ദാവീദ് രാജാവിൻ്റെ കാലത്തു ജീവിച്ചിരുന്ന പ്രവാചകൻ. ദാവീദിന്റെ പ്രവാചകനെന്നു പരിച്ഛിന്നമായി പറഞ്ഞിരിക്കുന്നു. ദാവീദ് ദുർഗ്ഗത്തിൽ പാർക്കുന്ന കാലത്ത് ദാവീദിനോടു ചേർന്നിരിക്കണം. അദുല്ലാം ഗുഹയിൽ പാർക്കാതെ യെഹൂദാ ദേശത്തേക്കു പോകുവാൻ പ്രവാചകൻ ദാവീദിനെ ഉപദേശിച്ചു. (1ശമൂ, 22:5). ദാവീദ് ജനസംഖ്യയെടുത്തതു ദൈവത്തിന് അനിഷ്ടമായി. അതിന്റെ ശിക്ഷ ദാവീദിനെ അറിയിച്ചത് ഗാദ് പ്രവാചകനാണ്. (2ശമൂ, 24:11-18, 1ദിന, 21:9-19). രാജകൊട്ടാരവുമായി പ്രവാചകനു അടുത്ത ബന്ധമുണ്ടായിരുന്നു. ദൈവാലയത്തിലെ സംഗീത ശുശ്രൂഷയുടെ ക്രമീകരണങ്ങൾ ചെയ്യുന്നതിന് പ്രവാചകൻ രാജാവിനെ സഹായിച്ചു. 2ദിന, 29:25). ഇദ്ദേഹം ദാവീദ് രാജാവിന്റെ ചരിത്രവും എഴുതിയിട്ടുണ്ട്. (1ദിന, 29:29-30).
ദാവീദിന്റെ വാഴ്ചയുടെ അവസാനകാലത്താണ് ജനത്തെ എണ്ണിയത്. ഇത് ദൈവഹിതത്തിനു വിരോധമായിരുന്നു. “അനന്തരം സാത്താൻ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു. യിസ്രായേലിനെ എണ്ണുവാൻ ദാവീദിനു തോന്നിച്ചു. ദാവീദ് യോവാബിനോടും ജനത്തിന്റെ പ്രഭുക്കന്മാരോടും നിങ്ങൾ ചെന്നു ബേർ-ശേബ മുതൽ ദാൻ വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാൻ അറിയേണ്ടതിനു കൊണ്ടുവരുവിൻ എന്നു പറഞ്ഞു.” (1ദിന, 21:1-2). ഈ ജനസംഖ്യയെടുക്കൽ ദൈവത്തിനു ഹിതമല്ലാതിരുന്നതിനാൽ ദാവീദ് രാജാവിന്റെ വൃത്താന്ത പുസ്തകത്തിലെ കണക്കിൽ അതു ചേർത്തിട്ടില്ല. “സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല അതുനിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസത് കത്തിലെ കണക്കിൽ ചേർത്തിട്ടുമില്ല.” (1ദിന, 27:24).
ജനസംഖ്യ എടുത്തതിൽ ദാവീദ് ചെയ്ത തെറ്റിൻ്റെ സ്വരൂപത്തെക്കുറിച്ചു രണ്ടുവിധ വ്യാഖ്യാനങ്ങൾ നിലവിലുണ്ട്. ഒന്ന്; ദാവീദ് രാജാവ് ജനത്തെ എണ്ണിയപ്പോൾ ജനംമദ്ധ്യേ ബാധ ഉണ്ടാകാതിരിക്കാൻ ഓരോ വ്യക്തിയും തന്റെ ജീവനുവേണ്ടി വീണ്ടെടുപ്പുവില നല്കിയില്ല. അങ്ങനെ ദൈവകല്പന ലംഘിച്ചു. രണ്ട്; യുദ്ധത്തിനുള്ള സന്നദ്ധതയും ജനത്തിന്റെ എണ്ണവും കാട്ടി രാജ്യത്തിന്റെ ശക്തിയിലും മഹത്വത്തിലും അഭിമാനിക്കാനുള്ള ശ്രമം. അതുനിമിത്തം യഹോവ ദർശകനായ ഗാദിനെ ദാവീദിന്റെ അടുക്കലയിച്ചു; മൂന്നു കാര്യങ്ങളിലൊന്നു തിരഞ്ഞെടുത്തു കൊളളുവാനാവശ്യപ്പെട്ടു: മുന്നു സംവത്സരത്തെ ക്ഷാമം; മൂന്നു മാസം ശത്രുക്കളുടെ വാൾ; മൂന്നു ദിവസം ദേശത്തു യഹോവയുടെ വാളായ മഹാമാരി. “ഞാൻ ഇപ്പോൾ യഹോവയുടെ കയ്യിൽ തന്നെ വീഴട്ടെ; അവന്റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ” എന്നു ദാവീദു പറഞ്ഞു. (1ദിന, 21:13). തുടർന്നുണ്ടായ മഹാമാരിയിൽ യിസ്രായേലിൽ എഴുപതിനായിരം പേർ മരിച്ചു. ക്ഷാമത്തിന്റെ കാലക്കണക്ക് 2ശമൂവേലിലെയും 1ദിനവൃത്താന്തത്തിലെയും വിവരണങ്ങളിൽ പൊരുത്തപ്പെടുന്നില്ല. ദേശത്തു ഏഴു സംവത്സരം ക്ഷാമം ഉണ്ടാകും എന്നാണു 2ശമൂവേൽ 24:13-ൽ. എന്നാൽ സെപ്റ്റ്വജിന്റിൽ മൂന്നു സംവത്സരം എന്നു തന്നെയാണ്. ഇതിനു മതിയായ വിശദീകരണം നല്കപ്പെടുന്നുണ്ട്. ഗിബെയോന്യരുടെ നേർക്കു ശൌലും കുടുംബവും കാണിച്ച് അതിക്രമം നിമിത്തം (2ശമു, 21:1-2) മൂന്നു വർഷത്തെ ക്ഷാമം അനുഭവിക്കുകയായിരുന്നു. ജനസംഖ്യ എടുക്കുന്നതിനു ഒമ്പതു മാസവും ഇരുപതു ദിവസവും വേണ്ടിവന്നു. (2ശമൂ, 24:8). ഇത് നാലാം വർഷം. ഇതിനെതുടർന്നു മൂന്നു വർഷം കൂടിയാവുമ്പോൾ ഏഴുവർഷം തികയും.
ജനത്തെ ബാധിക്കുന്ന ബാധകണ്ടിട്ട് ദാവീദ് തൻ്റെ കുറ്റത്തെക്കുറിച്ച് അനുതപിച്ചു. ‘ഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ’ എന്നു യഹോവയോടു പ്രാർത്ഥിക്കുകയും ചെയ്തു. (2ശമൂ, 24:17). അന്നുതന്നെ ഗാദ് പ്രവാചകനെ യഹോവ ദാവീദിൻ്റെ അടുക്കൽ അയച്ചു: ‘നീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം ഉണ്ടാക്കുക’ എന്നു പറയിച്ചു. (2ശമൂ, 24:18). പ്രവാചകൻ പറഞ്ഞതുപോലെ അരവ്നയുടെ കളം വിലയ്ക്കു വാങ്ങി, ദാവീദ് യാഗമർപ്പിച്ചപ്പോൾ ബാധ ദേശത്തെ വിട്ടുമാറി: “ദാവീദ് യഹോവെക്കു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിന്റെ പ്രാർത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.” (2ശമൂ, 24:25).
ഏലീയാപ്രവാചകൻ ശിഷ്യൻ. ബി.സി. ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ (850-800) യിസ്രായേലിന്റെ രാഷ്ട്രീയ മതമണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന ശക്തനായ പ്രവാചകൻ. പഴയനിയമത്തിൽ ഏറ്റവുമധികം അത്ഭുതം പ്രവർത്തിച്ചത് എലീശയായിരുന്നു. യെഹോരാം, യോരാം, യേഹൂ, യോവാശ്, യെഹോവാശ് എന്നീ രാജാക്കന്മാരുടെ കാലമായിരുന്നു പ്രവചനകാലം. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ ആദ്യത്തെ പതിമൂന്നദ്ധ്യായങ്ങളിൽ നീണ്ടുകിടക്കുകയാണ് എലീശായുടെ ചരിത്രം.
