇയൊരു മനുഷ്യൻ മാത്രമേ നല്ലവനായുള്ളു എങ്കിലേ അത് പറയാൻ കഴിയുകയുള്ളു; അങ്ങനെയൊരു മനുഷ്യൻ നലവിൽ ഭൂമിയിലില്ല. (ഉണ്ടായിരുന്നു; ഏകദേശം രണ്ടായിരം വർഷംമുമ്പ് അങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ 38 വർഷം ജീവിച്ചിരുന്നു). എന്നാൽ ഏതൊരു മനുഷ്യനും പിതാവിനെ നോക്കി, നീ മാത്രമാണ് ദൈവമെന്നും നീ മാത്രമാണ് സത്യദൈവം എന്നും പറയാൻ കഴിയും. എന്തെന്നാൽ ദൈവം ഒരുത്തൻ മാത്രമാണ്. അപ്പോൾത്തന്നെ, പിതാവ് മാത്രമാണ് ദൈവമെന്നു പറയുന്ന മനുഷ്യർ താൻ ദൈവമേയല്ലെന്നു കൂടി സാക്ഷ്യപ്പെടുത്തുകയാണ്. അതേപോലെ, പിതാവിനെ ഏകസത്യദൈവം എന്നു വിളിച്ച ദൈവപുത്രനായ യേശുക്രിസ്തു, താൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. മറ്റൊന്ന്: തന്നെ ‘നല്ല ഗുരോ’ എന്നു വിളിച്ച ഒരു പ്രമാണിയോടു യേശു പറഞ്ഞത്: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കൊ, 18:18,19). ആത്യന്തികമായി ദൈവം ഒരുത്തൻ മാത്രമാണ് നല്ലവൻ: (സങ്കീ, 106:1). അവിടെയും ദൈവപുത്രനായ താൻ ദൈവമല്ലെന്നാണ് പറഞ്ഞത്. അപ്പോൾ, യേശുവിനെ ദൈവം (യോഹ, 20:28), മഹാദൈവം (തീത്തൊ, 2:12) എന്നൊക്കെ പറഞ്ഞിരിക്കുന്നത് നുണയാണോ? അല്ലെങ്കിൽ ബൈബിൾ പരസ്പരവിരുദ്ധമാണോ?
പിതാവ് മാത്രമാണ് ദൈവമെന്നു ആവർത്തിച്ചു പറയുകവഴി താൻ ദൈവമല്ലെന്നു ദൈവപുത്രനായ യേശുക്രിസ്തു സാക്ഷ്യം പറഞ്ഞിരിക്കുന്നു. എന്നാൽ യേശുക്രിസ്തു ദൈവമാണെന്നു അപ്പൊസ്തലന്മാർ സാക്ഷ്യപ്പെടുത്തുന്നു. യേശുക്രിസ്തു നുണ പറഞ്ഞതാണെന്നു പറയാൻ കഴിയില്ല, അവന് നുണപറയാൻ കഴിയില്ല. അപ്പൊസ്തലന്മാരും നുണ പറഞ്ഞില്ല, അവർ നുണ പറയാൻ ഇച്ഛിച്ചാലും അവരിൽ വസിച്ചിരുന്ന പരിശുദ്ധാത്മാവ് നുണ പറയാൻ സമ്മതിക്കില്ലായിരുന്നു. മാത്രമല്ല, രണ്ടിലേതെങ്കിലും തെറ്റാണെന്നു പറഞ്ഞാൽ ബൈബിൾ പരസ്പരവിരുദ്ധം (contradiction) ആണെന്നുവരും. രണ്ടും ഒരുപോലെ ശരിയാകണം. അതെങ്ങനെ ശരിയാകും? എന്താണതിലെ യാഥാർത്ഥ്യം? അനേകരും അറിയാത്തതും മറ്റനേകർ അറിഞ്ഞിട്ടും അംഗീകരിക്കാത്തതുമായ ഒരു വസ്തുതയുണ്ട്: നമുക്കു മനുഷ്യനായ ഒരു ക്രിസ്തുയേശുവും മഹാദൈവമായ യേശുക്രിസ്തുവുമുണ്ട്: (1തിമൊ, 2:6; തീത്തൊ, 2:12). അതായത്, “പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവപിതാവിൻ്റെ പേരും, ആ ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിട്ട് മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ യാഗമർപ്പിച്ച മഹാപുരോഹിതനായ മനുഷ്യൻ്റെ പേരും യേശുക്രിസ്തു എന്നാണ്. ഒന്നുകൂടി പറഞ്ഞാൽ, പിതാവിൻ്റെയും പുത്രൻ്റെയും പേര് ഒന്നുതന്നെയാണ്: (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; 14:26; യോഹ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19– പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ഒന്നുകൂടി വ്യക്തമാക്കിയാൽ, പഴയനിയമം വെളിപ്പെടുത്തുന്ന പിതാവായ യഹോവയും ലേഖനങ്ങളിൽ പരാമർശിച്ചിരിക്കുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ വ്യക്തിയാണ് നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ചുയിർത്ത മനുഷ്യനായ ക്രിസ്തുയേശു അഥവാ ദൈവപുത്രൻ.” [മനുഷ്യനായ ക്രിസ്തുയേശുവും മഹാദൈവമായ യേശുക്രിസ്തുവും]
“ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). പിതാവാണ് ഏകസത്യദൈവം അഥവാ പിതാവ് മാത്രമാണ് സത്യദൈവം എന്നാണ് ദൈവത്താൽ അയക്കപ്പെട്ട യേശുക്രിസ്തുവെന്ന ദൈവപുത്രൻ പറഞ്ഞിരിക്കുന്നത്. അപ്പോൾ, പിതാവിനെ ഏകസത്യദൈവം എന്നു വിശേഷിപ്പിച്ചയാൾ മനുഷ്യനാണെന്നു മനസ്സിലാക്കാമല്ലോ? അതായത്, ദൈവത്താൽ അയക്കപ്പെട്ട യേശുക്രിസ്തുവെന്ന മനുഷ്യൻ പറയുന്നതിൻ്റെ സാരമിതാണ്: ഒരേയൊരു സത്യദൈവമായ പിതാവിനെയും പിതാവിനാൽ അയക്കപ്പെട്ട മനുഷ്യനായ യേശുക്രിസ്തുവിനെയും അറിയുന്നതാണ് നിത്യജീവൻ. അതറിയുന്നതാണ് നിത്യജീവനെങ്കിൽ! അതറിയാതെ, ദൈവം ദ്വൈത്വമാണ്, ത്രിത്വമാണ് എന്നൊക്കെ വിശ്വസിച്ചാൽ നിത്യജീവൻ കിട്ടുമോ???… പോട്ടെ, നിത്യജീവനല്ലല്ലോ നമ്മുടെ വിഷയം. [ദൈവം തന്റെ പുത്രനെ അയച്ചു]
