എലീശ

എലീശ (Elisha)

പേരിനർത്ഥം — ദൈവം രക്ഷയാകുന്നു

ഏലീയാപ്രവാചകൻ ശിഷ്യൻ. ബി.സി. ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ (850-800) യിസ്രായേലിന്റെ രാഷ്ട്രീയ മതമണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന ശക്തനായ പ്രവാചകൻ. പഴയനിയമത്തിൽ ഏറ്റവുമധികം അത്ഭുതം പ്രവർത്തിച്ചത് എലീശയായിരുന്നു. യെഹോരാം, യോരാം, യേഹൂ, യോവാശ്, യെഹോവാശ് എന്നീ രാജാക്കന്മാരുടെ കാലമായിരുന്നു പ്രവചനകാലം. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ ആദ്യത്തെ പതിമൂന്നദ്ധ്യായങ്ങളിൽ നീണ്ടുകിടക്കുകയാണ് എലീശായുടെ ചരിത്രം. 

ഫലഭൂയിഷ്ഠമായ യോർദ്ദാൻ താഴ്വരയിലെ ആബേൽ-മെഹോലയിൽ നിന്നുള്ള മഹാധനികനായ ശാഫാത്തിന്റെ മകനായിരുന്നു എലീശാ. (1രാജാ, 19:16). പതിനൊന്നു ഏർകാളകളുടെ പിന്നാലെ പന്ത്രണ്ടാമതു ഏർകാളയെ പൂട്ടി ഉഴുതുകൊണ്ടിരിക്കുമ്പോഴാണ് യഹോവയുടെ നിയോഗം പ്രാപിച്ച ഏലീയാ പ്രവാചകൻ തന്റെ പുതപ്പ് എലീശയുടെമേൽ ഇട്ട് ശുശ്രൂഷയ്ക്കായി വിളിച്ചത്. ഉടൻതന്നെ കാളയെവിട്ട് ഏലീയാവിന്റെ പിന്നാലെ പോയി. വീട്ടിൽ ചെന്ന് മാതാപിതാക്കന്മാരെ ചുംബിച്ച് യാത്ര പറഞ്ഞു. തന്റെ കർഷകജീവിതം അവസാനിപ്പിച്ചതിന്റെ അടയാളമായി കാളയെ അറുത്ത് മരക്കോപ്പുകൊണ്ടു പാകം ചെയ്തു ജനത്തിനു നല്കി. സമ്പന്നനായിരുന്നാലും ഇല്ലെങ്കിലും താൻ ജനത്തിന്റെ പ്രവാചകനാണെന്ന് ഇതിലൂടെ തെളിയിച്ചു. (1രാജാ, 19:19-21). ഏലീയാവിന്റെ കൈക്കു വെള്ളമൊഴിച്ചവൻ എന്നു എലീശായെ വിശേഷിപ്പിച്ചിട്ടുണ്ട്. (2രാജാ, 3:11). 