ഫലഭൂയിഷ്ഠമായ യോർദ്ദാൻ താഴ്വരയിലെ ആബേൽ-മെഹോലയിൽ നിന്നുള്ള മഹാധനികനായ ശാഫാത്തിന്റെ മകനായിരുന്നു എലീശാ. (1രാജാ, 19:16). പതിനൊന്നു ഏർകാളകളുടെ പിന്നാലെ പന്ത്രണ്ടാമതു ഏർകാളയെ പൂട്ടി ഉഴുതുകൊണ്ടിരിക്കുമ്പോഴാണ് യഹോവയുടെ നിയോഗം പ്രാപിച്ച ഏലീയാ പ്രവാചകൻ തന്റെ പുതപ്പ് എലീശയുടെമേൽ ഇട്ട് ശുശ്രൂഷയ്ക്കായി വിളിച്ചത്. ഉടൻതന്നെ കാളയെവിട്ട് ഏലീയാവിന്റെ പിന്നാലെ പോയി. വീട്ടിൽ ചെന്ന് മാതാപിതാക്കന്മാരെ ചുംബിച്ച് യാത്ര പറഞ്ഞു. തന്റെ കർഷകജീവിതം അവസാനിപ്പിച്ചതിന്റെ അടയാളമായി കാളയെ അറുത്ത് മരക്കോപ്പുകൊണ്ടു പാകം ചെയ്തു ജനത്തിനു നല്കി. സമ്പന്നനായിരുന്നാലും ഇല്ലെങ്കിലും താൻ ജനത്തിന്റെ പ്രവാചകനാണെന്ന് ഇതിലൂടെ തെളിയിച്ചു. (1രാജാ, 19:19-21). ഏലീയാവിന്റെ കൈക്കു വെള്ളമൊഴിച്ചവൻ എന്നു എലീശായെ വിശേഷിപ്പിച്ചിട്ടുണ്ട്. (2രാജാ, 3:11).
ഏലീയാ പ്രവാചകൻ സ്വർഗ്ഗാരോഹണം ചെയ്യാറായി, എന്നാൽ ആ വൃദ്ധനിൽനിന്നും വേർപെടുവാൻ എലീശാ ഇഷ്ടപ്പെട്ടില്ല. ഇരുവരും യോർദ്ദാൻ കടന്നശേഷം ഏലിയാവ് എലീശയോട് ചോദിച്ചു. ‘ഞാൻ നിങ്കൽനിന്നും എടുത്തുകൊള്ളപ്പെടും മുമ്പെ ഞാൻ നിനക്കു എന്തു ചെയ്തുതരേണം?’ അതിനു എലീശാ: ‘നിന്റെ ആത്മാവിൽ ഇരട്ടിപ്പങ്കു എന്റെ മേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.’ (2രാജാ, 2:9). ഇരട്ടിപ്പങ്ക് ആദ്യജാതന്റെ അവകാശമാണ്. ആരോഹണസമയത്ത് ഏലീയാവിനെ കാണുമെങ്കിൽ എലീശയുടെ ആഗ്രഹം സഫലമാകുമെന്ന് വാഗ്ദാനം നല്കി. അഗ്നിരഥവും അഗ്ന്യശ്വങ്ങളും അവരെ വേർപിരിക്കുകയും ഏലീയാവ് ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്തു. ഏലീയാവിൽ നിന്നും വീണ പുതപ്പും എടുത്ത് എലീശാ മടങ്ങിപ്പോന്നു. (2രാജാ, 2:9,13). ഏലീയാവു എടുക്കപ്പെട്ട ഉടൻതന്നെ എലീശ തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു. ഏലീയാവിന്റെ പുതപ്പെടുത്തു യഹോവയുടെ നാമത്തിൽ യോർദ്ദാൻ നദിയെ അടിച്ചു, നദി രണ്ടായി പിരിഞ്ഞു. (2രാജാ, 2:14). ഏലീയാവിന്റെ ആത്മാവിന്റെ ഇരട്ടി പങ്കു എലീശയുടെ മേൽ ഉണ്ടെന്നു ശിഷ്യന്മാർക്കു ബോധ്യമായി; അവർ ഏലീയാവിന്റെ പിൻഗാമിയായി എലീശയെ സ്വീകരിച്ചു. (2രാജാ, 2:15). ഈ സംഭവത്തിനു ശേഷം എലീശാ യെരീഹോവിൽ പാർത്തു. യെരീഹോവിലെ ഉറവിലെ ജലം ഗർഭ നാശകമാണെന്ന് പട്ടണക്കാർ എലീശയെ അറിയിച്ചു. പ്രവാചകൻ വെള്ളത്തെ ഉപ്പിട്ടു ശുദ്ധമാക്കി. (2രാജാ, 2:19-22). യെരീഹോവിൽ നിന്നും ബേഥേലിലേക്കു പോകുമ്പോൾ ബാലന്മാർ പ്രവാചകനെ ‘മൊട്ടത്തലയാ കയറിവാ’ എന്നു പരിഹസിച്ചു പറഞ്ഞു. പ്രവാചകൻ അവരെ യഹോവയുടെ നാമത്തിൽ ശപിച്ചു. ഉടൻ രണ്ടു പെൺകരടികൾ കാട്ടിൽനിന്നു ഇറങ്ങിവന്ന് അവരിൽ നാല്പത്തി രണ്ടുപേരെ കീറിക്കളഞ്ഞു. (2രാജാ, 2:24). അവിടെ നിന്നു പ്രവാചകൻ കർമ്മേലിലേക്കു പോവുകയും പിന്നീടു ശമര്യയിലേക്കു മടങ്ങുകയും ചെയ്തു.
യിസ്രായേൽ രാജാവായ യെഹോരാമും യെഹൂദയിലെയും ഏദോമിലെയും രാജാക്കന്മാരും ചേർന്ന് മോവാബ്യരോടു യുദ്ധത്തിനൊരുങ്ങി. അപ്പോൾ ജലക്ഷാമമുണ്ടായി. രാജാക്കന്മാർ എലീശയുടെ അടുക്കൽ ചെന്നപേക്ഷിച്ചു. എലീശാ ഒരു വീണക്കാരനെ വരുത്തി വീണവായിച്ചപ്പോൾ യഹോവയുടെ കൈ എലീശയുടെ മേൽ വരുകയും കുഴികൾ കുഴിക്കുവാൻ അവൻ കല്പിക്കുകയും ചെയ്തു. അവർക്കനുഗ്രഹ കാരണമായിരുന്ന വെള്ളം ശത്രുക്കൾക്ക് നാശകാരണമായിത്തീർന്നു. രാവിലെ സൂര്യൻ വെള്ളത്തിന്മേൽ ഉദിച്ചപ്പോൾ മോവാബ്യർക്കു വെള്ളം രക്തംപോലെ ചുവപ്പായി തോന്നി. അവർ പറഞ്ഞു ‘അതു രക്തമാകുന്നു; ആ രജാക്കന്മാർ തമ്മിൽ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ കൊള്ളയ്ക്ക് വരുവിൻ എന്നു അവർ പറഞ്ഞു.’ അവർ യിസായേൽ പാളയത്തിങ്കൽ എത്തിയപ്പോൾ യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവർ ദേശത്തിൽ കടന്നു ചെന്ന് മോവാബ്യരെ പിന്നെയും തോല്പ്പിച്ചുകളഞ്ഞു. (2രാജാ, 3:22-25).
പ്രവാചക ശിഷ്യന്മാരിൽ ഒരാൾ മരിച്ചു. അയാളുടെ വിധവയും രണ്ടുകുഞ്ഞുങ്ങളും നിരാലംബരായിത്തീർന്നു. കടക്കാർ രണ്ടുകുഞ്ഞുങ്ങളെയും അടിമകളായി വിൽക്കുവാൻ ഒരുങ്ങുകയായിരുന്നു. ഈ ദുഃസ്ഥിതിയിൽ ആ വിധവ എലീശയോടു സഹായം അപേക്ഷിച്ചു. വിധവയ്ക്കു ശേഷിച്ചിരുന്ന ഒരുഭരണി എണ്ണകൊണ്ടു പ്രവാചകൻ അവളെ രക്ഷിച്ചു. വിധവയുടെ എണ്ണ വർദ്ധിക്കുകയും ആ എണ്ണ വിറ്റു കടംവീട്ടുകയും തുടർന്നു അവർ ഉപജീവനം കഴിക്കുകയും ചെയ്തു. (2രാജാ, 4:1-7). ഈ അത്ഭുതം നടന്ന സ്ഥലമോ കാലമോ പ്രസ്താവിച്ചിട്ടില്ല. എലീശാ പ്രവാചകന് ശുനേമിലെ ഒരു സമ്പന്നയായ സ്ത്രീ ആതിഥ്യം നല്കി. തന്റെ വിട്ടിൽ ഒരു പ്രത്യേകമുറി അവൾ പ്രവാചകനു സജ്ജീകരിച്ചു കൊടുത്തു. അതിൽ പ്രസന്നചിത്തനായ പ്രവാചകൻ എന്തെങ്കിലും വരം ചോദിച്ചു കൊള്ളുവാൻ ആവശ്യപ്പെട്ടു. താൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നുവെന്നു പറഞ്ഞു അവൾ പ്രവാചകനോടു ഒന്നും ആവശ്യപ്പെട്ടില്ല. ഗേഹസിയിൽ നിന്നും അവളുടെ അനപത്യതയെക്കുറിച്ചറിഞ്ഞ പ്രവാചകൻ ഒരു പുത്രന്റെ ജനനം ഉറപ്പുകൊടുത്തു. ഒരുദിവസം ബാലൻ വയലിൽ പിതാവിന്റെ അടുക്കലേക്കു പോയി. അവിടെവച്ചു സൂര്യാഘാതത്താൽ പൈതൽ മരിച്ചു. മരിച്ച പൈതലിനെ പ്രവാചകന്റെ കിടക്കയിൽ കിടത്തിയശേഷം ശൂനേംകാരി തിടുക്കത്തിൽ കർമ്മേലിൽ ചെന്നു പ്രവാചകനെ വിവരമറിയിച്ചു. ആദ്യം എലീശ തന്റെ ഭൃത്യനായ ഗേഹസിയെ പ്രവാചക ദണ്ഡുമായി അയച്ചു. എന്നാൽ ശൂനേംകാരിയുടെ നിർബന്ധംമൂലം പ്രവാചകൻ തന്നെ അവളുടെ വീട്ടിലേക്കുപോയി. എലീശാ ബാലന്റെമേൽ കിടന്ന് ദൈവത്തോടപേക്ഷിച്ചു. ബാലൻ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു. (2രാജാ, 4:8-37).