യേശുവെന്ന മനുഷ്യനെ അഥവാ ദൈവപുത്രനെ യഥാർത്ഥമായി അറിയാതെ, പിതാവായ ദൈവത്തെ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവത്തെ അറിയാൻ കഴിയില്ല. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവപുത്രൻ ദൈവമല്ല; മനുഷ്യനാണ്. പിതാവായ ഏകദൈവമല്ലാതെ, ഒരു പുത്രദൈവം ബൈബിളിലില്ല: (യോഹ, 17:3; 1കൊരി, 8:6; എഫെ, 4:6). എന്നാൽ, പുത്രനായി വെളിപ്പെട്ടവൻ ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ അവൻ സാക്ഷാൽ യഹോവയായ ദൈവമായിരുന്നു. യെഹൂദന്മാർ യേശുവിനെ നസറെത്തിൽ നിന്നുള്ള മറിയയുടെയും യോസേഫിൻ്റെയും മകനെന്നതിലുപരിയായി അവനെ അറിഞ്ഞിരുന്നില്ല. അതിനാൽ, “നിന്റെ പിതാവു എവിടെ” എന്നു ചോദിച്ച അവരോടു അവൻ പറഞ്ഞു: “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു,” (യോഹ, 8:19). മനുഷ്യനായ യേശുക്രിസ്തുവിനെയും മഹാദൈവമായ യേശുക്രിസ്തുവിനെയും വേർതിരിച്ചു പഠിക്കാതെ, പുതിയനിയമം ആർക്കെങ്കിലും മനസ്സിലാകുമെന്ന് വിചാരിക്കരുത്. നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ട പുത്രൻ ദൈവമല്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത ഒരു മനുഷ്യനാകുന്നു: (1തിമൊ, 2:6; 3:15,16). എന്നാൽ ആ മനുഷ്യനായി വെളിപ്പെട്ടത് ‘ആരായിരുന്നു’ എന്നു ചോദിച്ചാൽ; അവൻ ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു അഥവാ യഹോവ ആയിരുന്നു: (തീത്തൊ, 2:12; എബ്രാ, 13:8). അതായത്, മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9) യഹോവയായ ഏകദൈവം യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന അഭിധാനത്തിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ട് തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തുകയായിരുന്നു: (മത്താ, 1:22; ലൂക്കൊ, 1:68; യോഹ, 1:13; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15).
പിതാവ് മാത്രമാണ് സത്യദൈവം, അവൻ മാത്രമാണ് ആരാധനയ്ക്ക് യോഗ്യൻ, അവൻ മാത്രമാണ് സകലവും അറിയുന്നവൻ എന്നൊക്കെ പറഞ്ഞത് ദൈവമായ യേശുക്രിസ്തുവല്ല; ദൈവപുത്രൻ അഥവാ മനുഷ്യനായ ക്രിസ്തുയേശുവാണ്: (യോഹ, 8:40; 9:11; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:6). മത്തായി 1:1-മുതൽ യോഹന്നാൻ 20:17-വരെ കാണുന്നത് മനുഷ്യനായ യേശുക്രിസ്തുവാണ് അഥവാ ദൈവപുത്രനാണ്. എന്നാൽ അപ്പൊസ്തലന്മാർ ദൈവം (യോഹ, 20:28), മഹാദൈവം (തീത്തൊ, 2:12), എന്നൊക്കെ വിശേഷിപ്പിരിക്കുന്നത് പുത്രനെയല്ല അഥവാ മനുഷ്യനായ ക്രിസ്തുയേശുവിനെയല്ല; സാക്ഷാൽ യഹോവയായ ദൈവത്തെത്തന്നെയാണ്. അവൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. യോഹന്നാൻ 20:28-മുതലാണ് ദൈവമായ യേശുക്രിസ്തുവിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. അതിനാൽ പുത്രനായ യേശുക്രിസ്തു പറഞ്ഞതും അപ്പൊസ്തലന്മാർ പറഞ്ഞതും ഒരുപോലെ ശരിയാണ്. അതായത്, ദൈവപുത്രായ യേശുവും അപ്പൊസ്തലന്മാരും ദൈവമെന്ന് സംബോധന ചെയ്യുന്നത് പിതാവായ ഏകദൈവത്തെത്തന്നെയാണ്. [മനുഷ്യനായ ക്രിസ്തുയേശുവും മഹാദൈവമായ യേശുക്രിസ്തുവും]
പിതാവായ ഏകദൈവം മാത്രമാണ് നമുക്കുള്ളത്: (യോഹ, 8:41; 17:3; 1കൊരി, 8:6; എഫെ, 4:6; യെശ, 63:16; 64:8; മലാ, 2:10). പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ പേരും മനുഷ്യനായ പുത്രൻ്റെ പേരും യേശുക്രിസ്തു എന്നാണ്: (സങ്കീ, 118:26; മത്താ, 1:21; 23:39; യോഹ, 5:43; 10:25; 12:28; 17:6; 17:11; 17:12; യോവേ, 2:32; പ്രവൃ, 2:22; 4:12). പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറയുന്നത് മനുഷ്യനായ ദൈവപുത്രനാണ്: (യോഹ, 17:3). എന്നാൽ, അപ്പൊസ്തലനായ തോമാസ് ‘എൻ്റെ ദൈവം’ എന്നു വിളിക്കുന്നതും (യോഹ, 20:28), പൗലൊസ് മഹാദൈവം (തീത്തൊ, 2:12), എന്നു വിശേഷിപ്പിച്ചിരിക്കുന്നതും മനുഷ്യനായ ദൈവപുത്രനെയല്ല; ദൈവപിതാവായ യേശുക്രിസ്തുവെന്ന ഏകസത്യദൈവത്തെയാണ്. അതുകൊണ്ടാണ് പുത്രനായ യേശു, പിതാവിനെ ‘ഏകസത്യദൈവം’ എന്നു വിളിക്കുന്നതും അപ്പൊസ്തലന്മാർ യേശുക്രിസ്തുവിനെ ‘ദൈവം അഥവാ മഹാദൈവം’ എന്നു വിളിക്കുന്നതും ഒരുപോലെ ശരിയാകുന്നത്. അല്ലെങ്കിൽ ബൈബിൾ പരസ്പരവിരുദ്ധമായി മാറും. ഇതാണ് ക്രൈസ്തവവിശ്വാസത്തിൻ്റെ മർമ്മം അഥവാ ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മം: (1തിമൊ, 3:14-16). പിതാവായ യഹോവയാണ് സ്വർഗ്ഗസിംഹാസനത്തിൽ ദൂതന്മാരുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നത്: (വെളി, 4:1-8). അവൻ തന്നെയാണ് മനുഷ്യരുടെ പാപപരിഹാരാർത്ഥം കാലസമ്പൂർണ്ണതയിൽ മനുഷ്യനായി പ്രത്യക്ഷനായത്: (മത്താ, 1:21; ലൂക്കൊ, 1:68: 1:77; ഗലാ, 4:4; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15). ദൈവം സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുമ്പോൾത്തന്നെയാണ് ഒരു പാപമറിയാത്ത മനുഷ്യൻ മാത്രമായി ഭൂമിയിൽ പ്രത്യക്ഷനായി നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചത്: (യോഹ, 3:13). ദൈവത്തിൻ്റെ ആത്മാവ് ദൈവഭക്തിയെക്കുറിച്ചുള്ള ഈ മർമ്മം സഭയ്ക്ക് വെളിപ്പെടുത്തിയിട്ട് ഏകദേശം രണ്ടായിരം വർഷമായി. ‘എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ’ എന്ന അപ്പൊസ്തലനായ പൗലൊസിൻ്റെ ഭയംപോലെ (2കൊരി, 11:3), ഉപായിയായ സർപ്പം നുഴയിച്ചുകയറ്റിയ ത്രിത്വബഹുദൈവ ദുരുപദേശം മുഖാന്തരം ദൈവഭക്തിയെക്കുറിച്ചുള്ള ഈ മർമ്മം അനേകർക്കും വെളിപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ദൈവത്തിൻ്റെ വെളിപ്പാടിനെക്കുറിച്ച് (manifestation) ബൈബിൾ പഠിപ്പിക്കുമ്പോൾ, വെളിപ്പെട്ട ദൈവത്തെ ത്രിത്വം അവതരിച്ചവനാക്കിയതാണ് ദൈവഭക്തിയുടെ മർമ്മം അനേകർക്കും ഇതുവരെ മറഞ്ഞിരിക്കാൻ കാരണം. [വെളിപ്പാടും അവതാരവും]