ഏലീയാ പ്രവാചകൻ സ്വർഗ്ഗാരോഹണം ചെയ്യാറായി, എന്നാൽ ആ വൃദ്ധനിൽനിന്നും വേർപെടുവാൻ എലീശാ ഇഷ്ടപ്പെട്ടില്ല. ഇരുവരും യോർദ്ദാൻ കടന്നശേഷം ഏലിയാവ് എലീശയോട് ചോദിച്ചു. ‘ഞാൻ നിങ്കൽനിന്നും എടുത്തുകൊള്ളപ്പെടും മുമ്പെ ഞാൻ നിനക്കു എന്തു ചെയ്തുതരേണം?’ അതിനു എലീശാ: ‘നിന്റെ ആത്മാവിൽ ഇരട്ടിപ്പങ്കു എന്റെ മേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.’ (2രാജാ, 2:9). ഇരട്ടിപ്പങ്ക് ആദ്യജാതന്റെ അവകാശമാണ്. ആരോഹണസമയത്ത് ഏലീയാവിനെ കാണുമെങ്കിൽ എലീശയുടെ ആഗ്രഹം സഫലമാകുമെന്ന് വാഗ്ദാനം നല്കി. അഗ്നിരഥവും അഗ്ന്യശ്വങ്ങളും അവരെ വേർപിരിക്കുകയും ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു. ഏലീയാവിൽ നിന്നും വീണ പുതപ്പും എടുത്ത് എലീശാ മടങ്ങിപ്പോന്നു. (2രാജാ, 2:9,13). ഏലീയാവു എടുക്കപ്പെട്ട ഉടൻതന്നെ എലീശ തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു. ഏലീയാവിന്റെ പുതപ്പെടുത്തു യഹോവയുടെ നാമത്തിൽ യോർദ്ദാൻ നദിയെ അടിച്ചു, നദി രണ്ടായി പിരിഞ്ഞു. (2രാജാ, 2:14). ഏലീയാവിന്റെ ആത്മാവിന്റെ ഇരട്ടി പങ്കു എലീശയുടെ മേൽ ഉണ്ടെന്നു ശിഷ്യന്മാർക്കു ബോധ്യമായി; അവർ ഏലീയാവിന്റെ പിൻഗാമിയായി എലീശയെ സ്വീകരിച്ചു. (2രാജാ, 2:15). ഈ സംഭവത്തിനു ശേഷം എലീശാ യെരീഹോവിൽ പാർത്തു. യെരീഹോവിലെ ഉറവിലെ ജലം ഗർഭ നാശകമാണെന്ന് പട്ടണക്കാർ എലീശയെ അറിയിച്ചു. പ്രവാചകൻ വെള്ളത്തെ ഉപ്പിട്ടു ശുദ്ധമാക്കി. (2രാജാ, 2:19-22). യെരീഹോവിൽ നിന്നും ബേഥേലിലേക്കു പോകുമ്പോൾ ബാലന്മാർ പ്രവാചകനെ ‘മൊട്ടത്തലയാ കയറിവാ’ എന്നു പരിഹസിച്ചു പറഞ്ഞു. പ്രവാചകൻ അവരെ യഹോവയുടെ നാമത്തിൽ ശപിച്ചു. ഉടൻ രണ്ടു പെൺകരടികൾ കാട്ടിൽനിന്നു ഇറങ്ങിവന്ന് അവരിൽ നാല്പത്തി രണ്ടുപേരെ കീറിക്കളഞ്ഞു. (2രാജാ, 2:24). അവിടെ നിന്നു പ്രവാചകൻ കർമ്മേലിലേക്കു പോവുകയും പിന്നീടു ശമര്യയിലേക്കു മടങ്ങുകയും ചെയ്തു.

യിസ്രായേൽ രാജാവായ യെഹോരാമും യെഹൂദയിലെയും ഏദോമിലെയും രാജാക്കന്മാരും ചേർന്ന് മോവാബ്യരോടു യുദ്ധത്തിനൊരുങ്ങി. അപ്പോൾ ജലക്ഷാമമുണ്ടായി. രാജാക്കന്മാർ എലീശയുടെ അടുക്കൽ ചെന്നപേക്ഷിച്ചു. എലീശാ ഒരു വീണക്കാരനെ വരുത്തി വീണവായിച്ചപ്പോൾ യഹോവയുടെ കൈ എലീശയുടെ മേൽ വരുകയും കുഴികൾ കുഴിക്കുവാൻ അവൻ കല്പിക്കുകയും ചെയ്തു. അവർക്കനുഗ്രഹ കാരണമായിരുന്ന വെള്ളം ശത്രുക്കൾക്ക് നാശകാരണമായിത്തീർന്നു. രാവിലെ സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചപ്പോൾ മോവാബ്യർക്കു വെള്ളം രക്തംപോലെ ചുവപ്പായി തോന്നി. അവർ പറഞ്ഞു ‘അതു രക്തമാകുന്നു; ആ രജാക്കന്മാർ തമ്മിൽ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ കൊള്ളയ്ക്ക് വരുവിൻ എന്നു അവർ പറഞ്ഞു.’ അവർ യിസായേൽ പാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നു ചെന്ന് മോവാബ്യരെ പിന്നെയും തോല്പ്പിച്ചുകളഞ്ഞു. (2രാജാ, 3:22-25). 