ക്ഷാമകാലത്ത് പ്രവാചകശിഷ്യന്മാർ കാട്ടിൽ കിടന്നതെന്തും ഭക്ഷിക്കുന്ന ദുഃസ്ഥിതിയിൽ എത്തിചേർന്നു. അടപ്പിൽ ഒരു വലിയ കലം വച്ച് പായസം ഉണ്ടാക്കുന്നതിനു വേണ്ടി കാട്ടിൽ നിന്നു കിട്ടിയ പച്ചക്കറികൾ അതിലിട്ടു. പായസം ഭക്ഷിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ അവർ ‘ദൈവപുരുഷനായുള്ളാവേ കലത്തിൽ മരണം’ എന്നു വിളിച്ചു പറഞ്ഞു. കലത്തിൽ മാവിട്ട് എലീശാ പായസത്തിലെ ദൂഷ്യം ഇല്ലാതാക്കി. (2രാജാ, 4:38-41). ഇതേ കാലത്തുതന്നെ സമാനമായ മറ്റൊരത്ഭുതവും നടന്നു. ബാൽ-ശാലീശയിൽ നിന്ന് ഒരു മനുഷ്യൻ ആദ്യഫലമായി ഇരുപതു യവത്തപ്പവും മലരും കൊണ്ടുവന്നു. ഇത്രയും ഭക്ഷണപദാർത്ഥങ്ങൾ കൊണ്ട് പ്രവാചകൻ നൂറു പേരെ അത്ഭുതകരമായി പരിപോഷിപ്പിക്കുകയും ബാക്കി ശേഷിപ്പിക്കുകയും ചെയ്തു. (2രാജാ, 4:42-44). പുതിയനിയമത്തിൽ രണ്ടു പുരുഷാരത്തെയാണ് യേശു അത്ഭുതകരമായി പോഷിപ്പിച്ചത്.
പ്രവാചകശിഷ്യന്മാർ പാർത്തിരുന്ന ഇടം ഇടുങ്ങിയതായിരുന്നു. ഒരു വലിയ പാർപ്പിടം നിർമ്മിക്കുന്നതിനുവേണ്ടി അവർ മരം വെട്ടുകയായിരുന്നു. അ സമയത്ത് ഒരുവന്റെ കോടാലി ഊരി നദിയിൽ വീണു. പ്രവാചകൻ ഒരു കോൽ വെട്ടി കോടാലി വീണ സ്ഥാനത്തു എറിഞ്ഞു, ഉടൻ കോടാലി വെള്ളത്തിൽ പൊങ്ങി. (2രാജാ, 6:1-7). അരാം രാജാവിന്റെ സേനാപതിയായ നയമാൻ കുഷ്ഠരോഗിയായിരുന്നു. (2രാജാ, 5:1,27). എലീശാ പ്രവാചകനെക്കുറിച്ചു കേട്ട് നയമാൻ വിവരം തന്റെ രാജാവിനോട് അറിയിച്ചു. അരാം രാജാവ് ഒരെഴുത്തുമായി നയമാനെ യിസായേൽ രാജാവിന്റെ അടുക്കലേക്കയച്ചു. ഈ എഴുത്തിനോടൊപ്പം വളരെയേറെ സമ്മാനങ്ങളും രാജാവിനയച്ചിരുന്നു. അരാം രാജാവായ ബെൻ-ഹദദ് യിസ്രായേലുമായി യുദ്ധത്തിനൊരു വഴി കണ്ടുപിടിക്കുകയായിരുന്നു എന്നാണ് യിസ്രായേൽ രാജാവു കരുതിയത്. വിവരമറിഞ്ഞ എലീശാ പ്രവാചകൻ നയമാനെ തന്റെ അടുക്കൽ അയക്കുവാൻ രാജാവിനോടാവശ്യപ്പെട്ടു. നയമാൻ പ്രവാചകന്റെ വീട്ടിലെത്തി. എലീശാ നേരിട്ടുപോലും സംസാരിക്കാതെ ദാസനെ അയച്ചു നയമാനോടു; ‘നീ ചെന്നു യോർദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.’ ഈ നിർദ്ദേശം നയമാന് അർത്ഥശൂന്യമായി തോന്നി. എന്നാൽ ഭൃത്യന്മാരുടെ നിർബന്ധം ഹേതുവായി പ്രവാചകൻ നിർദ്ദേശിച്ചതു പോലെതന്നെ നയമാൻ ചെയ്തു. അവന്റെ കുഷ്ഠം ശുദ്ധമായി ദേഹം ഒരു ചെറിയ ബാലന്റെ ശരീരം പോലെ ആയിത്തീർന്നു. യിസ്രായേലിന്റെ ദൈവം സാക്ഷാൽ ദൈവമാണെന്നു ആ വിജാതീയനു വെളിപ്പെട്ടു. നയമാന്റെ സമ്മാനങ്ങളെല്ലാം എലീശ തിരസ്കരിച്ചു. എലീശയുടെ ശിഷ്യനായ ഗേഹസിക്കു അതു സഹിക്കുവാനായില്ല. ഗേഹസി പിന്നാലെ ചെന്നു ആ സമ്മാനങ്ങളിൽ ഒരു ഭാഗം പ്രവാചകൻ ആവശ്യപ്പെട്ടതായി നയമാനോടു പറഞ്ഞു. താൻ ചെയ്ത പ്രവൃത്തി പ്രവാചകനിൽ നിന്നു മറച്ചുവയ്ക്കുവാൻ ഗേഹസി ശ്രമിച്ചു. എന്നാൽ പ്രവാചകൻ അതറിയുകയും നയമാന്റെ കുഷ്ഠം ഗേഹസിയെയും അവന്റെ സന്തതിയെയും ബാധിക്കട്ടെ എന്നു ശപിക്കുകയും ചെയ്തു. അവൻ കുഷ്ഠരോഗിയായി പ്രവാചകനെ വിട്ടുപോയി. (2രാജാ, 5:1-27).
ശുശ്രൂഷയുടെ ആരംഭം മുതൽ തന്നെ എലീശാ രാജ്യകാര്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. അരാമ്യർ യിസ്രാനോടു യുദ്ധം ചെയ്ത കാലത്ത് അവർ രഹസ്യമായെടുക്കുന്ന തീരുമാനം പോലും എലീശ അറിയുകയും യസ്രായേൽ രാജാവിനെ ബോധ്യപ്പെടുത്തുകയും ചെയ്തുതന്നു. ഇങ്ങനെ പലപ്രാവശ്യം യിസ്രായേൽ രാജാവിനെ യുദ്ധത്തിൽ നിന്നു രക്ഷിച്ചു. ഇതറിഞ്ഞ അരാം രാജാവ് എലീശയെ പിടിക്കുന്നതിന് ഒരു സൈന്യത്തെ അയച്ചു. സൈന്യം രാത്രിയിൽ എലീശയുടെ വാസസ്ഥാനമായ ദോഥാൻ വളഞ്ഞു. ഈ അപകടം ആദ്യം കണ്ട ഭത്യൻ ഭയത്തോടുകൂടെ എലീശയെ വിവരം അറിയിച്ചു. എലീശ പ്രാർത്ഥിച്ചപ്പോൾ ബാല്യക്കാരന്റെ കണ്ണുകൾ തുറന്നു. എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മലനിറഞ്ഞിരിക്കുന്നതു അവൻ കണ്ടു. പ്രവാചകന്റെ പ്രാർത്ഥനയുടെ ഫലമായി ദൈവം അവരെ അന്ധത പിടിപ്പിച്ചു. അവൻ അവരെ ശമര്യയിലേക്കു കൂട്ടി കൊണ്ടുപോയി. ശമര്യയിലെത്തിയപ്പോൾ എലീശാ പ്രാർത്ഥിച്ച് അവരുടെ അന്ധതമാറ്റി. അവർക്കു യാതൊരുപ്രദവവും ചെയ്യരുതെന്നു പ്രവാചകൻ രാജാവിനോടു പറഞ്ഞു. മാത്രവുമല്ല, ഒരു വലിയ വിരുന്നൊരുക്കി അവരെ സത്കരിച്ച് മടക്കി അയച്ചു. (2രാജാ, 6:8-23).