ദൈവപുത്രൻ സത്യദൈവമോ?: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ഈ പരിഭാഷ കൃത്യമല്ല. ഈ വാക്യപ്രകാരം ദൈവപുത്രൻ സത്യദൈവമാണന്ന് അനേകരും കരുതുന്നു. കെ.ജെ.വി. പരിഭാഷ ചേർക്കുന്നു: “And we know that the Son of God is come, and hath given us an understanding, that we may know him that is true, and we are in him that is true, even in his Son Jesus Christ. This is the true God, and eternal life.” ( KJV). “ദൈവപുത്രൻ വന്നിരിക്കുന്നു എന്നും സത്യമായവനെ അറിയേണ്ടതിന്നു അവൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു. നാം സത്യമായവനിലും അവന്റെ പുത്രനായ യേശുക്രിസ്തുവിലുമാണ്. ഇതാകുന്നു സത്യദൈവവും നിത്യജീവനും.” ഇതാണ് കെ.ജെ.വിയുടെ തർജ്ജമ. സത്യദൈവത്തെയും സത്യദൈവത്തെ അറിവാൻ വിവേകംതന്ന ദൈപുത്രനും നിത്യജീവനുമായ അഥവാ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവെന്ന മനുഷ്യനായ ദൈവപുത്രനെയും യോഹന്നാൻ വേർതിരിച്ചു കാണിക്കുകയാണ്. അതായത്, യോഹന്നാൻ 17:3-നു തത്തുല്യമായ വേദഭാഗമാണിത്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” അവിടെയും ഏകസത്യദൈവത്തെയും മനുഷ്യനായ രക്ഷകനെയും വേർതിരിച്ചു കാണിക്കുകയാണ്. രണ്ടിലും ഒരേ ആശയമാണുള്ളത്. സത്യവേദപുസ്തകം പരിഷ്കരിച്ച ലിപിയിലുള്ള പരിഭാഷയിൽ വാക്യം തിരുത്തിയിട്ടുണ്ട്: “ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിയുവാനുള്ള വിവേകം അവിടുന്നു നമുക്കു നല്‌കി എന്നും നാം അറിയുന്നുവല്ലോ. നാം സത്യദൈവത്തോട്, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുതന്നെ ഏകീഭവിച്ചിരിക്കുന്നു; അവിടുന്നാണ് സത്യസ്വരൂപന്‍; അവിടുന്നാണ് നിത്യജീവനും.” (1 യോഹ, 5:20). ഇതിൽ സത്യദൈവമെന്നു മാറ്റി സത്യസ്വരൂപനെന്നാക്കി. മൂലഭാഷയിൽ നിന്നും സത്യവേപുസ്തകത്തിലെ പരിഭാഷയ്ക്ക് വളരെ വ്യത്യാസമുണ്ട്. അതിൽ ഒരുപ്രാവശ്യം ദൈവപുത്രനെന്നും (Son of God) ഒരുപ്രാവശ്യം സത്യദൈവമെന്നുമാണ് (True God) ഉള്ളത്. സത്യവേദപുസ്തകത്തിൽ മൂന്നുപ്രാവശ്യം സത്യദൈവമെന്നുണ്ട്. അടുത്തത്, ‘ഇതു’ എന്ന് തർജമ ചെയ്യേണ്ട ഓട്ടൊസ് എന്ന ഗ്രീക്കുപദത്തെ (οὗτός – outos – this) മലയാളത്തിൽ ‘അവൻ’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. എന്നാൽ ‘അവൻ, ഇവൻ’ എന്നൊക്കെ ഉപയോഗിക്കാൻ അഫ്ട്ടൊസ് (αὐτὸς – aftos – he) എന്ന മറ്റൊരു പദമുണ്ട്. ആ പദമല്ല പ്രസ്തുത വാക്യത്തിൽ യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതു (this) എന്നർത്ഥം വരുന്ന outos ആണ് ഉപയോഗിച്ചിരിക്കുന്നത്. “This is the true God, and eternal life അഥവാ ഇതാകുന്നു സത്യദൈവവും നിത്യജീവനും” എന്നാണ് പറഞ്ഞിരിക്കുന്നത്. അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ This is the true God, and eternal life എന്നാണ്: ABP, ABU, ACV, AZV, BB, BKJV, BSV, BB2020, CGV, CLNT, COMM, CPDV, CVB, DLNT, DRB, DRC, Dialott, EMP, EOB’13, GB, GB1, GLW, GW’20, GWN, HKJV+, JUB, KJV+, LBP, LEB, LHB, LITV, LONT, LSV, MNT, NEB’70, NET, NHEB, NHEB-Y, NMB, NMV’18, NOG, NSB, NTM, Niobe, Noy, NumNT, OJB, PCE, PESH, PSNT, RHB, RKJNT, RNKJV, RNT, RSV, RSV-CE, RSV-CI, RV, RWV+, RcV’03, SLT, TRC, YLT1898. അതായത്, സത്യദൈവത്തെയും അവനെ അറിയാൻ വിവേകംതന്നെ സത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രനെക്കുറിച്ചും പറഞ്ഞശേഷം, സത്യദൈവത്തെയും ദൈവപുത്രനിലൂടെ ലഭിച്ച നിത്യജീവനെയും വേർതിരിച്ചു കാണിക്കയാലാണ്, ഇത് (this) എന്ന നപുംസലിംഗം ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ, ആ വാക്യത്തിലെ ദൈവപുത്രൻ ദൈവമാണെന്നല്ല അതിനർത്ഥം. അത് പരിഭാഷാപ്രശ്നമാണ്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് ദൈവപുത്രൻതന്നെ പറയുകയും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു അപ്പൊസ്തലന്മാർ പറയുകയും ചെയ്യുമ്പോൾ, ദൈവപുത്രൻ സത്യദൈവമാണെന്നു വന്നാൽ ബൈബിൾ പരസ്പരവിരുദ്ധമാകും എന്നോർക്കുക. ദൈവപുത്രനല്ല; ദൈവപിതാവാണ് ഏകസത്യദൈവം. പുതിയനിയമത്തിൽ ദൈവപുത്രൻ്റെ പേരും ദൈവപിതാവിൻ്റെ പേരും യേശുക്രിസ്തു എന്നാണ്: (മത്താ, 28:19. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; 14:26; യോഹ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16).
