“…..എന്ന് എഴുതിയിരിക്കുന്നുവല്ലോ”

“…..എന്ന് എഴുതിയിരിക്കുന്നുവല്ലോ”

അന്യദൈവങ്ങളെ ആരാധിക്കുന്ന കനാൻ ദേശത്തെ ജനങ്ങളോടൊപ്പം യിസ്രായേൽമക്കൾ ജീവിതമാരംഭിക്കുമ്പോൾ, തന്നെ മറക്കാതിരിക്കുവാനും തന്റെ കല്പനകൾ അനുസരിച്ചു ജിവിക്കുന്നതിനുമായി തന്റെ വചനങ്ങൾ അവരുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണമെന്നും അത് അവരുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കണമെന്നും, വീട്ടിൽ ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കണമെന്നും അത്യുന്നതനായ ദൈവം അവരോടു കല്പിച്ചു. (ആവ, 6:7). ജീവിതയാത്രയിൽ നമ്മെ പാപത്തിലേക്കു വീഴ്ത്തുവാനുള്ള പിശാചിന്റെ നിരന്തര പരിശ്രമങ്ങൾ തകർക്കുവാനും ദൈവസന്നിധിയിൽ വളരുവാനും തിരുവചനപഠനം അത്യന്താപേക്ഷിതമാണെന്ന് യേശുവിന് പിശാചിൽനിന്നു നേരിട്ട പരീക്ഷകൾ നമ്മെ പഠിപ്പിക്കുന്നു. തിരുവചനം വളച്ചൊടിച്ച് ഭാഗികമായി ഉദ്ധരിച്ചുകൊണ്ടാണ് പിശാച് കർത്താവിനെ പരീക്ഷിച്ചത്. കർത്താവിനെ യെരൂശലേം ദൈവാലയത്തിന്റെ അഗ്രത്തിൽ നിർത്തിക്കൊണ്ട് “നിന്നെക്കുറിച്ച് അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കത്തക്കവണ്ണം നിന്നെ കൈകളിൽ താങ്ങിക്കൊള്ളും എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞ് യേശുവിനോടു താഴോട്ടു ചാടുവാൻ ആവശ്യപ്പെട്ടു. 91-ാം സങ്കീർത്തനത്തിന്റെ 11,12 വാക്യങ്ങൾ ഉദ്ധരിക്കുന്നു എന്ന ഭാവേന പിശാച് “നിന്റെ എല്ലാ വഴികളിലും നിന്നെ കാത്തുസൂക്ഷിക്കേണ്ടതിനു” എന്ന മർമ്മപ്രധാനമായ ഭാഗം വിട്ടുകളഞ്ഞു. അനുദിന ജീവിതത്തിലെ സ്വാഭാവികമായ എല്ലാ വഴികളിലും തന്റെ പൈതലിനെ കാത്തുസൂക്ഷിക്കുമെന്നുള്ള ഉറപ്പാണ് ദൈവം നൽകുന്നത്. സ്വന്തം മാനത്തിനും പെരുമയ്ക്കുംവേണ്ടി സാഹസം പ്രവർത്തിക്കുന്ന വഴികളിൽ സൂക്ഷിക്കുമെന്നല്ല ദൈവം അരുളിച്ചെയ്തത്. “നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്” എന്നുകൂടി എഴുതിയിരിക്കുന്നു (ആവ, 6:16) എന്നു പറഞ്ഞ് കർത്താവ് പിശാചിന്റെ തന്ത്രത്തെ തകർത്തു. പിശാചിന്റെ മറ്റു രണ്ടു പരീക്ഷകളെയും കർത്താവ് തകർത്തുകളഞ്ഞത് തിരുവചനം ഉദ്ധരിച്ചുകൊണ്ടാണെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്. ദൈവപുത്രനെ ദൈവത്തിന്റെ വചനം ഉപയോഗിച്ചു തകർക്കുവാൻ ശ്രമിച്ച പിശാച് ഇന്നും അതേ തന്ത്രമുപയോഗിച്ച് മനുഷ്യനെ വീഴ്ത്തിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ വചനം അപൂർണ്ണമായി ഉദ്ധരിച്ച്, “…… എന്ന് എഴുതിയിരിക്കുന്നുവല്ലോ” (മത്താ, 4:6) എന്നു പറഞ്ഞ് സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടി സ്വന്തം വ്യാഖ്യാനങ്ങൾ നൽകിക്കൊണ്ട് പിശാചിന്റെ വേലക്കാർ, ദൈവവേല ചെയ്യുന്നവരുടെ ഭാവത്തിൽ നമ്മെ തകർക്കാതിരിക്കണമെങ്കിൽ തിരുവചന പഠനവും ധ്യാനവും അനുദിന ജീവിതത്തിന്റെ ഭാഗമാക്കി നാം മാറ്റണം. എങ്കിൽ മാത്രമേ നമുക്ക് പിശാചിന്റെ തന്ത്രങ്ങളെ മനസ്സിലാക്കുവാനും പരീക്ഷകളെ ജയിച്ച് യേശുവിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുന്നേറുവാനും കഴിയുകയുള്ളു.

Leave a Reply

Your email address will not be published.