അരാം രാജാവായ ബെൻ-ഹദദ് ശമര്യയെ ഉപരോധിച്ചു. ശമര്യാനിവാസികൾ മഹാക്ഷാമം നിമിത്തം കഷ്ടപ്പെട്ടു. രാജാവായ യെഹോരാമിന് എലീശയോടു വൈരം തോന്നി. എലീശയെ വധിക്കുവാൻ ഒരു ദൂതനെ അയച്ചു. ഈ ദൂതൻ വരുമ്പോൾ വാതില്ക്കൽ അവനെ തടുക്കാൻ എലീശാ തന്റെ കൂടെയുണ്ടായിരുന്നവരോടു പറഞ്ഞു. മാത്രവുമല്ല, രാജാവ് പിന്നാലെ വരുന്നുണ്ടെന്നും പ്രവാചകൻ വെളിപ്പെടുത്തി. (നിർവ്വികാരമായി പുറപ്പെടുവിച്ച വിധിയുടെ ഫലം തടയുവാനാണു രാജാവു പുറകെ ധ്യതിപ്പെട്ടു വന്നതെന്നു ജൊസീഫസ് വ്യാഖ്യാനിക്കുന്നു). പിറ്റേ ദിവസം അതേ സമയം ശമര്യയുടെ പടിവാതിലിൽ ധാന്യങ്ങൾ സമൃദ്ധിയായി വിലകുറച്ചു വില്ക്കുമെന്നു എലീശ രാജാവിനെ അറിയിച്ചു. അന്നു രാത്രി രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ശബ്ദം ദൈവം അരാമ്യരെ കേൾപ്പിച്ചു. യിസ്രായേൽ രാജാവു തങ്ങൾക്കു വിരോധമായി ഹിത്യരുടെയും മിസ്രയീമ്യരുടെയും സൈന്യങ്ങളെ കൂലിക്കെടുത്തു എന്നു പറഞ്ഞു അരാമ്യർ രാത്രിതന്നെ എല്ലാം ഉപേക്ഷിച്ചു ഓടിപ്പോയി. എലീശയുടെ വാക്കു വിശ്വസിക്കാത്ത അകമ്പടിനായകനെ എലീശാ പ്രവചിച്ചതുപോലെ പടിവാതിലിൽ വച്ച് ജനം ചവിട്ടിക്കൊന്നു. (2രാജാ, 6:24-7:20).
രാഷ്ട്രീയമായ രണ്ടു വിപ്ലവങ്ങൾക്ക് – ഒന്ന് അരാമിലും, ഒന്ന് യിസ്രായേലിലും – എലീശ കാരണമായി. ബെൻ-ഹദദിന്റെ മന്ത്രിയായിരുന്ന ഹസായേലിനെ അരാം രാജാവായി അഭിഷേകം ചെയ്യുവാൻ എലീശാ ദമ്മേശക്കിലേക്കു പോയി. രോഗിയായിക്കിടന്ന ബെൻ-ഹദദ് രോഗത്തിൽ നിന്നും സൗഖ്യം ലഭിക്കുമോ എന്നറിയുവാൻ വേണ്ടി ഹസായേലിനെ എലീശയുടെ അടുക്കലേക്കയച്ചു. ബെൻ-ഹദദ് മരിക്കുമെന്നും ഹസായേൽ രാജാവാകുമെന്നും എലീശാ പ്രവചിച്ചു. ബെൻ-ഹദദിനെ വധിച്ച് ഹസായേൽ രാജാവായി. (2രാജാ, 8:7-15). രാജാവായ ഹസായേൽ യിസ്രായേലിനോടു യുദ്ധം തുടങ്ങി. യുദ്ധത്തിൽ യെഹോരാം മുറിവേല്ക്കുകയും യുദ്ധത്തിൽ നിന്നു പിൻവാങ്ങുകയും ചെയതു. രഹസ്യമായി യേഹൂവിനെ രാജാവായി അഭിഷേകം ചെയ്യുവാൻ പ്രവാചക ശിഷ്യന്മാരിൽ ഒരുത്തനെ എലീശാ അയച്ചു. (2രാജാ, 9:3). എലീശയുടെ ഈ പ്രവൃത്തി അറിഞ്ഞപ്പോൾ മറ്റു സൈന്യാധിപന്മാർ യേഹുവിനെ രാജാവായി അംഗീകരിച്ചു. യെഹോരാം വധിക്കപ്പെട്ടു; അമ്മയായ ഈസസേബെലിനെ കിളിവാതിലിൽനിന്നു താഴേക്കു തളളിയിട്ടു. അവളുടെ മാംസം നായ്ക്കൾ തിന്നു. ആഹാബിനു ശമര്യയിലുണ്ടായിരുന്ന എഴുപതു പുത്രന്മാരെയും യേഹൂ കൊന്നു.
എലീശാ ദീർഘായുഷ്മനായിരുന്നു. മരണക്കിടക്കയിൽ പോലും പ്രവാചകന്റെ ജൈവശക്തിക്ക് ഒട്ടും കോട്ടം തട്ടിയിരുന്നില്ല. മരണശയ്യയിലായിരുന്ന പ്രവാചകനെ കാണാൻ യിസ്രായേൽ രാജാവായ യോവാശ് വന്നു. അദ്ദേഹം നിലവിളിച്ചു. ‘എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളാവേ എന്നു പറഞ്ഞു.’ (2രാജാ, 13:14). ഏലീയാവു സ്വർഗ്ഗത്തേക്ക് എടുക്കപ്പെട്ടപ്പോൾ എലീശാ പറഞ്ഞ വാക്കുകളാണിവ. മരണക്കിടക്കയിൽവച്ച് അരാമ്യരുമായുള്ള യുദ്ധത്തിന്റെ ഫലം എന്തായിരിക്കുമെന്ന് പ്രവാചകൻ യിസ്രായേൽ രാജാവിനോടു പ്രവചിച്ചു. എലീശാ മരിച്ചു. എലീശയുടെ അത്ഭുതങ്ങളിൽ ഏറ്റവും വലുത് മരണാനന്തരം സംഭവിച്ചതാണ്. എലീശയുടെ കല്ലറക്കടുത്തുകൂടെ കടന്നുപോയ ഒരു വിലാപയാത്രയെ മോവാബ്യർ ആക്രമിച്ചു. പരിഭ്രമം ബാധിച്ച അവർ ധ്യതിയിൽ മൃതശരീരത്തെ പ്രവാചകന്റെ കല്ലറയിലിട്ടു. ആ ശവം എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവൻ പ്രാപിച്ചു. മരണത്തിനു ശേഷവും ജീവൻ നല്കാൻ പ്രവാചകനു കഴിഞ്ഞു. (2രാജാ, 13:20-21).
ഏലീയാവിന്റെയും എലീശയുടെയും സ്വഭാവങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. അലഞ്ഞുതിരിയുന്ന പ്രകൃതമായിരുന്നു ഏലീയാവിന്റേത്. സുഹൃത്തുക്കളോടൊപ്പവും നഗരത്തിലും താമസിക്കുകയായിരുന്നു എലീശയ്ക്കിഷ്ടം. എലീശയുടെ അത്ഭുതങ്ങളധികവും സൗഖ്യവും പുനർജീവനും നല്കുന്നത് ആയിരുന്നു. സാധുക്കളെ സഹായിക്കുകയായിരുന്നു എലീശയുടെ പ്രധാന ലക്ഷ്യം. വിധവയുടെ എണ്ണവർദ്ധിപ്പിച്ചതും വെള്ളത്തെ പഥ്യമാക്കിയതും ഇതിലുൾപ്പെടുന്നു. നിശ്ചയദാർഢ്യമുള്ളവനും ശക്തനുമായിരുന്നു ഏലീയാവ്. ആവശ്യസന്ദർഭങ്ങളിൽ എലീശ ശക്തമായി പ്രതികരിക്കുമെങ്കിലും പൊതുവെ ശാന്തസ്വഭാവിയായിരുന്നു.
ഉത്തരരാജ്യമായ യിസ്രായേലിലെ ഒന്നാമത്തെ വലിയ പ്രവാചകനാണ് ഏലീയാവ്. ചുഴലിക്കാറ്റുപോലെ പ്രത്യക്ഷപ്പെടുകയും ചുഴലിക്കാറ്റിൽ അപ്രത്യക്ഷനാകുകയും ചെയ്ത ഒരു പ്രവാചകനാണദ്ദേഹം. ദൈവത്തിന്റെ ആത്മാവു പ്രവാചകനെ അവതരിപ്പിക്കുകയും ആത്മാവ് അദ്ദേഹത്തെ മാറ്റുകയും ചെയ്തു. പ്രവാചകന്റെ പശ്ചാത്തലത്തെക്കുറിച്ച് ഒരക്ഷരവും പറയാതെയാണ് ഏലീയാവിനെ അവതരിപ്പിച്ചിട്ടുള്ളത്. ആഹാബിന്റെ ഭരണകാലത്ത് ഗിലെയാദിലെ തിശ്ബിയിൽ നിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. “ഞാൻ സേവിച്ചു നില്ക്കുന്ന യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.” (1രാജാ, 17:1).