ത്രിത്വം ബഹുദൈവവിശ്വസവും പുതിയനിയമം വെളിപ്പെടുത്തുന്ന ഏകസത്യദൈവമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന ഉപദേശവുമാണ്. ദൈവം സമനിത്യരായ മൂന്നു വ്യക്തികളാണെന്നു ത്രിത്വം പഠിപ്പിക്കുന്നു. അതായത്, പിതാവും പുത്രനും പരിശുദ്ധാത്മാവും അവർക്ക് വ്യത്യസ്തവ്യക്തികളും ഒരുപോലെ ദൈവവുമാണ്. ബൈബിളിൽ പിതാവായ ഏകദൈവമെന്നല്ലാതെ, പുത്രനായ ദൈവമെന്നോ, പരിശുദ്ധാത്മായ ദൈവമെന്നോ ഒരു പ്രയോഗമില്ല. പിതാവായ യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് പഴയപുതിയനിയമങ്ങൾ ആവർത്തിച്ചു പറയുമ്പോൾ, ദൈവം ത്രിത്വമാണെന്നു പറയുന്നത് ബഹുദൈവദുരുപദേശമാണ്. ത്രിത്വത്തിലെ അവരുടെ പുത്രദൈവമായ യേശുക്രിസ്തുവാണ്, പിതാവിനെ ‘ഏകസത്യദൈവം (the only true God) അഥവാ പിതാവ് മാത്രമാണ് സത്യദൈവം, അവനെ മാത്രമേ ആരാധിക്കാവു’ എന്നൊക്കെ പറഞ്ഞിരിക്കുന്നത്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറഞ്ഞുകൊണ്ട് ദൈവപുത്രനായ ക്രിസ്തു താൻ ദൈവമല്ലെന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ, ദൈവപുത്രൻ ദൈവമാണെന്നു പറയുകവഴി സാക്ഷാൽ ഏകസത്യദൈവമായ യേശുക്രിസ്തുവിനെ അവർ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ഏകദൈവത്തെ (monos theos) കുറിച്ചാണ് പറഞ്ഞിരിക്കുന്നതെന്ന് തുടക്കത്തിൽ നാം കണ്ടു. പഴയനിയമ ഭക്തന്മാരും ഒരേയൊരു ദൈവത്തെ (The only God) കുറിച്ചാണ് പഠിപ്പിച്ചത്: പഴയനിയമത്തിലും കേവലമായ ഒന്നിനെ അഥവാ ഒറ്റയെ കുറിക്കുന്ന (only/alone) ‘ബാദ് (bad), ബാദാദ് (badad), റാഖ് (raq), അക് (ak) എന്നീ പദങ്ങൾ ഇരുപത്തഞ്ചു പ്രാവശ്യം ദൈവത്തിനു ഉപയോഗിച്ചിട്ടുണ്ട്: (പുറ, 22:20; ആവ, 32:12; യോശു, 1:17; 1ശമൂ, 7:3; 7:4; 12:24; 2രാജാ, 19:15; 19:19; 2ദിന, 33:17; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11; 2:17; 26:13; 37:16; 37:20; 44:24; 45:24). ആകാശവും ഭൂമിയും ഞാൻ ഒറ്റയ്ക്കാണ് (badad) സൃഷ്ടിച്ചതെന്ന് യഹോവയായ ദൈവം നുണ പറയുകയായിരുന്നോ? (യെശ, 44:24. ഒ.നോ: 2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്ന് (LORD God, even thou only) പഴയനിയമ ഭക്തന്മാരും നുണ പറയുകയായിരുന്നോ? (2രാജാ, 19:15; 19:19; നെഹെ, 9:6; യെശ, 37:16; 37:20). ദൈവം ത്രിത്വമാണെന്നു കരുതുന്നവർ ബൈബിൾ ഒരാവർത്തിപോലും വായിച്ചിട്ടുള്ളവരല്ല. ഇതും കാണുക:
യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20)
പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; എബ്രാ, 2:11; മലാ, 2:10; യെശ, 63:16; 64:8)
യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8)
യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5)
യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18)
യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18)
യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5)
യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24)
യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10)
യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14)
മഹാദൈവമായ യഹോവയും (ആവ, 10:17) മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്: (തീത്തൊ, 2:12). ആ ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ മാത്രമായ ദൈവപുത്രനാണ് എല്ലാവർക്കും വേണ്ടി മദ്ധ്യസ്ഥനും മറുവിലയായി തന്നെത്താൻ അർപ്പിച്ച മനുഷ്യനായ ക്രിസ്തുയേശു: (1തിമൊ, 2:6. ഒ.നോ: യോഹ, 8:40; 9:11; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47). അപ്പൊസ്തലലനായ തോമാസ് ‘എൻ്റെ ദൈവം’ (My God) എന്നു വിളിച്ചതും പൗലൊസ് മഹാദൈവം എന്നു വിശേഷിപ്പിച്ചതും ദൈവപുത്രനെയല്ല; ദൈവപിതാവിനെയാണ്. പിതാവായ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായിരുന്നു പുത്രൻ. അഥവാ മനുഷ്യരുടെ പാപപരിഹാരാർത്ഥം പിതാവായ ഏകദൈവം തന്നെയാണ് പുത്രനെന്ന അഭിധാനത്തിൽ മനുഷ്യനായി വെളിപ്പെട്ടത്: (1തിമൊ, 3:14-16). തൻ്റെ ജഡത്തിലെ ശുശ്രൂഷ കഴിഞ്ഞാൽ, യേശുക്രിസ്തു എന്ന മനുഷ്യൻ പിന്നെയില്ല; ഇന്നെയും ഇന്നും എന്നെന്നേക്കും ഉള്ളത് മഹാദൈവമായ യേശുക്രിസ്തുവാണ്: (തീത്തൊ, 2:12; എബ്രാ, 13:8). അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ: (പുറ, 3:13-15).