പ്രവാചക ശിഷ്യന്മാരിൽ ഒരാൾ മരിച്ചു. അയാളുടെ വിധവയും രണ്ടുകുഞ്ഞുങ്ങളും നിരാലംബരായിത്തീർന്നു. കടക്കാർ രണ്ടുകുഞ്ഞുങ്ങളെയും അടിമകളായി വിൽക്കുവാൻ ഒരുങ്ങുകയായിരുന്നു. ഈ ദുഃസ്ഥിതിയിൽ ആ വിധവ എലീശയോടു സഹായം അപേക്ഷിച്ചു. വിധവയ്ക്കു ശേഷിച്ചിരുന്ന ഒരുഭരണി എണ്ണകൊണ്ടു പ്രവാചകൻ അവളെ രക്ഷിച്ചു. വിധവയുടെ എണ്ണ വർദ്ധിക്കുകയും ആ എണ്ണ വിറ്റു കടംവീട്ടുകയും തുടർന്നു അവർ ഉപജീവനം കഴിക്കുകയും ചെയ്തു. (2രാജാ, 4:1-7). ഈ അത്ഭുതം നടന്ന സ്ഥലമോ കാലമോ പ്രസ്താവിച്ചിട്ടില്ല. എലീശാ പ്രവാചകന് ശുനേമിലെ ഒരു സമ്പന്നയായ സ്ത്രീ ആതിഥ്യം നല്കി. തന്റെ വിട്ടിൽ ഒരു പ്രത്യേകമുറി അവൾ പ്രവാചകനു സജ്ജീകരിച്ചു കൊടുത്തു. അതിൽ പ്രസന്നചിത്തനായ പ്രവാചകൻ എന്തെങ്കിലും വരം ചോദിച്ചു കൊള്ളുവാൻ ആവശ്യപ്പെട്ടു. താൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നുവെന്നു പറഞ്ഞു അവൾ പ്രവാചകനോടു ഒന്നും ആവശ്യപ്പെട്ടില്ല. ഗേഹസിയിൽ നിന്നും അവളുടെ അനപത്യതയെക്കുറിച്ചറിഞ്ഞ പ്രവാചകൻ ഒരു പുത്രന്റെ ജനനം ഉറപ്പുകൊടുത്തു. ഒരുദിവസം ബാലൻ വയലിൽ പിതാവിന്റെ അടുക്കലേക്കു പോയി. അവിടെവച്ചു സൂര്യാഘാതത്താൽ പൈതൽ മരിച്ചു. മരിച്ച പൈതലിനെ പ്രവാചകന്റെ കിടക്കയിൽ കിടത്തിയശേഷം ശൂനേംകാരി തിടുക്കത്തിൽ കർമ്മേലിൽ ചെന്നു പ്രവാചകനെ വിവരമറിയിച്ചു. ആദ്യം എലീശ തന്റെ ഭൃത്യനായ ഗേഹസിയെ പ്രവാചക ദണ്ഡുമായി അയച്ചു. എന്നാൽ ശൂനേംകാരിയുടെ നിർബന്ധംമൂലം പ്രവാചകൻ തന്നെ അവളുടെ വീട്ടിലേക്കുപോയി. എലീശാ ബാലന്റെമേൽ കിടന്ന് ദൈവത്തോടപേക്ഷിച്ചു. ബാലൻ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു. (2രാജാ, 4:8-37). 