സീദോന്യരാജാവായ എത്-ബാലിന്റെ മകൾ ഈസേബെലിനെ ആഹാബ് രാജാവു വിവാഹം കഴിച്ചു. അതോടുകൂടി ബാൽ പൂജ യിസ്രായേലിൽ പ്രബലമായി. രാജാവിന്റെ സഹായത്തോടുകൂടി യഹോവയുടെ പ്രവാചകന്മാരെ കൊല്ലിക്കുകയും ബാലിനും അശേരയ്ക്കും പുരോഹിതന്മാരെയും പ്രവാചകന്മാരെയും നിയമിക്കുകയും ചെയ്തു. അങ്ങനെ യഹോവയുടെ ആരാധന യിസ്രായേലിൽ നിർമ്മൂലമാകുകയും അവശേഷിച്ച പ്രവാചകന്മാർ ഭയന്നു ഗുഹകളിൽ ഒളിക്കുകയും ചെയ്തു. യഹോവയുടെ പ്രവാചകന്മാർക്കു ഈസേബെൽ പേടി സ്വപ്നമായി മാറി. ഈ അന്തരീക്ഷത്തിലാണ് നിർഭയത്വത്തിന്റെയും തീക്ഷ്ണതയുടെയും പര്യായമായ ഏലീയാവ് ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു മഴപെയ്യില്ലെന്ന് അറിയിച്ചത്. ആഹാബുരാജാവിന് ഈ മുന്നറിയിപ്പ് നല്കിയശേഷം യഹോവയുടെ നിർദ്ദേശമനുസരിച്ച് ഏലീയാവ് യോർദ്ദാനു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരുന്നു. അവിടെ തോടു വറ്റുന്നതുവരെ പ്രവാചകന് കാക്ക അപ്പവും ഇറച്ചിയും കൊണ്ടു വന്നു കൊടുത്തു. (1രാജാ, 17:6). തോട്ടിലെ വെള്ളം വറ്റിയപ്പോൾ യഹോവയുടെ കല്പനപ്രകാരം ഏലീയാവ് സാരെഫാത്തിൽ ചെന്നു ഒരു വിധവയുടെ വീട്ടിൽ പാർത്തു. ഈസേബെലിന്റെ ജന്മദേശമായ സീദോനിലെ പട്ടണമാണ് സാരെഫാത്ത്. പട്ടണവാതില്ക്കൽ ഒരു കനാന്യ വിധവ വിറകുപെറുക്കുന്നതു കണ്ടു. പ്രവാചകൻ അവളോടു അപ്പവും വെള്ളവും ചോദിച്ചു. ശേഷിച്ച എണ്ണയും മാവും തീർന്നാലുടൻ പട്ടിണികിടന്ന് മരിക്കുവാൻ അവർ നിശ്ചയിച്ചുകഴിഞ്ഞിരുന്നു. പ്രവാചകന്റെ അപേക്ഷയനുസരിച്ച് വിധവ അപ്പവും വെളളവും കൊടുത്തു. തന്മൂലം ക്ഷാമം തീർന്നതുവരെ അവളുടെ കലത്തിലെ മാവു തീരാതെയും ഭരണിയിലെ എണ്ണ കുറയാതെയും ഇരുന്നു. (1രാജാ, 17:16). ആ വിധവയുടെ മകൻ ദീനം വന്നു മരിച്ചു. ഏലീയാവ് മൂന്നു പ്രാവശ്യം കുട്ടിയുടെമേൽ കവിണ്ണുവീണു ദൈവത്തോടപേക്ഷിച്ചു. കുട്ടിയുടെ പ്രാണൻ മടങ്ങിവന്നു അവൻ ജീവിച്ചു.(1രാജാ, 17:21-22).
മൂന്നു വർഷവും ആറുമാസവും മഴപെയ്യാതിരുന്നു. യാക്കോ, 5:17). ഏലീയാവ് ആഹാബിൻറ മുമ്പിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോൾ ആഹാബ് ‘ആർ ഇത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു’ അതിന് ഏലീയാവു ‘യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്ര നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കുകയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കുകയും ചെയ്യുന്നതു കൊണ്ടുതന്നെ’ എന്ന് ഉത്തരം പറഞ്ഞു. (1രാജാ, 18:17-18). തുടർന്നു പ്രവാചകനും, ബാലിന്റെ 450 പ്രവാചകന്മാരും, അശേരയുടെ 400 പ്രവാചകന്മാരും തമ്മിൽ ഒരു മത്സരം ഏലീയാവ് നിർദ്ദേശിച്ചു. ആഹാബ് ഈ നിർദ്ദേശം അംഗീകരിച്ചു. അഗ്നിയുടെ അധിദേവനാണു ബാൽ. രണ്ട് കാളകളെ കൊന്ന് ഓരോ യാഗപീഠത്തിൽ വയ്ക്കണം; ഒന്നു ബാലിനും മറ്റൊന്ന് യഹോവയ്ക്കും. ഏതിനെയാണോ അഗ്നി താനേ ഇറങ്ങി ദഹിപ്പിക്കുന്നത് ആ ദേവന്റെ പ്രജകളാണ് യിസായേല്യർ. ആദ്യത്തെ അവസരം ബാലിന്റെ ആൾക്കാർക്കു നല്കി. രാവിലെ മുതൽ ഉച്ചവരെ അവർ ബാലിനെ വിളിച്ചപേക്ഷിച്ചു; ബലിപീഠത്തിനു ചുറ്റും തുള്ളിച്ചാടി; സ്വയം മുറിവേല്പിച്ചു രക്തം ഒഴുക്കി. ഭോജനയാഗം കഴിക്കുന്ന സമയംവരെ ഇതു തുടർന്നു. ഒരു ഉത്തരവും ലഭിച്ചില്ല. അനന്തരം ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം ഏലീയാവു നന്നാക്കി. കാളയെ അതിന്മേൽ വച്ചു. യാഗമൃഗത്തെയും യാഗപീഠത്തെയും വെള്ളം കൊണ്ടു നനച്ചു. ഭോജന യാഗത്തിന്റെ സമയത്ത് ഏലീയാവു പ്രാർത്ഥിച്ചു. “അബ്രാഹാമിന്റെയും യിസഹാക്കിന്റെയും യിസായേലിൻറയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തുവെന്നും ഇന്നു വെളിപ്പെട്ടു വരട്ടെ.” (1രാജാ, 18:36). ഉടനെ സ്വർഗ്ഗത്തിൽ നിന്നും തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ച് തോട്ടിലെ വെള്ളവും വറ്റിച്ചു. ‘യഹോവ തന്നേ ദൈവം’ എന്നു ജനം ഏറ്റുപറഞ്ഞു. ബാലിൻ്റെ പ്രവാചകന്മാരെ പിടിച്ച് കീശോൻ തോട്ടിന്നരികെ കൊണ്ടു ചെന്ന് അവിടെവച്ച് വെട്ടിക്കൊന്നു. തുടർന്നു ഏലീയാവ് മഴയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും മഴപെയ്യുകയും ചെയ്തു.
