അദൃശ്യദൈവം, ആരുമൊരുനാളും കാണാത്തവനോ; മനുഷ്യരാരും കാണാത്തവനോ?
“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ 1:18; 1തിമൊ, 6:16; 1യോഹ, 4:12)
“താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.” (1തിമൊ, 6:16)
അക്ഷയനും അദൃശ്യനും ആത്മാവും ആകാശങ്ങളും ഭൂമിയും നിറഞ്ഞുനില്ക്കുന്നവനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമാണ് ദൈവം. ബൈബിൾ വെളിപ്പെടുത്തുന്ന അദ്യശ്യദൈവത്തെക്കുറിച്ചാണ് നാം ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. 1തിമൊഥെയൊസ് 6:16-ൻ്റെ സത്യവേദപുസ്തകം പരിഭാഷയിൽ: “മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും” എന്നാണ് കാണുന്നത്. എന്നാൽ സത്യവേദപുസ്തകം പരിഷ്ക്കരിച്ച ലിപിയിൽ: “ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; ആര്ക്കും അത് സാധ്യവുമല്ല” എന്നാണ്. ഇംഗ്ലീഷിൽ അതിനെ രണ്ട് വിധത്തിലും പരിഭാഷ ചെയ്തിരിക്കുന്നതായി കാണാം: KJV-യിൽ: whom no man hath seen, nor can see എന്നും, NIV-യിൽ: whom no one has seen or can see എന്നും കാണുന്നു. ഇംഗ്ലീഷിലെ പല പരിഭാഷകളിലും ‘ആരുമൊരുനാളും കാണാത്തവൻ’ എന്നും (ഉദാ: AUV, BSB, CSB, EHV, EOB, ERV, ESV, ESVUK, EXB, FBV, GNT, GW, GWN, HCSB, ICB, ISV, MEV, NASB, NCB, NCV, NIRV, NIV, NIVUK, NOG, NRSVA, NRSVACE, NRSVCE, NRSVUE, OEB-cw, OEB-us, RAD’20, RHB), അതിനേക്കാളേറെ ‘മനുഷ്യർ ആരും കാണാത്തവൻ’ എന്നും (ഉദാ: AB, ABPE, AFB, AKJV, ANT, ASV, ABP, BLB, BB, CB, CEV, CPDV, DBT, DRB, ERV, GB, GNT, HNT, KJV, LB, LET, LSV, LT, NET, NHEB, NJJV, NLT, SLT, TB, WBT, WEB, WNT, YLT) പരിഭാഷ ചെയ്തിട്ടുണ്ട്. അതിനാൽ ഈ വാക്യത്തിൻ്റെ ശരിയായ പ്രയോഗം പരിശോധിക്കേണ്ടിയിരിക്കുന്നു.
വചനത്തെ വചനംകൊണ്ട് വ്യാഖ്യാനിക്കണമെന്ന് കേട്ടിട്ടുണ്ടല്ലോ? ബൈബിളിനെ മനുഷ്യരാരും വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല; ദൈവത്തിൻ്റെ ആത്മാവുതന്നെ വചനത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. പഴയനിയമത്തിലെ ഈ വാക്യം നോക്കുക: “യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.” (യെശ, 34:16). പുതിയനിയമത്തിൽ വരുമ്പോൾ ബെരോവയിലുള്ള യെഹൂദന്മാർ അക്കാര്യം പ്രായോഗിക തലത്തിൽ കൊണ്ടുവന്നതായി കാണാം: “അവർ തെസ്സലോനീക്കയിൽ ഉള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.” (പ്രവൃ, 17:11). അതായത്, പൗലൊസ് പറഞ്ഞകാര്യങ്ങൾ ബെരോവക്കാർ ശ്രദ്ധവെച്ചു കേട്ടുവെങ്കിലും, അവർ തിരുവെഴുത്തുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് അത് വിശ്വസിക്കാൻ കൂട്ടാക്കിയത്. അതിനാൽ പരിശുദ്ധാത്മാവ് അവരെ ‘ഉത്തമന്മാർ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. അതുപോലെ തിരുവെഴുത്തുകളെ നമുക്കൊന്ന് പരിശോധിക്കാം:
1. തിമൊഥെയൊസിൻ്റെ ഒന്നാം പുസ്തകം 6:16-ൻ്റെ രണ്ട് ഇണവാക്യങ്ങളാണ് യോഹന്നാൻ 1:18-ഉം 1യോഹന്നാൻ 4:12-ഉം. അവടെ ‘ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല’ എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ വ്യക്തമായ രണ്ട് വാക്യങ്ങൾ ഉള്ളതിനാൽ, തിമൊഥെയൊസിലേത് പരിഭാഷാ പ്രശ്നമാണെന്ന് മനസ്സിലാക്കാം.