ക്ഷാമകാലത്ത് പ്രവാചകശിഷ്യന്മാർ കാട്ടിൽ കിടന്നതെന്തും ഭക്ഷിക്കുന്ന ദുഃസ്ഥിതിയിൽ എത്തിചേർന്നു. അടപ്പിൽ ഒരു വലിയ കലം വച്ച് പായസം ഉണ്ടാക്കുന്നതിനു വേണ്ടി കാട്ടിൽ നിന്നു കിട്ടിയ പച്ചക്കറികൾ അതിലിട്ടു. പായസം ഭക്ഷിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ അവർ ‘ദൈവപുരുഷനായുള്ളാവേ കലത്തിൽ മരണം’ എന്നു വിളിച്ചു പറഞ്ഞു. കലത്തിൽ മാവിട്ട് എലീശാ പായസത്തിലെ ദൂഷ്യം ഇല്ലാതാക്കി. (2രാജാ, 4:38-41). ഇതേ കാലത്തുതന്നെ സമാനമായ മറ്റൊരത്ഭുതവും നടന്നു. ബാൽ-ശാലീശയിൽ നിന്ന് ഒരു മനുഷ്യൻ ആദ്യഫലമായി ഇരുപതു യവത്തപ്പവും മലരും കൊണ്ടുവന്നു. ഇത്രയും ഭക്ഷണപദാർത്ഥങ്ങൾ കൊണ്ട് പ്രവാചകൻ നൂറു പേരെ അത്ഭുതകരമായി പരിപോഷിപ്പിക്കുകയും ബാക്കി ശേഷിപ്പിക്കുകയും ചെയ്തു. (2രാജാ, 4:42-44). പുതിയനിയമത്തിൽ രണ്ടു പുരുഷാരത്തെയാണ് യേശു അത്ഭുതകരമായി പോഷിപ്പിച്ചത്. 

പ്രവാചകശിഷ്യന്മാർ പാർത്തിരുന്ന ഇടം ഇടുങ്ങിയതായിരുന്നു. ഒരു വലിയ പാർപ്പിടം നിർമ്മിക്കുന്നതിനുവേണ്ടി അവർ മരം വെട്ടുകയായിരുന്നു. അ സമയത്ത് ഒരുവന്റെ കോടാലി ഊരി നദിയിൽ വീണു. പ്രവാചകൻ ഒരു കോൽ വെട്ടി കോടാലി വീണ സ്ഥാനത്തു എറിഞ്ഞു, ഉടൻ കോടാലി വെള്ളത്തിൽ പൊങ്ങി. (2രാജാ, 6:1-7). അരാം രാജാവിന്റെ സേനാപതിയായ നയമാൻ കുഷ്ഠരോഗിയായിരുന്നു. (2രാജാ, 5:1,27). എലീശാ പ്രവാചകനെക്കുറിച്ചു കേട്ട് നയമാൻ വിവരം തന്റെ രാജാവിനോട്  അറിയിച്ചു. അരാം രാജാവ് ഒരെഴുത്തുമായി നയമാനെ യിസായേൽ രാജാവിന്റെ അടുക്കലേക്കയച്ചു. ഈ എഴുത്തിനോടൊപ്പം വളരെയേറെ സമ്മാനങ്ങളും രാജാവിനയച്ചിരുന്നു. അരാം രാജാവായ ബെൻ-ഹദദ് യിസ്രായേലുമായി യുദ്ധത്തിനൊരു വഴി കണ്ടുപിടിക്കുകയായിരുന്നു എന്നാണ് യിസ്രായേൽ രാജാവു കരുതിയത്. വിവരമറിഞ്ഞ എലീശാ പ്രവാചകൻ നയമാനെ തന്റെ അടുക്കൽ അയക്കുവാൻ രാജാവിനോടാവശ്യപ്പെട്ടു. നയമാൻ പ്രവാചകന്റെ വീട്ടിലെത്തി. എലീശാ നേരിട്ടുപോലും സംസാരിക്കാതെ ദാസനെ അയച്ചു നയമാനോടു; ‘നീ ചെന്നു യോർദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.’ ഈ നിർദ്ദേശം നയമാന് അർത്ഥശൂന്യമായി തോന്നി. എന്നാൽ ഭൃത്യന്മാരുടെ നിർബന്ധം ഹേതുവായി പ്രവാചകൻ നിർദ്ദേശിച്ചതു പോലെതന്നെ നയമാൻ ചെയ്തു. അവന്റെ കുഷ്ഠം ശുദ്ധമായി ദേഹം ഒരു ചെറിയ ബാലന്റെ ശരീരം പോലെ ആയിത്തീർന്നു. യിസ്രായേലിന്റെ ദൈവം സാക്ഷാൽ ദൈവമാണെന്നു ആ വിജാതീയനു വെളിപ്പെട്ടു. നയമാന്റെ സമ്മാനങ്ങളെല്ലാം എലീശ തിരസ്കരിച്ചു. എലീശയുടെ ശിഷ്യനായ ഗേഹസിക്കു അതു സഹിക്കുവാനായില്ല. ഗേഹസി പിന്നാലെ ചെന്നു ആ സമ്മാനങ്ങളിൽ ഒരു ഭാഗം പ്രവാചകൻ ആവശ്യപ്പെട്ടതായി നയമാനോടു പറഞ്ഞു. താൻ ചെയ്ത പ്രവൃത്തി പ്രവാചകനിൽ നിന്നു മറച്ചുവയ്ക്കുവാൻ ഗേഹസി ശ്രമിച്ചു. എന്നാൽ പ്രവാചകൻ അതറിയുകയും നയമാന്റെ കുഷ്ഠം ഗേഹസിയെയും അവന്റെ സന്തതിയെയും ബാധിക്കട്ടെ എന്നു ശപിക്കുകയും ചെയ്തു. അവൻ കുഷ്ഠരോഗിയായി പ്രവാചകനെ വിട്ടുപോയി. (2രാജാ, 5:1-27). 