ബാലിന്റെ പ്രവാചകന്മാർ നശിച്ചതോടുകൂടി ആഹാബ് ഭയപ്പെട്ടു. എന്നാൽ അത് ഈസേബൈലിൽ ഒരു ചലനവും സൃഷ്ടിച്ചില്ല. ഏലീയാപ്രവാചകനെ കൊല്ലാനുള്ള പ്രതിജ്ഞ അവളെടുത്തു. ഈ പ്രതിസന്ധിയിൽ ഏലീയാവു അവിടം വിട്ടോടി. ഏലീയാവിനോടൊപ്പം ഒരു ബാല്യക്കാരൻ ഉണ്ടായിരുന്നു. യെഹൂദാ പാരമ്പര്യമനുസരിച്ചു പ്രവാചകനെ അനുഗമിച്ച ഈ ബാല്യക്കാരൻ വിധവയുടെ മകനായിരുന്നു. ബേർ-ശേബയിൽ എത്തിയ ശേഷം ബാല്യക്കാരനെ അവിടെ വിട്ടിട്ട് പ്രവാചകൻ മരുഭൂമിയിൽ ചെന്ന് ഒരു ചുരച്ചെടിയുടെ തണലിലിരുന്ന് മരിപ്പാനാഗ്രഹിച്ചു. പ്രവാചകൻ ആകെ തളരുകയും തകരുകയും ചെയ്തു. ഈ അവസ്ഥയിലും ഉറക്കവും ഭക്ഷണവും അത്ഭുതകരമായി ലഭിച്ചു. ആ ഭക്ഷണത്തിൻ്റെ ഉത്തേജനത്തിൽ നാല്പതുദിവസം നടന്നു ഹോരേബ് പർവ്വതത്തിൽ എത്തി, ഒരു രാത്രി അവിടെ ഗുഹയിൽ കഴിഞ്ഞു. പ്രഭാതത്തിൽ യഹോവ ഏലീയാവിനോട് ‘ഏലീയാവേ, ഇവിടെ നിനക്കെന്തു കാര്യം’ എന്നു ചോദിച്ചു. ഉടൻ തന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് യഹോവയ്ക്ക് വേണ്ടിയുളള തന്റെ തീക്ഷ്ണതയെക്കുറിച്ചും യിസ്രായേല്യരുടെ വിശ്വാസത്യാഗത്തെക്കുറിച്ചും എലീയാവു പറഞ്ഞു. ‘യിസ്രായേൽ മക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു, നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവർ ജീവഹാനി വരുത്തുവാൻ നോക്കുന്നു’ എന്നു പറഞ്ഞു. (1രാജാ, 19:13-14). ഏലീയാവിന് ദൈവത്തിന്റെ ഒരു വെളിപ്പാട് ഉണ്ടായി. പ്രകൃതിയുടെ ഭയാനകമായ വെളിപ്പാടിൽ യഹോവ ഇല്ലായിരുന്നു. തുടർന്നു ഒരു മൃദുസ്വരത്തിലാണ് യഹോവ പ്രവാചകനോടു സംസാരിച്ചത്. എലീയാവ് ദൈവത്തിന്റെ വിളി തിരിച്ചറിഞ്ഞു പുതപ്പുകൊണ്ട് മുഖംമൂടി ദൈവനിയോഗിത്തിനായി കാത്തുനിന്നു. മുന്നു കല്പനകൾ യഹോവ നല്കി: 1. ഹസായേലിനെ അരാം രാജാവായി അഭിഷേകം ചെയ്യുക. 2. നിംശിയുടെ പുത്രനായ യേഹുവിനെ യിസ്രായേൽ രാജാവായി അഭിഷേകം ചെയ്യുക. 3. ശാഫാത്തിന്റെ മകനായ എലീശയെ തന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്യുക. ഇവയിൽ ആദ്യത്തെ രണ്ടു കല്പനകളും നിറവേററിയത് ഏലീശയാണ്. മൂന്നാമത്തേതു ഏലീയാവു തന്നെ ചെയ്തു. (1രാജാ, 19:9-18). അരാമിലും യിസ്രായേലിലും പുതിയ രാജാക്കന്മാരെ അഭിഷേകം ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന രാഷ്ട്രീയ തകിടം മറിച്ചിലിൽ വിശ്വാസത്യാഗം മതിയായ രീതിയിൽ ശിക്ഷിപ്പെടും. എന്നാൽ പുതിയ രാജാക്കന്മാരെ അഭിഷേകം ചെയ്യുവാൻ കാലം പക്വമായിരുന്നില്ല. ഏലീയാവു സഞ്ചരിച്ചു ആബേൽ മെഹോലയിലെത്തി, നിലം ഉഴുതുകൊണ്ടിരുന്ന ഏലീശയെ കണ്ടെത്തി. ഒരക്ഷരവും സംസാരിക്കാതെ തന്റെ പുതപ്പ് എലീശയുടെ മേൽ ഇട്ടു. പ്രവാചകന്റെ വിളി എലീശ സ്വീകരിക്കുകയും ഭൃത്യനായി ഏലീയാവിനെ ശുശ്രൂഷിക്കുകയും ചെയ്തു.
ഈ കാലത്ത് ആഹാബിന്റെ പ്രതാപം വർദ്ധിച്ചു വരികയായിരുന്നു. അരാമ്യരിൽ നിന്നുള്ള സൈനിക വെല്ലുവിളികളെ ആഹാബ് സമർത്ഥമായി അഭിമുഖീകരിച്ചു. നഷ്ടപ്പെട്ടുപോയ പട്ടണങ്ങൾ വീണ്ടെടുക്കുകയും ആദായകരമായ വാണിജ്യ ഉടമ്പടികൾ ചെയ്യുകയും ചെയ്തു. കൊട്ടാരംവക ഭൂമിയുടെ വിസ്തീർണ്ണം വർദ്ധിപ്പിക്കുവാനും ആഹാബു ശമിച്ചു. ഈസേബെലിന്റെ സഹായത്തോടുകൂടി നാബോത്തിന്റെ മേൽ ദൈവദൂഷണവും രാജദൂഷണവും ചുമത്തി അയാളെ കൊന്നു. അതിനുശേഷം നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കാനായി ആഹാബു പോയി. ആ സമയം ഏലീയാ പ്രവാചകൻ ആഹാബിനെ കണ്ടു. ഉടൻ ആഹാബ് ഏലീയാവിനോട് ‘എന്റെ ശതുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു.’ നാബോത്തിന്റെ വധത്തിനു ശിക്ഷയായി ആഹാബു വംശത്തിന്റെ സമ്പൂർണ്ണനാശവും ഈസേബെലിന്റെ നിന്ദ്യവും ഹീനവും ആയ മരണവും പ്രവാചകൻ മുന്നറിയിച്ചു. ആഹാബിന്റെ ഹൃദയം ഉരകി; അവൻ അനുതപിച്ചു. തന്മൂലം നാശത്തിൻറ കാലം നീട്ടിവയ്ക്കപ്പെട്ടു.
ആഹാബിനുശേഷം പുത്രനായ അഹസ്യാവ് രാജാവായി. അവൻ്റെ വാഴ്ചയുടെ രണ്ടാം വർഷത്തിൽ അഹസ്യാവ് മാളികയുടെ കിളിവാതിലിൽ കൂടി വീണു രോഗിയായി. രോഗത്തെക്കുറിച്ചറിയുന്നതിനു എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചോദിക്കുവാൻ അഹസ്യാവ് ദൂതന്മാരെ അയച്ചു. (2രാജാ, 1:2). ദൈവദുതൻ നിയോഗമനുസരിച്ച് ഏലീയാവ് രാജദൂതന്മാരെ കണ്ട് രാജാവു മരിക്കുമെന്ന സന്ദേശവുമായി അവരെ മടക്കി അയച്ചു. ഈ വിവരം ദൂതന്മാർ അറിയിച്ചപ്പോൾ അഹസ്യാവ് ഏലീയാവിനെ ബന്ധിക്കുന്നതിന് അമ്പതു പടയാളികളെ അയച്ചു. ഏലീയാവു മലമുകളിൽ ഇരിക്കുകയായിരുന്നു. ഏലീയാവ് പ്രാർത്ഥിക്കുകയും ആകാശത്തിൽ നിന്നു തീ ഇറങ്ങി അവരെ നശിപ്പിക്കുകയും ചെയ്തു. വീണ്ടും രാജാവയച്ച അമ്പതു പടയാളികളടങ്ങിയ ഗണത്തിനും ഇതേ അവസ്ഥ ഉണ്ടായി. ഒടുവിൽ ഏലീയാവ് രാജാവിന്റെ അടുക്കൽ നേരിട്ടുവന്ന് രാജാവിന്റെ നാശം വെളിപ്പെടുത്തി. അഹസ്യാവ് കുഞ്ഞുങ്ങളില്ലാതെ മരിക്കുകയും സഹോദരനായ യെഹോരാം രാജാവാകുകയും ചെയ്തു. യെഹൂദാ രാജാവായ യെഹോരാം ആഹാബിന്റെ മകളെ വിവാഹം കഴിച്ചു, യിസ്രായേൽ രാജാക്കന്മാരുടെ വഴികളിൽ നടന്നു. അവൻ ദുഷ്ടതയെ കുറ്റപ്പെടുത്തിക്കൊണ്ടും മരണം പ്രവചിച്ചു കൊണ്ടും ഏലീയാവു എഴുത്തയച്ചു. (2ദിന, 21:12-15).
യഹോവ ഏലീയാവിനെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കെടുക്കുവാൻ ഭാവിക്കുകയായിരുന്നു. (2രാജാ, 2:1). ഈ സന്ദർഭത്തിൽ ഏലീയാവ് എലീശയെ പരിശോധിച്ചു. യെരീഹോവിലേക്കു പോകുമ്പോൾ എലീശയെ ബേഥേലിൽ തന്നെ താമസിച്ചുകൊൾവാൻ മൂന്നു പ്രാവശ്യം ഏലീയാവ് പറഞ്ഞു. മൂന്നുപ്രാവശ്യവും ഏലീയാവിനെ വിടുകയില്ലെന്നു എലീശാ നിർബന്ധം പിടിച്ചു. യോർദ്ദാനിലെത്തിയപ്പോൾ ഏലീയാവ് പുതപ്പുകൊണ്ട് വെള്ളത്തെ അടിച്ചു, ഉണങ്ങിയ നിലത്തന്നപോലെ അവർ നദി കടന്നു. യോശുവയുടെ കാലത്ത് യിസ്രായേൽമക്കൾ നദി കടന്നതും ഇപ്രകാരമായിരുന്നു. യോർദ്ദാൻ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽ നിന്നു എടുത്തുകൊളളപ്പെടും മുമ്പെ ഞാൻ നിനക്കു എന്തു ചെയ്ത തരേണം? ചോദിച്ചു കൊൾക എന്നു പറഞ്ഞു. അതിനു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടിപങ്കു എന്റെ മേൽ വരുമാറാകട്ടെ എന്നു പറഞ്ഞു. (2രാജാ, 2:9). ഇരട്ടിപ്പങ്ക് ആദ്യജാതന്റെ അവകാശമാണ്. ആരോഹണ സമയത്ത് ഏലീയാവിനെ കാണുമെങ്കിൽ എലീശയുടെ ആഗ്രഹം സഫലമാകുമെന്ന് ഏലീയാവ് വാഗ്ദാനം നല്കി. അവർ നടന്നു പോകുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും പ്രത്യക്ഷപ്പെട്ട് അവരെ വേർപിരിച്ചു. ചുഴലിക്കാറ്റിൽ ഏലീയാവു സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. ആ സമയത്ത് വിരഹാർത്തനായ ഒരു കുഞ്ഞിനെപ്പോലെ എലീശാ നിലവിളിച്ചും ‘എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു.’ ഏലീയാവിൽ നിന്നു വീണ പുതപ്പും എടുത്തു എലീശാ മടങ്ങിപ്പോന്നു. (2രാജാ, 2:1-13).
ഉദാത്തമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു ഏലീയാവ് തന്റെ ജീവിതത്തിൻറെ പ്രധാന ലക്ഷ്യം ദൈവനാമത്തിനു വേണ്ടി എരിയുകയായിരുന്നു. ഏലീയാവിൻറ വിശ്വാസത്തെ ഉലയ്ക്കുന്നതിനു യാതൊരു പ്രതിലോമ ശക്തികൾക്കും കഴിഞ്ഞില്ല. രാജകീയാധികാരവും ക്ഷാമവും വരൾച്ചയും പ്രവാചകന്റെ ധൈര്യത്തെ ക്ഷയിപ്പിച്ചില്ല. പാപത്തിൻ്റെ നേർക്ക് ഒടുങ്ങാത്ത രോഷമുണ്ടായിരുന്നു ഏലീയാവിന്. ഒന്നിലധികം പ്രാവശ്യം പ്രവാചകൻ്റെ പ്രാർത്ഥനയിൽ സ്വർഗ്ഗത്തിൽ നിന്നു അഗ്നി ഇറങ്ങി. മൃദുല ഹൃദയനായിരുന്നു ഏലീയാവ്. കുഞ്ഞു നഷ്ടപ്പെട്ടുപോയ വിധവയോടു പ്രവാചകൻ സഹതപിക്കുകയും കുഞ്ഞിനെ ജീവിപ്പിക്കുകയും ചെയ്തു. ഏകാന്ത ജീവിതത്തിലായിരുന്നു പ്രവാചകനു താത്പര്യം. ദൈവത്തിൽ നിന്നു ലഭിക്കുന്ന സന്ദേശം നല്കുന്നതിനു മാത്രമായിരുന്നു മനുഷ്യരുടെ മുമ്പിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. അത്ഭുതം പ്രവർത്തിച്ചു ദൈവത്തിന്റെ അരുളപ്പാട് സ്ഥിരീകരിച്ചശേഷം മനുഷ്യരുടെ ദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. മറുരൂപ മലയിൽവച്ച് മോശെയും ഏലീയാവും പ്രത്യക്ഷപ്പെട്ട് യേശുക്രിസ്തുവിന്റെ നിര്യാണത്തെക്കുറിച്ച് യേശു ക്രിസ്തുവിനോടു സംസാരിച്ചു. (ലൂക്കൊ, 9:31). മരണം കാണാതെ എടുക്കപ്പെട്ട ഏലീയാവിൽ ഭാവി തലമുറകളുടെ പ്രത്യാശ ഘനീഭവിച്ചു. “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പ് ഞാൻ നിങ്ങൾക്കു ഏലീയാ പ്രവാചകനെ അയക്കുമെന്നും ഞാൻ വന്നു ഭൂമിയെ സംഹാരശപഥം കൊണ്ട് ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും” (മലാ, 4:5-6) എന്നും ഉള്ള വാഗ്ദത്തമാണ് പഴയനിയമപ്രവചനത്തിന്റെ അന്ത്യവാക്യം.
ചെറിയ പ്രവാചകന്മാരിൽ ഒരാളായ മലാഖി പഴയനിയമത്തിലെ ഒടുവിലത്തെ പ്രവാപകനാണ്. പഴയനിയമത്തിലെ അവസാന പുസ്തകം മലാഖിയുടെ പ്രവചനമാണ്. ഈ പുസ്തകത്തിനു പുറമെ നിന്നും പ്രവാചകനെപ്പറ്റി ഒരു വിവരവും ലഭ്യമല്ല. ‘എന്റെ ദൂതൻ’ എന്നാണ് പേരിനർത്ഥം. പഴയനിയമത്തിന്റെ ഗ്രീക്കു വിവർത്തനമായ സെപ്റ്റ്വജിന്റിൽ മലാഖി എന്ന പേരിനെ സാമാന്യനാമമായി പരിഗണിച്ചു ‘എന്റെ ദൂതൻ’ എന്നു തർജ്ജമ ചെയ്തു. “എന്റെ ദൂതൻ മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട് എന്നാണ് സെപ്റ്റ്വജിന്റിലെ ശീർഷകം. (1:1). അതിന്റെ ചുവടുപിടിച്ചു പല പണ്ഡിതന്മാരും മലാഖി പ്രവചനം അജ്ഞാത കർതൃകമാണെന്നു വാദിക്കുന്നു. പ്രവചന പുസ്തകങ്ങൾ എഴുത്തുകാരുടെ പേരുകളിൽ അറിയപ്പെടുന്നതു കൊണ്ടു മലാഖിയും എഴുത്തുകാരന്റെ പേരായി കരുതുകയാണു യുക്തം. യോനാഥാൻ ബെൻ ഉസ്സീയേലിന്റെ തർഗും മലാഖി എസ്രാ ആണെന്നു കരുതുന്നു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘മലാഖിയുടെ പുസ്തകം’).
സെഖര്യാപ്രവാചകൻ ബെരെഖ്യാവിന്റെ പുത്രനും ഇദ്ദോ പ്രവാചകന്റെ പൗത്രനുമാണ്. എസ്രാ, 5:1-ലും 6:14-ലും സെഖര്യാവിനെ ഇദ്ദോവിന്റെ മകനെന്നു പറഞ്ഞിട്ടുണ്ട്. (ഒ.നോ; നെഹെ,12:16). ബെരെഖ്യാവിനെക്കുറിച്ച് ഇവിടെ ഒന്നും പറഞ്ഞിട്ടില്ല. സെഖര്യാവ് 1:1-ലെ ബെഖര്യാവ് പ്രക്ഷിപ്തമെന്നു കരുതുന്നവരുണ്ട്. ഇദ്ദോയുടെ പുത്രൻ എന്നത് പൗത്രൻ എന്നു കരുതുകയാണ് യുക്തം. പുത്രനെന്ന ശബ്ദം പില്ക്കാല സന്തതികളെയും സൂചിപ്പിക്കുമാറു വ്യാപകമായ അർത്ഥത്തിൽ പ്രയോഗിക്കുന്നതു എബ്രായർക്കിടയിൽ സഹജമാണ്. ബാബേൽ പ്രവാസത്തിൽ നിന്നു യെഹൂദ്യയിലേക്കു മടങ്ങിവന്ന പുരോഹിത പിതൃഭവനത്തലവന്മാരിൽ ഒരാളായിരുന്ന ഇദ്ദോ. (നെഹെ, 12:16). ഇതിൽ നിന്നും സെഖര്യാവ് പുരോഹിതനായിരുന്നുവെന്നത് വ്യക്തമാണ്. കൂടാതെ അദ്ദേഹം പ്രവാചകനുമായിരുന്നു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘സെഖര്യാവിൻ്റെ പുസ്തകം’).
ഹഗ്ഗായി പ്രവാചകന്റെ വ്യക്തിജീവിതത്തെക്കുറിച്ചു വ്യക്തമായ അറിവു ലഭ്യമല്ല. ബാബേൽ പ്രവാസത്തിനുശേഷം യെഹൂദയിൽ പ്രവർത്തിച്ച മൂന്നു പ്രവാചകന്മാരിൽ ഒന്നാമനാണു ഹഗ്ഗായി. മറ്റു രണ്ടുപേർ സെഖര്യാവും മലാഖിയും ആണ്. ഇദ്ദേഹം സെഖര്യാ പ്രവാചകന്റെ സമകാലികനായിരുന്നു (ഹഗ്ഗാ,1:1,സെഖ, 1:1) എങ്കിലും സെഖര്യാ പ്രവാചകനെക്കാൾ അല്പം പ്രായം കൂടിയവനായിരിക്കണം. ഇരുവരുടെയും പേർ ഒരുമിച്ചു വരുന്ന സ്ഥാനങ്ങളിൽ ഹഗ്ഗായിയുടെ പേരിനാണു പ്രാഥമ്യം. (എസ്രാ, 5:1, 6:14). ഹഗ്ഗായി പ്രവാചകൻ എന്നാണ് എസ്രാ 5:1-ലും പ്രവചനത്തിലും പ്രവാചകനെക്കുറിച്ചു പരാമർശിച്ചിട്ടുള്ളത്. യഹോവയുടെ ദൂതൻ എന്നു വിളിക്കപ്പെട്ടിട്ടുള്ള ഏകപ്രവാചകൻ ഹഗ്ഗായി ആണ്. (1:13). ദാര്യാവേശ് ഹിസ്റ്റാസ്പെസിന്റെ വാഴ്ചയുടെ രണ്ടാം വർഷത്തിൽ (ബി.സി. 520) പ്രവാചകൻ തന്റെ ശുശ്രൂഷ ആരംഭിച്ചു. കോരെശ് രാജാവിന്റെ വാഴ്ചയ്ക്കു ശേഷം ഉപേക്ഷിക്കപ്പെട്ട ദൈവാലയത്തിന്റെ പണി പുനരാരംഭിക്കുന്നതിനു സെഖര്യാ പ്രവാചകനോടൊപ്പം അദ്ദേഹം ജനത്തെ പ്രോത്സാഹിപ്പിച്ചു. പ്രവാചകന്മാരുടെ പ്രേരണയും പ്രോത്സാഹനവും മൂലം ജനം ദൈവാലയത്തിന്റെ പണിയിൽ ഉത്സാഹിക്കുകയും ബി.സി 516-ൽ അതായതു ദാര്യാവേശിന്റെ ഭരണത്തിന്റെ ആറാം വർഷം ദൈവാലയത്തിന്റെ പണി പൂർത്തിയാക്കി അതിനെ പ്രതിഷ്ഠിക്കുകയും ചെയ്തു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘ഹഗ്ഗായിയുടെ പുസ്തകം’).
ഹിസ്ക്കീയാവിന്റെ മകനായ അമര്യാവിന്റെ മകനായ ഗദല്യാവിന്റെ മകനായ കുശിയുടെ മകനാണ് സെഫന്യാവ് (1:1). യോശീയാവിന്റെ ഭരണകാലത്താണു് (ബി.സി. 639-608) പ്രവചിച്ചത്. സെഫന്യാവിന് രാജകുടുംബവുമായി ബന്ധമുണ്ടായിരുന്നു. അമര്യാവും മനശ്ശെ രാജാവും സഹോദരന്മാരാണ്. പഴയനിയമത്തിലെ മുപ്പത്താറാമത്തെ പുസ്തകത്തിൻ്റെ എഴുത്തുകാരൻ; ചെറിയ പ്രവാചകന്മാരിൽ ഒമ്പതാമത്തേതും. യെഹൂദയുടെ എഴുപതുവർഷത്തെ ബാബേൽ പ്രവാസത്തിനു മുമ്പു അവസാനം എഴുതപ്പെട്ട പുസ്തകമാണ് ഇത്. നാലു തലമുകളുടെ പാരമ്പര്യം പ്രവാചകൻ രേഖപ്പെടുത്തുന്നു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘സെഫന്യാവിൻ്റെ പുസ്തകം’).
പന്ത്രണ്ടു ചെറിയ പ്രവാചകന്മാരിൽ എട്ടാമൻ. അല്പം വ്യത്യസ്തമായ രീതിയിലാണ് പേർ രേഖപ്പെടുത്തിക്കാണുന്നത്. സെപ്റ്റ്വജിന്റിൽ അംബാകൂം എന്നാണു രൂപം. പേരിന്റെ അർത്ഥം ആലിംഗനം എന്നാണ്. ഈ പേരിനെ അശ്ശൂര്യ ഭാഷയുമായി ബന്ധിപ്പിക്കുന്നവരുണ്ട്. ഹംബകുകു എന്ന് പേരോടു കൂടിയ ഉദ്യാനസസ്യവുമായി ഈ പേരിനു ബന്ധമുണ്ടെന്നു റെയ്സർ (Reiser) കരുതുന്നു. പക്ഷേ ഇതു വെറും ഊഹം മാത്രമാണ്. ഹബക്കുക് പ്രവാചകൻ ശൂനേംകാരിയുടെ പുത്രനാണെന്നും (2രാജാ, 4:16) യെശയ്യാപ്രവചനത്തിലെ കാവല്ക്കാരൻ (21:6) ആണെന്നും നിർദ്ദേശിക്കുന്നവരുണ്ട്. ‘ബേലും സർപ്പവും’ എന്ന അപ്പോക്രിഫാ ഗ്രന്ഥത്തിന്റെ ശീർഷകത്തിൽ പ്രവാചകനെ ലേവിഗോത്രത്തിലെ യേശുവിന്റെ പുത്രൻ എന്നു പറഞ്ഞിട്ടുണ്ട്. അനന്തരം പ്രവാചകനെ സിംഹക്കുഴിയിൽക്കിടന്ന ദാനീയേലുമായി ബന്ധപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇതിനും തെളിവൊന്നുമില്ല. യോശീയാവിന്റെ വാഴ്ചയുടെ അന്ത്യനാളുകളിലും യെഹോയാക്കീമിന്റെ ഭരണത്തിന്റെ ആദ്യഘട്ടത്തിലും പ്രവാചകൻ ജീവിച്ചിരുന്നിരിക്കണം. കല്ദയരെക്കുറിച്ചുള്ള പരാമർശം 1:5,6-ൽ കാണാം. കല്ദയരുടെ പ്രതാപകാലം 720-538 ബി.സി. ആയിരുന്നു. ദൈവാലയം നിലവിലുള്ളതായി പ്രവചനത്തിൽ പറയുന്നുണ്ട്. (2:20, 3:19). മൂന്നാമദ്ധ്യായത്തിലെ സംഗീത പരാമർശങ്ങൾ ഇദ്ദേഹം ലേവ്യഗായക സംഘത്തിൽ ഉൾപ്പെട്ടവനായിരിക്കണം എന്ന നിഗമനത്തിനു സാധുത്വം നല്കുന്നു. ഇതിൽ നിന്നും ഹബക്കൂക് പ്രവാചകൻ ലേവിഗോത്രജനാണെന്നത് സ്പഷ്ടമാണ്. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ, ‘ഹബക്കൂകിൻ്റെ പുസ്തകം’).
നെഹെമ്യാവ് എന്ന പേരിന്റെ സംക്ഷിപ്തരൂപമാണ് നഹൂം. ചെറിയ പ്രവാചകന്മാരിൽ ഏഴാമനാണ് നഹൂം. പുസ്തകത്തിന്റെ ശീർഷകത്തിൽ നിന്നു കിട്ടുന്നതൊഴികെ പ്രവാചകനെക്കുറിച്ചു മറ്റൊരറിവും ലഭ്യമല്ല. എല്ക്കോശ്യനായ നഹൂമിന്റെ ദർശന പുസ്തകം (1:1) എന്നാണ് പുസ്തകം ആരംഭിക്കുന്നത്. എല്ക്കോശ് എന്ന ഗ്രാമത്തിന്റെ സ്ഥാനവും വിവാദവിഷയമാണ്. വിശുദ്ധ ജെറോമിന്റെ അഭിപ്രായത്തിൽ എല്ക്കോശ് ഗലീലയിലാണ്. കഫർന്നഹും എന്ന പേരിന്നർത്ഥം നഹൂമിന്റെ ഗ്രാമമാണെന്നും അതുകൊണ്ട് നഹൂമിന്റെ സ്വദേശം കഫർന്നഹും ആണെന്നും ഒരഭിപ്രായമുണ്ട്. നീനെവേ പട്ടണത്തിന്നെതിരെയുള്ള ആധുനിക മൊസൂളിനു (Mosul) 80 കി.മീ. വടക്കുള്ള അൽഖുഷിൽ ആണ് നഹുവിന്റെ ജന്മസ്ഥലവും കല്ലറയും ഉള്ളതെന്നു ഒരു പാരമ്പര്യം ഉണ്ട്. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘നഹൂമിൻ്റെ പുസ്തകം’).
മോരസ്ത്യനായ മീഖാ എന്നു പ്രവാചകൻ സ്വയം പരിചയപ്പെടുത്തുന്നു. (മീഖാ, 1:1). മോരേശെത്തിൽ നിന്നുളള വനാണ് മോരസ്ത്യൻ. ഗത്തിലെ മോരേശെത്ത് ആണ് മീഖാ പ്രവാചകന്റെ ജന്മദേശം. യെരുശലേമിനു 32 കി.മീ. തെക്കു പടിഞ്ഞാറാണ് മോരേശെത്ത്. യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തു (742-687 ബി.സി.) മീഖാ പ്രവചിച്ചു. ഹോശേയാ, ആമോസ്, യെശയ്യാവ് എന്നിവരുടെ സമകാലികനായിരുന്നു. അദ്ദേഹത്തിന്റെ പ്രവചനങ്ങളിലൊന്ന് ഹിസ്കീയാരാജാവിന്റെ വാഴ്ചക്കാലത്തുള്ളതാണ്. (യിരെ, 26:18). യെഹൂദയിൽ പെസഹാ പെരുനാൾ ആരംഭിക്കുന്നതിനു മുമ്പ് ഈ പ്രവചനം നല്കിയിരിക്കണം. യെഹോരാമിനെ കുറ്റപ്പെടുത്തുക നിമിത്തം പാറയിൽ നിന്നു തള്ളിയിട്ടു കൊന്നുവെന്നും സ്വന്തം ഗ്രാമമായ മൊറാതിയിൽ അടക്കിയെന്നും പാരമ്പര്യം പറയുന്നു. (നോക്കുക; ‘ബൈബിൾ സർവ്വേ’യിൽ ‘മീഖായുടെ പുസ്തകം’).