2. ‘അദൃശ്യദൈവം’ (invisible God) എന്ന പ്രയോഗം മൂന്നുപ്രാവശ്യം ബൈബിളിലുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യമായ അഥവാ അഗോചരമായ എന്നു പറഞ്ഞാൽ; കാണാന് വയ്യാത്ത, കാഴ്ചയില്പ്പെടാത്ത, ആരും ഒരുനാളും കാണാത്ത എന്നൊക്കെയാണ്. അതായത്, ദൈവം അദൃശ്യനാണെന്ന് പറഞ്ഞാൽ, ആർക്കും ദൃശ്യനല്ല; എല്ലാവർക്കും ഒരുപോലെ അദൃശ്യനാണെന്നാണർത്ഥം. ചിലർക്ക് അദൃശ്യനും മറ്റുചിലർക്ക് ദൃശ്യനുമാണെങ്കിൽ അഥവാ, മാനവർക്ക് (മനുഷ്യർ) അദൃശ്യനും വാനവർക്ക് (ദൂതന്മാർ) ദൃശ്യനുമാണെങ്കിൽ ‘ദൃശ്യാദൃശ്യനായ ദൈവം’ (visible and invisible God) എന്നു പറയുമായിരുന്നു. ദൈവം സർവ്വവ്യാപി അഥവാ ആകാശവും ഭൂമിയും നിറഞ്ഞുനില്ക്കുന്ന അദൃശ്യനായ ആത്മാവാണ്. (യിരെ, 23:23,24; കൊലൊ, 1:15; യോഹ, 4:24). അതിനാൽ ദൈവത്തെ ആർക്കും കാണാൻ കഴിയില്ല.
3. ദൈവത്തിൻ്റെ പ്രകൃതിയെക്കുറിച്ചുള്ള പൗലൊസിൻ്റെ ഒരു പ്രധാന പ്രയോഗമാണ് ‘അദൃശ്യദൈവം’ എന്നുള്ളത്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). തിമൊഥെയൊസിൻ്റെ ഒന്നാം ലേഖനം 6:16-ലാണ് ‘മനുഷ്യർ ആരും കാണാത്തവൻ’ എന്ന പ്രയോഗമുള്ളത്. എന്നാൽ അതേ പുസ്തകം 1:17-ൽ ഇങ്ങനെയാണ്: “നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” ഒന്നാമദ്ധ്യായത്തിൽ ”അദൃശ്യനായ ഏകദൈവം” എന്നെഴുതിയിട്ട്, ആറാമദ്ധ്യായത്തിൽ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന് പൗലൊസ് ഏഴുതുമെന്ന് വിശ്വസിക്കാൻ ഒരു ന്യായവുമില്ല. കാരണം, അദൃശ്യനെന്നാൽ ‘ആരും ഒരുനാളും കാണാത്തവൻ’ എന്നാണർത്ഥം. ആരുമൊരുനാളും കാണാത്തവനെ മനുഷ്യരാരും കാണാത്തവൻ എന്നെഴുതിയാൽ, പൗലൊസിൻ്റെ ലേഖനം അതിൽത്തന്നെ ഛിദ്രിച്ചുപോകും. (മത്താ, 12:25,26).