ശുശ്രൂഷയുടെ ആരംഭം മുതൽ തന്നെ എലീശാ രാജ്യകാര്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. അരാമ്യർ യിസ്രാനോടു യുദ്ധം ചെയ്ത കാലത്ത് അവർ രഹസ്യമായെടുക്കുന്ന തീരുമാനം പോലും എലീശ അറിയുകയും യസ്രായേൽ രാജാവിനെ ബോധ്യപ്പെടുത്തുകയും ചെയ്തുതന്നു. ഇങ്ങനെ പലപ്രാവശ്യം യിസ്രായേൽ രാജാവിനെ യുദ്ധത്തിൽ നിന്നു രക്ഷിച്ചു. ഇതറിഞ്ഞ അരാം രാജാവ് എലീശയെ പിടിക്കുന്നതിന് ഒരു സൈന്യത്തെ അയച്ചു. സൈന്യം രാത്രിയിൽ എലീശയുടെ വാസസ്ഥാനമായ ദോഥാൻ വളഞ്ഞു. ഈ അപകടം ആദ്യം കണ്ട ഭത്യൻ ഭയത്തോടുകൂടെ എലീശയെ വിവരം അറിയിച്ചു. എലീശ പ്രാർത്ഥിച്ചപ്പോൾ ബാല്യക്കാരന്റെ കണ്ണുകൾ തുറന്നു. എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മലനിറഞ്ഞിരിക്കുന്നതു അവൻ കണ്ടു. പ്രവാചകന്റെ പ്രാർത്ഥനയുടെ ഫലമായി ദൈവം അവരെ അന്ധത പിടിപ്പിച്ചു. അവൻ അവരെ ശമര്യയിലേക്കു കൂട്ടി കൊണ്ടുപോയി. ശമര്യയിലെത്തിയപ്പോൾ എലീശാ പ്രാർത്ഥിച്ച് അവരുടെ അന്ധതമാറ്റി. അവർക്കു യാതൊരുപ്രദവവും ചെയ്യരുതെന്നു പ്രവാചകൻ രാജാവിനോടു പറഞ്ഞു. മാത്രവുമല്ല, ഒരു വലിയ വിരുന്നൊരുക്കി അവരെ സത്കരിച്ച് മടക്കി അയച്ചു. (2രാജാ, 6:8-23). 