മനുഷ്യരുടെ പാപപരിഹാരാർത്ഥം മറുവിലയായി തന്നെത്താൻ കൊടുത്തത് (ക്രൂശിൽ മരിച്ചത്) ‘ആരാകുന്നു’ എന്നു ചോദിച്ചാൽ, അവൻ ദൈവമല്ല; പാപമറിയാത്ത ഒരു മനുഷ്യൻ ആകുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). എന്നാൽ ആ മനുഷ്യനായി വെളിപ്പെട്ടവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ അവൻ ജീവനുള്ള ദൈവമായ യഹോവ ആയിരുന്നു: (1തിമൊ, 3:14-16). യേശുവെന്ന മനുഷ്യൻ അഥവാ ദൈവപുത്രൻ താൻ മരിക്കുന്നതിനു മുമ്പായി തൻ്റെ മനുഷ്യാത്മാവിനെ പിതാവായ ദൈവത്തിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ടാണ് മരിച്ചത്: (ലൂക്കൊ, 23:46). താൻ ഉയിർത്തെഴുന്നേറ്റത് ദൈവാത്മാവിലാണ്: (1പത്രൊ, 3:18. ഒ.നോ: റോമർ 8:11; എഫെ, 1:20). ദൈവാത്മാവിൽ ഉയിർത്തെഴുന്നേറ്റ യേശു താൻ പിതാവിൻ്റെ സന്നിധിയിൽ കയറി പോയതോടുകൂടി തൻ്റെ ജഡത്തിലെ ശുശ്രൂഷ അഥവാ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയായി: (യോഹ, 20:17). യേശുവെന്ന മനുഷ്യൻ അഥവാ ദൈവപുത്രൻ്റെ പ്രത്യക്ഷ ശരീരം പിന്നെയില്ല: (എബ്രാ, 10:5). ഇന്നലെയും ഇന്നും എന്നെന്നേക്കുമുള്ളത് യഹോവ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവം മാത്രമാണ്: (ആവ, 10:17; തീത്തൊ, 2:12; എബ്രാ, 13:8). സ്വർഗ്ഗത്തിൽനിന്നു വീണ്ടും പ്രത്യക്ഷനായത് മനുഷ്യനല്ല ദൈവമാണ്. അതുകൊണ്ടാണ് തോമാസ്: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ” എന്നു അവനെ വിളിച്ചത്: (യോഹ, 20:28). താൻ മനുഷ്യനായി വെളിപ്പെട്ടിരുന്നപ്പോൾ തന്നെ ‘നല്ലവൻ’ എന്നു വിളിച്ചതുപോലും നിഷേധിച്ച യേശു, തോമാസ് ‘എൻ്റെ ദൈവം’ എന്നു വിളിച്ചപ്പോൾ നിഷേധിച്ചില്ലെന്നോർക്കുക: (മർക്കൊ, 10:17,18). ഒരു യെഹൂദൻ ‘എൻ്റെ ദൈവം’ (My God) എന്നു യഹോവയെ അല്ലാതെ മറ്റൊരുത്തനെയും വിളിക്കില്ല. “എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ” എന്നു ദാവീദ് യഹോവയെ വിളിച്ചിരിക്കുന്നത് ഓർക്കുക: (സങ്കീ, 35:23). ദാവീദ് ‘എൻ്റെ ദൈവം’ എന്നു വിളിച്ചവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് ‘എൻ്റെ ദൈവം’ എന്നു വിളിച്ചിരിക്കുന്നത്. യഹോവയല്ലാതെ മറ്റൊരു ദൈവം യെഹൂദനുമില്ല; ബൈബിളിലുമില്ല. യഹോവയല്ലാതെ ദൈവമില്ല (ആവ, 32:39) അവനല്ലാതെ മറ്റൊരുത്തനുമില്ല (ആവ, 4:35) അവനോടു സമനായാരുമില്ല (പുറ, 15:11) അവനോടു സദൃശ്യനായാരുമില്ല (സങ്കീ, 40:5) യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). അതിനാൽ, യഹോവയല്ല യേശുക്രിസ്തു എന്നു പറയുന്നവർ അവൻ്റെ ദൈവത്വം നിഷേധിക്കുന്ന എതിർക്രിസ്തുക്കൾ മാത്രമാണ്. [കാണുക: യഹോവയും യേശുവും ഒന്നാണോ?]
യെഹൂദന്മാരെപ്പോലെ ക്രിസ്തുവിനെ അറിയാൻ കഴിയാതെവണ്ണം ക്രൈസ്തവരുടെ ഹൃദയും കുരുടാക്കിക്കളഞ്ഞത് ത്രിത്വോപദേശമാണ്. ക്രൂശിൽ മരിച്ച ദൈവപുത്രൻ ദൈവത്തോടു കൂടെയുണ്ടായിരുന്ന ദൈവവും നിത്യപുത്രനുമാണെന്നു ത്രിത്വം വിശ്വസിക്കുന്നു. അതിനാൽ ജഡത്തിൽ വന്ന അഥവാ പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്ന യേശു ദൈവവും മനുഷ്യനുമെന്ന സങ്കരപ്രകൃതി ഉള്ളവനാണെന്ന് ത്രിത്വം പഠിപ്പിക്കുന്നു. അങ്ങനെയൊരു സങ്കരവ്യക്തി ബൈബിളിലില്ല. അവരുടെ ഉപദേശപ്രകാരം യേശുവെന്ന ദൈവവും ക്രൂശിൽ മരിച്ചു. ദൈവത്തിനു മരിക്കാൻ കഴിയില്ലെന്ന ശിശുസഹജമായ അറിവുപോലും അവർക്കില്ല. ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു വിശ്വസിക്കുന്നത് എത്രവലിയ ദുരുപദേശമാണെന്ന് അവർ അറിയുന്നില്ല. ദൈവം ദ്വൈത്വമാണ്, ത്രിത്വമാണ് എന്നൊക്കെ പഠിപ്പിച്ചത് ബൈബിളല്ല; മനുഷ്യരാണ്. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഒരുത്തൻ മാത്രമാണ്. [യേശുവിൻ്റെ ഇരുപ്രകൃതി സത്യമോ?]
യേശുവെന്ന മനുഷ്യൻ: കന്യകയായ മറിയ പ്രസവിച്ചത് ദൈവത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല; ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ പാപമറിയാത്ത ഒരു വിശുദ്ധപ്രജയെ അഥവാ മനുഷ്യക്കുഞ്ഞിനെയാണ്: (ലൂക്കൊ, 1:32; യോഹ, 8:40; 9:11; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 2കൊരി, 5:21; 1തിമൊ, 2:6; 3:15,16). മറിയ പ്രസവിച്ച ശിശുവിനെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കയും ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). മറിയയുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുചെന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർവന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40; 2:52) ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ സ്നാനമേറ്റപ്പോൾ (ലൂക്കൊ, 3:23), ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). അതായത്, യേശുവെന്ന മനുഷ്യൻ ജനിച്ച് മുപ്പതുവർഷം കഴിഞ്ഞാണ് ദൈവപുത്രനായത്. അതിനുശേഷമാണ് ആത്മാവിൻ്റെ ശക്തിയോടെ യേശു ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ ‘ഉത്ഭവിക്കുന്ന വിശുദ്ധപ്രജ അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടും, ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നീ ദൂതൻ്റെ പ്രവചനങ്ങളുടെ അർത്ഥമെന്താണ്? തൻ്റെ ഐഹികജീവിതത്തിൽ മൂന്നരവർഷം മാത്രമാണ് താൻ ദൈവപുത്രനും ക്രിസ്തുവും ആയിരുന്നത്; അതിനാൻ പുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ അസ്തിത്വമല്ല; അഭിധാനമാണെന്നു മനസ്സിലാക്കാമല്ലോ.
ഏകസത്യദൈവം: പുതിയനിയമം വെളിപ്പെടുത്തുന്ന ഏകസത്യദൈവം യേശുക്രിസ്തുവാണ്. അതായത്, യഹോവ തന്നെയാണ് മഹാദൈവമായ യേശുക്രിസ്തു. പഴയനിയമത്തിൽ അവൻ്റെ പേര് യഹോവ അഥവാ യാഹ്വെ എന്നായിരുന്നു. “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും” എന്ന യഹോവയുടെ വാഗ്ദത്തത്തിൻ്റെ ഫലമാണ് പുതിയനിയമം: (യിരെ, 31:31-34; എബ്രാ, 8:8-13. ഒ.നോ: യെഹെ, 11:19,20). പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവ എന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോവയുടെ പ്രത്യക്ഷതയായ മനുഷ്യനു യേഹ്ശുവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31; 1തിമൊ, 3:15,16). ദൈവത്തിൻ്റെ വാഗ്ദത്തംപോലെ (യിരെ, 31:31-34) തൻ്റെ ജഡത്തിലെ വെളിപ്പാടായ ക്രിസ്തുവിൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്ന ഏകദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). ദൈവമല്ല നമുക്കുവേണ്ടി ക്രൂശിൽ മരിച്ചത്; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:5,6; 3:14-16). പ്രത്യക്ഷനായവൻ തൻ്റെ പ്രത്യക്ഷതയുടെ ദൗത്യം പൂർത്തിയാക്കി അപ്രത്യക്ഷനായാൽ ആ പദവിയല്ലാതെ, പിന്നെ ആ മനുഷ്യൻ അഥവാ പ്രത്യക്ഷശരീരം ഉണ്ടാകില്ല: (1തിമൊ, 2:6; എബ്രാ, 10:5). ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു: (തീത്തൊ, 2:12; എബ്രാ, 13:8). അവൻ്റെ പഴയനിയമത്തിലെ പേരാണ് യഹോവ അഥവാ യാഹ്വെ: (പുറ, 3:15; ആവ, 10:17). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനും ഏകനാമവുമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായ പത്രൊസ് വിളിച്ചുപറഞ്ഞതോർക്കുക: (പ്രവൃ, 4:12). പഴയനിയമത്തിൽ സകലജാതികൾക്കും രക്ഷയ്ക്കായുള്ള ഏകദൈവവും നാമവും യഹോവയായിരുന്നു എന്നതും കുറിക്കൊള്ളുക: (യെശ, 45:5,6,22).
പിതാവിൻ്റെയും പുത്രൻ്റെയും നാമം: പുതിയനിയമം വെളിപ്പെടുത്തുന്ന സ്രഷ്ടാവും പിതാവുമായ ദൈവത്തിൻ്റെ നാമവും മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചുയിർത്ത മനുഷ്യനായ ദൈവപുത്രൻ്റെ നാമവും യേശുക്രിസ്തു എന്നാണ്. അതായത്, പഴയനിയമത്തിലെ യഹോവയായ ദൈവവും ലേഖനങ്ങളിൽ കാണുന്ന മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണ്. ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ അഥവാ മനുഷ്യനായ യേശുക്രിസ്തുവാണ് ദൈവപിതാവിനെ ‘ഏകസത്യദൈവം’ എന്നു സംബോധന ചെയ്തത്. “യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.” (സങ്കീ, 118:26. ഒ.നോ: മത്താ, 23:39; മർക്കൊ, 11:9; ലൂക്കൊ, 13:35; 18:38; യോഹ, 12:13). “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.” (യോഹ, 5:43). “എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.” (യോഹ, 10:25). “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി:” (യോഹ, 12:28). “പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.” (യോഹ, 17:1). “നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ, 17:6). “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.” (യോഹ, 17:11). “അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു;” (യോഹ, 17:12). “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും.” (യോവേ, 2:32). “എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:22. ഒ.നോ: യോഹ, 20:31; റോമ, 10:13). “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃ, 4:12). “സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.” (യെശ, 45:22).
ഏകദൈവമായ യഹോവ തന്നെയാണോ മനുഷ്യനായി വെളിപ്പെട്ട് ക്രൂശിൽ മരിച്ചതെന്നു അനേകർക്കും സംശയമുണ്ടാകാം. അതിന് ആദ്യം അറിയേണ്ടത് ദൈവത്തിൻ്റെ പ്രകൃതിയാണ്. ദൈവപ്രകൃതി: അക്ഷയനും അദൃശ്യനും ആത്മാവും ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനും ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനുമായ ഏകദൈവം (monos theos) ആണുള്ളത്: (1തിമൊ, 1:17; യോഹ, 4:24; യിരെ, 23:23,24; യോഹ, 1:18; 1തിമൊ, 6:16; യാക്കോ, 1:17; മലാ, 3:6). ദൈവം അദൃശ്യനാണെന്നു മൂന്നുവട്ടവും (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27), ദൈവത്തെ ആരുമൊരുനാളും കണ്ടിട്ടില്ലെന്നു രണ്ടുവട്ടവും (യോഹ, 1:18; 1യോഹ, 4:12), കാണ്മാൻ കഴിയില്ലെന്നു ഒരു വട്ടവും (1തിമൊ, 6:16) പറഞ്ഞിരിക്കുന്നു.
പ്രപഞ്ചം മുഴുവൻ നിറഞ്ഞുനില്ക്കുന്ന ആരുമൊരുനാളും കാണാത്ത കാണ്മാൻ കഴിയാത്ത മോണോസ് തിയൊസ് (the only God) ഗതിഭേദത്താൽ ആഛാദനം ഇല്ലാത്തവനാകയാൽ, അവന് തൻ്റെ സ്ഥായിയായ രൂപം ത്യജിച്ചുകൊണ്ട് അവതരിക്കാൻ കഴിയില്ല; ദൈവത്തിന് വെളിപ്പാട് അഥവാ പ്രത്യക്ഷതകൾ (manifestations) ആണുള്ളത്. അതിന് വെളിപ്പാട് എന്താണെന്നു കൂടി അറിയണം. വെളിപ്പാട്: “ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അവസ്ഥയിൽ ഇരിക്കുമ്പോൾത്തന്നെ, മറ്റെവിടെയും താൻ ഇച്ഛിക്കുന്നവരുടെ മുമ്പിൽ അവർക്ക് ഗോചരമായ വിധത്തിൽ ദൈവമായിട്ടോ, മനുഷ്യനായിട്ടോ, വചനമായിട്ടോ, തേജസ്സായിട്ടോ തന്നെത്തന്നെ ദൃശ്യമാക്കുന്നതാണ് വെളിപ്പാട് അഥവാ പ്രത്യക്ഷത.” [യഹോവയുടെ പ്രത്യക്ഷതകൾ, വെളിപ്പാടും അവതാരവും]
മഹാദൈവമായ യഹോവയുടെ ജഡത്തിലെ പ്രത്യക്ഷതയായിരുന്നു യേശുക്രിസ്തുവുവെന്ന മനുഷ്യൻ എന്നതിൻ്റെ തെളിവുകൾ:
1. “അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.” (യെശ, 25:9). യേശുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതൻ്റെ പ്രവചനം കാണുക: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). യെശയ്യാവ് പറഞ്ഞത്; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ. ദൂതൻ പറഞ്ഞത്; യേശു തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും. യഹോവയുടെ ജനമാണ് യിസ്രായേൽ: (ആവ, 27:9; 2ശമൂ, 6:21). യേശുവിൻ്റെ ജനമാണ് യിസ്രായേലെന്നാണ് ദൂതൻ പറഞ്ഞത്. യഹോവ തന്നെ മനുഷ്യനായി വെളിപ്പെട്ടതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്: (1തിമൊ, 3:14-16). സെഖര്യാവ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് പ്രവചിക്കുന്നു: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ യഹോവയാണ് തൻ്റെ ജനത്തെ രക്ഷിക്കാൻ മനുഷ്യനായി വന്നതെന്ന് പരിശുദ്ധാത്മാവ് പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ പറ്റുമോ? (മത്താ, 1:21; ഒ.നോ: ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15).
2. ഇയ്യോബിൻ്റെ ഒരു പ്രവചനമുണ്ട്: “എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.” (ഇയ്യോ, 19:25). അതിൻ്റെ നിവൃത്തിയാണ് യഹോവയായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാട്: (1തിമൊ, 3:15,16). ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് “വചനം ജഡമായിത്തീർന്നു കൃപയും സത്യവു നിറഞ്ഞവനായിത്തീർന്നു” എന്നത്: (യോഹ, 1:14. ഒ.നോ: ഫിലി, 2:6-8; എബ്രാ, 2:14,15).
3. “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശ, 40:3. “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു.” (മലാ, 31). യെശയ്യാവും മലാഖിയും ആത്മാവിൽ പ്രവചിച്ചതാണിത്. അവർ പറഞ്ഞ വഴിയൊരുക്കുന്നവൻ യോഹന്നാനാണെന്നു നാല് സുവിശേഷകരും സാക്ഷ്യപ്പെടുത്തുന്നു: (മത്താ, 3:3; മർക്കൊ, 1:2,3; ലൂക്കൊ, 3:4,5; യോഹ, 1:23). വഴിയൊരുക്കപ്പെടേണ്ടവൻ യഹോവയാണെന്നു യെശയ്യാവും മലാഖിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരുക്കപ്പെട്ട വഴിയിലൂടെ വന്നത് യേശുവാണ്. സെഖര്യാപ്രവാചകൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോഹന്നാനെക്കുറിച്ചു പ്രവചിക്കുന്നു: “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും.” (ലൂക്കോ, 1:76,77). നമ്മുടെ ദൈവമായ യഹോവയുടെ മുമ്പാകെയാണ് യോഹന്നാൻ നടക്കേണ്ടതെന്ന് പരിശുദ്ധാത്മാവ് പറഞ്ഞിരിക്കുന്നു. യഹോവയുടെ ജഡത്തിലെ പ്രത്യക്ഷതയാണ് യേശുവെന്ന് മനസ്സിലാക്കാമല്ലോ?
4. “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു. അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:15,16). ദൈവഭക്തിയെക്കുറിച്ചുള്ള മർമ്മത്തിൽ “God was manifest in the flesh” എന്നാണ് കെ.ജെ.വി ഉൾപ്പെടെയുള്ള പല ഇംഗ്ലീഷ് പരിഭാഷകളിലും കാണുന്നത്; എന്നാൽ അത് പൂർണ്ണമായും ശരിയല്ല; ഭാഷയുടെ വ്യാകരണം അറിയാവുന്നവർ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ ‘അവൻ’ എന്ന ‘സർവ്വനാമം’ മാറ്റിയിട്ട് തൽസ്ഥാനത്ത് ‘നാമം’ ചേർത്താൽ; “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു എന്നു കിട്ടും.” (1തിമൊ, 3:14-16) ജീവനുള്ള ദൈവവും ശാശ്വരാജാവും യഹോവയാണ്: (യിരെ, 10:10). [കാണുക: അവൻ ജഡത്തിൽ വെളിപ്പെട്ടു]
5. “അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.” (യോഹ, 19:32). യേശുവിനെയാണ് പടയാളികൾ കുത്തിത്തുളച്ചത്. ഇനിയവൻ വീണ്ടും പ്രത്യക്ഷനാകുമ്പോൾ കുത്തിത്തുളെച്ചവരും അവനെ കാണും എന്നു പഴയപുതിയ നിയമങ്ങളിൽ പ്രവചിച്ചിട്ടുണ്ട്. യോഹന്നാൻ തിരുവെഴുത്തുകൾ ഉദ്ധരിച്ചിട്ടുണ്ട്: (യോഹ, 19:37). യോഹന്നാൻ ഉദ്ധരിച്ച പഴയനിയമഭാഗത്ത് യഹോവയായ ദൈവം പറഞ്ഞിരിക്കുന്നു: “And I will pour upon the house of David, and upon the inhabitants of Jerusalem, the spirit of grace and of supplications: and they shall look upon me whom they have pierced, and they shall mourn for him, as one mourneth for his only son, and shall be in bitterness for him, as one that is in bitterness for his firstborn.” “അവർ കുത്തിയ എന്നെ നോക്കും” (സെഖ, 12:10. KJV). മലയാളം പരിഭാഷയും കാണുക: “ഞാന്‍ ദാവീദ് ഗൃഹത്തിന്മേലും, യറുശലേം നിവാസികളുടെ മേലും കൃപയുടെയും ആശ്വാസത്തിന്‍റേയും ആത്മാവിനെ പകരും; അവര്‍ കുത്തിത്തുളച്ചവനായ എങ്കലേക്കു നോക്കുകയും ഏകജാതനെ പ്രതി വിലപിക്കുന്നതു പോലെ അവനു വേണ്ടി വിലപിക്കുകയും ചെയ്യും; ആദ്യജാതനുവേണ്ടി വ്യസനിക്കുന്നതുപോലെ അവനു വേണ്ടി വ്യസനിക്കും.” (സെഖ, 12:10. വി.ഗ്രന്ഥം). എന്നെയാണ് അവർ കുത്തിത്തുളച്ചതെന്നും എങ്കലേക്കാണ് അവർ നോക്കാനിരിക്കുന്നതെന്നും യഹോവ പറയുന്നു. എന്നാൽ കുത്തിത്തുളച്ചവർ കാണുന്നത് യേശുവിനെയാണെന്ന് യോഹന്നാൻ പ്രവചിച്ചിരിക്കുന്നു: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങൾ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേൻ.” (വെളി, 1:7). യഹോവയും യേശുവും ഒരാളാണെന്നു സ്ഫടികസ്ഫുടം വ്യക്തമല്ലേ?
മഹാദൈവമായ യഹോവയും മഹാദൈവമായ യേശുക്രിസ്തുവും ഒരാളാണെന്നതിൻ്റെ തെളിവ്:
“അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.” (സെഖ, 14:4). യഹോവയാണ് ഒലിവുമലയിൽ വരുന്നതെന്നു സെഖര്യാവ് പ്രവചിച്ചിരിക്കുന്നു. യേശുക്രിസ്തു ഒലിവുമലയിൽനിന്നു സ്വർഗ്ഗാരോഹണം ചെയ്തശേഷം രണ്ടു ദൂതന്മാർ വന്നു പറയുന്നു: “ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.” (പ്രവൃ, 1:11). യഹോവ പ്രത്യക്ഷനാകുമെന്നും യേശുക്രിസ്തു പ്രത്യക്ഷനാകുമെന്നും അഭിന്നമായി പറഞ്ഞിരിക്കുന്ന പല വാക്യങ്ങളുമുണ്ട്: (യെശ, 66:15; സെഖ, 9:14; 3:2; 2തെസ്സ, 1:6; വെളി, 1:7). യഹോവയും പ്രത്യക്ഷനാകും യേശുവും പ്രത്യക്ഷനാകും എന്നല്ലല്ലോ; മഹാദൈവമായ യഹോവയും മഹാദൈവമായ യേശുവും ഒരാളാണെന്നല്ലേ അർത്ഥം? [മുഴുവൻ തെളിവുകളും കാണാൻ: യഹോവയും യേശുവും ഒന്നാണോ?]
പിതാവായ ഏകദൈവം മാത്രമാണ് നമുക്കുള്ളത്. പുതിയനിയമം വെളിപ്പെടുത്തുന്ന പിതാവിൻ്റെ പേരും മനുഷ്യനായ ദൈവപുത്രൻ്റെ പേരും യേശുക്രിസ്തു എന്നാണ്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് പറയുന്നത് മനുഷ്യനായ ദൈവപുത്രനാണ്. എന്നാൽ, അപ്പൊസ്തലനായ തോമാസ് ‘എൻ്റെ ദൈവം’ എന്നു വിളിക്കുന്നതും പൗലൊസ് മഹാദൈവം എന്നു വിശേഷിപ്പിച്ചിരിക്കുന്നതും മനുഷ്യനായ ദൈവപുത്രനെയല്ല; ദൈവപിതാവായ യേശുക്രിസ്തുവെന്ന ഏകസത്യദൈവത്തെയാണ്. അതുകൊണ്ടാണ് പുത്രനായ യേശു, പിതാവിനെ ‘ഏകസത്യദൈവം’ എന്നു വിളിക്കുന്നതും അപ്പൊസ്തലന്മാർ യേശുക്രിസ്തുവിനെ ‘ദൈവം’ എന്നു വിളിക്കുന്നതും ഒരുപോലെ ശരിയാകുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മനുഷ്യനും ദൈവപുത്രനുമായ യേശുക്രിസ്തുവും അപ്പൊസ്തലന്മാരും ദൈവമെന്ന് സംബോധന ചെയ്യുന്നത് ഏകസത്യദൈവവും പിതാവായ യഹോവയെ അഥവാ യേശുക്രിസ്തുവെന്ന മഹാദൈവത്തെയാണ്. അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം: (തീത്തൊ, 2:12; എബ്രാ, 13:8). ഇതാണ് ക്രൈസ്തവവിശ്വാസത്തിൻ്റെ അഥവാ ദൈവഭക്തിയുടെ മർമ്മം. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!
മാനവരക്ഷയ്ക്കായി വരുവാനുള്ളവൻ നീ തന്നെയോ എന്ന യോഹന്നാന്റെ അന്വേഷണത്തിന് യേശു നൽകുന്ന മറുപടിയിലുണ്ട് യേശു ദൈവം തന്നെയെന്ന്.
ശരിയാണ് ബ്രദർ