4. അദൃശ്യദൈവത്തെ ദൂതന്മാർക്കു കാണാൻ കഴിയും, മനുഷ്യർക്ക് മേലിലും കാണാൻ കഴിയില്ലെന്നു പറഞ്ഞാൽ; ദൂതന്മാരുടെ സൃഷ്ടി മനുഷ്യരെക്കാൾ ശ്രേഷ്ഠമാണെന്ന് പറയേണ്ടിവരും. അതെങ്ങനെ ശരിയാകും? ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെക്കാൾ ദൂതന്മാർ ശ്രേഷ്ഠരാകുമോ? മനുഷ്യസൃഷ്ടിക്ക് മുമ്പാണ് ദൂതന്മാരുടെ സൃഷ്ടി. (കൊലൊ, 1:16). ദൂതന്മാരെയും ദൈവമക്കളെന്നു പറഞ്ഞിട്ടുണ്ട്. (ഇയ്യോ, 1:6; 2:1; 38:6). അതിനാൽ ദൂതന്മാരുടെയും മനുഷ്യൻ്റെയും സ്വരൂപവും സാദൃശ്യവും (ആദാമിൻ്റെ പാപപൂർവ്വ അവസ്ഥ) ഒന്നാണെന്നല്ലാതെ, മനുഷ്യനെക്കാൾ ശ്രേഷ്ഠമായ സൃഷ്ടിയാണെന്ന് ദൂതൻ്റെയെന്ന് ബൈബിൾ പറയുന്നില്ല. ദൂതന്മാർ ദൈവത്തിൻ്റെ ആജ്ഞാനുവർത്തികളും (എബ്രാ, 1:7) രക്ഷിക്കപ്പെടുന്ന മനുഷ്യരുടെ സേവകാത്മാക്കളുമാണെന്ന് പറഞ്ഞിട്ടുണ്ട്. (എബ്രാ, 1:14). പുനരുത്ഥാനത്തിൽ മനുഷ്യർ ദൈവദൂതന്മാരോട് തുല്യരാകുകയും ചെയ്യും. (ലൂക്കൊ, 20:36). അതുകൊണ്ട്, ദൂതന്മാരുടെ സൃഷ്ടി മനുഷ്യരെക്കാൾ ഒട്ടും വിശേഷതയുള്ളതല്ലെന്ന് മനസ്സിലാക്കാം. അതിനാൽ, അദൃശ്യദൈവം മനുഷ്യരാരും കാണാത്തവനല്ല; ആരുമൊരുനാളും കാണാത്തവനണെന്ന് മനസ്സിലാക്കാം.
5. ”മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനും.” പൗലൊസവിടെ പറയുന്നത്; ‘മനുഷ്യർ ആരും കാണാത്തവൻ’ എന്നുമാത്രമല്ല, ”കാണ്മാൻ കഴിയാത്തവനും അഥവാ മനുഷ്യർക്ക് ദൈവത്തെ മേലിലും കാണ്മാൻ കഴിയില്ല” എന്നാണ് പറഞ്ഞിരിക്കുന്നത്. അതെങ്ങനെ ശരിയാകും? അദൃശ്യദൈവത്തെ ദൂതന്മാർക്ക് കാണാൻ കഴിയും; മനുഷ്യർക്ക് ഇപ്പോൾ കാണാൻ കഴിയില്ലെന്ന് പറഞ്ഞാൽ മനസ്സിലാക്കാം. ഭൂമിയിൽ പാപശരീരത്തിൽ വസിക്കുന്ന കാരണത്താൽ, മനുഷ്യർക്ക് ദൈവത്തെ കാണാൻ കഴിയില്ല എന്നുവന്നാലും, പുനരുത്ഥാനം പ്രാപിക്കുന്ന വിശ്വാസികൾക്ക് ദൈവത്തെ കാണാൻ കഴിയേണ്ടതല്ലേ? പുനരുത്ഥാനം ഇല്ലെന്നു പറയുന്ന സദൂക്യരുടെ ചോദ്യത്തിന് മറുപടിയായി പുനരുത്ഥാന മനുഷ്യരുടെ പ്രകൃതി എന്തായിരിക്കുമെന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: “അവൻ പുനരുത്ഥാനപുത്രന്മാരാകയാൽ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.” (ലൂക്കോ, 20:36). പുനരുത്ഥാനത്തിൽ മനുഷ്യർ ദൂതന്മാരോട് തുല്യരാകുമെങ്കിൽ, അപ്പോൾ അവർക്ക് ദൈവത്തെ കാണാൻ കഴിയേണ്ടതല്ലേ? ദൂതതുല്യരാകും എന്നു മാത്രമല്ല; ദൈവത്തിന്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന (കൊലൊ, 2:9) യേശുക്രിസ്തുവിനോട് ഏകീഭവിക്കാനുള്ളവരാണ് വിശ്വാസികൾ. (റോമ, 6:5.ഒ.നോ: റോമ, 8:29; എഫെ, 4:24; 2കൊരി, 3:18; 1യോഹ, 3:2). യേശുക്രിസ്തു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും. (ഫിലി, 3:21). ദൂതന്മാർക്ക് കാണാൻ കഴിയുന്ന അദൃശ്യദൈവത്തെ ക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപരാകുന്ന വിശ്വാസികൾക്ക് കാണ്മാൻ കഴിയില്ലെന്ന് പൗലൊസ് പറയുമോ? ഒരിക്കലുമില്ല. അതിനാൽ പൗലൊസ് പറയുന്ന ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗം പരിഭാഷാ പ്രശ്നമാണെന്നും, ”ആരും ഒരുനാളും കാണാത്തവൻ” എന്നാണ് കൃത്യമായ പരിഭാഷയെന്ന് മറ്റു വചനങ്ങളുടെ വെളിച്ചത്തിൽ അസന്ദിഗ്ധമായി തെളിയുന്നു.
‘ആരും ഒരുനാളും കാണാത്തവൻ’ എന്നു രണ്ടുപ്രാവശ്യവും (യോഹ, 1:18; 1യോഹ, 4:12), ‘അദൃശ്യദൈവം’ എന്ന പ്രയോഗം മൂന്നുപ്രാവശ്യവുമുണ്ട്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). അദൃശ്യദൈവം എന്നുപറഞ്ഞാലും ആരും ഒരുനാളും കാണാത്തവൻ (യോഹ, 1:18; 1യോഹ, 4:12) എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. 1തിമൊഥെയൊസ് 6:16-ലെ ”മനുഷ്യർ ആരും കാണാത്തവൻ” എന്ന പ്രയോഗത്തിനെതിരെ, ”അദൃശ്യൻ അഥവാ ആരും ഒരുനാളും കാണാത്തവൻ” എന്ന അഞ്ചു വാക്യങ്ങൾ ഉള്ളതിനാലും, പുനരുത്ഥാനത്തിൽ ക്രിസ്തുവിനോട് അനുരൂപരാകുന്ന വിശ്വാസികൾക്കുപോലും കാണ്മാൻ കഴിയാത്തതിനാലും 1തിമാഥെയൊസ് 6:16-ലെ ‘മനുഷ്യർ ആരും കാണാത്തവൻ’ എന്ന പ്രയോഗം പരിഭാഷയിൽ വന്ന പിശകാണെന്നും; ‘ആരും ഒരുനാളും കാണാത്തവൻ’ എന്നതാണ് അവിടുത്തെ ശരിയായ പ്രയോഗമെന്നും സ്പഷ്ടമായി തെളിയുന്നു.
ത്രിത്വോപദേശം സ്ഥാപിക്കാനാണ് അദൃശ്യദൈവത്തെ ദൂതന്മാർക്ക് കാണാൻ കഴിയുമെന്ന് പലരും പഠിപ്പിക്കുന്നത്. ഇനി, സത്യവേദപുസ്തകത്തിലെ വാക്യപ്രകാരം മനുഷ്യർക്ക് മാത്രമാണ് ദൈവത്തെ കാണാൻ കഴിയാത്തത്, ദൂതന്മാർക്ക് കാണാൻ കഴിയുമെന്ന് വിചാരിക്കുക. അപ്പോൾ പഴയപുതിയനിയമ ഭക്തന്മാർ സ്വർഗ്ഗത്തിൽ കണ്ടതും, പഴയനിയമ ഭക്തന്മാർ പലനിലകളിൽ ഭൂമിയിൽ ദർശിച്ചതും ആരാണ്? മനുഷ്യർ ദൈവത്തെ കണ്ടതായി അനേകം വാക്യങ്ങളിൽ എഴുതിവെച്ചിട്ടുണ്ട്; അതൊക്കെ നുണയാണോ? ബൈബിളിലെ ദൈവത്തിൻ്റെ പ്രകൃതിതന്നെ മാറ്റിക്കളഞ്ഞാലെ അവർക്ക് അവരുടെ ഉപദേശം സ്ഥാപിക്കാൻ കഴിയു. ദൈവം അദൃശ്യനാണ്. (കൊലൊ, 1:15; 1തിമൊ, 1:17; എബ്രാ, 11:27). ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല (യോഹ, 1:18; 1തിമൊ, 6:16; 1യോഹ, 4:12), കാണ്മാൻ കഴിയുകയുമില്ല. (1തിമൊ, 6:16). ആ അദൃശ്യദൈവത്തിന്റെ ദൃശ്യരൂപം അഥവാ പ്രതിബിംബമാണ് യേശുക്രിസ്തു. (2കൊരി, 4:4; കൊലൊ, 1:15; 1:17; 2:9; എബ്രാ, 1:3. ഒ.നോ: ഉല്പ, 1:27; റോമ, 5:14; 8:29; 2കൊരി, 3:8; എഫെ, 4:24; ഫിലി, 3:21; കൊലൊ, 3:9,10). പഴയനിയമത്തിൽ യഹോവ എന്ന നാമത്തിൽ മീഖായാവും (1രാജാ, 22:19; 2ദിന,18:18) യെശയ്യാവും (യെശ, 6:1-5), യെഹെസ്ക്കേലും (യെഹെ, 1:26-28) സ്വർഗ്ഗസിംഹാസനത്തിൽ ദർശിച്ചവനും; അബ്രാഹാം മുതൽ മലാഖി വരെയുള്ളവർക്ക് പലനിലകളിൽ തന്നെത്തന്നെ വെളിപ്പെടുത്തിയവനും; കാലസമ്പൂർണ്ണത വന്നപ്പോൾ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴിൽ (ഗലാ, 4:4), ‘യേശു’ എന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:31) ‘ദൈവപുത്രൻ’ എന്ന പദവിയിലും (ലൂക്കൊ, 1:32,35) മനുഷ്യനായി വെളിപ്പെട്ടു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനും (2തിമൊ, 2:8); സ്തെഫാനൊസും (പ്രവൃ, 7:55,56) യോഹന്നാനും (വെളി, 4:1-4) സ്വർഗ്ഗത്തിൽ ദർശിച്ചവനും ഒരാളാണ്. സ്വർഗ്ഗത്തിൽ സാറാഫുകളുടെ മദ്ധ്യേയിരുന്ന് നിത്യം ആരാധന സ്വീകരിക്കുന്നവനാണ് (യെശ, 6:1-5; വെളി, 4:1-8) മനുഷ്യനായി ഭൂമിയിൽ പ്രത്യക്ഷനായി മരണം വരിച്ചത്. (ലൂക്കൊ, 1:68; 1തിമൊ, 3:16; എബ്രാ, 2:14,15). അതിനാൽ, സ്വർഗ്ഗത്തിൽ ചെന്നാൽ യേശുവിനെയല്ലാതെ മറ്റൊരു പിതാവിനെ ആർക്കും കാണാൻ കഴിയില്ല. (യോഹ, 14:9). പഴയനിയമഭക്തന്മാർ സ്സർഗ്ഗത്തിൽ കണ്ട യഹോവയെത്തന്നെയാണ് സ്തഫാനോസ് സ്വർഗ്ഗത്തിൽ കണ്ടത്. അവൻ്റെ പുതിയനിയമത്തിലെ പേരാണ് യേശുക്രിസ്തു. അതുകൊണ്ടാണ് സ്തെഫാനോസ് തൻ്റെ ആത്മാവിനെ അവൻ്റെ കയ്യിൽ ഏല്പിച്ചത്. ആത്മാക്കളുടെ ഉടയവൻ യഹോവയാണ്: “സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ.” (സംഖ്യാ, 16:22; 27:17; സങ്കീ, 31:5; 42:1,2; സഭാ, 12:7; ലൂക്കൊ, 23:46; എബ്രാ, 12:9; 1പത്രൊ, 4:19).
ദൂതന്മാർ സ്വർഗ്ഗത്തിൽ നിത്യം കാണുന്നതും ആരാധിക്കുന്നതുമായ ദൈവം യഹോവ അഥവാ യേശുക്രിസ്തുവാണ്. (യെശ, 6:1-4; വെളി, 4:8). ആരും ഒരുനാളും കാണാത്ത ദൈവത്തിൻ്റെ ദൃശ്യരൂപമാണ് യേശുക്രിസ്തു. അഥവാ അദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്നത് യഹോവ അഥവാ യേശുക്രിസ്തുവിലാണ്. (കൊലൊ, 1:15-17). സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായിരിക്കുന്ന മനുഷ്യസാദൃശ്യത്തിലുള്ള തൻ്റെ ആ ദൃശ്യസ്വരൂപത്തിലാണ് ദൈവം ആദിമനുഷ്യനെ സൃഷ്ടിച്ചത്. (ഉല്പ, 1:27). സിംഹാസനത്തിലിരുന്ന് ആരാധന സ്വീകരിക്കുന്ന അതേ യഹോവ തന്നെയാണ് മനുഷ്യനായി ഭൂമിയിൽ പ്രത്യക്ഷനായി മരണം വരിച്ചത്. (ലൂക്കൊ, 1:68; 1തിമൊ, 3:16). ആദാമിനെ ‘വരുവാനുള്ളവന്റെ പ്രതിരൂപം’ (റോമർ, 5:14) എന്ന് പൗലൊസ് പറയുന്നതു നോക്കുക.
ദൈവം അനുഗ്രഹിക്കട്ടെ