അരാം രാജാവായ ബെൻ-ഹദദ് ശമര്യയെ ഉപരോധിച്ചു. ശമര്യാനിവാസികൾ മഹാക്ഷാമം നിമിത്തം കഷ്ടപ്പെട്ടു. രാജാവായ യെഹോരാമിന് എലീശയോടു വൈരം തോന്നി. എലീശയെ വധിക്കുവാൻ ഒരു ദൂതനെ അയച്ചു. ഈ ദൂതൻ വരുമ്പോൾ വാതില്ക്കൽ അവനെ തടുക്കാൻ എലീശാ തന്റെ കൂടെയുണ്ടായിരുന്നവരോടു പറഞ്ഞു. മാത്രവുമല്ല, രാജാവ് പിന്നാലെ വരുന്നുണ്ടെന്നും പ്രവാചകൻ വെളിപ്പെടുത്തി. (നിർവ്വികാരമായി പുറപ്പെടുവിച്ച വിധിയുടെ ഫലം തടയുവാനാണു രാജാവു പുറകെ ധ്യതിപ്പെട്ടു വന്നതെന്നു ജൊസീഫസ് വ്യാഖ്യാനിക്കുന്നു). പിറ്റേ ദിവസം അതേ സമയം ശമര്യയുടെ പടിവാതിലിൽ ധാന്യങ്ങൾ സമൃദ്ധിയായി വിലകുറച്ചു വില്ക്കുമെന്നു എലീശ രാജാവിനെ അറിയിച്ചു. അന്നു രാത്രി രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ശബ്ദം ദൈവം അരാമ്യരെ കേൾപ്പിച്ചു. യിസ്രായേൽ രാജാവു തങ്ങൾക്കു വിരോധമായി ഹിത്യരുടെയും മിസ്രയീമ്യരുടെയും സൈന്യങ്ങളെ കൂലിക്കെടുത്തു എന്നു പറഞ്ഞു അരാമ്യർ രാത്രിതന്നെ എല്ലാം ഉപേക്ഷിച്ചു ഓടിപ്പോയി. എലീശയുടെ വാക്കു വിശ്വസിക്കാത്ത അകമ്പടിനായകനെ എലീശാ പ്രവചിച്ചതുപോലെ പടിവാതിലിൽ വച്ച് ജനം ചവിട്ടിക്കൊന്നു. (2രാജാ, 6:24-7:20). 

രാഷ്ട്രീയമായ രണ്ടു വിപ്ലവങ്ങൾക്ക് – ഒന്ന് അരാമിലും, ഒന്ന് യിസ്രായേലിലും – എലീശ കാരണമായി. ബെൻ-ഹദദിന്റെ മന്ത്രിയായിരുന്ന ഹസായേലിനെ അരാം രാജാവായി അഭിഷേകം ചെയ്യുവാൻ എലീശാ ദമ്മേശക്കിലേക്കു പോയി. രോഗിയായിക്കിടന്ന ബെൻ-ഹദദ് രോഗത്തിൽ നിന്നും സൗഖ്യം ലഭിക്കുമോ എന്നറിയുവാൻ വേണ്ടി ഹസായേലിനെ എലീശയുടെ അടുക്കലേക്കയച്ചു. ബെൻ-ഹദദ് മരിക്കുമെന്നും ഹസായേൽ രാജാവാകുമെന്നും എലീശാ പ്രവചിച്ചു. ബെൻ-ഹദദിനെ വധിച്ച് ഹസായേൽ രാജാവായി. (2രാജാ, 8:7-15). രാജാവായ ഹസായേൽ യിസ്രായേലിനോടു യുദ്ധം തുടങ്ങി. യുദ്ധത്തിൽ യെഹോരാം മുറിവേല്ക്കുകയും യുദ്ധത്തിൽ നിന്നു പിൻവാങ്ങുകയും ചെയതു. രഹസ്യമായി യേഹൂവിനെ രാജാവായി അഭിഷേകം ചെയ്യുവാൻ പ്രവാചക ശിഷ്യന്മാരിൽ ഒരുത്തനെ എലീശാ അയച്ചു. (2രാജാ, 9:3). എലീശയുടെ ഈ പ്രവൃത്തി അറിഞ്ഞപ്പോൾ മറ്റു സൈന്യാധിപന്മാർ യേഹുവിനെ രാജാവായി അംഗീകരിച്ചു. യെഹോരാം വധിക്കപ്പെട്ടു; അമ്മയായ ഈസസേബെലിനെ കിളിവാതിലിൽനിന്നു താഴേക്കു തളളിയിട്ടു. അവളുടെ മാംസം നായ്ക്കൾ തിന്നു. ആഹാബിനു ശമര്യയിലുണ്ടായിരുന്ന എഴുപതു പുത്രന്മാരെയും യേഹൂ കൊന്നു. 

എലീശാ ദീർഘായുഷ്മനായിരുന്നു. മരണക്കിടക്കയിൽ പോലും പ്രവാചകന്റെ ജൈവശക്തിക്ക് ഒട്ടും കോട്ടം തട്ടിയിരുന്നില്ല. മരണശയ്യയിലായിരുന്ന പ്രവാചകനെ കാണാൻ യിസ്രായേൽ രാജാവായ യോവാശ് വന്നു. അദ്ദേഹം നിലവിളിച്ചു. ‘എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളാവേ എന്നു പറഞ്ഞു.’ (2രാജാ, 13:14). ഏലീയാവു സ്വർഗ്ഗത്തേക്ക് എടുക്കപ്പെട്ടപ്പോൾ എലീശാ പറഞ്ഞ വാക്കുകളാണിവ. മരണക്കിടക്കയിൽവച്ച് അരാമ്യരുമായുള്ള യുദ്ധത്തിന്റെ ഫലം എന്തായിരിക്കുമെന്ന് പ്രവാചകൻ യിസ്രായേൽ രാജാവിനോടു പ്രവചിച്ചു. എലീശാ മരിച്ചു. എലീശയുടെ അത്ഭുതങ്ങളിൽ ഏറ്റവും വലുത് മരണാനന്തരം സംഭവിച്ചതാണ്. എലീശയുടെ കല്ലറക്കടുത്തുകൂടെ കടന്നുപോയ ഒരു വിലാപയാത്രയെ മോവാബ്യർ ആക്രമിച്ചു. പരിഭ്രമം ബാധിച്ച അവർ ധ്യതിയിൽ മൃതശരീരത്തെ പ്രവാചകന്റെ കല്ലറയിലിട്ടു. ആ ശവം എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവൻ പ്രാപിച്ചു. മരണത്തിനു ശേഷവും ജീവൻ നല്കാൻ പ്രവാചകനു കഴിഞ്ഞു. (2രാജാ, 13:20-21). 

ഏലീയാവിന്റെയും എലീശയുടെയും സ്വഭാവങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. അലഞ്ഞുതിരിയുന്ന പ്രകൃതമായിരുന്നു ഏലീയാവിന്റേത്. സുഹൃത്തുക്കളോടൊപ്പവും നഗരത്തിലും താമസിക്കുകയായിരുന്നു എലീശയ്ക്കിഷ്ടം. എലീശയുടെ അത്ഭുതങ്ങളധികവും സൗഖ്യവും പുനർജീവനും നല്കുന്നത് ആയിരുന്നു. സാധുക്കളെ സഹായിക്കുകയായിരുന്നു എലീശയുടെ പ്രധാന ലക്ഷ്യം. വിധവയുടെ എണ്ണവർദ്ധിപ്പിച്ചതും വെള്ളത്തെ പഥ്യമാക്കിയതും ഇതിലുൾപ്പെടുന്നു. നിശ്ചയദാർഢ്യമുള്ളവനും ശക്തനുമായിരുന്നു ഏലീയാവ്. ആവശ്യസന്ദർഭങ്ങളിൽ എലീശ ശക്തമായി പ്രതികരിക്കുമെങ്കിലും പൊതുവെ ശാന്തസ്വഭാവിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *